TopTop
Begin typing your search above and press return to search.

മിസ്റ്റര്‍ സംസ്ഥാന സെക്രട്ടറി.. താങ്കള്‍ക്ക് ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യതയില്ല

മിസ്റ്റര്‍ സംസ്ഥാന സെക്രട്ടറി.. താങ്കള്‍ക്ക് ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യതയില്ല

ഈ പിണറായി വിജയന്‍ അസാമാന്യ ബുദ്ധിശാലിയും തന്ത്രശാലിയും ഒക്കെയാണെന്നാണ് വയ്പ്പ്. പുളളിക്കാരന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അങ്ങനെ കരുതാതിരിക്കാന്‍ നിര്‍വാഹമില്ലതാനും. വി. എസിനെ പോലെ സാധാരണ ജനങ്ങളുടെ മനസ് അറിഞ്ഞ് കൃത്യം കാര്‍ഡ് ശരിയായ കളത്തില്‍ ഇറക്കുന്നതില്‍ അസാധാരണമായ മികവുളള കേരളം കണ്ട ഏറ്റവും വലിയ ജനപ്രിയ നേതാവിനോട് മുട്ടി സി.പി.എം പോലെയൊരു പാര്‍ട്ടിയെ തന്റെ വരുതിക്കു നിര്‍ത്തിയ നേതാവാണ് സാക്ഷാല്‍ പിണറായി വിജയന്‍. പാര്‍ട്ടിയിലും സര്‍ക്കാരിലും അധികാരവും മേധാവിത്വവും നേടാന്‍ പ്രത്യയശാസ്ത്രം കലര്‍ത്തി ഗ്രൂപ്പുകളിക്കുന്ന കമ്മ്യൂണിസ്!റ്റു പാര്‍ട്ടികളില്‍ ആശയ തര്‍ക്കങ്ങളെ സിമ്പിളായി അധികാര കാര്‍ഡിറക്കി വെട്ടിയ നേതാവാണ് വിജയന്‍. പരാജയം ഭക്ഷിച്ചു വളരുന്ന നേതാവാണ് വി. എസ് എന്ന് വിജയന്‍ മാഷ് പറഞ്ഞതു പോലെ പറഞ്ഞാല്‍ വിജയം ഭക്ഷിച്ചു വളരുന്ന നേതാവാണ് വിജയന്‍. ചുമ്മാതങ്ങ് ഒരു പേട്ടു ഭാഗ്യത്തിനു വിജയിച്ച നേതാവൊന്നുമല്ല, നന്നായി അദ്ധ്വാനിച്ചും മാദ്ധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും എതിര്‍പ്പുകള്‍ നേരാവണ്ണം നേരിട്ടും ഉലയില്‍ ഊതിക്കാച്ചിയെടുത്ത ഇരുമ്പുപോലെ സ്ഫുടം വന്ന നേതാവാണ് പിണറായി.


സാമാന്യബുദ്ധിക്ക് തകരാറ് സംഭവിച്ച ചില നിമിഷങ്ങള്‍
ഇങ്ങനെയൊക്കെയാണെങ്കിലും ചില നേരങ്ങളില്‍ സാമാന്യ ബുദ്ധി തീരെ കുറഞ്ഞ പോലെയാണ് പെരുമാറുക. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പിണറായിയുടെ ബുദ്ധിക്കെന്തോ ചില തകരാറു സംഭവിക്കുക ഇപ്പോള്‍ പതിവാണ്. പിണറായിയല്ലേ സമാകാലീന കേരളം കണ്ട ഏറ്റവും തന്ത്രശാലിയായ നേതാവല്ലേ ഇതും തന്ത്രപരമായ നീക്കമാണെന്നൊക്കെ തോന്നും. പക്ഷെ അടുത്തിടെയായി പുളളിക്കാരന്‍ ഇറക്കുന്ന തിരഞ്ഞെടുപ്പു ചീട്ടുകളൊക്കൊയും ഗുണമാകുന്നത് എതിരാളികള്‍ക്കാണ്. പാഴ്ച്ചീട്ട് തളേളണ്ട കളത്തില്‍ കയ്യിലിരിക്കുന്ന ഗുലാന്‍ തന്നെ ഇറക്കും. എതിരാളികള്‍ ആദ്യം കരുതും എന്തോ വലിയ നീക്കമാണെന്ന് പക്ഷെ അവസാന കൈയ്യിരിക്കുന്നയാള്‍ തുറുപ്പ് ആറോ ഏഴോ ഇട്ട് വെട്ടിയെടുക്കും. കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയിലാകും പിണറായിയും പാര്‍ട്ടിയും.

രണ്ടായിരത്തി ആറിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി. എസിനെ മല്‍സരിപ്പിക്കാതിരിക്കാന്‍ ആവുന്നതും നോക്കി ഒടുവില്‍ നാണം കെട്ട് നാറി നാശകോശമായി. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഇന്നോളമുളള ചരിത്രം തിരുത്തി പോളിറ്റ് ബ്യൂറോ ജനവികാരത്തിനു മുന്നില്‍ തീരുമാനം തിരുത്തി. അതിനു ശേഷം 2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതു മുന്നണിക്ക് വിജയിക്കാന്‍ പറ്റിയ കാലാവസ്ഥയായിരുന്നു. അപ്പോഴാണ് പിണറായിയുടെ ബുദ്ധി ഉണര്‍ന്നു പ്രവർത്തിച്ചത്. അബ്ദുള്‍ നാസര്‍ മഅദ്നിയെ കൂട്ടു പിടിച്ചാല്‍ മലപ്പുറം ജില്ലയും മുസ്ലീം സമുദായ അംഗങ്ങളും ഇടതു മുന്നണിക്ക് ഒപ്പം പോരുമെന്നും കേരളം ആകെ തൂത്തുവാരാമെന്നുമുളള ബുദ്ധി. ഒരു അത്താണി പോലും ഇല്ലാതിരുന്ന രണ്ടത്താണിയെന്ന മഅദനി ശിഷ്യന് പൊന്നാനിയിൽ സീറ്റു കൊടുക്കാന്‍ വേണ്ടി സി.പി. ഐയെ പിണക്കി. ഒരു വിഭാഗം യാഥാസ്ഥിതിക തീവ്ര മുസ്‌ലീംങ്ങളൊഴികെ ഭൂരിപക്ഷം മുസ്‌ലിം വിഭാഗവും അകറ്റി നിര്‍ത്തിയിരുന്ന മഅദനിയുമായി ചേര്‍ന്നതോടെ ഉളള ഹിന്ദു വോട്ടിലെ ഒരു വിഭാഗം മാത്രമല്ല ഇടതു പക്ഷത്തോട് ആശയപരമായി അടുത്തു നിന്നിരുന്ന പുരോഗമന ചിന്താഗതിക്കാരായ മുസ്‌ലിം മത വിശ്വാസികളും സി.പി. എമ്മിന് എതിരായി. സി.പി. ഐയേയും വി. എസിനെയും ഒരു പോലെ ഒതുക്കിയ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പൊട്ടി. ആകെ നാലിടത്താണ് വിജയിക്കാനായത്. അതും യു.ഡി. എഫിന്റെ കൈയ്യിലിരുപ്പ് കൊണ്ട് എവിടെയും വിജയിക്കാത്ത എതിരാളികളെ കിട്ടിയ മണ്ഡലങ്ങളില്‍ മാത്രം. യു.ഡി. എഫിലെ ശരാശരിക്കാര്‍ മല്‍സരിച്ചിടത്തു പോലും തോറ്റു.


പിന്നേയും പാഠം പഠിക്കാതെ പിണറായി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ പാഠം പഠിച്ചില്ല. അപ്പോഴും വി. എസിനെ മല്‍സരിപ്പിക്കാതിരിക്കാന്‍ ആവുന്നതും ശ്രമിച്ചു. ഒടുവില്‍ 2011 ലും ആവര്‍ത്തിച്ചു. പോളിറ്റ് ബ്യൂറോ ഇടപെട്ട് വി. എസിനെ മല്‍സരിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ഇ. പി. ജയരാജന്‍ മുതല്‍ തോമസ് ഐസക് വരെയുളള സര്‍വ്വ വി. എസ് വിരോധികളും തങ്ങളുടെ ഫോട്ടോയേക്കാള്‍ വലിപ്പത്തില്‍ വി. എസിന്റെ ഫ്ലക്സ് വച്ചാണ് വോട്ട് തേടിയത്. വി. എസിനെ കണ്ട് അണപൊട്ടിയ കണ്ണൂരെ കമ്മ്യൂണിസ്റ്റുകാരുടെ ആവേശം കണ്ട് ഇടതു മുന്നണി ജയിച്ചാല്‍ വി. എസ് തന്നെ മുഖ്യമന്ത്രിയാവുമെന്ന് ഇ. പി. ജയരാജന്‍ പോലും പരസ്യമായി പറഞ്ഞു പോയി. വി. എസ് എന്ന ഒറ്റയാള്‍ പോരാളി നയിച്ച തിരഞ്ഞെടുപ്പില്‍ കണ്ണൂരെ കമ്മ്യൂണിസ്റ്റു നേതാക്കള്‍ പുച്ഛത്തോടെ കാണുന്ന കൊല്ലത്തെയും ആലപ്പുഴയിലെയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉല്‍സാഹിച്ച് പന്ത്രണ്ടില്‍ പത്തു വീതം സീറ്റുകളില്‍ വിജയം നേടി. ചെങ്കൊട്ടയെന്ന് പേരുകേട്ട പിണറായിയുടെയും ജയരാജന്മാരുടെയും തട്ടകമായ കണ്ണൂരില്‍ അഞ്ചു സീറ്റിലാണ് ഇടതു മുന്നണി പൊട്ടിയത്. തോല്‍വിയുടെ പിന്നിലെ കാരണം എല്ലാവര്‍ക്കും അറിയാമെങ്കിലും പിണറായുടെ പാര്‍ട്ടിയില്‍ ഇതെ കുറിച്ച് ചോദിക്കാന്‍ ധൈര്യമുളള നേതാക്കളാരുമില്ല. വാര്‍ത്ത ചോര്‍ത്തുന്നത് മുതല്‍ കൊലപാതകക്കേസ് വരെ അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷനുകള്‍ കണ്ണൂരെ തോല്‍വിയെ കുറിച്ചു മാത്രം അന്വേഷിച്ചില്ല. ഇടതു മുന്നണി ജയിച്ചാല്‍ വി. എസ് വീണ്ടും മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പായിരുന്നു. വി. എസ് വീണ്ടും മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിക്കാത്തവരെല്ലാം ഒന്നു ചേര്‍ന്നു. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ തോറ്റു. കോട്ടയൊന്നുമല്ലാത്ത സാധാരണ കുടിലുകള്‍ മാത്രമുളള നാടുകളിലൊക്കെ ജയിച്ചു. രണ്ടേ രണ്ടു സീറ്റുകളിലെ ഫലം മാറിയിരുന്നെങ്കില്‍ കേരളത്തില്‍ ഇടതു മുന്നണി, ചരിത്രം അട്ടിമറിച്ച് ഭരണതുടര്‍ച്ച സൃഷ്ടിച്ചേനെ. ഞാന്‍ മാത്രം മന്ത്രിയായിട്ടില്ലെന്ന ഇ.പിയുടെ പരിഭവം മാറിയേനെ.

അനുകൂല സാഹചര്യം കണ്ടാല്‍ കണ്ണൂര്‍ സഖാക്കള്‍ക്ക് സഹിക്കില്ല
വരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ്. മന്‍മോഹന്‍ സിംഗിനെ മാത്രമല്ല ഉമ്മന്‍ ചാണ്ടിയേയും കേരളത്തിലെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. ഇരുവരും സാധാരണ ജനങ്ങള്‍ക്ക് ചെയ്യുന്ന സേവനം ഓര്‍ത്താല്‍ ഏതൊരാളിന്റെയും കൈതരിക്കും. കോണ്‍ഗ്രസുകാര്‍ക്ക് ഇത്തവണ നല്ലൊരു പണി കൊടുക്കണമെന്ന് കരുതിയിരിക്കുന്ന മലയാളികളുടെ മുന്നില്‍ സാമാന്യം കൊളളാവുന്ന ഇരുപത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ മുക്കാല്‍ പങ്കും പാട്ടും പാടി ജയിക്കുന്ന സാഹചര്യം. ഇത്ര അനുകൂലമായ സാഹചര്യം കണ്ടാല്‍ പണ്ടേ കണ്ണൂരെ സഖാക്കള്‍ക്ക് സഹിക്കില്ല. അവര്‍ ഉടനെ കൊലപ്പുളളികളെ കാണാന്‍ ജയിലില്‍ പോകും. ഗുണ്ടകളുടെ മനുഷ്യാവകാശത്തെ കുറിച്ച് പൊടുന്നനെ ബോധവാന്മാരുകും. മനുഷ്യാവകാശ ലംഘനം പരിശോധിക്കാന്‍ ജില്ലാ കമ്മറ്റിക്കാരും സംസ്ഥാന കമ്മറ്റിക്കാരും ഒന്നും പോരാ കേന്ദ്ര കമ്മറ്റിയായാലും പോരാ സാക്ഷാല്‍ പി.ബി മെമ്പര്‍ തന്നെ പോകണം എന്നു തീരുമാനിക്കും പോകും. കണ്ണൂരെ പാര്‍ട്ടിക്കാര്‍ പണ്ടേ മനുഷ്യാവകാശ വിഷയങ്ങളില്‍ ഒട്ടും വിട്ടു വീഴ്ചയില്ലാത്തവരാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലയാളികള്‍ എന്ന് കോടതി കണ്ടെത്തിയ കുറ്റവാളികളെ ജയിലില്‍ മര്‍ദ്ദിക്കുന്നു എന്നറിഞ്ഞ് കോടിയേരി സഖാവ് ആരോടും ചോദിക്കാതെ ചാടി പുറപ്പെട്ടതൊന്നുമല്ലെന്ന് ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ക്കു വരെ അറിയാം. പിണറായി സഖാവ് അറിയാതെ പോകില്ലെന്നും അറിയാം. കിട്ടാന്‍ സാധ്യതയുളള സീറ്റുകള്‍ എങ്ങനെ കുറയ്ക്കാമെന്ന് ഗവേഷണത്തില്‍ കഴിഞ്ഞ തവണ കാണിച്ച മിടുക്ക് ഇത്തവണയും പിണറായിയും കൂട്ടരും കാണിച്ചു. കൂടുതൽ വിശ്വസിപ്പിക്കാൻ ടി പി ചന്ദ്രശേഖരൻ വധകേസിലെ റിപ്പോർട്ട് എടുത്തു വീശി കൂടുതൽ കുളമായി.


പിണറായി തീരുമാനിക്കുന്നു, പിണറായി നടപ്പാക്കുന്നു
അതും പോരാഞ്ഞാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. അതില്‍ ആരെയും കുറ്റം പറയാനില്ല. ആരുടെയും അഭിപ്രായം എവിടെയും കേട്ടില്ല. ഏതെങ്കിലും മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കൊളളാമെന്ന അഭിപ്രായം വി. എസിനോടു പോലും ചോദിച്ചില്ല. പിണറായി തീരുമാനിച്ചു. പിണറായി നടപ്പാക്കി. അല്ലെങ്കില്‍ തന്നെ ആരോടു ചോദിക്കാന്‍, പിണറായിയോടു ചോദിക്കാന്‍ നട്ടെല്ലുറപ്പുളള നേതാക്കളാരാണ് പാര്‍ട്ടിയില്‍. ടി.പിയെ കൊന്നതു പോലും ചാനലുകള്‍ കണ്ട് അറിയേണ്ടി വന്ന രാമകൃഷ്ണന്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സംസ്ഥാന സമിതിയില്‍ എതിര്‍ സ്വരം ഉയര്‍ത്തിയിട്ടും കേട്ടതായി ഭാവിച്ചില്ല പിണറായി. ചോദിക്കാനും പറയാനും ആരുമില്ലാത്ത പാര്‍ട്ടി. പിണറായി എന്തു തീരുമാനിച്ചാലും നടപ്പാക്കാം.

എം. എല്‍. എയായ എം. എ. ബേബിയെ ലോക്‌സഭയിലേക്ക് വിട്ടാല്‍ കൊളളാമെന്ന് പി.ബി പറഞ്ഞപ്പോള്‍ പിണറായി സമ്മതം മൂളി. എങ്ങാനും ലാവ്‌ലിനില്‍ കോടതി ചതിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുളള ബേബിയെ ഡല്‍ഹിക്കു പറഞ്ഞു വിടാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തുന്നതെന്തിന്. കൊല്ലത്ത് ബേബിക്ക് സീറ്റുറപ്പിച്ചു. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന് പറയുന്നതു പോലെ കൊല്ലം ജില്ലയില്‍ ആര്‍. എസ്.പി കടിച്ചാലും ബേബിയുടെ അത്താഴം മുടങ്ങും. ഇതറിയാത്ത ആളൊന്നുമല്ല പിണറായി. ഒരു സുപ്രഭാതത്തില്‍ ആര്‍. എസ്. പി മുന്നണി വിട്ട് യു.ഡി. എഫില്‍ പോയതുമല്ല. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നേരത്തെ തന്നെ ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു എന്നത് തിരിച്ചറിയാന്‍ പിണറായിയുടെ അത്ര ബുദ്ധിയൊന്നും വേണ്ട. കുറഞ്ഞത് ഒരു എം. എം. മണി ബുദ്ധിയൊക്കെ മതി. ഇനി അതു പോലും പിണറായി അറിഞ്ഞില്ലെങ്കില്‍ ഈ പണി നിര്‍ത്തി പോകുന്നതാണ് നല്ലത്. സ്വന്തം മുന്നണിയിലെ അതും ഏതെങ്കിലും ഒരു നേതാവിനു മാത്രം തീരുമാനം എടുക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടി മുന്നണി വിട്ട് മറുകണ്ടം ചാടുന്നത് മുന്‍കൂട്ടി തിരിച്ചറിയാനുളള കഴിവില്ലെങ്കില്‍ സോറി മിസ്റ്റര്‍ സംസ്ഥാന സെക്രട്ടറി താങ്കള്‍ക്ക് പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യതയില്ല.


സ്വതന്ത്രര്‍ എന്നതിന്റെ അര്‍ത്ഥം മുന്‍ കോണ്‍ഗ്രസുകാര്‍ എന്നതാണോ?
അതെല്ലാം പോകട്ടെ. തിരഞ്ഞെടുപ്പെന്നാല്‍ രാഷ്ട്രീയ പോരാട്ടമാണെന്നൊക്കെയാണ് മാര്‍ക്‌സിസ്റ്റുകള്‍ പറയുന്നത്. ഈ പോരാട്ടത്തിന്റെ മുന്നണി പോരാളികളാണോ ഇന്നസെന്റും ക്രിസ്റ്റി ഫെര്‍ണാണ്ടസും ഒക്കെ. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അടവു നയം എന്ന രീതിയില്‍ സ്വന്ത്രരെ മല്‍സരിപ്പിക്കാം. അതില്‍ തെറ്റില്ല. പക്ഷെ ഏതെങ്കിലും മെഗാസ്റ്റാറോ മുതലാളിയോ പറഞ്ഞതിന്റെ പേരിലാവരുത്. സി.പി. എമ്മിന്റെ പതിനാറില്‍ അഞ്ചിടത്തും സ്വതന്ത്രരാണ്. സ്വതന്ത്രര്‍ എന്നതിന്റെ അര്‍ത്ഥം മുന്‍ കോണ്‍ഗ്രസുകാര്‍ എന്നതാണോ? ജോസഫ് മുണ്ടശേരിയും വി. ആര്‍. കൃഷ്ണയ്യരും അടക്കമുളളവര്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു. ഇപ്പോള്‍ അവര്‍ക്കു പകരം പിണറായി കണ്ടെത്തിയ പുതിയ പേരുകള്‍, ഇന്നസെന്റ്, പീലിപ്പോസ് തോമസ്, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജോയ്സ് ജോര്‍ജ്, വി. അബ്ദു റഹ്മാന്‍.


പിന്നില്‍ക്കുത്ത്: വി. എസിനെ പുറത്താക്കാന്‍ പറഞ്ഞപ്പോള്‍ പി.ബി പറഞ്ഞത് അങ്ങനെ ചെയ്താല്‍ കേരളത്തില്‍ തോല്‍ക്കുമെന്നാണ്. പുറത്താക്കിയില്ലെങ്കിലും പാര്‍ട്ടി തോല്‍ക്കുമെന്ന് ഇപ്പോഴെങ്കിലും മനസിലായല്ലോ എന്ന് പിണറായി വിജയന് ചോദിക്കണം. പാവം കാരാട്ടും കൂട്ടരും.https://mail.google.com/mail/u/0/images/cleardot.gif


Next Story

Related Stories