TopTop
Begin typing your search above and press return to search.

ഇഎംഎസ്സും സഹോദരന്‍ അയ്യപ്പനും റാവുസാഹിബ് സോഷ്യലിസവും പിന്നെ വെള്ളാപ്പള്ളി നടേശനും

ഇഎംഎസ്സും സഹോദരന്‍ അയ്യപ്പനും റാവുസാഹിബ് സോഷ്യലിസവും പിന്നെ വെള്ളാപ്പള്ളി നടേശനും

അടുത്തിടെ ഉണ്ടായ സംഭവമാണ്. ടെലിവിഷനില്‍ തകൃതിയായി ചര്‍ച്ച പുരോഗമിക്കുകയാണ്. വെള്ളാപ്പള്ളി നടേശന്‍ മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കണ്ടതിനെതിരായി നടത്തിയ പ്രസ്താവനയിലേക്ക് എത്തിയപ്പോള്‍ സിപിഎം പ്രതിനിധിയുടെ മറുപടികള്‍ കൂടുതല്‍ ജാഗ്രതയോടെയായി. അദ്ദേഹം മറുപടികളില്‍ സുരക്ഷിത ദൂരം പാലിയ്ക്കുന്നതുപോലെ. വെള്ളാപ്പള്ളി തന്നെ പറയട്ടെ, വിശദീകരിക്കട്ടെ എന്നൊക്കെയായി ഡോക്ടറേറ്റ് ധാരികൂടിയായ സിപിഎം പ്രതിനിധി.

സ്വന്തം നിലപാട് തുറന്നുപറയാന്‍ മടികാണിക്കുന്നതുപോലെ. വെള്ളാപ്പള്ളിക്ക് ഇഷ്ടക്കേടുണ്ടായാലോ, അല്ലെങ്കില്‍ വോട്ടു ഗണിതത്തെ ബാധിച്ചാലോ എന്നതാവും പൊതുവില്‍ സൗമ്യനും പരിണിതപ്രജ്ഞനുമായി മന്ദഹാസനിമീലിത നേത്രനുമായ ആ മഹാപ്രതിഭാശാലിയെ അഹമിഹയാ ചിന്തകളിലേക്ക് നയിച്ചതും 'ഉത്തര'ത്തില്‍ തത്തിക്കളിയ്ക്കാന്‍ പ്രേരിപ്പിച്ചതും. ഇത് അദ്ദേഹത്തിന്റെ മാത്രം നിലയല്ല കേട്ടോ. പാര്‍ട്ടി ഭേദമില്ലാതെ മിക്കവാറും എല്ലാ രാഷ്ട്രീയ നേതാക്കളും മത-സമുദായ നേതാക്കളുടെ കാര്യം വരുമ്പോള്‍ തത്തിക്കളിക്കലാണ് പതിവ്. അപ്പോള്‍ എന്റെ മനസ്സിലേക്ക് എത്തിയത് പ്രായോഗിക രാഷ്ട്രീയത്തിലും, രാഷ്ട്രീയ ഖണ്ഡനത്തിലും മണ്ഡനത്തിലുമൊക്കെ അസാമാന്യ നൈപുണിയുണ്ടായിരുന്ന അവരുടെ മഹാനായ മുന്നോടിയെ കുറിച്ചായിരുന്നു. സാക്ഷാല്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടെന്ന സമാനതകളില്ലാത്ത രാഷ്ട്രീയ തത്വവാദിയെക്കുറിച്ച്.

വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം വഹിക്കുന്ന സമുദായ സംഘടനയുടെ അമരത്ത് ഇരുന്ന ഒരാള്‍. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യനെന്നു പറഞ്ഞ സാക്ഷാല്‍ സഹോദരന്‍ അയ്യപ്പന്‍. സഹോദരന്‍ കമ്യൂണിസ്റ്റ് വിരുദ്ധനൊന്നുമായിരുന്നില്ലെങ്കിലും അദ്ദേഹം തന്നെ പറയാറുള്ള 'കാഗ്രസി' ലേക്ക് മാറിയതോടെ കമ്യൂണിസ്റ്റുകാര്‍ക്ക് പിടിക്കാതെയായി. റഷ്യന്‍ വിപ്ലവത്തെ ശ്ലാഖിച്ചതിന്റെ പേരില്‍ സോവിയറ്റ് പൈങ്കിളിയെന്ന് സഹോദരന്‍ പത്രം അധിക്ഷേപിയ്ക്കപ്പെട്ടിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയായിരുന്നു രാഷ്ട്രീയമായ കടന്നാക്രമണങ്ങള്‍. കമ്യൂണിസ്റ്റുകാരനായ ഇഎംഎസ്സിന് സോഷ്യലിസ്റ്റുകാരനായ സഹോദരന്‍ അയ്യപ്പന്റെ വീക്ഷണങ്ങളില്‍ ' ക്ഷ' പിടിയ്ക്കാതിരുന്ന പലതുമുണ്ടായിരുന്നു. വിപ്ലവം പോരായിരുന്നു. അങ്ങനെ പലതും. തൃശൂര്‍ സ്വരാജ് റൗണ്ടിലൂടെ നടക്കുന്ന വേളയില്‍ ഇ.എം.എസ് ഒപ്പമുള്ളവരോട് ചോദിച്ചു:'' അയ്യപ്പനോ ഗംഗാധരനോ ആരാ നല്ല പ്രസംഗകന്‍?''

സഹോദരന്‍ ഫേബിയന്‍ സോഷ്യലിസ്റ്റായിരുന്നു. ബ്രിട്ടീഷ് എഴുത്തുകാരനായ ബര്‍ണാഡ്ഷായും അക്കാലത്തെ പ്രമുഖരായ പല എഴുത്തുകാരും ചിന്തകരും ഒക്കെ ഫോബിയന്‍ സോഷ്യലിസത്തില്‍ ആകൃഷ്ടരായിരുന്നു. സോഷ്യലിസത്തിന്റെ ഒരുപാട് അടരുകളില്‍ ഒന്നായിരുന്നു ഫേബിയന്‍ സോഷ്യലിസം, സഹോദര പ്രസ്ഥാനം തന്നെ സോഷ്യലിസത്തിന്റെ സന്തതിയാകുന്നു. സഹോദരന്‍ എന്ന പേരു തന്നെ ഫേബിയന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളില്‍ നിന്നും കടം കൊണ്ടതും. മാലൂലുകളെയൊക്കെ മുന്‍പിന്‍ നോക്കാതെ വലിച്ചെറിഞ്ഞുവീട്ടുകാരുടേയും നാട്ടുകാരുടേയും കണ്ണില്‍ റെബലായി തീര്‍ന്ന സഹോദരനെ വിമര്‍ശിക്കുന്നതിനായി ഇഎംഎസ്സും അക്കാലത്തെ കമ്യൂണിസ്റ്റുകാരും കണ്ടെത്തിയ പ്രയോഗമാകുന്നു 'റാവുസാഹിബ് സോഷ്യലിസം'.

അതിനവരെ പ്രേരിപ്പിച്ചത് റാവു സാഹിബ് പട്ടം സഹോദരന്‍ സ്വീകരിച്ചുവെന്നതായിരുന്നു. സാമ്രാജ്യ സേവയ്ക്കു കിട്ടിയ ഉപാലംഭമാണ് റാവു സാഹിബ് പട്ടമെന്നും നാടുവാഴുന്നോരുടെ മുന്നിലെത്തുമ്പോള്‍ മറന്നുപോകുന്നതാണ് സഹോദരന്റേയും കൂട്ടരുടേയും സോഷ്യലിസവും സമത്വചിന്തയും എന്നുമൊക്കെയായിരുന്നു നമ്പൂതിരിപ്പാടിന്റേയും ആ ചിന്തകള്‍ പിന്‍തുടരുന്നവരുടേയും അന്തര്‍ഗതം. അത്രയേയുള്ളു സഹോദരന്റേയും കൂട്ടരുടേയും സമത്വ ചിന്ത. ബ്രിട്ടീഷുകാരുടെ കൈയില്‍ നിന്നും റാവു സാഹിബ് പട്ടം വാങ്ങിയ്ക്കും. കൊച്ചി രാജാവിന്റെ കൈയില്‍ നിന്നും വീരശൃംഖലയും. രാജാവിനെക്കാണുമ്പോള്‍ കവാത്തുമറക്കും.... അഥവാ, സ്ഥാനലബദ്ധികളുടെ കാര്യം വരുമ്പോള്‍ സഹോദരനെപ്പോലുള്ള വിഗ്രഹഭഞ്ജകരും ഒരുവേള പ്രലോഭിതരാകും എന്നൊക്കെ നമുക്കിതിനെ വ്യാഖ്യാനിച്ചുകൊണ്ടുപോകുകയും ചെയ്യാം. ദരിദാവാദികള്‍ക്ക് എപ്രകാരം വേണമെങ്കിലും അപനിര്‍മിക്കാം-ഡീ കണ്‍സ്ട്രക്ട് ചെയ്യാം.

കടുത്ത കമ്യൂണിസ്റ്റായിരുന്ന എം.ആര്‍. ചന്ദ്രശേഖരന്‍ ' ബലികുടീരങ്ങള്‍ക്കൊരു ഓര്‍മ്മപുസ്തകം' എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതില്‍ റാവു സാഹിബ് സോഷ്യലിസം എന്ന് ഒരു അധ്യായം തന്നെയുണ്ട്. അതിലദ്ദേഹം എഴുതുന്നു: '' അയ്യപ്പന്‍ കോണ്‍ഗ്രസുകാരനും എസ്.എന്‍.ഡി.പി യോഗത്തിലെ കമ്യൂണിസ്റ്റ് വിഭാഗത്തിന്റെ എതിരാളിയുമെന്ന നിലയ്ക്ക് കമ്യൂണിസ്റ്റുകാര്‍ക്ക് ഗര്‍ഹണീയനായി. അയ്യപ്പന്‍ സാമ്രാജ്യദാസനാണെന്ന പ്രചരണം ഉണ്ടായി. അയ്യപ്പന് റാവു സാഹിബ് ബഹുമതി ഉണ്ടായിരുന്നു. റാവു സാഹിബ് സ്ഥാനം സാമ്രാജ്യ സേവയ്ക്കു കിട്ടിയതാണെന്ന വിമര്‍ശനം ഉണ്ടായി. റാവു സാഹിബ് സോഷ്യലിസം എന്നൊരു വചനം പെട്ടന്ന് ആവിര്‍ഭവിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ബുദ്ധിയില്‍ നിന്നാണിതിന്റെ ഉത്ഭവം എന്നു കരുതപ്പെട്ടു. അയ്യപ്പനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടു ദേശാഭിമാനി പ്രസ്സില്‍ നിന്നടിച്ചിറക്കിയ ലഘു ഗ്രന്ഥവും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ രചനയാണെന്നു പറഞ്ഞുകേട്ടിരുന്നു.'' പില്‍ക്കാലത്ത് ജോസഫ് മുണ്ടശ്ശേരിയുമായുള്ള വാക്പയറ്റിനിടെയും റാവു സാഹിബ് സോഷ്യലിസം എന്ന വാക്ക് നമ്പൂതിരിപ്പാട് തലങ്ങും വിലങ്ങും ഉപയോഗിച്ചിരുന്നുവന്നും എംആര്‍സി എഴുതുന്നുണ്ട്.

കെ. അയ്യപ്പന്‍ വാഗ്മിയായിരുന്നു. തീ പാറുന്ന പ്രസംഗങ്ങള്‍. മിസ്റ്റര്‍ ഗാന്ധി എന്നു പറയാന്‍ അക്കാലത്ത് കേരളത്തില്‍ ധൈര്യപ്പെട്ടിട്ടുള്ള ഏകനേതാവായിരുന്നു കെ. അയ്യപ്പന്‍. അംബേദ്ക്കറും അപ്രകാരം തന്നെയായിരുന്നു പറഞ്ഞിരുന്നതും എഴുതിയിരുന്നതും. അത്തരമൊരാളോടുപോലും നേര്‍ക്കുനേര്‍ നില്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മടികാണിച്ചിട്ടില്ലെന്ന് ഓര്‍മ്മവന്നുപോയി എന്നുമാത്രം.

അതെന്തായാലും, സ്വാതന്ത്ര്യ പൂര്‍വ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നപരിസരങ്ങളില്‍ ഉയര്‍ന്നുകേട്ട ഒരു വാക്കാണ് റാവുസാഹിബ് സോഷ്യലിസമെന്നത്. ആ വാക്കുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ അയ്യപ്പനെ കൂടാതെ പല പ്രമുഖരേയും കുത്തി. അങ്ങനെയെങ്കില്‍ ഇടത്തും വലത്തും നടുവിലും ഉള്ള എല്ലായിടത്തും കേറിയിറങ്ങുന്ന വെള്ളാപ്പള്ളിയെ എങ്ങനെയാവും വിശേഷിപ്പിക്കേണ്ടത്? ഞാന്‍ പറഞ്ഞുവരുന്നത് സഹോദരന്‍ അയ്യപ്പന്റെ മുഖത്തുനോക്കി നിങ്ങള്‍ റാവു സാഹിബ് സോഷ്യലിസ്റ്റാണെന്നും സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരനാണെന്നും പറയാന്‍ മടികാണിക്കാത്ത് സാക്ഷാല്‍ നമ്പൂതിരിപ്പാടിന്റെ പിന്‍മുറക്കാരായ ചെറുപ്പക്കാര്‍ വെള്ളാപ്പള്ളിയെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? സഹോദരനെപ്പോലുള്ള മഹാധിഷണാശാലിയെ, സ്വന്തമായതെല്ലാം സമൂഹത്തിനു നല്‍കിയ സമര്‍പ്പിത ചേതസിനെപ്പോലും വിമര്‍ശിക്കാന്‍ മടിക്കാത്ത നേതാക്കളുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പുത്തന്‍ കൂറ്റുകാര്‍ക്ക് വെള്ളാപ്പള്ളിയെപ്പോലുള്ള യശപ്രാര്‍ത്ഥികളെ കാണുമ്പോള്‍ കാലിടറിപ്പോകുന്നത് എന്തുകൊണ്ടാണ്? ഇടതു സഹചാരിയായ സാനു മാഷിന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ പ്രക്ഷോഭങ്ങളും ജനകീയ വിചാരണയും ഒക്കെ നടക്കാനിരിക്കുന്ന വേളയില്‍ പ്രത്യേകിച്ചും.

എന്തും ഗവേഷണ വിഷയമാകുന്ന ഇക്കാലത്ത്, 'നിവാചകവച കാലകേയ വധ'ത്തിലെ നാമപദങ്ങള്‍ എണ്ണിയെഴുതിപ്പോലും മഹാപ്രതിഭകളാകാന്‍ ,കഴിയുന്ന ഇക്കാലത്ത് ഇതും ഒരു ഗവേഷണത്തിനുള്ള വിഷയം തന്നെ. അല്ലെങ്കില്‍ എന്താണല്ലേ! ഒത്തൊത്തുപോയാല്‍ എന്തും നേടിയെടുക്കാം. ഒട്ടി നില്‍ക്കുക. തൊട്ടുതൊഴുക....


Next Story

Related Stories