TopTop
Begin typing your search above and press return to search.

ജീത്തു ജോസഫിനും എബ്രിഡ് ഷൈനും ഒരു തുറന്ന കത്ത്

ജീത്തു ജോസഫിനും എബ്രിഡ് ഷൈനും ഒരു തുറന്ന കത്ത്

സഫിയ

പ്രിയപ്പെട്ട ജീത്തു ജോസഫ്, എബ്രിഡ് ഷൈന്‍,

മലയാള സിനിമയുടെ വാഗ്ദാനങ്ങളായി സമീപകാലത്ത് ഉയര്‍ന്നു വന്ന നിങ്ങള്‍ക്ക് ആദ്യം തന്നെ എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍. അത്രയും ഉന്നതമായ നിലയില്‍ നിങ്ങള്‍ എത്തിപ്പെട്ടത് കുറുക്ക് വഴികളിലൂടെയല്ല എന്ന കൃത്യമായ ബോധ്യം ഇങ്ങനെയൊരു തുറന്ന കത്ത് എഴുതുമ്പോഴും എനിക്കുണ്ട്. അതുകൊണ്ട് തന്നെ ഞാനീ എഴുതാന്‍ പോകുന്ന കാര്യങ്ങള്‍ കഴിവുറ്റ ചലചിത്ര സംവിധായകര്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രതിഭയെ ഒരിയ്ക്കലും ഇകഴ്ത്തി കാണിക്കാന്‍ വേണ്ടിയല്ല. മറിച്ച് സിനിമയെന്ന മാധ്യമത്തില്‍ മോശമല്ലാത്ത കയ്യടക്കം ഉള്ള നിങ്ങള്‍ എങ്ങിനെയാണ് സ്ത്രീകളെ അവതരിപ്പിക്കുമ്പോള്‍ വീണ്ടും വീണ്ടും സ്റ്റീരിയോ ടൈപ് കഥാപാത്രങ്ങളിലേക്കും കഥാ സന്ദര്‍ഭങ്ങളിലേക്കും വീണു പോകുന്നത് എന്നു ഓര്‍മ്മപ്പെടുത്തുകയാണ് എന്‍റെ ലക്ഷ്യം.
കഴിഞ്ഞ ഫെബ്രുവരി മാസം 18-ആം തിയ്യതിയാണ് ഞാന്‍ ദൃശ്യം കാണാന്‍ പോയത്. അപ്പോഴേക്കും കേരളത്തിലാകെ സംസാര വിഷയമായി കഴിഞ്ഞിരുന്നു താങ്കളുടെ സിനിമ. ദൃശ്യം കണ്ടിറങ്ങിയ അന്ന് തന്നെയാണ് സൂസന്‍ വോയ്സിക്കി ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് സൈറ്റായ യു ട്യൂബിന്‍റെ മേധാവിയായെന്നു വാര്‍ത്ത ഞാന്‍ വായിച്ചതും. ആ വാര്‍ത്ത വായിച്ചത് മുതല്‍ എന്തോ ഒരു അസ്വസ്ഥത എന്‍റെയുള്ളില്‍ പുഴു നടത്തം പോലെ പിടികൂടിയത് ഞാന്‍ അനുഭവിക്കാന്‍ തുടങ്ങി. അതിനു കാരണം മറ്റാരുമല്ല താങ്കള്‍ ജീവന്‍ നല്കിയ ദൃശ്യത്തിലെ റാണി എന്ന വീട്ടമ്മയാണ് എന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് മനസിലായത്. നാലാം ക്ലാസുകാരനായ ഭര്‍ത്താവിന്‍റെ പത്താം ക്ലാസ് തോറ്റ ഭാര്യ. മക്കളെ വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിപ്പിക്കണം എന്നാഗ്രഹിക്കുന്ന പഴഞ്ചന്‍ ജീപ്പ് കളഞ്ഞ് പുതിയ കാറ് വാങ്ങാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്ന ഷോപ്പിംഗ് വേളയില്‍ ഹൈ ഹീല്‍ ചെരുപ്പിട്ടു തറയില്‍ അടിതെറ്റി വീണ് പ്രേക്ഷകരെ ചിരിപ്പിക്കുന്ന പെണ്‍മക്കള്‍ക്ക് അധികം സ്വാതന്ത്ര്യം കൊടുക്കരുത് എന്ന് വാദിക്കുന്ന പൊങ്ങച്ചകാരിയും ബുദ്ധി ശൂന്യയുമായ വീട്ടമ്മ. ഈ സിനിമയില്‍ താങ്കള്‍ കാണിച്ച വമ്പന്‍ മണ്ടത്തരവും ഈ കഥാപാത്രത്തിന്‍റെ വായിലൂടെയാണ് പുറത്തേക്ക് വന്നത്. പോലീസ് ആദ്യമായി വീട്ടില്‍ വന്നു ചോദ്യം ചെയ്യുമ്പോള്‍ അവര്‍ പറയാതെ തന്നെ തൊടുപുഴയില്‍ പോയ തീയതി മുന്‍കൂട്ടി പോലീസിനോട് പറയുന്നുണ്ട് റാണി. തങ്ങള്‍ പറയാതെ തന്നെ ഈ കാര്യം റാണി പറഞ്ഞത് സംഭവവുമായി ഇവര്‍ക്ക് ബന്ധമുണ്ട് എന്നതിന് തെളിവാണെന്ന് വില്ലന്‍ പോലീസ്കാരന്‍ പറയുന്നു. അപ്പോള്‍ രക്ഷയാകുന്നത് കുശാഗ്രബുദ്ധിയായ നായകന്‍റെ സമയോചിതമായ ഇടപെടലാണ്. സ്കൂളില്‍ വന്നു മകളെ പോലീസ് ചോദ്യം ചെയ്ത കാര്യം പ്രിന്‍സിപ്പല്‍ വിളിച്ച് പറഞ്ഞിരുന്നു എന്നു ജോര്‍ജ്കുട്ടി പറയുന്നു. മണ്ടന്‍മാരായ പോലീസ്കാര്‍ ഇക്കാര്യം എന്തുകൊണ്ട് പ്രിന്‍സിപ്പലിനോട് ക്രോസ് ചെയ്തില്ല എന്ന യുക്തിപരമായ സംശയത്തിനൊന്നും ഭയങ്കര ‘ബുദ്ധിപരമായി’ എഴുതപ്പെട്ട ഈ സിനിമയില്‍ പ്രസക്തിയില്ല. ബുദ്ധിമാനായ നായകന്‍റെ മിഴിവ് കൂട്ടാന്‍ ഇത്രയും മണ്ടിയും ദുര്‍ബലയുമായ ഒരു നായിക തന്നെ വേണമായിരുന്നോ എന്ന തികച്ചും ന്യായമായ ചോദ്യം മാത്രമേ ഞാനിവിടെ ഉയര്‍ത്തുന്നുള്ളൂ.
മലയാള സിനിമയിലെ സാമ്പത്തിക പണ്ഡിതന്‍മാര്‍ പറയുന്നത് ദൃശ്യം ഒരു സര്‍വകാല റെകോര്‍ഡാണ് എന്നാണ്. അതായത് അനൌദ്യോഗിക കണക്ക് പ്രകാരം 60 കോടിയോളം സിനിമ കളക്ട് ചെയ്തിരിക്കുന്നു. അതില്‍ 45 കോടിയും തിയറ്ററുകളില്‍ നിന്നാണെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ ഏകദേശം 45 ലക്ഷം പേര്‍ തിയറ്ററില്‍ പോയി ഈ പടം കണ്ടിരിക്കുന്നു എന്നു വേണം കരുതാന്‍. എന്തായാലും ഡി‌വി‌ഡി ആയും ടിവിയിലും വരുന്നതോടെ പ്രേക്ഷകരുടെ എണ്ണം കൂടും. മലയാള സിനിമയില്‍ അടുത്തിടെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും സ്ത്രീവിരുദ്ധമായ ഈ സിനിമ നമ്മുടെ ജനസംഖ്യയുടെ പ്രമുഖ പങ്കും കാണുമെന്നത് എന്നെ അലോസരപ്പെടുത്തുന്നുണ്ട്.

ഇനി മറ്റൊരു സമീപകാല അത്ഭുതമായ 1983ലേക്ക് വരാം. മാന്യന്‍മാരായ ആണുങ്ങളുടെ കളിയെക്കുറിച്ചുള്ള ഈ സിനിമ അതിന്‍റെ പ്രമേയ പരമായ പ്രത്യേകത കൊണ്ട് തന്നെ സ്ത്രീകള്‍ക് വലിയ പ്രധാന്യം ഉണ്ടാവില്ലെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ അതിത്രത്തോളം അവഹേളനപരമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ല സ ഗു അറിയാത്ത വീട്ടമ്മ ഉരുളന്‍കിഴങ്ങ് വെന്തൊ എന്നു നോക്കാന്‍ വേണ്ടി അടുക്കളയിലേക്ക് രക്ഷപ്പെടുന്നതും നാഴികയ്ക്കു നാല്‍പ്പതുവട്ടം ഉത്തരവാദിത്തമില്ലാതെ തെണ്ടി നടക്കുന്ന മകനെക്കുറിച്ച് പരാതി പറയുന്ന അമ്മയും ക്രിക്കറ്റ് കളിച്ചു നടക്കുന്ന കാമുകനെ ഉപേക്ഷിക്കുന്ന കാമുകിയും ഒറ്റ ദൃശ്യത്തില്‍ മിന്നി മറഞ്ഞു പോകുന്ന ബ്യൂട്ടീഷ്യന്‍ പോലും സ്ത്രീകളോട് ഒട്ടു ബഹുമാനമില്ലാത്ത ഒരാളാണ് അബ്രിഡ് ഷൈന്‍ താങ്കളെന്ന തോന്നലാണ് എന്നില്‍ ഉണ്ടാക്കിയത്. പോന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തു കാര്യം എന്ന് ചോദിച്ചതു പോലെ ക്രിക്കറ്റ് കളിയില്‍ പെണ്ണുങ്ങള്‍ക്കെന്തു കാര്യം അല്ലേ..? സിനിമ കണ്ടിറങ്ങുമ്പോള്‍ എന്‍റെ ഒന്‍പത് വയസുകാരിയായ മകള്‍ ചോദിച്ചത് പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കുമോ എന്നായിരുന്നു.
എന്തായാലും ഇതിനിടയില്‍ ഇറങ്ങിയ ഓം ശാന്തി ഓശാനയിലെ കാതല്‍ പിശാചായ, ആണിനെ വളയ്ക്കാന്‍ നടക്കുന്ന നായികയും നല്ല നല്ല വൈനുകള്‍ ഉണ്ടാക്കുന്ന ആന്‍റിയും അടുക്കളയില്‍ പുതിപുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്ന മകള്‍ അന്യമതക്കാരന്റെ കൂടെ പോയി എന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവിനെ സമാധാനിപ്പിക്കുന്ന കോളേജ് അധ്യാപികയും നോവലെഴുതുന്ന വീട്ടമ്മയായ നായകന്‍റെ അമ്മയും ചെറുതല്ലാത്ത ആശ്വാസമാണ് എനിക്കു നല്കിയത്. സൂക്ഷ്മമായി വായിച്ച് അതും സ്ത്രീ വിരുദ്ധമാണ് എന്നൊക്കെ വേണമെങ്കില്‍ ബുദ്ധിജീവി ജാട കാണിക്കാം. പക്ഷേ സ്ഥിരം രൂപഭാവഹാവാദികളില്‍ നിന്ന് സ്ത്രീ കഥാപാത്രങ്ങളെ മുക്തമാക്കാന്‍ നമ്മുടെ ചില ന്യൂ ജനറേഷന്‍ സംവിധായകര്‍ ചെയ്യുന്നത് പോലെ പെണ്‍കുട്ടികളെ കൊണ്ട് തെറി പറയിക്കാനൊന്നും ഓം ശാന്തി ഓശാനക്കാരന്‍ ശ്രമിക്കുന്നില്ല എന്നത് ആശ്വാസകരമാണ്. (ഇതിനര്‍ഥം പെണ്‍കുട്ടികള്‍ തെറി പറയുന്നതിനോട് എനിക്ക് എതിര്‍പ്പ് ഉണ്ടെന്നല്ല)
ഇന്നലെ വനിതാ ദിനമായിരുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ 6 മണിക്ക് ശേഷം പുറത്തിറങ്ങരുത് എന്ന് പറഞ്ഞ ഷീല ദീക്ഷിതാണ് നമ്മുടെ പുതിയ ഗവര്‍ണ്ണര്‍. തന്നെ സമീപിച്ച 60 ശതമാനം പുരുഷന്മാരും ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പറഞ്ഞ സരിത നായരാണ് വാര്‍ത്തയിലെ താരം. താന്‍ പലവട്ടം ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് അമൃതാനന്ദമയി ശിഷ്യയുടെ വെളിപ്പെടുത്തലിനെ നിയമത്തിന്‍റെ കണ്ണിലൂടെ നോക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ഇങ്ങനെ സമൂഹം മുഴുവന്‍ സ്ത്രീ വിരുദ്ധതയുടെ ആശയങ്ങളില്‍ അഭിരമിക്കുമ്പോള്‍ സമൂഹ ജീവികളെന്ന നിലയില്‍ നിങ്ങളും ആ കെണിയില്‍ വീണു പോകും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് ജീത്തു ജോസഫ്, അബ്രിഡ് ഷൈന്‍ എനിക്കു നിങ്ങളോട് ദേഷ്യമൊന്നുമില്ല. നിങ്ങള്‍ ഇനിയും സിനിമയെടുക്കണം. ഇനിയും അബലകളും പൊങ്ങച്ചക്കാരികളുമായി സ്ത്രീകളെ അവതരിപ്പിക്കണം. അത് കണ്ടിട്ടെങ്കിലും ഞങ്ങളെപ്പോലുള്ള തിരുമണ്ടികളായ പെണ്ണുങ്ങളുടെ ആത്മബോധം ഉണരുമല്ലോ?Next Story

Related Stories