TopTop
Begin typing your search above and press return to search.

പാന്‍സ് ലാബിരിന്ത് ഓര്‍മിപ്പിക്കുന്ന ചില കാര്യങ്ങള്‍

പാന്‍സ് ലാബിരിന്ത് ഓര്‍മിപ്പിക്കുന്ന ചില കാര്യങ്ങള്‍

നിലീന എസ് ബലറാം

ചരിത്രത്തിന്റെ ആവര്‍ത്തനങ്ങള്‍ ഒരു പാട് തവണ കണ്ട് മടുത്തതാണ് നമ്മള്‍. ഏകാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും ഒക്കെ അന്ത്യം ഇന്നല്ലെങ്കില്‍ നാളെ എന്ന് അതിനാല്‍ തന്നെ നാമുറപ്പിക്കുന്നു. ഈ തിരിഞ്ഞുനോട്ടങ്ങളാണ് നമ്മെ കുറച്ചെങ്കിലും മുന്നോട്ട് നീങ്ങാന്‍ സഹായിക്കുന്നതും. പാന്‍സ് ലാബിരിന്ത് എന്ന 2006-ലിറങ്ങിയ മെക്‌സിക്കന്‍-സ്പാനിഷ് ചിത്രം ഇത്തരമൊരു തിരിഞ്ഞുനോട്ടമാണ്.

ഒഫീലിയ എന്ന ബാലികയുടെ ഭാവനയോ യാഥാര്‍ഥ്യമോ എന്ന് തിരിച്ചറിയാനാകാത്ത വിധം ഇഴുകിച്ചേര്‍ന്ന, നഷ്ടപ്പെട്ട ഒരു രാജ്യത്തേക്കുള്ള യാത്രയാണത്. അവളവിടെ ഒരു രാജകുമാരിയാണ്. സ്വന്തം ജീവിതത്തെ സ്വയം നിശ്ചയിക്കാന്‍ അധികാരമുള്ള ഭാവി ഭരണാധികാരി. യഥാര്‍ത്ഥ ലോകത്ത് ഏകാധിപതിയുടെ കൈയ്യാളായ രണ്ടാനച്ഛന്റെയും (വിഡാല്‍) രോഗബാധിതയും ഗര്‍ഭിണിയുമായ അമ്മയുടെയും നടുവില്‍ ശ്വാസം മുട്ടുന്ന അവള്‍, മറുവശത്ത് സ്വതന്ത്രയും സന്തോഷവതിയും ആണ്. കുട്ടിക്കഥകളിലെന്നവണ്ണം മൂന്ന് പ്രവൃത്തികള്‍ ചെയ്താല്‍ അവള്‍ക്ക് അവളുടെ നഷ്ടപ്പെട്ട ഭൂതകാലം തിരിച്ചെടുക്കാം. അവള്‍ക്കായി ഒരു രാക്ഷസക്കോട്ടയും (Labyrinth) ഒരു ഫോണും (Faun) ഫെയറികളും (Fairy) അവിടെ കാത്ത് നില്‍പ്പുണ്ട്, തിരികെ നയിക്കാന്‍.

ഇവരേല്‍പ്പിക്കുന്ന ദൗത്യങ്ങളിലൂടെ അവള്‍ നേടിയെടുക്കേണ്ടത് മൂന്നു കാര്യങ്ങളാണ്. ഒരു താക്കോല്‍ (മാര്‍ഗം), കത്തി (ആയുധം), പിന്നെ കളങ്കമില്ലാത്ത മനസും. പക്ഷെ, അതിനിടയ്ക്ക് അവള്‍ക്ക് വഴിപിഴക്കുന്നുണ്ട്. പ്രലോഭനത്തിന്റെ മുന്തിരിപ്പഴങ്ങള്‍ സ്വീകരിച്ചതിന് മൂന്നാമത്തെ പ്രവൃത്തി അവളെ ഏല്‍പ്പിക്കാന്‍ ഫോണ്‍ തയ്യാറാകുന്നില്ല. സമാന്തരമായി യഥാര്‍ഥ ലോകത്തില്‍ നടക്കുന്ന വിപ്ലവ പ്രവര്‍ത്തനങ്ങളെയും സിനിമയില്‍ ചിത്രീകരിക്കുന്നു.

വീട്ടുപരിചാരികയുടെ വേഷത്തിലുള്ള വിപ്ലവ സംഘത്തില്‍ പെട്ട മെഴ്‌സിഡെസിന് അവരെ ഒരു പരിധി വരെയെങ്കിലും സഹായിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഒഫീലിയക്ക് കാലിടറിയ അതേ സമയത്ത് തന്നെ അവര്‍ക്കും തിരിച്ചടികള്‍ നേരിടേണ്ടി വരുന്നു. കൂട്ടത്തിലൊരാളെ സൈന്യം പിടിക്കുന്നു. ക്രൂരമായ പീഡനമുറകളില്‍ നിന്നും ദയാവധത്തിലൂടെ അയാളെ രക്ഷിച്ച ഡോക്ടറേയും അവര്‍ക്ക് നഷ്ടപ്പെടുന്നു. ഒഫീലിയയെ പോലെ തന്നെ മെഴ്‌സിഡെസും തടവിലാകുന്നു. എന്നാല്‍ അമ്മയുടെ മരണ ശേഷം ഫോണ്‍ അവളെ തേടി വരികയും അവള്‍ക്ക് ഒരവസരം കൂടിക്കൊടുക്കുകയും ചെയ്യുന്നു. സ്വയം മാര്‍ഗങ്ങളെ വരച്ചുണ്ടാക്കാന്‍ കഴിയുന്ന ഒരു ചോക്ക് കഷ്ണവും കൊടുത്താണ് ഫോണ്‍ അവളെ ആ ദൗത്യം ഏല്പിക്കുന്നത്. സഹോദരനെയും എടുത്തുള്ള ഒഫീലിയയുടെ അവസാന ദൗത്യത്തിനു സഹായകരമെന്ന വണ്ണം മെഴ്‌സിഡെസ് വിഡാലിനെ മുറിവേല്പിച്ച് കൊണ്ട് രക്ഷപ്പെടുന്നു. തുടര്‍ന്നുള്ള ബഹളത്തിനിടയില്‍ ഒഫീലിയ ലാബിരിന്തിനുള്ളില്‍ എത്തുകയും ഫോണിനെ കാണുകയും ചെയ്യുന്നു. പക്ഷെ, തുടര്‍ന്നുള്ള ഫോണിന്റെ ആവശ്യം അവള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. സഹോദരനെ ബലി കൊടുക്കാന്‍ വിസമ്മതിച്ച അവള്‍ പിന്തുടര്‍ന്ന് വന്ന രണ്ടാനച്ഛന്റെ വെടിയേറ്റ് വീഴുന്നു. അതിനിടയ്ക്ക് വിപ്ലവകാരികള്‍ അവിടം വളയുകയും അയാളെ വെടിവെച്ച് കൊല്ലുകയും ചെയ്യുന്നു. മരണശേഷം ഒഫീലിയ എത്തുന്നത് അവള്‍ക്ക് നഷ്ടപ്പെട്ടു എന്നു കരുതിയ അധോലോക രാജ്യത്തിലാണ്. അവിടെ വെച്ച് അവള്‍ തിരിച്ചറിയുന്നു, നിഷ്‌കളങ്കരുടെ രക്തം പൊഴിക്കാതിരിക്കലായിരുന്നു യഥാര്‍ഥത്തില്‍ മൂന്നാമത്തെ ദൗത്യം എന്ന്. അങ്ങനെ അവളവിടെ രാജകുമാരിയായി തിരിച്ചെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

പുസ്തകങ്ങളില്‍ നിന്നോ കേട്ട കഥകളില്‍ നിന്നോ അവള്‍ സങ്കല്‍പ്പിച്ചെടുത്ത തികച്ചും നിരുപദ്രവകരമായ ഭാവനയായേക്കാം ആ രാക്ഷസക്കോട്ടയും ഫോണും ഫെയറികളുമെല്ലാം. പക്ഷെ, അതിലൂടെയവള്‍ നേടുന്ന സ്വാതന്ത്ര്യം തികച്ചും യാഥാര്‍ഥ്യം നിറഞ്ഞതാണ്. മരണത്തിലൂടെ അവള്‍ നേടിയെടുക്കുന്ന ആ സങ്കല്പരാഷ്ട്രം തന്നെയാണ് അവള്‍ക്ക് സ്വാതന്ത്ര്യം. ജീവിതം അവളെ സംബന്ധിച്ചിടത്തോളം അത്രത്തോളം വേദനിപ്പിക്കുന്നതും മടുപ്പിക്കുന്നതുമാണ്. പാരമ്പര്യം, കുടുംബമഹിമ എന്നിങ്ങനെ ഫാസിസത്തിന്റെ ചെറു പതിപ്പായ രണ്ടാനച്ഛനില്‍ നിന്നും അമ്മയെയും സഹോദരനെയും രക്ഷിക്കാനുള്ള അവളുടെ രക്ഷാമാര്‍ഗം ഈ സങ്കല്പ ലോകത്തിന്റെ വാതില്‍ തുറക്കുക എന്നതാണ്. അതാകട്ടെ അവളുടെ മാത്രമല്ല, അങ്ങോട്ടേക്കുള്ള പ്രവേശനം കാത്ത് നില്‍ക്കുന്ന മറ്റ് ജീവജാലങ്ങളുടെ നിലനില്പിന്റെ കൂടെ വിഷയമാണ്.

ഒഫീലിയയുടെ യാത്രകളിലും വിപ്ലവസംഘത്തിന്റെ നീക്കങ്ങളിലും ചില സമാനതകള്‍ നമുക്ക് കാണാം. പ്രത്യേകിച്ചും മെഴ്‌സിഡെസിന്റെ കഥാപാത്രവുമായി. ഫാസിസ്റ്റ് ഭരണത്തോടുള്ള അവളുടെ എതിര്‍പ്പ് തന്നെയാണ് രണ്ടാനച്ഛനോട് ഒഫീലിയക്കുള്ള വികാരവും. ഇരുവരും അടിച്ചമര്‍ത്തലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം വഴി കണ്ടെത്തുന്നു.

മെയ് 16-നു ശേഷമുള്ള നമ്മളില്‍ പലരുടെയും ഭാവിയും ഇത് പോലുള്ള ഏതെങ്കിലും രാക്ഷക്കോട്ടയിലായിരിക്കും. പുറത്തിറങ്ങാന്‍ വയ്യാത്തവിധം സ്വയം നഷ്ടപ്പെടുത്തുന്നവര്‍ക്ക് രക്ഷപ്പെടാം. ഒഫീലിയയെ പോലെ മരണത്തില്‍ നിന്ന് നഷ്ടസ്വര്‍ഗത്തിലേക്ക് കണ്ണ് തുറക്കാമെന്നും പ്രതീക്ഷിക്കാം.

വാല്‍ക്കഷ്ണം: പുലി വരുന്നേയെന്നും പറഞ്ഞ് പറ്റിച്ച ആട്ടിടയന്റെ കഥയില്‍ നിന്ന് പൂര്‍ണമായും മോചിതരല്ലാത്തതിനാലാവണം ഫാസിസം എന്നു കേള്‍ക്കുമ്പോള്‍ അതിശയോക്തി എന്ന് പലരും ഉറഞ്ഞ് തുള്ളുന്നത്. അത്തരക്കാര്‍ കണ്ണു തുറന്നോന്നു നോക്കിയാല്‍ മതി. ഗുജറാത്ത് വരെയൊന്നും പോകേണ്ടതില്ല, ഇങ്ങ് ഇരിങ്ങാലക്കുട അത്ര ദൂരത്തൊന്നും അല്ലല്ലോ. എന്നിട്ടും ചരിത്രപരമായി കാട്ടിക്കൂട്ടിയ തെറ്റുകളില്‍ നിന്ന് പൂര്‍ണമായും പഠിച്ചുവെന്നുള്ള ഇത്തരക്കാരുടെ ആത്മവിശ്വാസത്തിന് സ്തുതി.

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയാണ് നിലീന)


Next Story

Related Stories