TopTop
Begin typing your search above and press return to search.

എന്റെ ഉത്തരം അംബാനിയല്ല; ആം ആദ്മി പാര്‍ട്ടിയാണ്

എന്റെ ഉത്തരം അംബാനിയല്ല; ആം ആദ്മി പാര്‍ട്ടിയാണ്

ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ്; എങ്ങനെ ഇന്ത്യ എന്ന വലിയ ഒരു പ്രദേശത്തെ ഏതാണ്ട് 1858 മുതല്‍ 1947 വരെ ബ്രിട്ടീഷുകാര്‍ അടക്കി ഭരിച്ചു എന്നത്. എത്രയോ ദിവസങ്ങള്‍ കപ്പലില്‍ യാത്ര ചെയ്താണ് അവര്‍ നമ്മുടെ നാട്ടില്‍ വന്ന് ഇവിടത്തെ ആളുകളെ അടിമകളാക്കി അത്രയും കാലം ഭരിച്ചത്. പക്ഷെ ഈ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് എനിക്കതിന്റെ ഉത്തരം കിട്ടിത്തുടങ്ങി. യു.പി.എ സര്‍ക്കാരിന്റെ ഭരണം കണ്ടു തുടങ്ങിയത് മുതല്‍.

ചിന്നിച്ചിതറി കിടന്നിരുന്ന നാട്ടു രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും ബ്രിട്ടീഷുകാര്‍ ഓരോരോ പ്രദേശങ്ങളായി കയ്യടക്കി പതുക്കെ പതുക്കെ അവരുടെതായ സാമ്രാജ്യം കെട്ടിപ്പടുത്തു. അതുതന്നെയല്ലേ ഇവിടെ ഇപ്പോള്‍ നടക്കുന്നത്; ഇന്ത്യയിലെ കോര്‍പറേറ്റ് കുത്തകളില്‍ പ്രമുഖരായ റിലയന്‍സിനെ പോലുള്ള കമ്പനികള്‍ക്ക് കഴിഞ്ഞ പത്തു വര്‍ഷം കൊണ്ടുണ്ടായ പുരോഗതി മാത്രം നോക്കിയാല്‍ മതി നമ്മെ ഭരിക്കുന്നവരും പണ്ടത്തെ നാട്ടു രാജാക്കന്മാരും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്ന്. അന്നവര്‍ ആദ്യമൊക്കെ പൊരുതി നോക്കിയിട്ടാണ് തങ്ങളുടെ കൈവശമുള്ള പ്രദേശങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുന്നില്‍ അടിയറവ് വച്ചതെങ്കില്‍ ഇന്നത്തെ നമ്മുടെ ഭരണകൂടം ഇത്തരം കുത്തകള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നത് തന്നെ.

ഒരു രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ കൈയിലൊതുക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗം അവിടത്തെ പെട്രോള്‍ വില നിയന്ത്രണം ഏറ്റെടുക്കുക എന്നത് തന്നെയാണ്. രണ്ടു ദിവസം മുന്നേയും പെട്രോളിന് വിലകൂട്ടി, ചോദിക്കാനും പറയാനും ആരെങ്കിലുമുണ്ടോ? ആര് ചോദിക്കാന്‍? പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തതിലൂടെ നമ്മുടെ നാടിന്റെ നട്ടെല്ല് കുത്തക കമ്പനികള്‍ക്ക് മുന്നില്‍ അടിയറവ് വെക്കുകയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ ചെയ്തത്.

അവശ്യ സാധനങ്ങളുടെ വില നാള്‍ക്കു നാള്‍ കൂടുന്നു, ചില്ലറ വില്‍പന അവകാശം വരെ കുത്തകകള്‍ പിടിച്ചടക്കി, പ്രകൃതി വിഭവങ്ങള്‍ വ്യാപകമായി കൊള്ളയടിക്കപ്പെടുന്നു. ഈ കഴിഞ്ഞ പത്തു വര്‍ഷം യു.പി.എ ഭരണം കൊണ്ട് കുറെ കുത്തക കമ്പനികള്‍ക്ക് അവരുടെ ആസ്തി വര്‍ദ്ധിപ്പിക്കാന്‍ പറ്റി എന്നതല്ലാതെ സാധാരണ ജനങ്ങള്‍ക്ക് ഇവിടെ എന്ത് പുരോഗതിയാണ് ഉണ്ടായത്?

വില്‍ക്കുകയായിരുന്നു നമ്മുടെ ഇന്ത്യയെ നമ്മളറിയാതെ. അല്ലെങ്കില്‍ കുറേയൊക്കെ നമ്മളെ അറിയിച്ചുകൊണ്ട് തന്നെ. ഇനിയും ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ട് ഇന്ത്യയെ പൂര്‍ണമായും വില്‍ക്കാന്‍ നമ്മള്‍ കൂട്ട് നില്‍ക്കേണ്ടതുണ്ടോ? കോണ്‍ഗ്രസ് നേതൃത്തത്തിലുള്ള ഒരു സര്‍ക്കാരിനെ കൂടി താങ്ങാന്‍ നമ്മുടെ ഇന്ത്യക്ക് കെല്‍പ്പുണ്ടോ?

തെരഞ്ഞെടുപ്പിന്റെ തലേന്ന് മാത്രം തട്ടിക്കൂട്ടുന്ന അധികാരമോഹികളും അവസരവാദികളും മാത്രമായ ഒരു കൂട്ടം നേതാക്കന്മാര്‍ ഒത്തുചേരുന്ന മൂന്നാം മുന്നണി എന്ന സങ്കല്‍പ്പത്തിന് ഇന്ന് ഇന്ത്യയില്‍ എന്ത് പ്രസക്തിയാനുള്ളത്? ഇടതുപക്ഷം കുറച്ചു വ്യത്യസ്തമായിരിക്കാം. പക്ഷെ ഈ കൂട്ടായ്മയില്‍ അവര്‍ക്കെന്തുമാത്രം പ്രസക്തിയുണ്ടാകുമെന്നു കണ്ടറിയണം. അതിലെ എല്ലാ നേതാക്കന്മാരും പ്രധാനമന്ത്രി ആവണമെന്ന് ആഗ്രഹമുള്ളവരാണ്. അധികാരമെങ്ങാനും കിട്ടിയാല്‍ ചിലപ്പോള്‍ അഞ്ചു വര്‍ഷത്തേയ്ക്ക് അഞ്ചു പ്രധാനമന്ത്രിമാര്‍ എന്ന കരാര്‍ പോലും അവര്‍ ഉണ്ടാക്കിയേക്കാം. അസ്ഥിരമായ ഒരു സര്‍ക്കാരിനെക്കാളും നല്ലത് പട്ടാള ഭരണമാണ് എന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിഭാവുകത്വം തോന്നുന്നില്ലെനിക്ക്.

മോഡിക്ക് ഭരണം കിട്ടിയാല്‍ അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയിലെ മുസ്ലിങ്ങളെ മൊത്തം കൊന്നൊടുക്കുകയോ നാട് കടത്തുകയോ ഒക്കെ ചെയ്യുമെന്ന് ആരും വിശ്വസിക്കുന്നില്ല. പക്ഷെ അവര്‍ ഇരുപതോ ഇരുപത്തഞ്ചോ വര്‍ഷംകൊണ്ട് നടപ്പിലാവുന്ന ഒരു വര്‍ഗീയ അജണ്ട നടപ്പിലാക്കും, ന്യുനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ കാലംകൊണ്ട് സംജാതമാവും. അത് മനസ്സിലാവണമെങ്കില്‍ നിങ്ങള്‍ തമിഴ് വംശജരായ ശ്രീലങ്കക്കാരോട് സംസാരിച്ചു നോക്കിയാല്‍ മതി. എന്താണ് ഇന്നത്തെ അവരുടെ അവസ്ഥ; കുറച്ചു വര്‍ഷങ്ങള്‍ക്കൂടി ഈ നില തുടര്‍ന്നാല്‍ തമിഴ് സംസാരിക്കുന്ന ഒരു വംശം തന്നെ അന്നാട്ടില്‍ ഉണ്ടാവില്ല. പുലി

നേതാവ് പ്രഭാകരന്‍ കൊല്ലപെട്ടതിനു ശേഷം വലിയൊരു തമിഴ് വംശഹത്യയൊന്നും ശ്രീലങ്കയില്‍ നടന്നിട്ടില്ല. പക്ഷെ തമിഴ് വംശജര്‍ അവിടെ വല്ലാതെ അടിച്ചമര്‍ത്തപെടുന്നുണ്ട്. സര്‍ക്കാര്‍ ജോലികളിലൊന്നും തമിഴ് വംശജര്‍ക്ക് അവസരമില്ല, നഗരങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നെല്ലാം തമിഴന്മാര്‍ ഒഴിവാക്കപ്പെടുന്നു, കെട്ടിടങ്ങള്‍ക്ക് വന്‍ വാടക ഏര്‍പ്പെടുത്തിയും, വലിയ വാണിജ്യ നികുതികള്‍ ഏര്‍പ്പെടുത്തിയും തമിഴ് കച്ചവടക്കാരെ നശിപ്പിക്കുന്നു. കൃഷി ഭൂമി കൂടി പിടിച്ചടക്കി കഴിഞ്ഞാല്‍ അവിടെ തമിഴ് വംശജരുടെ പതനം പൂര്‍ണമായി. അത് ചെയ്യാനും മടിക്കില്ല രാജപക്ഷെ സര്‍ക്കാര്‍.

ഇന്ത്യയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എങ്കിലും ന്യുനപക്ഷങ്ങള്‍ക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല എന്ന ഒരു സാഹചര്യം അത്ര വിദൂരത്തൊന്നുമല്ല. ഓ! മോഡി മുസ്ലിങ്ങളുടെ മാത്രം ശത്രുവല്ലേ എന്ന് കരുതി നിസ്സംഗ ഭാവം നടിച്ചു നില്‍ക്കുന്നവര്‍ ഒന്നോര്‍ത്താല്‍ നന്ന്; തീവ്ര വര്‍ഗീയ വാദികള്‍ അല്ലാത്ത ആരും അവര്‍ക്ക് വേണ്ടപെട്ടവര്‍ അല്ല എന്ന കാര്യം.

പിന്നെ നമ്മള്‍ ആര്‍ക്കു വോട്ടു ചെയ്യും? എനിക്കുമില്ല ഉത്തരം; പകരം ഒരു സ്വപ്നം പങ്കുവെക്കാനുണ്ട്. ആം ആദ്മി പാര്‍ട്ടി; ആപ്; ഒരു പ്രതീക്ഷ. ഇന്ത്യ പോലെയൊരു രാജ്യത്ത് ഇത്തരം ഒരു സങ്കല്‍പ്പത്തിന് എത്രത്തോളം വിജയിക്കാനാവും എന്നത് കണ്ടു തന്നെ അറിയണം; ഒരു മാറ്റം എന്തായാലും ആവശ്യമാണ്. അല്ലെങ്കില്‍ നമ്മുടെ ഭാവി തലമുറയ്ക്ക് ജീവിക്കാന്‍ ഇവിടെ ഒരു സമാധാന അന്തരീക്ഷം ഉണ്ടാവില്ല. ചിലപ്പോള്‍ ഇങ്ങനെ, ഈ രൂപത്തില്‍ ഒരു രാജ്യമേ ഉണ്ടാവില്ല.

ഒരു ഡല്‍ഹിയില്‍ കുറച്ചു സീറ്റ് കിട്ടിയതുകൊണ്ട് ഇന്ത്യ മൊത്തം ആപ് കീഴടക്കും എന്നൊന്നും ആഗ്രഹിക്കാന്‍ പാടില്ല. പക്ഷെ അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എന്ന് സ്വപ്നം കാണാമല്ലോ. അതിനു ചിലവൊന്നുമില്ല.

ഓരോ മണ്ഡലത്തിലെയും ജനസമ്മതരായ, സേവന തല്‍പരരായ, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത കുറച്ചു പേരെ അവിടത്തെ ജനങ്ങള്‍ നിര്‍ദേശിക്കുക, അതില്‍ ഏറ്റവും അനുയോജ്യനായ ഒരാളെ സ്ഥാനാര്‍ഥിയാക്കുക, ഒരു കാരണവശാലും മതപുരോഹിതന്മാരെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പങ്കെടുപ്പിക്കാതിരിക്കുക, മതം, ജാതി ഭൂരിപക്ഷം നോക്കി സ്ഥാനാര്‍ഥികളെ കണ്ടെത്താതിരിക്കുക.

തലച്ചോര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും പണയം വെക്കാത്ത കുറെ ജനങ്ങളെങ്കിലും ആ സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യും, വിജയിച്ചില്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ പറ്റിയാല്‍ തന്നെ അത് വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. പൊതുജനം കഴുതകള്‍ ആണെന്ന രാഷ്ട്രീയക്കാരുടെ ദുഷിച്ച ചിന്തക്ക് തന്നെ ഒരു മാറ്റം വന്നേക്കാം.

വരൂ... കഴുതകളല്ലാത്ത നമ്മെ കുറിച്ച് സ്വപ്നം കാണൂ!


Next Story

Related Stories