TopTop
Begin typing your search above and press return to search.

ഇസ്രായേല്‍ തടവറ അയാളെ ഹീബ്രു പഠിപ്പിച്ചു

ഇസ്രായേല്‍ തടവറ അയാളെ ഹീബ്രു പഠിപ്പിച്ചു

റൂത്ത് എഗ്ലാഷ് (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

കൊലപാതകത്തിനു സഹായിച്ചതിന്‍റെ പേരില്‍ ജയിലിലായ എസ്മാത്ത് മന്‍സൂര്‍ എന്ന പലസ്തീനിയന്‍ ഈ വര്ഷം ഇസ്രായേലുമായുള്ള സമാധാനചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ട് പോകുന്നതിനായി വിമുക്തരാക്കപ്പെട്ട തടവുകാരില്‍ ഒരാളാണ്. ഇപ്പോള്‍ അയാള്‍ പാലസ്തീനിയന്‍ കുട്ടികള്‍ക്ക് ഹീബ്രു പഠിപ്പിക്കുന്നു. തടവില്‍ കഴിഞ്ഞ രണ്ടു ദശാബ്ദം കൊണ്ട് പഠിച്ചെടുത്തതാണിത്.

ഇയാളെ വിട്ടയയ്ക്കാനായി അമേരിക്ക നയിക്കുന്ന ചര്‍ച്ചകള്‍ വലിയ പുരോഗതിയൊന്നും കാണുന്നില്ല. മറ്റു തടവുകാരെ എന്തുചെയ്യും എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 26 പേരുള്ള അവസാന ബാച്ച് തടവുകാരെ വിട്ടയയ്ക്കാന്‍ മടിച്ചുനില്‍ക്കുകയാണ്. ഏപ്രില്‍ 29നു നടക്കുന്ന സമാധാനചര്‍ച്ചകളില്‍ സ്വീകാര്യമായ നിലപാടുകള്‍ പാലസ്തീന്‍ എടുത്താല്‍ മാത്രമേ കാര്യങ്ങള്‍ പുരോഗമിക്കൂ.

ഇതൊരു വൈകാരികപ്രശ്നമാണ്. ഇസ്രായേലികള്‍ ഈ തടവുകാരെ രക്തക്കറ പുരണ്ട തീവ്രവാദികളായാണ് കാണുന്നത്. സമാധാനചര്‍ച്ചകള്‍ തുടരാനായി ഇവരെ വിട്ടയയ്ക്കുന്നതെന്തിന് എന്ന ചോദ്യമുയരുന്നുണ്ട്. എന്നാല്‍ പാലസ്തീനിയര്‍ക്ക് ഇവര്‍ സ്വാതന്ത്ര്യസമരസേനാനികളും ഇസ്രായേലി കടന്നുകയറ്റത്തെ ചെറുത്തുനിന്ന ധീരന്മാരുമാണ്.
ഈയടുത്ത് റാമല്ലയ്ക്കടുത്ത് ഒരു പലസ്തീനിയന്‍ ഗ്രാമത്തിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ഹൈസ്കൂളിന്റെ മുറ്റത്ത് മന്‍സൂറിനെ ആളുകള്‍ ഒരു പ്രശസ്ത വ്യക്തിയെ എന്നപോലെയാണ് വരവേറ്റത്. അവിടെയാണ് അദ്ദേഹം ഇപ്പോള്‍ ഹീബ്രു ഭാഷ അധ്യാപകനായി ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ പറയുന്നത് ഹീബ്രു അവരുടെ എതിരാളികളുടെ ഭാഷയാണെങ്കിലും അത് ഇദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ അവര്‍ക്ക് ഇഷ്ടമാണെന്നാണ്.

മുപ്പത്തേഴുകാരനായ മന്‍സൂര്‍ ഇസ്രായേല്‍ ജയിലില്‍ ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ തടവുപുള്ളികളില്‍ ഒരാളാണ്. ജൂതതാമസസ്ഥലമായ ബിറ്റ് എലില്‍ എന്നുള്ള ഹായിം മിസാര്‍ച്ചി എന്നയാളെ കൊലപ്പെടുത്തിയതില്‍ പങ്കുചേര്‍ന്നതിനാണ് മന്‍സൂര്‍ ഇരുപതു വര്‍ഷം തടവു അനുഭവിച്ചത്.

മൂന്നുപേര്‍ മിസാര്‍ച്ചിയെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടപ്പോള്‍ അവരെ സഹായിച്ചുവെന്നതിനാണ് പതിനാറുകാരനായ മന്‍സൂര്‍ കുറ്റക്കാരനായത്. മിസാര്‍ച്ചി എതിര്‍ത്തപ്പോള്‍ മറ്റുള്ളവര്‍ അയാളെ കുത്തിക്കൊലപ്പെടുത്തിയതാണെന്ന് മന്‍സൂര്‍ പറയുന്നു. അവര്‍ പിന്നീട് തെളിവ് നശിപ്പിക്കാനായി ശരീരം കത്തിക്കാന്‍ ശ്രമിച്ചു.

പണ്ടുചെയ്ത കാര്യങ്ങളില്‍ പശ്ചാത്താപമില്ലെന്നും എന്നാല്‍ ഇനിയൊരിക്കലും മറ്റൊരാളുടെ ജീവനെടുക്കില്ലെന്നും മന്‍സൂര്‍ പറയുന്നു. “ഇസ്രായേലി ഇരകളുടെ വേദനകളും ദുഖങ്ങളും ഞാന്‍ മനസിലാക്കുന്നു. അവര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ട്. ലോകത്തില്‍ ഒന്നിനും ആ വേദന മാറ്റാനാകില്ല. എന്നാല്‍ അവരുടെ ദേഷ്യം അവര്‍ തടവുകാരോട് കാണിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല.”, തന്നെ ഇസ്രായേലികള്‍ ഒരു തീവ്രവാദിയായാണ് കരുതുന്നത് എന്നറിഞ്ഞുകൊണ്ട് തന്നെ മന്‍സൂര്‍ പറയുന്നു. “എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ മരിച്ചതിന്റെ യഥാര്‍ത്ഥകാരണം അവര്‍ മനസിലാക്കുന്നില്ല. ഇതിനെല്ലാം കാരണം കലാപമാണ്‌”.
എന്നാല്‍ ഇസ്രായേലിലെ കാഴ്ചപ്പാട് ഇതല്ല. ഇനിയും തടവുകാരെ മോചിപ്പിച്ചാല്‍ പ്രശ്നമാകുമെന്ന് ഭരണപക്ഷത്തിലെ തന്നെ കക്ഷികള്‍ അറിയിച്ചുകഴിഞ്ഞു.

“തീവ്രവാദികളെ വെറുതെ മോചിപ്പിക്കുന്ന ഒരു ഗവണ്മെന്റില്‍ ഞാന്‍ ഭാഗമാകില്ല”, ഡെപ്യൂട്ടി ഡിഫന്‍സ് മന്ത്രി ഡാനി ദാനോന്‍ പറയുന്നു. ഇനിയൊരു പലസ്തീനിയന്‍ തടവുകാരനെങ്കിലും മോചിപ്പിക്കപ്പെട്ടാല്‍ രാജിവെയ്ക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. നെതന്യാഹുവിന്‍റെ ലികുദ് പാര്‍ട്ടിയുടെ നേതാക്കളില്‍ ഒരാളാണ് ദാനോന്‍.

തടവില്‍ നിന്ന് രക്ഷപ്പെട്ടാല്‍ ആളുകള്‍ ജീവിതം തിരിച്ചുപിടിക്കാനും വിവാഹം കഴിക്കാനും ഒക്കെയാണ് ശ്രമിക്കുക എന്നും അവര്‍ പൊരുതാന്‍ തുനിയാറില്ല എന്നും പല പലസ്തീനിയക്കാരും തടവുകാരുടെ വക്കീലന്‍മാരും പറയുന്നു. എന്നാല്‍ അമ്പതുശതമാനം പേരും തീവ്രവാദത്തിലേയ്ക്ക് തിരിച്ചുപോകുന്നുവെന്നാണ് ഇസ്രായേലി സുരക്ഷാ ഏജന്‍സികള്‍ പറയുന്നത്.

ഇസ്രായേലി പടയാളി ഗിലാദ് ഷാലിത്തിനു പകരമായി ഏപ്രില്‍ 2012ല്‍ മോചിപ്പിച്ച 1027 പേരില്‍ രണ്ടു പലസ്തീനിയന്‍ തടവുകാര്‍ പിന്നീട് പലസ്തീനിയക്കാരെ ഭീകരവാദത്തിനു റിക്രൂട്ട് ചെയ്തതിന്റെ പേരിലും ഒരാളെ ആയുധങ്ങള്‍ കള്ളക്കടത്ത് നടത്തിയതിന്റെ പേരിലും അറസ്റ്റ് ചെയ്തിരുന്നു.

ഇവരെല്ലാം പ്രതിരോധത്തിന്റെ ചിഹ്നങ്ങളായി മാറുന്നു എന്നതാണ് പ്രശ്നം. അവര്‍ നായകന്മാരാകുന്നു, അവരുടെ കുറ്റകൃത്യങ്ങള്‍ ആഘോഷിക്കപ്പെടുന്നു. ഇതില്‍ നിന്ന് രക്ഷപെടാന്‍ ഈ സമ്പ്രദായം അവരെ അനുവദിക്കുന്നില്ല.

പേര് വെളിപ്പെടുത്താന്‍ പറ്റില്ലെന്ന് പറഞ്ഞ ഒരു ഇസ്രായേലി സീനിയര്‍ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍ പറഞ്ഞത് ഗാസയിലേയ്ക്ക് തിരിച്ചുപോകുന്ന പലസ്തീനിയന്‍ തടവുപുള്ളികള്‍ വയലന്‍സിലേയ്ക്ക് പോകാറാണ് പതിവെന്നാണ്. ഇസ്ലാമിക സംഘടനയായ ഹമാസിന് സ്വാധീനമുള്ള സ്ഥലമാണിത്. എന്നാല്‍ ഇസ്രായേലികള്‍ കൂടുതലുള്ള വെസ്റ്റ് ബാങ്കില്‍ തിരിച്ചെത്തുന്നവര്‍ പൊതുവേ വയലന്‍സ് ഉപേക്ഷിക്കാറുണ്ട്.
മോചിതരാകാനുള്ള ഒരു നിബന്ധന വെസ്റ്റ് ബാങ്കില്‍ എത്തുന്ന തടവുപുള്ളികള് ഒരു വര്‍ഷം അവരുടെ മുന്‍സിപ്പാലിറ്റിയില്‍ തന്നെ ഉണ്ടാകണം, ഓരോ രണ്ടുമാസത്തിലും ഇസ്രായേലി പട്ടാളത്തിനടുത്ത് റിപ്പോര്‍ട്ട് ചെയ്യുകയും വെസ്റ്റ്ബാങ്കില്‍ തന്നെ പത്ത് വര്‍ഷം ജീവിക്കുകയും വേണം.

റിലീസ് ചെയ്യപ്പെട്ടപ്പോള്‍ മന്‍സൂറിനും മറ്റ് തടവുപുള്ളികളോടൊപ്പം അന്‍പതിനായിരം ഡോളറും 1725 ഡോളര്‍ മാസ ശമ്പളമായും പലസ്തീനിയന്‍ അധികൃതര്‍ നല്‍കി.

ഇസ്രായേലികള്‍ തന്നെ ഒരു ഭീഷണിയായി കാണുന്നത് അവസാനിപ്പിക്കണമെന്നും സ്വന്തം സമൂഹത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുന്നയാളായി കാണാന്‍ കഴിയണമെന്നുമാണ് മന്‍സൂര്‍ പറയുന്നത്. ഇരുപതുവര്‍ഷത്തെ ജയില്‍ വാസം കൊണ്ട് ഹീബ്രു നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അയാള്‍ പഠിച്ചു.

“ജയിലിലായിരുന്നപ്പോള്‍ ഞാന്‍ ഇസ്രായേലി ജീവിതത്തെപ്പറ്റിയും സമൂഹത്തെപ്പറ്റിയും അറിയാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഹീബ്രു പഠിച്ചു, ഇസ്രായേലി ടിവി കണ്ടു.”, മന്‍സൂര്‍ പറയുന്നു. കൊല്ലാന്‍ പോലും തോന്നിയിരുന്ന തരം മനുഷ്യരെ അടുത്തറിയാന്‍ ജയില്‍ജീവിതം സഹായിച്ചുവെന്ന് മന്‍സൂര്‍ പറയുന്നു.

“എന്റെ സമയം നഷ്ടമായത് പോലെ എനിക്ക് തോന്നിയിട്ടില്ല. ആ കാലം കഷ്ടമായിരുന്നുവെന്നത് നേരാണ്, എന്റെ ജീവിതത്തിലെ ഒരു വലിയ ഭാഗം എനിക്ക് നഷ്ടപ്പെട്ടു. എന്നാല്‍ എന്റെ അനുഭവങ്ങള്‍ കാരണം മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്ത പലതും എനിക്കിപ്പോള്‍ ചെയ്യാനാകും,” അയാള്‍ പറഞ്ഞു.

ഓഗസ്റ്റില്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മന്‍സൂര്‍ പാലസ്തീന്‍ യുവാക്കളെ ഹീബ്രു പഠിപ്പിക്കുന്നു. ഇതുവഴി വെസ്റ്റ്ബാങ്കിനപ്പുറമുള്ള ചെക്ക് പോയിന്റുകളിലുള്ള ഇസ്രായേലി പടയാളികളോട് നന്നായി സംസാരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

കുട്ടികളുടെയിടയില്‍ ഒരു ഹീറോ എന്ന രൂപം മാറ്റിവയ്ക്കാന്‍ താന്‍ ശ്രമിക്കാറുണ്ട് എന്ന് മന്‍സൂര്‍ പറയുന്നു. അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ട കാലത്തെ അതെ പ്രായത്തിലുള്ള കുട്ടികളാണ് ഇവര്‍.
“ഒരിക്കലും അക്രമവഴികള്‍ ഉപയോഗിക്കരുത് എന്നാണ് ഞാന്‍ അവരെ പഠിപ്പിക്കുന്നത്”, മന്‍സൂര്‍ പറയുന്നു. ജയിലിലായിരുന്ന കാലത്ത് മനസൂര്‍ മൂന്നുനോവലുകള്‍ എഴുതിയിട്ടുണ്ട്. തങ്ങളുടെ ഉള്ളിലെ പിശാചിനെയും സ്വന്തം ദൌര്‍ബല്യങ്ങളെയും കീഴടക്കാന്‍ കഷ്ടപ്പെടുന്നവരാണ് മന്‍സൂറിന്റെ നായകന്മാര്‍.

"ഞാന്‍ ചെയ്ത പ്രവര്‍ത്തി മൂലം ഒരു നായകനായി എന്ന് എനിക്ക് തോന്നുന്നില്ല. ആര്‍ക്കുവേണമെങ്കിലും മറ്റൊരാളെ കൊല്ലാം, അത് എളുപ്പമാണ്. എന്നാല്‍ ഈ അനുഭവത്തില്‍ നിന്ന്‍ ഉറപ്പോടെ തിരിച്ചുവരാന്‍ കഴിഞ്ഞതുകൊണ്ടാണ് ഞാന്‍ ഒരു നായകനായതെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എഴുതി, പഠിച്ചു, ജയിലിലെ കഷ്ടങ്ങള്‍ സഹിച്ചു, തിരിച്ചുവന്നിട്ടും എന്റെ മാനസികനിലയ്ക്ക് പ്രശ്നമൊന്നുമില്ല.”


Next Story

Related Stories