TopTop
Begin typing your search above and press return to search.

മന്നത്ത് ആചാര്യനും ഇടത് വിമര്‍ശങ്ങളും എന്‍എസ്എസ്സിന്റെ ധര്‍മ്മവ്യസനങ്ങളും

മന്നത്ത് ആചാര്യനും ഇടത് വിമര്‍ശങ്ങളും എന്‍എസ്എസ്സിന്റെ ധര്‍മ്മവ്യസനങ്ങളും

നായര്‍ സര്‍വീസ് സൊസൈറ്റിയും കമ്യൂണിസ്റ്റുകളും തമ്മിലുള്ള വൈരുദ്ധ്യം പുതിയതൊന്നുമല്ല. കേരള ചരിത്രത്തില്‍ എക്കാലത്തും അത് ദൃശ്യമാണ്. രാഗത്തേക്കാള്‍ ദ്വേഷമാണ് ആ ബന്ധത്തെ കൂടുതലായും ചൂഴ്ന്നു നില്‍ക്കുന്നതെന്നത് പഴയകാല സംഭവഗതികള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരെപ്പോലെ, ആ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളില്‍ നല്ലൊരു പങ്ക് നായര്‍ സമുദായാംഗങ്ങളാണെങ്കിലും സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന്റെ കാലം മുതല്‍ തന്നെ അവര്‍ക്ക് കമ്യൂണിസ്റ്റുകളോട് മൃദുസമീപനമൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തില്‍ പുലര്‍ത്തിക സമദൂരമെന്നും ശരിദൂരമെന്നുമൊക്കെ പില്‍ക്കാലത്ത് എന്‍എസ്എസ് പറഞ്ഞിട്ടുണ്ടെങ്കിലും, അവരുടെ പ്രീതിക്കായി ഇടതുപക്ഷം പലതും ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, ആ ബന്ധം ഇഴയടുപ്പത്തോടെ അധികകാലം മുന്നോട്ട് പോകുന്നത് കേരളം കണ്ടിട്ടില്ല. വലതു ചേരിയോടാണ് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അവരുടെ മമത. പില്‍ക്കാലത്ത് കെ.കരുണാകരന്‍ തന്നെ ഛിന്നംഭിന്നമാക്കി ഇല്ലാതാക്കിയതാണെങ്കിലും എന്‍എസ്എസ്സിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപി യുഡിഎഫ് ഘടകക്ഷിയായിരുന്നു. ഐക്യ മുന്നണി മന്ത്രിസഭയില്‍ പങ്കാളിത്തവുമുണ്ടായിരുന്നു. ആസന്ന ഭൂതകാലത്തില്‍ ഇവയൊക്കെ മിഴിവോടെ നില്‍ക്കുന്നു.

മന്നത്തു പദ്മനാഭന്‍ നടത്തിയിട്ടുള്ളത്ര രൂക്ഷമായി കമ്യൂണിസ്റ്റ് വിമര്‍ശം കേരളത്തില്‍ ആരും തന്നെ നടത്തിയിട്ടുണ്ടാകാനും തരമില്ല. അത്രമേല്‍ രൂക്ഷവും പരിഹാസം നിറഞ്ഞതുമായിരുന്നു അദ്ദേഹത്തിന്റെ ഖണ്ഡനസ്വരൂപത്തിലുള്ള വിമര്‍ശശരങ്ങള്‍. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളാരും തന്നെ ഇതൊന്നും മറന്നുപോയിട്ടുണ്ടാകില്ല.

നായന്മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൊള്ളാത്ത പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നതായിരുന്നു മന്നത്ത് പദ്മനാഭന്റെ അചഞ്ചലമായ വിശ്വാസം. '' നായര്‍ സമുദായത്തിനോ മനുഷ്യ സമുദായത്തിനോ കമ്യൂണിസം പറ്റിയതല്ല. ആ ആളുകളോട് എനിക്ക് വിരോധമില്ല. വിഷം കുടിച്ച് മരിക്കുന്നവനോടും കുറച്ച് സഹതാപം കാണിക്കേണ്ടത് നമ്മുടെ കടമയാണ്? '' മെറ്റഫറുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് കാര്യം പറയുന്ന രീതിയായിരുന്നു മന്നത്തിന്റേത്. വിഷം കുടിച്ച് മരിക്കുന്നവന്‍ എന്ന മെറ്റഫറില്‍ കമ്യൂണിസ്റ്റുകാരോടുള്ള സമീപനം അദ്ദേഹം വ്യക്തമാക്കുന്നു. സഹതാപത്തിനപ്പുറം മറ്റൊന്നും അവര്‍ അര്‍ഹിക്കുന്നില്ലെന്നതാവണം മന്നം മനസ്സില്‍ വെച്ചത്. മറ്റൊരിക്കല്‍ കുറച്ചുകൂടി കടത്തി മന്നം പറഞ്ഞു: ' രാജ്യദ്രോഹികളായ ഈ കമ്യൂണിസ്റ്റുകാരെ കേരളത്തില്‍ നിന്നു മാത്രമല്ല, ഇന്ത്യയില്‍ നിന്നു തന്നെ ഭാണ്ഡം കെട്ടിച്ച് അവരുടെ പിതൃരാജ്യമായ റഷ്യയിലേക്ക് തുരത്തിയതിനുശേഷമേ എന്റെ ബുദ്ധിക്ക് മാര്‍ദ്ദവം ഉണ്ടാകുകയുള്ളുവെന്ന് ഞാന്‍ പ്രഖ്യാപിച്ചുകൊള്ളട്ടെ.' ഇത്തരത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള മന്നം പറഞ്ഞതിനപ്പുറമുള്ള എന്തെങ്കിലും ഇടതു നേതാക്കള്‍ എന്‍എസ്എസ്സില്‍ നിന്നോ അതിന്റെ ഇപ്പോഴത്തെ അമരക്കാരനായ ജി. സുകമാരന്‍ നായരില്‍ നിന്നുമോ അല്ലെങ്കില്‍ ഇനിയും വരാനിരിക്കുന്ന അതിന്റെ ഏതെങ്കിലും നേതാക്കളില്‍ നിന്നുമോ പ്രതീക്ഷിക്കേണ്ടതുണ്ടോ?

സാംസ്‌കാരികമായും സാമ്പത്തികമായും ജനസംഖ്യയിലും പ്രബലമായ ഒരു സമുദായത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ എന്‍എസ്എസ്സിന്റെ പ്രീതിക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചാല്‍ അവരെ കുറ്റം പറയാന്‍ ആവില്ല. വിശേഷിച്ചും തെരഞ്ഞെടുപ്പ് സമയത്ത്. അതൊക്കെ സ്വാഭാവികമാണ്. അത് വേണ്ടവണ്ണം മുന്നോട്ടുപോകുന്നില്ലെന്ന് വരുമ്പോള്‍ ഖിന്നത ഉണ്ടാകുന്നതും അതുപോലെ തന്നെ സ്വാഭാവികമാണ്. അപ്പോള്‍ വിമര്‍ശനങ്ങളും ഉണ്ടാകും. പക്ഷെ, പേര്‍ത്തും പേര്‍ത്തും എന്‍എസ്എസ്സിനെ ആക്രമിക്കുന്ന ഇടതു നേതാക്കള്‍ കാലാകാലങ്ങളായി അവര്‍ പുലര്‍ത്തിപ്പോന്നിരുന്ന നയസമീപനങ്ങളെ ഓര്‍മ്മിക്കാതിരിക്കുന്നത് നല്ലതല്ല. അവരുടെ സമദൂരത്തിനകത്ത് മറ്റൊരുപാട് ദുരങ്ങളും അതിലേറെ അടുപ്പങ്ങളുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തുടങ്ങി എം.എം. മണിയും കെ.കെ.ശൈലജയും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എന്‍എസ്എസ് വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് വരുന്നുണ്ട്. എന്‍എസ്എസ്സുമായി ഒരു തരത്തിലുമുള്ള ഏറ്റുമുട്ടലിനുമില്ലെന്ന് പ്രതികരിച്ച മുഖ്യമന്ത്രി സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. പക്ഷെ, പരിണിതപ്രജ്ഞരായ അവരാരും തന്നെ ചരിത്രം അറിയാത്തവരായിരിക്കില്ല.

ശബരിമലയുടെ കാര്യത്തിലെ എന്‍എസ്എസ് നിലപാട് യുഡിഎഫിനെ സഹായിക്കാനാണെന്ന് അവരില്‍ പലരും പറയുന്നുമുണ്ട്. സുകുമാരന്‍ നായര്‍ നേരിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ട് മുണ്ടും മടക്കിക്കുത്തി നേരിട്ട് ഇറങ്ങിയാല്‍ പോരെയെന്നുമൊക്കെ എം.എം. മണി ചോദിക്കുന്നതും അദ്ദേഹം ജീവിച്ചു കണ്ട പഴയ കാലങ്ങളിലേക്ക് ഒന്നിറങ്ങിനോക്കാതെയല്ലേയെന്നാണ് ഇതെഴുതുന്നയാളുടെ ശങ്ക. മന്നത്ത് പദ്മനാഭന്റെ വിമോചന സമരകാല പ്രസംഗമൊന്നും എം.എം. മണിയെപ്പോലെയുള്ളവര്‍ മറന്നിരിക്കാന്‍ വഴിയില്ലല്ലോ? അക്കാലത്തെ ജന്മനക്ഷത്രപ്പിരിവൊക്കെ പിന്‍ തലമുറക്കാര്‍ക്ക് പറഞ്ഞുകൊടുത്ത് രാഷ്ട്രീയമായി അവരെ സാക്ഷരരാക്കേണ്ട എം. എം. മണിയെപ്പോലുള്ളവര്‍ ജി. സുകുമാരന്‍ നായരെ അപഹസിച്ചതുകൊണ്ട് രാഷ്ട്രീയമായ ഉത്തരവാദിത്തം അവസാനിക്കുമോ? മുല്ലപ്പള്ളിയും മറ്റും എന്‍എസ്എസ്സിന്റെ രക്ഷകരെപ്പോലെ രംഗത്ത് എത്തുന്നതുകൂടി ചേര്‍ത്തുവെച്ച് വേണം കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍. എന്തുദൂരം പറഞ്ഞാലും സാക്ഷാല്‍ മന്നത്തിന്റെ പിന്‍ മുറക്കാര്‍ കമ്യൂണിസ്റ്റ് പക്ഷത്തേക്ക് എത്തിയാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു.

പക്ഷെ, ഒന്നു കൂടി ഇത്തരുണത്തില്‍ ഓര്‍മ്മയിലേക്ക് എത്തുന്നു. ''നായരും നായരുമായി ആദ്യം യോജിക്കണ''മെന്ന് പറഞ്ഞതും മന്നത്ത് പദ്മനാഭന്‍ തന്നെയാണ്. '' നായര്‍ നായരുമായി ആദ്യം യോജിക്കണമെന്നാണ് എന്‍എസ്എസ് പറയുന്നത്. നായര്‍ ഈഴവരോടും ക്രിസ്ത്യാനികളോടും മുസ്ലിങ്ങളോടും യോജിക്കണം. പക്ഷെ, നായരും നായരുമായി യോജിച്ചില്ലെങ്കില്‍ പിന്നെങ്ങനെ മറ്റുള്ളവരുമായി യോജിക്കും?' 1963 മെയ് മാസത്തില്‍ നെയ്യാറ്റിന്‍കര താലുക്ക് എന്‍എസ്എസ് യൂണിയന്‍ സെമിനാറില്‍ സംസാരിക്കവെയാണ് നായന്മാരുടെ ഈ ധര്‍മ്മ സങ്കടം മന്നത്താചാര്യന്‍ പങ്കുവെച്ചത്. എന്‍എസ്എസ് എന്തിനാണ് രൂപീകരിച്ചതെന്ന് അദ്ദേഹം കുറച്ച് തെളിച്ചുതന്നെ പറയുന്നുണ്ട്. '' ദീനം വന്നാല്‍ ചികിത്സിക്കേണ്ടത് മനുഷ്യധര്‍മ്മമാണെന്ന് കരുതി നായരുടെ കാര്യത്തിനും ചികിത്സിച്ചു അവരുടെ ബുദ്ധിമുട്ട് നീക്കി എന്തെങ്കിലും ചെയ്യുന്നതിനു വേണ്ടിയാണ് നായര്‍ സര്‍വ്വീസ് സെസൈറ്റി സ്ഥാപിച്ചത്. ''

സംശയലേശമന്യേ അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആകെ സമൂഹത്തിന് ഗുണകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളില്‍ സംഘടന വ്യാപൃതമായിട്ടുണ്ടെന്നും മന്നം പറഞ്ഞിട്ടുണ്ട്. ക്ഷേത്ര പ്രവേശനം നായരുടെ കാര്യമല്ലാതിരുന്നിട്ടും അതിനായി പ്രവര്‍ത്തിച്ചത് സഹോദര സമുദായങ്ങളുടെ താത്പര്യ സംരക്ഷണത്തിനുവേണ്ടിയായിരുന്നു. വിശ്വാസ കാര്യത്തില്‍ പരമ്പരാഗത മൂല്യങ്ങളെ ഒട്ടൊക്കെ അതേ പ്രകാരത്തില്‍ മനോമുകുരത്തില്‍ വെച്ചാരാധിക്കുന്ന സംഘടനയാണ് എന്‍എസ്എസ്. ശബരിമല സ്ത്രീ പ്രവേശന കാര്യത്തില്‍ അവരത് വ്യക്തമാക്കിയതാണ്. ആദ്യം മുതല്‍ അവര്‍ അതില്‍ ഉറച്ചുനിന്നു. മിക്കവാറും എല്ലാ മുഖ്യധാര പാര്‍ട്ടികളും പല കാലങ്ങളിലായി നേരിട്ടും അല്ലാതേയും അവര്‍ പറഞ്ഞതിലേക്ക് എത്തുകയും ചെയ്തു. എന്തിന് കടകംപള്ളി സുരേന്ദ്രനെപ്പോലെയുള്ള വിപ്ലവ നേതാക്കള്‍ ക്ഷമായാചനം വരെ നടത്തുന്നതും നമ്മള്‍ കണ്ടു. വിശ്വാസം എന്നാല്‍ പരമ്പരാഗത വിശ്വാസം തന്നെയാണ് എന്‍എസ്എസ്സിന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എന്‍എസ്എസ് ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും രാഷ്ട്രീയമായി എന്‍എസ്എസ് ഇപ്പോഴും സമദൂരത്തില്‍ തന്നെയാണെന്നുമൊക്കെ അവര്‍ പറയുന്നുണ്ടെങ്കിലും അതില്‍ മറഞ്ഞിരിക്കുന്ന രാഷ്ട്രീയം വ്യക്തം തന്നെ. എന്‍എസ്എസിനെയോ അതിന്റെ നേതൃത്വത്തിനെയോ വിരട്ടേണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് കൂടി നല്‍കുന്നതോടെ ചിത്രം സുവ്യക്തം. മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസും ബിജെപിയുമൊക്കെ ഈ ചിത്രത്തില്‍ പലയിടത്തായി തെളിഞ്ഞുനില്‍ക്കുന്നു.

നായര്‍ സമൂഹത്തിന്റെ ദീനം ചികിത്സിച്ച് മാറ്റാനായി സ്ഥാപിച്ച സംഘടന അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകട്ടെ. കാലങ്ങളായി ചികിത്സിച്ചിട്ടും വേണ്ടവണ്ണം ഫലം കാണാതെ പോകുന്നതിലുള്ള അവരുടെ ധര്‍മ്മവ്യസനം പലരൂപത്തില്‍ പുറത്ത് വരുന്നുണ്ടാകാം. രോഗം മാറരുതെന്ന് ചികിത്സകര്‍ മനസ്സില്‍ കരുതുന്നുമുണ്ടാകാം. അത് അവരുടെ അവകാശം. ആ വ്യസനങ്ങളുടെ ഗുണകാംക്ഷികള്‍ അവര്‍ക്കു പിന്തുണയായി എത്തുകയും ചെയ്‌തേക്കാം. വസ്തുനിഷ്ടമായി ചരിത്ര നിര്‍ദ്ധാരണം ചെയ്ത് വസ്തുതകളെ മനസ്സിലാക്കുന്നവരെന്നു അവകാശപ്പെടുന്ന കമ്യൂണിസ്റ്റുകള്‍ അതിനെതിനാണ് ഇത്രമേല്‍ അസ്വസ്ഥരാകുന്നത്? രോഗം മാറിയാല്‍ പിന്നെ വൈദ്യനെന്തിന് എന്നത് ഒരു അടിസ്ഥാന ചോദ്യമാകുന്നുവെന്നത് നമ്മളാരും മറന്നുപോകരുത്.

(ഉദ്ധരണികള്‍ ഡോ. എന്‍ ചന്ദ്രശേഖരന്‍ നായര്‍ എഴുതി കേരള ഭാഷ ഇനിസ്‌ററിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'മന്നത്ത് പദ്മനാഭന്‍' എന്ന പുസ്തകത്തില്‍ നിന്ന്)


Next Story

Related Stories