TopTop
Begin typing your search above and press return to search.

അറബിയുടെ ആനയും ബീരാന്‍ മൂപ്പനും

അറബിയുടെ ആനയും ബീരാന്‍ മൂപ്പനും

ലോകചരിത്രത്തിന്റെ തന്നെ ഗതിമാറ്റിയെഴുതിയ കോഴിക്കോടന്‍ സമുദ്രപൈതൃകം തേടിയുള്ള ഒരു യാത്ര മിക്കപ്പോഴും നിരാശയിലായിരിക്കും എത്തിപ്പെടുന്നത്. ബീച്ച്‌റോഡിന്റെ രണ്ടറ്റത്തും തുരുമ്പെടുത്ത് ഇളകിയാടുന്ന കടല്‍പ്പാലങ്ങള്‍. കടലോരത്തെ പൊളിഞ്ഞുവീഴാറായ പാണ്ടികശാലകള്‍. കയ്യേറ്റക്കാര്‍ കഴുത്തു ഞെരിച്ചും, മാലിന്യങ്ങളൊഴുക്കിയും മൃതപ്രായയാക്കിയ കല്ലായിപ്പുഴ. തലകീഴ് മറിയുന്ന കച്ചവടസംസ്‌കാരത്തിനു വഴിമാറിയ കടകമ്പോളങ്ങളും തെരുവുകളും. മാഞ്ഞുപോയ പ്രതാപകാലത്തിന്റെ അവശേഷിക്കുന്ന അസ്ഥിപഞ്ചരങ്ങള്‍. തങ്ങളുടെ എല്ലാ പുരോഗതിക്കും പാതയൊരുക്കിയ കടലമ്മയെ നന്ദികേടോടെ മറന്ന നഗരജനത. ഇവയൊക്കെ മനം മടുപ്പിച്ചപ്പോളാണ് യാദൃഛികമായി ബിച്ചുക്കയെ പരിചയപ്പെട്ടത്.

ബിച്ചുക്കയെന്ന വിളിപ്പേരുള്ള എസ്.എം യഹിയയും, അബ്ദുള്‍ ഗഫൂറും, അഹമ്മദ് കോയയും, കുഞ്ഞഹമ്മദും കോഴിക്കോടന്‍ സമുദ്രപാരമ്പര്യത്തിന്റെ അവശേഷിക്കുന്ന സൂക്ഷിപ്പുകാരാണ്. ഈ കരാറുകാര്‍ ചാലിയാര്‍ത്തീരത്ത് ഉരു പണിയിക്കുന്നു. ബേപ്പൂരിനടുത്ത് കക്കാടത്തും, ചാലിയത്തിനടുത്ത് പട്ടര്‍മാട് ദ്വീപിലും ഉരുപ്പണിശ്ശാലകള്‍ നടത്തുന്നു.

രണ്ടര വര്‍ഷം മുമ്പ് കക്കാടത്തെ ബിച്ചുക്കയുടെ പണിശാലയിലെത്തുമ്പോള്‍ പുതിയ ഉരുവിന്റെ പണി തുടങ്ങുകയായിരുന്നു. രണ്ടു നെടുനീളന്‍ തടികള്‍ കൂട്ടി യോജിപ്പിച്ചുണ്ടാക്കിയ ഉരുവിന്റെ അടിമരം. അടിമരത്തിന്റെ മദ്ധ്യത്തില്‍ കെട്ടിയ ചരടില്‍ സൂക്ഷ്മനിരീക്ഷണം നടത്തുന്നയാളെ ശ്രദ്ധിച്ചു. ഉരുപ്പണിയിലേര്‍പ്പെട്ടിരിക്കുന്ന തച്ചന്മാര്‍ക്കു നേതൃത്വം നല്‍കുന്ന എടത്തൊടി സത്യന്‍. സത്യന്റെ നിര്‍ദ്ദേശത്തില്‍ അടിമരത്തിന്റെ ഒരറ്റത്തും, ഇടഭാഗങ്ങളിലും അടയാളങ്ങള്‍ രേഖപ്പെടുത്തുന്ന ഉളിയും ചുറ്റികയുമേന്തിയ ആശാരിമാര്‍. 'ഈടത്തന്നെയല്ലെ സത്യേട്ടാ' യെന്ന സംശയത്തിന് ചരടില്‍ ഒരുവട്ടം കൂടി ശ്രദ്ധിച്ച് ഒരല്‍പ്പം ആലോചിച്ചു കൃത്യമായ മറുപടി. എടത്തൊടി സത്യന്‍ ഉരുനിര്‍മ്മാണത്തിലെ മാസ്റ്റര്‍ കാര്‍പെന്റര്‍ അഥവാ പെരുംതച്ചനാണെന്നു മനസ്സിലായി. നാവികസേനയിലും, കപ്പല്‍നിര്‍മ്മാണശാലയിലുമുള്ള എന്റെ ഔദ്യോഗിക പശ്ചാത്തലം വച്ചുകൊണ്ട് സത്യന്റെ കൈവശം അനേകം രൂപരേഖാചിത്രങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചു. എന്തായാലും എണ്‍പത്തിയാറിലധികം അടി നീളമുള്ളതും, മുന്നൂറിലധികം ടണ്‍ കേവുഭാരവുമുള്ള ഉരുവാണല്ലൊ സത്യനും കൂട്ടരുമുണ്ടാക്കുന്നത്? നാവികസേനക്കു വേണ്ടി ആ വലിപ്പത്തിലൊരു കപ്പലുണ്ടാക്കണമെങ്കില്‍ ഒരാധുനിക കപ്പല്‍നിര്‍മ്മാണശാലക്ക് നൂറോളം രൂപരേഖാ ചിത്രങ്ങള്‍ ആവശ്യമായി വരും. ഉരുവിന്റെ രൂപരേഖാചിത്രങ്ങള്‍ തേടിയ എന്റെ ജിജ്ഞാസക്കു മറുപടിയായൊരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് എടത്തൊടി സത്യന്‍ തന്റെ ജോലി തുടര്‍ന്നു.

അതൊക്കെ സത്യേട്ടന്റെ തലക്കുള്ളിലാണെന്നു പറഞ്ഞുകൊണ്ടാണ് അബ്ദുള്‍ നാസ്സിര്‍ സ്വയം പരിചയപ്പെടുത്തിയത്. കക്കാടത്തെ പണിശാലയുടെ മാനേജരാണ് സദാ ഉത്സുകനായ നാസ്സിര്‍. അദ്ദേഹത്തെപ്പോലെ അലിക്കോയയും, അബുക്കായെന്നറിയപ്പെടുന്ന അബ്ദുള്‍ റഹ്മാനും ചാലിയാര്‍തീരത്തെ ഉരുനിര്‍മ്മാണപ്പണിപ്പുരകളുടെ നടത്തിപ്പുകാരാണ്. നദിക്കരയില്‍ ഉരു നിര്‍മ്മാണത്തിനുതകുന്ന സ്ഥലം കണ്ടെത്തുന്നതു മുതല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉരു നീറ്റിലിറക്കുന്നതുവരെയുള്ള എല്ലാ ജോലികളും ഇവരുടെ ഉത്തരവാദിത്ത്വമാണ്. സത്യനും, അദ്ദേഹത്തെപ്പോലെതന്നെ പ്രാവീണ്യമുള്ള നാരായണനും, പുഴക്കര രമേശനും, ശ്രീധരനും ഉരുവിന്റെ മുഖ്യശില്‍പ്പികളായി എല്ലാ ഘട്ടങ്ങളിലും ഇവരോടൊത്തു പ്രവര്‍ത്തിക്കുന്നു.

ഉചിതമായ സ്ഥലം കണ്ടെത്തിയാലുടനെ അതു കരാറിനെടുത്ത് ഏതാണ്ട് അമ്പതടി ഉയരത്തില്‍ പണിപ്പുര കെട്ടിയുണ്ടാക്കും. ഇതോടൊപ്പം തന്നെ മുഴുവനും മരത്തില്‍ നിര്‍മ്മിക്കുന്ന ഉരുവിനാവശ്യമുള്ള തടി സംഘടിപ്പിക്കുന്നു. മലേഷ്യയില്‍ നിന്നു തേക്കും, നിലമ്പൂരില്‍ നിന്ന് വാകയും കൊയ്‌ലമരവും നദിക്കക്കരെ ഫറോക്കിലെത്തിക്കുന്നു. അവിടെനിന്നും നദിമാര്‍ഗ്ഗം പണിപ്പുരയിലേക്ക്. എഴുപതുമുതല്‍ നൂറടിവരെ നീളവും ഇരുനൂറു മുതല്‍ നാനൂറ്റിയമ്പതു ടണ്‍ വരെ കേവുഭാരവുമുള്ള ഉരുക്കളാണുണ്ടാക്കുന്നത്. ഉരുവിന്റെ രൂപകല്‍പ്പനയുടെ അടിസ്ഥാനഘടകം അടിമരത്തിന്റെ നീളമാണ്. അതിന് അനുപാതത്തിലുള്ള വീതിയും, ഉയരവും. ഇവയൊന്നും ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. സത്യന്‍ തന്റെ തലക്കുള്ളിലുള്ള കണക്കു പ്രകാരം തടികള്‍ അറുത്തെടുപ്പിക്കുന്നു. പല നീളത്തിലും, വീതിയിലും, ആകൃതിയിലുമുള്ള കഷ്ണങ്ങള്‍ മുറിക്കുന്നത് വലിയ അറക്കവാള്‍ കൊണ്ട് പരമ്പരാഗത രീതിയിലാണ്. ചെറിയ കഷ്ണങ്ങള്‍ മാത്രം യന്ത്രവാള്‍ കൊണ്ടറക്കും.

അടിമരത്തിനു കുറുകെ കൃത്യ അനുപാതത്തില്‍ വളഞ്ഞ കഷ്ണങ്ങള്‍ സ്ഥാപിച്ച് ഉരുവിന്റെ ചട്ടക്കൂടു തയ്യാറാക്കുന്നു. ഇതും സത്യന്റെ മനക്കണക്കു പ്രകാരം തന്നെ. ഒരു കടലാസും, രേഖാചിത്രവുമില്ല. പലതവണ ചോദിച്ചപ്പോള്‍ സത്യന്‍ തന്റെ രഹസ്യക്കലവറ അല്‍പ്പം തുറന്നു. ഉരു എന്ന് ഇന്നറിയപ്പെടുന്ന പൂര്‍ണ്ണമായും തടിയില്‍ നിര്‍മ്മിക്കുന്ന വലിയ നൗകയുടെ ഉറവിടം അറബിക്കടലിനക്കരെയാണ്. പണ്ട് പത്തേമാരിയെന്നറിയപ്പെട്ടിരുന്ന പായ്ക്കപ്പലുകള്‍ അറേബ്യയില്‍ നിന്നും കോഴിക്കോട്ടെത്തിയിരുന്നു. ഇവയില്‍ ഉരുണ്ട പിന്‍ഭാഗമുള്ള 'ബോമ്പ്' ചരക്കു കയറ്റാനും, കൂര്‍ത്ത പിന്‍ഭാഗമുള്ള 'സിരീക്ക' മത്സ്യബന്ധനത്തിനും, പരന്ന പിന്‍ഭാഗമുള്ള 'സംബൂക്ക്'ചരക്കിനൊപ്പം ഉല്ലാസയാത്രക്കും ഉപയോഗിച്ചിരുന്നു. അറബികളുടെ പത്തേമാരികള്‍ക്കുള്ള അറ്റകുറ്റപ്പണികള്‍ കോഴിക്കോട്ടു നടത്തിയിരുന്ന ആശാരിമാരായിരിക്കാം ഇവിടെ ഉരുനിര്‍മ്മാണം തുടങ്ങിവച്ചത്. സുലഭമായ തേക്കും, തച്ചന്മാരുടെ കരവിരുതും, ഉരുനിര്‍മ്മാണത്തിനുതകുന്ന നദീമുഖങ്ങളും കോഴിക്കോടിനെ ഒരു പ്രധാന ഉരുനിര്‍മ്മാണകേന്ദ്രമാക്കി.

ഉരു നിര്‍മ്മാണത്തിനാവശ്യമുള്ള രേഖകളും കണക്കുകളും ആശാരിമാര്‍ തലയ്ക്കുള്ളില്‍ സൂക്ഷിച്ച് തലമുറകള്‍ക്കു കൈ മാറിക്കൊടുത്തുകൊണ്ടിരുന്നു. യൂറോപ്യന്‍ അധിനിവേശത്തില്‍ അറേബ്യയുമായുള്ള സമുദ്രവാണിജ്യം ക്ഷയിച്ചത് ഉരുനിര്‍മ്മാണത്തിനു തിരിച്ചടിയായെങ്കിലും അതിനാവശ്യമുള്ള അറിവുകള്‍ എവിടൊക്കെയോ ചില തലകളില്‍ സൂക്ഷിക്കപ്പെട്ടു. ഉരുനിര്‍മ്മാണത്തിന് രേഖാചിത്രങ്ങളൊന്നുമില്ലെങ്കിലും, പരമ്പരാഗതമായി കൈമാറിയ രൂപരേഖകള്‍ ജനനം കൊണ്ടൊരാശാരിയല്ലെങ്കിലും, എങ്ങനെയൊക്കയോ സത്യന്റെ തലക്കുള്ളിലുമെത്തി. കോഴിക്കോടന്‍ കഴിവുകള്‍ അറബിയുടെ മനസ്സിലും സൂക്ഷിക്കപ്പെട്ടു.

എണ്ണസമൃദ്ധിയുടെ നിറവില്‍ സമ്പന്നരായ അറബികളാണ് ഉരുവിനൊരു പുതിയ മാനം നല്‍കിയത്. തങ്ങളുടെ സമ്പന്നത വിളിച്ചറിയിക്കുന്ന ഉല്ലാസനൗകകളായി അവര്‍ ഉരുവിനെ കാണാന്‍ തുടങ്ങി. ഉരു വാങ്ങാനവര്‍ കോഴിക്കോട്ടെത്തി. അങ്ങിനെ ബിച്ചുക്കയും മറ്റു കരാറുകാരും, നാസ്സിറിനെപ്പോലെയുള്ള നടത്തിപ്പുകാരും, സത്യനെപ്പോലെയുള്ള തച്ചന്‍മാരും ചേര്‍ന്ന് ചാലിയാര്‍തീരത്തു പണിപ്പുരകള്‍ സ്ഥാപിച്ചു. അറിഞ്ഞോ അറിയാതയോ ഈ കൂട്ടായ്മയിലൂടെ ഇവര്‍ നമുക്കു നഷ്ടമായ ഒരു വലിയ സമുദ്രപാരമ്പര്യത്തിന്റെ കുറച്ചു ഭാഗമെങ്കിലും പുനര്‍ജീവിപ്പിച്ചിരിക്കുന്നു.

മലയാളിയുടെ ആനക്കമ്പത്തിനു സമാനമാണ് അറബിയുടെ ഉരുക്കമ്പം. ആഢ്യന്‍മാരായ മലയാളികള്‍ പണ്ടു തൊടിയിലൊരാനയെ കെട്ടിയിരുന്നതുപോലെ ആഢ്യന്‍മാരായ അറബികള്‍ കടലിടുക്കുകളില്‍ ഉരു കെട്ടിയിടുന്നു. ഒരാഡംബരവസ്തുവായി അതിനെ പ്രദര്‍ശിപ്പിക്കുകയും, ഉല്ലാസനൗകയായി ഉപയോഗിക്കുകയും ചെയ്യുന്നു. സാമ്പത്തികശേഷി മാറുന്നതനുസരിച്ച് ആവശ്യക്കാരും മാറുന്നു. എഴുപതുകളില്‍ കുവൈറ്റികളായിരുന്നു ഉരുതേടി കോഴിക്കോട്ടെത്തിയതെങ്കില്‍ പിന്നീട് ദുബായ് ഷേയ്ഖുമാരുടെ ഊഴമായിരുന്നു. ഇപ്പോള്‍ ഖത്തറില്‍ നിന്നാണ് അധികം ആവശ്യക്കാരെത്തുന്നത്. ഞാന്‍ രണ്ടു വര്‍ഷത്തിലധികമായി വീക്ഷിക്കുന്ന 'സംബൂക്ക്' വിഭാഗത്തിലുള്ള ഉരു ഒരു ഖത്തര്‍ രാജകുടുംബാംഗത്തിനുവേണ്ടിയാണ്.

കുറെക്കൂടി അടുത്തപ്പോള്‍ സത്യന്‍ കുറച്ചുകൂടി നിര്‍മ്മാണരഹസ്യങ്ങള്‍ പങ്കുവച്ചു. അടിമരത്തിന്റെ നീളം മൂന്നായി ഭാഗിച്ചാല്‍ ഉരുവിന്റെ വീതി നിര്‍ണ്ണയിക്കാം. വീതിയുടെ പകുതിയെടുത്താല്‍ പൊക്കമായി. അളവുകളുടെ ലളിതമായ ഒരനുപാതം ഇതാണെങ്കിലും സങ്കീര്‍ണ്ണമായ വളരെയധികം മനക്കണക്കുകള്‍ ചെയ്താലേ പൂര്‍ണ്ണ രൂപരേഖ തയ്യാറാവൂ. അടിമരത്തിനു നടുക്ക് കുറുകെ വയ്ക്കുന്ന ചട്ടപ്പലകയുടെ അളവില്‍ പ്ലൈവുഡ്ഡില്‍ ഒരു മട്ടമുണ്ടാക്കുന്നു. അതിനനുപാതത്തില്‍ കൃത്യ ആകൃതിയിലുള്ള പലകകള്‍ നിരത്തി ചട്ടക്കൂടു തയ്യാറാക്കുന്നു. ഇതിനു പുറമെ പലക നിരത്തി അവക്കിടയില്‍ പഞ്ഞി തിരുകി വെള്ളം കയറാത്ത പുറംചട്ട തയ്യാറാക്കുന്നു. ഉരുവിന്റെ ഉള്‍ഭാഗത്ത് എന്‍ജിനും മറ്റും സ്ഥാപിക്കുന്നതും മനക്കണക്കുകള്‍ വഴിയാണ്. ഉരുവിന്റെ പ്രധാന വാണിജ്യഘടകം അതിന്റെ സൗന്ദര്യമാണ്. അതിനുള്ള കൊത്തുപണികള്‍ ചെയ്യുന്നത് അതിവിദഗ്ദ്ധരായ തദ്ദേശവാസികളായ തച്ചന്‍മാരാണ്. ശുചീകരണം, മിനുക്കുപണികള്‍ മുതലായ ജോലികള്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നു.

ഉരുനിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും കഠിനമായ കായികാധ്വാനം അനിവാര്യമാണ്. ഉരുനിര്‍മ്മിക്കാനുള്ള കൂറ്റന്‍ തടികള്‍ ഫറോക്കിലിറക്കി നദിയിലൂടെ അറക്കുന്ന സ്ഥലത്തെത്തിക്കണം. അറുത്ത തടി പണിപ്പുരയിലെത്തിക്കണം. എന്‍ജിന്‍ മുതലായ ഘനമുള്ള സാമഗ്രികള്‍ ഉരുവിനുള്ളില്‍ കയറ്റണം. ഈ ആയാസകരമായ ജോലികള്‍ക്കായി ഉരുനിര്‍മ്മാതാക്കള്‍ ബേപ്പൂര്‍ ഖലാസ്സികളെ ആശ്രയിക്കുന്നു. നിര്‍മ്മാണം കഴിഞ്ഞ് ഉരു നീറ്റിലിറക്കുമ്പോഴാണ് ഇവരെ ഞാന്‍ പരിചയപ്പെടുന്നത്. രണ്ടു വശങ്ങളിലും നിരത്തിയിട്ട ബാലൂസ് എന്ന ഉരുളന്‍തടികള്‍. അതിനു മുകളില്‍ ഓരോ പടുകൂറ്റന്‍ തായ്ത്തടികള്‍. ഇരുവശങ്ങളിലുമുള്ള ഈ സംവിധാനത്തിനു മുകളില്‍ മുന്നൂറു ടണ്‍ കേവുഭാരമുള്ള ഉരു. ഏതാണ്ടു നൂറ്റമ്പതു മീറ്റര്‍ ദൂരെയുള്ള ചാലിയാറിന്റെ ജലപ്പരപ്പിലേക്ക് അതിനെ ഇറക്കുകയെന്ന ദൗത്യമാണ് ഖലാസിമാര്‍ ഏറ്റെടുത്തിരിക്കുന്നത്. കപ്പല്‍ശാലയില്‍ കപ്പല്‍ നീറ്റിലിറക്കാനുപയോഗിക്കുന്ന ഇലക്ട്രിക് ക്യാപ്സ്റ്റനുകളോ, സ്റ്റീല്‍ റോപ്പുകള്‍ ചുറ്റിവലിക്കുന്ന വിഞ്ചുകളോ, കപ്പലുകള്‍ക്കു തെന്നിയിറങ്ങാവുന്ന സ്ലിപ്‌വേയോ ഒന്നും അവരുപയോഗിക്കുന്നില്ല.

പരമ്പരാഗതമായിക്കിട്ടിയ കഴിവുകളും, കയറും, തടിയും, അളവറ്റ ആര്‍ജ്ജവവും, ഒത്തൊരുമയും, ദൈവാനുഗ്രഹവുത്രെ ഖലാസ്സികളുടെ രഹസ്യ ഫോര്‍മുല. നൂറ്റാണ്ടുകളായി പരീക്ഷിച്ചു വിജയിച്ചതും, തകര്‍ന്ന പാമ്പന്‍ പാലവും, പെരുമണ്‍ ദുരന്തത്തിലകപ്പെട്ട ട്രെയിനുമുയര്‍ത്തി നാടിനെ വിസ്മയിപ്പിച്ചതുമായ അതേ ഫോര്‍മുലതന്നെ അവര്‍ കക്കാടത്തും പ്രയോഗിക്കുന്നു. ഉരുവിനെ ഏതാണ്ടൊരുരലിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച 'ദവ്വര്‍' എന്ന തടിയില്‍ ചുറ്റിയ കയറിന്റെ ഒരറ്റത്ത് പ്രത്യേകരീതിയില്‍ ക്രമീകരിച്ച കപ്പികള്‍ കൊണ്ടു ബന്ധിക്കുന്നു. 'ലാ ഇലാഹി ഇല്ലള്ളാഹു'വിന്റെ ഈണത്തില്‍ ഒരുമിച്ച് ദവ്വര്‍ തിരിക്കുമ്പോള്‍ ഉരു ചലിച്ചു തുടങ്ങുന്നു. അതുവരെ പണി്പ്പുരയില്‍ നിശ്ചലമായി നിന്ന ഉരുവിനു ജീവന്‍ വച്ചതുപോലെ. 'ഐകമത്യം മഹാബലം' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി, ദൈവനാമം ഉരുവിട്ട് അധ്വാനിക്കുന്ന ഖലാസ്സികളെല്ലാം തന്നെ വൃദ്ധന്‍മാരാണ്. ബേപ്പൂര്‍ കോയയെന്ന അബ്ദുര്‍ റഹ്മാനും, മായന്‍കുട്ടിയും, കുഞ്ഞുബാവയും, മുഹമ്മദുകുട്ടിയുമെല്ലാം വയസ്സന്‍മാര്‍ തന്നെ. ഏതാണ്ടെഴുപതു വയസ് ശരാശരി പ്രായം. അവരുടെ കൂട്ടത്തില്‍ അതേ ഉശിരോടെ പ്രയത്‌നിക്കുന്ന ബീരാന്‍മൂപ്പനും. പ്രായമന്വേഷിച്ചപ്പോള്‍ അടുത്തു നിന്ന എഴുപതുകാരന്‍ ഹമീദിന്റെ തോളില്‍ത്തട്ടി 'ഓന്റെ വാപ്പാന്റെ പ്രായം' എന്ന നിസ്സംഗമായ മറുപടി.

തൊണ്ണൂറു കഴിഞ്ഞ ബീരാന്‍ മൂപ്പന്‍. പ്രായത്തെ വെല്ലുന്ന പ്രസരിപ്പ്. നീണ്ടുമെലിഞ്ഞ ശരീരം. ഉറച്ച മാംസപേശികള്‍. ചെത്തി മിനുക്കിയ ആകാരവടിവ്. നൂറ്റമ്പതിലധികം ഉരുക്കള്‍ നീറ്റിലിറക്കിയ അനുഭവജ്ഞാനം. തന്റെ സമകാലീനരൊക്കെയും മണ്‍മറഞ്ഞിട്ടും അടുത്ത തലമുറയോടൊത്തു സജീവമായി ഖലാസ്സിവേല ചെയ്യുന്ന അതികായന്‍.

പണിപ്പുരയില്‍ നിന്നും നദിയിലേക്കുള്ള ഉരുവിന്റെ സഞ്ചാരം പല ഘട്ടങ്ങളിലായി, മൂന്നു ദിവസമെടുത്താണു പൂര്‍ത്തിയാക്കുക. ഓരോ ഘട്ടത്തിലും അതിന്റെ വേഗതയും, ദിശയും, സന്തുലിതയും നിയന്ത്രിക്കേണ്ടതുണ്ട്. ദവ്വറും, അതില്‍ ചുറ്റിയ കയറും, ഉരുവില്‍ ബന്ധിപ്പിച്ച കപ്പികളും, ബാലൂസ്സുകളും ഓരോ ഘട്ടത്തിലും മാറ്റി വയ്‌ക്കേണ്ടതും, അവ ചലിപ്പിക്കുന്ന രീതിയില്‍ വ്യതിയാനങ്ങള്‍ വരുത്തേണ്ടതുമുണ്ട്. സങ്കീര്‍ണ്ണമായ ഈ അവസ്ഥകളൊക്കെ തലമുറകള്‍ താണ്ടിയ ബീരാന്‍ മൂപ്പന്റെ അനുഭവജ്ഞാനത്തിന്റെ ബലത്തില്‍ തരണം ചെയ്യപ്പെട്ടു. മൂന്നാം ദിവസം ഉച്ചയോടെ നൂറ്റിയമ്പതു മീറ്റര്‍ താണ്ടി നദിയുടെ ഓരത്തെത്തി. ഇനി കേവലം രണ്ടു മണിക്കൂര്‍ കൊണ്ട് നീറ്റിലിറക്കണം. അതിനുശേഷം വേലിയിറക്കമായി. പിന്നീട് അനേക ദിവസം കഴിഞ്ഞേ ആവശ്യത്തിനു ജലനിരപ്പുയരുകയുള്ളു.

സത്യനും, ബിച്ചുക്കയും, നാസ്സറും, മറ്റു ഖലാസ്സിമാരും ബീരാന്‍ മൂപ്പനു ചുറ്റും കൂടി. അല്‍പ്പം ആലോചനക്കു ശേഷം ദവ്വറും, കയറും, കപ്പികളുമെല്ലാം അന്തിമ ഘട്ടത്തിനുതകുന്ന രീതിയില്‍ ക്രമീകരിച്ചു. മൂന്നു ദിവസമായുള്ള നിരന്തരപ്രയത്‌നത്തിനു പര്യവസാനം കുറിക്കുന്ന മുഹൂര്‍ത്തം. ഉച്ചഭക്ഷണത്തിനു സമയം കളയാതെ ഓരോ ഗ്ലാസ്സ് ചായകുടിച്ച് ഖലാസ്സികള്‍ ദവ്വറു തിരിക്കാന്‍ തുടങ്ങി. പൊള്ളുന്ന മീനച്ചൂടില്‍ അതികഠിനമായ കായികാധ്വാനത്തിലേര്‍പ്പെട്ട വൃദ്ധന്‍മാര്‍ക്കുശിരു പകരാന്‍ അറബി മുതല്‍ ഭോജ്പുരിവരെ അനേകം ഭാഷകളില്‍ ആര്‍പ്പുവിളികള്‍. കൂട്ടത്തില്‍ നാസ്സിറിന്റെ 'വക്കാ വക്കാ' ലോകകപ്പ് പാട്ടും, യൂസഫ് മൂപ്പന്റെ കഛി ഭാഷയിലുള്ള ഉത്തേജനഗാനവും. ഏതാണ്ടൊരു പൂരം പോലെ ആഘോഷപൂരിതമായ അന്തരീക്ഷത്തിനു മാറ്റുകൂട്ടാന്‍ മൂകനായ ഖലാസ്സി അബ്ദുര്‍ റഹ്മാന്‍ കോയയുടെ ആംഗ്യവിക്ഷേപങ്ങളും കൂടിയായപ്പോള്‍ ഉരുവിനും ആവേശമായി. അധികം താമസിയാതെ തന്നെ കാത്തുനിന്ന ചാലിയാറിന്റെ ജലപ്പരപ്പിലേക്കമര്‍ന്ന ഉരുവിനെ വാത്സല്യത്തോടെ തലോടി ബീരാന്‍ മൂപ്പനും കൂട്ടരും പിന്‍വാങ്ങി.

അറബികളിനിയും ആഢ്യരാകട്ടെയെന്നും, അവരുടെ ഉരുവിനോടുള്ള കമ്പം തുടരട്ടെയെന്നും, കോഴിക്കോടിന്റെ ക്ഷയിച്ചുപോയ സമുദ്രപാരമ്പര്യം ഇങ്ങനെയെങ്കിലും നിലനിര്‍ത്താന്‍ ബീരാന്‍ മൂപ്പനും കൂട്ടര്‍ക്കുമാകട്ടേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു ഞാനും.


Next Story

Related Stories