TopTop
Begin typing your search above and press return to search.

മോദിയുടെ ചെവിയില്‍ ധാര്‍മികത ഓതരുത്

മോദിയുടെ ചെവിയില്‍ ധാര്‍മികത ഓതരുത്
ടീം അഴിമുഖം


ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അസാധാരണമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ദൗര്‍ഭാഗ്യത്തിന്റെയും മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയ ബി.ജെ.പി തീരുമാനം വലിയ തെറ്റുമാണെന്നതിന്റെ സൂചന കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം.


സാധാരണഗതിയില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടുത്ത നടപടികളൊന്നും സ്വീകരിക്കാറില്ല. എന്നാല്‍ 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ അവര്‍ കടുത്ത നടപടിക്കു തന്നെ തുനിയുകയായിരുന്നു. വോട്ട് ചെയ്തതിനു ശേഷം മോദി പാര്‍ട്ടി ചിഹ്‌നം പ്രദര്‍ശിപ്പിച്ചതും ബൂത്തിനു വെളിയില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയതുമാണ് കുറ്റം.


1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ മോദി ലംഘിച്ചിരിക്കുന്നു എന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും പരതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്റെ ഈ നടപടി. ബി.ജെ.പിയുടേയും മോദിയുടേയും ആക്രമണസ്വഭാവമുള്ള പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച വിവിധ പരാതികള്‍ക്കൊടുവില്‍ കൂടിയാണ് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.


മോദിയുടെ സ്‌റ്റെല്‍

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാകും. അയാള്‍ 2002-ല്‍ തന്റെ മൂക്കിനു താഴെ നടന്ന ഗുജറാത്ത് കൂട്ടക്കൊലയില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ തെല്ലും ഖേദിക്കുന്നുവെന്നോ ഇന്ത്യയുടെ സാമൂഹിക വൈവിധ്യത്തെ മാനിക്കുന്നുവെന്നോ തോന്നിക്കുന്ന യാതൊന്നും അതില്‍ കാണാനില്ല. ആക്രമണകാരിയായ ഒരു ഹിന്ദുത്വ നേതാവ് എന്നതിനെ മറച്ചുപിടിക്കാന്‍ വികസനത്തെ കുറിച്ച് വാതോരാതെ പറയുന്നുണ്ടെങ്കിലും മോദിയുടെ യഥാര്‍ഥ ചിത്രം തന്നെയാണ് ഓരോ നിമിഷവും പുറത്തുവരുന്നത്.
നിയമത്തോടും നൈതികതയോടും തനിക്കുള്ള ബഹുമാനമില്ലായ്മ അയാള്‍ ഓരോ അവസരത്തിലും, പ്രത്യേകിച്ച് ഈ തെരഞ്ഞെടുപ്പ് വേളയിലും, പ്രദര്‍ശിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്തു തന്നെയാണ് വമ്പന്‍ റോഡ്‌ഷോയുടെ അകമ്പടിയോടെ മോദി ഏപ്രില്‍ 24-ന് വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചത്. ഒരു മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാന നേതാവില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. തെരഞ്ഞെടുപ്പ് ആരംഭിച്ച ഏപ്രില്‍ ഏഴിനാണ് മോദിയുടെ സമ്മര്‍ദ്ദഫലമായി ബി.ജെ.പി തങ്ങളുടെ പ്രകടന പത്രികയും പുറത്തിറക്കിയത്.


തന്റെ വലംകൈയായ അമിത് ഷായെ ഉത്തര്‍ പ്രദേശിന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ തന്നെ മോദി ഒരു മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പഴയ തെറ്റുകളില്‍ നിന്ന് താന്‍ എന്തെങ്കിലും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും നേര്‍വഴിക്കുള്ള രാഷ്ട്രീയം പിന്തുടരാന്‍ തനിക്ക് താത്പര്യമില്ലെന്നുമുള്ളതായിരുന്നു അത്. അഴിമതിക്കാരും കുറ്റവാളികളുമായ രാഷ്ട്രീയക്കാരെ തുറുങ്കിലടയ്ക്കുമെന്ന മോദിയുടെ വീമ്പു പറച്ചില്‍ മാധ്യമങ്ങള്‍ക്ക് വിഴുങ്ങാനുള്ള ഒന്നു മാത്രമാണ്. അല്ലെങ്കില്‍ ആദ്യം ജയിലില്‍ ആകേണ്ടത് ഇതേ അമിത് ഷാ തന്നെയാണ്.


മോദി വാരാണസിയില്‍ നടത്തിയ റാലി തന്റെ ഹിന്ദുത്വ വോട്ടര്‍മാര്‍ക്കുള്ള ഒരു സന്ദേശമായിരുന്നു. അതുപോലെ തന്നെ തന്റെ പേരിലുള്ള ആക്രമണോത്സുക ഹിന്ദുത്വവാദം പുനരുജ്ജീവിപ്പിച്ചു കൊണ്ട് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും മോദി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.


കോര്‍പറേറ്റ് ഹൗസുകളാണ് ഇന്ത്യ കണ്ട ഏറ്റവും വിലയേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമിറക്കിയിരിക്കുന്നതെന്ന ആരോപണങ്ങള്‍ അയാള്‍ ശ്രദ്ധിക്കുക പോലുമുണ്ടായേക്കില്ല. റിലയന്‍സും അഡാനിയുമാണ് തന്റെ പ്രചരണം കൊഴുപ്പിക്കുന്നതെന്നും കള്ളപ്പണമാണ് ഇതിനു പിന്നില്‍ ഒഴുകുന്നതെന്നുമുള്ള ആരോപണങ്ങളും അയാള്‍ വകവച്ചേക്കില്ല. തന്റെ പണക്കൊഴുപ്പേറിയ പ്രചരണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതിരിക്കുക വഴി നീതിക്കും സുതാര്യത നടപ്പാക്കണമെന്ന പൊതുസമൂഹത്തിന്റെ താത്പര്യത്തിനും അയാള്‍ പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്.


മോദിയുടെ രാഷ്ട്രീയ ഉയര്‍ച്ചയോ അയാള്‍ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയോ ഇല്ലാതാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്ക് കഴിഞ്ഞേക്കില്ല. എന്നാല്‍ വിവിധ മത, സമുദായങ്ങള്‍ക്കിടയില്‍ ഒരേപോലെ സ്വീകാര്യതയള്ള ഒരു യാഥാസ്ഥിതിക പാര്‍ട്ടിയായി മാറാനുള്ള തങ്ങളുടെ സാധ്യതയെ ബി.ജെ.പി നഷ്ടപ്പെടുത്തിക്കഴിഞ്ഞു.
പോളിംഗ് ബൂത്ത് പരിസരത്ത് തെരഞ്ഞെടുപ്പ് സമയത്ത് പ്രാബല്യത്തിലുള്ള സി.ആര്‍.പി.സി സെക്ഷന്‍ 144 അനുസരിച്ച് പത്തോ അതില്‍ കൂടുതലോ പേര്‍ സംഘം ചേരാന്‍ പാടുള്ളതല്ല. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള നടപടിക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും കേസെടുക്കേണ്ടതാണെന്ന് തങ്ങളുടെ ഉത്തരവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള ഉത്തരവിനെ ലംഘിക്കുന്നതിനെ കുറിച്ചുള്ള വകുപ്പാണിത്.


മോദിയുടെ ഈ നടപടി സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ 126 (1) ബി അനുസരിച്ച് പ്രത്യേക കേസ് എടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മോദിയുടെ നേര്‍ക്കുള്ള ഇന്ത്യന്‍ മാധ്യമങ്ങളുടെ തുറന്ന പക്ഷപാതത്തെ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദ്യം ചെയ്യുന്നതും.


മോദി ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ലംഘിച്ചിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യമായതായി ആ പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കമ്മീഷന്‍ പറഞ്ഞു. ബുത്തിനു പുറത്ത് മോദി നടത്തിയ പ്രസ്താവനയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നം പ്രദര്‍ശിപ്പിച്ചതും അത് ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്തതും ഗുജറാത്തിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കമ്മീഷന്‍ തങ്ങളുടെ ഉത്തരവില്‍ വ്യക്തമാക്കി.


മോദി തന്റെ പഴയകാല ഹിന്ദുത്വ തീവ്രത നഷ്ടപ്പെടുത്തുകയോ സ്വയം വികസന നായകനായി മാറുകയോ ചെയ്തിട്ടില്ല. ഇന്ത്യയുടെ വൈവിധ്യത്തേയും ഐക്യത്തേയും ഊട്ടിയുറപ്പിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് മോദിയെന്ന് വിശ്വസിക്കുന്നത് തെറ്റു തന്നെയാണ്. അതിനുമപ്പുറം അയാള്‍ നൈതികതയ്ക്കും ധാര്‍മികതയ്ക്കും നല്ലനടപ്പിനും വിലകല്‍പ്പിക്കുന്ന ആളുമല്ല.Next Story

Related Stories