TopTop

താരങ്ങള്‍ പച്ച തൊടുമോ?

താരങ്ങള്‍ പച്ച തൊടുമോ?

ടീം അഴിമുഖം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു മത്സരിക്കുന്ന ഏക സിനിമാതാരമാണ് ഇന്നസെന്‍റ്. എന്നാല്‍ പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങളില്‍ താരങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥാനാര്‍ഥി പട്ടികയാണ് വോട്ടര്‍മാരെ കാത്തു നില്‍ക്കുന്നത്.

16-ആം ലോക്സഭയിലെ ഏറ്റവും വലിയ പ്രാദേശിക കക്ഷിയായി ഉയര്‍ന്നു വരാം എന്ന ഉറച്ച കണക്ക് കൂട്ടലില്‍ ഗായകര്‍, ഫുട്ബാള്‍ താരങ്ങള്‍, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവായ ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ തുടങ്ങി നിരവധി സെലിബ്രിറ്റികളെയാണ് തൃണമൂല്‍ മത്സരിപ്പിക്കുന്നത്. പശ്ചിമ ബംഗാളില്‍ പാര്‍ടി മത്സരിക്കുന്ന 11 വനിതാ സ്ഥാനാര്‍ഥികളില്‍ മൂന്നു പേര്‍ ബംഗാളി സിനിമ നടിമാരും ഒരാള്‍ പ്രശസ്തയായ നാടക പ്രവര്‍ത്തകയുമാണ്. ഇപ്പോഴത്തെ സൂപ്പര്‍ താരം ദീപക് അധികാരി ഉള്‍പ്പെടെ അഞ്ചോളം നടീനടന്‍മാരെ താന്‍ മത്സര രംഗത്തിറക്കാന്‍ കാരണം ദേശിയ നയ രൂപീകരണത്തില്‍ ഈ ഒരു വിഭാഗത്തിനും ഇടം വേണമെന്നുള്ളതുകൊണ്ടാണ് എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി പറയുന്നത്. ഇതില്‍ മൂന്നു പേര്‍ ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്തവരാണ്.

മുന്‍ ഫുട്ബാള്‍ താരം ബൈചുങ് ബൂട്ടിയ ഡാര്‍ജിലിംഗ് മണ്ഡലത്തില്‍ നിന്നു തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കും. സുചിത്ര സെന്നിന്‍റെ മകളും നടിയുമായ മൂണ്‍ മൂണ്‍ സെന്‍, മുതിര്‍ന്ന നടി അര്‍പ്പിത ഘോഷ്, ഗായിക ഇന്ദ്രാണി സെന്‍, ബംഗ്ലാ ബാന്‍ഡായ ഭൂമിയിലെ പാടെഴുത്തുകാരന്‍ സൌമിത്ര റോയ് എന്നിവരാണ് മത്സരിക്കുന്ന മറ്റ് പ്രമുഖര്‍.
തൃണമൂല്‍ കോണ്‍ഗ്രസിന് 19 എം പിമാരാണ് ഇപ്പോള്‍ ലോക്സഭയിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കി അവര്‍ നടത്തുന്ന കണക്കുകൂട്ടലില്‍ ഇത്തവണ 35 സീറ്റേങ്കിലും ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജി വെച്ച മുന്‍ റെയില്‍ മന്ത്രി ദിനേശ് ത്രിവേദി ഉള്‍പ്പെടെ സിറ്റിംഗ് എം പി മാരില്‍ 16 പേരെയും ഇത്തവണ പാര്‍ടി മത്സരിപ്പിക്കുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥകളെ പ്രഖ്യാപ്പിച്ചതിന് മണിക്കൂറുകള്‍ക്കകം അവരുടെ വഴി പിന്‍തുടര്‍ന്ന് ഇടതു പക്ഷവും തങ്ങളുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. മുന്‍പത്തെക്കാളധികം സ്ത്രീകളെയും മുസ്ലിംങ്ങളെയും തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇത്തവണ സി പി ഐ എമ്മും സഖ്യ കക്ഷികളും ശ്രമിച്ചിട്ടുണ്ട്.

ഒഡീഷയില്‍ നിന്നാകട്ടെ വോട്ടര്‍മാരെ കാത്തു നില്‍ക്കുന്നത് ഒരു ഐറ്റം നംബര്‍ തന്നെയാണ്. പ്രധാന രാഷ്ട്രീയ പാര്‍ടികളെല്ലാം തങ്ങളുടെ പട്ടികയില്‍ താരങ്ങള്‍ക്ക് നല്ല പ്രാതിനിധ്യമാണ് നല്കിയിരിക്കുന്നത്.
ഒരു കൂട്ടം സിനിമ താരങ്ങള്‍ തങ്ങളുടെ താര പകിട്ട് വോട്ടര്‍മാര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്ന കേട്ടു കാഴ്ചയാണ് ഇത്തവണത്തെ ഒഡീഷയിലെ തെരഞ്ഞെടുപ്പ്. അപരാജിതയും ബിജയ് മൊഹന്തിയും അനുഭവും പിങ്കി പ്രദാനും സംസ്ഥാനത്തെ തെരഞ്ഞെതൂപ്പ് രംഗത്തെ പൂര്‍വാധികം ഗ്ലാമറസ് ആക്കും എന്ന കാര്യത്തില്‍ സംശയമില്ല. അവരുടെ ഭാഗ്യത്തെ ആശ്രയിച്ചുകൊണ്ടു തുറന്ന മനസോടെയാണ് പാര്‍ടികള്‍ അവരെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറക്കിയിരിക്കുന്നത്.

ബിജു ജനതാദള്‍ സിനിമാക്കാരെക്കൊണ്ട് ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുകയാണ്. മിഹിര്‍ ദാസ്, പിന്നണി ഗായിക തൃപ്തി ദാസ്, ടെലിവിഷന്‍ താരം സത്യകി മിശ്ര എന്നിവരാണ് അവര്‍ ഏറ്റവും ഒടുവില്‍ രംഗത്തിറക്കിയിരിക്കുന്നത്. മാറ്റിനി ഐഡോള്‍ സിദ്ധാര്‍ഥ് മോഹപാത്രയെ ലോക്സഭ എം പി ആക്കികൊണ്ട് സിനിമ താരങ്ങളെ രാഷ്ട്രീയ നേതാക്കളായി പരിവര്‍ത്തനം ചെയ്യിക്കുന്ന പ്രവണതയ്ക്കു ഒഡീഷയില്‍ തുടക്കം കുറിച്ച ബി ജെ ഡി വലിയ വലിയ പേരുകളാണ് ഇത്തവണ ഗ്ലാമര്‍ ലോകത്തില്‍ നിന്നു തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഡിഷ സൂപ്പര്‍താരം അനുഭവും ഹാസ്യ താരം പപ്പു പോം പോയും ഇപ്പോള്‍ മുഴുവന്‍ സമയ പാര്‍ടി പ്രവര്‍ത്തകരാണ്.
അനുഭവും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി അപരാജിതയും വരുന്നതോടെ രാഷ്ട്രീയ-സാംസ്കാരിക സീരാ കേന്ദ്രമായ കട്ടക് ഈ തെരഞ്ഞെടുപ്പില്‍ ഒരു താര യുദ്ധത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസ് വന്‍ തോക്കായ ബിജയ് മൊഹന്തിയെ ഭൂബനേശ്വരില്‍ നിന്നു മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഭരണകക്ഷി തങ്ങളുടെ സിറ്റിംഗ് എം പി പ്രസന്ന പടസനിയെ അവിടെ നിന്നു മാറ്റാന്‍ നിര്‍ബന്ധിതരായി ഇരിക്കുകയാണ്.

താരങ്ങളെ സ്ഥാനാര്‍ഥി ആക്കുന്നതില്‍ ബി ജെ പിയും ഒട്ടും പിന്നിലല്ല. പിങ്കി പ്രധാന്‍, ശ്രിതം ദാസ്, പിന്‍റു നന്ദ എന്നിവരാണ് അവരുടെ പ്രധാന താര സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസിനെയും ബി ജെഡിയെയും താരതമ്യം ചെയ്യുമ്പോള്‍ താര മൂല്യത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്പം പിന്നിലാണെങ്കിലും വോട്ടര്‍മാരുടെ ഇടയില്‍ നിര്‍ണ്ണായക സ്വാധീനം ആകാന്‍ ഇവര്‍ക്ക് സാധിയ്ക്കും എന്നാണ് പാര്‍ടിയുടെ വിശ്വാസം. മാത്രമല്ല ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കുള്ള പിന്തുണ സമ്പാദിക്കാന്‍ സാംസ്കാരിക മേളകളും കലാപരിപാടികളും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി ഇവിടെ.

സംസ്ഥാനത്തിന് അകത്തും പുറത്തും പോയി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ ആവേശം കോള്ളിക്കാനുള്ള ശ്രമത്തിലാണ് താരങ്ങള്‍. മുതിര്‍ന്ന ഒഡിയ താരവും ഭരണകക്ഷിയിലെ എം എല്‍ എ യും കുറച്ചുകാലം മന്ത്രിയുമായിരുന്ന പ്രശാന്ത് നന്ദയാണ് അവര്‍ക്ക് ഈ കാര്യത്തില്‍ പ്രചോദനം. മാത്രമല്ല, വിന്ധ്യ പര്‍വതനിരകള്‍ക്ക് തെക്ക് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള അതിര്‍ത്തി വളരെ നേര്‍ത്തതാണെന്നും അവര്‍ ചൂണ്ടി കാട്ടുന്നു.
"എം ജി ആര്‍, കരുണാനിധി, ഇപ്പോഴത്തെ മുഖ്യമന്ത്രി ജയലളിത തുടങ്ങി എല്ലാവരും സിനിമ രംഗത്ത് വമ്പന്‍ താരങ്ങളായിരുന്നു എന്നതാണു ഞങ്ങള്‍ക്ക് പ്രചോദനം. ആന്ധ്ര പ്രദേശില്‍ എന്‍ ടി ആര്‍ മുഖ്യമന്ത്രി ആവുകയും ചിരംജീവി ഇപ്പോള്‍ അവിടത്തെ പ്രധാന് രാഷ്ട്രീയ നേതാവുമാണ്." ബി ജെ ഡി തെരഞ്ഞെടുപ്പ് ഗോദയിലിറക്കിയ ഒരു താരം പറയുന്നു.

ആശ്ചര്യകരമെന്ന് പറയട്ടെ, രാഷ്ട്രീയത്തില്‍ കുറഞ്ഞകാലത്തെ ബാന്ധവമുള്ള പഴയ മലയാളം സിനിമ താരം പ്രേംനസീറിനെയും അയാള്‍ ഉദാഹരിക്കുന്നുണ്ട്. രണ്ടു തവണ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന റൊണാള്‍ഡ് റീഗനും കാലിഫോര്‍ണിയ ഗവര്‍ണ്ണറായ ആര്‍നോള്‍ഡ് ഷ്വാര്‍സെന്‍നെഗറുമാണ് തന്‍റെ യഥാര്‍ത്ഥ ആരാദ്ധ്യ പുരുഷന്മാര്‍, താരം പറയുന്നു. ഹോളിവുഡ് കരിയറാണ് അവരുടെ രാഷ്ട്രീയത്തിലെ ഉയര്‍ച്ചയ്ക്ക് കാരണം.
ഇത്തരം താരതമ്യങ്ങള്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് രംഗത്തെ തമാശ വത്ക്കരിക്കുകയാണ് സിനിമ താരങ്ങള്‍ എന്നൊരു വിമര്‍ശനവും ശക്തമായി ഉയര്‍ന്നു വരുന്നുണ്ട്. "ഇത്തരം ഒട്ടും ഗൌരവതാരമല്ലാത്ത ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു വരുന്നതോടെ രാഷ്ട്രീയ സംവാദത്തിന്റെ ഗൌരവം തന്നെ ചോര്‍ന്ന് പോവുകയാണ്. രാഷ്ട്രീയം വളരെ ഗൌരപൂര്‍ണ്ണമായ മേഖലയാണെന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്" കോളേജ് അദ്ധ്യാപകനായ മാനസ് സമ്പാതി പറയുന്നു.

ലോക്സഭാ എം പി എന്ന നിലയില്‍ സിദ്ധാന്ത മോഹപാത്രയുടെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ ഈ പറയുന്നതില്‍ ചില കാര്യമുണ്ടെന്നു മനസിലാകും. 5 വര്‍ഷത്തെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തിനിടയില്‍ നാല് ചോദ്യങ്ങളാണ് (വൈദ്യുതി വിതരണം, കൃഷി, അശോക ചുമരെഴുത്, പേപ്പര്‍ പ്ലാന്‍റ്സ് ) ഈ താര എം പി ചോദിച്ചിട്ടുള്ളത്. മൂന്ന് ചര്‍ച്ചകളിലാണ് ലോക്സഭയില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ മറ്റ് 20 എം പി മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മോശം പ്രകടമാണ് സിദ്ധാന്ത മോഹാപത്രയുടേത്. രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പ്രശാന്ത് നന്ദയ്ക്കും വളരെ മോശം റെകോര്‍ഡാണ് ഉള്ളത്. സത്യപ്രതിജ്ഞ കഴിഞ്ഞു ഒരു വര്‍ഷത്തിനുള്ളില്‍ അഴിമതിയുടെ പേരില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നു പുറത്താക്കുകയുണ്ടായി.

താരങ്ങളുടെ രാഷ്ട്രീയ വേഷത്തില്‍ വിശ്വസം അര്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറാകുമോ എന്നുള്ളതാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്? ഇതിനുള്ള ഉത്തരത്തിനായി നമുക്ക് മെയ് 16 വരെ കാത്തിരിക്കാം.


Next Story

Related Stories