TopTop
Begin typing your search above and press return to search.

മരം ഒരു തലേവര അഥവാ ചക്ക ബൂര്‍ഷ്വാ

മരം ഒരു തലേവര അഥവാ ചക്ക ബൂര്‍ഷ്വാ

ഈ നൊസ്റ്റാല്‍ജി, ഓര്‍മ്മകളുടെ ഇടവഴി, വീടിന്റെ കോലായി എന്നൊക്കെ പറഞ്ഞു വരുമ്പോള്‍ മിക്കവാറും മനസ്സില് രീലിടുന്നത് മുഖങ്ങളും ചുറ്റുപാടുകളും ആണ്. ഒരു തരം സിംപ്ലിസിറ്റി. അതിന്റെയൊക്കെ സെറ്റിലെക്ക് കാര്യമായി ഒന്ന് നോക്കിയാല്‍ ഒരു മരം നില്‍ക്കുന്നത് എപ്പോഴും കാണാം. ചുമ്മാ ഇല മുഴുവന്‍ കുടഞ്ഞിട്ട് രാവിലെ തന്നെ പ്രാക്കും ചൂലുമായി നാം എതിരിടുന്നവരും, കൊഞ്ചിച്ചു കൊഞ്ചിച്ചു വളര്‍ത്തീട്ട് വിഷുവിന്റന്നു മരുന്നിനു കൂട്ടാന്‍ പോലും ഒരു കഷ്ണം കൊന്ന തരാഞ്ഞ മരവും, നാട്ടുകാരുടെ മുഴുവന്‍ കുശുമ്പ് പേറി അതൊക്കെ തേന്‍ കിനിയുന്ന പഴമാക്കി തരളിതയായി നില്‍ക്കുന്നവരും... അങ്ങനെയങ്ങനെ എല്ലാര്‍ക്കും പറയാന്‍ ഉണ്ടാകും ഒരു മരത്തെ പരിചയപെട്ട കഥ.

ചക്കയും ഞാനുമായി പണ്ടേ ഒരു അവിഹിത ബന്ധം നിലനിന്നിരുന്നു; അഗാധമായ, പരിമിതികള്‍ ഇല്ലാത്ത പ്രണയം. ചക്കക്കുരു വര്‍ത്തത്, കറി വെച്ചത്, ചുട്ടത്; ചക്കച്ചോള പായസം, പുഴുക്ക്, വര്‍ത്തത്, വരട്ടിയത്, അട, ഉപ്പേരി, കറി, പച്ചക്ക്. അതിന്റെ പശയും കൂഞ്ഞിലും, തൊലിയും കൊണ്ട് ഭക്ഷ്യ യോഗ്യമായ ഒന്നും കണ്ടെത്തിയില്ല എന്ന് തോന്നുന്നു. ഇതേ കാരണത്താല്‍ ചക്കക്കാലം വരുമ്പോള്‍ നാട്ടിലാകെ ഒരു ചക്ക വേട്ട സ്ഥിരം പരിപാടി ആയിരുന്നു. അയവാസികളില്‍ നിന്നും, കുടുംബക്കാരില്‍ നിന്നും വാങ്ങിയും, ഇരന്നും, ദയാവായ്പ്പയായും ഒക്കെ ചക്ക കരസ്ഥമാക്കി മടുത്തപ്പോഴാണ് എവിടെ നിന്നോ 'നല്ല തേന്‍ പോലെ' ഉള്ള ഒരു വരിക്ക ചക്കയുടെ അനാഥ ബാലന്‍ വീട്ടിലെത്തുന്നത്. വയ്യാമ്പൊറത്തെ മുറ്റത്ത് തടം വെട്ടി, യശോദാമ്മയുടെ ആടിനെ ഓടിച്ചു കാട്ടം ഇടീച്ച് കിട്ടിയ ആട്ടുംക്കാട്ടം ഒക്കെ ഇട്ടു ആ കുരുന്നു തൈ ഇല ചുരുണ്ടോ, വേരോടിയോ, പൂത്തോ, ആട് നക്കിയോ, കോഴി കൊത്തിയോ എന്ന് നോക്കി നോക്കി വളര്‍ത്തി.

അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു അതൊരു ഒത്ത പ്ലാവായി വളര്‍ന്നു , ഞാനും ഒരു ചക്ക ബൂര്‍ഷ്വ ആകാന്‍ പോകുന്നു എന്നുള്ള അറിവ് എന്നെ ഒരു അഹങ്കാരിയാക്കി മാറ്റി. അങ്ങനെ ആദ്യത്തെ ചക്ക കൂമ്പായി, തിരിയായി കടയായി അവസാനം മൂത്തപ്പോള്‍ വെട്ടി ഇറക്കി വെട്ടി വിഴുങ്ങി.പറഞ്ഞ പോലെ തന്നെ ലക്ഷണം എല്ലാം ഒത്ത ചക്ക. ജീവിതത്തിനു ഒരു സൌരഭ്യം ഒക്കെ വന്നു ചക്കയുടെ. വീട്ടില്‍ ഉള്ളവരുടെ കണ്ണിലെ ഭ്രാന്തമായ തിളക്കം കണ്ടിട്ടോ എന്തോ ആദ്യമായും അവസാനമായും ആ പ്ലാവില്‍ നിന്നും തിന്ന ചക്ക അതായിരുന്നു. അടുത്ത ചക്ക പകുതി വരട്ടണം, പിന്നെയൊരു പകുതി പായസം വെക്കണം, പിന്നൊന്ന് വറുക്കണം എന്നൊക്കെ പദ്ധതിയുമായി നില്കുന്ന, കാക്കയുടെ വായിലെ പുണ്ണ് പോലെ പിറ്റേ വര്‍ഷം മുതല്‍ ആട്ടുംകാട്ടത്തിനും ഫലഭൂയിഷ്ട വളത്തിനും യാതൊരു നന്ദിയും ഇല്ലാത്ത ഈ പ്ലാവില്‍ ഒരൊറ്റ ചക്ക മാത്രം ഉണ്ടാകും, അതും അതിന്റെ നെറുകംതലയില്‍. ചില കാക്കയും അണ്ണാനും കുയിലും ഉറുമ്പും കണ്ണീച്ചയും തേന്‍വരിക്ക മാത്രമായി തീറ്റ! അടുത്ത കൊല്ലം നന്നാവും നന്നാവും എന്ന് വിചാരിച്ചു അഞ്ചാറു കൊല്ലം കാത്തു നിന്നെങ്കിലും സ്വഭാവഗുണം അതേ തോതില്‍ തുടര്‍ന്നപ്പോള്‍ മരം മുറിക്കാന്‍ തീരുമാനമായി. ഇന്നത് വയ്യാംമ്പൊറത്തെ കോലായയില്‍ ഒരൊത്ത ബെഞ്ചായി നീണ്ടു നിവര്‍ന്നു കിടക്കുന്നു.

ഞാന്‍ ആദ്യമായി കയറിയ മരം വീട്ടുമുറ്റത്തെ വേപ്പായിരുന്നു. ഇടതൂര്‍ന്നു വളര്‍ന്ന്, നിലത്തു സൂര്യപ്രകാശം പോലും പതിക്കാത്ത നിലയില്‍ മുറ്റി വളര്‍ന്ന വേപ്പ് ആ ചുറ്റുവട്ടത്തൊക്കെ ഫേമസ് ആയിരുന്നു. 'ആ ഗേറ്റിനടുത്ത് വേപ്പുള്ള' വീടായി അറിയപ്പെട്ടു. വേപ്പിന്‍ കായ ഗള്‍ഫിന്നും കൊണ്ടോന്ന ഒലീവ് എന്നും പറഞ്ഞ് നിഷ്‌കളങ്കരെ പറ്റിക്കല്‍ ഒരു ക്രൂരവിനോദമായി മാറി. ഈ വേപ്പും പിന്നെ വീട്ടു മുറ്റത്തെ ചെന്തെങ്ങും പരിസര പ്രദേശത്തെ രോഗികളെയും ആശുപത്രിവാസികളെയും വീട്ടിലേക്ക് ആനയിച്ചു. വീടിനടുത്ത് തന്നെ ഫാത്തിമ, കരുണാകര പിന്നെ രാജേന്ദ്ര എന്നീ ആശുപത്രികള്‍ ഉള്ളത് കാരണം പ്രസവം, ചിക്കന്‍ പോക്‌സ് തുടങ്ങിയ രോഗപീഡിതര്‍ അള്‍മോസ്റ്റ് ദിവസേന വീട്ടില്‍ വന്നു വേപ്പിലയും ഇളനീരും വെട്ടിക്കൊണ്ട് പോയി. അന്ന് എന്ത് കൊണ്ടോ അതൊരു വരുമാന മാര്‍ഗ്ഗം ആക്കാമായിരുന്നു എന്നാ ചിന്ത എന്റെ അടക്കാ തലയില്‍ ഉദിച്ചില്ല! ഛേ! പോയ ബുദ്ധി... മ്മ്!

അതിനിടക്കാണ് 'സുന്ദരമായ ദന്തങ്ങള്‍ക്ക്' എന്ന തലക്കെട്ടോടെ വനിതയില്‍ ഒരു ലേഖനം ഇടിത്തീ പോലെ വീട്ടില് അവതരിച്ചത്. വേപ്പിന്റെ കമ്പ് രാവിലെ കടിച്ചു ചവച്ച് ഒരച്ചാല്‍ 'സുന്ദരമായ ദന്തങ്ങള്‍' ഉണ്ടാവും എന്ന് വളരെ ശാസ്ത്രീയമായി തന്നെ അതില്‍ വിവരിച്ചു; പോരാത്തതിന് മതവികാരികളെ ഒന്നും കൂടി വീഴ്ത്താന്‍ നബിയുടെ മിസ്വാക്ക് എന്നൊക്കെ കേട്ടപ്പോള്‍ പതിനാറു രൂപ കൊടുത്തു എന്തിനാ ഫോര്‍ഹാന്‍സ് പേസ്റ്റ് ഒക്കെ വാങ്ങുന്നത് എന്ന് ഉപ്പ സംശയിച്ചത് തീര്‍ത്തും ന്യായം. പിറ്റേന്ന് മുതല്‍ തുടങ്ങിയില്ലേ എല്ലാര്‍ക്കും വെട്ടി വെടിപ്പാക്കി പീഡനത്തിന്റെ അതെ കയ്പ്പുമായി ഓരോ വടികഷ്ണം. അന്നത്തെ ദിവസം മുഴുവന്‍ ചായ ആയാലും ചാള ആയാലും എല്ലാത്തിനും ഒരേ കയ്പ്പായിരിക്കും. കുടുംബത്തിന്റെ മൊത്തമായും ചില്ലറയായും ഉള്ള പ്രാക്കോ എന്തോ... വേപ്പിന് എന്തോ ഒരു രോഗം വന്നു. ഇലയൊക്കെ വാടി, കൂടുകെട്ടി പൊഴിയാന്‍ തുടങ്ങി; കൊമ്പിലൊക്കെ പൂപ്പലും പുഴുവും... ജീവിതത്തിലേക്ക് ഫോര്‍ഹാന്‌സിന്റെ 'ഫ്രഷ് ശ്വാസം, ആത്മവിശ്വാസം' തിരിച്ചു വന്നു. വെളുത്തുള്ളി മിശ്രിതവും, കുന്തിരിക്കം പുകക്കലും ഒന്നും ഫലം കണ്ടില്ല. അടുത്തുള്ള മരങ്ങളിലേക്കും പടരും എന്നായപ്പോള്‍ വേപ്പും വെട്ടി കളയേണ്ടി വന്നു. മരം വെട്ടുമ്പോള്‍ കരയുന്ന ആദ്യ സ്ത്രീയെ നേരില്‍ അന്നാണ് ഞാന്‍ കണ്ടത്, ഉമ്മയെ; 'എന്തൊരു നല്ല മരമായിരുന്നു, എത്രാളുടെ രോഗം മാറ്റിയതാ...'

ആരാന്റെ ഭാര്യയെയും, ആരാന്റെ മാവിലെ മാങ്ങയും ഒരിക്കലും ആഗ്രഹിക്കരുത് എന്നാണു തത്ത്വം എങ്കിലും ആരാന്റെ മരത്തിലെ ഒരു കനിയെങ്കിലും ചോദിച്ചോ അല്ലാതെയോ ഭക്ഷിക്കാത്ത ആരും ഉണ്ടാവില്ല. ഉറപ്പ്. ചക്ക അടിച്ചു മാറ്റി സ്പീഡില്‍ ഓടി രക്ഷപ്പെടാന്‍ കഴിയാത്തത് കൊണ്ട് ചക്ക മോഷ്ടിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നിട്ടും കഴിഞ്ഞില്ല. പിന്നെ ഉണ്ടായിരുന്നത് ചാമ്പയ്ക്കാ, വാളന്‍പുളി, ബിലിംബി പുളി, ചതുര നെല്ലിക്ക, കശുമാങ്ങ എന്നീ സ്മാള്‍ ആന്‍ഡ് ഹാന്‍ഡി ഐറ്റംസ് ആയിരുന്നു. അത് നാട് തെണ്ടി, ഏതൊക്കെ വീട്ടില്‍ എന്തൊക്കെ എന്ന് മാര്‍ക്ക് ചെയ്തു വെച്ചിരുന്നു. അതില്‍ എന്റെ എറ്റവും പ്രിയങ്കരം ചതുര നെല്ലിക്ക ആയിരുന്നു, പറിക്കാന്‍ എളുപ്പം; ഒരു കുലയില്‍ തന്നെ ഒരുപാടുണ്ടാകും; പിന്നെ മരം വലിയ പുഷ്ടി ഇല്ലാത്ത ഒന്നായിരുന്നു, കയറാനും ഇറങ്ങാനും എളുപ്പം, മതിലിനോട് അടുത്തും പറമ്പിന്റെ ഒരറ്റത്തും ആയതിനാല്‍ കാണാനും പിടിക്കപ്പെടാനും പ്രയാസം. വീട്ടിന്നും എല്ലാരും ഉച്ചക്ക് ഒന്ന് മയങ്ങി വരുമ്പോള്‍ ഒരു കഷ്ണം കടലാസില്‍ പൊതിഞ്ഞു കെട്ടിയ കല്ലുപ്പുമായി വേട്ടക്കിറങ്ങും. അങ്ങനെ കുറേ നെല്ലിക്കയൊക്കെ അകത്താക്കി സുന്ദര സുദിനങ്ങള്‍ കഴിഞ്ഞു പോയി.

ഒരു ദിവസം ആസ് യൂഷ്വല്‍ കളവൊക്കെ കഴിഞ്ഞു, വിളറിയ ചുണ്ടുമായി വീട്ടിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ മേലാകെ അസാധ്യ ചൊറിച്ചില്‍. കഴുത്തൊക്കെ ചൊറിഞ്ഞു തടിച്ചു, ചുണ്ട് ഡൊണാല്‍ഡ് ഡക്കിനോട് സാമ്യമുള്ള ഒരു കൊക്ക്, കണ്ണോക്കെ നീര് വെച്ചു ഞാന്‍ വലിയ വായില്‍ നിലവിളി തുടങ്ങി. വീട്ടുകാരൊക്കെ എവിടെയാ പോയത് എന്താ തിന്നത് എന്ന് ചോദിച്ച് ബഹളം വെക്കുമ്പോഴും എനിക്ക് കളവു കഥ പറയാന്‍ പേടി... മരിച്ചു പോകും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചപ്പോള്‍ 'പ്രേമേച്ചിന്റെ വീട്ടിന്നും നെല്ലിക്ക പറിച്ചു തിന്നു' എന്നും പറഞ്ഞു പിന്നേം തൊള്ള തുറന്നു. നെലിക്കക്ക് മരുന്ന് അടിച്ചിരുന്നോ എന്നൊക്കെ വിളിച്ചു ചോദിച്ചു, അതല്ല എന്നുറപ്പായി. തൊപ്പപ്പുഴു അരിച്ചതാണെന്നു കരുണാകരന്‍ ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞു, മരിച്ചു പോകാതിരിക്കാന്‍ ഒരു ഇഞ്ചെക്ഷനും ചന്തിക്കിട്ട് കുത്തി വിട്ടു. വീക്കവും നീരും ഇറങ്ങിയതും ഉമ്മാന്റെ കയ്യിന്നും നെരിവട്ടം അടിയും, പ്രേമേച്ചിയെ കണ്ടു മാപ്പ് ചോദിപ്പിക്കലും വേണ്ട പോലെ കിട്ടി. അതോണ്ടെന്താ, നെലിക്ക പിന്നെ മുറ പോലെ പ്രേമേച്ചി വീട്ടില്‍ എത്തിച്ചു തുടങ്ങി.

ഇത് പോലെ ഇനിയുമുണ്ട് മനസ്സില് ഒരു പാട് മരങ്ങള്‍; ഞാന്‍ ആദ്യമായി നട്ട സപ്പോട്ട മരം കരിഞ്ഞപ്പോള്‍ ആരോട് പിണങ്ങണം എന്നറിയാതെ ഇളിഞ്ഞ് നിന്നത്, എല്ലാ വേനലവധിക്കും ഊഞ്ഞാലു കെട്ടിയിരുന്നു രണ്ടു തെങ്ങുകള്‍; അതിലൊന്നിനെ മണ്ടരി കൊണ്ട് പോയി കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പേ. രാമായണം കളിക്കുമ്പോള്‍, ഹനുമാനായ ഇക്കാക്ക എന്നെ രക്ഷിക്കാന്‍ യുദ്ധം കഴിഞ്ഞു വരുന്നതും കാത്ത് സീതയായി കാത്തിരുന്നു കാത്തിരുന്നു ഉറങ്ങി പോകാറുണ്ടായിരുന്നു മാവിന്‍ ചുവട്, ഉമ്മ ആറ്റു നോറ്റു വളര്‍ത്തിയ നാരങ്ങ, മതില് കെട്ടാന്‍ ഉമ്മ അറിയാതെ ഉപ്പ വെട്ടി കളഞ്ഞപ്പോള്‍ ഒരു വിവാഹമോചനം കണ്ടേക്കും എന്ന് ഉറപ്പിച്ചിരുന്ന നമ്മള്‍... 'നമ്മളെ ആത്തച്ചക്ക മരമില്ലെ? അയിമലു ഇപ്പ്രാവശ്യം തോനെ ഇണ്ടായിനു...' അത് പോലെ തന്നെ കായും പൂവും ഇലയും ഒക്കെയായി ഇപ്പോഴും കാത്തു നില്‍ക്കുന്ന ഒരു പാട് 'നമ്മളെ' മരങ്ങള്‍.


Next Story

Related Stories