TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടി ഇനിയും ധാര്‍മികതയെ കുറിച്ച് പ്രസംഗിക്കരുത്

ഉമ്മന്‍ ചാണ്ടി ഇനിയും ധാര്‍മികതയെ കുറിച്ച് പ്രസംഗിക്കരുത്

സാജു കൊമ്പന്‍


യഥാര്‍ഥത്തില്‍ കേരള രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഒരു കാവ്യ നീതിയാണ്. ആരെയാണോ ഒരു കാലത്ത് കുറെ പേര്‍ വട്ടംകൂടി കല്ലെറിയുകയും കഴുത്തിന് പിടിച്ച് പുറത്താക്കുകയും ചെയ്തത്, അതിപ്പോള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു.


ഗുരുവായൂരിലെ നഷ്ടപ്പെട്ടുപോയ തിരുവാഭരണം മണിക്കിണര്‍ വറ്റിച്ചപ്പോള്‍ തിരിച്ചുകിട്ടിയതോടെ കണ്ണന്‍റെ ആടയാഭരണങ്ങള്‍ മോഷ്ടിച്ചവന്‍ എന്ന് എതിരാളികളാലും പരോക്ഷമായി സഹപ്രവര്‍ത്തകരാലും കുറ്റാരോപിതനായ കരുണാകരന്‍ മുകളില്‍ ഇരുന്ന് സ്വതസിദ്ധമായ ശൈലിയില്‍ ചിരിക്കുകയായിരിക്കും.


1985 ഏപ്രില്‍ ഒന്നാം തിയ്യതി നഷ്ടപ്പെട്ട ഗുരുവായൂരപ്പന്‍റെ തിരുവാഭരണം തിരിച്ചു കിട്ടിയ വാര്‍ത്ത പത്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ദിവസം തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ 21-ആം പ്രതിയും ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഉദ്യോഗസ്ഥ ഭാര്യ ഷംഷാദിനെ 22-ആം പ്രതിയുമായി സി ബി ഐ എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലീംരാജ് തന്‍റെ ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പോലീസ് അന്വേഷണത്തെ അട്ടിമറിച്ചു എന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്നും സി ബി ഐ എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്. ആ ഉന്നതന്‍ ആരാണെന്ന്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം എന്നതുകൊണ്ട് പേര് ഇനിയും പരാമര്‍ശിക്കേണ്ട ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല.


കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അമരക്കാരനും മുഖ്യമന്ത്രിയുമായിരുന്ന കാലത്ത് കോടതിയില്‍ നിന്നോ അന്വേഷണ ഏജന്‍സികളില്‍ നിന്നോ എന്തെങ്കിലും എതിരായ പരാമര്‍ശം ഉണ്ടായാല്‍ ഉടന്‍ പ്രതിപക്ഷത്തേക്കാള്‍ ശക്തമായി കരുണാകരനെതിരെ വിമര്‍ശന ശരങ്ങള്‍ തൊടുക്കുകയും രാജി ആവശ്യം ഉന്നയിക്കുകയും ചെയ്തവരാണ് ഉമ്മന്‍ ചാണ്ടിയും സംഘവും. എന്നാല്‍ കോടതിയില്‍ നിന്നും മറ്റും തനിക്കെതിരെ ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ക്ക് തരിമ്പും വില കല്‍പ്പിക്കാതെ, പരാമര്‍ശം നടത്തിയ ന്യായാധിപന്‍മാരെ വ്യക്തിഹത്യ നടത്താന്‍ “കൂലിത്തല്ലുകാരെ” പറഞ്ഞു വിടുന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ സി ബി ഐയുടെ എഫ് ഐ ആറിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാമര്‍ശിച്ചിരിക്കുന്നു. മുഖ്യമന്ത്രി ഇതുവരെയായും ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.


പ്രമാദമായ ഐ എസ് ആര്‍ ഒ ചാര കേസില്‍ കരുണാകരന്‍റെ രക്തത്തിന് വേണ്ടി നിലവിളിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. ചാര കേസ് രാജ്യത്തിനുണ്ടാക്കിയ നഷ്ടവും നമ്പി നാരായണനെ പോലുള്ള ജീനിയസുകളായ ശാസ്ത്രജ്ഞന്‍മാരുടെ ജീവിതത്തെ ഇല്ലാതാക്കിയതും ഒന്നും തന്നെ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നില്ല. നമ്പി നാരായണന് അനുകൂലമായി കോടതി വിധിയുണ്ടായപ്പോള്‍ സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി അന്ന് ചെയ്ത മഹാ അപരാധത്തില്‍ തെറ്റു പറ്റിപ്പോയി എന്ന് ഏറ്റുപറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. ധാര്‍മ്മികതയെയും ജനാധിപത്യത്തെയും കുറിച്ച് പൂര പ്രസംഗം നടത്തുന്ന മുഖ്യമന്ത്രി തന്‍റെ പൊതുജീവിതത്തില്‍ ധാര്‍മികതയുടെ രേഖ എവിടെയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ഇതുവരെയുള്ള അനുഭവങ്ങള്‍ വെച്ച് ധാര്‍മ്മികത തൊട്ട് തീണ്ടാത്ത നേതാവാണ് താന്‍ എന്ന് ഉമ്മന്‍ ചാണ്ടി തെളിയിച്ച് കൊണ്ടിരിക്കുകയാണ്.


കടകംപള്ളി-കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ ആദ്യം മുഖ്യമന്ത്രി പ്രതികരിച്ചത് എല്ലാം ജനകീയ കോടതി തീരുമാനിക്കട്ടെ എന്നാണ്. എന്നാല്‍ പിന്നീട് നിയമ ചരിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത പരിഹാസ്യമായ ഇടപെടലുകളിലൂടെ വിധിയിലെ രണ്ട് പരാമര്‍ശങ്ങള്‍ക്ക് മാത്രം സ്റ്റേ നേടി തത്ക്കാലം രക്ഷപ്പെടുകയായിരുന്നു മുഖ്യമന്ത്രി. സോളാര്‍ അന്വേഷണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന്‍റെ പരിധിയില്‍ തന്‍റെ ഓഫീസ് പെടുമെന്നായപ്പോള്‍ അന്വേഷണത്തെ തന്നെ മന്ദഗതിയിലാക്കിക്കൊണ്ടാണ് ഉമ്മന്‍ ചാണ്ടി കളിച്ചത്.


ലോകത്തെവിടെയായാലും എല്ലാമാസവും ഒന്നാം തീയതി ഗുരുവായൂരപ്പനെ കാണാന്‍ കരുണാകരന്‍റെ ഒരു പോക്കുണ്ട്. ശര വേഗത്തിലുള്ള ആ കാര്‍ യാത്ര അധികാര പ്രമത്തതയുടെ അടയാളമായിട്ടാണ് കേരള സമൂഹം കണ്ടത്. എന്തായാലും ഗുരുവായൂരപ്പന്‍ കരുണാകരനെ കൈ വിട്ടില്ലെന് വേണം കരുതാന്‍. മണിക്കിണര്‍ വറ്റിച്ചപ്പോള്‍ പൊങ്ങിവന്ന തിരുവാഭരണമായും ഐ എസ് ആര്‍ ഒ കേസിലെ കോടതി വിധിയായും സോളാര്‍ കേസിലെയും കടകംപള്ളി-കളമശേരി ഭൂമി ഇടപാടുകളിലെ കോടതി പരമര്‍ശങ്ങളായും ഏറ്റവുമൊടുവില്‍ സി ബി ഐ എഫ് ഐ ആറായും ഗുരുവായൂരപ്പന്‍റെ ഇടപെടലാണ് നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് കരുണാകര ആരാധകന്‍മാര്‍ കരുതുന്നത്.


എന്തായാലും കോടതിയും ജുഡീഷ്യല്‍ അന്വേഷണവും സി ബി ഐ അന്വേഷണവും തീര്‍ക്കുന്ന കുരുക്കില്‍ നിന്ന് അധിക കാലം ഒളിച്ചുകളിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ പ്രതിപക്ഷം അവകാശപ്പെടുന്നത് പോലെ സംഭവിക്കുകയാണെങ്കില്‍ ജനകീയ കോടതി തന്നെ തീരുമാനിക്കും ഉമ്മന്‍ ചാണ്ടിയുടെ വിധി. അതും സംഭവിച്ചില്ലെങ്കില്‍ കരുണാകരനും ഗുരുവായൂരപ്പനും വീണ്ടും ഇടപെടും. തീര്‍ച്ച!


Next Story

Related Stories