TopTop
Begin typing your search above and press return to search.

ഈ കാരാട്ട് സഖാവ് ചിരിപ്പിച്ച് കൊല്ലും!

ഈ കാരാട്ട് സഖാവ് ചിരിപ്പിച്ച് കൊല്ലും!

ഈ കാരാട്ടും കൂട്ടരും ഇങ്ങനെയാണ്; ചിലപ്പോള്‍ നമ്മെ ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും. കാരാട്ട് സഖാവിന്റെ ചില കണ്ടെത്തലുകള്‍ കേട്ടാല്‍ ഫ്രണ്ട്‌സ് സിനിമയില്‍ ശ്രീനിവാസന്റെ അവസ്ഥയിലായി പോകും. ചിരി നിര്‍ത്താനേ പറ്റില്ല. ഇക്കുറി കാരാട്ടിന്റെ താമാശ ആര്‍തര്‍ കോനല്‍ ഡോയലും അഗതാ ക്രിസ്റ്റിയും മുതല്‍ ഇങ്ങു കോട്ടയം പുഷ്പനാഥു വരെ ഭൂമുഖത്തെ സര്‍വ്വ അപസര്‍പ്പക കഥാകൃത്തുക്കള്‍ക്കും ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. കമ്മ്യൂണിസ്റ്റു സാഹിത്യത്തോടു മാത്രമല്ല അപസര്‍പ്പക നോവലുകളോടുമുളള തന്റെ ഇഷ്ടക്കൂടുതല്‍ ഇഷ്ടന്‍ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും അപസര്‍പക നോവലുകള്‍ വായിച്ചിട്ടും കേട്ടാല്‍ ഒരാളെങ്കിലും വിശ്വസിക്കുന്ന തരത്തില്‍ ഒരു കഥ മെനയാന്‍ ഈ കാരാട്ടിനായില്ലല്ലോ. വി.എസ് സഖാവ് ആഴ്ചയില്‍ ഒന്നു വീതം അയക്കുന്ന കത്തുകളെ ഉദ്ദേശിച്ചാണോ അപസര്‍പ്പക കഥകളുടെ സ്ഥിരം വായനക്കാരനാണ് താനെന്ന് പറഞ്ഞതെന്നാണ് ഇപ്പോഴത്തെ സംശയം. സി.ഐ.ഡി മൂസയിലെ ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് കാരാട്ടണ്ണന്റെ കുറ്റാന്വേഷണ തമാശ കേള്‍ക്കുമ്പോഴാണ് ബോധ്യമായത്.

ഗാന്ധിയെ ഗോഡ്‌സേ കൊന്നതടക്കം ഈ ലോകത്തെ സര്‍വ്വ കൊലപാതകങ്ങളും നടക്കുന്നത് കരാറു പണി മുടക്കുമ്പോള്‍ ഉണ്ടാകുന്ന വ്യക്തി വിരോധത്തില്‍ നിന്നാണ്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവും അത്തരത്തിലേ നടക്കൂ. ചിലരുടെ ചില കരാറു പണികള്‍ ടി.പി ചന്ദ്രശേഖരന്‍ മുടക്കിയിരുന്നു എന്നത് ശരിയാണ്. കരാറു പണി മുടക്കിയതിന്റെ പേരിലുളള വ്യക്തിവിരോധം കൊണ്ട് കുന്നുമ്മുക്കര ലോക്കല്‍ കമ്മറ്റി അംഗം കെ.സി. രാമചന്ദ്രനാണ് ടി.പി ചന്ദ്രശേഖരനെ കൊട്ടേഷന് ആളെ വിട്ട് കൊല്ലിച്ചതെന്ന് പി.ബി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ആയതിനാല്‍ ടിയാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നുവെന്നും കാരാട്ട് അറിയച്ചതോടെ സംസ്ഥാന കമ്മറ്റി അംഗങ്ങളാകെ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു എന്നാണ് കേള്‍വി. ഇത് പത്രക്കുറിപ്പായി ഇറങ്ങുകയും ചാനലുകളായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും വഴി കേട്ടും വായിച്ചും അറിഞ്ഞ കേരള ജനത ഹര്‍ഷപുളകിതരായി.

ഹോ! എന്നാലും നമ്മള്‍ ആരെയെല്ലാം സംശയിച്ചു. എല്ലാ സംശയങ്ങള്‍ക്കും പാര്‍ട്ടി തന്നെ ഉത്തരം കണ്ടെത്തി തന്നല്ലോ. ആശ്വാസമായി. സുകുമാരക്കുറുപ്പിനെ കണ്ടെത്തുന്നതു മുതല്‍ സിസ്റ്റര്‍ അഭയ കേസിന്റെ അന്വേഷണം വരെ ഇനി കാരാട്ട് സഖാവ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങള്‍ ഉയരുന്ന കാലം വിദൂരമല്ല. അങ്ങ് സ്കോട്ട്ലാന്‍ഡ് യാര്‍ഡ് വരെ സഖാവിന്റെ ഉപദേശം തേടിയെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്നാലുമെന്റെ കെ.സി രാമചന്ദ്രാ...

ഓന്‍ പുലിയല്ല, സാക്ഷാല്‍ സിംഗമാണ്. ഓന്റെ ഒരു കഴിവു സമ്മതിക്കണം. ഓരാളെ കൊല്ലാനായി കമ്മ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ, ഏരിയാ, ലോക്കല്‍ കമ്മറ്റിയിലെ കൊടികെട്ടിയ പുലികളെയൊക്കെ പറ്റിച്ച് കൊട്ടേഷന്‍ സംഘത്തെ കൊണ്ടു വന്ന് ഈസിയായി കാര്യം നടത്തിയെടുത്തില്ലേ? അതും പോരാഞ്ഞ് ഈ കൊലയാളി സംഘത്തിന് മുടക്കോഴി മലയില്‍ ഒളിത്താവളവും ഒരുക്കി കൊടുത്തില്ലേ? സാമാന്യം നല്ല തോതില്‍ ക്രിമിനല്‍ കേസുകള്‍ 'നടത്തി' പരിചയമുളള സാക്ഷാല്‍ ജില്ലാ സെക്രട്ടറി ജയരാജന്‍ സഖാവു മുതല്‍ കീഴ്‌കോടതിയിലെ നടത്തിപ്പുകാരന്‍ പി.കെ. കുഞ്ഞനന്തന്‍ വരെയുളള സര്‍വ്വ നേതാക്കളെയും പറ്റിച്ച് തന്റെ ഗൂഡോദ്ദേശം നടപ്പാക്കിയില്ലേ. പച്ചവെളളം ചവച്ചരച്ചു മാത്രം കുടിക്കുന്ന ഈ നേതാക്കള്‍ക്കാര്‍ക്കും കൊലപാതകത്തിനാണ് തങ്ങള്‍ കൂട്ടു നിന്നതെന്ന സത്യം മനസിലായിക്കാണാന്‍ ഒരു വഴിയുമില്ല.

പാര്‍ട്ടിയില്‍ നിന്നു പുറത്താവുന്നെങ്കില്‍ ഇങ്ങനെ പുറത്താവണം.

പാര്‍ട്ടിയില്‍ നിന്നു പുറത്താവുന്നെങ്കില്‍ കെ.സി രാമചന്ദ്രന്‍ പുറത്തായ പോലെ പുറത്താകണം. ഓ! ഈ പുറത്താക്കല്‍ കണ്ട് ഏത് പാര്‍ട്ടി അംഗവും ആശിച്ചു പോകും ഇതു പോലൊന്ന്; എന്നെങ്കിലുമൊരിക്കല്‍. കുന്നുമ്മക്കര എല്‍.സി, പി.ബിക്കും മേലെയാണ്. പി.ബി അംഗമാവുന്നതിലൊന്നും ഒരു കാര്യമില്ല, ആവുന്നെങ്കില്‍ കുന്നുമ്മക്കര എല്‍.സി അംഗമാകണം. സാക്ഷാല്‍ പി.ബി അംഗങ്ങള്‍ എഴുന്നേറ്റുനിന്നു തൊഴും. ജയിലില്‍ വന്നു കണ്ട് അനുവാദം ചോദിക്കും. അതാണ് പവര്‍. ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ പുറത്താക്കല്‍ തീരുമാനം സംസ്ഥാന കമ്മറ്റിയില്‍ പ്രഖ്യാപിച്ചത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി. തീരുമാനം പ്രഖ്യാപിക്കും മുമ്പ് അനുവാദം വാങ്ങാനായി ജയിലില്‍ വന്നത് പി.ബി അംഗം. പുറത്താക്കാനുളള കത്തുമായി വന്നത് സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ നേരിട്ട്. എം.വി രാഘവന്‍ മുതല്‍ സാക്ഷാല്‍ നൃപന്‍ ചക്രവര്‍ത്തി വരെ ഇതുവരെ ഒരു നേതാവിനും ഇത്ര ആദരപൂര്‍ണവും വികാരോഷ്മളവുമായ ഒരു പുറത്താക്കല്‍ ചടങ്ങ് ലഭിച്ചിട്ടുണ്ടാവില്ല.

സാധാരണ നേതാക്കളെ പുറത്താക്കിയാല്‍ അതിനി ഏതു വലിയ കമ്മിറ്റിയിലെ അംഗമാണെങ്കിലും പിറ്റേന്നു മുതല്‍ ബ്രാഞ്ച് സെക്രട്ടറി വരെ നാലാളു കൂടുന്നിടത്തെല്ലാം നിന്ന് പുറത്താക്കിയ ആളെ തെറി പറയുക എന്നതാണ് ഇതുവരെയുളള ശീലം. പക്ഷെ ഇവിടെ രാമചന്ദ്രനെതിരെ ഒരു വാക്ക് ആരും പറയുന്നില്ലെന്ന് മാത്രമല്ല അങ്ങേര് സഹികെട്ടാണ് ഇതു ചെയ്തതെന്നും ടി.പി ചന്ദ്രശേഖരന്‍ അങ്ങേരെ അത്രത്തോളം ദ്രോഹിച്ചെന്നുമാണ് ഏരിയാ സെക്രട്ടറി ചാനലില്‍ പറഞ്ഞത്. ഗതികെട്ട് ചെയ്തു പോയതാണ് പാവം. ഏത് ലോക്കല്‍ കമ്മറ്റി അംഗത്തെയും പുറത്താകാന്‍ പ്രലോഭിപ്പിക്കുന്ന പുറത്താക്കല്‍ ചടങ്ങാണ് ഇവിടെ നടന്നത്. ഇതാണ് പാര്‍ട്ടിയുടെ മനുഷ്യാവകാശ നിലപാട്. കൊലയാളികളെ ജയിലില്‍ മര്‍ദ്ദിച്ചതിന് എതിരെ പാര്‍ട്ടി പരസ്യ നിലപാടു സ്വീകരിച്ചപ്പോള്‍ പലരും വിമര്‍ശിച്ചു. അവര്‍ക്ക് ഇപ്പോള്‍ തെറ്റു ബോധ്യപ്പെട്ടു കാണും. കൊലയാളികള്‍ക്ക് മനുഷ്യാവകാശം ഉണ്ടെന്ന് പാര്‍ട്ടി പറഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ആത്മാര്‍ത്ഥത നമ്മള്‍ സംശയിച്ചു. ഇപ്പോള്‍ അതു മാറി. കരാറു മുടക്കിയതിന്റെ പേരില്‍ മറ്റൊരു പാര്‍ട്ടി നേതാവിനെ കൊന്ന് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിയ സഖാവാണെങ്കിലും അദേഹത്തിന്റെ മനുഷ്യാവകാശം പൂര്‍ണമായും പാലിച്ച് മാതൃകാപരമായിട്ടാണ് പുറത്താക്കിയത്. പാര്‍ട്ടിയെ ജനമധ്യത്തില്‍ നാറ്റിച്ച് നാശകോശമാക്കിയ കൊടും കൊലപാതകിയോടു പോലും എത്ര മാന്യമായാണ് പാര്‍ട്ടി പെരുമാറിയത്. ആഗോള തലത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇത് മാതൃകയായി ഉയര്‍ത്തിക്കാട്ടേണ്ടതാണ്.

പിന്നില്‍ക്കുത്ത്

അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ ആരെന്ന രഹസ്യം പോലും ചോരാതെ ഇത്ര പ്രമാദമായ ഒരു കേസ് അന്വേഷിച്ച്, പോലീസ് കണ്ടെത്താത്ത സത്യം കണ്ടെത്തിയ പി.ബി അന്വേഷണ ടീമിന്റെ സേവനം വിട്ടു തരണമെന്ന ആവശ്യവുമായി റോയും സി.ഐ.എയും കെ.ജി.ബിയും ഡല്‍ഹിയിലെ എ.കെ.ജി ഭവനില്‍ എത്തിയെന്ന് കേള്‍ക്കുന്നു.


Next Story

Related Stories