TopTop
Begin typing your search above and press return to search.

ആരോപണങ്ങള്‍, ഗ്രൂപ്പ് രാഷ്ട്രീയം, നീതി നിഷേധം; ഐഎസ്ആര്‍ഒ ചാരക്കേസ് പിന്നിട്ട വഴികള്‍

ആരോപണങ്ങള്‍, ഗ്രൂപ്പ് രാഷ്ട്രീയം, നീതി നിഷേധം; ഐഎസ്ആര്‍ഒ ചാരക്കേസ് പിന്നിട്ട വഴികള്‍

1994ലെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? ഉത്തരം കണ്ടെത്തുക പ്രയാസമുള്ള കാര്യമാണ്. ഭരണകൂടത്തേയും അവര്‍ നിയോഗിച്ച അന്വേഷണ സംഘത്തെയും ഉദ്യോഗസ്ഥരെയും വാര്‍ത്തകളുടെ പരമ്പര സൃഷ്ടിച്ച മാധ്യമങ്ങളെയും മാത്രം വിശ്വസിച്ചാല്‍ സത്യം ജയിച്ചെന്നുവരില്ല. ഇക്കാലമത്രയും ആരോപണങ്ങളുടെയും പലതരം പൊതുവിചാരണകളുടെയും കയ്പ്പുനീര്‍ കുടിച്ച ചില മനുഷ്യജീവിതങ്ങളുടെ നേരനുഭവങ്ങള്‍ കൂടി ചേര്‍ത്തുവെക്കുമ്പോള്‍ മാത്രമേ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നാം എത്തിപ്പെടുകയുള്ളൂ. കേസ് നിര്‍മിച്ചെടുത്തവരും കേസില്‍ കുടുങ്ങി ജീവിതം പാഴായവരും ഇന്നും ജീവിച്ചിരിക്കുന്നതിനാല്‍ വാദപ്രതിവാദങ്ങള്‍ക്കുള്ള അവസരം അപ്പോഴും ബാക്കിയാണ്.

ആരോപണങ്ങള്‍

ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ വിവരങ്ങള്‍ മറിയം റഷീദ എന്ന മാലി സ്വദേശിയായ യുവതി ചോര്‍ത്തിയെന്നും ഇതിന് സഹായങ്ങള്‍ നല്‍കിയത് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പി നാരായണനും ചേര്‍ന്നായിരുന്നു എന്ന ആരോപണമാണ് തുടക്കം. ദേശാഭിമാനി പത്രത്തിന്റെ ഉള്‍പ്പേജിലും 'തനിനിറം' എന്ന സായാഹ്ന പത്രത്തിന്റെ ഒന്നാംപേജിലുമാണ് ഈ വാര്‍ത്ത വന്നത്; 1994 ഒക്ടോബര്‍ മാസത്തിലായിരുന്നു ഇത്. പിന്നീട് തനിനിറം, മംഗളം, മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി എന്നീ പത്രങ്ങള്‍ ഈ വാര്‍ത്തയെ അത്യുത്സാഹത്തോടെ ഏറ്റെടുത്തു. മാലിയില്‍ നിന്നു തന്നെയുള്ള ഫൗസിയ ഹസ്സന്‍ എന്ന യുവതിയും കേസില്‍ പിടിയിലായി. ഇരുവരും മാലിദീപിലെ ഇന്റലിജന്‍സ് ഓഫീസര്‍മാരാണ് എന്നായിരുന്നു ആരോപണം. ദശലക്ഷക്കണക്കിന് ഡോളര്‍ വാങ്ങിയാണ് ഈ ഓഫീസര്‍മാര്‍ക്ക് നമ്പി നാരായണന്‍ അങ്ങേയറ്റം രഹസ്യമായി സൂക്ഷിച്ചിരുന്ന റോക്കറ്റ് ലോഞ്ചിങ്ങിന്റെ ഫ്‌ലൈറ്റ് ടെസ്റ്റ് ഡാറ്റ അടക്കമുള്ളവ കൈമാറിയതെന്ന് കുറ്റം ചാര്‍ത്തപ്പെട്ടു. ഇന്ത്യ റഷ്യയില്‍ നിന്നും സ്വന്തമാക്കിയ ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമാക്കലായിരുന്നു മാലിദ്വീപില്‍ നിന്നുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നായിരുന്നു കഥകള്‍. അന്ന് കൃഷ്ണമൂര്‍ത്തി കസ്തൂരിരംഗനായിരുന്നു ഐഎസ്ആര്‍ഓയുടെ ചെയര്‍മാന്‍. കേസില്‍ ഇടപെടാനാകില്ലെന്ന നിലപാട് കസ്തൂരിരംഗന്‍ അന്നെടുത്തു. ഇതോടെ നമ്പി നാരായണനും മറ്റ് കുറ്റാരോപിതരും കുടുങ്ങി.

ക്രയോജനിക് സാങ്കേതിക വിദ്യ മാലി വനിതകള്‍ വഴി വിദേശത്തേക്ക് കടത്തിയെന്നായിരുന്നു പ്രധാന ആരോപണം. വികാസ് എന്‍ജിന്റെ സാങ്കേതിക വിദ്യ യുആര്‍എല്‍ ഏവിയേഷന്‍ എന്ന സ്വകാര്യ ഏജന്‍സി വഴി റഷ്യക്ക് കൈമാറിയെന്നായിരുന്നു മറ്റൊരാരോപണം. ഈ ആരോപണം ഉന്നയിക്കപ്പെട്ട 1994ല്‍ ഇന്ത്യയുടെ പക്കല്‍ ക്രയോജനിക് സാങ്കേതിക വിദ്യ ഉണ്ടായിരുന്നില്ല. അതായത്, ഇല്ലാത്ത സാങ്കേതികവിദ്യ മാലി വനിതകള്‍ക്ക് കൈമാറിയെന്നായിരുന്നു ആരോപണം! വികാസ് എന്‍ജിന്റെ സാങ്കേതിക വിദ്യ ഇന്ത്യ 1977-ല്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങിയതാണ്. ഈ സാങ്കേതികവിദ്യ അതിലും നേരത്തെ ഫ്രാന്‍സില്‍ നിന്ന് യുഎസ്എസ്ആര്‍ വാങ്ങിയിട്ടുണ്ട്. ഫലത്തില്‍, റഷ്യയുടെ പക്കലുള്ള സാങ്കേതികവിദ്യ വീണ്ടും റഷ്യക്ക് ചോര്‍ത്തി നല്‍കി എന്നതായി ആരോപണം! ഇതിനിടെ, സിഐഎ ഇടപെടലുകളെക്കുറിച്ചും നിറമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. പൊലീസ് ഭാഷ്യങ്ങള്‍ക്ക് പലപ്പോഴും മാധ്യമങ്ങളില്‍ അമിത പ്രാധാന്യവും ലഭിച്ചു.

എന്താണ് ക്രയോജനിക് സാങ്കേതിക വിദ്യ?

റോക്കറ്റ് എന്‍ജിന്റെ ഇന്ധനങ്ങളും അത് നല്‍കുന്ന ശേഷിയും സംബന്ധിച്ചുള്ള സാങ്കേതികതയും സംബന്ധിച്ച സാങ്കേതികതയാണിത്. ഇന്ത്യയുടെ ജിഎസ്എല്‍വി ലോഞ്ച് സിസ്റ്റത്തിന് ക്രയോജനിക് എന്‍ജിനുകള്‍ അത്യാവശ്യമായിരുന്നു. ജിഎസ്എല്‍വിയുടെ ഖര, ദ്രവ എന്‍ജിനുകളെക്കാള്‍ സ്‌പെസിഫിക് ഇംപള്‍സ് (ഇന്ധനത്തിന്റെ ത്വരണശേഷിയുടെ മാനദണ്ഡം. ഇത്ര ഇന്ധനത്തിന് ഇത്ര ഇംപള്‍സ് എന്ന്) ഉള്ള എന്‍ജിന്‍ ഉണ്ടെങ്കില്‍ മാത്രമേ ഭൂസ്ഥിര ഉപഗ്രഹങ്ങളുമായുള്ള റോക്കറ്റിന്റെ സഞ്ചാരത്തിന് അതിന്റെ രണ്ടാം ഘട്ടം കടന്നുപോകാനുള്ള തള്ളല്‍ ശേഷി ലഭിക്കുകയുള്ളൂ. ഇതിന് വിദേശസഹായം വേണ്ടിവന്നു. ഇന്ത്യയുടെ സുഹൃത്തായ റഷ്യയില്‍ നിന്ന ഈ എന്‍ജിന്‍ സാങ്കേതികത അടക്കം വാങ്ങാനുള്ള തീരുമാനം വന്നു.

നാള്‍വഴി

1994 ഒക്ടോബര്‍ 20ന് വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് വിസാ കാലാവധി നീട്ടിക്കിട്ടാന്‍ ശ്രമിക്കുന്നതിനിടെ, മാലദ്വീപുകാരിയായ മറിയം റഷീദ അറസ്റ്റിലാകുന്നു. ഹോട്ടലില്‍ കഴിയവെ, അവര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനെ ഫോണില്‍ ബന്ധപ്പെട്ടു. അതിനെ രാജ്യരക്ഷാതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കാണണം എന്നായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ വിലയിരുത്തല്‍. രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധനേടിയ ചാരക്കേസിന്റെ തുടക്കം അവിടെനിന്നായിരുന്നു.

1994 നവംബര്‍ 30ന് ഐഎസ്ആര്‍ഒയിലെ എല്‍പിസ്‌സി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നമ്പി നാരായണന്‍ അറസ്റ്റില്‍. രാജ്യത്തിന്റെ ശാസ്ത്രരഹസ്യം മറ്റൊരു രാജ്യത്തിന് ചോര്‍ത്തിനല്‍കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ 52 ദിവസം കഴിഞ്ഞാണ് ജാമ്യം അനുവദിച്ചത്. ഔദ്യോഗിക രഹസ്യനിയമത്തിന്റെ മൂന്ന്, നാല്, അഞ്ച് വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്. തുടര്‍ന്ന് 18 മാസത്തേക്ക് അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കി. ഐഎസ്ആര്‍ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ശശികുമാരന്‍, മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ എന്നിവരും കേസില്‍ അറസ്റ്റിലായി.

സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിച്ചു. സമാന്തരമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണവും. 1994 ഡിസംബര്‍ രണ്ടിന് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു. ഡിസംബര്‍ 19ന് കേസില്‍ ഇതുവരെ തെളിവുകളൊന്നും ലഭ്യമായില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 1995 ഏപ്രില്‍ 6ന് സിബിഐ അന്വേഷണം ശരിയായില്ലെന്നു ഹൈക്കോടതി നിഗമനം. എന്നാല്‍, നടപടി അപക്വമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

കരുണാകരന്റെ രാജി

അന്നത്തെ കെ. കരുണാകരന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ന്നു. രമണ്‍ ശ്രീവാസ്തവയുമായുള്ള അടുപ്പമായിരുന്നു കരുണാകരനെതിരെ എ ഗ്രൂപ്പ് ആയുധമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ആരോപണങ്ങള്‍. മുഖ്യമന്ത്രി രാജിവെച്ചൊഴിയേണ്ടതുണ്ടെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചു. അതിശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ചാരക്കേസില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് 1995 മാര്‍ച്ച് 16ന് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ കരുണാകരന്‍ നാടകീയമായി രാജി പ്രഖ്യാപിച്ചു. എകെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തന്നെ ചതിച്ചുവെന്ന് കരുണാകരന്‍ ഗാന്ധി മൈതാനത്തെ പൊതുസമ്മേളനത്തില്‍ തുറന്നു പറഞ്ഞു. എ.കെ ആന്റണി മുഖ്യമന്ത്രിയായി.

1996 മേയ് 1ന് കേസില്‍ കഴമ്പില്ലെന്ന് സിബിഐ കണ്ടെത്തി അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. പ്രതികളെ നിരുപാധികം വിട്ടയയ്ക്കണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ സിബിഐ റിപ്പോര്‍ട്ട് നല്‍കി. 1996 മേയ് 2ന് ചാരക്കേസിലെ ആറു പ്രതികളെയും വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ്.

അതേസമയം, സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് ഇ.കെ നായനാര്‍ സര്‍ക്കാര്‍ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നു. ഇതിനെതിരെ നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, പ്രത്യേക സംഘത്തെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നമ്പി നാരായണന്റെ ഹര്‍ജി തള്ളി. തുടര്‍ന്ന് അദ്ദേഹം സൂപ്രീംകോടതിയില്‍ അപ്പീല്‍ പോയി. 1998 ഏപ്രില്‍ 29ന് കേസ് അന്വേഷണം വീണ്ടും നടത്താനുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുന്നു. പ്രത്യേക സംഘത്തെ നിയമിച്ചു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് നിയമ നടപടികളുടെ ദുരുപയോഗമെന്നായിരുന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യമെന്നും വിമര്‍ശിച്ചു.

ഇതിനിടെ, സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന് ഒപ്പം നല്‍കിയ രഹസ്യ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്ക് എത്തുന്നു. സിബി മാത്യൂസ്, കെ.കെ ജോഷ്വ, വിജയന്‍ തുടങ്ങി അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തുന്നതായിരുന്നു റിപ്പോര്‍ട്ട്. പ്രൊഫഷണല്‍ അല്ലാത്ത രീതിയില്‍ പെരുമാറി, ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വന്നു എന്നിങ്ങനെയായിരുന്നു കണ്ടെത്തലുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പാടില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. സുപ്രീം കോടതി വിധി വരും വരെ കാത്തിരിക്കാന്‍ മുഖ്യമന്ത്രി നായനാരും നിര്‍ദ്ദേശിച്ചു.

സുപ്രീം കോടതി വിധി വന്നെങ്കിലും സിബിഐ രഹസ്യ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല. സര്‍ക്കാരുകള്‍ മാറി വന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉള്‍പ്പെടെ ലഭിക്കുകയാണുണ്ടായത്. ചാരക്കേസില്‍ അകാരണമായി പീഡിപ്പിച്ചത് ചൂണ്ടിക്കാട്ടി നമ്പി നാരായണന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. 2001 മാര്‍ച്ച് 15ന് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നമ്പി നാരായണന് നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു. 2006 ആഗസ്റ്റ് 30ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഒന്നര വര്‍ഷത്തെ അന്വേഷണത്തിനുശേഷം സിബിഐ തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഹൈക്കോടതിയെ സമീപിച്ചു. 2011ല്‍ സിബിഐ രഹസ്യ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 2012ല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്. കോടതി നടപടി എടുക്കാന്‍ നിര്‍ദ്ദേശിച്ചില്ല, ഉദ്യോഗസ്ഥര്‍ വിരമിച്ചു, കാലപ്പഴക്കമുള്ള കേസ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം. ഇതിനെതിരെ 2012ല്‍ നമ്പി നാരായണന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി എടുക്കണമെന്നും അല്ലെങ്കില്‍ നിയമ വാഴ്ചയില്ലെന്ന് കരുതുമെന്നും സിംഗിള്‍ ബെഞ്ച് വിധിച്ചു.

2012ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ച 10 ലക്ഷം രൂപ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇടക്കാല നഷ്ടപരിഹാരം അനുവദിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും നമ്പി നാരായണന്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് 2015 മാര്‍ച്ച് 4ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 2015 ജൂലൈ 8ന് ഹൈക്കോടതി വിധി ചോദ്യംചെയ്ത് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചു.

2018 ജനുവരിയില്‍ നമ്പി നാരായണന്റെ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാതെ തീരുമാനം കോടതിക്ക് വിട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. 2018 മേയ് 3ന് നമ്പി നാരായണനെ ചാരക്കേസില്‍ അന്യായമായി തടങ്കലില്‍ വച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ അന്വേഷണത്തിനു നിര്‍ദ്ദേശിച്ചേക്കുമെന്ന് സുപ്രീം കോടതി വാക്കാല്‍ പറഞ്ഞു. അതവര്‍ഷം ജൂലൈ 10ന് ഹര്‍ജിക്കാരന് നീതി ലഭ്യമാക്കേണ്ടതുണ്ടെന്ന് വാക്കാല്‍ പറഞ്ഞ സുപ്രീം കോടതി, ഹര്‍ജി വിധി പറയാന്‍ മാറ്റി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്നും 2018 സെപ്റ്റംബര്‍ 14ന് സുപ്രീം കോടതി വിധിച്ചു. ചാരക്കേസിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജസ്റ്റിസ് ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. 2018 ഒക്ടോടോബര്‍ 10ന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കി സുപ്രീം കോടതി വിധി പാലിച്ചു. കേസില്‍ മാനനഷ്ടത്തിന് ഒരുകോടി രൂപയും 1999 മുതലുള്ള പലിശയും ആവശ്യപ്പെട്ട് നമ്പി നാരായണന്‍ ഫയല്‍ ചെയ്ത കേസ് തിരുവനന്തപുരം സബ് കോടതിയില്‍ നടക്കുന്നുണ്ട്.

2021 ഏപ്രില്‍ മൂന്നിന് ജസ്റ്റിസ് ഡി.കെ ജയിന്‍ സമിതി മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിച്ചു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ അനധികൃത അറസ്റ്റ്, പീഡനം, അവഹേളനം അവയില്‍ പൊലീസിന്റെ പങ്ക് ഉള്‍പ്പെടെയാണ് സമിതി അന്വേഷിച്ചത്. രണ്ടര വര്‍ഷത്തോളം എടുത്താണ് സമിതി അന്വേഷണം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 15ന് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ട് തന്നെ തുടര്‍നടപടികള്‍ക്കായി അത് സിബിഐക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്ത് തുടര്‍നടപടികള്‍ക്കും സിബിഐയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.


Next Story

Related Stories