UPDATES

കേരളം

അമൃതാനന്ദമയിയെ തുറന്നു കാട്ടാനാണ് ശ്രമിച്ചത് – വിജേഷ് വിജയാനന്ദന്‍

അമൃതാനന്ദമയി മഠം വന്‍കിട പദ്ധതികള്‍ക്കായി തങ്ങളുടെ നാട് മുഴുവന്‍ വാങ്ങി വയലുകള്‍ നികത്താന്‍ തുടങ്ങിയപ്പോഴാണ് കൊല്ലം ജില്ലയിലെ ക്ളാപ്പനയില്‍ നാട്ടുകാര്‍ പ്രതിരോധം തീര്‍ത്തത്. ഇതിനിടയില്‍ സമരരംഗത്ത് ഉണ്ടായിരുന്ന ഡി വൈ എഫ് ഐ നേതാവ് വിജേഷ് വിജയാനന്ദന്‍ മഠത്തിന്റെ നികുതി തിരിമറികള്‍ക്കെതിരെ പരാതി നല്കി. അങ്ങനെയാണ് മഠത്തില്‍ നിന്നുള്ള ദൂതന്മാര്‍ വിജേഷിനെ തേടി എത്തുന്നതും അമൃതാനന്ദമയി നേരിട്ട് വാഗ്ദാനങ്ങള്‍ നല്‍കുന്നതും. ആത്മീയ ഗുരുവിന്‍റെ ഭൌതിക ജീവിത ഇടപാടുകള്‍ തന്‍റെ മൊബൈല്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്ത വിജേഷ് മഠത്തിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമ ലംഘനങ്ങള്‍ക്ക് ഉറച്ച തെളിവുകള്‍ നല്‍കുകയായിരുന്നു. ആ സംഭവങ്ങളെക്കുറിച്ച് വിജേഷ്, മെഹബൂബിനോട് സംസാരിക്കുന്നു

 

മെഹബൂബ്: മഠത്തിനെതിരെ പ്രക്ഷോഭത്തിലേക്കിറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തെല്ലാമായിരുന്നു?

 

വിജേഷ്: വന്‍കിട പദ്ധതികള്‍ക്കായി ക്ളാപ്പന പഞ്ചായത്തിലെ മൂന്ന് ഗ്രാമങ്ങള്‍ അമൃതാനന്ദമയി മഠം വിലയ്ക്ക് വാങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. വിസ്തീര്‍ണ്ണം വച്ച് നോക്കിയാല്‍ പഞ്ചായത്തിന്‍റെ മൂന്നിലൊന്ന് ഭാഗവും മഠത്തിന് സ്വന്തമാവുകയായിരുന്നു. അവിടങ്ങളിലെ കൃഷിയിടങ്ങളും വയലുകളും നികത്താന്‍ തുടങ്ങിയതോടെ വന്‍ പാരിസ്ഥിക പ്രശ്നങ്ങള്‍ ഉടന്‍ തന്നെ നമ്മള്‍ നേരിടേണ്ടി വരുമെന്നു മനസിലായി. അങ്ങനെയാണ് സമര രംഗത്തേക്ക് ഇറങ്ങുന്നത്.

 


വിജേഷ് വിജയാനന്ദന്‍

 

മെഹബൂബ്: എന്തായിരുന്നു മഠത്തിന്റെ പദ്ധതികള്‍?

 

വിജേഷ്:  സംസ്കൃത സര്‍വകലാശാലയും നിയമ സര്‍വകലാശാലയും ഹെലിപ്പാഡും ഒക്കെ ഉള്‍പ്പെടെ വന്‍ പദ്ധതികളാണ് മഠം ആസൂത്രണം ചെയ്യുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

 

മെഹബൂബ്: വയല്‍ നികത്തുന്നതിനും മറ്റും എതിരായിട്ട് പഞ്ചായത്ത് അധികൃതര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോ?

 

വിജേഷ്: പഞ്ചായത്ത് മഠത്തിന്റെ തിരിമറികള്‍ക്ക് അനുകൂലമായിരുന്നു. ഇവിടത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മഠത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്. അവര്‍ക്കനുകൂലമായി നില്‍ക്കുന്നവരെ വിജയിപ്പിക്കാനുള്ള നീക്കങ്ങള്‍ മഠം നടത്താറുണ്ട്.

 


                                                                                   കടപ്പാട്: കൈരളി പീപ്പിള്‍

 

മെഹബൂബ്: എന്താണ് ഓംബുഡ്സ്മാന് വിജേഷ് നല്കിയ പരാതി?

 

വിജേഷ്: മഠം വാങ്ങിയ ഭൂമിയിന്മേല്‍ വന്‍ നികുതി വെട്ടിപ്പാണ് നടക്കുന്നത്. ഇതിനെതിരെയായിരുന്നു ഡി വൈ എഫ് ഐ സമരം ആരംഭിച്ചത്. ഓംബുഡ്സ്മാന് നല്കിയ പരാതിയുടെ ഉള്ളടക്കവും ഈ വെട്ടിപ്പുകളും തിരിമറികളും ആയിരുന്നു.

 

മെഹബൂബ്: ഓംബുഡ്സ്മാന് നല്കിയ പരാതിയുടെ നിലവിലുള്ള അവസ്ഥ എന്താണ്? സമരവുമായി ബന്ധപ്പെട്ട് ഭാവി പരിപാടികള്‍ എന്താണ്?

 

വിജേഷ്: പരാതിയിന്മേല്‍ വരുന്ന മാര്‍ച്ച് ഏഴിന് ഓംബുഡ്സ്മാന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഞങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ള്‍ പൂര്‍ണ്ണമായും ഓംബുഡ്സ്മാന് നല്കും. സമരവുമായി മുന്‍പോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും ഒരുമിപ്പിച്ച് കൂട്ടായ പ്രതിരോധ തീര്‍ക്കാന്‍ ശ്രമിക്കും.

 

മെഹബൂബ്: മഠത്തിലേക്ക് വിളിപ്പിച്ച അമൃതാനന്ദമയി വിജേഷിനോട് എന്താണ് ആവശ്യപ്പെട്ടത്?

 

വിജേഷ്: മഠത്തില്‍ നിന്ന് ചില ആളുകള്‍ വന്ന് എന്നെ അമൃതാനന്ദമയിയുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഈ പരാതിയില്‍ നിന്ന് പിന്‍മാറിയാല്‍ എനിക്ക് എന്തു സഹായം വേണമെങ്കിലും ചെയ്ത് തരാമെന്നായിരുന്നു വാഗ്ദാനം. എനിക്ക് എപ്പോള്‍ വേണമെങ്കിലും മഠത്തില്‍ പോകാം. എന്നോട് അവിടത്തെ പ്രാര്‍ഥനയില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു. ഒരു കച്ചവടക്കാരിയെപ്പോലെ സംസാരിക്കുകയും വിലപേശുകയും ചെയ്യുന്ന അമൃതാനന്ദമയിയുടെ ദൃശ്യവും വാക്കുകളും റിക്കോര്‍ഡ് ചെയ്യുന്നതിലൂടെ ആത്മീയ കാപട്യം തുറന്നു കാട്ടുകയായിരുന്നു ഏന്‍റെ ലക്ഷ്യം.  

 


അമൃതാനന്ദമയി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍