TopTop
Begin typing your search above and press return to search.

ഹരിത എം എല്‍ എമാർ പി ടി തോമസിനോട് ചെയ്തതെന്ത്?

ഹരിത എം എല്‍ എമാർ പി ടി തോമസിനോട് ചെയ്തതെന്ത്?

ജോസഫ് വര്‍ഗീസ്

പ്രകൃതിയുടെയും പച്ചപ്പിന്‍റെയും ബ്രാൻഡ്‌ അംബാസഡർമാരായ കേരളത്തിലെ ചില എം എൽ എ മാർ ഇനി ആ പദവി സ്വയമെടുത്തണിയരുത്. ഒരു മാധ്യമങ്ങളും തമാശയ്ക്ക് പോലും അവരെയങ്ങനെ വിശേഷിപ്പിക്കയുമരുത്. കാരണം കേരളത്തിൽ ഒരൊറ്റ രാഷ്ട്രീയ നേതാവേ ഹരിത പക്ഷത്തിനു വേണ്ടി എന്തെങ്കിലും നഷ്ടപ്പെടുത്തുന്നുള്ളൂ സംശയം വേണ്ട , അത്, പി.ടി.തോമസാണ്.

പലപ്പോഴും കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിന് ചേരാത്ത ചില ചേരുവകളുടെ ഒരു 'മിക്സ്‌' ആണ് പി ടി തോമസ്‌. സാധാരണ ''പ്രിമെച്ചുവേർഡ് മെചുരിറ്റി'' എന്ന് വിളിക്കാവുന്ന, പള്ളിക്കൂടത്തിൽ വച്ചേ 'ഖദറി'ന്റെ 'പക്വതയും 'അമിത വിനയവും പരിശീലിച്ചു തുടങ്ങുന്ന ശരാശരി കോണ്‍ഗ്രസ്സുകാരന്റെ ശരീര ഭാഷയൊന്നും നമുക്ക് കാണാൻ കഴിയാത്ത നേതാവാണ്‌ പി .ടി.

ഒരു ധിക്കാരിയുടെ മുഖഭാവം, ജാതിയും മതവും നോക്കാതെ പ്രണയിച്ച പെണ്ണിനെ കൂടെക്കൂട്ടാൻ കാണിച്ച ധൈര്യം, അതുല്യമായ സംഘാടന മികവ്(സംഘടനയ്ക്ക് അകത്തും, പുറത്തും) വായനയും എഴുത്തും, കാതലുള്ള പ്രസംഗം, സംസ്കൃതി എന്ന പേരിൽ മാസികയും, സംഘടനയും അത്യാവശ്യം അടിതടയുടെ രാഷ്ട്രീയവും. പിന്നെ ഒരേ ഒരു ദോഷമുള്ളത്‌ ഉമ്മൻ ചാണ്ടിക്ക് വേണ്ടി സ്ഥാനത്തും ആസ്ഥാനത്തും ചാവേറാകുന്നത് മാത്രം. അതെ, അത് മാത്രമാണ് മഹാരാജാസിലെ ഈ പഴയ തീപ്പൊരി നേതാവിന്റെ ഒരേയൊരു ദൗർബല്യം.


'തിരസ്കാരത്തിന്റെ രാഷ്ട്രീയം' പി ടി ക്ക് പുതിയ അനുഭവമല്ല.

രണ്ടര പതിറ്റാണ്ട് കരുണാകരന്റെ രാഷ്ട്രീയ വൈരത്തിന് വിധേയനായപ്പോഴും പി ടി തളര്‍ന്നിട്ടില്ല. പാർടി സംഘടന തെരഞ്ഞെടുപ്പിൽ അവസാന നിമിഷം കരുണാകരനൊപ്പം ചേർന്ന് വയലാർ രവി എ കെ ആന്റണിയെ പരാജയപ്പെടുത്തിയപ്പോൾ ചെറിയാൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ രൂപികരിച്ച ദേശീയ വേദിയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു പി ടി തോമസ്‌.

എല്ലാറ്റിനുമൊടുവിൽ പി ടി യിലെ നേതാവ് വീണ്ടും ശക്തനാവുന്നത് ഇടുക്കിയിൽ പാർട്ടിയുടെ പ്രസിഡണ്ടാവുന്നതോടെയാണ്. ഇ. എം . ആഗസ്തി അടക്കമുള്ള ഐ ഗ്രൂപ്പ്‌ നേതാക്കന്മാർ നയിച്ചിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ്‌ പി ടി യുടെ കയ്യിൽ സുഭദ്രമായി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഡൽഹിയിൽ പ്രവര്‍ത്തക സമ്മേളനം നടക്കുന്നു.അന്ന്, തൃശ്ശൂരിൽ മത്സരിക്കാൻ സാധ്യത ഉണ്ടായിരുന്ന ടോം വടക്കനെതിരെ ഇടുക്കിയിൽ നിന്നുള്ള സേനാപതി വേണു ശക്തമായ വിമര്‍ശനം ഉന്നയിച്ചപ്പോൾ വേദിയിൽ സോണിയയും രാഹുലുമൊക്കെ ഉണ്ടായിരുന്നു. രാഷ്ട്രീയത്തിൽ താരതമ്യേന അപ്രസക്തനായ സേനാപതി വേണു പി ടി യുടെ പ്രഖ്യാപിത 'നാവാ'യിരുന്നു.പ്രതിഷേധത്തിന്റെ ശബ്ദം എതുവിധേനെയും ഉയർത്താതിരിക്കാൻ പി ടി ക്കാവില്ല.


അത് തന്നെയാണ് ഇപ്പോൾ കസ്തൂരി രംഗന്റെ രൂപത്തിൽ പി ടി യെ അധികാരത്തിൽ നിന്ന് തൂത്തെറിയുന്നതും .

സുനന്ദ പുഷ്കരിന്റെ മരണം ഉയർത്തുന്ന ചോദ്യങ്ങളൊന്നും തരൂരിന്റെ സ്ഥാനാർത്തിത്വത്തിന് തടസ്സമായില്ല. കൊല്ലത് പീതാംബര കുറുപ്പ് ശ്വേത മേനോനിൽ തട്ടിയല്ല പുറത്തുപോയത്.

എല്ലായിടത്തും സിറ്റിംഗ് എം പി മാർ തന്നെ മത്സരിക്കുമ്പോൾ, എന്തിന് , കഴിഞ്ഞ തവണ ജയിച്ച മണ്ഡലത്തിൽ ഇനി താൻ മത്സരിക്കില്ലെന്ന് യാതൊരു ലജ്ജയുമില്ലാതെ പറഞ്ഞ പി സി ചാക്കോയ്ക്ക് ധനപാലനുമായി മാറ്റചീട്ട് വരെ കൈമാറിയിട്ടും, സാമുദായിക ശക്തികൾക്കെതിരെ നിലപാടെടുത്ത, എടുത്ത നിലപാടിൽ ഉറച്ചുനില്ക്കുന്ന പി ടി തോമസ്‌ മാത്രം പുറത്ത്.

ഇതിനെതിരെ ഹരിതവും സമുദായ വിരോധവും ഒരുമിച്ചു പ്രയോഗിക്കുന്ന സുധീര- സതീശന്മാർ ആരും ഒരു നേർത്ത പ്രതിരോധം പോലും തീർത്തതുമില്ല.


കേരള കോണ്‍ഗ്രസുകാരുടെ സമുദായ വിഴുപ്പു ചുമക്കലും സി പി എമ്മിന്റെ രാഷ്ട്രീയ പാപ്പരത്തവും കണ്ടു ഭയന്നു പോയി കോണ്‍ഗ്രസുകാർ.

എനിക്കെതിരെ ഒരു സംഘടിതമായ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്. പി ടി തോമസ്‌ പറയുന്നു. “ഒന്നാമത്തെ കൂട്ടര്‍ അനധികൃത പാറ മടക്കാര്‍, തടി കള്ളക്കടത്ത് നടത്തുന്നവര്‍, കഞ്ചാവു ലോബികള്‍, ഇങ്ങനെ വലിയൊരു സംഘം തങ്ങളുടെ താത്പര്യങ്ങള്‍ നാളെ തകര്‍ന്നു പോകും എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ എനിക്കെതിരായി നീങ്ങി. അവരാണ് ഈ നീക്കത്തിന് ഫൈനാന്‍സ് ചെയ്യുന്നത്. രണ്ടാമത്തെ വിഭാഗം എന്നു പറയുന്നത് കാര്യങ്ങള്‍ മനസിലാക്കാതെ തങ്ങള്‍ വര്‍ഷങ്ങളായി കാടിനോടും മൃഗങ്ങളോടും പടവെട്ടി നേടിയതൊക്കെ നഷ്ടപ്പെട്ട് പോകും എന്നു തെറ്റിദ്ധരിച്ച നിഷ്കളങ്കരായ കുറെ കര്‍ഷകര്‍. മൂന്നാമത്തെ കൂട്ടര്‍ സഭയുമായി ബന്ധപ്പെട്ട ചില ആളുകള്‍. ദേവാലയത്തിന്റെ പരിശുദ്ധി കള്ള പ്രചരണങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചവരാണ് അവര്‍.. ഈ തെറ്റായ പ്രചരണങ്ങള്‍ പതുക്കെ പതുക്കെ മാറി വരുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ സത്യം മനസിലാക്കും.”

“കേരള കാതോലിക് ബിഷപ്പ് കോണ്‍ഫറന്‍സ് 2012ല്‍ ‘പച്ചയായ പുല്‍പ്പരപ്പിലേക്ക്’ എന്നു പറഞ്ഞ ഒരു ലഘുലേഖ അടിച്ചിറക്കിയിട്ടുണ്ട്. അതില്‍ ആറാമത്തെ പേജില്‍ പറഞ്ഞിരികുന്നത് പരിസ്ഥിതി സംരക്ഷണത്തെ ഈശ്വര വിശ്വാസത്തിന്‍റെ ഭാഗമായി കാണണമെന്നാണ്. 27-ആം പേജില്‍ പറഞ്ഞിരിക്കുന്നത് ആരെങ്കിലും പരിസ്ഥിതിക്ക് എതിരായി സംസാരിക്കുകയാണെങ്കില്‍ ക്രൈസ്തവ വിശ്വാസമനുസരിച്ച് അതൊരു പാപമാണെന്നും അത് ഒരു വൈദികന്‍റെയടുത്ത് പറഞ്ഞ് കുമ്പസാരിക്കേണ്ടത്ര ഗുരുതരമാണെന്നുമാണ്. ഇവിടെ ചിലർ ജനറലായി ഒരു പ്രസ്താവന നടത്തുകയാണ്. എന്നിട്ട് മൃഗങ്ങള്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ മനുഷ്യന് ജീവിക്കേണ്ടെ എന്ന് ജനങ്ങളെ ക്കൊണ്ടു ചോദിപ്പിക്കുകയാണ്.” പി ടി കൂട്ടിച്ചേര്‍ക്കുന്നു.


പി ടി തോമസിനെ സ്ഥാനാർഥിയാക്കാൻ പറ്റില്ല എന്ന നിലപാടാണ് സഭയിലെ ചില വൈദികര്‍ എടുത്തത്. അതിലവർ വിജയിക്കുകയും ചെയ്തു.കോണ്‍ഗ്രസിന്റെ സമുദായ ദാസ്യം ഒരിക്കൽ കൂടി വെളിപ്പെട്ടു.പക്ഷെ, പി ടി ക്ക് പകരം മറ്റൊരാൾ മത്സരിക്കുമ്പോൾ ഹൈറേഞ്ച് സമിതി ഇടതു പക്ഷവുമായി ചേർന്ന് മത്സരിക്കുന്നതിന്റെ രാഷ്ട്രീയ സാംഗത്യമാണ് മനസ്സിലാകാത്തത്.

കേവല കർഷകന്റെ അതിജീവന പ്രശ്നം ...എന്നതിനുമപ്പുറത്തെക്ക് കസ്തൂരി രംഗൻ റിപ്പോർട്ടും പ്രക്ഷോഭങ്ങളും വളരുന്നത്‌ ഇവിടെയാണ്. ഒപ്പം പി ടി തോമസ്‌ എന്ന വ്യക്തിയുടെ രാഷ്ട്രീയ വ്യക്തിത്വം വെളിപ്പെടുന്നതും.

മനുഷ്യൻ പ്രകൃതിയുടെ കേവലമൊരു കാവൽക്കാരൻ മാത്രമാണെന്ന തിരിച്ചറിവിന്റെ പേരിലും സമുദായ പ്രമാണിമാർ നഗ്നരാണെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിലും ഒരു മനുഷ്യൻ അപമാനിതനായി അധികാര സ്ഥാനങ്ങളിൽ നിന്ന് നിഷ്കാസിതനാകുമ്പോൾ പാർടിക്കകത്തുനിന്നുപോലും പ്രതിഷേധത്തിന്റെ ഒരു ചെറു വിരലനക്കാത്തവരെ, 'ഹരിത എമ്മെല്ലെമാരെ '' കാണരുത് നിങ്ങളെ ഇനി ആ കുപ്പായത്തിൽ.....


Next Story

Related Stories