TopTop
Begin typing your search above and press return to search.

ഫിലോമിനയും എന്‍റെ ജീവിതവും

ഫിലോമിനയും എന്‍റെ ജീവിതവും

ടോണി ഗാംബിനോ (സ്ലേറ്റ്)

ജൂഡി ഡെഞ്ച് അഭിനയിച്ച പുതിയ സിനിമയിലെ ഫിലോമിന ലീയുടെയും മകന്റെയും കഥ എന്നെ പൊള്ളിച്ചു. ഫിലോമിനയുടെ മകനെപ്പോലെ ഞാനും ഒരു ദത്തുപുത്രനാണ്. ഫിലോമിനയുടെയും മൈക്കേലിന്‍റെയും (ജനിച്ചപ്പോള്‍ ആന്റണിയെന്നു പേര്) കഥപോലെ തന്നെയാണ് ഞങ്ങളുടെ കഥയും. എന്റെ അമ്മ ഡോറോത്തി, ഞാന്‍ ആന്റണി (ജനിച്ചപ്പോള്‍ പേര് ഡേവിഡ്). ദുഃഖങ്ങളും ദുരിതങ്ങളും തെറ്റിധാരണകളും സന്തോഷവും ഉള്ള കഥയാണിത്‌.

1956ല്‍ സിന്‍സിനാറ്റിയിലാണ് എന്റെ ജനനം. കുട്ടിയായിരിക്കുമ്പോഴേ എന്നെ ദത്തെടുത്തു. എന്റെ വളര്‍ത്തുപിതാവാണ് ആന്റണി എന്ന് പേരിട്ടത്. സ്നേഹം നിറഞ്ഞ ഒരു വീട്ടിലാണ് ഞാന്‍ വളര്‍ന്നത്. എന്റെ വളര്‍ത്തുമാതാപിതാക്കളോട് ഞാന്‍ ദത്തെടുക്കപ്പെട്ട കുട്ടിയാണ് എന്ന് ഒരുപാട് വൈകാതെ തന്നെ പറയണം എന്ന് കൌണ്‍സില്‍ ചെയ്തു പറഞ്ഞിരുന്നു. വളരെ പ്രൌഡിയോടെ തന്നെ എന്നോട് എന്റെ മാതാപിതാക്കള്‍ പറഞ്ഞു എന്നെ അവര്‍ തെരഞ്ഞെടുത്തതാണെന്നും അതുകൊണ്ടു ഞാന്‍ വളരെ സ്പെഷ്യല്‍ ആണെന്നും. എന്നെ ദത്തെടുക്കാന്‍ സഹായിച്ച അങ്കിള്‍ ജിമ്മും ആന്റ് മില്‍ഡ്രഡും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായിരുന്നു.

എന്നെ ദത്തെടുത്തതാണെന്നും എനിക്ക് ഒരു കുടുംബമേ ഉള്ളൂ എന്നും അതിനുമുന്‍പുള്ള കാര്യങ്ങള്‍ ഒന്നും തിരക്കേണ്ടതില്ലെന്നും ഞാന്‍ വിശ്വസിച്ചു. എന്റെ സ്വന്തം അമ്മ “അബദ്ധം പറ്റിയ” ഒരു കൗമാരക്കാരിയാണെന്നും അതുകൊണ്ടു എന്നെ ദത്തെടുക്കാന്‍ കൊടുത്തതാണെന്നും ഞാന്‍ വിശ്വസിച്ചു. ഞാന്‍ കഥയിലെ പുരുഷനെപ്പറ്റി ചിന്തിച്ചേയില്ല. പക്ഷെ പതിമൂന്നുവയസായപ്പോള്‍ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ഒരു ആണും പെണ്ണും രതിയിലെര്‍പ്പെട്ടു. ഞാന്‍ ഉണ്ടായി. ആരായിരുന്നു അവര്‍? എന്താണ് അവരുടെ കഥ? അച്ഛനോട് ചോദിക്കാന്‍ ധൈര്യം വന്നില്ല. ഒരു ദിവസം വൈകുന്നേരം മടിച്ചുമടിച്ച് ഞാന്‍ അടുക്കളയില്‍ അമ്മയുടെ അടുത്തെത്തി. അമ്മയുടെ മുഖഭാവം കണ്ടപ്പോള്‍ ഞാന്‍ അത് ചോദിക്കാന്‍ പാടില്ലായിരുന്നുവെന്ന് തോന്നി. തെറ്റായതെന്തോ ചെയ്തുവെന്ന ചിന്തയോടെ ഞാന്‍ ഒഴിഞ്ഞുമാറി. പിന്നീട് ഒരിക്കലും ഞാന്‍ അത് ചോദിച്ചിട്ടില്ല.

ടോണിയും ഡോറോത്തിയും

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ വീടുവിട്ടു, കോളേജില്‍ പോയി, പീസ്‌ കോര്‍പ്സില്‍ ചേര്‍ന്നു, വിവാഹിതനായി- എങ്കിലും അവര്‍ മാത്രമാണ് എന്റെ ഒരേയൊരു കുടുംബം എന്ന എന്റെ മാതാപിതാക്കളുടെ ധാരണയ്ക്ക് ഞാന്‍ മാറ്റം വരുത്തിയില്ല. ആരോടും ഞാന്‍ ദത്തെടുക്കപ്പെട്ടയാളാണ് എന്ന് പറയുന്നതിനു എനിക്ക് മടിയുണ്ടായിരുന്നില്ല. ജന്മം നല്‍കിയ മാതാപിതാക്കളെപ്പറ്റി അറിയാന്‍ ആഗ്രഹമില്ലേ എന്നൊക്കെ ഇടയ്ക്കൊക്കെ പലരും ചോദിച്ചിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ കുടുംബമാണ് എനിക്ക് ആകെയുള്ള കുടുംബം എന്ന് ഞാന്‍ മറുപടി പറഞ്ഞു. അതോടെ ചര്‍ച്ച അവസാനിച്ചിരുന്നു.

വിവാഹത്തിന്റെ ആദ്യകാലത്ത് എന്റെ വേരുകള്‍ തേടേണ്ടേ എന്ന് ഭാര്യ ചോദിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ അവരുടെ ജനിതകപാരമ്പര്യം എന്താണെന്നെങ്കിലും അറിയണ്ടേ എന്നായിരുന്നു അവളുടെ ചോദ്യം. ഓരോ തവണയും ഞാന്‍ അവളോട്‌ ദേഷ്യപ്പെട്ടു. ഈ വിലക്കപ്പെട്ട വിഷയം ഉയര്‍ത്താന്‍ ഇവള്‍ക്കെങ്ങനെ കഴിഞ്ഞു? അമ്മയുമായുള്ള സംഭാഷണം എന്നെ ഈ വിഷയം സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. ഈ വിഷയം ആരെങ്കിലും സംസാരിക്കുന്നത് അപമാനകരവും അസുഖകരവുമാണ് എന്നായിരുന്നു എന്റെ വിചാരം. എന്റെ ചെറിയ വിശദീകരണം സ്വീകരിക്കാത്തവര്‍ എല്ലാം എന്നെയും എന്നെ വളര്‍ത്തിയ കുടുംബത്തെയും ആക്രമിക്കുന്നതായാണ് എനിക്ക് തോന്നിയത്. എന്നാല്‍ ഇരുപതുവര്‍ഷത്തോളം ഒളിച്ചുവെച്ച ചോദ്യം വീണ്ടും ചോദിക്കാന്‍ എന്റെ ഭാര്യ എന്നെ പ്രേരിപ്പിച്ചു. സ്വന്തം മാതാപിതാക്കളെ കണ്ടെത്താനുള്ള ഒരു വഴിയെപ്പറ്റി വാഷിംഗ്ടന്‍ പോസ്റ്റില്‍ വന്നത് പരീക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചു. 1994ന്‍റെ തുടക്കത്തില്‍ ഞാന്‍ ആ ലേഖനത്തില്‍ പറഞ്ഞ വഴി പരീക്ഷിച്ചു.


ഞാന്‍ ഒഹായോ അധികാരികള്‍ക്ക് എഴുതി. എന്റെ ഒറിജിനല്‍ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അവരെനിക്ക് അയച്ചുതന്നു. അതില്‍ എന്റെ പേര് ഡേവിഡ് സിംപ്സന്‍ എന്നായിരുന്നു. എന്റെ അമ്മയുടെ പേര് ഡോറോത്തി എല്‍ സിംപ്സന്‍. എന്റെ ദത്തെടുക്കലിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാനായി സിന്‍സിനാത്തിയിലുള്ള കാത്തലിക്ക് സംഘടനയെ സമീപിക്കാം എന്ന് ഞാന്‍ മനസിലാക്കി. 1994ന്‍റെ മധ്യത്തില്‍ എന്റെ രേഖകള്‍ പരിശോധിച്ച ഒരാള്‍ എന്നെ വിളിച്ചു.

അവര്‍ പറഞ്ഞ പ്രസക്തവിവരങ്ങള്‍ ഇവയായിരുന്നു: എന്റെ അമ്മ ഒരു കൗമാരക്കാരിയായിരുന്നില്ല. എന്നെ പ്രസവിക്കുമ്പോള്‍ അവര്‍ക്ക് ഇരുപത്തിയാറുവയസായിരുന്നു. അവര്‍ സിന്‍സിനാത്തിയില്‍ നിന്നോ ഒഹായോയില്‍ നിന്നോ ആയിരുന്നില്ല. അവര്‍ ടെക്സാസില്‍ നിന്നായിരുന്നു. എന്റെ അച്ഛന്‍ ജൂതനായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ പേര് അറിയില്ല.

ഈ സംഘടനയ്ക്ക് എന്റെ അമ്മ എഴുതിയ ഒരു കത്തും അവരുടെ രേഖകളില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ബ്രെയിന്‍ കാന്‍സറാണെന്നും മകനെ ദത്തെടുത്ത ആളുകളെപ്പറ്റി എന്തെങ്കിലും വിവരം നല്‍കാനാകുമോ എന്നുമായിരുന്നു കത്തില്‍ ചോദിച്ചത്. എന്റെ കുടുംബസുഹൃത്തായിരുന്ന ആന്‍റി “മില്‍ഡ്രഡ്” ആണ് മറുപടി അയച്ചിരുന്നത്. ഒന്നും അറിയില്ല എന്നായിരുന്നു മറുപടി. വളരെ വികാരരഹിതമായ ഭാഷയിലാണ് അവര്‍ മറുപടി എഴുതിയിരുന്നത്.

എന്റെ ജീവിതത്തെപ്പറ്റി ഞാന്‍ അതുവരെ എന്നോട് തന്നെ പറഞ്ഞിരുന്ന കഥകള്‍ എല്ലാം നുണയായിരുന്നു. അവര്‍ ഒരു കൗമാരക്കാരിയാണ് എന്ന് കരുതിയിരുന്നതുകൊണ്ട് എന്റെ മാതാപിതാക്കളുടെ മരണശേഷം അവരെ അന്വേഷിക്കാമെന്ന് ഒരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ മരിച്ചുപോയേക്കും എന്നത് ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ അച്ഛന്‍ ജൂതനായിരുന്നെങ്കില്‍ ഉറപ്പായും എന്റെ വംശം എന്റെ ജര്‍മന്‍ അമ്മയുടെയൊ സിസിലിയന്‍ അച്ഛന്റെയൊ അല്ല. ഈ മില്‍ഡ്രഡിനെ എന്നും ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ കത്ത് തണുത്തുറഞ്ഞ ഒരു മനസ്സില്‍ നിന്ന് വന്നതായിരുന്നു.


ഞാന്‍ കൂടുതല്‍ അന്വേഷിച്ചു. മില്‍ഡ്രഡ് നല്‍കിയ ഉത്തരമാണ് ശരിയായ ഉത്തരമെങ്കിലും പലരും ഇതിനുമുന്‍പ് അനുകമ്പയോടെ അമ്മമാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ ഒരു നല്ല കുടുംബത്തില്‍ സന്തോഷവാനായി ജീവിക്കുന്നുവെന്നെങ്കിലും അവര്‍ക്ക് പറയാമായിരുന്നു. പിന്നീട് ഒരിക്കലും എനിക്കവരോട് പണ്ടു തോന്നിയ സ്നേഹം തോന്നിയില്ല.


അമ്പതുകളില്‍ പല മാതാപിതാക്കളോടും പറഞ്ഞിരുന്ന ഒരു സ്ക്രിപ്റ്റ് അതേപടി ആവര്‍ത്തിക്കുകയായിരുന്നു എന്റെ മാതാപിതാക്കള്‍. എന്നെ അവര്‍ തെരഞ്ഞെടുത്തതാണെന്നു വേഗം തന്നെ എന്നോട് പറയണം എന്ന് അവരെ പഠിപ്പിച്ചിരുന്നു. എന്നാല്‍ അവരോട് വംശീയമായി ചേര്‍ച്ചയുള്ള ഒരു കുട്ടിയെ വേണം എന്നുമാത്രമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നെയാണ് ഏജന്‍സി കൊടുത്തത്. അങ്ങനെയാണ് അവര്‍ തെരഞ്ഞെടുത്തത്, ഞാന്‍ പ്രതീക്ഷിച്ച തരം ഒരു തെരഞ്ഞെടുക്കലായിരുന്നില്ല അത്.

വളരെ പെട്ടെന്നാണ് ദത്തെടുക്കലിന്റെ രഹസ്യസ്വഭാവത്തില്‍ വിശ്വസിച്ചിരുന്ന ഞാന്‍ എല്ലാമറിയാനുള്ള അവകാശത്തെപ്പറ്റി ചിന്തിച്ചുതുടങ്ങിയത്. അറിയാനുള്ള അവകാശം എല്ലാ കുട്ടികള്‍ക്കും ഉണ്ട് എന്നും ഞാന്‍ വിശ്വസിച്ചു തുടങ്ങി. എന്നെ സൃഷ്‌ടിച്ച സ്ത്രീയെയും പുരുഷനെയും പറ്റി അറിയാന്‍ എനിക്ക് അവകാശമില്ല എന്ന് എങ്ങനെ ആര്‍ക്കെങ്കിലും പറയാനാകും?

എന്റെ ആദ്യശ്രദ്ധ എന്റെ അമ്മയിലായിരുന്നു. ഏജന്‍സിക്കാര്‍ക്ക് കൂടുതല്‍ വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഈസ്റ്റ് ടെക്സാസിലെ ടോളെഡോ എന്ന ഗ്രാമത്തിലാണ് അവര്‍ എന്ന് ഞാന്‍ കണ്ടെത്തി. എന്റെ ഭാര്യയുടെ സഹായത്തോടെ ഞാന്‍ ടെക്സാസിലെ ലോക്കല്‍ പോസ്റ്റ്‌ ഓഫീസില്‍ അന്വേഷിച്ചു. ഡോറോത്തി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയി എന്ന് ഫോണ്‍ എടുത്ത സ്ത്രീ പറഞ്ഞു. 88ല്‍ അവര്‍ക്ക് ബ്രെയിന്‍ കാന്‍സറായിരുന്നു എന്ന് എനിക്കറിയാം. ഇതുപോലെ എന്തെങ്കിലും ഞാന്‍ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നിട്ടും ഞാന്‍ തകര്‍ന്നുപോയി. ഈ സ്ത്രീയാരെന്നും അവര്‍ കടന്നുപോയത് എന്തിലൂടെയൊക്കെയാവുമെന്നും ഞാന്‍ ചിന്തിച്ചു. അവര്‍ എന്റെ അമ്മയായിരുന്നു- ഞാന്‍ അറിയാതെ പോയ അമ്മ. ഡോറോത്തി സിംപ്സന്‍ ആരായിരുന്നു എന്നറിയാനുള്ള എന്റെ ആഗ്രഹം ഇതോടെ കൂടുതലായി.

ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്റെ അമ്മയെ പരിചയമുണ്ടായിരുന്ന ഒരു അയല്‍വാസിയെ ഞാന്‍ കണ്ടുമുട്ടി. അത്ഭുതമെന്ന് പറയട്ടെ, എന്റെ മുത്തശ്ശി നോര്‍മ സിംപ്സന്‍ ജീവിച്ചിരുപ്പുണ്ടെന്നു അയാളില്‍ നിന്ന് ഞാന്‍ മനസിലാക്കി. ഉടന്‍ തന്നെ ഞാന്‍ നോര്‍മയ്ക്ക് ഒരു കത്തെഴുതിയശേഷം ഫോണില്‍ വിളിച്ചു. എന്നെ കാണാന്‍ അവര്‍ സന്തോഷപൂര്‍വ്വം തയ്യാറായി. ആദ്യം അവരെ കണ്ടപ്പോള്‍ എന്റെ അമ്മയായ അവരുടെ മകളെ അറിയാന്‍ സഹായിക്കുന്ന ഒരാള്‍ എന്നേ ഞാന്‍ കരുതിയുള്ളൂ. എന്നാല്‍ മുത്തശ്ശി എന്ന നിലയില്‍ തന്നെ പതിയെ ഞാന്‍ അവരെ സ്നേഹിച്ചുതുടങ്ങി. വളരെ സ്നേഹമയിയായ ഒരു സ്ത്രീയായിരുന്നു അവര്‍. പരിധികളില്ലാതെ അവര്‍ എന്നെ സ്നേഹിച്ചു, ഞാന്‍ അവരെയും. ഞങ്ങള്‍ പത്തുവര്ഷം ഒന്നിച്ചുണ്ടായിരുന്നു. എന്റെ രണ്ടുമക്കളെയും അവര്‍ താലോലിച്ചു. ഒരിക്കല്‍ ഞങ്ങള്‍ മുത്തശ്ശിയുടെ പ്രിയപ്പെട്ട കാപ്പിക്കടയില്‍ ഇരിക്കുമ്പോള്‍ ഒരു അപരിചിതന്‍ വന്നുപറഞ്ഞു, “ക്ഷമിക്കണം, ഇത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍ നിങ്ങളുടെ സ്നേഹം ഈ മുറി നിറയുന്നത് പോലെ തോന്നുന്നു.” നോര്‍മ്മ മരിച്ചപോള്‍ ഞാന്‍ അവരുടെ അരികിലുണ്ടായിരുന്നു. എന്നാല്‍ എന്റെ അമ്മയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന ദുഃഖം എനിക്ക് മനസിലാക്കാനാകാത്തതാണ്.

ഫിലോമിനയും മകനെപ്പറ്റി അറിയുന്നത് വളരെ വൈകിയാണ്. അവര്‍ കാണുന്നതിനുമുന്‍പേ അവന്‍ മരിക്കുന്നു. ഞാന്‍ ഒരുപാട് വൈകിയാണ് എന്റെ അമ്മയെ അന്വേഷിച്ചത്. അമ്മയാവട്ടെ എന്നെ അന്വേഷിച്ചാണ് മരിച്ചത്. എണ്‍പതുകളുടെ അവസാനത്തില്‍ അമ്മ എന്നെ കണ്ടെത്തിയിരുന്നെങ്കില്‍ അന്നത്തെ മുപ്പതുകാരന്‍ എല്ലാം ഇട്ടെറിഞ്ഞു അവരുടെയരികിലെത്തിയേനെ. എന്നാല്‍ അത് സംഭാവിക്കാഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി ഞാന്‍ കരുതുന്നു. എന്നാല്‍ തന്നെ പ്രസവിച്ച മകന് എന്തു സംഭവിച്ചു എന്നാലോചിച്ച് മരിക്കേണ്ടിവന്ന അമ്മയുടെ സങ്കടത്തോളമാകില്ല എന്റെ സങ്കടം.

എന്റെ മുത്തശ്ശിയില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും ഞാന്‍ മനസിലാക്കിയ ഡോറോത്തിയുടെ കഥ ഇതാണ്. ഡോറോത്തി വിവാഹിതയായിരുന്നില്ല. അമ്മയുടെയൊപ്പമായിരുന്നു താമസം. 55ല്‍ ഒരു രാത്രി മകള്‍ കരയുന്നത് നോര്‍മ ശ്രദ്ധിച്ചു. ചോദിച്ചപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെന്ന് ഏറ്റുപറഞ്ഞു. ഫ്രെഡ് കുക്ക് എന്നയാളെ നോര്‍മ കണ്ടു. അയാള്‍ വിവാഹിതനാണ്, ജൂതനുമാണ്. അതുകൊണ്ടു അയാള്‍ക്ക് ഡോറോത്തിയെ സ്വീകരിക്കാന്‍ കഴിയില്ല. നോര്‍മ അപ്പോള്‍ത്തന്നെ അയാളെ മറന്നുകളഞ്ഞു. നാല്‍പ്പതുവര്ഷം കഴിഞ്ഞും എന്റെ അച്ഛനോടുള്ള വെറുപ്പ്‌ എനിക്ക് നോര്‍മയില്‍ കാണാന്‍ കഴിഞ്ഞു.


പ്രശ്നമായ പെണ്‍കുട്ടികളെ സംരക്ഷിക്കാനായി കത്തോലിക്കരുടെ സംഘം എത്തി. നോര്‍മയും ഡോറോത്തിയും ഇടവകയച്ചന്‍ പറഞ്ഞതുപോലെ ചെയ്തു. എന്നെ ദത്തുകൊടുക്കാന്‍ നോര്‍മയാണ് ഡോറോത്തിയെ നിര്‍ബന്ധിച്ചത് എന്ന് അവര്‍ എന്നോട് പറഞ്ഞു. എന്നെ ഉപേക്ഷിക്കുന്നത് ശരിയായ തീരുമാനമായിരുന്നോ എന്ന് ഡോറോത്തി സ്ഥിരം ചോദിക്കുമായിരുന്നു എന്നും അവര്‍ പറഞ്ഞു.

സിന്‍സിനാത്തിയില്‍ ജോലി കിട്ടിയെന്നു സകലരോടും പറഞ്ഞ് ഡോറോത്തി ടെക്സാസ് വിട്ടു. എന്നെ പ്രസവിക്കുന്നത് വരെ അവര്‍ സിന്‍സിനാത്തിയില്‍ താമസിച്ചു. രണ്ടാഴ്ച എന്റെ കൂടെ താമസിച്ചശേഷം എന്നെപ്പറ്റി അറിയാനുള്ള അവകാശങ്ങള്‍ ഉപേക്ഷിച്ച് ടെക്സാസിലേയ്ക്ക് വിമാനം കയറി. ജോലി അത്ര ശരിയായില്ല എന്ന് എല്ലാവരോടും പറഞ്ഞു. തങ്ങള്‍ക്ക് അന്ന് സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഞാന്‍ കണ്ട ബന്ധുക്കള്‍ പറഞ്ഞു.

എന്നെ ഉപേക്ഷിക്കുന്നതിന്റെ വേദനയില്‍നിന്ന് ഡോറോത്തി ഒരിക്കലും മുക്തയായില്ല എന്ന് നോര്‍മ്മ പറഞ്ഞു. വിഷാദത്തിനടിപ്പെട്ടാണ് അവള്‍ തിരിച്ചെത്തിയത്. ഒടുവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു കുടിയനെയാണ് അവര്‍ വിവാഹം ചെയ്തത്. അയാള്‍ക്ക് മറ്റൊരു വിവാഹത്തില്‍നിന്നുള്ള കുട്ടികളുണ്ടായിരുന്നു, അയാള്‍ വന്ധ്യംകരണം നടത്തിയിരുന്നു. ഒടുവില്‍ ഒരു സ്കൂള്‍ ലൈബ്രേറിയനായി കുട്ടികളുടെ ചുറ്റും ഡോറോത്തി ജീവിച്ചു.

ഡോറോത്തിയുടെ മരണശേഷം അഞ്ചുവര്ഷം കഴിഞ്ഞാണ് ഞാന്‍ നോര്‍മയെ ആദ്യമായി കാണുന്നത്. അവരുടെ ബന്ധുക്കള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്- “ടോണി, ഇത് ഞങ്ങള്‍ക്ക് എന്താണ് എന്ന് നിങ്ങള്‍ക്ക് മനസിലാകില്ല. നീ അവളെപ്പോലെയാണ്. അവളെപ്പോലെ സംസാരിക്കുന്നു. അവളെപ്പോലെ നടക്കുന്നു. അവള്‍ തിരിച്ചുവന്നതുപോലെയാണ്.”

ദത്തെടുക്കുന്നവര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥമാതാപിതാക്കളെ അറിയാനുള്ള അവകാശമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ പ്രായപൂര്‍ത്തിയായ ശേഷം കണ്ടുമുട്ടാനും കുട്ടികള്‍ക്ക് അവരോട് ഇടപെടാനോ അപരിചിതരായി തുടരാനോ ഉള്ള അവകാശം ഉണ്ടാകണം എന്നും ഞാന്‍ കരുതുന്നു. കുട്ടികള്‍ക്ക് ആവശ്യമെന്നുതോന്നിയാല്‍ തങ്ങളുടെ യഥാര്‍ത്ഥ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും കഴിയണം.

ഒരു അമ്മയ്ക്ക് താന്‍ ദത്തുനല്‍കിയ കുട്ടിയെ കണ്ടെത്താന്‍ എന്തുചെയ്യാന്‍ കഴിയും? ചിലയിടങ്ങളില്‍ രണ്ടുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ പരസ്പരം കണ്ടുമുട്ടാന്‍ സഹായിക്കുന്ന സംവിധാനങ്ങളുണ്ട്.

ഫിലോമിന എന്ന ഈ ഹിറ്റ്‌ ചിത്രം എന്റെ ജീവിതത്തോടു വളരെ അടുത്ത് നില്‍ക്കുന്നതാണ്. എനിക്ക് അത് കാണാന്‍ വയ്യ. എന്നാല്‍ ഫിലോമിനയുടെയും മകന്റെയും കഥ പോലെ ഡോറോത്തി സിംപ്സന്റെയും ദുരന്തം ഓര്‍മ്മിക്കേണ്ടതാണ്. അവര്‍ ഡേവിഡ് എന്ന് പേരുകൊടുത്ത മകന്റെ കടമയാണ് അത്. എന്റെ അമ്മയുടെ ഓര്‍മ്മയെ ആദരിക്കാനാണ് ഇത് എഴുതുന്നത്. ഇത്തരം വേദന ഒഴിവാക്കാനുള്ള നടപടികള്‍ ഉണ്ടാകും എന്ന്ന പ്രതീക്ഷയോടെ...

Tony Gambino is a consultant working on international issues.


Next Story

Related Stories