TopTop
Begin typing your search above and press return to search.

ലഹരിവഴികളില്‍ അയാള്‍ മഴ കൊള്ളുകയാണ്

ലഹരിവഴികളില്‍ അയാള്‍ മഴ കൊള്ളുകയാണ്

കെ.പി.എസ് കല്ലേരി

കോഴിക്കോട്ടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ ആലോചിച്ചതാണ് അനില്‍ ദാസുമായി കുറച്ചുസമയം ഇരിക്കണമെന്ന്. ജഗ്ജിത് സിങ്ങും പങ്കജ് ഉദാസും, ഗുലാം അലിയും മെഹ്ദിയും റഫി സാബുമെല്ലാം മലയാളിക്ക് പ്രിയമാകുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗസല്‍ഗായകനെ അടുത്തറിയണമെന്ന ആഗ്രഹം പക്ഷെ പത്തുപതിനഞ്ചുവര്‍ഷത്തിനിപ്പുറമാണ് സാധിച്ചത്. പാട്ടുവേദികള്‍ക്കപ്പുറത്ത് ആള്‍ക്കൂട്ടങ്ങളിലൊന്നും താരമായി നിറഞ്ഞ് നില്‍ക്കാത്തതാണ് അനില്‍ ദാസെന്ന പാട്ടുകാരനെ അടുത്തറിയാന്‍ ഇത്രയും വൈകിപ്പിച്ചതെന്ന് തോന്നുന്നു. ഒടുക്കം കഴിഞ്ഞ വിഷുത്തലേന്ന് രാത്രി പത്തുമണിയോടെ ആളെ പിടികൂടാനായി. അതും നഗരത്തിലെ പ്രശസ്തമായ ബാര്‍ഹോട്ടലില്‍ നിന്ന്.

നഗരത്തിലെ പണക്കാര്‍ മുന്തിയതരം വിസ്‌കി നുണഞ്ഞ് കുടുംബത്തിനൊപ്പം അവരുടെ സായാഹ്നം സംഗീതമാക്കുകയാണ്. തേടിച്ചെന്ന ആള്‍ക്കുവേണ്ടി കണ്ണുകള്‍ പലയിടത്തും അലഞ്ഞു നടന്നു. നിയോണ്‍ ബള്‍ബിന്റെ നേര്‍ത്ത വെളിച്ചത്തില്‍ ആരേയും തിരിച്ചറിയാനാവുന്നില്ല. ശീതികരിച്ച മുറിയില്‍ കൂട്ടിമുട്ടുന്ന ചില്ലുഗ്ലാസിന്റെ നേര്‍ത്ത ശബ്ദത്തെ തഴുകിക്കൊണ്ട് ഗുലാം അലി കടന്നുവന്നു 'ചുപ്‌കേ, ചുപ്‌കേ രാത്...' ഗസല്‍ ഒഴുകുന്ന വഴികളിലേക്ക് നടന്ന് ചെന്നപ്പഴേക്കും ഗുലാം അലി പങ്കജ് ഉദാസിന് വഴിമാറി. 'ചിട്ടി ആയിയേ...' പങ്കജ് ഉദാസ് പാടി നിര്‍ത്തിയപ്പോള്‍ പാതി നുണഞ്ഞ മദ്യവുമായി ഒരാള്‍ അടുത്തെത്തി. നടുത്തളത്തിലെ സ്റ്റേജിലിരുന്ന് പാടുന്ന ഗസല്‍ ഗായകന്റെ കൈപിടിച്ചു കുലുക്കി. 'കലക്കി കെട്ടോ... മെഹ്ദി സാബിന്റെ രഞ്ജിഷി സെഹി... ഒന്നു പാടാമോ...' മറുത്തൊന്നും പറയാതെ അയാള്‍ ഹാര്‍മോണിയത്തില്‍ വിരലോടിച്ചു. വിണ്ണില്‍ നിന്നും മെഹ്ദിയുടെ മാസ്മരികശബ്ദം ഭൂമിയിലേക്കിറങ്ങി വന്നു. പിന്നെയെും ഒരുപാട് പാടി. ജഗ്ജിത് സിങ്ങും, പങ്കജ് ഉദാസും, മെഹ്ദിയുമെല്ലാം പലതവണ ആവര്‍ത്തിച്ചു. ചിലര്‍ ഒരു പാട്ടു തന്നെ പലവുരു പാടിച്ചു.


ഒടുക്കം റഫിസാബിന്റെ 'ഭഗ് വാനില്‍' നിര്‍ത്തുമ്പോള്‍ പുറത്ത് പാതിരാക്കോഴി കൂവാന്‍ തുടങ്ങിയിരുന്നു. അന്നത്തെ ആട്ടവും പാട്ടുമെല്ലാം കഴിഞ്ഞ് ഹോട്ടലില്‍ നിന്നും കുറേ കാറുകള്‍ പുറത്തേക്കൊഴുകി. അവസാനം അയാള്‍ ഇറങ്ങിവന്നു. കൈയ്യില്‍ തൂക്കിയ ഹാര്‍മോണിയവുമായി. പുറത്ത് പെരുമഴ പെയ്യുന്നു. അയാള്‍ പ്രതീക്ഷിച്ച ഓട്ടോ അകത്തെ കാറിന്‍ കൂട്ടങ്ങളിലേക്ക് കയറാന്‍ മടിച്ച് പുറത്തെ റോഡില്‍ ഗേറ്റിനരികിലായി നിന്നു. പിന്നെ മഴനനഞ്ഞ് ഓട്ടോയിലേക്ക്.

ഇതാണ് ഞാന്‍ കാണാന്‍ കൊതിച്ച അനില്‍ ദാസ്. കോഴിക്കോടിന്റെ രാവുകളെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി പാടി ഉറക്കുന്ന ഗസല്‍ഗായകന്‍. ആഴ്ചയില്‍ നാല് രാത്രികള്‍ ഈ സ്റ്റാര്‍ ഹോട്ടലില്‍. രണ്ടു ദിവസം ഗുരുവായൂരില്‍. ഒരു ദിവസം കണ്ണൂരില്‍. പിന്നെ പകല്‍ സമയങ്ങളില്‍ ഹിന്ദുസ്ഥാനി ക്ലാസുകളുമായി തലശ്ശേരി, തൃശ്ശൂര്‍, ചാവക്കാട്, ഫറോക്ക്, രാമനാട്ടുകര ഇങ്ങനെ യാത്രകള്‍. കൂടെ പാടി തുടങ്ങിയവരും പിന്നാലെ വന്നവരുമെല്ലാം സിനിമയുടേയും കാസറ്റുകളുടേയും മാസ്മരിക ലോകത്ത് പണക്കൊയ്ത്തു നടത്തുമ്പോള്‍ ഹിന്ദുസ്ഥാനിയെ മലയാളിക്ക് പരിചയപ്പെടുത്തിയ ശരചന്ദ്ര മറാഠെയുടെ പ്രിയശിഷ്യന്‍ ഇപ്പഴും മദ്യശാലകളില്‍ പാടിയും കുരുന്നുകളെ സംഗീതം പഠിപ്പിച്ചും ജീവിതം ഓടി തീര്‍ക്കുന്നു.

55 വയസിനിടയില്‍ അനില്‍ദാസിന്റെ ഹിന്ദുസ്ഥാനിയും ഗസലുകളും കേള്‍ക്കാത്ത നഗരങ്ങള്‍ കേരളത്തില്‍ കാണില്ല. എല്ലാ വര്‍ഷവും റഫിനൈറ്റില്‍ സ്ഥിരം ഗായകന്‍, മെഹ്ദിഹസന്‍, ജഗജിത് സിംങ്, കിഷോര്‍കുമാര്‍ അനുസ്മരണങ്ങള്‍, പിന്നെ കോഴിക്കോടിന്റെ സ്വന്തം ബാബുരാജ് അനുസ്മരണം........ എന്നിട്ടുമെന്തേ ഇപ്പഴും ഇങ്ങനെ തെക്കും വടക്കുമായി ഓടിക്കൊണ്ടിരിക്കുന്നതെന്ന് ചോദിക്കുമ്പോള്‍ അനില്‍ദാസിന്റെ മറുപടി കേള്‍ക്കുക.. “ഇങ്ങനെയൊക്കെയങ്ങ് ജീവിച്ചാല്‍ മതി. പ്രശസ്തിയുടെ കൊടുമുടിയിലിരുന്ന ബാബുക്കയും കോഴിക്കോട് അബ്ദുള്‍ഖാദറുമെല്ലാം അവസാനം എങ്ങനെയാണ് പാടി ഒടുങ്ങിയതെന്ന് നമ്മള്‍ കണ്ടതല്ലേ. രണ്ട് ഹോട്ടലുകളും പത്തു കുട്ടികളുമുണ്ടെങ്കില്‍ എനിക്ക് ജീവിക്കാനുള്ളതായി...”


കോഴിക്കോട് പന്നിയങ്കരയിലെ ശങ്കരവിലാസം സ്‌കൂളിനു സമീപത്തെ സൂര്‍ധനിലിരുന്ന് അനില്‍ദാസ് പറഞ്ഞു തുടങ്ങുകയാണ്. എന്താണ് വീടിന് സൂര്‍ധന്‍ എന്നു പേരിട്ടത്? സൂര്‍ എന്നാല്‍ സ്വരമെന്നര്‍ത്ഥം. പിന്നെ ധനം. രണ്ടു മക്കളാണെനിക്ക്. മൂത്തവള്‍ ശ്രുതി, രണ്ടാമത്തവള്‍ ഐശ്വര്യ. ഭാര്യ ഷര്‍മിള ശ്രീകണ്‌ഠേശ്വരം ക്ഷേത്ര സ്‌കൂളിലെ അധ്യാപികയാണ്. അമ്മ സുഗുണ. അച്ഛന്‍ ശിവദാസ് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടായിരുന്നു. സെന്റ് ജോസഫ് ബോയ്‌സിലെ സ്‌കൂള്‍ പഠനകാലത്തുതന്നെ സംഗീതത്തില്‍ കമ്പമുണ്ടായിരുന്നു. കേരളത്തിലേക്ക് ഹിന്ദുസ്ഥാനിയെ കൈപിടിച്ചുകൊണ്ടുവന്ന ശരത് ചന്ദ്രമറാഠെയുടെ അടുത്ത് സംഗീതം പഠിക്കാന്‍ അച്ഛനാണ് കൊണ്ടു ചെന്നാക്കിയത്. വര്‍ഷങ്ങളോളം മറാഠെയുടെ വത്സല ശിഷ്യനായി. മറാഠെയ്‌ക്കൊപ്പമാണ് ആദ്യമായി സ്റ്റേജ് കയറിയതും. നിരവധി വേദികളില്‍ അദ്ദേഹത്തിനൊപ്പം പാടാനും പെട്ടിവായിക്കാനും കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത്. പിന്നീട് ഹൈദരബാദില്‍ പോയി പണ്ഡിറ്റ് ദേശ്പാണ്ഡെ, ഉസ്താദ് ഹസ്സന്‍ സര്‍ദാര്‍ഖാന്‍ എന്നിവരില്‍ നിന്നും സംഗീതം അഭ്യസിച്ചു. തുടര്‍ന്ന് ഗാനമേളകളും സംഗീതം പഠിപ്പിക്കലുമായി ജീവിതം പാട്ടിന്‍റെ വഴികളിലേക്ക് തിരിച്ചുവിടുകയായിരുന്നു.


ഹിന്ദുസ്ഥാനി പഠിക്കുന്നവര്‍ക്ക് വേണ്ടി പ്രാഥമിക് ഗീതുകള്‍ എന്ന പേരിലൊരു പുസ്തകം അനില്‍ ദാസിന്‍റേതായുണ്ട്. ഉസ്ദാത് അംജദ് അലിഖാന്‍ കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹമാണത് പ്രകാശനം ചെയ്തത്. പിന്നെ ചുള്ളിക്കാടിന്റെ കവിതകള്‍ക്ക് ഗസല്‍ രൂപം നല്‍കി സൂര്യ ടിവിക്കുവേണ്ടി പാടി. ഈയിടെ ഒരു ഗസല്‍ ആല്‍ബത്തിന് സംഗീതം നല്‍കി പുറത്തിറക്കിയിട്ടുണ്ട്. ആല്‍ബങ്ങളുടെ കുത്തൊഴുക്കല്ലേ. അതിനിടയില്‍ വെറുതേ അഭ്യാസം കാണിക്കാന്‍ വയ്യെന്നു കരുതിയാണ് മാറി നില്‍ക്കുന്നത്.


അരനൂറ്റാണ്ടിലേറെയായി മലയാളി ഹിന്ദുസ്ഥാനി ആസ്വദിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടും ഹിന്ദുസ്ഥാനിക്ക് പരിഗണന ലഭിക്കുന്നില്ല. പക്ഷെ സംസ്ഥാന യുവജനോത്സവത്തിന്റെ പട്ടികയിലേക്ക് യക്ഷഗാനം വരെ ഇടം പിടിച്ചിട്ടും ഹിന്ദുസ്ഥാനിയെ ഇതുവരെ അംഗീകരിച്ചിട്ടില്ല. അങ്ങനെ വന്നാല്‍ ഞങ്ങളെപ്പോലുള്ള കുറേ പാട്ടുകാര്‍ക്ക് അത്തരം വേദികളിലെങ്കിലും ഇടം കിട്ടുമായിരുന്നു. പ്രത്യേകിച്ചൊരു ഗുണവുമില്ലാത്തതിനാല്‍ പഠിക്കാന്‍ വരുന്ന കുട്ടികളുടെ എണ്ണം പോലും കുറയുന്നു. കോഴിക്കോട് സംസ്ഥാന യുവജനോത്സവം വന്നപ്പോള്‍ ഞങ്ങള്‍ കുറേപ്പേര്‍ ഓടിനടന്നു. പിറ്റേ വര്‍ഷം ഉള്‍പ്പെടുത്താമെന്ന് മന്ത്രി വാക്കും തന്നു. പക്ഷെ അത് വെറും വാക്കായി ഇപ്പൊഴും തുടരുന്നു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അവരുടെ കലോത്സവത്തില്‍ ഹിന്ദുസ്ഥാനിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് മാത്രമാണ് ആശ്വാസം. ഇപ്പോള്‍ ഹിന്ദുസ്ഥാനിയെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ മാത്രം ഖയാല്‍സ് ഓഫ് കാലിക്കറ്റ് എന്ന പേരിലൊരു ട്രൂപ്പ് നടത്തുന്നുണ്ട്. ഹിന്ദുസ്ഥാനി പഠിക്കുന്ന കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ വേണ്ടി ട്രൂപ്പിന്റെ പേരില്‍ താന്‍സന്‍ സംഗീത് സമാരോഹ് എന്ന പേരില്‍ വര്‍ഷം തോറും കോഴിക്കോട് ഹിന്ദുസ്ഥാനി സംഗീതോത്സവവും നടത്തുന്നുണ്ട്. അനില്‍ദാസ് പറഞ്ഞു നിര്‍ത്തുന്നു.

ശരത്ചന്ദ്ര മറാഠെയുടെ അവസാന കാലത്ത് എല്ലാത്തിനും ഓടിനടക്കാന്‍ മുമ്പില്‍ അനില്‍ ദാസുണ്ടായിരുന്നു. പ്രിയ ഗുരു ജീവിതത്തോട് വിടപറയുമ്പോള്‍ ഇതിനുമുമ്പ് താന്‍ ഇത്രയും സങ്കടപ്പെട്ടൊരു നിമിഷമുണ്ടായിരുന്നില്ലന്നാണ് അനില്‍ ദാസ് പ്രതികരിച്ചത്.


Next Story

Related Stories