TopTop
Begin typing your search above and press return to search.

നിയമത്തിനപ്പുറം; ഒരു സമ്പന്ന ഇന്ത്യന്‍ കുടുംബം നീതിയുടെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ നാള്‍വഴികള്‍

നിയമത്തിനപ്പുറം; ഒരു സമ്പന്ന ഇന്ത്യന്‍ കുടുംബം നീതിയുടെ കരങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ നാള്‍വഴികള്‍

(രാജ്യ നേതൃത്വങ്ങളിലും ഉന്നത തലങ്ങളിലും അഴിമതിയും പൊതുപണം കൊള്ളയടിക്കലും തട്ടിപ്പും അത്യന്തം വ്യാപകകമായി കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന, അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, ഏറെ അംഗീകാരങ്ങള്‍ നേടിയ രാജ്യാന്തര ഏജന്‍സിയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട്(ഒസിസിആര്‍പി). പല പ്രമുഖരുടേയും കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ഒസിസിആര്‍പിയുടെ പ്ലാറ്റ്ഫോമിലൂടെ ലോകം അറിഞ്ഞിട്ടുണ്ട്. ഒസിസിആര്‍പിയുമായുള്ള ഉള്ളടക്ക പങ്കാളിത്ത ധാരണയില്‍ അവര്‍ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ അഴിമുഖം വായനക്കാര്‍ക്കു കൂടി ലഭ്യമാക്കുകയാണ്. രാജ്യത്തെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അഴിമുഖത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനുമായ ജോസി ജോസഫാണ് ഒസിസിആര്‍പിയുടെ സൗത്ത് ഏഷ്യ റീജിണല്‍ എഡിറ്റര്‍. മാതൃരാജ്യമായ ഇന്ത്യയില്‍ 700 ദശലക്ഷം ഡോളര്‍ തട്ടിപ്പിന്റെയും, കള്ളപ്പണം വെളുപ്പിച്ചതിന്റെയും കുറ്റങ്ങള്‍ ചാര്‍ത്തിയതിനെ തുടര്‍ന്ന് ഒളിച്ചോടിയ സാന്ദേസര കുടുംബത്തെ നൈജീരിയയും അല്‍ബേനിയയും രക്ഷിക്കുന്നതിനെക്കുറിച്ച് ലിന്‍ഡിത സെലയും (ഒസിസിആര്‍പി) ഉഷിനൂര്‍ മജുംദാറും (കോണ്‍ഫ്ളുവന്‍സ് മീഡിയ) ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇക്കുറി പ്രസിദ്ധീകരിക്കുന്നത്.)


സുപ്രധാന കണ്ടെത്തലുകള്‍

1: ഗുരുതരമായ സാമ്പത്തിക തട്ടിപ്പുകളുടെ കുറ്റാരോപണം നേരിടുന്ന സാന്ദേസര കുടുംബത്തിലെ അംഗങ്ങളെ ഇന്ത്യക്കു കൈമാറ്റം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നൈജീരിയയിലെയും, ഇന്തോനേഷ്യയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുരങ്കം വച്ചു.

2: അല്‍ബേനിയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ 33 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പ്രാദേശിക പങ്കാളിയുമായി ചേര്‍ന്ന് നടത്തുമെന്നു വാഗ്ദാനം ചെയ്തയുടനെ സാന്ദേസര കുടുംബാംഗങ്ങള്‍ക്ക് അല്‍ബേനിയ പൗരത്വം നല്‍കി. ഈ നിക്ഷേപം കള്ളപ്പണത്തിന്റെ ഭാഗമാണെന്ന് ഇപ്പോള്‍ അന്വേഷണം നടക്കുന്നു.

3: അല്‍ബേനിയയിലും, നൈജീരിയയിലും പൗരത്വമുള്ള സാന്ദേസര കുടുംബത്തിലെ അംഗങ്ങളെ ഇന്ത്യക്കു കൈമാറ്റം ചെയ്യുന്നതിനുള്ള ശ്രമങ്ങളെ ഇരു രാജ്യങ്ങളിലെയും ജഡ്ജിമാര്‍ തുരങ്കം വെക്കുന്നു. രാഷ്ട്രീയ ലാക്കോടെയുള്ള കേസ്സാണ് അവര്‍ക്കെതിരെ ഉള്ളതെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം

4: കുടുബം നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനുള്ള ഓട്ടത്തിലാണെങ്കിലും സാന്ദേസരസിന്റെ നൈജീരിയന്‍ സ്ഥാപനത്തില്‍ നിന്നും ഇന്ത്യയിലെ പൊതുമേഖല കമ്പനികള്‍ ഇപ്പോഴും കോടിക്കണക്കിന് ഡോളറിന്റെ അസംസ്‌കൃത എണ്ണ വാങ്ങുന്നുവെന്ന് ഒസിസിആര്‍പി-യുടെ പക്കലുള്ള രേഖകള്‍ വെളിവാക്കുന്നു.

2019 മാര്‍ച്ചിലെ ഒരു മദ്ധ്യാഹ്നത്തില്‍ അല്‍ബേനിയയിലെ ടിരാന അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു സമ്പന്ന കുടുബം വിമാനം കയറുവാന്‍ തയ്യാറെടുക്കുകയായിരുന്നു. തങ്ങളുടെ സമ്പത്ത് പ്രദര്‍ശിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അവര്‍ സ്വന്തം വിമാനത്തിലായിരുന്നു യാത്രയെന്നു പറയേണ്ടതില്ലല്ലോ.

മാതൃരാജ്യത്തെ ബാങ്കുകളില്‍ നിന്നും വായ്പയെന്ന വ്യാജേന 700 ദശലക്ഷം ഡോളര്‍ തട്ടിച്ചെടുത്തതിന്റെ പേരിലുള്ള കേസ്സുകളെ തുടര്‍ന്ന് 2017 മുതല്‍ സാന്ദേസരസുമാര്‍ നിയമത്തെ കബളിപ്പിക്കുന്ന ഓട്ടത്തിലാണ്.

ഒളിച്ചു കഴിയുന്നവരാണെങ്കിലും അല്‍ബേനിയയിലെ കെട്ടിടനിര്‍മാണ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുവാന്‍ ഈ കുടുംബത്തിന് അനുമതി ലഭിച്ചുവെന്ന് മാധ്യമങ്ങളില്‍ അന്നേ ദിവസം രാവിലെ പ്രത്യക്ഷപ്പെട്ട വാര്‍ത്ത അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു.

കസ്റ്റംസ് പരിശോധന അനായാസം നടത്തി കടന്നുപോകുന്നതിന് അതൊന്നും അവര്‍ക്ക് തടസ്സമായില്ല. പ്രസിഡന്റ് ഇലിര്‍ മേട്ട സമ്മാനിച്ച പുത്തന്‍ അല്‍ബേനിയന്‍ പാസ്പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാട്ടി അവരില്‍ മൂന്നു പേര്‍ -- ചേതന്‍കുമാര്‍ സാന്ദേസര, ഭാര്യ ദീപ്തിബെന്‍ സാന്ദേസര, മൂത്ത സഹോദരന്‍ നിതിന്‍ -- എന്നിവര്‍ വൈകുന്നേരം 5 മണിയോടെ സ്വന്തം വിമാനത്തില്‍ കയറി.

നാലു പേരുടേ പേരിലും ഇന്റര്‍പോളിന്റെ 'റെഡ് കോര്‍ണര്‍' നോട്ടീസ് ഉണ്ടായിരുന്നുവെങ്കിലും ദീപ്തിബെന്നിന്റെ സഹോദരന്‍ ഹിതേഷ്‌കുമാര്‍ പട്ടേലിനെ മാത്രമാണ് വിമാന താവളത്തില്‍ തടഞ്ഞത്. അദ്ദേഹത്തിന്റെ കൈവശം ഇന്ത്യന്‍ പാസ്പോര്‍ട്ടയിരുന്നു.

പട്ടേലിനെ തടഞ്ഞുവച്ചതിനു ശേഷം എന്തു സംഭവിച്ചുവെന്ന് കണ്ടെത്തുവാന്‍ സാന്ദേരസ കുടുബം മെനക്കെട്ടില്ല. അവരുടെ വിമാനത്തെ നിരീക്ഷിച്ചപ്പോള്‍ അത് സിസിലിക്ക് മുകളിലൂടെ പറക്കുകയായിരുന്നു. അവരുടെ ലക്ഷ്യസ്ഥാനം അറിയില്ലായിരുന്നുവെങ്കിലും വിമാനത്തിന്റെ ദിശ നല്‍കിയ സൂചനയനുസരിച്ച് നൈജീരിയ ആവുമെന്നു ഊഹിക്കാമായിരുന്നു. സാന്ദേസരകള്‍ക്ക് നൈജീരയില്‍ പൗരത്വും, ബിസിനസ്സും മാത്രമല്ല അവിടുത്തെ രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധവുമുണ്ടായിരുന്നു. ഇപ്പോഴും അവര്‍ അവിടെ ഒളിവില്‍ കഴിയുന്നുവെന്നാണ് പരക്കെയുള്ള വിശ്വാസം.

സാന്ദേസര ബിസിനസ്സ് സാമ്രാജ്യത്തിലെ സുപ്രധാന അംഗമായ പട്ടേലിന് ചുരുക്കത്തില്‍ വലിയ ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടി വന്നില്ല. 2019 നവംബറില്‍ അല്‍ബേനിയ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കി. അദ്ദേഹത്തിന്റെ പേരില്‍ കുറ്റമൊന്നും ചാര്‍ത്തിയതുമില്ല, ഇന്ത്യക്ക് കൈ മാറിയതുമില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം അവിടെ സ്വതന്ത്രമായി ജീവിക്കുന്നു.

കാലങ്ങളായി ടാബ്ലോയിഡുകളുടെ ആകര്‍ഷണ കേന്ദ്രമായ ഇവര്‍ നിയമത്തില്‍ ഒളിച്ചോടിയത് ഇന്ത്യയില്‍ വലിയ വാര്‍ത്തയായിരുന്നു.

അവരെ കൈമാറ്റം ചെയ്യുന്നതിനു വേണ്ടിയുള്ള ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളില്‍ നിന്നും അവരെ രക്ഷിക്കുവാന്‍ അല്‍ബേനിയയിലെയും നൈജീരിയയിലെയും ഉന്നതോദ്യഗസ്ഥര്‍ സഹായിച്ചതിന്റെ രേഖകള്‍ ഒസിസിപിആറിന്റെ അന്വേഷണത്തില്‍ കണ്ടെത്താനായി. പോലീസ് റിപോര്‍ട്ടുകള്‍, കോടതി രേഖകള്‍, അഭിമുഖങ്ങള്‍, ഫ്ളൈറ്റ് ഡാറ്റ രേഖകള്‍ എന്നിവ പരിശോധന വിധേയമാക്കിയ റിപോര്‍ട്ടര്‍മാര്‍ക്ക് കണ്ടെത്തിയത് മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥര്‍ ഈ കുടുംബത്തിന്റെ സൈ്വരവിഹാരം മാത്രമല്ല അവരുടെ ബിസിനസ്സ് നടത്തിപ്പും എങ്ങനെ ഉറപ്പു വരുത്തുന്നവെന്നാണ്.

സാന്ദേസരും, അവരുടെ പ്രദേശിക പങ്കാളിയും ചേര്‍ന്നു കെട്ടിടനിര്‍മാണ മേഖലയില്‍ 33 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുവാന്‍ പദ്ധതിയിടുന്ന അല്‍ബേനിയയില്‍ ഈ കുടുംബത്തിലെ ചിലര്‍ക്ക് പൗരത്വം ലഭിച്ചുവെന്നു മാത്രമല്ല ഒരാള്‍ക്ക് അല്‍ബേനിയയുടെ ഓണററി കൗണ്‍സില്‍ പദവിയും നല്‍കി.

അല്‍ബേനിയയിലെ അവരുടെ നിക്ഷേപത്തെ കുറിച്ചുള്ള അന്വേഷണവും, അവരെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന നിലനില്‍ക്കുമ്പോഴും അവര്‍ ഒരു പ്രയാസവുമില്ലാതെ അല്‍ബേനിയയില്‍ വന്നു പോകുന്നതായി ദേശാതിര്‍ത്തകളില്‍ നിന്നുള്ള ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.

അവരെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന നൈജീരിയയിലെ അറ്റോര്‍ണി ജനറല്‍ തള്ളിക്കളഞ്ഞത് അവര്‍ക്കെതിരെയുള്ള കേസ്സ് രാഷ്ട്രീയപ്രേരിതമാണെന്നു ചൂണ്ടിക്കാട്ടിയാണ്. ഇന്ത്യയിലെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ അപഹാസ്യമെന്നു വിശേഷിപ്പിച്ച ഇതേ ന്യായം 2019ല്‍ പട്ടേലിനെ കൈമാറണമെന്ന ആവശ്യം നിരസിച്ച അല്‍ബേനിയയിലെ ജഡ്ജിയും പ്രകടിപ്പിച്ചു.

സാന്ദേസര കുടുബം ഒളിച്ചോടിയതിനു ശേഷവും ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കോടിക്കണക്കിന് ഡോളറിന്റെ അസംസ്‌കൃത എണ്ണ അവരുടെ നൈജീരിയയിലെ സ്ഥാപനം വഴി വാങ്ങുന്നത് തുടരുന്നതിന്റെ രേഖകളും ഒസിസിആര്‍പി-കണ്ടെത്തി.

അല്‍ബേനിയയില്‍ നിന്നും ലഭിക്കുന്ന രാഷ്ട്രീയ സുരക്ഷയുടെ ഗുണം ഈ കുടുംബത്തിന് ലഭിച്ചുവെന്ന് അല്‍ബേനിയന്‍ സെന്റര്‍ ഫോര്‍ എക്കണോമിക് റിസര്‍ച്ചിന്റെ (അഇഋഞ) എക്സിക്യൂട്ടീവ് ഡയറക്ടറായ സെഫ് പ്രെക്കി അഭിപ്രായപ്പെടുന്നു. 'അവര്‍ക്ക് നല്‍കിയ സഹായത്തിന്റെ പേരില്‍ ആരും ശിക്ഷാര്‍ഹരായില്ലെന്ന വസ്തുത തന്നെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ വെളിവാക്കുന്നു', അദ്ദേഹം പറഞ്ഞു.

സാന്ദേസരസുമാരുടെ പേരില്‍ രാജ്യത്ത് കേസ്സുകളൊന്നും ഇല്ലാത്തതിനാല്‍ അവരെ അറസ്റ്റു ചെയ്യാനാവില്ലെന്ന് അല്‍ബേനിയന്‍ പോലീസിന്റെ വക്താവ് ഖണ്ഡിതമായി അഭിപ്രായപ്പെടുന്നു. അന്താരഷ്ട്രതലത്തിലും അവര്‍ക്കെതിരെ ഒന്നുമില്ലെന്നാണ് വക്താവിന്റെ അഭിപ്രായം. കുറ്റകൃത്യത്തില്‍ നിന്നും നേടിയ കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ അവര്‍ അന്വേഷണ വിധേയരായിട്ടുണ്ടെന്നു സമ്മതിച്ച വക്താവ് കൂടുതല്‍ വിവരങ്ങള്‍ക്ക് ടിരാനയിലെ പ്രോസിക്യൂട്ടറുടെ ഓഫീസുമായി ബന്ധപ്പെടാന്‍ പറഞ്ഞു.

പോലീസിന്റെ പ്രസ്താവനയെ നിഷേധിച്ച പ്രോസിക്യൂട്ടറുടെ ഓഫീസ് കുറഞ്ഞത് രണ്ടു സഹോദരന്മാരെ കൈമാറുന്നതിനുളള അഭ്യര്‍ത്ഥന നടത്തിയെന്നു സ്ഥിരീകരിച്ചു. കേസ്സ് ഇപ്പോഴും അന്വേഷണത്തിലാണ്, ഒരു വക്താവ് പറഞ്ഞു.

2019ലെ ഒരു അഭിമുഖത്തില്‍ ഇന്റര്‍പോള്‍ നോട്ടീസിന്റെ പേരില്‍ തന്നെ അറസ്റ്റു ചെയ്തുവെന്നു സമ്മതിച്ച പട്ടേല്‍ നടപടി രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് അവകാശപ്പെട്ടു. കുടുബത്തിലെ മറ്റുള്ളവരുമായും ബന്ധപ്പെടാനായില്ല. അവരുടെ ഒരു പ്രതിനിധി പ്രതികരിക്കാന്‍ വിസ്സമതിച്ചു.

സാന്ദേസരസ് ഗ്രൂപ്പിന്റെ ഗള്‍ഫ്‌സ്ട്രീം ജെറ്റ്

ആഡംബര ജീവിതം

തേയില വ്യാപാരികളായി ബിസിനസ്സ് ജീവിതം തുടങ്ങിയ നിതിന്‍ സാന്ദേസരയും സഹോദര്‍ ചേതന്‍കുമാറും ഔഷധ വ്യവസായത്തില്‍ വലിയ ഡിമാന്‍ഡുള്ള ജലാറ്റിന്‍ ഉല്‍പ്പാദനത്തിലേക്കു തിരിഞ്ഞു. ഊര്‍ജ്ജം, കെട്ടിടനിര്‍മാണം, ആരോഗ്യ പരിപാലനം തുടങ്ങിയ വിവിധ മേഖലകളിലായി വികസിച്ചതോടെ താമസിയാതെ 340 കമ്പനികളുടെ നിയന്ത്രണം സഹോദരന്മാരുടെ കൈകളിലായി. അതില്‍ 92 എണ്ണം ഇന്ത്യക്കു പുറത്തായിരുന്നു. ഗ്രൂപ്പിന്റെ മൊത്തം ആസ്തി 700 കോടി ഡോളറാണെന്നു കണക്കാക്കപ്പെടുന്നു.

അവരുടെ സമ്പത്ത് ഉയരുന്നതനുസരിച്ച് അവര്‍ ടാബ്ലോയിഡുകളുടെ ഹരമായി. അവരുടെ അത്യാഡംബരങ്ങളായ കെട്ടിടങ്ങളും, എല്ലാം തികഞ്ഞ പാര്‍ട്ടികളും, ബോളിവുഡ് താരങ്ങളുമായുള്ള സൗഹൃദങ്ങളുമെല്ലാം ടാബ്ലോയിഡുകളില്‍ നിറഞ്ഞു നിന്നു. കുടുബത്തിന്റെ പുതിയ ജെറ്റ് വിമാനത്തിന്റെ വില കുറവായി ഒരു മാധ്യമാ പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്തതിനെപറ്റി ചേതന്‍കുമാര്‍ പത്ര പ്രവര്‍ത്തകരോട് പരാതിപ്പെട്ടതായും കഥയുണ്ട്!

2017ന്റെ രണ്ടാം പകുതിയോടെ സാന്ദേസര കുടുബത്തിന്റെ ഭാഗ്യത്തില്‍ മാറ്റം വന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അവരുടെ കമ്പനി സാമ്പത്തിക തട്ടിപ്പിലും കുറ്റകരമായ ഗൂഢാലോചനയിലും ഏര്‍പ്പെട്ടതായി ആരോപിച്ചു. അതിനെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ സ്റ്റെര്‍ലിംഗ് ബയോടെക്കെന്ന അവരുടെ സ്ഥാപനം അതിന്റെ പ്രമോട്ടര്‍മാരുടെ നേട്ടത്തിനായി കുറ്റകരമായി നേടിയ 700 ദശലക്ഷം ഡോളര്‍ വെളുപ്പിക്കുകയും ചെയ്തു. സഹോദരന്മാരും ദീപ്തിബെന്നും അതിന്റെ ഗുണഭോക്താക്കളായിരുന്നു.

കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വഞ്ചനാപരമായി ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ സംഘടിപ്പിക്കുകയായിരുന്നു എന്നാണ് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

പട്ടേല്‍ അല്‍ബേനിയയില്‍ തടഞ്ഞുവെക്കപ്പെടുന്ന 2019 കാലത്തെ കണക്കനുസരിച്ച് വഞ്ചനയിലൂടെ തട്ടിയെടുത്ത പണം 1.1 ബില്യണ്‍ ഡോളര്‍ വരുമെന്നായിരുന്നു ബാങ്കുകളുടെ കണക്കുകള്‍.

ഈ പണത്തിന്റെ സിംഹഭാഗവും ഷെല്‍ കമ്പനികളുടെ പേരില്‍ കടത്തുകയായിരുന്നു. സ്റ്റെര്‍ലിംഗ് ബയോടെക്കിലെ ഉദ്യോഗസ്ഥരുടെയും, അസ്സോസിയേറ്റുകളുടെയും പേരിലായിരുന്നു ഷെല്‍ കമ്പനികളി ഓഹരികളും ഉടമസ്ഥതയും. ആസ്തികളും, വസ്തുക്കളും വാങ്ങുന്നതിന്റെ മറവിലായിരുന്നു പണം പുറത്തേക്കു കടത്തിയിരുന്നത്. ഷെല്‍ കമ്പനികളുടെ ബാലന്‍സ് ഷീറ്റ് കൃത്രിമമായി പെരുപ്പിച്ച് കാണിക്കുവാനും ഈ പണം വിനിയോഗിക്കപ്പെട്ടു. ഇങ്ങനെ പെരുപ്പിച്ച കണക്കുകള്‍ കാട്ടി ബാങ്കുകളില്‍ നിന്നും കൂടുതല്‍ കടമെടുക്കുകയും അതിനെ വക മാറ്റി നിക്ഷേപിക്കുകയും ചെയ്തു.

'നിതിന്‍ ജയന്തിലാല്‍ സാന്ദേസര, ചേതന്‍ ജയന്തിലാല്‍ സാന്ദേസരയും അവരുടെ SBL ഗ്രൂപ്പിലെ ഉദ്യോഗസ്ഥരയെും, കൂട്ടാളികളെയും ഷെല്‍ കമ്പനികളിലെ ഡയറക്ടര്‍മാരാക്കുകയും കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു' ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 'ഷെല്‍ കമ്പനികളുടെ യഥാര്‍ത്ഥ മാനേജ്മെന്റും, നിയന്ത്രണവും അവയുടെ ശരിയായ യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ നിക്ഷിപ്തമായിരുന്നു'. അതായത് നിതിന്‍, ചേതന്‍, ദീപ്തി സാന്ദേസര.

അന്വേഷണത്തില്‍ മൊഴികൊടുത്ത സാന്ദേസര ഉദ്യോഗസ്ഥനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ ഹേമന്ത് സമുക്രയി ഹാത്തിയുടെ അഭിപ്രായത്തില്‍ സാന്ദേസരമാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന 229 കമ്പനികളില്‍ 311-ഉം 'ബനാമി' സ്ഥാപനങ്ങളായിരുന്നു. 'മറ്റുള്ളവരാണ് അവ നടത്തിയിരുന്നതെങ്കിലും കുടുംബത്തിലെ അകത്തളങ്ങില്‍ ഉള്ളവരിലായിരുന്നു അവയുടെ യഥാര്‍ത്ഥ നിയന്ത്രണം'.

മോഷ്ടിച്ച പണം ഉപയോഗപ്പെടുത്തി കണ്ണഞ്ചിക്കുന്ന കാറുകളും വിലയേറിയ വസ്തുവഹകളും വാങ്ങിക്കൂട്ടിയെന്ന ആരോപണം സാന്ദേസരകള്‍ നേരിടുന്നു. ഹൈഡ് പാര്‍ക്കില്‍ 5 ദശലക്ഷം വിലവരുന്ന കെട്ടിടം, വടക്കന്‍ ലണ്ടനില്‍ 10 ഏക്കറും പ്രഭു മന്ദിരവും, ദുബായ് മറീനയില്‍ 2 ദശലക്ഷം ഡോളറിന്റെ അപ്പാര്‍ട്മെന്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അന്വേഷകരുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ കടം തിരിച്ചടക്കുന്നതിന് പകരം കൂടുതല്‍ പണം കുടുംബത്തിന്റെ നൈജീരിയയിലെ എണ്ണ ബിസിനസ്സിലേക്കു തിരിച്ചു വിടുകയായിരുന്നു.

അറസ്റ്റിനു മുമ്പ് സാന്ദേസരകള്‍ ഇന്ത്യയില്‍ നിന്നും കടന്നു കളഞ്ഞു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 'ഒളിവില്‍ കഴിയുന്ന സാമ്പത്തിക കുറ്റവാളികള്‍' എന്ന ഒരു കോടതി ഉത്തരവിന്റെ പകര്‍പ്പ് നല്‍കുക മാത്രമാണ് ഇക്കാര്യത്തില്‍ ഇഡി-യുടെ പ്രതികരണം.

ദുബായ് മറീനയില്‍ രണ്ടു മില്യണ്‍ ഡോളര്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ മോഷ്ടിച്ച പണം ഉപയോഗിച്ചുവെന്നാണ് സന്ദേരസിനെതിരായ ആരോപണം

അല്‍ബേനിയന്‍ ബന്ധം

ഇന്ത്യക്കു പുറത്ത് സൗഹൃദങ്ങളുണ്ടാക്കാന്‍ സാന്ദേസരമാര്‍ക്ക് അധികം സമയം വേണ്ടി വന്നില്ല.

പിടികിട്ടാപ്പുള്ളികള്‍ എന്ന പദവി നിലനില്‍ക്കുമ്പോള്‍ തന്നെ 2018 ഫെബ്രുവരിയില്‍ അവര്‍ക്ക് അല്‍ബേനിയന്‍ പൗരത്വം ലഭിച്ചു. പാസ്പോര്‍ട്ടും കിട്ടി.

നിതിന്‍ സാന്ദേസരയെ അല്‍ബേനിയയുടെ നൈജീരിയയിലെ ഓണററി കൗണ്‍സില്‍ ജനുവരി 2019ല്‍ നിയമിച്ചു. (എന്നാല്‍ മൂന്നു മാസത്തിനു ശേഷം പട്ടേലിനെ അറസ്റ്റിന്റെ സമയത്ത് ഈ പദവി നഷ്ടമായതായി പറയപ്പെടുന്നു)

ബ്ലെന്‍ഡി ക്ലോസ്സിയുടെ നേതൃത്വത്തിലുളള അല്‍ബേനിയയിലെ വിനോദസഞ്ചാര-പരിസ്ഥിതി മന്ത്രാലയം 'നമ്മുടെ രാജ്യത്ത് ഉന്നത നിക്ഷേപം നടത്തുവാന്‍ അവര്‍ പ്രതിബദ്ധരാണ്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പൗരത്വത്തിനായി നോമിനേറ്റ് ചെയ്യുന്ന വേളയിലായിരുന്നു ഈ അഭിപ്രായം. ജൂലിജന്‍ലോല്‍ മോറിന എന്ന വിവാദ ബിസിനസ്സുകാരനെ പ്രദേശിക പങ്കാളിയാക്കി 33 ദശലക്ഷം ഡോളര്‍ കെട്ടിട നിര്‍മാണ മേഖലയില്‍ നിക്ഷേപിക്കുമെന്നായിരുന്നു സാന്ദേസരമാരുടെ വാഗ്ദാനം. അല്‍ബേനിയയിലെ ഏറ്റവും കണ്ണായ തീരപ്രദേശത്ത് ഒരു വിനോദ സഞ്ചാര റിസോര്‍ട്ടും ഇതിന്റെ ഭാഗമായിരുന്നു.

വിനോദസഞ്ചാര മന്ത്രാലയമടക്കമുള്ള അല്‍ബേനിയയിലെ നാലു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാന്ദേസരമാര്‍ക്ക് പൗരത്വം നല്‍കിയതിനെ പറ്റി ഒസിസിആര്‍പി-യുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസ്സമതിച്ചു. അത്തരം കാര്യങ്ങള്‍ സ്വകാര്യവും, രഹസ്യവും ആണെന്നായിരുന്നു അവരുടെ നിലപാട്. 'പുറത്ത് നല്‍കാന്‍ പറ്റാത്ത വിവരങ്ങളടങ്ങിയ വ്യക്തിപരമായ രേഖകളും, രഹസ്യ രേഖകളും അടങ്ങിയ' അത്തരം ഫയലുകളിലെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന പ്രസിഡണ്ടിന്റെ ഓഫീസില്‍ നിന്നുള്ള മറുപടിയില്‍ മറ്റു വിശദീകരണങ്ങള്‍ ഒന്നുമില്ലായിരുന്നു.

തീരുമാനമെടുക്കുന്നതിലെ വേഗത കണക്കിലെടുത്താല്‍ രാഷ്ട്രീയമായ സുരക്ഷ സാന്ദേസരമാര്‍ക്ക് ലഭ്യമാണെന്ന് വ്യക്തമാവും എന്നാണ് അല്‍ബേനിയയിലെ അതിര്‍ത്തി സേനയുടെ മുന്‍ ഡയറക്ടര്‍ പെലുംബ് നക്കോയുടെ അഭിപ്രായം.

'എന്റെ അഭിപ്രായത്തില്‍ വേഗതക്കു പുറമെ എല്ലാ സ്ഥാപനങ്ങളും ഒരു പോലെ അംഗീകാരം നല്‍കിയതും അധികാര ദുര്‍വിനിയോഗമാണ്' അദ്ദേഹം ഒസിസിആര്‍പിനോടു പറഞ്ഞു. 'ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ സ്വാധീനമില്ലാതെ അത്തരം കാര്യങ്ങള്‍ നടക്കില്ല. അത് സാധാരണമല്ല'

നാട്ടുകാരന്‍ ചങ്ങാതി

അല്‍ബേനിയന്‍ അധികൃതര്‍ സാന്ദേസരമാര്‍ക്ക് ഇത്രയധികം സഹായങ്ങള്‍ ചെയ്തതിനുള്ള യഥാര്‍ത്ഥ കാരണം അറിയില്ല. അവരുടെ പ്രദേശിക പ്രതിനിധി ജുലിജന്‍ ലോള്‍ മൊറിന ഒരു കാരണമാവാം.

സാമൂഹ്യ മാധ്യമങ്ങളില്‍ സ്വന്തം സമ്പത്ത് പ്രദര്‍ശിപ്പിക്കുവാന്‍ ഇഷ്ടപ്പെടുന്ന അല്‍ബേനിയന്‍ കച്ചവടക്കാരില്‍ ഒരാളാണ് മൊറിന. യാത്രകള്‍, വിലയേറിയ കാറുകള്‍, സ്വന്തം പേരിലുള്ള ആഡംബര നൗക ഇവയുടെയെല്ലാം ചിത്രങ്ങള്‍ സ്ഥിരമായി അദ്ദേഹം പോസ്റ്റു ചെയ്യും. അല്‍ബേനിയുടെ തെക്കന്‍തീരത്തെ അദ്ദേഹത്തിന്റെ ലക്ഷ്വറി ഹോട്ടലിലും ആഡംബര നൗകയിലും അതിഥികളായെത്തുന്ന അദ്ദേഹത്തിന്റെ ശക്തരായ സുഹൃത്തുക്കളില്‍ കൊസോവയിലെ മുന്‍പ്രധാനമന്ത്രി രാമുഷ് ഹരാദിനാജും ഉള്‍പ്പെടുന്നു.

2005-ല്‍ ഒരു കെട്ടിടനിര്‍മാണ കമ്പനി തുടങ്ങിയ മൊറിനയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ബിസിനസ്സ് അതിവേഗം വളര്‍ന്നതോടെ 2013-ല്‍ അദ്ദേഹം ടിരാന ഫുട്ബാള്‍ ടീമിന്റെ സ്പോണ്‍സര്‍ ആയി. അല്‍ബേനിയന്‍ പ്രധാനമന്ത്രി എദി രാമയുടെ സഹോദരനുമായി അദ്ദേഹം ഒരു ഫുട്‌ബോള്‍ കളി കാണുന്നതിന്റെ ഫോട്ടോയെടുത്തിട്ടുണ്ട്.

മൊറീനയും പ്രഥമ കുടുംബവുമായുള്ള ബന്ധത്തിന്റെ മറ്റുള്ള വിവരങ്ങളും ഒസിസിആര്‍പി കണ്ടെത്തി. എദി രാമയുടെ മകന്‍ ഗ്രെഗര്‍ രാമ ടിരാനയിലെ ഉന്നതരുടെ ഒരു വാസസ്ഥലത്ത് മൊറിന നിര്‍മിച്ച ഒരു പാര്‍പ്പിടത്തില്‍ രണ്ടു വര്‍ഷത്തോളം അന്തേവാസിയായിരുന്നു.

റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും അയല്‍ക്കാരും നല്‍കുന്ന വിവരമനുസരിച്ച് 140 ചതുരശ്ര മീറ്റര്‍ വിലപ്പമുള്ള ആഡംബര കെട്ടിടത്തില്‍ 2018 സെപ്തംബര്‍ ഗ്രെഗര്‍ അന്തേവാസിയായിരുന്നു. പ്രധാനമന്ത്രി തന്റെ ആസ്തികളെക്കുറിച്ച് 2019ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അക്കൊല്ലത്തെ അവസാന അഞ്ചു മാസങ്ങളില്‍ 150,000 ലെക്കെ (മാസം 243 യൂറോ) മകന്റെ കെട്ടിട വാടകയിനത്തില്‍ നല്‍കിയെന്നു പറയുന്നു. വിപണിയിലെ നിരക്കിനെക്കാള്‍ വളരെ കുറവായിരുന്നു ഇത്. ഗ്രെഗറിന്റെ വാസസ്ഥലത്തെ വാടക സാധാരണഗതിയില്‍ ഏറ്റവും കുറഞ്ഞത് 1,000 യൂറോയായിരുന്നു.

ഗ്രെഗര്‍ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ വിലാസം സത്യവാങ്മൂലത്തില്‍ ഇല്ലെങ്കിലും മൊറിനയുടെ കെട്ടിട സമുച്ചയത്തിലെ ഗ്രെഗറിന്റെ പോക്കുവരവുകള്‍ക്ക് ഒസിസിആര്‍പി-യുടെ ലേഖകന്‍ 2020ല്‍ നിരവധി തവണ ദൃക്സാക്ഷിയാണ്. ഈ റിപ്പോര്‍ട്ടിനു വേണ്ടിയുള്ള പ്രതികരണത്തിനായി ലേഖകന്‍ ഗ്രെഗറിന് കാണാന്‍ ശ്രമിച്ചുവെങ്കിലും മറ്റൊരാളാണ് അതിനായി പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം അദ്ദേഹം ഫോണ്‍ എടുക്കാനും സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാനും വിസ്സമ്മതിച്ചു.

സാന്ദേസരമാരുമായുള്ള തന്റെ ബന്ധത്തെ ഒസിസിആര്‍പി-യുമായുള്ള സംസാരത്തില്‍ ശക്തമായി ന്യായീകരിച്ച മൊറിനയുടെ അഭിപ്രായത്തില്‍ 'സ്വന്തം രാജ്യത്ത് രാഷ്ട്രീയവും, മതപരവുമായ കാരണങ്ങളാല്‍ പീഢിപ്പിക്കപ്പെട്ട അവര്‍ സത്യസന്ധരായ ബിസിനസ്സുകാരാണ് എന്നാണ് എന്റെ ശക്തമായ തോന്നല്‍'.

ഗ്രെഗര്‍ രാമായുടെ വാടകയെക്കുറിച്ചുള്ള വിശദമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസ്സമതിച്ച അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു. '50തിലധികം കെട്ടിടങ്ങള്‍ നിര്‍മിച്ച കമ്പനി നടത്തുന്ന ഞാന്‍ അതിലെ താമസക്കാരെപ്പറ്റി സംസാരിക്കണമെന്നു പറയുന്നതില്‍ നിക്ഷിപ്ത താല്‍പര്യം മാത്രമാണ്'.

പിടികിട്ടാപ്പുള്ളികളാണെങ്കിലും സാന്ദേസരമാര്‍ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അല്‍ബേനിയ സന്ദര്‍ശിക്കുമായിരുന്നു. പട്ടേലിനെ അറസ്റ്റു ചെയ്യുന്നതിന് മുമ്പ് രണ്ടു തവണ ഉദ്യോഗസ്ഥര്‍ ഇന്റര്‍പോളിന് ഇമെയില്‍ അയച്ചതായി ഒസിസിആര്‍പിക്കു ലഭിച്ച 2019 മാര്‍ച്ചിലെ ഒരു പൊലീസ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ കുടുബത്തിന് രാജ്യത്ത് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ തടസ്സമൊന്നുമില്ലായിരുന്നു. സാന്ദേസര സഹോദരന്മാരെ കൈമാറണമെന്ന് അതേ മാസം തന്നെ ഇന്ത്യ ടിരാനയോട് അഭ്യര്‍ത്ഥച്ചുവെങ്കിലും അക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.

സാന്ദേസരാസുമാരുടെ വക്കീലിന് 2019 നവംബറില്‍ ഇന്റര്‍പോള്‍ ഉദ്യോഗസ്ഥനില്‍ നിന്നും നിതിന്‍, ചേതന്‍, ദീപ്തി എന്നിവരുടെ പേരിലുള്ള നോട്ടീസുകള്‍ പിന്‍വലിച്ചുവെന്ന അറിയിപ്പ് ലഭിച്ചു. അവര്‍നല്‍കിയ അവ്യക്തമായ ഒരു 'അഭ്യര്‍ത്ഥന' മാനിച്ചാണ് എന്നതല്ലാതെ മറ്റു കാരണങ്ങള്‍ ഒന്നും ഇന്റര്‍പോള്‍ നല്‍കിയില്ല.

ദേശീയ അധികൃതരെ അറസ്റ്റുകള്‍ നടത്താന്‍ നിര്‍ബന്ധിക്കുവാന്‍ തങ്ങള്‍ക്കാവില്ല എന്നതിനപ്പുറം ഇക്കാര്യത്തില്‍ ഇന്റര്‍പോള്‍ പ്രതികരിക്കാന്‍ വിസ്സമതിച്ചു.

കൈമാറണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന നിലനില്‍ക്കുമ്പോഴും സാന്ദേസര കുടംബത്തിലെ ഒരാളെങ്കിലും അല്‍ബേനിയ സന്ദര്‍ശിക്കുന്നത് തുടര്‍ന്നിരുന്നു. മാര്‍ച്ച് 2020നു ശേഷം ഇളയ സാന്ദേസര സഹോദരനായ ചേതന്‍കുമാര്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും ഇക്കഴിഞ്ഞ ജനുവരിയിലടക്കം സന്ദര്‍ശനം നടത്തി.

അല്‍ബേനിയയും ഇന്ത്യയും തമ്മില്‍ കൈമാറ്റ കരാര്‍ (എക്സ്ട്രാഡിഷന്‍) ഇല്ലെങ്കിലും അല്‍ബേനിയയിലെ ജസ്റ്റിസ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍ബന്‍ ബ്രേസിന്റെ അഭിപ്രായത്തില്‍ ഇവരുടെ അറസ്റ്റിന് ഇന്ത്യയില്‍ നിന്നുള്ള അഭ്യര്‍ത്ഥന മാത്രം മതിയാകും എന്നാണ്.

സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചവരാണെന്ന നിലയില്‍ 'ഇന്ത്യന്‍ ഭരണകൂടത്തിന് അവരെ ആവശ്യമുണ്ടെങ്കില്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അവരെ വിട്ടുകൊടുക്കണം', ബ്രേസ് ഒസിസിആര്‍പി-യോടു പറഞ്ഞു. 'അവര്‍ ഇന്ത്യയില്‍ നടത്തിയ കുറ്റകൃത്യം അല്‍ബേനിയയിലും ശിക്ഷാര്‍ഹമാവുന്നതാണോയെന്നു മാത്രം മതിയാവും', അദ്ദേഹം പറഞ്ഞു.

സാന്ദേസരസമാരുടെ അല്‍ബേനിയയിലെ വക്കീലും, അവരുടെ ബിസിനസ്സ് പങ്കാളിയായ മൊറിനയുടെ സഹോദരനുമായ സേവിയര്‍ മൊറിന ഒസിസിആര്‍പിയോടു പറഞ്ഞത് ചേതന്‍കുമാര്‍ ബിസിനസ്സ് കാര്യങ്ങള്‍ക്കാണ് അല്‍ബേനിയ സന്ദര്‍ശിക്കുന്നത് എന്നാണ്.

സാന്ദേസരസുമായി സഹകരണ കരാര്‍ ഒപ്പിട്ടയുടനെ ജൂലിയന്‍ മോറിന പൂര്‍ത്തിയാക്കിയ 'മോറിന പാലസ്'

സാന്ദേസരസുമാരുടെ സ്വാധീനം അല്‍ബേനിയയില്‍ വേണ്ടുവോളം നിലനില്‍ക്കുമ്പോഴും നിയമത്തിന്റെ പിടിയില്‍ നിന്നും പൂര്‍ണ്ണമായും അവരെ മറച്ചു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. സാന്ദേസരസ് സഹോദരന്മാര്‍ക്ക് പൗരത്വം നല്‍കി ഒരു വര്‍ഷം തികയുന്നതിന് മുമ്പുതന്നെ അവരുടെയും, മൊറിനയുടെയും പേരില്‍ കള്ളപ്പണം വെളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണം ടിരാനയിലെ പ്രോസിക്യൂട്ടറുടെ ഓഫീസ് തുടങ്ങി. അവര്‍ക്ക് പുതിയ പാസ്സ്പോര്‍ട്ടുകള്‍ നേടിക്കൊടുക്കാന്‍ സഹായിച്ച അതേ നിക്ഷേപത്തിന്റെ പേരിലായിരുന്നു അന്വേഷണം.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള അല്‍ബേനിയയിലെ ഡയറക്ടറേറ്റ് ജനറല്‍ പ്രോസിക്യൂട്ടറുടെ ഓഫീസിന് നല്‍കിയ കത്തിലെ ഉള്ളടക്കപ്രകാരം 'ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും വ്യജരേഖകള്‍ വഴി വായ്പകള്‍ സംഘടപ്പിച്ച ശേഷം അതിനെ മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി' നേട്ടങ്ങളുണ്ടാക്കിയവരാണ് സാന്ദേസരസുമാര്‍.

അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രകാരം അല്‍ബേനിയയില്‍ സാന്ദേസരസുമായി ബന്ധപ്പെട്ട എല്ലാം അന്വേഷണ വിധേയമാണ്. ടിരാനയിലും, ഹിമാര എന്ന കടലോര പട്ടണത്തിലുമുള്ള കെട്ടിട നിര്‍മാണ പദ്ധതികള്‍, ആകര്‍ഷകമായ ധെര്‍മി തീരത്തെ 15,419 ചതുരശ്രയടി ഭൂമിയും അവിടെ റിസോര്‍ട്ട് നിര്‍മിക്കാനുള്ള പ്രാഥമിക അനുമതി, ഡ്രൈമേഡ്സ് ഡ്രൈ എന്ന കമ്പനി മൊറിന വാങ്ങിയതടക്കമുള്ളവ അന്വേഷണ പരിധിയില്‍ പെടുന്നു.

ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ആരോപണം നേരിടുന്ന സാന്ദേസരസുമാരുടെ നിക്ഷേപം കൂടുതല്‍ സൂക്ഷ്മതയോടെ നിരീക്ഷേക്കണ്ടതായിരുന്നുവെന്ന് അല്‍ബേനിയയിലെ തിങ്ക്-ടാങ്ക് ACER ഡയറക്ടര്‍ പ്രെക്കി പറയുന്നു.

'കള്ളപ്പണം വെളുപ്പിക്കുന്നതിനെപറ്റി വിശ്വസനീയമായ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യമാണെന്ന ചിന്ത ഒഴിവാക്കാനാവില്ല' അദ്ദേഹം പറഞ്ഞു. അല്‍ബേനിയന്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

സാന്ദേസരസുമാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവെന്നു സമ്മതിക്കുന്ന മൊറിന പറയുന്നത് ടിറാനയില്‍ ചില അപ്പാര്‍ട്മെന്റുകള്‍ നിര്‍മിക്കുന്നതിനുള്ള സഹകരണം മാത്രമാണ് ഇപ്പോള്‍ അവരുമായി നിലനില്‍ക്കുന്ന ബന്ധം എന്നാണ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് അല്‍ബേനിയയില്‍ സാന്ദേസരസുമാര്‍ക്കെതിരെ അന്വേഷണം നടക്കുന്നതിനെപ്പറ്റി തനിക്ക് യാതൊരു അറിവുകളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

'അന്താരാഷ്ട്ര നീതിയുടെ തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള എന്റെ തോന്നല്‍ അവര്‍ മതപരവും, രാഷ്ട്രീയവുമായ വേട്ടയാടലിന്റെ ഇരകളായവര്‍ എന്നാണ്', മൊറിന പറഞ്ഞു.

നൈജീരിയന്‍ ബന്ധം

ലാഭകരമായ ബിസിനസ്സ് അവസരങ്ങള്‍ക്ക് പുറമെ സാന്ദേസരസുമാര്‍ നൈജീരിയയിലും അഭയം കണ്ടെത്തി. സഹോദരന്മാരുടെ സ്റ്റെര്‍ലിംഗ് ഓയില്‍ എക്സപ്ലൊറേഷന്‍ ആന്റ് എനര്‍ജി പ്രൊഡക്ഷന്‍ മ്പനി ലിമിറ്റഡും (SEEPCO) നൈജീരയന്‍ ഉടമസ്ഥതയിലുള്ള അലനെ എനര്‍ജി ലിമിറ്റഡും പങ്കാളികളായി 3 ബില്യണ്‍ ഡോളറിന്റെ മൂല്യം വരുന്ന ഒരു എണ്ണ പര്യവേക്ഷണ പദ്ധതിയുടെ കണ്‍സെഷന്‍ കരാര്‍ 2011ല്‍ നേടി. 2014ല്‍ രാജ്യത്തെ ഏറ്റവും വലിയ 100 ബിസിനസ്സുകളില്‍ ഒന്നായി അന്നത്തെ നൈജീരിയന്‍ പ്രസിഡന്റ് സ്റ്റെര്‍ലിംഗിനെ വിശേഷിപ്പിച്ചു.

ഇന്ത്യയില്‍ അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നൈജീരിയയിലെ ഉദ്യോഗസ്ഥരില്‍ വലിയ സ്വാധീനമൊന്നും ഉണ്ടാക്കിയില്ല. ഇന്ത്യയില്‍ അവരുടെ മേല്‍ കുറ്റം ചാര്‍ത്തി ഒരു മാസം കഴിയുമ്പോള്‍ തന്നെ നൈജീരിയന്‍ വിദേശകാര്യ മന്ത്രി ഖദീജ ബുക്കാര്‍ അബ്ബാ ഇബ്രാഹിം നിതിന്‍ സാന്ദേസരസയെ അവരുടെ രാജ്യത്തെ ഓണററി കൗണ്‍സില്‍ ആയി നിയമിക്കുവാന്‍ ശുപാര്‍ശ അല്‍ബേനിയന്‍ വിദേശ മന്ത്രാലയത്തിന് നല്‍കി. നവംബര്‍ 27ന് അയച്ച കത്തില്‍ നൈജീരിയയും അല്‍ബേനിയയും തമ്മിലുള്ള 'സൗഹൃദം വികസിപ്പിക്കുന്നതില്‍' നിതിന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും 'ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിന് ഉചിതമായ വഴിയൊരുക്കണമെന്നും' അതിന് അദ്ദേഹത്തിന്റെ നിയമനം ഉതകുമെന്നും വ്യക്തമാക്കി.

അല്‍ബേനിയന്‍ അധികൃതര്‍ ഉടന്‍ തന്നെ ആ പ്രക്രിയ തുടങ്ങുകയും 2019 ജനുവരിയില്‍ നിതിന് പ്രസ്തുത പദവി ലഭിക്കുകയും ചെയ്തു. നിതിനും, സഹോദരനും അല്‍ബേനിയന്‍ പൗരത്വം ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞതിനു ശേഷം ആയിരുന്നു ഈ നിയമനം.

ഇന്ത്യന്‍ അധികൃതരില്‍ നിന്നും സാന്ദേസരസമാരെ വേട്ടയാടുകയാണെന്ന പ്രചാരണത്തിന് ശക്തി പകരുന്ന നൈജീരിയയിലെ ഒരു കോടതി വിധിയും 2018 ജൂണില്‍ പുറത്തു വന്നു. അലനെ എനര്‍ജി ഫയല്‍ ചെയ്ത കേസ്സിലായിരുന്നു ഈ തീരുമാനം. സന്ദേസരസും, അവരും ചേര്‍ന്ന സംരഭത്തിന് എണ്ണ പര്യവേക്ഷണത്തിന് ലഭിച്ച കണ്‍സെഷന്‍ കരാറിന്റെ വിവരങ്ങള്‍ ഇന്ത്യയിലെ ബാങ്കുകളും, അന്വേഷണ ഏജന്‍സികളുമായി പങ്ക് വയ്ക്കുന്നത് തടയണമെന്നായിരുന്നു കേസ്സിലെ ആവശ്യം.

ഇന്ത്യന്‍ ബാങ്കുകള്‍ 'ഗൂഢ ലക്ഷ്യത്തോടെ'യാണ് ഇടപെടുന്നതെന്ന് ആരോപിച്ച അലനെ എനര്‍ജി കോടതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. അതായത് ഇന്ത്യയില്‍ 'സര്‍ക്കാരും, സര്‍ക്കാര്‍ നയങ്ങളും മാറിയതിനുശേഷമുള്ള രാഷ്ട്രീയവും, മതപരവുമായ പീഢനവും, SEEPCOക്കെതിരായ വേട്ടയാടലുകളും സൃഷ്ടിച്ച ഗുരുതരമായ സ്ഥിതിവിശേഷം അലാനെ എനര്‍ജിക്ക് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഇടപെടാന്‍ നിര്‍ബന്ധിതമാക്കി' എന്ന് കോടതി പ്രഖ്യാപിക്കണം.

നൈജീരിയിലെ ഫെഡറല്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജി ഇക്കാര്യം അംഗീകരിക്കുകയും സാന്ദേസരസ സഹോദരന്മാരെയും, അവരുടെ കുടബാംഗങ്ങളെയും അവരുടെ 'രാഷ്ട്രീയവും മതപരവുമായ' വിശ്വാസത്തിന്റെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുകയാണെന്നും രേഖപ്പെടുത്തി.

'ഇന്ത്യ ഗവണ്‍മെന്റിന്റെയും, ബാങ്കുകളുടെയും രാഷ്ട്രീയ പ്രതികാരത്തിന്റെ പേരില്‍ ഒരു നൈജീരിയന്‍ കമ്പനിയും സാമ്പത്തികമായി അപകടത്തിലാവുന്നത് ഈ കോടതിക്ക് അനുവദിക്കാനാവില്ലെന്ന്' വിധി പ്രസ്താവനയില്‍ പറഞ്ഞു. 'ഇപ്പോഴത്തെ നിയമാനുസൃതമുള്ള നിക്ഷേപങ്ങളെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും, കൂടുതല്‍ പേര്‍ സമ്പദ്ഘടനയിലേക്കു വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും നൈജീരിയ താല്‍പ്പര്യപ്പെടുന്നു'.

സാന്ദേസര കുടുംബത്തെ കൈമാറണമെന്ന് ഇന്ത്യയുടെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ നൈജീരിയന്‍ ജസ്റ്റിസ് മന്ത്രാലയവും സമാനമായ ന്യായവാദം 2019ല്‍ മുന്നോട്ടുവച്ചു. രാഷ്ട്രീയ കുറ്റത്തിന്റെ പേരില്‍ കൈമാറ്റം ആവശ്യപ്പെടുന്ന അഭ്യര്‍ത്ഥന തള്ളിക്കളയാനുള്ള അതിന്റെ അധികാരം ഉയര്‍ത്തിയാണ് ഈ വാദം മുന്നോട്ടു വച്ചത്.

സ്റ്റെര്‍ലിംഗ് ഓയില്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് എനര്‍ജി പ്രൊഡക്ഷന്‍ കോ. ലിമിറ്റഡിന്റെ വെബ്സൈറ്റില്‍ നിന്നുള്ള ഒരു ചിത്രം

ഹൈക്കോടതിയുടെ തീരുമാനം അപഹാസ്യമെന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നല്‍കുന്ന പ്രമുഖ ഇന്ത്യന്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വിശേഷിപ്പിച്ചത്. CBIയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ആര്‍.കെ അസ്താനയുമായി സാന്ദേസരസുമാരുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയ ഭൂഷണ്‍ അസ്താനയുടെ മകളുടെ വിവാഹം അവരുടെ ഫാം ഹൗസില്‍ വച്ചാണ് നടന്നതെന്നും പറഞ്ഞു.

'അസ്താനയുമായി അത്രയും അടുപ്പമുള്ള ആരും ഇന്ത്യന്‍ സര്‍ക്കാര്‍ വേട്ടയാടുമെന്നു ഭയക്കേണ്ടതില്ല' അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ വെട്ടുമേനിയെ കുറിച്ചുള്ള ആരോപണങ്ങള്‍ നിറഞ്ഞ സാന്ദേസരസുമാരുടേതെന്നു അവകാശപ്പെടുന്ന ഒരു ഡയറി 2017ല്‍ ഭൂഷണ്‍ പുറത്തുകൊണ്ടു വന്നിരുന്നു. 'അവരെ ഇന്ത്യക്കു കൈമാറ്റം ചെയ്തു കിട്ടുന്നതിനായി ശ്രമിക്കുന്നുവെന്നു വരുത്തി തീര്‍ക്കുന്ന കപടനാടകം മാത്രമാണ് നടക്കുന്നത്' ഭൂഷണ്‍ പറയുന്നു.

ഇന്ത്യക്കുള്ളില്‍ നിന്നും സാന്ദേസരസുമാരെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ എത്രമാത്രം ഉണ്ടെന്നുളളത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അന്വേഷണത്തിന്റെ ഭാഗമായി സാന്ദേസരസുമാരുടെ 2 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ മരവിപ്പിക്കുവാന്‍ ഇന്ത്യന്‍ അധികൃതര്‍ തുനിഞ്ഞതായി വാര്‍ത്തകളുണ്ട്.

എന്നാല്‍ ഒസിസിആര്‍പിക്കു ലഭിച്ച എണ്ണ കപ്പലുകളുടെ ഡാറ്റ പ്രകാരം ഇന്ത്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ SEEPCO വഴി നൈജീരയയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്നു എന്നാണ്. മോഷ്ടിക്കപ്പെട്ട പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിനും തട്ടിപ്പിനിരയായ ബാങ്കുകള്‍ക്കും എത്രമാത്രം താല്‍പ്പര്യമുണ്ടെന്ന കാര്യത്തില്‍ ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ പേരില്‍ സാന്ദേസരസുമാര്‍ക്കെതിരെ കേസ്സുകള്‍ വന്ന ശേഷമുള്ള ഈ വാണിജ്യം.

സാന്ദേസരസുമാര്‍ ഒളിച്ചോടിയതിനുശേഷം കമ്പനി വിറ്റ 700 ദശലക്ഷം ഡോളറിന്റെ അസംസ്‌കൃത എണ്ണ പിന്നീട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിയെന്നും സുഖ്പാല്‍ സിംഗ് പറയുന്നു. SEEPCO-യുടെ ഒരു ഉപസ്ഥാപനമായ ഒരു ഷിപ്പിംഗ് കമ്പനിയുടെ നടത്തിപ്പിന്റെ ചുമതല വളരെ കാലത്തിന് മുമ്പ് സിംഗിനായിരുന്നു.

പ്രമുഖ കമ്മോഡിറ്റി വാണിജ്യ സ്ഥാപനമായ ഗ്ലെന്‍കോറിന്റെ ബ്രിട്ടനിലെ ഓഫീസിനാണ് SEEPCO എണ്ണ വില്‍ക്കുന്നതെന്ന് രേഖകള്‍ കാണിക്കുന്നു. അവര്‍ പിന്നീട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവര്‍ക്ക് വില്‍ക്കുന്നു. സന്ദേസരാസുമാര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ആണെന്നു പ്രഖ്യാപച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷം SEEPCOയുടെ ടെര്‍മിനലില്‍ നിന്നും 2020 നവംബറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സ്വീകരിച്ച ഒരു ഷിപ്മെന്റടക്കമുള്ള കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

'ബില്ലിലെ സപ്ലൈര്‍ ഗ്ലെന്‍കോര്‍ ആണെങ്കിലും യഥാര്‍ത്ഥ സപ്ലൈര്‍ സ്റ്റെര്‍ലിംഗ് നൈജീരിയ അഥവ SEEPCO ആണെന്ന കാര്യത്തില്‍ ആര്‍ക്കും ആശയകുഴപ്പം ഉണ്ടാവേണ്ടതില്ല' സിംഗ് പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ വച്ചു നോക്കുമ്പോള്‍ 'ഇന്ത്യയിലെ രാഷ്ട്രീയ വേട്ടയാടലിന്റെ പേരില്‍ നൈജീരയയില്‍ രാഷ്ട്രീയ അവര്‍ അഭയം തേടിയത് ഒറ്റ നോട്ടത്തില്‍ അത്ഭുതപ്പെടുത്തുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരും, ബാങ്കുകളും ഇക്കാര്യത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലത പ്രകടിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയെ സമീപിച്ചതായും സിംഗ് പറഞ്ഞു.

SEEPCO-യില്‍ നിന്നും കമ്പനി വാങ്ങിയ എണ്ണ പിന്നീട് ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികള്‍ക്ക് വിറ്റുവെന്ന കാര്യം ഗ്ലെന്‍കോറിന്റെ ഒരു വക്താവായ ചാള്‍സ് വാതന്‍പുള്‍ സ്ഥിരീകരിച്ചു.

എണ്ണയുടെ ഉറവിടം മറച്ചുവെക്കാന്‍ ഗ്ലെന്‍കോര്‍ ശ്രമിച്ചുവെന്ന സാധ്യതകളെ അദ്ദേഹം ശക്തമായി നിഷേധിച്ചുവെന്നു മാത്രമല്ല ഒരു വാണിജ്യ സ്ഥാപനമെന്ന നിലയില്‍ ഗ്ലെന്‍കോര്‍ 'സ്വന്തം നിലയില്‍ സ്വന്തം അക്കൗണ്ടിലാണ്' കച്ചവടം നടത്തിയതെന്നും വ്യക്തമാക്കി.

SEEPCO-യുമായുള്ള വാണിജ്യ ബന്ധം ഗ്ലെന്‍കോര്‍ 2020-ല്‍ അവസാനിപ്പിച്ചുവെന്നു വാതന്‍പുള്‍ പറഞ്ഞുവെങ്കിലും കൃത്യമായി എന്നു മുതലാണെന്ന കാര്യം വ്യക്തമാക്കിയില്ല.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നിവര്‍ പ്രതികരിക്കാന്‍ വിസ്സമതിച്ചു.

സ്റ്റെര്‍ലിംഗ് ഓയില്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് എനര്‍ജി പ്രൊഡക്ഷന്‍ കോ. ലിമിറ്റഡിന്റെ വെബ്സൈറ്റില്‍ നിന്നുള്ള ഒരു ചിത്രം

പരാജയമടഞ്ഞ എക്സ്ട്രാഡിഷനുകള്‍

അലാനെ എനര്‍ജി ഫയല്‍ ചെയ്ത കേസ്സില്‍ നൈജീരിയന്‍ കോടതി 2018 ജൂണ്‍ 8നു നല്‍കിയ ഉത്തരവ് അല്‍ബേനിയയില്‍ നിന്നും എക്സ്ട്രഡൈറ്റ് ചെയ്യണമെന്ന ആവശ്യവും മറികടക്കുവാന്‍ സാന്ദേസരസുമാര്‍ക്ക് സഹായകമായി. ഈ കേസ്സിന്റെ പകര്‍പ്പും ഈ കുടുബത്തിലെ നാലുപേരെ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന നൈജീരിയയുടെ തീരുമാനവും നൈജീരിയന്‍ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ടിരാനയിലെ ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ടിരാന വിമാനത്താവളത്തില്‍ നിന്നും 2019 മാര്‍ച്ചില്‍ അറസ്റ്റു ചെയ്ത പട്ടേലിനെ ഇന്ത്യക്കു കൈമാറ്റം ചെയ്യുവാന്‍ വിസ്സമതിച്ച അല്‍ബേനിയന്‍ ജഡ്ജി തന്റെ തീരുമാനത്തില്‍ ഈ രണ്ടു ഉത്തരവുകളും ചൂണ്ടിക്കാട്ടി. സാന്ദേസര കുടുബത്തിന്റെ 'രാഷ്ട്രീയവും, മതപരവുമായ വിശ്വാസങ്ങളുട' പേരിലാണ് അവര്‍ ലക്ഷ്യമായതെന്ന് നൈജീരിയന്‍ ഹൈക്കോടതി കണ്ടെത്തിയതായി ജഡ്ജി പറഞ്ഞു.

'ഇന്ത്യയിലെ കോണ്‍ഗ്രസ്സുമായി (പ്രതിപക്ഷ പാര്‍ട്ടി) ശക്തമായ ബന്ധവും, മുസ്ലീം ജനങ്ങളുടെ ശക്തമായ അംഗീകാരമുള്ളവരെന്നും തിരിച്ചറിയപ്പെട്ടിട്ടുള്ള നിതിന്‍ സാന്ദേസരയും, ചേതന്‍ സാന്ദേസരയും ഇന്ത്യയിലെ ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നും ഗുരുതരമായ രാഷ്ട്രീയ, സാമ്പത്തിക പീഢനങ്ങള്‍ അനുഭവിക്കുകയാണ്' ജഡജി ജെര്‍ഡ് ഹോജ എഴുതി.

അല്‍ബേനിയന്‍ കോടതി നൈജീരയയുടെ കീഴ്വഴക്കം പിന്തുടരുമെന്ന് ഉറപ്പിക്കുവാന്‍ സാന്ദേസരസുമാര്‍ തങ്ങളുടെ സ്വാധീനം തിരശ്ശീലക്കു പിന്നില്‍ നിന്നും വേണ്ട നിലയില്‍ ഉപയോഗിച്ചുവെന്ന് കോടതി രേഖകളുമായി ബന്ധപ്പെട്ട ഒരു ഫയല്‍ വ്യക്തമാക്കുന്നു. പട്ടേലിന്റെ അറസ്റ്റിനു തൊട്ടു പിന്നാലെ SEEPCOയുടെ എക്സിക്യൂട്ടീവ് ദീപക് ബാരോട്ട് പോലീസ് കമ്മീഷണര്‍ക്കും അജുബയിലെ ഇന്റര്‍പോള്‍ ഓഫീസിനും നല്‍കിയ കത്തില്‍ നൈജീരിയന്‍ ഫെഡറല്‍ കോടതിയയുടെ തീരുമാനം 'ശക്തമായും, അടിയന്തരമായും' അല്‍ബേനിയന്‍ ഇന്റര്‍പോളിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ കത്തുകള്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ ഇരു രാജ്യങ്ങളിലെയും ഇന്റര്‍പോള്‍ ഓഫീസുകള്‍ എന്തു പങ്ക് വഹിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. നൈജീരിയന്‍ നിയമപാലകരെ ബന്ധപ്പെടാനാണ് ഇന്റര്‍പോളിന്റെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും റിപ്പോര്‍ട്ടര്‍മാര്‍ക്കു ലഭിച്ച നിര്‍ദ്ദേശം. ഇന്റര്‍പോള്‍ നൈജീരിയയും, പോലീസും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

ഏതു വിധത്തിലായാലും കത്ത് അല്‍ബേനിയന്‍ കോടതിയില്‍ എത്തി. സാന്ദേരസുമാര്‍ നേരിടുന്ന 'രാഷ്ട്രീയ പകപോക്കലും, മതപരമായ വേട്ടയാടലും' ചൂണ്ടിക്കാട്ടിയ കത്ത് പട്ടേലിന്റെ നൈജീരിയയിലെ താമസവും, സാന്ദേസര കുടുബത്തിലെ അംഗത്വവും ഉയര്‍ത്തിക്കാട്ടി. ആരോപണ വിധേയമായ തട്ടിപ്പ് 'ലളിതമായ വാണിജ്യ ഇടപാട്' മാത്രമായിരുന്നുവെന്നും കത്തില്‍ അവകാശപ്പെട്ടു.

(ചിത്രങ്ങള്‍, വാര്‍ത്ത കടപ്പാട്: www.occrp.org)


Next Story

Related Stories