TopTop
Begin typing your search above and press return to search.

'സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ആത്മീയമായും ഈ ഭരണം ഇന്ത്യക്കു നാശഹേതുകമായിട്ടുണ്ട്'; 1930 ജനവരി 26 ലെ കോണ്‍ഗ്രസ് പ്രമേയം

സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ആത്മീയമായും ഈ ഭരണം ഇന്ത്യക്കു നാശഹേതുകമായിട്ടുണ്ട്; 1930 ജനവരി 26 ലെ കോണ്‍ഗ്രസ് പ്രമേയം

1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക്കായി. ലിഘിതമായ ഭരണഘടയുടെ അടിസ്ഥാനത്തില്‍ എല്ലാപരമാധികാരങ്ങളും ഇവിടത്തെ ജനങ്ങളില്‍ സ്വായത്തമാക്കിക്കൊണ്ടുള്ള സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്. 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് കോളനിവാഴച അവസാനിച്ചുവെങ്കിലും സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കിന്റെ പരമാധികാരങ്ങളോടെ മറ്റൊരു നാഴികക്കല്ല് താണ്ടുകയായിരുന്നു 1950 ജനുവരി 26ന്. ദീര്‍ഘദീര്‍ഘങ്ങളായ സമര പോരാട്ടങ്ങളിലൂടെ, ക്ലേശപൂരിതമായ വഴികള്‍ താണ്ടി നേടിയെടുത്ത സ്വാതന്ത്ര്യം. ഒട്ടേറെ ധീരദേശാഭിമാനികള്‍ ആത്മാര്‍പ്പണം ചെയ്തു നേടിയ സ്വാതന്ത്ര്യം.

ഇതുപോലെ ഒരു ജനുവരി 26ന്, പൂര്‍ണ്ണസ്വരാജ്യ ദിനമായി കൊണ്ടാടിക്കൊണ്ട് നാട്ടിലെങ്ങും വായിക്കുന്നതിനായി കെപിസിസി പുറപ്പെടുവിച്ച പ്രസ്താവനയുടെ പുനര്‍വായന നാം കടന്നുപോന്ന ക്ലേശപൂര്‍ണ്ണവും സംഘര്‍ഷനിര്‍ഭരമായ കാലത്തെ മനസ്സിലാക്കാന്‍ ഏറെ സഹായകരമാണ്. കടന്നുപോകുന്ന കാലത്തെ മാത്രമല്ല, പുതിയ കാലത്തേയും കൂടുതല്‍ ഉള്‍ക്കാഴ്ചകളോടെ മനസ്സിലാക്കാന്‍ അത് നമ്മളെ പ്രാപ്തരാക്കുന്നു.

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം' എന്ന ബൃഹത്ഗ്രന്ഥത്തിന്റെ രണ്ടാം വോള്യത്തില്‍ നിന്നാണ് ഇത് എടുത്ത് ചേര്‍ത്തിരിക്കുന്നത്. കാണുക:

കോണ്‍ഗ്രസ് ആഹ്വാന പ്രകാരം 1930 ജനവരി 26ന് പൂര്‍ണ്ണ സ്വരാജ്യദിനത്തില്‍ നാടൊട്ടുക്കും നടന്ന പൊതുയോഗങ്ങളില്‍ അംഗീകരിക്കാന്‍ കെ.പി.സി.സി. തയ്യാറാക്കിയ പ്രമേയം

''സ്വാതന്ത്ര്യം അനുഭവിക്കുവാനും തങ്ങളുടെ പ്രയത്‌നഫലം ആസ്വദിപ്പാനും ജീവിതത്തിലെ അത്യാവശ്യങ്ങള്‍ നിവൃത്തിക്കുവാനും ഇന്ത്യക്കാര്‍ക്കു, മറ്റേതു രാജ്യക്കാര്‍ക്കുമെന്നപോലെ, അകറ്റുവാനരുതാത്ത അവകാശം ഉണ്ടെന്നും, എന്നാല്‍ മാത്രമേ കേവലം പ്രതിബന്ധരഹിതമായ വളര്‍ച്ച സാധ്യമായിരിക്കു എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഏതെങ്കിലും ഭരണം ജനങ്ങളുടെ ഈ അവകാശങ്ങള്‍ നിഷേധിക്കുകയും അവരെ മര്‍ദ്ദിക്കയും ചെയ്യുന്നതായാല്‍ ആ ഭരണത്തെ ഭേദപ്പെടുത്തുവാനോ അവസാനിപ്പിക്കുവാനോ ഉള്ള അവകാശവും ജനങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം ഇന്ത്യക്കാരുടെ സ്വാതന്ത്ര്യം അപഹരിച്ചിട്ടുണ്ടെന്നു മാത്രമല്ല, സ്വാര്‍ത്ഥ സിദ്ധിക്കു സാമാന്യ ജനാവലിയെ ഉപായത്തില്‍ ഉപയോഗപ്പെടുത്തുന്ന നയത്തിന്മേലാണ് അതു നിലയുറപ്പിച്ചിരിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും ആത്മീയമായും ഈ ഭരണം ഇന്ത്യക്കു നാശഹേതുകമായിട്ടുണ്ട്. ഇന്ത്യ ബ്രിട്ടീഷ് ബന്ധം വിടുത്തുകയും പൂര്‍ണ്ണസ്വരാജ്യം അഥവാ പൂര്‍ണ്ണസ്വാതന്ത്ര്യം നേടുകയും വേണ്ടതാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

സാമ്പത്തികമായി ഇന്ത്യക്കു നാശം ഭവിച്ചിട്ടുണ്ട്. നമ്മുടെ വരവിന്റെ അവസ്ഥയില്ലെതയോ കവിഞ്ഞ തോതിലാണ് നമ്മുടെ ജനങ്ങളില്‍ നിന്നു വസുലാക്കുന്ന നികുതി. കലമേനിക്ക് ഏഴു പൈസയാണ് നമ്മുടെ ഒരു ദിവസത്തെ വരവ്. നാം കൊടുക്കുന്ന ഭാരിച്ച നികുതികളില്‍ 20 ശതമാനം കര്‍ഷകന്മാരില്‍ നിന്നു വസൂലാക്കുന്ന ഭൂനികുതിയും, 3 ശതമാനം ഉപ്പുനികുതിയുമാണ്. ഇതു സാധുക്കള്‍ക്കു ഏറ്റവും സങ്കടകരമായ ഒരിനമാണ്. കൈനുല്‍നുല്‍പ്പു പോലുള്ള ഗ്രാമവ്യവസായങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതുകൊണ്ടു കൊല്ലത്തില്‍ നാലുമാസമെങ്കിലും കര്‍ഷകവര്‍ഗം പ്രവൃത്തിയില്ലാതെയും കൈവേലകളുടെ അഭാവത്തില്‍ ബുദ്ധി മന്ദിച്ചും വെറുതെയിരിക്കേണ്ടിവരുന്നു, ഇങ്ങിനെ നശിച്ച തൊഴിലുകളുടെ സ്ഥാനത്തു ഇതരരാജ്യങ്ങളിലുള്ളപോലെ ഇവിടെ യാതൊന്നും ഏര്‍പ്പെടുത്തിയിട്ടുമില്ല. കര്‍ഷകവര്‍ഗ്ഗത്തിന്നു കൂടുതല്‍ ഭാരം വരുത്തിക്കൂട്ടുന്ന വിധത്തിലാണ് ചുങ്കങ്ങളും നാണ്യനിയന്ത്രണവും ഏര്‍പ്പാടുചെയ്തിട്ടുള്ളതു. നമ്മുടെ ഇറക്കുമതി സാധനങ്ങളില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് യന്ത്രശാലകളില്‍ ഉണ്ടാക്കുന്നവയാണ്. ബ്രിട്ടീഷ് യന്ത്രശാലാവ്യവസായങ്ങളോടു പ്രത്യക്ഷത്തില്‍ തന്നെ പക്ഷപാതം പ്രദര്‍ശിപ്പിക്കുന്ന നിലയിലാണ് ചുങ്കങ്ങള്‍ ചുമത്തിയിട്ടുളളതു. അവയില്‍നിന്നുള്ള വരവാകട്ടെ സാമാനൃജനത സഹിച്ചുപോരുന്ന ഭാരം കുറക്കുന്നതിനല്ല, എത്രയോ വലിയ ധാരാളച്ചെലവുള്ളളൊരു ഭരണം നിലനിര്‍ത്തുവാനാണുപയോഗിക്കുന്നതും. ഇതിലും അക്രമമായ വിധത്തിലാണ് പവനും ഉറുപ്പികയും തമ്മിലുള്ള വിലയുടെ താരതമ്യം ക്ലിപ്തപ്പെടുത്തിയിരിക്കുന്നതു. ഇതിന്റെ ഫലമായി ലക്ഷക്കണക്കില്‍ ധനം ഈ രാജ്യത്തു നിന്നു പുറത്തു പൊയ്‌പോയിരിക്കുന്നു.

രാഷ്രീയമായി നോക്കുമ്പോള്‍ ഇന്ത്യയുടെ നില ബ്രിട്ടീഷ് വാഴ്ചയിന്‍ കീഴിലെപ്പോലെ ഒരിക്കലും പണ്ടു താണിട്ടില്ല. ഭരണപരിഷ്‌കാരങ്ങളൊന്നും ജനങ്ങള്‍ക്കു വാസ്തവത്തില്‍ രാഷ്ട്രീയാധികാരം നല്‍കീട്ടില്ല. നമ്മുടെ ഇടയില്‍ ഏറ്റവും ഉന്നതനായവനും വിദേശീയാധികാരത്തിന്‍ മുമ്പാകെ തല കുനിക്കേണ്ടതായിട്ടാണിരിക്കുന്നത്. യഥേഷ്ടം അഭിപ്രായം പ്രകാശിപ്പിക്കുവാനോ സമ്മേളിക്കുവാനോ ഉള്ള അവകാശം നമുക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യക്കാരില്‍ വളരെപേര്‍ നാട്ടിലേക്കു മടങ്ങുവാന്‍ നിവൃത്തിയില്ലാതെ വിദേശങ്ങളില്‍ താമസിക്കുവാന്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നു. ഭരണ സാമര്‍ത്ഥ്യവും പ്രാപ്തിയും നാട്ടുകാരില്‍ വളരുവാനനുവദിക്കുന്നില്ല. സാധാരണജനങ്ങള്‍ ഗ്രാമഉദ്യോഗങ്ങള്‍ കൊണ്ടും ഗുമസ്ഥന്‍പണികൊണ്ടും തൃപ്തി പ്പെടേണ്ടിയിരിക്കുന്നു.

സംസ്‌കാരവിഷയത്തില്‍, ഇന്നത്തെ വിദ്യാഭ്യാസബ്രദായം നമ്മെ നമ്മുടെ ഭദ്രമായ നിലയില്‍ നിന്നും വലിച്ചു തെറ്റിച്ചിരിക്കുന്നു. നമ്മെ കെട്ടിയിരിക്കുന്ന ചങ്ങലയെത്തന്നെ നമ്മെക്കൊണ്ടു ലാളിപ്പിച്ചാലിംഗനം ചെയ്യിക്കുന്ന പരിശീലനമാണ് നമുക്കു ലഭിക്കുന്നതു.

ആത്മീകമായി ചിന്തിക്കുന്നതായാല്‍, നിര്‍ബന്ധപൂര്‍വ്വം നമ്മെ നിരായുധരാക്കിത്തീര്‍ത്തതുകൊണ്ടു നമ്മുടെ പൗരുഷം നശിച്ചുപോയിരിക്കുന്നു. ഒരു വിദേശീയ സൈന്യം നമ്മുടെ രാജ്യത്തു ജയിച്ചു നിലകൊള്ളുന്നു; നമ്മില്‍ അങ്കുരിക്കുന്ന നിരോധബുദ്ധി നിര്‍ദ്ദയം തീരെ പൊടിച്ചമര്‍ത്തുവാന്‍ ഈ സൈന്യത്തെ ഉപയോഗപ്പെടുത്തുന്നു. നമ്മുടെ കാര്യം നോക്കുവാനോ വിദേശീയാക്രമണം തടുക്കുവാനോ നാം പ്രാപ്തരല്ലെന്നും, കള്ളന്മാരില്‍നിന്നും കവര്‍ച്ചക്കാരില്‍ നിന്നും മറ്റു ദുഷ്ടന്മാരില്‍നിന്നും നമ്മുടെ ഭവനങ്ങളേയും കുടുംബങ്ങളേയും രക്ഷിക്കുവാന്‍പോലും നാം ശക്തരല്ലെന്നും ഇതുകൊണ്ടു നാം തന്നെ വിചാരിക്കാനിടയാകുന്നു.

ഈ നാലുതരത്തിലും ഞങ്ങളുടെ രാജ്യത്തിന്നാപത്തുണ്ടാക്കിത്തീര്‍ത്ത ഒരു ഭരണത്തിന്നു മേലിലൊരു നിമിഷമെങ്കിലും സ്വമേധയാ വഴിപ്പെടുന്നതു മനുഷ്യനോടും ദൈവത്തോടും ചെയ്യുന്നൊരപരാധമായിരിക്കുമെന്നാണ് ഞങ്ങളുടെ അഭിപ്രായം. എന്നാല്‍ അക്രമമല്ല ഞങ്ങളുടെ സ്വാതന്ത്ര്യം നേടുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്നു ഞങ്ങള്‍ ധരിച്ചിട്ടുണ്ട്. അതുകൊണ്ടു ഞങ്ങള്‍ ബ്രിട്ടീഷ് ഗവര്‍മ്മെണ്ടുമായി സ്വമേധയാ ഉള്ള എല്ലാ സഹകരണവും കഴിയുന്നത്ര പിന്‍വലിച്ചു തയ്യാറായിരിക്കയും, നികുതിനിഷേധമടക്കം സമാധാനപരമായ നിയമലംഘനത്തിന്നൊരുക്കം കൂട്ടുകയും ചെയ്യും. ഞങ്ങളെ അരിശപ്പെടുത്തുന്ന അവസ്ഥയില്‍ക്കൂടിയും അക്രമമായ യാതൊരു കൃത്യവും ഞങ്ങള്‍ ചെയ്യാതെ ഞങ്ങളുടെ സ്വമേധയാ ഉള്ള സഹായം പിന്‍വലിക്കയും നികുതി നിഷേധിക്കുകയും മാത്രം ചെയ്താല്‍ ഈ മനുഷ്യോചിതമല്ലാത്ത ഭരണത്തിന്നു തീര്‍ച്ചയായും അറുതി കാണുമെന്നു ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു. അതുകൊണ്ടു പൂര്‍ണ്ണസ്വരാജ്യസ്ഥാപനാര്‍ത്ഥം അതാതു സമയം പുറപ്പെടുന്ന കോണ്‍ഗ്രസ്സാജഞകള്‍ നിര്‍വൃഹിക്കുന്നതാണെന്നു ഞങ്ങള്‍ ഇതിനാല്‍ സഗൗരവം തീരുമാനിക്കുന്നു''.

മാധവനാര്‍

സിക്രട്ടറി, കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി

കൊഴിക്കോട്,

1930 ജനവരി.

അവലംബം:

1. നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം 1901-2000, വോള്യം രണ്ട്, പുറം 865-867


Next Story

Related Stories