TopTop
Begin typing your search above and press return to search.

കുന്ദല്‍ വാധ്വയെ ഓര്‍മിക്കുമ്പോള്‍

കുന്ദല്‍ വാധ്വയെ ഓര്‍മിക്കുമ്പോള്‍
മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡില്‍ വച്ച് ഐ.എന്‍.എസ് കൊല്‍ക്കത്തയിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് ഓഫീസര്‍ കമാന്‍ഡര്‍ കുന്ദല്‍ വാധ്വയെ കുറിച്ച് അദ്ദേഹത്തിന്റെ മെന്‍ററായിരുന്ന ക്യാപ്റ്റന്‍ രമേഷ് ബാബു ഓര്‍മിക്കുന്നു.


നാവിക സേനയും പട്ടാളത്തെപ്പോലെ വ്യക്തമായി നിര്‍വചിക്കപ്പെട്ട അധികാരശ്രണികളും പെരുമാറ്റച്ചട്ടങ്ങളുമുള്ള വിഭാഗമാണ്. യുദ്ധക്കപ്പലിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തലവനായ കമാന്‍ഡര്‍ -ഇയും അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉദ്യോഗസ്ഥനും തമ്മിലുള്ള ബന്ധവും അതുപോലെ തന്നെ. എങ്കിലും എഞ്ചിന്‍ മുറിക്ക് പുറത്തേക്ക് വളരുന്ന ചില ബന്ധങ്ങളുണ്ട്.


നാവിക സേനയുടെ ലോനാവ്‌ലയിലുള്ള എഞ്ചിനീയറിംഗ് കോളേജിന്റെ വോളീബോള്‍ കോര്‍ട്ടില്‍ വെച്ചാണ് യുവ കേഡറ്റായിരുന്ന അവനെ ഞാന്‍ ആദ്യമായി കണ്ടത്. ആദ്യ ദിവസം തന്നെ വൈകിയാണ് അവന്‍ വന്നത്. ഉറങ്ങിപ്പോയതുകൊണ്ടാണ് വൈകിയതെന്നു കുണുങ്ങിച്ചിരിച്ചുകൊണ്ട് അവന്‍ സമ്മതിച്ചു. സീനിയര്‍മാര്‍ ജോലി തന്നു, എക്‌സ്ട്രാ ക്ലാസ്സുണ്ടായിരുന്നു എന്നൊക്കെയുള്ള പതിവ് മുടക്കുന്യായങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ പറ്റാത്തത്രയും സത്യസന്ധമായിരുന്നു ആ മറുപടി. കുണുങ്ങിച്ചിരി അത്ര രസിച്ചില്ലെങ്കിലും അവന്റെ സത്യസന്ധത എനിക്കിഷ്ടമായി. കേഡറ്റുകളുടെ ട്രെയിനിംഗുമായി നേരിട്ട് ഇടപെടാനില്ലാത്തത് കൊണ്ട് ലോനാവ്‌ലയില്‍ വെച്ച് ആകസ്മികമായി മാത്രമേ അവനെ കാണാറുണ്ടായിരുന്നുള്ളൂ. കാണുമ്പോഴൊക്കെ അവന്റെ മുഖത്താ കുണുങ്ങിച്ചിരിയുണ്ടായിരുന്നു. ട്രെയിനിംഗുമായി നേരിട്ട് ഇടപെടുന്നില്ലെങ്കില്‍ കൂടിയും ഒരുപാട് മുഖങ്ങള്‍ നിങ്ങളുടെ മുന്നിലൂടെ കടന്നു പോകും. അതില്‍ ചില മുഖങ്ങള്‍ മാത്രം എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് നിങ്ങളുടെ മനസ്സില്‍ മായാതെ നില്‍ക്കും. ആ കള്ളച്ചിരിയും സത്യസന്ധതയും കാരണം അവന്റെ മുഖവും എന്റെ മനസ്സില്‍ പതിഞ്ഞു. അവന്റെ പേര് എനിക്കറിയില്ലായിരുന്നു, അറിയാന്‍ ഞാന്‍ ശ്രമിച്ചുമില്ല. കോഴ്‌സില്‍ അവന്‍ ഒന്നാമനായി ജയിച്ചതും ഞാനറിഞ്ഞില്ല.കുന്ദല്‍ വാധ്വ


പുതിയ ഐ.എന്‍.എസ് മുംബൈയുടെ കമ്മീഷനിംഗ് ഉദ്യോഗസ്ഥനായാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ എന്റെ കൂടെ ചേര്‍ന്നത്. എന്റെ കീഴിലുണ്ടായിരുന്ന നാല് ലഫ്നന്റ്റുകളില്‍ കുന്ദല്‍ വാധ്വയായിരുന്നു ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഒരു കപ്പലിന്റെ ചുമതലയിലിരിക്കുമ്പോള്‍ നിങ്ങളെ നിരാശപ്പെടുത്തുന്ന ഒരുപാട് സംഭവങ്ങള്‍ കപ്പലിലുണ്ടാകും. നിങ്ങള്‍ക്കിഷ്ടപെടാത്തതോ തെറ്റായതോ ആയ എന്തെങ്കിലുമൊരു കാര്യം സംഭവിക്കും. ചിലപ്പോളത് നിങ്ങളുടെ തന്നെ കുഴപ്പമായിരിക്കാം. എനിക്കും അതുപോലുള്ള തലപെരുപ്പിക്കുന്ന നിരാശകളുണ്ടായിട്ടുണ്ട്, നിര്‍ഭാഗ്യവശാല്‍ യുവ കേഡറ്റുകളാണ് ഇതിന് ഇരയാവുക. എന്റെ ദേഷ്യമെല്ലാം ഞാന്‍ അവരോടു തീര്‍ക്കും, കുന്ദല്‍ ഒഴികെ മറ്റെല്ലാവരും പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ച് മിണ്ടാതെ ഗൌരവത്തോടെ പഴികളേറ്റുവാങ്ങും. അവന്‍ ചിരിക്കും, അവന്റെ കുണുങ്ങിച്ചിരി.


അവന്റെ കുണുങ്ങിച്ചിരിക്ക് അസാധാരണമായ ഗുണമുണ്ടായിരുന്നു. അത് നിങ്ങളെ നിരായുധനാക്കും. നിങ്ങളുടെ ദേഷ്യം എങ്ങനെയോ അവന്റെ കുണുങ്ങിച്ചിരികൊണ്ട് തണുപ്പിക്കും. കല്യാണത്തിന് ശേഷം അവന്റെ ഭാര്യ സന്ധ്യയും ഈ കാര്യം ശരിവെച്ചതാണ്. എന്റെ ഭാര്യയും അമ്മായി അമ്മയും പോലും ആ കുണുങ്ങിച്ചിരിയെ ഇഷ്ടപ്പെട്ടു. എന്റെ മുതിര്‍ന്ന എഞ്ചിനീയറായ സിദ്ധാര്‍ത്ഥുമായും ഡപ്യൂട്ടി ഇലക്ട്രിക്കല്‍ ഓഫീസറായ രാജീവുമായും ഞാന്‍ പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്തു. കുന്ദലിന്റെ കുണുങ്ങിച്ചിരിയും ആ മരുന്നിന് എന്റെ ദേഷ്യത്തിന്മേലുള്ള ഫലവും ഞങ്ങളുടെ പല പല തമാശകളുടേയും ഭാഗമായി മാറി.
അവര്‍ രണ്ടു പേരില്‍ നിന്നുമുള്ള ഫോണ്‍ വിളികള്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ.എന്‍.എസ് മുംബൈയില്‍ മറന്നുവെച്ച് പോയ തമാശകള്‍ ഓര്‍ത്തെടുക്കാനുള്ള വിളികളായിരുന്നു. അന്ന് ഉച്ചക്ക് ഒരുമണിക്ക് രാജീവ് വിളിച്ചപ്പ്‌പോഴും ഞാന്‍ അങ്ങനെയൊരു കാര്യമാണ് പ്രതീക്ഷിച്ചത്.
ഈ പതിനഞ്ച് വര്‍ഷത്തിനിടയില്‍ നല്ലൊരു ഓഫീസറായും, ശ്രദ്ധാലുവായ ഭര്‍ത്താവായും, സ്‌നേഹിക്കുന്ന പിതാവായും കുന്ദല്‍ മാറിയിരുന്നു. ഞാന്‍ നാവികസേന വിട്ടതിനു ശേഷവും പല പ്രാവശ്യം അവന്‍ സന്ധ്യയുമായും അവന്റെ കുട്ടികളായ നളിനും ജീവയുമായും എന്നെ കാണാന്‍ വന്നു. താന്‍ കണ്ട സ്വപ്നത്തെക്കാള്‍ ഉയരത്തില്‍ പറക്കുന്ന മകനെ നോക്കി നില്‍ക്കുന്ന ഒരച്ഛനെപ്പോലെ അവന്റെ വളര്‍ച്ച ഞാന്‍ നോക്കിക്കണ്ടു. സന്ധ്യ ഭാര്യയെന്ന നിലയില്‍ അവനെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നോട് പങ്കു വെച്ചു. പുകവലിയുടെ കാര്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവന്റെ കള്ളച്ചിരികൊണ്ട് സന്ധ്യയെ ഒതുക്കിയ കാര്യവും എന്നോടവള്‍ വേദനയോടെ പറഞ്ഞു. അവളുടെ ഭര്‍ത്താവിനെ ശാസിക്കാനും നല്ല വഴിയില്‍ നടത്താനും എന്നോടവള്‍ ആവശ്യപ്പെട്ടു. ഉറപ്പ് കൊടുത്തെങ്കിലും ഞാന്‍ ഒന്നും ചെയ്തില്ല.


രാജീവ് വിളിച്ചപ്പോള്‍ അവനൊരു തമാശയോടെ തുടങ്ങുമെന്നാണ് ഞാന്‍ കരുതിയത്. സംഭവിച്ച കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ തണുത്ത് മരവിച്ചു പോയി. വിപത്ത് സ്ഥിരീകരിക്കാന്‍ സിദ്ധാര്‍ത് വിളിച്ചു. എന്നേക്കാള്‍ ഉയരത്തില്‍ പുതിയൊരു കപ്പലിന്റെ തലപ്പത്ത് എന്റെ കുട്ടി ഇരിക്കുന്നത് സ്വപനം കണ്ടിരുന്ന എന്നെ, അവനെ CO2- വില്‍ മുക്കിയെടുത്ത ആ വാല്‍വ്
തകര്‍ത്തുകളഞ്ഞു. കുന്ദല്‍ വാധ്വയെ ശ്വാസം മുട്ടിച്ച് കൊന്ന ആ വാല്‍വ് മോശം രൂപകല്പനയുടെയോ, ജോലിക്കാരുടെ അശ്രദ്ധയുടേയോ, ഗുണമേന്മ ഉറപ്പ് വരുത്താത്തതിന്റെയോ, നിര്‍ദയയമായ വ്യവസ്ഥിതിയുടേയോ, കപ്പല്‍ നിര്‍മ്മിക്കുന്നതിലെ താമസത്തിന്റെയോ, പണം നല്ല രീതിയില്‍ ഉപയോഗിക്കാത്തതിന്റെയോ അതിലുപരി നിയന്ത്രിക്കാനാവാത്ത അഴിമതിയുടേയോ സൃഷ്ടിയായിരിക്കാം. അല്ലെങ്കില്‍ ഇതെല്ലാത്തിന്റെയും മിശ്രണമായിരിക്കാം. അതോ വെറും വിധിയുടെ വിളയാട്ടമോ?


സന്ധ്യയോട് ഞാന്‍ എന്ത് മറുപടി പറയും.

കുന്ദലിന്റെ ആ കള്ളച്ചിരിക്ക് മാത്രമേ അവളെ ആശ്വസിപ്പിക്കാന്‍ സാധിക്കുകയുള്ളൂ, എന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും....Next Story

Related Stories