TopTop
Begin typing your search above and press return to search.

മാലാഖമാരേ സൂക്ഷിക്കുക; ഖുശ്വന്ത് സിംഗ് അവിടെ എത്തിയിട്ടുണ്ട്

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുശ്വന്ത് സിംഗിന് 69 വയസ് പൂര്‍ത്തിയായപ്പോഴാണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ധീരന്‍ ഭഗത്ത് ഒരു മുന്‍കൂര്‍ ചരമാകുറിപ്പ് എഴുതിയത്. ഇപ്പോള്‍ പ്രസിദ്ധീകരണം നിലച്ച സണ്‍ഡെ ഒബ്സെര്‍വറില്‍. വിധിയുടെ കറുത്ത ഫലിതം അവിടെയും സംഭവിച്ചു. ധീരന്‍ ഭഗത്ത് 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. മാത്രമല്ല ധീരന്‍റെ തെരഞ്ഞെടുത്ത എഴുത്തുകളെ കുറിച്ച് ഒരു വിശകലനം ഇന്ത്യാ ടുഡേയ്ക്ക് വേണ്ടി ഖുശ്വന്ത് സിംഗ് എഴുതുകയും ചെയ്തു. 99-ആമത്തെ വയസില്‍ വളരെ ശാന്തനായി കളം വിട്ടൊഴിഞ്ഞ ഖുശ്വന്ത് സിംഗിന്‍റെ സ്മരണാഞ്ജലിയായി ആ പഴയ ചരമക്കുറിപ്പില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ അഴിമുഖം പ്രസിദ്ധീകരിക്കുന്നു.

കഴിഞ്ഞ ദിവസം ഉറക്കത്തില്‍ ഖുശ്വന്ത് സിംഗ് അന്തരിച്ചു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഏറെ ദുഖിതനായി. വലിയ ശബ്ദമുണ്ടാക്കിയ ഒരു മനുഷ്യന്‍റെ നിശബ്ദമായ അന്ത്യം. എന്തൊരു പരിഹാസമാണ് ഈ ക്രൂര ഫലിതക്കാരന് നേര്‍ക്ക് ദൈവം കാട്ടിയിരിക്കുന്നത്.

വിവാദങ്ങള്‍ എല്ലാ കാലത്തും ഖുശ്വന്ത് സിംഗിന്‍റെ കൂടെയുണ്ടായിരുന്നു. എപ്പോഴും താനൊരു മഹാ കൂടിയനാണ് എന്ന തോന്നലുണ്ടാക്കാനാണ് ഖുശ്വന്ത് സിംഗ് ശ്രമിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഞാന്‍ കണ്ടു മുട്ടിയതില്‍ ഏറ്റവും കഠിനാധ്വാനിയും കൃത്യ നിഷ്ഠയുള്ള മനുഷ്യനുമായിരുന്നു ഖുശ്വന്ത്.

നീരീശ്വര വാദിയായിരുന്നെങ്കിലും അദ്ദേഹത്തിന് ദൈവീക കീര്‍ത്തനങ്ങള്‍ ആസ്വദിക്കാന്‍ ആരെക്കാളും നന്നായി കഴിഞ്ഞിരുന്നു.

പേരുകേട്ട സ്ത്രീ വിഷയിയായിട്ടാണ് രാജ്യം മുഴുവന്‍ അദ്ദേഹം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 30 വര്‍ഷത്തേക്കെങ്കിലും ഖുശ്വന്തിന്റെ ശയ്യയെ ചൂടുപിടിപ്പിച്ച ഹോട്ട് വാടര് ബോട്ടില്‍ മാത്രമാണ് അത്.

1915ല്‍ ധനിക കുടുംബത്തിലാണ് ഖുശ്വന്ത് സിംഗിന്‍റെ ജനനം. അദ്ദേഹത്തിന്‍റെ അച്ഛന്‍ സര്‍ ശോഭ സിംഗ് ന്യൂ ഡെല്‍ഹി നഗരം നിര്‍മ്മിച്ച കോണ്‍ട്രാക്ടര്‍മാരില്‍ ഒരാളായിരുന്നു. അതിന്‍റെ പേരില്‍ അദ്ദേഹത്തിന് പ്രഭു പദവി ലഭിക്കുകയും ചെയ്തു. ന്യൂ ഡെല്‍ഹിയുടെ 99 ശതമാനവും ഗവണ്‍മെന്റിന്‍റെയും ഒരു ശതമാനം ശോഭ സിംഗിന്റെയും എന്നൊരു കഥ 1947ല്‍ ഡെല്‍ഹിയില്‍ പ്രചരിച്ചിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ലണ്ടനില്‍ പഠിക്കാന്‍ പോയ ഖുശ്വന്ത് സിംഗ് പക്ഷേ ‘നല്ല’ വിദ്യാര്‍ഥിയായിരുന്നില്ല. മൂന്നാം ക്ലാസ് ബി എയുമായി തിരിച്ചെത്തിയ സിംഗിനെക്കുറിച്ച് അച്ഛന്‍ പറഞ്ഞത് അവന്‍ ടൈം പാസിന് വേണ്ടി ലണ്ടനില്‍ പോയതാണ് എന്നാണ്.

വിഭജനത്തിന് ശേഷം ഇന്‍ഡ്യന്‍ വിദേശ സര്‍വീസില്‍ ചേര്‍ന്ന കാലഘട്ടമാണ് ഖുശ്വന്ത് സിംഗ് എഴുത്തുകാരനെന്ന നിലയില്‍ തന്‍റെ ജീവിതം ആരംഭിക്കുന്നത്. 1955ല്‍ ഖുശ്വന്ത് എഴുതിയ ഇന്ത്യപാക് വിഭജന പശ്ചാത്തലത്തിലുള്ള ‘മനോ മജ്ര’ നോവല്‍ ഒരു അമേരിക്കന്‍ പബ്ലിഷിംഗ് കമ്പനിയുടെ കാഷ് അവാര്‍ഡ് നേടിയതോടെ സിംഗിന്‍റെ എഴുത്ത് ജീവിതം സമ്പന്നമായി. പിന്നീട് ഈ നോവല്‍ ‘ട്രെയിന്‍ ടു പാകിസ്ഥാന്‍’ എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

ഈ കറുത്ത പരിഹാസമാണ് ഖുശ്വന്തിന്റെ എഴുത്തിനെ മുന്‍പോട്ടു കൊണ്ട് പോയത്. സിക്ക് ജനതയെക്കുറിച്ച്, ഇന്ത്യയെക്കുറിച്ച്, സ്ത്രീകളെ കുറിച്ച്...പലതും അതിന്‍റെ പ്രകോപനപരമായ ശൈലികൊണ്ടും പേരുകൊണ്ടും വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ച്ചയായ വിജയങ്ങളും നഗര ജീവിതവും ഖുശ്വന്തിന്റെയുള്ളിലെ പരുക്കന്‍ ഗ്രാമീണനെ ഇല്ലാതാക്കിയില്ല.

1969ല്‍ ഊര്‍ദ്ധന്‍ വലിക്കുകയായിരുന്ന ഇല്ലാസ്ട്രേറ്റഡ് വീക്കിലിയുടെ ചുമതല ഖുശ്വന്ത് ഏറ്റെടുത്തു. തന്‍റെ ഏറ്റവും വിവാദപൂര്‍ണ്ണമായ കാലഘട്ടത്തിലേക്കായിരുന്നു ഖുസ്വന്തിന്റെ ചുവടുമാറ്റം. എഡിറ്റ് പേജില്‍ കാല് മടക്കിയിരുന്ന് വെറും 60,000 ആയിരുന്ന വീക്കിലിയുടെ സര്‍ക്കുലേഷന്‍ 4,50,000 ആയി ഖുശ്വന്ത് ഉയര്‍ത്തി.

അടിയന്തിരാവസ്ഥയില്‍ ഖുശ്വന്ത് സിംഗ് കൈകൊണ്ട നിലപാട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആരാധകരെയും വല്ലാതെ കുഴപ്പത്തിലാക്കുക തന്നെ ചെയ്തു. ഇന്ദിര ഗാന്ധി ദുര്‍ഗയുടെ അവതാരമാണെന്നും സഞ്ജയ് ഗാന്ധി പുതിയ ക്രിസ്തു ആണെന്നും ഇന്ത്യയിലെ റോഡുകളില്‍ മാരുതി കാറുകള്‍ ഒഴുകി നടക്കും എന്നൊക്കെയാണ് ഖുശ്വന്ത് പറഞ്ഞത്.

നിരവധി വിശദീകരണങ്ങള്‍ ഖുശ്വന്ത് ഇതുമായി ബദ്ധപ്പെട്ട് നടത്തിയിരുന്നു. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് ശരിയായ കാരണം അറിയാവുന്ന ഏക വ്യക്തി ഞാന്‍ മാത്രമാണ് എന്നാണ്. (വിസ്കിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയായിരുന്ന ഒരു ദിവസം ഖുശ്വന്ത് എന്നോട് എല്ലാം പറയുകയായിരുന്നു)

50കളില്‍ ഷണ്ഡത്വം ഖുശ്വന്തിനെ അലട്ടിയിരുന്നു. ആദ്യമൊക്കെ വല്ലാതെ അസ്വസ്ഥനായ ഖുശ്വന്ത് പല മരുന്നുകളും പരീക്ഷിച്ചു നോക്കിയിരുന്നു. മിക്കതും നാട്ടു മരുന്നുകളായിരുന്നു. ഒടുവില്‍ പ്രതീക്ഷയുടെ അവസാന തിരിനാളവും നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം മറ്റ് ക്രൂരമായ പ്രതികാരങ്ങളില്‍ ആനന്ദം കണ്ടെത്താന്‍ തുടങ്ങി. (സുഹൃത്തുക്കളുടെ പരസ്ത്രീബന്ധങ്ങള്‍ പുറത്തു പറയുകയായിരുന്നു പ്രധാന പരിപാടി)

സ്കോച്ചായിരുന്നു ആകെയുള്ള ശമനൌഷധം. എന്നാല്‍ ഒടുവില്‍ അതിനും എന്തെങ്കിലുമൊക്കെ ചെയ്യാവുന്ന അവസ്ഥ നഷ്ടമായി.

ഒടുവില്‍ സഞ്ജയിന്‍റെ തന്ത്രമാണ് വിജയിച്ചത്. അത്രമേല്‍ ശക്തമായിരുന്നു വാര്‍ദ്ധക്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സര്‍ദാര്‍ജിയില്‍ അതുണ്ടാകിയ ആനന്ദം. എന്നാല്‍ സഞ്ജയിന്‍റെ മരണത്തോടെ തന്‍റെ പൌരുഷവും കരുത്തും ഖുശ്വന്തിന് നഷ്ടമായി.

ഒടുവിലിതാ ശാന്തമായ അവസാനം. എല്ലാ അര്‍ഥത്തിലും ഊര്‍ജസ്വലനായ മനുഷ്യനായിരുന്നു ഖുശ്വന്ത്. എനിക്കുറപ്പാണ് ഇതെഴുതുമ്പോള്‍ ഏതെങ്കിലും മാലാഖയുടെ പാവാടയുടെ പിന്നാലെ തിരക്കിട്ട് പിന്തുടരുകയായിരിക്കും. സ്വര്‍ഗത്തിലെ ഭരണഘടന പ്രകാരം മാലാഖകള്‍ക്ക് നിത്യകന്യകാത്വം ആയതുകൊണ്ട് തന്നെ ഖുശ്വന്തിന് പിഴ ശിക്ഷ വിധിക്കപ്പെട്ടും തീര്‍ച്ച.


Next Story

Related Stories