TopTop
Begin typing your search above and press return to search.

തെരഞ്ഞെടുപ്പിലെ അപൂര്‍വ്വ കാഴ്ച; കൈയ്യിലും കാലിലും പ്ലാസ്റ്ററിട്ട് വോട്ട് ചോദിച്ച സ്ഥാനാര്‍ത്ഥി, ഒടുവില്‍ പ്ലാസ്റ്ററോടെ മന്ത്രിയായി സത്യപ്രതിജ്ഞ

തെരഞ്ഞെടുപ്പിലെ അപൂര്‍വ്വ കാഴ്ച; കൈയ്യിലും കാലിലും പ്ലാസ്റ്ററിട്ട് വോട്ട് ചോദിച്ച സ്ഥാനാര്‍ത്ഥി, ഒടുവില്‍ പ്ലാസ്റ്ററോടെ മന്ത്രിയായി സത്യപ്രതിജ്ഞ

തെരഞ്ഞെടുപ്പ് പ്രചാരണവേദികള്‍ ഒട്ടേറെ കൗതുകകരവും അപൂര്‍വ്വങ്ങളുമായ കാഴ്ചകള്‍ക്ക് എക്കാലവും സാക്ഷികളായിട്ടുണ്ട്. അത്തരത്തിലൊന്നാണ് കൈയ്യിലും കാലിലും പ്ലാസ്റ്ററിട്ട് വോട്ട് ചോദിക്കേണ്ടി വന്ന സ്ഥാനാര്‍ത്ഥിയുടെ അവസ്ഥ. എന്നിട്ടും വിജയം തേടിയെത്തി. മുന്‍മന്ത്രിയായ ലോനപ്പന്‍ നമ്പാടനാണ് ഇത്തരം അപൂര്‍വ്വമായ അനുഭവങ്ങളിലൂടെ കടന്നുപോയത്. പ്രചാരണത്തിനിടെ വാഹാനപകടത്തില്‍ കൈയ്യും കാലും ഒടിയുക, കുറെ ദിവസങ്ങള്‍ പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരിക, പിന്നെ പ്ലാസ്റ്ററിട്ട കൈയ്യുമായി ജീപ്പില്‍ ചാരിക്കിടന്ന് മണ്ഡലത്തില്‍ പര്യടനം നടത്തേണ്ടിവരിക, ഒടുവില്‍ പ്ലാസ്റ്ററിട്ട കൈയ്യുമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക, തുടങ്ങിഈ സംഭവങ്ങളെല്ലാം വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് തന്റെ ആത്മകഥയായ 'സഞ്ചരിക്കുന്ന വിശ്വാസി'യില്‍ ലോനപ്പന്‍ നമ്പാടന്‍.

1987 നിയമസഭ തെരഞ്ഞെടുപ്പായിരുന്നു രംഗം. സൈക്കിള്‍ ചിഹ്നത്തിലായിരുന്നു ലോനപ്പന്‍ നമ്പാടന്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചത്. പ്രധാന എതിര്‍ സ്ഥാനാര്‍ത്ഥിയാകട്ടെ കോണ്‍ഗ്രസിലെ എം.സി പോളും. ബിജെപിയിലെ കളരിക്കല്‍ രവീന്ദ്രന്‍ അടക്കം മത്സരംരംഗത്ത് എട്ടുപേര്‍. വാശിയേറിയ മത്സരം. അതിനിടെയാണ് രംഗബോധമില്ലാതെ അപകടമെത്തിയത്. കാട്ടൂര്‍ പഞ്ചായത്തിലെ ഇല്ലിക്കോട് കോളനിയില്‍ നിന്നും പ്രചാരണം കഴിഞ്ഞു മടങ്ങിവെ ലോനപ്പന്‍ നമ്പാടനും മറ്റും യാത്ര ചെയ്തിരുന്ന വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മരണം പോലും സംഭവിക്കുമായിരുന്ന അപകടം. അത്തരം അത്യാപത്ത് ഒന്നുമുണ്ടായില്ലെങ്കിലും കൈയും കാലും ഒടിഞ്ഞു. ആദ്യം ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടും ബിഷപ് കുണ്ടുകുളവും പോലുള്ള പ്രമുഖരൊക്കെ കിടപ്പിലായ സ്ഥാനാര്‍ത്ഥിയെ കാണാനെത്തി. വാശിയേറിയ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും പൊടുന്നനവെ മാറിനിന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് ചിന്തിച്ച് ലോനപ്പന്‍ നമ്പാടന്‍ വിഷമത്തിലായി.

രാഷ്ട്രീയ എതിരാളികളാവട്ടെ പലതരത്തിലുള്ള പ്രചാരണങ്ങളും അഴിച്ചുവിട്ടു. മദ്യപിച്ച് ബോധം പോയി വീണെന്നായിരുന്നു പ്രധാന ആരോപണം. മറ്റൊന്ന് പരാജഭീതിയില്‍ സഹതാപം ലഭിക്കാനായി വോട്ടുതട്ടാനുള്ള വിദ്യയാണെന്നും പ്രചാരണം ഉണ്ടായി. ലോനപ്പന്‍ നമ്പാടന് വോട്ട് ചെയ്തിട്ടു കാര്യമില്ലെന്നും ആശുപത്രിയില്‍ നിന്നും ഇനി വരില്ലെന്നും ഒക്കെ എതിരാളികള്‍ പറഞ്ഞുനടന്നു. നമ്പാടന്‍ മാഷിനെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ ശയ്യാവലംബിയായ ലോനപ്പന്‍ നമ്പാടനെ ഉന്തുവണ്ടിയില്‍ ഇരുത്തി വോട്ട് ചോദിക്കുന്ന ഇഎംഎസ്സിന്റെ കാര്‍ട്ടൂണ്‍ വരെ ഉയര്‍ത്തി രാഷ്ട്രീയ എതിരാളികള്‍ രംഗം കൊഴുപ്പിച്ചു. ഇടതുപക്ഷക്കാരാകട്ടെ, നിയോജക മണ്ഡലത്തിലെങ്ങും സൈക്കിളുകളുമായി പ്രചാരണത്തിനിറങ്ങി. ഇതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ലോനപ്പന്‍ നമ്പടാനെ മാറ്റി.

തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുന്‍പ് തുറന്ന ജീപ്പില്‍ ലോനപ്പന്‍ നമ്പാടനെ പ്രചാരണ രംഗത്തിറക്കി. മണ്ഡലത്തിലുടനീളം പര്യടനം നടത്തി. കൈയ്യിലും കാലിലും പ്ലാസ്റ്ററിട്ട നമ്പാടന്‍ മാഷിന് ചാരിക്കിടക്കാനുള്ള സൗകര്യത്തോടെയാണ് ജീപ്പ് സജ്ജമാക്കിയിരുന്നത്. ശയ്യാവലംബിയായ സ്ഥാനാര്‍ത്ഥിയ്ക്ക് സഹായിയായി ഭാര്യയും ഒപ്പമുണ്ടായിരുന്നു. ഭാര്യയുമായി ആദ്യമായാണ് മാഷ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. സ്വീകരണ കേന്ദ്രങ്ങളിലൊക്കെ ആളുകള്‍ തടിച്ചുകൂടി. കൈയ്യിലും കാലിലും പ്ലാസ്റ്ററിട്ട സ്ഥാനാര്‍ത്ഥി അവര്‍ക്ക് അപൂര്‍വ്വകാഴ്ചയായിരുന്നു. ഇരിങ്ങാലക്കുടക്കാര്‍ക്ക് നമ്പാടന്‍ മാഷ് വളരെ പ്രീയപ്പെട്ടയാളാണ്. കിടപ്പിലായ മാഷെ കണ്ട് അവരില്‍ പലരും വിതുമ്പി.

നെല്ലായിയിലെ ഒരു സ്വീകരണ കേന്ദ്രത്തില്‍ വലിയ ജനത്തിരക്കായിരുന്നു. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടം. കുറെയാളുകള്‍ കിടപ്പിലായ നമ്പാടന്‍ മാഷെ കണ്ടപ്പോള്‍ കരച്ചില്‍ തുടങ്ങി. അപ്പോള്‍ പ്രചാരണ ജാഥയുടെ ക്യാപ്റ്റനായ പി.പി. ദേവസ്സി മൈക്കിലൂടെ അനൗണ്‍സ് ചെയ്തു:'സഖാക്കളെ നിങ്ങളാരും കരയരുത്. നിങ്ങള്‍ കരഞ്ഞാല്‍ മാഷും കരയും.' അതുകേട്ടതോടെ ജനങ്ങളാകെ കൂട്ടക്കരച്ചിലായി. നമ്പാടന്‍ മാഷും ഭാര്യയും അടക്കം എല്ലാവരും കരഞ്ഞു. അത്തരം ദൃശ്യങ്ങളായിരുന്നു രണ്ടു ദിവസം നീണ്ട പ്രചാരണത്തിലൊട്ടു മിക്ക സ്ഥലങ്ങളിലും. എന്തായാലും കുറെ ദിവസങ്ങള്‍ പ്രചാരണ രംഗത്തുനിന്നും മാറി നില്‍ക്കേണ്ടിവന്ന സ്ഥാനാര്‍ത്ഥി തിരികെ എത്തിയതോടെ അണികള്‍ കൂടുതല്‍ ഉഷാറായി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തം. 12,000ത്തോളം വോട്ടുകള്‍ക്കാണ് ലോനപ്പന്‍ നമ്പാടന്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. പ്ലാസ്റ്ററിട്ട കൈയ്യുമായി തന്നെയാണ് ലോനമ്പന്‍ നമ്പാടന്‍ അക്കുറി സത്യപ്രതിജ്ഞ ചെയ്ത് നായനാര്‍ മന്ത്രിസഭയില്‍ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായതും.

ആശുപത്രിയില്‍ കിടക്കുമ്പോഴും നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തുമ്പോഴും ജനങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹാദരങ്ങള്‍ തന്റെ ഭാര്യയെ ഏറെ സ്പര്‍ശിച്ചതായും ലോനപ്പന്‍ നമ്പാടന്‍ എഴുതിയിട്ടുണ്ട്. രാഷ്ട്രീയക്കാരോട് അത്ര വലിയ മമതയൊന്നും അതുവരെയില്ലാതിരുന്ന ഭാര്യയ്ക്ക് ഈ സംഭവത്തിനുശേഷം രാഷ്ട്രീയക്കാരോടുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായതായും അദ്ദേഹം എഴുതുന്നു.


Next Story

Related Stories