TopTop
Begin typing your search above and press return to search.

ആധുനികവും പൗരാണികവുമായ ബിംബങ്ങളുടെ സമന്വയം

ആധുനികവും പൗരാണികവുമായ ബിംബങ്ങളുടെ സമന്വയം

ചിത്രകാരനും ശില്പിയും ഗവേഷകനും ഫോട്ടോഗ്രാഫറുമായ ബാലന്‍ നമ്പ്യാര്‍ 1937 നവംബര്‍ 12ന് വടക്കേമലബാറിലെ കണ്ണപുരത്ത് കര്‍ഷക കുടുംബത്തില്‍ ജനിച്ചു. പതിനെട്ടുവയസുവരെ പാടത്ത് നിലം ഉഴുന്നതിലും മറ്റ് കൃഷിപ്പണിയിലും ഏര്‍പ്പെട്ടിരുന്നതായി അദ്ദേഹം അഭിമാനപൂര്‍വം പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്തേ, കണക്കിലും ഡ്രോയിംഗിലും അസാമാന്യ താല്‍പര്യമുണ്ടായിരുന്നതു മനസിലാക്കിയ ഒരു അധ്യാപകന്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് പഠിക്കാന്‍ ബാലനെ പ്രേരിപ്പിച്ചു. ടെക്നിക്കല്‍ ട്രെയിനിംഗ് ലഭിച്ച അദ്ദേഹത്തിന് മദ്രാസില്‍ റെയില്‍വേ വകുപ്പില്‍ ജോലി ലഭിച്ചു. ഇതിനിടയിലും ചിത്രംവരയും പ്രദര്‍ശനങ്ങളും മുടക്കിയിരുന്നില്ല. മദ്രാസില്‍ നടന്ന ഒരു പെയ്ന്റിംഗ് എക്സിബിഷനില്‍ ബാലന്റെ രചനകള്‍ കാണാനിടയായ പ്രശസ്ത ചിത്രകാരനും മദ്രാസ് കോളജ് ഓഫ് ആര്‍ട്സ് പ്രിന്‍സിപ്പലുമായിരുന്ന കെ.സി.എസ് പണിക്കര്‍, ബാലനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.


ബാലന്‍ നമ്പ്യാരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. അന്‍പതോളം സൃഷ്ടികളുമായി കെ.സി.എസിനെ ചെന്നുകണ്ട ബാലന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി അദ്ദേഹം നിരീക്ഷിച്ചു. അശിക്ഷിതനായ ഈ യുവാവില്‍ ശോഭനമായ ഒരു ഭാവി അദ്ദേഹം ദര്‍ശിച്ചു. റെയില്‍വേയില്‍ ജോലി ചെയ്ത് ജീവിതം തുലയ്ക്കരുതെന്നും ചിത്രകലാ പാഠശാലയില്‍ ചേര്‍ന്ന് ചിത്രകല അഭ്യസിക്കണമെന്നും കെ.സി.എസ് ഉപദേശിച്ചു.

സാമ്പത്തിക പരാധീനതമൂലം ഒരു വര്‍ഷംകൂടി കഴിഞ്ഞാണ് ബാലന് കോളജില്‍ പ്രവേശനം നേടാന്‍ സാധ്യമായത്. ആറു കൊല്ലം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്സ് ആദ്യകൊല്ലം ഒഴിവാക്കി രണ്ടാംവര്‍ഷ ക്ലാസിലേക്ക് പ്രമോഷന്‍ അനുവദിക്കപ്പെട്ടു. അവിടെവച്ച് അദ്ദേഹം ശില്പകലയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. 1971 ല്‍ മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്ന് പരിശീലനം നേടി പുറത്തുവന്ന ബാലന്‍ നമ്പ്യാര്‍ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പ്രമുഖ കലാകാരന്‍ എന്ന നിലയില്‍ വേണ്ടത്ര പ്രശസ്തിയും അംഗീകാരങ്ങളും അവാര്‍ഡുകളും അദ്ദേഹത്തെ തേടിവന്നു.

സാധാരണയായി പലരും സ്വീകരിക്കാന്‍ മടിക്കുന്ന ഒരു മാധ്യമമായിരുന്നു, ബാലന്‍ നമ്പ്യാര്‍ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തത് - സ്റ്റെയിന്‍ലെസ് സ്റ്റീല്‍. അവശ്യവസ്തുക്കള്‍ക്ക് അല്പം വിലകൂടുതലാണെങ്കിലും ആകര്‍ഷകവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ് ഈ മീഡിയം. ആദ്യമായി സ്റ്റീലില്‍ ചെയ്ത നെല്‍ച്ചെടി(Rice Plant) തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

വടക്കന്‍മലബാര്‍ തെയ്യങ്ങളുടെ നാടാണല്ലോ. തുലാപ്പത്ത് (ഡിസിംബര്‍ മാസം) മുതല്‍ മേടം (ഏപ്രില്‍) ഒന്നുവരെ അവിടെ കാവുകളില്‍ തെയ്യങ്ങള്‍ നിറഞ്ഞാടും. മനുഷ്യന്‍ ദൈവമായി ഉയരുന്ന അസുലഭ സന്ദര്‍ഭങ്ങള്‍. മുച്ചിലോട്ട് ഭഗവതിയും, കണ്ണങ്ങാട്ട് ഭഗവതിയും, വിഷ്ണുമൂര്‍ത്തിയും, പൊട്ടന്‍ തെയ്യവും ഒക്കെ പ്രസിദ്ധമാണ്. കുട്ടിക്കാലം മുതല്‍ സ്വന്തം തറവാട്ട് മുറ്റത്തും ഗ്രാമത്തിലും തെയ്യം കണ്ടുവളര്‍ന്ന ബാലന്‍ നമ്പ്യാര്‍ക്ക്, തന്റെ കലയുടെ പ്രഭവകേന്ദ്രം ഈ അനുഷ്ഠാനകലയാണെന്ന തിരിച്ചറിവുണ്ടാവന്‍ വിഷമമുണ്ടായില്ല. അദ്ദേഹത്തിന്റെ പല മോട്ടീഫുകളും തെയ്യക്കോലത്തില്‍ നിന്ന് പിറവിയെടുത്തതാണ്.


കാവുകളിലെ മുഖ്യപ്രതിഷ്ഠയായ 'കണ്ണാടിബിംബം' അദ്ദേഹം സര്‍ഗ്ഗാത്മകമായി പുനരാവിഷ്‌കരിച്ചു. വമ്പിച്ച സ്വീകരണമാണതിന് ലഭിച്ചത്. അന്ന്, ലളിതകലാ അക്കാദമി അദ്ധ്യക്ഷനായിരുന്ന കമലാദേവി ചതോപാധ്യായ തെയ്യം എന്ന അനുഷ്ഠാന കലാരൂപത്തെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കാന്‍ ബാലന്‍ നമ്പ്യാരെ ക്ഷണിച്ചു. കമലയുടെ കുടുംബവേരുകള്‍ തുളുനാടായ മംഗലാപുരത്തായിരുന്നു. ബാലന്‍ നമ്പ്യാര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെ 1980 ല്‍ ബാങ്കളൂരുവില്‍ നടന്ന ഒരു സെമിനാറില്‍ ബാലന്‍ നമ്പ്യാര്‍ ഇംഗ്ലീഷില്‍ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. അതായിരുന്നു അരങ്ങേറ്റം. വിഷയത്തിന്റെ ആധികാരികതയ്ക്ക് ഫോട്ടോഗ്രാഫുകള്‍ അനിവാര്യമായിരുന്നു. അങ്ങനെ ഫോട്ടോഗ്രാഫിയിലും ഡോക്യുമെന്റേഷനിലും ശ്രദ്ധിച്ചു. അതിനുശേഷം ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ പലഭാഗത്തും എത്രയോ സെമിനാറുകളില്‍ അദ്ദേഹം പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ നടത്തി. ദേശീയവും അന്തര്‍ദേശീയവുമായ അനേകം പ്രസിദ്ധീകരണങ്ങളില്‍ അതച്ചടിച്ചുവന്നു.

ബാങ്കളൂരില്‍ നടന്ന അദ്ദേഹത്തിന്റെ ആദ്യപ്രദര്‍ശനം 'ഗാര്‍ഡന്‍ സ്‌കള്‍പ്ചേഴ്സ്' ആയിരുന്നു. ആ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ശില്പങ്ങള്‍ ഒന്നൊഴിയാതെ വിറ്റുപോയി. ഇത് ആവേശജനകമായിരുന്നു. ആറടിമുതല്‍ പതിനെട്ടടിവരെ ഉയരമുള്ള കൂറ്റന്‍ ശില്പങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. എല്ലാം വന്‍തോതില്‍ ആസ്വാദക ശ്രദ്ധ ആകര്‍ഷിച്ചു.

ബാലന്‍ നമ്പ്യാരുടെ 'വലംപിരി ശംഖ്' എന്ന ശില്പം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ബാങ്കളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലാണ് അതുള്ളത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിലെ ആത്മരോഷം അദ്ദേഹം ശില്പരൂപത്തില്‍ ആവാഹിച്ചു. കോട്ടാസ്റ്റോണില്‍ തീര്‍ത്ത ഈ ശില്പം 'മോണുമെന്റ് ടു ദ അസ്സാസിനേറ്റഡ്'(1995) ഡല്‍ഹിയിലെ മാക്സ് മുള്ളര്‍ ഭവനില്‍ സ്ഥാപിച്ചിട്ടുണ്ട്. 'ദ സ്‌കൈ ഈസ് ദ ലിമിറ്റ്' എന്ന പ്രശസ്ത ശില്പവും ഡല്‍ഹിയിലുണ്ട്-ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍.


ആധുനികവും പൗരാണികവുമായ ബിംബങ്ങളുടെ സമന്വയവും സങ്കലനവുമാണ് ബാലന്‍ നമ്പ്യാരുടെ കലയുടെ സവിശേഷത. പാരമ്പര്യം, ആധുനികത എന്നീ ദ്വന്ദങ്ങള്‍ തമ്മിലുള്ള പാരസ്പര്യം അത്ഭുതാവഹമാണ്. 'തെയ്യ'ത്തിന്റെയും ഭൂതത്തിന്റെയും മാസ്‌കുകള്‍ അദ്ദേഹം കലാസൃഷ്ടികളാക്കി. ഉത്തരകേരളത്തിലെയും ദക്ഷിണകര്‍ണാടകത്തിലെയും തീരദേശഗ്രാമങ്ങളില്‍ പ്രചാരത്തിലുള്ള ഇരുപത്തിഏഴ് വ്യത്യസ്ത മുഖംമൂടികള്‍ ബാലന്‍ നമ്പ്യാര്‍ കലാപരമായി പുനരാവിഷ്‌കരിച്ചു.

ബാലന്‍ നമ്പ്യാരുടെ പത്നി ഇറ്റലിക്കാരിയാണ്. ലോകപ്രശസ്ത ഇനാമലിസ്റ്റ് പൗലോ ഡി പോളി ആണ് അവരുടെ പിതാവ്. അഞ്ചു നിലകളില്‍ വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ സ്റ്റുഡിയോ എന്ന അത്ഭുത പ്രപഞ്ചത്തിലേക്ക് അതോടെ ബാലന്‍ നമ്പ്യാര്‍ക്ക് പ്രവേശനം കിട്ടി. നൂറിലധികം ഷേഡുകളില്‍ ഇനാമല്‍ നിറങ്ങള്‍ വിന്യസിക്കുവാന്‍ ബാലന്‍ നമ്പ്യാര്‍ പരിശീലിച്ചു. അനന്യവും വിസ്മയകരവുമായ ചിത്രരൂപങ്ങളായി അവ പരിലസിക്കുന്നു.

അനേകം അവാര്‍ഡുകള്‍ ബാലന്‍ നമ്പ്യാരെ തേടിവന്നു. കേന്ദ്രലളിതകലാ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാംസ്‌കാരിക വകുപ്പ് സീനിയര്‍ ഫെലോഷിപ്പ്, നെഹ്റു ഫെലോഷിപ്പ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. കേന്ദ്ര ലളിതകലാ അക്കാദമി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അരനൂറ്റാണ്ടായി ബാങ്കളൂര്‍ നഗരമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories