TopTop
Begin typing your search above and press return to search.

നല്ല നേതാവും ചീത്ത നേതാവും

നല്ല നേതാവും ചീത്ത നേതാവും

സാജു കൊമ്പന്‍

വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക എന്തിനെയൊക്കെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നതിനെക്കുറിച്ച് നിരവധി നിരീക്ഷണങ്ങളുണ്ട്. തീര്‍ച്ചയായും അതവരുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളെ കണക്കിലെടുത്തുകൊണ്ടായിരിക്കും എന്നത് തീര്‍ച്ചയാണ്. അതില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മുതല്‍ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട് വരെ ഉള്‍പ്പെടും. കൂടാതെ മോഡി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീക്ഷണിയും ആം ആദ്മിയിലൂടെ ചൂട് പിടിച്ച അഴിമതി വിരുദ്ധ-കോര്‍പ്പറേറ്റ് വത്ക്കരണ വിരുദ്ധ ആശയങ്ങളും കേരളത്തിലെ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം. എന്നാല്‍ ആര്‍ എസ് പി എന്ന കമ്യൂണിസ്റ്റ് പാര്‍ടി ഇടത് ജനാധിപത്യ മുന്നണിയിലെ സീറ്റ് വിഭജന തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് മുന്നണി മാറി മത്സരിക്കാന്‍ മാധ്യമങ്ങള്‍ പറയുന്നതുപോലെ കേവലം 38 മണിക്കൂറുകൊണ്ട് തീരുമാനമെടുത്തു എന്നുള്ളത് പുതിയൊരു (പഴയത് തന്നെ) വിഷയത്തെ മേല്‍പ്പറഞ്ഞ എല്ലാറ്റിനും മുകളില്‍ എത്തിച്ചിരിക്കുകയാണ്. അത് മറ്റൊന്നുമല്ല രാഷ്ട്രീയത്തിലെ ധാര്‍മ്മികതയാണ്. ഇത് കേവലം ആര്‍ എസ് പി മാത്രം ഉണ്ടാക്കിയ അവസ്ഥാ വിശേഷമല്ല. മറിച്ച് ആര്‍ എസ് പിയിലൂടെ അത് അതിന്‍റെ സര്‍വ്വാകാരം പുറത്ത് കാണിച്ചു എന്നുള്ളതാണ്.

പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് ഒന്ന് റിവൈന്‍ഡ് ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു. സീറ്റ് ചര്‍ച്ചയില്‍ ഹതാശരായി അപമാനിതരായി അന്ന് എല്‍ ഡി എഫില്‍ നിന്നു ഇറങ്ങിവന്ന് ഞങ്ങളെ ചവിട്ടി പുറത്താക്കി എന്ന് നിലവിളിച്ച എം പി വീരേന്ദ്രകുമാറും ടീമും കോണ്‍ഗ്രസ് വെച്ച് നീട്ടിയ വടകര സീറ്റ് ഏറ്റെടുക്കാതിരുന്നതില്‍ ഒരു ധാര്‍മ്മിക ബോധമുണ്ടായിരുന്നു. ഞങ്ങള്‍ കേവലം ഒരു സീറ്റിനും അധികാരത്തിനും വേണ്ടിയല്ല മുന്നണി വിട്ടെതെന്നും ചില ആദര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. സീറ്റിന് വേണ്ടി കടി പിടി കൂടുന്നത് ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും വിലകെട്ട ഏര്‍പ്പാടാണ് എന്ന പൊതു ബോധത്തെ ഭയന്നിട്ട് കൂടിയായിരുന്നു അത്. എന്തു തന്നെയായാലും ജൈന ദര്‍ശനത്തിന്റെ ഒരു ഉള്‍ക്കാഴ്ച വീരേന്ദ്രകുമാരില്‍ ഉള്ളതുകൊണ്ട് കൂടിയാകാം ഈ പരിത്യാഗ ചിന്ത ചെറുതല്ലാത്ത ഒരു മാന്യത അവര്‍ക്ക് നല്കുകയും ചെയ്തു. കൊക്കോകോളയ്ക്കും ആഗോള വത്ക്കരണത്തിനും എതിരെ വീരേന്ദ്രകുമാര്‍ നടത്തിയ പ്രസംഗങ്ങളും പ്രബന്ധങ്ങളുമൊക്കെ ആളുകള്‍ താത്ക്കാലം മറന്നു. പകരം അവിടെ ധാര്‍മ്മിക ശുദ്ധിയുള്ള നല്ല നേതാവിന്‍റെ കുപ്പായം വീരേന്ദ്രകുമാറിനും കൂട്ടര്‍ക്കും ഇട്ടു കൊടുക്കുകയും ചെയ്തു.
ഇനി ഇത്തവണത്തെ തിരഞ്ഞെടുപ്പിലേക്ക് വരാം. എല്ലാ കാലങ്ങളിലുമെന്ന പോലെയുള്ള സീറ്റ് തര്‍ക്കങ്ങള്‍ ഇത്തവണയും ഉണ്ടാകുമെന്ന് കരുതിയതല്ലാതെ വലിയ ഭൂകമ്പങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത സീറ്റ് ചോദിച്ച് എസ് ജെ ഡിയും ഒന്നായപ്പോള്‍ ഞങ്ങള്‍ക്ക് വലുപ്പം കൂടി എന്ന് അവകാശപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് വിഭാഗവും യു ഡി എഫില്‍ അല്ലറ ചില്ലറ കുഴപ്പങ്ങളുണ്ടാക്കുന്നതൊഴിച്ചാല്‍ താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ കഴിയുമെന്നാണ് കരുതിയത്. എന്നാല്‍ എല്‍ ഡി എഫില്‍ സി പി ഐ എമ്മും സി പി ഐയും കൂടി എല്ലാം പങ്കിട്ടെടുക്കുന്ന, മുന്നണിയില്‍ ചര്‍ച്ചപോലും ചെയ്യാത്ത ജനാധിപത്യ വിരുദ്ധതയില്‍ പ്രതിഷേധിച്ച് ആര്‍ എസ് പി മുന്നണി വിടുകയും യു ഡി എഫില്‍ ചേക്കേറുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് രംഗം അത്യന്തം സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഈ സംഭവത്തിലൂടെ കേരളത്തിലെ വോട്ടര്‍മാര്‍ ഒരു ധാര്‍മ്മിക പ്രതിസന്ധിയിലാണ് ചെന്നു പതിച്ചിരിക്കുന്നത്. അത് കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ താരതരം പോലെ രണ്ട് മുന്നണിയിലും കൂട് കൂട്ടിയിട്ടുള്ള ആര്‍ എസ് പിയെ ഓര്‍ത്തല്ല. മറിച്ച് അവരുടെ സുമുഖനും ശുദ്ധനും ഇടതുപക്ഷ നിലപാടുകള്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം സുവ്യക്തമായി അവതരിപ്പിക്കുന്ന ‘നല്ല നേതാവായ’ എന്‍ കെ പ്രേമചന്ദ്രന്‍ വലത് പാളയത്തിലേക്ക് പോയത് കണ്ടിട്ടായിരുന്നു. ഒരു രാത്രി വെളുക്കുമ്പോള്‍ ഇന്നലെ പറഞ്ഞത് മുഴുവന്‍ മാറ്റിപ്പറയാന്‍ പ്രേമചന്ദ്രനെപ്പോലെ ഒരാള്‍ക്ക് പറ്റുമോ എന്ന അന്ധാളിപ്പിലായിരുന്നു കേരളീയ പൊതുസമൂഹം. പ്രേമചന്ദ്രന്‍റെ പാര്‍ടി അവര്‍ ഇന്നലെ വരെ നഖശിഖാന്തം എതിര്‍ത്തിരുന്ന ഉദാര വത്ക്കരണ നയങ്ങള്‍ പിന്തുടരുന്ന യു പി എയെ പിന്തുണക്കാന്‍ പോകുന്നു എന്നതായിരുന്നില്ല ഇവിടത്തെ പ്രശ്നം. മറിച്ച് പ്രേമചന്ദ്രന്‍ എന്ന വ്യക്തി ഇനി എന്ത് പറയും എന്ന് ചിന്തിച്ചിട്ടാണ് കേരളീയ പൊതുസമൂഹത്തിന്‍റെ ഉറക്കം നഷ്ടപ്പെട്ടത്. എന്തായാലും മറ്റൊരു രാഷ്ട്രീയ കൂടുമാറ്റവും ഉണ്ടാക്കാത്ത വിശ്വാസ തകര്‍ച്ചയാണ് നിലപാടുകളുടെ വ്യക്തതയുടെയും മന്ത്രി എന്ന നിലയില്‍ പ്രകടിപ്പിക്കേണ്ട കഴിവിന്റെയും സംശുദ്ധതയുടെയും പ്രശംസനീയമായ പ്രതിപക്ഷ ബഹുമാനത്തിന്‍റെയും ആള്‍രൂപമായി ഒരു പരിധി വരെ മാധ്യമങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ചെടുത്ത പ്രേമചന്ദ്ര ബിംബം തകര്‍ന്നപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ഇത് എ പി അബ്ദുള്ളക്കുട്ടി, സെല്‍വരാജ്, സിന്ധു ജോയി എന്നിവര്‍ സി പി ഐ എം വിട്ടപ്പോഴോ ഡോ: മനോജ് ഇടത് ബാന്ധവം ഉപേക്ഷിച്ചു കോണ്‍ഗ്രസ് അംഗത്വം എടുത്തപ്പോഴോ ഉണ്ടാവാത്തതാണ്. കാരണം അവര്‍ പുറത്ത് വന്നതിനും നിലപാടുകള്‍ മാറ്റിപ്പറഞ്ഞതിനും സി പി ഐ എം ഇന്ന് നേരിടുന്ന ജീര്‍ണ്ണതയുടെ പശ്ചാത്തലമുണ്ടായിരുന്നു. അതുകൊണ്ട് രണ്ടും കണക്കാണ് എന്ന അരാഷ്ട്രീയ ചിന്ത മാത്രമല്ല, പ്രത്യേകിച്ച് വിലയിരുത്തേണ്ട നിലപാടുകളോ കാഴ്ചപ്പാടോ ഇല്ലാത്ത വ്യക്തികളായിരുന്നു ഇവര്‍ എന്ന അനുമാനത്തിലായിരുന്നു അന്നൊക്കെ കേരളീയ സമൂഹം എത്തിച്ചേര്‍ന്നത്.

പ്രേമചന്ദ്രന്‍റെ പരകായ പ്രവേശം ഉണ്ടാക്കിയ ധാര്‍മ്മിക പ്രതിസന്ധി ആരാണ് നല്ല നേതാവ്/ചീത്ത നേതാവ് എന്ന ദ്വന്ദ്വത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ഇടതുപക്ഷത്തിന്‍റെ അനൌദ്യോഗികമായ സ്ഥാനാര്‍ഥി പ്രഖ്യാപനം കൂടി ആയപ്പോള്‍ അതിന്‍റെ പരകോടിയിലായിരിക്കുന്നു. ഇന്നലെ വരെ കോണ്‍ഗ്രസിന്‍റെ ഭാഗമായി നിന്നിരുന്ന പീലിപ്പൊസ് തോമസ്, സ്വാശ്രയ മെഡിക്കല്‍ കോളേജിന്റെ തലവനെന്നറിയപ്പെടുന്ന ഡോ: ബെന്നറ്റ് എബ്രഹാം, എറണാകുളത്തെ ഐ എ എസ് ഉദ്യോഗസ്ഥന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ചാലക്കുടിയില്‍ സിനിമ നടന്‍ ഇന്നസെന്‍റ്, മലപ്പുറത്തെ കോണ്‍ഗ്രസുകാരന്‍ വി കെ അബ്ദുള്‍റഹ്മാന്‍ എന്നിങ്ങനെ നാലില്‍ ഒരു ഭാഗം സ്ഥാനാര്‍ത്തികളെയും എല്‍ ഡി എഫ് കണ്ടെത്തിയിരിക്കുന്നത് അവരിന്ന് പറഞ്ഞതിനും പ്രവര്‍ത്തിച്ചതിനും(?) വിരുദ്ധമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതിനും പ്രേമചന്ദ്രന്‍റെ മുഖമ്മൂടി മാറ്റം ഉണ്ടാക്കുന്ന അത്ര ശക്തി ചിലപ്പോള്‍ ഉണ്ടാവില്ലെങ്കിലും നല്ല നേതാവ്/ചീത്ത നേതാവ് എന്ന ധാര്‍മ്മിക പ്രതിസന്ധിയില്‍ ചെറുതല്ലാത്ത സംഭാവന ചെയ്യുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് കാലത്തിനിടയില്‍ കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ തെരുവില്‍ കയ്യേറ്റം ചെയ്യപ്പെട്ടതും കൂടി ചേര്‍ത്ത് വെക്കേണ്ടതുണ്ട്. ആറന്മുള വിമാനത്താവള വിഷയത്തില്‍ കെ ശിവദാസന്‍ നായര്‍, മധ്യസ്ഥ ശ്രമത്തിനിടയില്‍ അബ്ദുള്‍ സമദ് സമദാനി, നിലമ്പൂര്‍ രാധ വധവുമായി ബന്ധപ്പെട്ട് ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ കയ്യേറ്റം ചെയ്യപ്പെട്ടത് ഒറ്റ തിരിഞ്ഞതും അപ്രതീക്ഷിതവുമായ സംഭവങ്ങളായി തള്ളിക്കളയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കൂടാതെ പി സി ജോര്‍ജിന്‍റെ പൊതു പ്രസ്താവനകള്‍, കെ ബി ഗണേഷ് കുമാര്‍ നേരിട്ട ഗാര്‍ഹിക പീഠനം സംബന്ധിച്ച ആരോപണങ്ങള്‍, ഇപ്പൊഴും എ പി അബ്ദുള്ളക്കുട്ടിയിലെത്തിയിരിക്കുന്ന സരിതയുടെ സ്മാര്‍ത്ത വിചാരം, ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്നിട്ടുള്ള അനാശാസ്യ ആരോപണം എന്നിവയെല്ലാം ചേര്‍ന്ന് ആരാണ് നല്ല നേതാവ്/ചീത്ത നേതാവ് എന്ന പൊതുബോധ നിര്‍മ്മിതിയില്‍ വലിയ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് പ്രേമചന്ദ്രന്‍ മികച്ച മന്ത്രിയായിരുന്നു എന്ന ചിന്ത തന്നെയായിരുന്നു കെ ബി ഗണേഷ്കുമാര്‍ മന്ത്രി സ്ഥാനത്ത് നിന്നും താഴെ വീണപ്പോഴും ഉണ്ടായതെന്ന് ഓര്‍ക്കുക. എന്തെങ്കിലും സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് എല്ലാവരും ഈ വികാരം പങ്കുവയ്ക്കുന്നത് എന്ന് പറയാന്‍ പറ്റില്ല.
എ കെ ആന്‍റണി എന്ന നല്ല നേതാവില്‍ നോക്കിയാണ് കെ കരുണാകരന്‍റെ കറുത്ത പാടുകള്‍ക്ക് നമ്മള്‍ തെളിച്ചം കൊടുത്തത്. വി എസ് അച്ചുതാനന്ദന്‍ എന്ന നല്ല നേതാവിന്‍റെ പ്രഭയിലാണ് പൊതു സമൂഹം പിണറായിയുടെ ചീത്തത്തം കണ്ടെത്തിയത്. മാധ്യമങ്ങളെ കൂടുപിടിച്ച് സൃഷ്ടിക്കപ്പെടുന്ന ഈ ജനപ്രീയ ദ്വന്ദ്വ നിര്‍മ്മിതിയുടെ നൂല്‍പ്പാലത്തിലൂടെയായിരുന്നു മലയാളിയുടെ രാഷ്ട്രീയ ധാര്‍മ്മിക ബോധം സഞ്ചരിച്ചുകൊണ്ടിരുന്നത്. ആ നൂല്‍പ്പാല സഞ്ചാരമാണ് ഇന്ന് കാലിടറി അഗാധമായ കയത്തില്‍ വീണിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് എന്‍ കെ പ്രേമചന്ദ്രന്‍ എന്ന നേതാവിന്‍റെ കൂറുമാറ്റം കേവലമായ മുന്നണി രാഷ്ട്രീയ പ്രശ്നം എന്നതിലുപരി കേരളീയ പൊതുബോധത്തെ സ്വാധീനിക്കാന്‍ കഴിയുന്ന നല്ല നേതാവ്/ചീത്ത നേതാവ് എന്ന ധാര്‍മ്മിക പ്രശ്നമായി മാറും എന്ന് നിരീക്ഷിക്കപ്പെടേണ്ടി വരുന്നത്. പ്രേമചന്ദ്രന്‍ എന്ത് പറയുന്നു എന്നുള്ളതും പ്രേമചന്ദ്രനെക്കുറിച്ച് ഇടത് മുന്നണി നേതാക്കള്‍ എന്തു പറയുന്നു എന്നുള്ളതും കേരളത്തിലെ രാഷ്ട്രീയ സമൂഹം സാകൂതം നിരീക്ഷിക്കുക തന്നെ ചെയ്യും. ഏറ്റവും ചുരുങ്ങിയത് ഈ തെരഞ്ഞെടുപ്പ് കാലം വരെയെങ്കിലും.


Next Story

Related Stories