TopTop
Begin typing your search above and press return to search.

കണ്ണീരിന്റേയും ചോരയുടേയും വഴികളിലൂടെ നടന്ന പുതുപ്പള്ളി രാഘവന്‍

കണ്ണീരിന്റേയും ചോരയുടേയും വഴികളിലൂടെ നടന്ന പുതുപ്പള്ളി രാഘവന്‍

'' ...ഇത് എന്റെ ആത്മകഥയൊന്നുമല്ല, ആത്മകഥയെഴുതാനുള്ള മഹത്വം എനിക്ക് അശേഷമില്ല. പിന്നെ എന്റെ നീണ്ട ജീവിതകാലത്ത് മറക്കാനാവാത്തത് ചിലതുണ്ടായിട്ടുണ്ട്. അതൊന്നു കുറിക്കുക മാത്രം.''

തന്റെ നീണ്ട ജീവിതകാലത്തെ മറക്കാനാവാത്ത കാര്യങ്ങള്‍. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും തീഷ്ണങ്ങളായി സമരങ്ങളുടെ ചരിത്രപുസ്തകമായി വായിച്ചെടുക്കാവുന്ന ആത്മകഥാ പുസ്തകമായ ' വിപ്ലവസ്മരണകളു'ടെ തുടക്കത്തിലേ പുതുപ്പള്ളി രാഘവന്‍ കുറിച്ചു വെയ്ക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വത്തിന്റെ കാതലാണ്. പുതുപ്പള്ളി എന്ന ഗ്രാമത്തിലൂടെ വെള്ളമുണ്ടും തോളില്‍ക്കെട്ടുള്ള ജുബ്ബയും ഗാന്ധിത്തൊപ്പിയും ധരിച്ചു ജാഥ നയിച്ച പന്ത്രണ്ടുവയസ്സുകാരനായ വേണാട്ടുകരുണാകരന്‍ മുതല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും കോണ്‍ഗ്രസ് രാഷ്ട്രീയത്തിനകത്തെ വിവിധങ്ങളായ പരിണാമങ്ങളും ഒക്കെ വിവരിച്ചു തരുന്ന, സവിശേഷമായ ഉള്‍ക്കരുത്തും വസ്തുതാബലവുമുള്ള ചരിത്രഗ്രന്ഥമായി സ്വന്തം ആത്മകഥയെ രൂപപ്പെടുത്തിയെടുക്കുകയാണ് പുതുപ്പള്ളി ചെയ്തത്. തന്നേക്കാളേറെ ആ കാലത്തേയും അതിനെ രൂപപ്പെടുത്തിയ വ്യക്തികളേയും കേന്ദ്രീകരിച്ചു വളരുന്നതാണ് സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസുകാരനും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുകാരനുമായി തീര്‍ന്ന ഈ ചരിത്രപുരുഷന്റെ ആത്മകഥ തന്നേക്കാളെറെ തന്റെ നാടിന്റെ ചരിത്രം, അതിന്റെ രാഷ്ട്രീയവും സാംസ്‌ക്കാരികമായ ഈടുവെയ്പും ഒക്കെ പില്‍ക്കാല ജനതയ്ക്കായി എഴുതിവെച്ചു ക്ലേശപൂര്‍ണ്ണവും സംഘര്‍ഷനിരതവും മാതൃകാപരവുമായ ജീവിതം നയിച്ച പുതുപ്പള്ളി രാഘവന്‍. 90-ാം വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ചരമ ദിനമാണ് ഏപ്രില്‍ 27.

മലയാളിയുടെ രാഷ്ട്രീയ ബോധ്യങ്ങളെ എക്കാലവും ജാഗ്രത്താക്കാനായി സ്വന്തം രചനകളിലൂടെ സവിശേഷമായ ഒരു കാലത്തിന്റെ സ്പന്ദനങ്ങളെ ഒപ്പിയെടുത്ത എഴുത്തുകാരന്‍. സ്വാതന്ത്ര്യപൂര്‍വ്വ കാലത്തെ സമരതീഷ്ണങ്ങളായ വഴികളിലേക്ക് സ്വയം എടുത്തെറിഞ്ഞ, ഉത്തരവാദിത്തപൂര്‍ണ്ണമായി ഒരു കാലഘട്ടത്തിന്റെ വിളിയെ ഏറ്റെടുത്ത സാമൂഹ്യപ്രവര്‍ത്തന്‍, ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, തര്‍ജ്ജമാകാരന്‍...ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനാകുന്നു പുതുപ്പള്ളി രാഘവന്‍. ഒരു വേള പുത്തന്‍ തലമുറയ്ക്ക് അദ്ദേഹം അത്രമാത്രം പരിചിതനായിരിക്കില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ, സംഭാവനകളെ, പുസ്തകങ്ങളെ ഒക്കെ അവഗണിച്ചുകൊണ്ട് കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റേയോ രാഷ്ട്രീയ ജീവിതത്തിന്റേയോ ചരിത്രം എഴുതുക സാധ്യമല്ല.

പുതുപ്പള്ളി രാഘവന്റെ ജീവിതം തുടക്കം മുതല്‍ ഒടുക്കം വരെ പലതരത്തില്‍ സംഘര്‍ഷതീഷ്ണമായിരുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന്റെ ശീര്‍ഷകം പോലെ കണ്ണീരിന്റേയും ചോരയുടേയും കഥകള്‍ നിറഞ്ഞത്. ശൂരനാട് കലാപം പോലെ അദ്ദേഹം സാക്ഷിയായ എത്രയോ ചരിത്ര സന്ധികള്‍. ദീര്‍ഘകാലം അറസ്റ്റിലും ജയിലിലും നാഗര്‍കോവിലിലെ ജയില്‍ ആശുപത്രിയിലും ഒക്കെ കഴിഞ്ഞു. സി. കേശവനെപ്പോലെയുള്ള മഹാരധന്മാരൊടൊപ്പം ഒരെ ജയില്‍ മുറിയില്‍ കഴിഞ്ഞ പുതുപ്പള്ളി, പില്‍ക്കാലത്ത് സി. കേശവന്‍ മുഖ്യമന്ത്രിയായപ്പോഴും തടവുകാരനായി ജയിലിലായിരുന്നു. ജയില്‍ സന്ദര്‍ശനത്തിനെത്തുന്ന സി. കേശവനെ കണ്ടുമുട്ടുന്ന രംഗങ്ങളൊക്കെ വളരെ മിഴിവോടെയാണ് ' വിപ്ലവസ്മരണകളില്‍' അനാവൃതമാകുന്നത്. സി. കേശവന്‍ മാത്രമല്ല പില്‍ക്കാലത്ത് രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രസിദ്ധരായി തീര്‍ന്ന ഒട്ടേറെപ്പേരോടൊപ്പം പല ജയിലുകളില്‍ അദ്ദേഹം കഴിഞ്ഞു. 'വിപ്ലവസ്മരണ'കളില്‍ അത് സംബന്ധിച്ച മിഴിവാര്‍ന്ന ചിത്രങ്ങളുണ്ട്. മാക്‌സിംഗോര്‍ക്കിയുടെ ' അമ്മ' വായിച്ചുകൊണ്ടു മരണത്തിലേക്ക് സുധീരം നടന്നുപോയ വിപ്ലവകാരി ഭാസി മഠത്തില്‍ എന്ന ഭാസ്‌ക്കരന്‍ നായര്‍ അടക്കമുള്ളവരെക്കുറിച്ചുള്ള സ്മരണകള്‍. അവയുടെ ആഖ്യാനമാകട്ടെ അത്യന്തം ചാരുതയാര്‍ന്നതും.

ഏഴുവയസ്സുള്ളപ്പോള്‍ സഹോദരസംഘത്തില്‍ ചേര്‍ന്നതും മിശ്രഭോജനം നടത്തിയതും, തിരുവാര്‍പ്പ് സംഭവവവും വൈക്കം സത്യഗ്രഹവും പട്ടാമ്പിയില്‍ താമസിക്കവെ ആദ്യത്തെ നമ്പൂതിരി വിധവാവിവാഹത്തിനു സാക്ഷിയായതും ധര്‍മ്മശാലയിലെത്തി ഇവിആറിനെ കണ്ടതും വെല്ലൂര്‍ വഴി വാര്‍ദ്ധയില്‍ ഗാന്ധിജിയുടെ ആശ്രമത്തില്‍ എത്തിയതും അവിടെ നിന്നും കാശിയിലേക്കു പോയതും മാത്രമല്ല തുരുവനന്തപുരത്തെ രാഷ്ട്രീയ ഹോട്ടലും അവിടത്തെ നടത്തിപ്പുകാരനായ കുറുപ്പും ...അങ്ങനെ പോകുന്നു ആ ഓര്‍മ്മകളുടെ സഞ്ചികയില്‍ നിന്നും നമ്മളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നവ. അസാധാരണമായ ജീവിതാനുഭവങ്ങളുള്ള പുതുപ്പള്ളി രാഘവന്‍ അനുഭവങ്ങളെ പുനരാവിഷ്‌ക്കരിക്കരിക്കുമ്പോള്‍ വൈകാരികതയ്ക്കുപരി, ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്കാണ് ഊന്നല്‍കൊടുക്കുന്നതെന്ന് എഴുത്തുകാരനും പുതുപ്പള്ളി രാഘവന്റെ അനന്തിരവനുമായ പുതുശ്ശേരി രാമചന്ദ്രന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

14-ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വൈക്കം സത്യഗ്രഹികള്‍ക്ക് സംഭാവനകള്‍ പിരിച്ചുകൊണ്ടാരംഭിയ്ക്കുന്നു രാഷ്ട്രീയ ജീവിതം. ഹൈസ്‌ക്കൂളില്‍പഠിക്കവെ, സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിക്കുന്ന പരിപാടിയില്‍ പങ്കെടുത്തു. പയ്യന്നുരേക്കുപോയി ഉപ്പുസത്യഗ്രഹികളുടെ ജാഥയില്‍ പങ്കെടുത്തു. 1930 മലബാറിലെ കള്ളുഷാപ്പ് പിക്കറ്റിങ്ങിന് അറസ്റ്റുവരിച്ച് വിദ്യാഭ്യാസം മുടക്കി കണ്ണൂരില്‍ ജയില്‍ജീവിതം വരിച്ചു. തികഞ്ഞ ഗാന്ധിയനായ യുവാവ് ഗാന്ധിജിയെ നേരിട്ടുതന്നെ. കാണാനായി സബര്‍മതിയിലേക്കും ഗാന്ധ്യാശ്രമത്തിലേക്കും പോയതൊക്കെ വിവരിക്കുമ്പോള്‍ വ്യക്തിയേക്കാള്‍ ആ കാലം അതില്‍ നിറഞ്ഞുനില്‍ക്കുന്നതു നമ്മള്‍ കാണുന്നു. ''തിരുവനന്തപുരത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ-യൂത്ത് -ലീഗ്ക്യാമ്പിലേക്ക് മടങ്ങിപ്പോന്ന് എന്‍.പി. കുരുക്കളോടും പി. കൃഷണപിള്ളയോടു മൊപ്പം സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സ്വാതന്ത്യസമരത്തിലും സോഷ്യലിസ്റ്റ് ലീഗിലും ഒടുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമായി നാല്പതുവര്‍ഷത്തെ നിരന്തരവും യാതനാപൂര്‍ണ്ണവും സുദീര്‍ഘവുമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തി.'' 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ പുതുപ്പള്ളി രാഘവന് അത് താങ്ങാനാവാത്ത ആഘാതമായി. അതോടെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിച്ചു. വായന, എഴുത്ത്, ഗവേഷണം തുടങ്ങിയ കാര്യങ്ങളിലായി ശിഷ്ടകാലത്തെ ശ്രദ്ധമുഴുവനും. ജീവിത സായന്തനത്തിലെ നിരന്തരം അലട്ടിയിരുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ മധ്യത്തിലും അദ്ദേഹത്തിന്റെ മനസ്സ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തന്നെ വ്യാപൃതമായി.

മന്മഥനാഥ് ഗുപ്തയുടെ 'ഇന്ത്യന്‍ വിപ്ലവത്തിന്റെ ഇതിഹാസം' റോബിന്‍ ജഫ്‌റിയുടെ ''നായര്‍ മേധാവിത്വത്തിന്റെ പതനം' (വിവര്‍ത്തകരില്‍ ഒരാള്‍) തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍, ബാലഗംഗാധരതിലകന്‍, ഗോപാലകൃഷ്ണ ഗോഖലെ, ആര്‍. സുഗതന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ തുടങ്ങിയവ എടുത്തുപറയേണ്ടവയാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും ഏറെ പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്. ജാതി മാറി വിവാഹം കഴിച്ചപ്പോള്‍, വിവാഹ വേദിയില്‍ വരെ പ്രതിഷേധം നേരിടുകയുണ്ടായി. വിവാഹജീവിതത്തെത്തുടര്‍ന്ന് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്കാരംഭിച്ച കുടുംബ ജീവിതത്തിലെ സാമ്പത്തിക ഞെരുക്കം പരിഹരിക്കാന്‍വേണ്ടി ഒട്ടേറെ ക്ലാസ്സിക്കുകള്‍ വിവര്‍ത്തനംചെയ്തിട്ടുണ്ടെന്ന് പുതുശ്ശേരി രാമചന്ദ്രന്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെയും എമിലിസോളയുടേയും തൂര്‍ഗനേവിന്റേയും മറ്റും പുസ്തകങ്ങളുടെ പരിഭാഷകള്‍ നടത്തുന്നത് അങ്ങനെയാണ്. സി. വി. കുഞ്ഞിരാമന്റെ കൃതികള്‍ സമാഹരിച്ചതും ആര്‍. സുഗതന്റെ ഗദ്യരചനകള്‍ പ്രസാധനംചെയ്തതും കേരളപത്രവര്‍ത്തനചരിത്രം രചനയും ഒക്കെ പുതുപ്പള്ളിയുടെ സംഭാവനകളില്‍ പെടുന്നു. ചരിത്രവിഷയങ്ങളില്‍ പുതുപ്പള്ളി രാഘവനുള്ള താല്‍പര്യവും സൂക്ഷ്മഗവേഷകന്റെ നിലയ്ക്കുള്ള അന്വേഷണവും വസ്തുതാശേഖരണവും അപഗ്രഥനപാടവവും സത്യസന്ധമായ രചനാരീതിയും ഒക്കെ എടുത്തുപറയേണ്ടതാണ്. തന്റെ രനകള്‍ക്കായി അദ്ദേഹം ഒട്ടേറെ അപൂര്‍വ്വ പുസ്തകങ്ങളും രേഖകളും ഒക്കെ ശേഖരിച്ചിരുന്നു. പരിണിതപ്രജ്ഞനായ ഒരു അക്കാദമിക്കിന്റെ നിഷ്ഠയോടെയായിരുന്നു അദ്ദേഹം നടത്തിയ ഓരോ രചനയും എന്നു കാണാനാകും.

1910 ജനുവരി പത്തിന് കാര്‍ത്തികപ്പള്ളി താലൂക്കിലെ പുതുപ്പള്ളിയില്‍ പരമ്പരാഗതമായി ആഢ്യത്വം നിലനിന്നിരുന്ന കുടുംബത്തിലായിരുന്നു ജനനം. വിവിധ കാലങ്ങളിലായി പന്ത്രണ്ടു വര്‍ഷത്തോളം ജയിലിലും നാലു വര്‍ഷക്കാലം ഒളിവിലും കഴിഞ്ഞു.നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള പുതുപ്പള്ളി 30ലേറെ പുസ്തകങ്ങള്‍ രചിട്ടുണ്ട്.

(അവലംബം: പുതുപ്പള്ളി രാഘവന്റെ 'വിപ്ലവസ്മരണകള്‍' അടക്കമുള്ള പുസ്തകങ്ങള്‍)


Next Story

Related Stories