UPDATES

കേരളം

കലഹിക്കാന്‍ പഠിപ്പിച്ച ദേവന്‍

കെ.പി.എസ് കല്ലേരി

‘മലയാള നായര്‍ സാഹിത്യത്തിന്റെ കുലപതിയും, ലക്ഷണമൊത്ത കാരണവരുമായ എം.ടി. വാസുദേവന്‍ നായരുടെ ആശ്രിതവത്സലന്മാര്‍ സര്‍ക്കാര്‍ ചെലവില്‍ അദ്ദേഹത്തിന്റെ നാലുകെട്ട് എന്ന ഒരു നോവലിന്റെ ജൂബിലി കേരള സാഹിത്യ അക്കാദമിയുടെ മുറ്റത്ത് ആഘോഷിക്കുകയാണ്. വല്ല കരയോഗം ഓഫീസുകളിലോ, ഹോട്ടലുകളിലോ വച്ചു നടത്താന്‍ മാത്രം പ്രാധാന്യമുള്ള ഈ ചൊറിയല്‍ മാന്തല്‍ സുഖിപ്പിക്കല്‍ ആഘോഷങ്ങള്‍ സാഹിത്യ അക്കാദമിയുടെ വേദിയിലാകരുത്…’

ചിത്രകാരന്‍ ശില്‍പി സാഹിത്യകാരന്‍ തുടങ്ങിയ നിരവധിയായ വിശേഷണങ്ങള്‍ക്കപ്പുറത്ത് എം.വി. ദേവന്‍ മഠത്തില്‍ വാസുദേവന്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട ദേവനിലെ കലാപകാരിയെക്കുറിച്ച് എഴുതുമ്പോള്‍ ഇങ്ങനെയല്ലാതെ എങ്ങിനെ തുടങ്ങാനാവും. മലയാള സാഹിത്യലോകം എം.ടിയെന്ന പേര് കേട്ട് തലകുമ്പിട്ട് നില്‍ക്കുമ്പോഴാണ് എംടിയുടെ നാലുകെട്ട് സാഹിത്യ അക്കാദമി മുറ്റത്ത് ആഘോഷമാക്കിയതിനെതിരെ എം.വി.ദേവന്‍ ഇങ്ങനെ തുറന്നടിച്ചത്.
 

പക്ഷെ ഈ തുറന്നെഴുത്ത് ദേവനെ കോടതി കയറ്റി. എം. ടി. വാസുദേവന്‍നായര്‍ നല്‍കിയ മാനനഷ്ട  കേസില്‍ 10000 രൂപയുടെ സ്വന്തം ജാമ്യത്തിലും രണ്ട് പേരുടെ ആള്‍ ജാമ്യത്തിനുമാണ് അന്ന് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവന് ജാമ്യം നല്‍കിയത്.

കലാകൗമുദിയിലെഴുതിയ ലേഖനത്തിലൂടെയായിരുന്നു തന്റെ അടുത്ത സുഹൃത്തുകൂടിയായിട്ടും എം.ടിക്കെതിരായി ദേവന്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. സാംസ്‌കാരിക-സാഹിത്യ കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. എംടി ആദ്യമായിട്ടൊരാള്‍ക്ക് നേരെ മാനനഷ്ടക്കേസുമായി കോടതി കയറിയിട്ടുണ്ടെങ്കില്‍ അത് ദേവനെതിരെ ആയിരുന്നെതും ചരിത്രം.

ചിത്രകലയെന്ന സ്വന്തം മാധ്യമത്തിന് അപ്പുറം ലോകത്തുള്ള എന്തിനോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി കലഹിക്കുകയും ഭിതി പ്രകടിപ്പിക്കുകയും ചെയ്ത കലാകാരനായിരുന്നു  എം.വി. ദേവന്‍. പൊതുവേ കലാകാരന്‍മാരും സാഹിത്യകാരന്‍മാരുമെല്ലാം സ്വന്തം സൃഷ്ടികളിലൂടെ സമൂഹത്തോടും വ്യവസ്ഥകളോടും കലഹിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്ത്  മുഖ്യധാരയില്‍ നിന്ന് മാറിനിന്നപ്പോള്‍ ദേവന്‍ തന്റെ ചുറ്റുപാടുകളില്‍ കണ്ട നല്ലതും ചീത്തയുമായ സകലതിനോടും സംവദിച്ചു. മറ്റുള്ളവര്‍ എന്ത് പറയുമെന്നത് നോക്കാതെ സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറഞ്ഞു. ഒരു പക്ഷെ  അതുകൊണ്ടാവാം മുഖ്യധാരയിലുള്ള സാഹത്യകാരന്‍മാരും ചിത്രകാരന്‍മാരുമടക്കം പലരും പലപ്പോഴും അദ്ദേഹത്തോട് നീരസം പ്രകടിപ്പിച്ചത്. ഉറൂബും ബഷീറുമെല്ലാം ദേവന്റെ ചിത്രങ്ങളിലൂടെ ആസ്വാദ്യകരമായ വായനാനുനുഭവമാവുമ്പോള്‍ തന്നെ മലയാളി വലിയ ബിംബങ്ങളായി കൊണ്ടുനടക്കുന്നവര്‍ വലിയൊരളവില്‍  അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്തു. എങ്കിലും ദേവനെന്ന ശക്തിചെതന്യം മലയാള ചിത്രകലയിലും സാംസ്‌കാരിക സാഹിത്യ മണ്ഡലത്തിലും ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത്  ഒരുപക്ഷെ അദ്ദേഹത്തിന്റെയുള്ളിലെ ഈ കലാപകാരിയുടെ മനസ്സ് ഒന്നുകൊണ്ടുമാത്രമായിരിക്കും.
 

തലശ്ശേരിയില്‍ തുടങ്ങിയ യാത്ര ആലുവയില്‍ ദേശീയപാതയ്ക്കും തീവണ്ടിപ്പാളത്തിനും അരികിലായുള്ള ‘ചൂര്‍ണ്ണി’യില്‍ അവസാനിക്കുംവരെ തന്റെ സ്വഭാവത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാന്‍ ഈ കലാകാരന്‍ തയ്യാറായില്ലെന്നതു തന്നെയാവും  നാളെ ഈ കലാകാരന്റെ മഹത്വമായി ചരിത്രം വാഴ്ത്തുക.

ദേവന്റെ കളിയാക്കലിന് ഏറ്റവും അവസാനം പാത്രമായത് മലയാള സര്‍വ്വകലാശാലയും സര്‍വ്വകലാശാല വി.സി.യും എഴുത്തുകാരനുമായ കെ.ജയകുമാറാണ്. കുടുത്ത ഭാഷയിലാണ് മലയാള സര്‍വ്വകലാശാല എന്ന സങ്കല്‍പത്തെയും ജയകുമാറിനെ അതിന്റെ വിസി ആക്കിയതിനേയും അദ്ദേഹം വിമര്‍ശിച്ചത്.  മലയാള സര്‍വകലാശാല രൂപീകരിക്കപ്പെട്ടത് ഇന്ത്യാമഹാരാജ്യത്ത് മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്ന് കേരളത്തിലെ വലിയ സാഹിത്യകാരന്‍മാരും രാഷ്ട്രീയക്കാരുമെല്ലാം വാതോരാതെ അഭിപ്രായപ്പെട്ടപ്പോള്‍ മലയാളസര്‍വകലാശാല എന്ന പേര്  നമ്മുടെ മാതൃഭാഷയെ കളിയാക്കുന്നതിന് സമമാണൊയിരുന്നു അന്ന് ദേവന്‍ പറഞ്ഞത്. മലയാള സര്‍വ്വകലാശാലക്കെതിരെ കലാസാഹിത്യരംഗത്ത് നിന്ന് പുറത്തുവന്ന വേറിട്ട അഭിപ്രായപ്രകടനമായിരുന്നു അത്. സര്‍വ്വകലാശാല എല്ലാ കലകളുടെയും പഠനശാലയാണ്. അവിടെ ഭാഷാപഠനം കൂടാതെ ശാസ്ത്രസാങ്കേതികവിദ്യയും കലയും നൃത്തവും സംഗീതവുമെല്ലാം അഭ്യസിപ്പിക്കുന്നു. ലോകത്തെങ്ങും ഭാഷക്കായി മാത്രം ഒരു സര്‍വകലാശാല ഇല്ല. അപ്പോള്‍ മലപ്പുറം ആസ്ഥാനമായി ആരംഭിച്ചിരിക്കുന്ന പുതിയ സര്‍വ്വകലാശാലക്ക് എങ്ങനെ മലയാളത്തിന്റെ പേര് നല്‍കുമന്നായിരുന്നു ദേവന്റെ ചോദ്യം. കാലടിയിലെ സര്‍വ്വകലാശാലയെ സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്ന് വിളിക്കുന്നത് പരമ വിഡ്ഢിത്തമാണ്. അവിടെ സംസ്‌കൃതം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടെന്ന് മാത്രമേയുള്ളൂ. എന്നാല്‍ അതിനെക്കുറിച്ച് ആഴത്തില്‍ അറിയുന്ന ആരും അവിടെ ഇല്ലെന്നും ഇതേ സന്ദര്‍ഭത്തില്‍ ദേവന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഗ്രീക്ക് ഇംഗ്ലീഷ് ഫ്രഞ്ച് തുടങ്ങിയ പ്രമുഖ ഭാഷകള്‍ക്കായിപ്പോലും ലോകത്ത് സര്‍വ്വകലാശാലകളില്ല. എല്ലാ കലകളും പഠിപ്പിക്കുന്ന സര്‍വ്വകലാശാലക്ക് ഭാഷയുടെ പേരിടുന്നത് അനുചിതമാണ്. മലയാളം സര്‍വ്വകലാശാല എന്ന പേരുമാറ്റി എഴുത്തച്ഛന്‍ സര്‍വ്വകലാശാല എന്നോ മറ്റോ ആക്കണമെും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
 

മലയാളം സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി അലങ്കരിക്കുന്ന കെ.ജയകുമാറിനെതിരെയും ദേവന്‍ അന്ന് ആഞ്ഞടിക്കുകയുണ്ടായി. കലാശാലയില്‍ പത്തുവര്‍ഷമെങ്കിലും പ്രൊഫസറായി ജോലി ചെയ്ത വ്യക്തിയാകണം വിസിയാകേണ്ടതെന്ന് കേന്ദ്രനിയമം അനുശാസിക്കുന്നു. ഓര്‍ത്തുവെക്കാന്‍ കൊള്ളാവുന്ന ഒന്നും അവശേഷിപ്പിക്കാതെ മൂന്നാംതരം കവിതയും അഞ്ചാംതരം പാട്ടുമായി കഴിയുന്ന വ്യക്തി എങ്ങനെ മലയാളം സര്‍വ്വകലാശാലയുടെ വിസി ആകും? സര്‍വ്വകലാശാല സ്ഥാപിക്കാന്‍ നിയുക്തനായ സ്‌പെഷ്യല്‍ ഓഫീസറായ വ്യക്തി തന്നെ അതിന്റെ വൈസ് ചാന്‍സലറായത് വേദനാജനകമാണെന്നും ജയകുമാറിനെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

ഡോ.എം.എഫ്.ഹുസൈന്റെ നഗ്നയായ സരസ്വതി ചിത്രം വിവാദമാവുകയും ഒടുക്കം വര്‍ഗീയവാദികളുടെ ഭീഷണിക്കുമുമ്പില്‍ രാജ്യം വിട്ട് പലായനം ചെയ്യേണ്ടിയും വന്നപ്പോള്‍ മലയാളി കലാകാരന്‍മാരും സാഹിത്യകാരന്‍മാരുമെല്ലാം ഹുസൈനുവേണ്ടി വാദിച്ചു. കലാകാരന്റെ സ്വാതന്ത്ര്യത്തെകുറിച്ച് വലിയ വലിയ ചര്‍ച്ചകള്‍ നടന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് അവിടേയും ദേവന്‍ വേറിട്ട അഭിപ്രായപ്രകടനം നടത്തി. രാജ്യത്തെ നിയമവും സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ടുമാത്രമേ ഏതൊരാള്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയൂ എായിരുന്നു ദേവന്റെ അഭിപ്രായപ്രകടനം. ഇത് കലാസാംസ്‌കാരിക രംഗത്ത് നിന്ന് ദേവന് വലിയതോതിലുള്ള എതിര്‍പ്പിനിടയാക്കി. ദേവന് ഹൈന്ദവ ഫാസിസ്റ്റ് മുഖം എന്നുവരെ ഇടത് ചിന്തകന്‍മാരും ഇടത് മാധ്യമങ്ങളും എഴുതി. എന്നിട്ടും തിരുത്താനോ കുലുങ്ങാനോ ദേവനെന്ന വന്‍മരം തയ്യാറായില്ല.
 

കലഹിക്കുക എന്ന വാക്കിന് ഒരുപാട് അര്‍ഥതലങ്ങള്‍ പകര്‍ന്നു തന്നാണ് അഴീക്കോട് മാഷ് കടന്നുപോയത്. അപ്പോള്‍ ദേവനെന്ന സാനിദ്ധ്യമായിരുന്നു പലരുടേയും ആശ്വാസം. ഒടുക്കം പൊയ്മുഖങ്ങളുടെ പേക്കുത്തൂകള്‍ക്കിടയില്‍ നിന്ന് ദേവന്‍കൂടി പടിയിറങ്ങുന്നു. പ്രതിപക്ഷ ശബ്ദത്തിന്‍റെ ഒരു ഉറവിടം കൂടിയാണ് മലയാളിയുടെ സാമൂഹ്യ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍