TopTop
Begin typing your search above and press return to search.

പങ്കാളി സമ്മതിച്ചാല്‍ അന്യ പുരുഷ/സ്ത്രീ ബന്ധം എങ്ങനെ വഞ്ചനയാകും?

പങ്കാളി സമ്മതിച്ചാല്‍ അന്യ പുരുഷ/സ്ത്രീ ബന്ധം എങ്ങനെ വഞ്ചനയാകും?

മൈക്കല്‍ കാരി (സ്ലേറ്റ്)

"നാം സ്വവര്‍ഗ ബന്ധങ്ങൾ ഇപ്പോൾ സമ്മതിച്ചു കൊടുത്താൽ, ഭാവിയിൽ വേറെന്തൊക്കെ സഹിക്കേണ്ടി വരും? മൃഗ രതി? മുതിർന്ന പുരുഷനും ആണ്‍കുട്ടിയും തമ്മിലുള്ള സ്വവര്‍ഗലൈംഗികത? ബഹുഭര്‍ത്തൃത്വം/ബഹുഭാര്യാത്വം?” സ്വവര്‍ഗ്ഗാനുരാഗികളെ രണ്ടാം തരം പൗരന്‍മാരായി കണക്കാക്കുന്നതിനെ അനുകൂലിച്ച് യാഥാസ്ഥിതികർ പലപ്പോഴും ഉന്നയിക്കാറുള്ള വാദമാണിത്. ഇതുപോലുള്ള വാദങ്ങൾ നിരത്തുന്ന മാന്യന്മാരെ മന്ദബുദ്ധിയെന്ന് ഞാൻ വിളിക്കില്ല, പക്ഷെ അവരുടെ വാദം വിവേകശൂന്യമാണ്. അവർക്കൊരിക്കലും അംഗീകരിക്കാനാവാത്ത "സദാചാരവിരുദ്ധമായ" കാര്യങ്ങളെ പടിയടച്ച് പിണ്ഡം വെക്കാൻ അവരെക്കൊണ്ടു ചെയ്യാൻ പറ്റുന്നതെല്ലാം അവർ ചെയ്യും.

ഉഭയകഷി സമ്മതമില്ലാതെ നടക്കുന്ന കാര്യങ്ങളാണ് മൃഗരതിയും മുതിർന്ന പുരുഷനും ആണ്‍കുട്ടിയും തമ്മിലുള്ള സ്വവര്‍ഗലൈംഗികതയും. പക്ഷെ ബഹുഭര്‍ത്തൃത്വം/ബഹുഭാര്യാത്വം എന്നിവയെ ഈ ഗണത്തിൽ ഉൾക്കൊള്ളിക്കുന്നത് യാഥാസ്ഥിതിക ഗുഹാവാസിയെപ്പോലെ മുന്‍വിധിയോടെ ബന്ധങ്ങളെ സമീപിക്കുന്നതിന്റെ ലക്ഷണമാണ്. സ്വവര്‍ഗ വിവാഹത്തിനു വേണ്ടി വാദിക്കുന്നവരും ചിലപ്പോൾ ലക്‌ഷ്യം നേടാൻ വേണ്ടി വിവാഹത്തിന് ഗവണ്മെന്റ് സമ്മതം നൽകുന്നത് ക്രമരഹിതമായ സ്വവര്‍ഗ ലൈംഗിക ബന്ധങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് വാദിച്ച് ബഹുഭര്‍ത്തൃത്വത്തെ/ബഹുഭാര്യാത്വത്തെ താഴ്‌ത്തിക്കെട്ടാറുണ്ട്.
വിശ്വാസയോഗ്യമായ കണക്കുകൾ ലഭ്യമല്ലെങ്കിലും പൊതുസമ്മതത്തോടെ ബഹുഭര്‍ത്തൃത്വ/ബഹുഭാര്യാത്വ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പങ്കാളികളിൽ ഭൂരിപക്ഷം പേരും എതിര്‍ലിംഗ സംഭോഗതത്‌പരരായിരിക്കാനുള്ള സാധ്യതയാണുള്ളത്. ഇന്ന് നിങ്ങളുടെ സ്വവര്‍ഗ്ഗാനുരാഗിയായ അയൽക്കാരാരാണെന്ന് നിങ്ങൾക്കറിയാം - അവർക്കിനി സ്നേഹരഹിതമായ സാധാരണ ബന്ധത്തിന്റെ പിറകിൽ മറഞ്ഞിരിക്കേണ്ടതിന്റേയോ, സഹമുറിയന്മാരാണെന്ന് ലോകർക്ക് മുന്നിൽ നടിച്ച് ഒരുമിച്ച് താമസിക്കേണ്ടതിന്റെയോ ആവശ്യമില്ല.

അതേ സമയം നിങ്ങളുടെ അയൽവാസി പോളിയാമാറിസ്റ്റാണോ എന്ന കാര്യം നിങ്ങൾക്കറിയില്ല, അവരുടെ ജീവിതത്തിന്റെ ഈ മുഖം നിങ്ങൾക്ക് മുന്നിൽ തുറന്നിട്ടാൽ മോശമായതെന്തെങ്കിലും സംഭവിക്കുമെന്നുള്ള ഭയമാണിതിന് കാരണം.

90 കളുടെ മധ്യത്തിൽ കോളേജിൽ ചേർന്നപ്പോൾ മുതൽ തന്നെ ഞാൻ ബൈ സെക്ഷ്വലായും പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം പൊളിയാമറിസ്റ്റായും തിരിച്ചറിയപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ കൂടുതലായി ഞാൻ ബൈ സെക്ഷ്വൽ എന്ന നിലയിലാണ് ജീവിക്കുന്നത്. എന്റെ പങ്കാളികളെ അംഗീകരിച്ച് പിന്‍തുണനൽകാൻ തയാറായ കുടുംബമുള്ളത് എന്റെ ഭാഗ്യമാണ്. ഞാൻ സ്നേഹിക്കുന്നവർ എന്നെ തിരിച്ച് സ്നേഹിച്ചാൽ മാത്രം മതി എന്റെ അച്ഛനും അമ്മയ്ക്കും, വേറൊന്നും അവരെന്നോട് ആവശ്യപ്പെട്ടിട്ടില്ല. നേരേമറിച്ച്‌ ഞാൻ ഒരിക്കലും പൊളിയാമറിസ്റ്റെന്ന നിലയിൽ ജോലി സ്ഥലത്ത് പെരുമാറിയിട്ടില്ല. പൊതുസമ്മതത്തോടെയുള്ള നോണ്‍- മൊണോഗമി ബന്ധങ്ങളെക്കുറിച്ച് ആളുകളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാൽ നിങ്ങളെ കാമ ഭ്രാന്തനായി ചിത്രീകരിക്കും. (എന്റെ ഭാര്യ- റോസ് - പത്ത് വർഷമായി എന്റെ കൂടെയുണ്ട്, മൂന്നു വർഷമായി വിവാഹിതരായിരിക്കുന്ന ഞങ്ങൾ ഏക പത്നീ/പുരുഷ വ്രതവും പേറി നടക്കുന്ന അനേകം അവിവാഹിതരുമായി താരതമ്യം ചെയ്തു നോക്കിയാൽ വളരെക്കുറച്ചു പേരുമായിട്ടു മാത്രമേ ഞങ്ങൾ ഡേറ്റിംഗിന് പോയിട്ടുള്ളൂ.) കൂടെ ജോലി ചെയ്യുന്നവരിൽ ചിലർ അടുത്ത ഇര ഞാനായിരിക്കുമോ എന്ന ഭയം കാരണം പൊളിയാമറിസ്റ്റുകളായ സഹപ്രവര്‍ത്തകരിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ ശ്രമിക്കും. അവർ വഞ്ചനയായി പരിഗണിക്കുന്ന പെരുമാറ്റത്തെ പുനർനാമകാരണം ചെയ്യാനുള്ള ശ്രമമാണ് 'പൊളി' എന്ന് കരുതി മറ്റുള്ളവർ സംശയാലുക്കളായി മാറും, വഞ്ചകരെ കൂട്ടത്തിൽ കൂട്ടാൻ പാടില്ലെന്ന കടുത്ത തീരുമാനമെടുക്കാനും അവർ മടിക്കില്ല.
നിങ്ങളൊരു സാധാരണ ബന്ധത്തിലാണെങ്കിൽ നിങ്ങളുടെ സഹപ്രവർത്തകരുമായിട്ടുള്ള സംസാരത്തിൽ യാതൊരു പ്രശ്നവുമുണ്ടാവില്ല, കൊച്ചു വർത്തമാനങ്ങളും ചോദ്യങ്ങളും അതിന്റെ വഴിക്കങ്ങ് നടക്കും. "ഇന്ന് കാണാൻ നല്ല സുന്ദരനായിരിക്കുന്നല്ലോ, പ്രത്യേകിച്ച് എവിടെയെങ്കിലും പോകുന്നുണ്ടോ? " റോസ് നഗരത്തിനു പുറത്ത് പോയിരുന്ന ഒരു ദിവസം രണ്ടര വർഷമായി എന്റെ പങ്കാളിയായിരിക്കുന്ന ഡാനയെ കാണാൻ വേണ്ടി ജോലി സ്ഥലത്ത് നിന്നും ഉച്ചതിരിഞ്ഞുളള സമയത്ത് ഇറങ്ങിത്തിരിച്ചപ്പോൾ എന്റെ പിറകിൽ നിന്നുയർന്ന ചോദ്യമാണിത്. ഞാൻ എവിടെയാണ് പോകുന്നതെന്ന് പറഞ്ഞാൽ മാത്രം പോരാ. പിന്നെ വരുന്ന ചോദ്യം ഇങ്ങനെ "ആരുടെ കൂടെ" എന്നതായിരിക്കും, അതുകൊണ്ട് "ഓ.. ഒരു സുഹൃത്ത്" എന്ന അവ്യക്തമായ ഉത്തരം നൽകി ഞാനവന്റെ വായ അടപ്പിക്കും - റോസ് നഗരത്തിനു പുറത്തു പോയ കാര്യം ഞാൻ അവനോട് പറഞ്ഞിട്ടുണ്ടോ? അവൻ എന്തെങ്കിലും ചീഞ്ഞത് മണക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാൽ എന്റെ മനസ്സ് പടക്കുതിരയെപ്പോലെ ഓടുകയായിരുന്നു. ഇതൊരു ചെറിയ കാര്യമായിരിക്കാം, പക്ഷെ താമസിയാതെ ഇതുപോലുള്ള ചെറിയ ചെറിയ ശല്യങ്ങളുടെ ബാധ ഒഴിയാതെ പിന്തുടർന്ന് വലുതായി മാറും. ആദ്യം ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നറിയാത്തതുകൊണ്ട് നിങ്ങൾ രഹസ്യമാക്കി വെക്കും, അല്ലെങ്കിൽ നല്ല പച്ചക്കള്ളങ്ങൾ പറയും. നിങ്ങൾ തന്നെ അറിയുന്നതിന് മുന്പ് മാസങ്ങളും വർഷങ്ങളും നീങ്ങിത്തുടങ്ങും, ഒരുവേള നിങ്ങൾക്ക് പുറത്ത് വരണമെന്ന് തോന്നിത്തുടങ്ങിയാൽ മുന്പ് നടത്തിയ കൃത്രിമങ്ങളെല്ലാം സമ്മതിക്കെണ്ടതായി വരും. അതുകൊണ്ട് നിങ്ങൾ ഒരിക്കലും ലജ്ജിക്കേണ്ട ആവശ്യമില്ലെന്നറിയാവുന്ന കാര്യത്തിനെക്കുറിച്ച് മനസ്സിൽ പാവക്കൂത്ത് നടത്തിയും സംശയം തോന്നിക്കാതെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയും സമയം കളയും.

കുറച്ചു മാസങ്ങൾക്ക് മുന്പ് ഡാന അവരുടെ ഭർത്താവ് ആരോണ്‍; അവരുടെ അമ്മ എന്നിവരുമായി ഞാൻ അത്താഴം കഴിച്ചു.ഒരു സുഹൃത്തെന്ന രീതിയിൽ പരിചയപ്പെടുത്തിയാൽ നല്ലതായിരിക്കുമെന്ന് കരുതി അങ്ങനെത്തന്നെയാണ് പരിച്ചയപ്പെടൽ നടന്നത്. അവരുടെ അമ്മയെ എനിക്ക് വളരെ ഇഷ്ടമായി, അവളുടെ ജീവിതത്തിലും കുടുംബത്തിലും പങ്കുചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏതാനും ആഴ്ച്ചകൾക്കു ശേഷം ഡാനയേയും ആരോണിനേയും എന്റെ അമ്മക്ക് പരിചയപ്പെടുത്താനുള്ള അവസരം ലഭിച്ചപ്പോളാണ് ആദ്യത്തെ കൂടിക്കാഴ്ച്ച എത്ര മാത്രം ആയാസപ്പെട്ടതായിരുന്നുവെന്ന് എനിക്ക് മനസ്സിലായത്. മുന്പ് സൂചിപ്പിച്ചതു പോലെ എന്റെ കുടുംബത്തിന് ഞാൻ 'പോളി' യാണെന്ന കാര്യമറിയാം. കുടുംബവുമായുള്ള സംസാരത്തിൽ പലപ്പോഴും ഡാന കടന്നു വരാറുണ്ട്. ഞങ്ങൾ ഒരുമിച്ചു ചെയ്ത കാര്യങ്ങൾ, അല്ലെങ്കിൽ ഞങ്ങൾ പ്ലാൻ ചെയ്ത കാര്യങ്ങൾ, അങ്ങനെ കുടുംബത്തിനു സുപരിചിതയായി അവൾ മാറി.
ഈ രണ്ടു സന്ദര്‍ഭങ്ങളും പുറമേ ഒന്നിനൊന്ന് സമമായിരുന്നു. ഞങ്ങൾ നല്ല അത്താഴം കഴിക്കുകയും ജീവിതത്തെക്കുറിച്ചും, സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചും, കലകളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. ഞങ്ങളുടെ ബന്ധത്തക്കുറിച്ച് യാതൊരു സംസാരവുമുണ്ടായില്ല. സാധാരണ നമ്മൾ പങ്കാളിയെ (മൊണോഗമസ്) കുടുംബത്തിനു പരിചയപ്പെടുത്തുമ്പോൾ “Hi, Mom and Dad, this is Pat, who I like to have sex with sometimes!” എന്ന് പറയാറില്ലല്ലോ? എന്റെ രണ്ടു കുടുംബത്തിന്റെ കൂടെയും ഒരു മേശക്കു ചുറ്റും യാതൊരു ജാള്യതയുമില്ലാതെ ഇരിക്കാൻ സാധിച്ചത് വലിയൊരു കാര്യം തന്നെയായിരുന്നു. ഞാൻ സാധാരണ രീതിയില്‍ ഡാനയുടെ തോളിൽ തലോടിയാലോ അല്ലെങ്കിൽ സ്‌നേഹപ്രകടനം നടത്തിയാലോ ആരെങ്കിലും അത്ഭുതപ്പെടുമെന്ന് വേവലാതിപ്പെടേണ്ട കാര്യമില്ല. എന്റെ പെരുമാറ്റവും വാക്കുകളും തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടി വന്നില്ല. എനിക്ക് കപടവേഷം കെട്ടേണ്ടി വന്നില്ല.

ഈ രണ്ടു അനുഭവങ്ങളും തമ്മിലുള്ള അന്തരം അവഗണിക്കാൻ സാധിക്കാത്തതാണ്. അത് നമ്മൾ ജീവിക്കുന്ന ഇരുട്ടറയെക്കുറിച്ച് എന്നെ ബോധവാനാക്കി. അതിനെക്കുറിച്ചുള്ള എന്റെ വികാരം വിവരിക്കാൻ പോലും പറ്റാത്തതാണ്. അത് ദേഷ്യമോ, അല്ലെങ്കിൽ ദുഃഖമോ അല്ല. പക്ഷെ ഞാൻ സ്നേഹിക്കുന്ന ഒരാൾ അവളുടെ അമ്മ തന്റെ മകളുടെ ജീവതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന്- അവളെ സ്നേഹിക്കാനും പിന്തുണയ്ക്കാനും രണ്ടാമതൊരു പങ്കാളിയുണ്ടെന്ന കാര്യം; വരാൻ പോകുന്ന ഒന്നോ രണ്ടോ വർഷത്തിനുളളിൽ അവളുടെ കുട്ടികളെ സംരക്ഷിക്കാനും, ഇടക്കിടെ അവൾക്കും ആരോണിനും സ്വന്തമായി ഒരു രാത്രി വേണമെന്ന് തോന്നുമ്പോള്‍ കുട്ടികളുടെ കൂടെ സമയം ചിലവഴിക്കാനും വേറൊരാളുണ്ടെന്ന കാര്യം (ഞങ്ങളുടെ ബന്ധങ്ങൾ പൂത്ത് പന്തലിച്ചത് ഞങ്ങൾ തമ്മിലുള്ള വൈകാരിക, ലൈംഗിക വികാരങ്ങൾ മൂലമാണ്) മനസ്സിലാക്കിയാൽ അത് വൈഷമ്യവും കുഴപ്പങ്ങളുമുണ്ടാക്കുകയും ഒരുപക്ഷേ മാനക്കേടിലേക്കും അവഗണനയിലേക്കും നയിക്കുമെന്നുള്ള സത്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ബന്ധങ്ങൾ ഒളിച്ചു വെക്കുന്നത് അതിനെ വില കുറച്ചു കാണുന്നതിനു തുല്യമാണെന്ന തോന്നലും എന്നെ പിന്തുടരുന്നു. ഇത് എഴുതുന്ന സമയത്തു പോലും, തിരിച്ചറിയാതിരിക്കാൻ പേരുകളും വിവരങ്ങളും മാറ്റി എന്റെ മുഖമൂടി അവിടെത്തെന്നെ ഇരിപ്പുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഞാൻ.
ഈ വിഷയത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ സ്വവര്‍ഗ്ഗാനുരാഗികളും ഒരു പക്ഷെ ഇതുപോലുള്ള പല പല അനുഭവങ്ങളിൽക്കൂടിയും കടന്നു പോയിട്ടുണ്ടാകുമെന്നുള്ള ചിന്ത എന്നെ വല്ലാതെ പിടിച്ചുലച്ചു. സഹ പ്രവർത്തകരോട് അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നതിലുള്ള ബുദ്ധിമുട്ട്, സാമൂഹിത്തിന്റെ അംഗീകാരത്തോടും സ്വീകാര്യതയോടുമുള്ള കൊതി, പക്ഷെ കമിതാവിന്റെ കുടുംബവുമായുള്ള ബന്ധത്തിന് മുറിവ് പറ്റുമെന്നുള്ള ഭയം. ആ ഭയങ്ങളൊക്കെ ഉന്മൂലനം ചെയ്തുകൊണ്ട് നമ്മുടെ സമൂഹം പതുക്കെ മാറുകയാണ്. ഇണക്കത്തോടെയും സ്നേഹത്തോടെയും പരസ്പരം മനസ്സിലാക്കിയും ശാരീരിക, മാനസിക ബന്ധത്തിലും പ്രണയത്തിലും ഏർപ്പെടുന്ന ആർക്കും കറ പുരണ്ട യാഥാസ്ഥിതികരുടെ മുന്നിൽ ശിക്ഷ ഭയന്ന് നാടകം കളിക്കേണ്ട അവസ്ഥ വരാത്ത ഒരു ലോകത്ത് ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

(മൈക്കിൾ കാരി തൂലികാനാമമാണ്)


Next Story

Related Stories