TopTop
Begin typing your search above and press return to search.

ലാല്‍സലാമിന്റെ ഗുരുസാഗരം

ലാല്‍സലാമിന്റെ ഗുരുസാഗരം

വിഷ്ണു ശൈലജ വിജയന്‍

"ഏതെങ്കിലും മതവുമായി നമുക്ക് യാതൊരു ബന്ധവുമില്ല. നാമായി ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടുമില്ല. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചത് ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. അതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായവര്‍ ആവശ്യപ്പെടുന്ന പക്ഷം അവര്‍ക്കും വേണ്ടത് ചെയ്തുകൊടുക്കാന്‍ നമുക്കെപ്പോഴും സന്തോഷമാണുള്ളത്." - ശ്രീനാരായണ ഗുരു.

കേരളം കണ്ട ഏറ്റവും ശ്രേഷ്ഠനായ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്‍റെ സമാധി ദിനത്തില്‍ നാരായണഗുരുവിനെ ഏറ്റെടുക്കാന്‍ കടിപിടികൂട്ടുന്ന വിവിധ രാഷ്ട്രീയ കക്ഷികളോടും, ജാതി, മത സംഘടനകളോടും മറ്റു ശ്രീനാരായണീയരോടും രണ്ട് ചോദ്യങ്ങള്‍; നിങ്ങള്‍ എത്രത്തോളം ഗുരുവിനെ മനസ്സിലാക്കിയിട്ടുണ്ട്? ഗുരുവിനെ പറ്റിയുള്ള എത്ര പുസ്തകങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ട്?

ശരിയായ രീതിയില്‍ ഗുരുവിനെ മനസ്സിലാക്കാന്‍ സാധിക്കാതെ ഗുരുവിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ജനതയക്ക് മുന്നില്‍ വ്യത്യസ്തനാണ് തിരുവനന്തപുരത്തുകാരന്‍ ലാല്‍സലാം. ഈ ജീവിതകാലയളവില്‍ ലാല്‍ സലാം വായിച്ചു തീര്‍ത്തതും അലഞ്ഞു തിരിഞ്ഞു കണ്ടെത്തിയതും ഗുരുവിനെ പറ്റി പലരും പല കാലങ്ങളില്‍ എഴുതിയ 1500 പുസ്തകങ്ങളാണ്.

ഗുരുവിനെപ്പറ്റി മനസ്സിലാക്കുക മാത്രമല്ല, ശരിയായ ഗുരുധര്‍മ്മം സ്വന്തം ജീവിതത്തില്‍ അതേപടി നടപ്പിലാക്കുകയും ചെയ്തു മുസ്ലീം മതത്തില്‍ ജനിച്ച്, മതത്തിന്‍റെ ചട്ടക്കൂടുകള്‍ ഭേദിച്ച് പുറത്തുവന്ന മൈത്രി ലാല്‍സലാം.

മൈത്രി എന്നത് അദ്ദേഹം നടത്തുന്ന പുസ്തക വില്പനശാലയുടെ പേരാണ്. ഇത് തിരുവനന്തപുരത്തെ ഒരു പ്രധാന സാംസ്കാരിക കേന്ദ്രം കൂടിയാണ്. വെറും പുസ്തക വില്പന മാത്രമല്ല അവിടെ നടക്കുന്നത്. സ്ഥിരമായി രാഷ്ട്രീയ,സാസ്കാരിക ചര്‍ച്ചകള്‍ നടത്തുവാന്‍ അവിടെ നിരവധിപേര്‍ ഒത്തുകൂടുന്നു.

"ജനിച്ചത് മുസ്ലീം കുടുംബത്തില്‍ ആയിരുന്നു എങ്കിലും ഒരിക്കല്‍പ്പോലും ആ മതത്തിനോട് വിധേയത്വം തോന്നിയിട്ടില്ല. അതിനോടല്ല ഒരു മതത്തിനോടും വിധേയത്വം തോന്നിയിട്ടില്ല. മാതാപിതാക്കളും അധികം മത കണിശത ഇല്ലാത്തവരായിരുന്നു. കുട്ടിക്കാലം മുതല്‍ തന്നെ നാരായണ ഗുരുവിനെ അറിയാന്‍ ഒരു വല്ലാത്ത ആവേശം ആയിരുന്നു. അതിനു കാരണം മുരുക്കുംപുഴയിലെ വീടിന് മുന്നില്‍ കൂടി കടന്നു പോകുമായിരുന്ന ശിവഗിരി യാത്രയുടെ വാഹനങ്ങള്‍ ആയിരുന്നു.

എല്ലാ മതങ്ങളും സ്വന്തം മതം മാത്രം ആണ് ശരി എന്നും അവരുടെ ദൈവം അല്ലാതെ വേറൊരു ദൈവം ഇല്ല എന്നും പറഞ്ഞു പഠിപ്പിക്കുമ്പോള്‍ നാരായണ ഗുരു മാത്രം ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞു. അത് എന്നില്‍ ചിന്തകള്‍ക്കുള്ള കാരണമായി. ആ ആശയങ്ങളോട് കൂടുതല്‍ അടുക്കാനും, പഠിക്കാനും ഒക്കെ കാരണമായി. പിന്നീട് ഗുരുവിന്‍റെ പിന്നാലെയുള്ള അലച്ചിലുകള്‍, ഗുരുവിനെ തേടലുകള്‍...” എന്തുകൊണ്ട് ഗുരു എന്ന് ചോദിച്ചാല്‍ ലാല്‍സലാം ഇങ്ങനെ പറയും.സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകനായി നാട്ടില്‍ നില്‍ക്കുന്ന സമയത്തും പിന്നീട് ഗള്‍ഫിലേക്ക് പറന്നപ്പോഴും ഗുരു ലാല്‍സലാമിന്റെ മനസ്സില്‍ ഉറഞ്ഞു കിടന്നു. വീണ്ടും തിരിച്ച് നാട്ടിലെത്തി മൈത്രി ബുക്സ് എന്ന പേരില്‍ തിരുവനന്തപുരത്ത് പാളയം ഇന്ത്യന്‍ കോഫിഹൌസിന് സമീപം പുസ്തക വില്‍പ്പനശാല ആരംഭിച്ചു. പിന്നീട് ഗുരുവിനെ തേടി അലഞ്ഞ നാളുകള്‍, കേരളം മുഴുവന്‍ ഗുരുവിനെപ്പറ്റിയുള്ള പുസ്തകങ്ങള്‍ അന്വേഷിച്ച് ലാല്‍സലാം സഞ്ചരിച്ചു. കിട്ടിയ പുസ്തകങ്ങള്‍ എല്ലാം ആര്‍ത്തിയോടെ വായിച്ചു തീര്‍ത്തു. അവയിലൂടെ ലഭിച്ച അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരാന്‍ നിരന്തരം ആളുകളുമായി സംവദിച്ചു. ചിലര്‍ ഭ്രാന്താണെന്ന് പറഞ്ഞു, ചിലര്‍ കൂടെക്കൂടി.

"ഗുരുവിന്‍റെ ശിഷ്യന്മാരില്‍ വ്യത്യസ്ത മതക്കാരും ജാതിക്കാരും ഒക്കെ ഉണ്ടായിരുന്നു. ശ്രീനാരായണദാസന്‍ എന്ന് പേരുമാറ്റിയ ശിഷ്യനെ ചാക്കോ എന്ന സ്വന്തം പേരിലേക്ക് തിരികെ പോകാനും മതം മാറാനോ, സംസ്കാരം മാറാനോ പാടില്ല എന്ന് ഉപദേശിച്ച ആളാണ്‌ ഗുരു.

സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തുന്നതിന് മുമ്പ് തന്നെ മിശ്രഭോജനം നടത്തിയ ആളാണ്‌ ഗുരു. എന്നാല്‍ ഗുരു നടത്തിയ മിശ്രഭോജനം പോലുള്ള ഇടപെടലുകള്‍ക്ക് പില്‍ക്കാലത്ത് വന്ന ഈഴവരായിട്ടുള്ളവരും അല്ലാത്തവരുമായ ചരിത്രകാരന്മാര്‍ എന്തുകൊണ്ടോ വലിയ പ്രാധാന്യം നല്‍കിയില്ല. 1917-ല്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം നടത്തുന്നതിന് മുമ്പ് 1914ല്‍ പെരിങ്ങലയില്‍ വെച്ച് ഏഴ് പുലയ കുട്ടികളെ ഇരുത്തി ഗുരു മിശ്രഭോജനം നടത്തി. അതാണ്‌ കേരളത്തിലെ ആദ്യത്തെ മിശ്രഭോജനം. പക്ഷെ ഇത് ചരിത്രകാരന്മാര്‍ മൂടിവെച്ചു. ഒരുപക്ഷെ ഗുരു ഇങ്ങനെ മിശ്രഭോജനം നടത്തിയത് പുറത്തറിഞ്ഞാല്‍ തങ്ങള്‍ക്കും മിശ്രഭോജനം നടത്തേണ്ടി വരും എന്നും തങ്ങളേക്കാള്‍ താഴെത്തട്ടിലുള്ള ദളിതരെ തങ്ങള്‍ക്കൊപ്പം ഇരുത്തി ഭക്ഷണം കഴിക്കേണ്ടി വരും എന്ന ചിന്ത കൊണ്ടാകണം അന്ന് പുരോഗമന ചിന്തക്കാര്‍ എന്ന് അവകാശപ്പെട്ടിരുന്ന പലരും അക്കാര്യം മറച്ചുവെച്ചത്." ലാല്‍സലാം പറഞ്ഞു.

"എസ്എന്‍ഡിപിയെ പണ്ടേ ഗുരു തള്ളിപ്പറഞ്ഞതാണ്. ഒരു യോഗത്തില്‍ ഗുരു മുന്നോട്ട് വെച്ച അജണ്ട ദളിതരെ മുന്നോട്ട് കൊണ്ടു വരാന്‍ വേണ്ടി യോഗം പ്രവര്‍ത്തിക്കണം എന്നായിരുന്നു. എന്നാല്‍ അതൊക്കെ അട്ടിമറിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് എസ്എന്‍ഡിപിയില്‍ നടന്നത്. ഈഴവ സംഘടന എന്ന നിലയില്‍ അതിനെ മുന്നോട്ടു കൊണ്ടുപോകാനാണ്‌ നേതാക്കള്‍ ശ്രമിച്ചത്. ഡോക്ടര്‍ പല്‍പ്പുവും സഹോദരന്‍ അയ്യപ്പനും ഒഴികെയുള്ള മറ്റു പല നേതാക്കന്മാരിലും അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നു."


ലാല്‍സലാമിന്റെ ശ്രീനാരായണ ഗുരു പുസ്തക ശേഖരം

ഗുരു ദര്‍ശനം അതേപോലെ നടപ്പിലാക്കാന്‍ വേണ്ടി വിവാഹം ചെയ്ത ആളാണ്‌ ലാല്‍സലാം. മത ചിന്തകള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാന്‍ മിശ്ര വിവാങ്ങള്‍ നടക്കണം എന്നുള്ള ഗുരുവിന്‍റെ ചിന്തയില്‍ ആകൃഷ്ഠനായ ലാല്‍സലാം അന്യമതസ്ഥയായ മായയെ കല്യാണം കഴിച്ചു. അതും പ്രണയിച്ചു തന്നെ.

"ഗുരുവിനെ ഇപ്പോള്‍ ഏറ്റെടുക്കാന്‍ നടക്കുന്നവര്‍ ഗുരുവിനെ കൃത്യമായി മനസ്സിലാക്കിയിട്ടില്ല. ഒരു മതത്തെയും ഉയര്‍ത്തിക്കാട്ടി ഗുരു എവിടെയും സംസാരിച്ചതിന് തെളിവില്ല. ഞാന്‍ ഹിന്ദുമത വിശ്വാസി ആണ് എന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഗുരു ഹിന്ദു സന്യാസിയാണ് എന്ന പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം സംഘപരിവാറിന്റെ വെറും ജാതി രാഷ്ട്രീയം മാത്രമാണ്. അതിനെ നമ്മള്‍ അംഗീകരിച്ചു കൊടുക്കാന്‍ പാടില്ല. ഗുരുവിനെ ജാതിവല്‍ക്കരിച്ചു നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും തടയേണ്ടതുണ്ട്. ഗുരുവിനെ സംഘപരിവാറിന് വിട്ടു കൊടുക്കരുത്.” ലാല്‍സലാം തന്‍റെ നിലപാട് വ്യക്തമാക്കുന്നു.

ടികെ നാരായണനാണ് ആദ്യമായി ഗുരുവിനെ കുറിച്ച് പുസ്തകം എഴുതിയത്. ആ പുസ്തകം മുതല്‍ ഗുരുവിനെ പറ്റി ശ്രീലങ്കയില്‍ നിന്നും പ്രസിദ്ധീകരിച്ച പ്രത്യേക ആനുകാലിക പ്രസിദ്ധീകരണം വരെ ലാല്‍സലാമിന്റെ അമൂല്യ ശേഖരത്തില്‍ ഉണ്ട്. കേരളത്തില്‍ പലയിടങ്ങളിലും ഇതിനോടകം തന്നെ പുസ്തക പ്രദര്‍ശനങ്ങളും നടത്തി കഴിഞ്ഞു. ഒരുപാടുപേര്‍ ഈ പുസ്തകങ്ങള്‍ക്ക് വില പറയുകയും ചെയ്തു. എന്നാല്‍ എത്ര കാശ് കിട്ടിയാലും ഈ അമൂല്യ പുസ്തകങ്ങള്‍ വിട്ടുകൊടുക്കില്ല എന്നാണ് ലാല്‍സലാമിന്‍റെ നിലപാട്.

പലരും വരുന്നു, ഗുരുവിന്‍റെ ചരിത്രം അറിയാന്‍, സംശയങ്ങള്‍ തീര്‍ക്കാന്‍. അവര്‍ക്കെല്ലാം സന്തോഷത്തോടെ പുസ്തകങ്ങളുടെ കോപ്പി എടുത്ത് നല്‍കും. സംശയങ്ങള്‍ക്ക് മറുപടി നല്‍കും.

ശ്രീനാരായണ ഗുരുവിനെപ്പറ്റി മൂന്നു പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

ലാല്‍സാലാമിന്റെ ഗുരുവിനെ തേടിയുള്ള യാത്രകള്‍ അവസാനിക്കുന്നില്ല. “ഇനിയും അറിയാന്‍ ഒരുപാടുള്ള മഹാ സാഗരമാണ് ശ്രീനാരായണ ഗുരു, അതുകൊണ്ട് ഞാന്‍ ഇനിയും ഗുരുവിനെ തേടിപ്പോകും” ലാല്‍സലാം പറയുന്നു.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് വിഷ്ണു)


Next Story

Related Stories