UPDATES

ഇന്ത്യ

ബോയിംഗ് 777: തകര്‍ക്കപ്പെട്ട വിശ്വാസം

ടീം അഴിമുഖം

ശനിയാഴ്ച രാവിലെ ദക്ഷിണ ചൈന സമുദ്രത്തില്‍ അപ്രത്യക്ഷമായ മലേഷ്യ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 777 വിമാനം ലോകത്തിലെ ഏറ്റവും ജനപ്രിയമായതും സുരക്ഷിതവുമായ ജെറ്റുകളില്‍ ഒന്നാണ്. 16 മണിക്കൂര്‍ നേരത്തെ പറക്കലുകൊണ്ടു ഭൂഗോളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റെ അറ്റത്തുള്ള നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഈ ദീര്‍ഘദൂര ജംബോ ജെറ്റുകള്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇതിലും ആകര്‍ഷകമായിട്ടുള്ളത് ഇതിന്‍റെ സുരക്ഷിതത്വം സംബന്ധിച്ച ഇതുവരെയുള്ള റെകോര്‍ഡാണ്. 777ന്‍റെ 19 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ആദ്യത്തെ അപകടം നടന്നത് കഴിഞ്ഞ ജൂലൈയിലാണ്. ഏഷ്യാന എയലൈന്‍സിന്‍റെ ഒരു ജെറ്റ് സാന്‍ഫ്രാന്‍സിസ്കോയില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ റണ്‍വെയില്‍ വെച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 307 പേരില്‍ 3 പേര്‍ മരിക്കുകയുണ്ടായി. (ഇന്നലെ അപകടത്തില്‍പ്പെട്ട മലേഷ്യ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ 227 യാത്രക്കാരും 12 ജോലിക്കാരുമാണ് ഉണ്ടായിരുന്നത്.) 

വളരെ ദീര്‍ഘമായ ദൂരം പറക്കാന്‍ സാധിക്കുമെന്നുള്ളതാണ് എയര്‍ലൈന്‍സുകള്‍ ഈ വിമാനം ഇഷ്ടപ്പെടാന്‍ കാരണം. അതിന് സഹായിക്കുന്ന രണ്ട് ഭീമന്‍ എഞ്ചിനുകളാണ് ഇതിനുള്ളത്. ഏറ്റവും കുറഞ്ഞത് അഞ്ച് കോച്ച് സീറ്റിന്‍റെ അത്രയും സ്ഥലം ആവശ്യമുള്ളത്ര വലിപ്പം ഓരോ എഞ്ചിനും ഉണ്ടായിരുന്നു. നേരത്തെ ഇതിന് പകരമായി ഉപയോഗിച്ചിരുന്ന 4 എഞ്ചിന്‍ ജെറ്റുകളായ ബോയിംഗ് 747ല്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ ഇന്ധനം മാത്രമേ ബോയിംഗ് 777നു ആവശ്യമുള്ളൂ. 

നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏത് ജെറ്റ് വിമാനങ്ങളേക്കാളും ഉയര്‍ന്നതാണ് 777ന്‍റെ സുരക്ഷിതത്വം സംബന്ധിച്ച റെക്കോര്‍ഡ്.  കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാന വിമാന അപകടത്തിന് മുന്‍പ് ആകെ നടന്ന ഒരപകടം ജനുവരി 2008ല്‍ ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ടില്‍ ഉണ്ടായതാണ്. റണ്‍വെയ്ക്ക് 1000 അടി (305 മീറ്റര്‍) കുറവ് ദൂരം ലാന്‍ഡ് ചെയ്തതാണ് ഈ അപകടത്തിന് കാരണം.
 

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും മലേഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ കോലാലമ്പൂരിലേക്ക് വരുകയായിരുന്ന ബോയിംഗ് 777നു 2005 ആഗസ്റ്റിലും ഒരപകടം ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 38,000 അടി (11,580 മീറ്റര്‍) ഉയരത്തില്‍ പറക്കുമ്പോള്‍ സോഫ്റ്റ്വെയര്‍ തകരാര് കാരണം വേഗം തെറ്റായി മനസിലാക്കിയ ഓട്ടോപൈലറ്റ് സംവിധാനം വീണ്ടും 3000 അടി (915മീറ്റര്‍) ഉയരത്തിലേക്ക് പറക്കാന്‍ വിമാനത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ തെറ്റ് മനസിലാക്കിയ പൈലറ്റ് ഓട്ടോപൈലറ്റില്‍ നിന്ന് മാറ്റി വളരെ സുരക്ഷിതമായി വിമാനം പെര്‍ത്തില്‍ തന്നെ തിരിച്ചിറക്കിയാണ് വന്‍ അപകടം ഒഴിവാക്കിയത്. ഇതിനെ തുടര്‍ന്നു ഉടന്‍ തന്നെ ലോകത്തെല്ലായിടത്തുമുള്ള ഇത്തരം പ്ലെയിനുകളില്‍ സൊഫ്റ്റ് വെയര്‍ നവീകരണം നടത്തുകയുണ്ടായി. 

മലേഷ്യ എയര്‍ലൈന്‍സിന് അതിനുള്ള 100 വിമാനങ്ങളില്‍ 15 എണ്ണമാണ് ബോയിംഗ് 777-200ER ജെറ്റ് വിഭാഗത്തില്‍ ഉള്ളത്. 1997 ഏപ്രില്‍ 23നാണ് ആദ്യത്തെ 777 പറന്നത്.  ഏറ്റവും പുതിയത് 2004 ഡിസംബര്‍ 13നും. 200ER എന്നത് ബോയിംഗ് 777നിലെ 4 വകഭേദങ്ങളില്‍ ഒന്നാണ്. 
 

7250 മൈലുകള്‍ നിര്‍ത്താതെ പറക്കാനുള്ള ശേഷി 777നു ഉണ്ട്. ഇതിന്‍റെ രണ്ടു റോള്‍സ് റോയ്സ് ട്രെന്‍റ് 875 എഞ്ചിനുകള്‍ക്ക് 74,600 പൌണ്ട് (33.8 ടണ്‍) ഭാരമാണുള്ളത്. മാക് 0.84 അഥവാ 640 mph (1000kph) വേഗതയില്‍ പറക്കാന്‍ ഈ ജെറ്റിനെ സഹായിക്കുന്നത് ഇതാണ്. 

എയര്‍ലൈനുകള്‍ സാധാരണയായി വിലക്കുറവുകള്‍ ചോദിച്ചു വാങ്ങാറുണ്ടെങ്കിലും ഇതിന്‍റെ ഏറ്റവും പുതിയ മോഡലിന്‍റെ വില 261.5 മില്ല്യണ്‍ ഡോളറാണ്. അടിയന്തിര ഘട്ടത്തില്‍ ഇറങ്ങേണ്ട വിമാന താവളങ്ങളില്‍ നിന്നും 180 മിനുട് അകലെ സമുദ്രാകാശത്തിലൂടെ പറക്കാന്‍ അനുമതി കിട്ടിയ ജെറ്റുകളില്‍ ഒന്നാണ് 777. അടിയന്തിര ഘട്ടത്തില്‍ ഒറ്റ എഞ്ചിന്‍ ഉപയോഗിച്ച് മൂന്നു മണിക്കൂര്‍ വരെ ഈ ജെറ്റുകള്‍ക്ക് പറക്കാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്‍റിന്റെ സുരക്ഷാ പരിശോധകര്‍ കണക്കാക്കിയിരിക്കുന്നത്. ന്യൂ യോര്‍കില്‍ നിന്ന് ഹോങ്കോംഗിലേക്ക് നോണ്‍ സ്റ്റോപ്പായി വിമാന റൂട്ട് ബോയിംഗ് 777നു ലഭിച്ചത് ഈ ഗവണ്‍മെന്‍റ് അനുമതിയാലാണ്.

ശനിയാഴ്ച അപകടത്തില്‍പ്പെട്ട കോലാലംപൂരില്‍ നിന്ന് ബീജിംഗിലേക്കുള്ള മലേഷ്യ എയര്‍ലൈന്‍സിന്‍റെ ജെറ്റിന്റെ യാത്ര സമയം അഞ്ചര മണിക്കൂറാണ്. ഇത് ലോകമാകെയുള്ള ബോയിംഗ് 777 ല്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് യാത്ര പൂര്‍ത്തിയാക്കുന്ന വിമാനറൂട്ടാണ്. ബിസിനസ് ക്ലാസും കോച്ച് ക്യാബിനുമടക്കം 282 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ മലേഷ്യ എയര്‍ലൈന്‍സിന്‍റെ ഈ 777നു സാധിയ്ക്കും. 
 

 
ദീര്‍ഘ ദൂരങ്ങള്‍ യാത്ര ചെയ്യാനും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനും ഉള്ള  ശേഷിക്കുമപ്പുറം വലിയ തോതില്‍ കാര്‍ഗോ കൊണ്ട് പോകാനുള്ള സൌകര്യവും ഇതിലുണ്ട്. യാത്രക്കാരോ കാര്‍ഗോയോ ഇല്ലാതെ ഇതിന്‍റെ ഭാരം 316,800 പൌണ്ട് (140 ടണ്‍) ആണ്. യാത്രക്കാര്‍, ലഗേജ്, കാര്‍ഗോ, ഇന്ധനം എന്നിവയടക്കം കൂടുതലായി 340,000 പൌണ്ട് (155 ടണ്‍) ഭാരം ഉള്‍ക്കൊള്ളാന്‍ സാധിയ്ക്കും. ആകെയുള്ള സ്ഥലത്തിന്റെ മൂന്നിലൊരു ഭാഗത്തില്‍ കുറയാതെ സ്ഥലം ലഗേജിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. 

1995 ജൂണില്‍ യുണൈറ്റെഡ് എയര്‍ലൈന്‍സ് വഴി ആദ്യത്തെ 777 പറക്കാന്‍ തുടങ്ങിയതിന് ശേഷം 1030 എണ്ണം പുറത്തിറങ്ങിയിട്ടുണ്ട്. മറ്റൊരു 370 എന്നതിന് വേണ്ട ഓര്‍ഡര്‍ ഇപ്പോള്‍ തന്നെ ആയിക്കഴിഞ്ഞു. നിലവിലുള്ള നാല് വലിയ ജെറ്റ് മാതൃകകള്‍ കൂടാതെ കഴിഞ്ഞ വര്‍ഷം പുതിയ ഒരെണ്ണം കൂടി പുറത്തിറക്കാന്‍ ബോയിംഗ് തീരുമാനിച്ചിരിക്കുകയാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍