TopTop
Begin typing your search above and press return to search.

ക്രൈം നം. 89നെക്കുറിച്ച് 10 കാര്യങ്ങള്‍

ക്രൈം നം. 89നെക്കുറിച്ച് 10 കാര്യങ്ങള്‍

സുദേവന്‍ ഒരു ഗ്രാമീണനാണ്. ഏതെങ്കിലും ഫിലിം സ്കൂളില്‍ പോയി പഠിക്കുകയോ ആരുടെയെങ്കിലും കീഴില്‍ സഹസംവിധാനപ്പണി ചെയ്യുകയോ ഉണ്ടായിട്ടില്ല. പക്ഷേ സിനിമ ചെയ്യണമെന്ന അദമ്യമായ ആഗ്രഹം അയാളുടെ ഉള്ളില്‍ ഉണ്ടായിരുന്നു. അതിനായാള്‍ക്ക് കൂട്ട് പെരിങ്ങോട് ഗ്രാമത്തിലെ ഗ്രാമീണരും സംസ്ഥാനത്തിന്‍റെ പാല ഭാഗങ്ങളില്‍ നിന്നുള്ള സിനിമാ പ്രേമികളും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരുമായ സുഹൃത്തുക്കളായിരുന്നു. ഒരു ഹാന്‍ഡി ക്യാം ഉപയോഗിച്ച് ചിത്രീകരിച്ച 15 മിനുറ്റ് ദൈര്‍ഘ്യമുള്ള വരൂ ആയിരുന്നു ആദ്യചിത്രം. പ്ലാനിംഗ്, തട്ടുമ്പൊറത്തപ്പന്‍ എന്നിവയാണ് അടുത്ത ചിത്രങ്ങള്‍. എങ്ങിനെയാണ് ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നത് എന്നതിന്‍റെ ദൃശ്യാഖ്യാനമായിരുന്നു തട്ടുമ്പൊറത്തപ്പന്‍. അതിന് ശേഷമാണ് ക്രൈം നം. 89 സംഭവിക്കുന്നത്. ഇന്ന് ഫേസ്ബുക് കൂട്ടായ്മകളിലൂടെ നാം ക്രൌഡ് ഫണ്ടിംഗ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന രീതി ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി ജോണ്‍ എബ്രഹാം ചലചിത്ര നിര്‍മ്മാണത്തില്‍ കൊണ്ട് വന്നിരുന്നു. സാധാരണക്കാരായ നാട്ടിന്‍ പുറത്തുകാര്‍ നല്കിയ ചെറുത്തുട്ടുകള്‍ സമാഹരിച്ചാണ് ജോണ്‍ അമ്മയറിയാന്‍ സൃഷ്ടിച്ചത്. ജോണിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് സുദേവന്‍റെയും ചലച്ചിത്ര പ്രവര്‍ത്തനം. ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ക്രൈം നം. 89നെക്കുറിച്ച് 10 കാര്യങ്ങള്‍ എഴുതുകയാണ് ചിത്രത്തിന്‍റെ ക്യാമറമാന്‍മാരില്‍ ഒരാള്‍ക്കൂടിയായ പ്രതാപ് ജോസഫ്.

1.തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ.യില്‍ ക്രൈം.നം.89 പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ അക്ഷമനായി ഒരു പ്രേക്ഷകന്‍ ചോദിക്കുകയുണ്ടായി ''ഇതെന്താ സന്തോഷ് പണ്ഡിറ്റിന്റെ പടമോ'' എന്ന്‍. ഒരു പക്ഷേ മലയാള സിനിമയില്‍ സന്തോഷ് പണ്ഡിറ്റിനുമാത്രം സാധ്യമാകുന്ന ബഡ്ജറ്റിലാണു 2013 ലെ ഏറ്റവും മികച്ച ചിത്രം പൂര്‍ത്തിയായത്. വെറും ഏഴു ലക്ഷം രൂപയ്ക്ക്.

2. എഴുതപ്പെട്ട സ്‌ക്രിപ്റ്റ് അന്നും ഇന്നും ക്രൈം നം. 89 ന് ഇല്ല. ഒരു സന്ദര്‍ഭം കഥാപാത്രങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയും അവരെ സ്വതന്ത്രമായി അഭിനയിക്കാന്‍ വിടുകയും പിന്നീട് അതില്‍ വേണ്ട ഭേദഗതികള്‍ വരുത്തുകയുമാണ് സുദേവന്റെ രീതി.


3. 7ഡി, 5ഡി, 550ഡി എന്നീ മൂന്ന്‍ കാമറകളും മൂന്ന് കാമറാമാന്‍മാരും ഒരേ സമയം പങ്കെടുത്ത് വെറും എട്ട് ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണ ദിവസങ്ങളില്‍ മുഴുവന്‍ സംഘാംഗങ്ങളും ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കുകയും സ്വയം പാചകം ചെയ്യുകയുമായിരുന്നു.

4. പൂര്‍ണമായും അവയിലബിള്‍ ലൈറ്റില്‍ ട്രൈപോഡല്ലാതെ മറ്റൊരു ഉപകരണത്തിന്റെയും സഹായമില്ലാതെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

5. ചിത്രീകരണം പൂര്‍ത്തിയായ ദിവസം ചിത്രീകരിച്ച പകുതിയിലധികം ഫയലുകള്‍ ലാപ്‌ടോപ്പില്‍ നിന്ന് ഡിലീറ്റായിപ്പോകുകയും പിന്നീട് റിക്കവറി സോഫ്റ്റ് വേര്‍ ഉപയോഗിച്ച് വീണ്ടെടുക്കുകയുമായിരുന്നു.

6. കഥ പ്രധാനമായും നടക്കുന്നത് ഒരു റബ്ബര്‍തോട്ടത്തിലാണ്. അതുകൊണ്ടുതന്നെ റബ്ബര്‍തോട്ടങ്ങളില്‍ ധാരാളമായി കാണുന്ന ചേരട്ട സിനിമയിലെ പ്രധാന കഥാപാത്രമായിരുന്നു. അതിനായി ചേരട്ടകളെ മണ്‍ചട്ടികളില്‍ ഈര്‍പ്പം നിലനിര്‍ത്തി പ്രത്യേകം സംരക്ഷിച്ചിരുന്നു. എന്നാല്‍ ചിത്രീകരണ സമയത്ത് ലൊക്കേഷനിലെ ചൂട് ചേരട്ടകള്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. പകരം ചിത്രീകരണസമയത്ത് പ്രത്യക്ഷപ്പെട്ട ഒരു ഓന്ത് കഥാപാത്രമായി.


7. സംവിധായകന്‍, കാമറമാന്മാര്‍, എഡിറ്റര്‍, അഭിനേതാക്കള്‍ എിങ്ങനെ സിനിമയുടെ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ചവരില്‍ 99 ശതമാനവും പുതുമുഖങ്ങളായിരുന്നു.

8. മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ അശോക് കുമാര്‍ മുഖ്യധാരാ സിനിമയിലെ ഏതൊരു നടനേയും വെല്ലുന്ന അഭിനയ പ്രതിഭയുള്ള ആളാണ്. സുദേവന്റെ പ്ലാനിങ്ങ് എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം നേരത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

9. പ്രധാനപ്പെട്ട നാല് ജൂറി ക്രൈം നംബറിനെ 2013 ലെ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ഐ.എഫ്.എഫ്.കെ.യിലെ നെറ്റ്പാക് പുരസ്‌കാരം, ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം, ജോണ്‍ എബ്രഹാം പുരസ്‌കാരം എന്നിവ നേരത്തെ തന്നെ ചിത്രം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഏഴു മലയാളചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഗോവയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കോ ദേശീയ അവാര്‍ഡിന്റെ മുഖ്യധാരയിലേക്കോ ചിത്രം എത്തപ്പെട്ടില്ല.


10. ഇനി ഒരു ചോദ്യം- ആറ് കോടി മുടക്കി കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയും അഞ്ചു കോടി മുടക്കി ഗാങ്ങ്സ്റ്ററും വിലയ്ക്കുവാങ്ങിയ ചാനലുകാര്‍ 25 ലക്ഷം രൂപയെങ്കിലും 2013-ലെ ഏറ്റവും മികച്ച മലയാളസിനിമയ്ക്കുവേണ്ടി ചിലവഴിക്കാന്‍ തയ്യാറാകുമോ..? നല്ല സിനിമയ്ക്കുവേണ്ടി നിലകൊള്ളേണ്ട സര്‍ക്കാര്‍ സ്വന്തം തിയേറ്ററിലെങ്കിലും ചിത്രം കാണിക്കുമോ...?


Next Story

Related Stories