TopTop
Begin typing your search above and press return to search.

ബുഷ്: കാലവും കാഴ്ചയും

ബുഷ്: കാലവും കാഴ്ചയും


ഡാന്‍ ബാള്‍സ്

ജോര്‍ജ് ബുഷ് രണ്ടാമനെ ലോകം എങ്ങനെയാണ് ഓര്‍ക്കുക അല്ലെങ്കില്‍ എങ്ങനെയാണ് ഓര്‍ക്കേണ്ടത്. ഒരു പക്ഷേ അമേരിക്കയുടേയും , ലോകത്തിന്റെ തന്നെയും സമീപകാലചരിത്രത്തില്‍, ഇത്രയും വിവാദങ്ങള്‍ക്കും, സൈനികാക്രമണങ്ങള്‍ക്കും, നായകത്വം വഹിച്ച മറ്റൊരു പ്രസിഡന്‍റുണ്ടാകില്ല. എന്തായാലും ബുഷിനെ കാലത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അമേരിക്കയില്‍ ഒരു മ്യൂസിയം തയ്യാറാക്കിയിരിക്കുന്നു. അമേരിക്കയുടെയും, ലോകത്തിന്റെ തന്നെയും രാഷ്ട്രീയ സമവാക്യങ്ങളെ തകിടം മറിച്ച സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ അവശിഷ്ടങ്ങളും, ഗോപുരാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ജനങ്ങളോട് സംസാരിക്കാന്‍ ബുഷ് ഉപയോഗിച്ച ഉച്ചഭാഷിണിയും, പ്രസിഡന്‍റിന്റെ കാര്യാലയത്തിന്റെ മാതൃകയുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സതേണ്‍ മെത്തേഡിസ്റ്റ് സര്‍വ്വകലാശാല വളപ്പില്‍ ഒരുക്കിയിരിക്കുന്ന മ്യൂസിയവും ഗ്രന്ഥശാലയും കണ്ടുകഴിഞ്ഞാല്‍ അത് ബുഷിന്റെ സ്വഭാവ സവിശേഷതകളെ പകര്‍ത്തി വച്ചതാണെന്ന് തോന്നാം. ശങ്കയോ സന്ദേഹമോ കൂടാതെ ചരിത്രത്തിന്റെയും കാലത്തിന്റെയും തീര്‍പ്പിന് തന്നെത്തന്നെ വിട്ടുകൊടുത്തിരിക്കയാണല്ലോ ബുഷ് രണ്ടാമന്‍. 43620 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന മ്യൂസിയത്തില്‍ ബുഷിന്റെ 8 വര്‍ഷം നീണ്ട ഭരണകാലത്തെ പ്രധാന സംഭവങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രസിഡണ്ട് പദവിയില്‍ ബുഷിനെ അവരോധിച്ച വിവാദമായ ഫ്ലോറിഡയിലെ രണ്ടുവട്ടം വോട്ടെണ്ണലും, 2003-ലെ ഇറാഖ് അധിനിവേശവും, 2005-ലെ കത്രീന ചുഴലിക്കാറ്റും, 2007-ലെയും, 2008-ലെയും അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയും എല്ലാം.എന്നാല്‍ ഇത്തരം വിവാദ നടപടികള്‍ മാത്രമല്ല, കുടിയേറ്റ നിയമ പരിഷ്ക്കാരങ്ങളും, ആഫ്രിക്കയില്‍ എയ്ഡ്സ് വിരുദ്ധ മുന്നേറ്റത്തിന് തുടക്കമിട്ടതും ഒക്കെയായി ബുഷിന്റെ ഭരണനേട്ടങ്ങളുടെ പട്ടികയും ഇവിടെയുണ്ട്.അമേരിക്ക ലോകത്തെയും, ലോകം അമേരിക്കയെയും കാണുന്ന കാഴ്ച്ചാരീതികളെ എന്നെന്നേക്കുമായി മാറ്റിമറിച്ച 2001 സെപ്റ്റംബര്‍ 11 ലെ ആക്രമണം ബുഷിന്റെ ഭരണകാലത്തായിരുന്നു. ഒരുപക്ഷേ അതിനുശേഷമായിരുന്നു ബുഷിന്റെ ഭരണകാലം. മ്യൂസിയത്തിലെ ഹൃദയഭാഗവും ഇതുതന്നെ. തകര്‍ന്ന ഗോപുരങ്ങളുടെ വളഞ്ഞുപിരിഞ്ഞ കമ്പികള്‍ ചരിത്രത്തിന്റെ നേര്‍സാക്ഷ്യങ്ങളായി നില്ക്കുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും, കൊല്ലപ്പെട്ട 3000-ത്തോളം ആളുകളുടെ പേരുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.11/11-ലെ ആക്രമണത്തെ തുടര്‍ന്ന് ലോകത്തെ അമേരിക്കയ്ക്കും ഒസാമ ബിന്‍ലാദനുമിടയില്‍ പകുത്തു നല്‍കി ബുഷ് നടത്തിയ ‘ഭീകരതക്കെതിരായ കുരിശുയുദ്ധം’,‘സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍’ എന്ന തലക്കെട്ടിലാണ് പ്രദര്‍ശനത്തിന് വെച്ചിട്ടുള്ളത്. ഇറാഖിലും, അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ അധിനിവേശ യുദ്ധങ്ങള്‍ ഇതിലുള്‍പ്പെടും. ഭീകരവാദത്തിന്റെ താവളങ്ങള്‍ അടയാളപ്പെടുത്തിയ ലോകത്തിന്റെയൊരു ഭൂപടവും കൂടി ഒരുക്കിവെച്ചിരിക്കുന്നു. ഇറാഖിനെ ആക്രമിക്കാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് വിശദീകരിക്കുന്ന ഒരു ദൃശ്യമുണ്ട്. അധിനിവേശത്തിന്റെ നിര്‍ണായക കാരണങ്ങളിലൊന്നായി പ്രചരിപ്പിച്ച കൂട്ടക്കുരുതിക്കുള്ള വിനാശകാരികളായ ആയുധങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് റൈസ് പറയുമ്പോള്‍ അധിനിവേശം ലോകത്തിനും അമേരിക്കയ്ക്കും വിനാശകാരിയായി തുടരുകയാണ്. ‘സംഭവിക്കാന്‍ ആഗ്രഹിക്കാത്ത സംഭവങ്ങള്‍ക്കൊണ്ട് നിറഞ്ഞതായിരുന്നു എന്റെ ഭരണകാലമെന്ന്’ ബുഷ് ഈയിടെ പറഞ്ഞു. സംഭവിച്ചതെല്ലാം നല്ലതിനായിരുന്നില്ല എന്നു ലോകത്തിനുമറിയാം!

‘തീരുമാങ്ങള്‍’എന്ന വിഭാഗതില്‍ ബുഷ് കൈക്കൊണ്ട 4 സുപ്രധാന തീരുമാനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2003-ലെ ഇറാഖ് അധിനിവേശം, ഇറാഖിലേക്ക് 20,000 സൈനികരെ അധികമായി അയച്ചത്, 2005-ലെ കത്രീന ചുഴലിക്കാറ്റ് ദുരന്തത്തോടുള്ള പ്രതികരണം, 2008-ലെ സാമ്പത്തിക തകര്‍ച്ചക്കുശേഷം ബാങ്കുകള്‍ക്ക് നല്കിയ രക്ഷാപദ്ധതി എന്നിവയാണവ. തന്റെ നടപടികള്‍ക്ക് ബുഷ് വിശദീകരണവുമായെത്തുന്നതും പ്രദര്‍ശനശാലയില്‍ കാണാം.യേല്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറിലെ ഡീന്‍ റോബര്‍ട് എ.എം സ്റ്റേണ്‍ ആണ് മ്യൂസിയം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിന്റെ രൂപകല്‍പ്പനയില്‍ ജോര്‍ജ് ബുഷും, ഭാര്യ ലോറ ബുഷും സജീവമായി ഇടപെട്ടിരുന്നു. 70 ദശലക്ഷം കടലാസ് രേഖകളും, 200 ദശലക്ഷം ഇ-മെയിലുകളും 4 ദശലക്ഷം ഡിജിറ്റല്‍ ചിത്രങ്ങളും ഈ ബുഷ് കേന്ദ്രത്തിലുണ്ട്. ബുഷ് ഭരണകാലത്തെ മിക്ക രേഖകളും പൊതുജനങ്ങള്‍ക്ക് ലഭിക്കാന്‍ ഇനിയും ഒരു ദശാബ്ദത്തിലേറെ കഴിയും. ഭരണരേഖകളെ സംബന്ധിച്ച നിയമങ്ങളും, ഇത്രയും അധികം രേഖകള്‍ ക്രോഡീകരിക്കാനെടുക്കുന്ന സമയവുമാണ് ഇതിന് കാരണം.ബുഷിന്റെ ജീവിതവും, ഭരണവും വിശദമായി ആവിഷ്ക്കരിക്കുന്ന മ്യൂസിയം ചരിത്രത്തെ മാത്രമല്ല, ഇനിയും വിധി പറഞ്ഞിട്ടില്ലാത്ത ഒരുപാട് സംഘര്‍ഷങ്ങളുടെക്കൂടി കാഴ്ചയാണ്. നമ്മുടെ കാലത്തെ കലാപനാളുകളുടെ ഒരു പകുതി കണ്ണാടി.(വാഷിംഗ്ടണ്‍ പോസ്റ്റ്)

Next Story

Related Stories