TopTop
Begin typing your search above and press return to search.

കേരളത്തിന്‍റെ ഗിറ്റാര്‍

കേരളത്തിന്‍റെ ഗിറ്റാര്‍

സിനിമയുടെ, പ്രത്യേകിച്ച് സിനിമാപാട്ടിന്റെ കാര്യത്തിലെങ്കിലും 'കേരളീയത'യ്ക്കും 'മലയാളിത്ത'ത്തിനും നിലനില്‍ക്കണമെങ്കില്‍ ഈ രണ്ടു സങ്കല്‍പ്പങ്ങള്‍ക്കും പുറത്തുള്ളത് എന്ന് കരുതുപ്പെടുന്ന കുറെ കാര്യങ്ങളും കൂടി വേണം. എസ് ജാനകിയും പി സുശീലയും സലില്‍ ചൗധരിയും ഇളയരാജയും ഇല്ലാതെ എന്ത് മലയാളം പാട്ട്? ഈ 'മലയാളിത്ത'ത്തിന്റെ സൃഷ്ടിയില്‍ ഇവര്‍ക്കെല്ലാം പങ്കുണ്ട്. ഒരു കാലത്ത് മലയാള സിനിമയിലെ 'മലയാളത്തിന്റെ ലാളിത്യം' വീണ്ടെടുക്കാന്‍ മുംബൈയില്‍ നിന്നും രവി എന്ന സംഗീത സംവിധായകനെ കൊണ്ടുവരേണ്ടി വന്നു. ഇതേ പോലെ തന്നെ മലയാളം പാട്ടുകളില്‍ നിറഞ്ഞു നില്ക്കുന്ന കുറെ ഉപകരണങ്ങളുമുണ്ട്. സംഗീത ഉപകാരണങ്ങളും സാങ്കേതിക വിദ്യയും പാട്ടുകാരും എഴുത്തുകാരും സംഗീത സംവിധായകരും സിനിമയും എല്ലാം ചേര്‍ന്നുള്ള ഒരു ഇടപാടാണ് സിനിമാ ഗാനങ്ങള്‍. എന്നാല്‍ ഉപകരണങ്ങളെ കുറിച്ചും സാങ്കേതിക വിദ്യയെ കുറിച്ചും അവ പല കാലഘട്ടങ്ങളില്‍ ഈ പാട്ടുകളെ വിഭാവനം ചെയ്യുന്നതില്‍ വഹിച്ച പങ്കിനെക്കുറിച്ചും ഒരിക്കലും എഴുതപ്പെടാറില്ല.

ഈ പംക്തിയിലൂടെ അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാണാഗ്രഹിക്കുന്നത്. പാട്ടിന്റെ കേള്‍വിയെക്കുറിച്ചുള്ള എന്റെ ചിന്തകളും ഇതിലൂടെ പങ്കു വെക്കാന്‍ ശ്രമിക്കാമെന്നു കരുതുന്നു. എല്ലാ പാട്ടുകളിലും അതിറങ്ങിയ കാലഘട്ടത്തിന്റെ, അന്നത്തെ സാങ്കേതിക വിദ്യയുടെ, സംഗീത ശീലത്തിന്റെ, ഉപകരണങ്ങളുടെ ചരിത്രത്തിന്റെ മുദ്രകള്‍ കാണും. അതെ പോലെ നമ്മുടെയൊക്കെ വൈയക്തിക ചരിത്രത്തിലേക്ക് നമ്മള്‍ ഓരോ പാട്ടിനെയും ഉള്‍ച്ചേര്‍ക്കുകയും ചെയ്യാറുണ്ട്. പല പാട്ടുകളും നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളുമായി ബന്ധപ്പെട്ടാണ് നമ്മള്‍ ഓര്‍ക്കുന്നത്. വ്യത്യസ്തമായ ഈ ബന്ധങ്ങള്‍ക്കകത്ത് ഈ പാട്ടുകളെ കേള്‍ക്കാനുള്ള ശ്രമമാണ് ഞാന്‍ നടത്തുന്നത്.

'ഗിറ്റാര്‍' എന്ന ഉപകരണം 'പാശ്ചാത്യം' എന്നാണു മനസിലാക്കപ്പെടുന്നത്. പാശ്ചാത്യ ജനപ്രിയ സംഗീതത്തിന്റെ ഭാഗമായ ഒന്നാണെങ്കിലും ഇന്ത്യയിലെ സിനിമാപ്പാട്ടുകളില്‍ അത് വളരെ സജീവമായ ഒന്നാണ്. 'മലയാളിത്തം' ഉള്ള ഗാനങ്ങള്‍ എന്ന് സാധാരണ മനസിലാക്കപ്പെടുന്ന പാട്ടുകളില്‍ പോലും കോഡുകള്‍ ആയി അതുണ്ടാവാം. ബി ജി എം എന്ന് ഗാനമേള ഭാഷയില്‍ പറയുന്ന പാട്ടുകളുടെ ഇടയ്ക്കുള്ള ഉപകരണ സംഗീത ഭാഗങ്ങള്‍ എല്ലാത്തരം സംഗീത സമ്പ്രദായങ്ങളും പരീക്ഷിക്കപ്പെടുന്ന ഒന്നാണല്ലോ. ഇവയില്‍ ഗിറ്റാര്‍ മിക്കപ്പോഴും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. ഏതു ഗിറ്റാര്‍ ഉപയോഗിക്കപ്പെടുന്നു എന്നതും ഗിറ്റാറിന്റെ ശൈലിയുമായിരിക്കും പാട്ടിന്റെ ഗണത്തെകുറിച്ച് മനസിലാക്കാന്‍ സാധ്യത നല്കുന്നത്. ഇലക്ട്രിക് ഗിറ്റാറിലുള്ള ലീഡുകള്‍ റോക്ക് സംഗീത ശൈലിയായി പാട്ടിനെ കേള്‍ക്കാന്‍ പ്രേരിപ്പിക്കും.

'പാശ്ചാത്യം' / 'കേരളീയം' എന്നിങ്ങനെ ദ്വന്ദമായി വിഭജിക്കാന്‍ കഴിയാത്തവണ്ണം പല പഴയ ഗാനങ്ങളിലും ഗിറ്റാര്‍ കടന്നു വരുന്നുണ്ട്. ഇവിടെ ഗിറ്റാര്‍ തന്നെ സ്‌ക്രീനില്‍ വരുന്ന ചില പാട്ടുകളെക്കുറിച്ച് പറയാം. അത് നേരത്തെ ഞാന്‍ പറഞ്ഞ 'കേരളീയത / മലയാളിത്തം' എന്നിവയെ കുറിച്ച് ചില സൂചനകള്‍ നല്കുന്നു എന്ന് ഞാന്‍ കരുതുന്നു. ആദ്യത്തെ പാട്ട് 1978-ല്‍ പുറത്തിറങ്ങിയ 'സമയമായില്ലാ പോലും' എന്ന സിനിമയിലെ 'മയിലുകളാടും മാലിനി തന്‍ തീരം' എന്ന പാട്ടാണ്. ഓ എന്‍ വി കുറുപ്പ് എഴുതി സലില്‍ ചൌധരി സംഗീതം ചെയ്ത ഒരു ഹിറ്റ് ഗാനം.

കേരളത്തിന്റെ പ്രകൃതിയെ കുറിച്ചുള്ള വര്‍ണ്ണനയാണ് ആ പാട്ട്. ഒട്ടും അസ്വാഭാവികത ഇല്ലാതെ ഒരു വലിയ ഗിറ്റാര്‍ ആ നദിയിലൂടെ, 'കേരളത്തിന്റെ' ഭൂപ്രകൃതിയിലൂടെ ഒഴുകി നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. സാംസ്‌കാരികമായ ഒരു ഭൂമിശാസ്ത്രത്തിനു ഇത് പ്രശ്‌നം സൃഷ്ടിക്കുന്നില്ല. 'കേരളത്തിന്റെ' ഗിറ്റാര്‍ ആയി അത് മാറുന്നു. ആ കാലഘട്ടത്തില്‍ പ്രത്യേകിച്ചും സലില്‍ ചൌധരി അടക്കമുള്ള 'പാശ്ചാത്യ സംഗീതശൈലി' വിദഗ്ദ്ധമായി ഉപയോഗിച്ചിരുന്ന സംഗീത സംവിധായകരുടെ പാട്ടുകള്‍ എത്രത്തോളം മലയാള സംഗീതഭാവനയുടെ ഭാഗമായിരുന്നു എന്ന് വ്യക്തമാക്കുന്നു.

ഈ പാട്ടിറങ്ങിയതിനു മുന്‍പ് 'കായാമ്പൂ കണ്ണില്‍ വിടരും' എന്ന ഗാനത്തില്‍ ഗിറ്റാര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു സംഗീത ഉപകരണം എന്ന നിലയിലാണ്.

വയലാര്‍-ദേവരാജന്‍ ടീമിന്റെ നദി (1969) യിലെ ഈ ഗാനം 'മലയാള' സംഗീതത്തിന്റെ 'ഗൃഹാതുരത്വ'വുമായി ബന്ധപെട്ടു മനസിലാക്കപ്പെടുന്ന ഒന്നാണ്. ഇതില്‍, ഗിറ്റാര്‍ പാട്ടില്‍ കേള്‍ക്കുന്ന പോലെ ദൃശ്യത്തില്‍ അതേപോലെ കാണിക്കുകയല്ല ചെയ്യുന്നത്. പാട്ടില്‍ ഗിറ്റാര്‍ കോഡു (chord ) കളാണ് കേള്‍ക്കുന്നതെങ്കിലും നസീറിന്റെ വിരലുകള്‍ ലീഡ് / സോളോ (lead / solo) വായിക്കുന്ന ഒരു പ്രതീതിയാണ് നല്കുന്നത്. ദൃശ്യപരമായ ഒരു പ്രാധാന്യമാണ് ഗിറ്റാറിനു കൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പലപ്പോഴും പാട്ടില്‍ വീണയുടെ ലീഡ് കേള്‍ക്കുമ്പോഴാണ് ഗിറ്റാര്‍ ദൃശ്യത്തില്‍ വരുന്നത്. നദിയും താറാവുകളും ഒക്കെയാല്‍ സൃഷ്ടിക്കപെടുന്ന ഒരു 'കേരളീയ' അന്തരീക്ഷത്തില്‍ പാട്ടില്‍ ഗിറ്റാര്‍ സ്വാഭാവികമായി കാണപ്പെടുന്നതാണ് ശ്രദ്ധേയം.

ഈ രണ്ടു പാട്ടുകളിലും അക്കോസ്റ്റിക് (acoustic) അല്ലെങ്കില്‍ സ്പാനിഷ് ഗിറ്റാര്‍ ആണ് കാണുന്നതെങ്കില്‍ താളവട്ടത്തിലെ ഇലക്ട്രിക് ഗിറ്റാര്‍ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ? കഥയുടെ ഭാഗമാണ് അതിലെ ഗിറ്റാര്‍. പാട്ടിനിടയില്‍ മോഹന്‍ ലാലും ലിസിയും നൃത്തം വെക്കുന്നത് ഒരു കൂറ്റന്‍ ഇലക്ട്രിക് ഗിറ്റാറിന്റെ മുകളിലാണ്. ആ പാട്ടിന്റെ ഒടുവിലുള്ള ആ ഗിറ്റാര്‍ ലീഡ് ആ പാട്ടിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. ഈയിടെ അന്തരിച്ച രഘു കുമാര്‍ നമുക്ക് സമാനിച്ച ആ ഗിറ്റാര്‍ ശകലം വീണ്ടും കേള്‍ക്കാം.


Next Story

Related Stories