TopTop
Begin typing your search above and press return to search.

ഗാന്ധികള്‍ മോദിയെ പേടിക്കുമ്പോള്‍

ഗാന്ധികള്‍ മോദിയെ പേടിക്കുമ്പോള്‍

ടീം അഴിമുഖംഇത്രയും ആവേശത്തോടെ ഗാന്ധികുടുംബം ആരെയെങ്കിലും ആക്രമിക്കുന്നതിനെപ്പറ്റി നാം എപ്പോഴാണ് കേട്ടിട്ടുള്ളത്? അതിശക്തരായ ഗാന്ധിമാര്‍ എല്ലാവരും ഒരാളെപ്പറ്റി ഇത്ര വേവലാതിപ്പെട്ട് എപ്പോഴാണ് കണ്ടിട്ടുള്ളത്? ഗാന്ധി കുടുംബത്തിന്റെ പ്രവര്‍ത്തികളിലും വാക്കുകളിലും വല്ലാത്തൊരു വ്യഗ്രത കാണാനുണ്ടോ? ഞങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ട്.ഗാന്ധികുടുംബത്തിന് വേവലാതിപ്പെടാനുള്ള കാരണങ്ങള്‍ ഉണ്ടു താനും. 2014-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയേക്കും. പ്രധാനമായും പരുഷസ്വഭാവിയും ഭിന്നിപ്പുകള്‍ക്ക് കാരണക്കാരനുമാകുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായേക്കുമെന്ന് മാത്രമല്ല സ്വന്തം ഭരണരീതിയും ആര്‍എസ്എസ്സിന്‍റെ ഭരണരീതിയും നടപ്പില്‍ വരുത്തുകയും ചെയ്തേക്കാം. കഴിഞ്ഞ കുറച്ചാഴ്ചകളായി മൂന്നു ഗാന്ധികളും അവരുടെ ആക്രമണം മോദിയുടെ നേര്‍ക്ക് തിരിക്കുകയും ഗുജറാത്ത് മുഖ്യമന്ത്രിയുടെ മേല്‍ അസ്വാഭാവികമാംവിധം അക്രമാസക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. പ്രിയങ്ക ഉള്‍പ്പെടുന്ന മൂന്നു ഗാന്ധികളും ഗുജറാത്ത് മോഡല്‍ വികസനത്തെയും മോദിയുടെ അവകാശവാദങ്ങളെയും ബന്ധങ്ങളെയും എന്തിന്, മോദിയുടെ നെഞ്ചളവു വീമ്പുകളെ വരെ കളിയാക്കുകയും ചെയ്തിട്ടുണ്ട്.പഞ്ചാബില്‍ കുറച്ചുദിവസം മുന്‍പ് സോണിയാ ഗാന്ധി വളരെ അസ്വാഭാവികമായാണ് സംസാരിച്ചത്. “ഹേ ഭഗവാന്‍! ദേശ് കോ ബചാവോ ഇസ് തരഹ് കേ മോഡല്‍ സേ” (ദൈവം ഈ രാജ്യത്തെ ഈ മോഡലില്‍ നിന്ന് രക്ഷിക്കട്ടെ) എന്നാണ് അവര്‍ പറഞ്ഞത്.) അമ്പതുവര്‍ഷമായി ഗുജറാത്തില്‍ ജീവിക്കുന്ന സിഖ് കര്‍ഷകര്‍ അവിടം വിട്ടുപോകാന്‍ നിര്‍ബന്ധിതരാവുകയും അദാനി ഗ്രൂപ്പിന് വലിയ അളവ് ഭൂമി പതിച്ചുകൊടുക്കപ്പെടുകയും കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുകയും ചെയ്യുന്നതരം ഭരണസമ്പ്രദായമാണ് ഗുജറാത്തിലെന്ന്‍ സോണിയാ ഗാന്ധി പറഞ്ഞു.

അതേദിവസം തന്നെ ഗുജറാത്തിലെ അംരേലിയില്‍ രാഹുല്‍ ഗാന്ധി മോദിക്കെതിരെയുള്ള തന്റെ ആക്രമണം തുടര്‍ന്നു. മോദിയും വ്യവസായിയായ അദാനിയും തമ്മിലുള്ള പാര്‍ട്ണര്‍ഷിപ്പാണ് അവരുടെ പ്രചാരണം ഫണ്ട് ചെയ്യുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. മോദിയും അദാനിയും തമ്മിലുള്ള ഈ കൂട്ടുകെട്ടിനിടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനി, ജസ്വന്ത് സിംഗ്, യശ്വന്ത് സിന്‍ഹ, സുഷമാ സ്വരാജ് എന്നിവര്‍ പിന്തള്ളപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു.പ്രിയങ്കയും മോദിയുടെ കാര്യത്തില്‍ അസ്വാഭാവികമാം വിധം ആക്രമണ സ്വഭാവത്തിലാണ്. മോഡിയുടെ 56 ഇഞ്ച്‌ നെഞ്ച് പ്രസ്താവനയെ പ്രിയങ്ക കളിയാക്കുകയും രാജ്യം ഭരിക്കാന്‍ വലിപ്പമുള്ള ഒരു ഹൃദയമാണ് വേണ്ടതെന്നു പറയുകയും ചെയ്തു.എന്തുകൊണ്ടാണ് ഗാന്ധിമാര്‍ മോദിയുടെ കാര്യത്തില്‍ ഇത്രയ്ക്ക് അസ്വസ്ഥരാകുന്നത്? പൊതുവില്‍ കാണുന്നതിനെക്കാള്‍ കൂടുതലെന്തെങ്കിലും മോദി അധികാരത്തിലെത്തിയാല്‍ സംഭവിക്കുമെന്ന് അവര്‍ കരുതുന്നുണ്ടോ?സംശയിക്കാന്‍ കാരണങ്ങളുണ്ട്. ഗാന്ധിമാര്‍ പേടിക്കേണ്ടതുണ്ട് താനും. ആര്‍എസ്എസിലും ബിജെപിയിലും നിന്നുള്ള സൂചനകള്‍ അനുസരിച്ച് മോദി സര്‍ക്കാര്‍ വന്നാല്‍ അവരുടെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്ന് ഗാന്ധി കുടുംബത്തിന്റെ ഇന്ത്യന്‍രാഷ്ട്രീയത്തിലെ പ്രാധാന്യം ഇല്ലാതാക്കുക എന്നതായിരിക്കും എന്നാണ്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ അനുവദിക്കാത്തത് ഗാന്ധി കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മേലും ഒരു വലിയ വിഭാഗം ജനങ്ങളുടെ മേലുമുള്ള സ്വാധീനമാണെന്ന് സംഘപരിവാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.റോബര്‍ട്ട് വധേര വലിയ തിരിച്ചടികള്‍ നേരിടും എന്നാണ് ഒരു ആര്‍എസ്എസ് പ്രമുഖന്‍ ഞങ്ങളോട് പറഞ്ഞത്. ഭൂമി ഇടപാടുകളുടെയും മറ്റു തട്ടിപ്പുകളുടെയും പേരില്‍ അയാള്‍ ജയിലിലായാലും അത്ഭുതപ്പെടാനില്ല.

ഗാന്ധി കുടുംബത്തിന്റെ മേല്‍ക്കൈ അവസാനിച്ചാല്‍ ശക്തനായ ഒരു നേതാവായി ഉയര്‍ന്നു വരാന്‍ മോദിക്ക് കഴിയും. വലത്തോട്ട് ചായ്വുള്ള ഒരു ഇന്ത്യയെ ആര്‍എസ്എസിന് ലഭിക്കും. ഇന്ത്യയുടെ പ്രിയപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറും. മേയ് പതിനാറിനു ശേഷമുള്ള മോദിയുടെ പദ്ധതികളെപ്പറ്റി ഡല്‍ഹിയിലെ രാഷ്ട്രീയവൃത്തങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങള്‍ ഗാന്ധിമാര്‍ അറിയാതിരിക്കാന്‍ തരമില്ല താനും.ഗാന്ധിമാരുടെയൊ വേറെയാരുടെയെങ്കിലുമോമേല്‍ പ്രതികാരബുദ്ധിയുണ്ടെന്ന് മോദിയുടെ ഹിന്ദി പ്രസംഗങ്ങള്‍ കേട്ടാല്‍ തോന്നില്ല. എന്നാല്‍ ഇന്ത്യയുടെ സെന്‍ട്രല്‍ സ്റ്റേജില്‍ മോദി ഒരു നാടകം കളിക്കുകയാണ്. ഗുജറാത്തിലാണ് മോദിയുടെ തനിനിറം കാണാനാകുക. ഷം തട്ടിപ്പു നടത്തിയവരെയൊക്കെ പാഠം പഠിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് മോദി ഗുജറാത്തില്‍ വച്ച് തന്റെ അനുയായികളോട് പറഞ്ഞത്. സംശയിക്കേണ്ടത്തില്ല, ഗാന്ധിമാര്‍ ഇതിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടായേക്കാം.


Next Story

Related Stories