TopTop
Begin typing your search above and press return to search.

ഇ.ശ്രീധരനും റിവേഴ്‌സ് ക്ലോക്കും പിന്നെ കൊച്ചി മെട്രോയും

ഇ.ശ്രീധരനും റിവേഴ്‌സ് ക്ലോക്കും പിന്നെ കൊച്ചി മെട്രോയും

അദ്ദേഹം ദീര്‍ഘകാലമായി നയിച്ചുവന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്നും ഈ മാസം 15ന് പടിയിറങ്ങി. ഇപ്പോള്‍ പാലക്കാട്ട് നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നതിന്റെ പ്രചാരണ കോലാഹലങ്ങളുടെ മധ്യത്തിലാണ് ലോകം ആദരിക്കുന്ന ഈ ടെക്നോക്രാറ്റ്. രാഷ്ട്രീയ പ്രവേശം അദ്ദേഹത്തിന് ചെറുതല്ലാത്ത വിമര്‍ശകരേയും നേടിക്കൊടുത്തു. അദ്ദേഹം പറയുന്നത് പലതും വിവാദങ്ങളാവുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.ശ്രീധരനുമായി അടുത്തു ഇടപഴകിയ നാള്‍വഴികളിലെ ചില സംഭവഗതികള്‍ ഓര്‍ത്തെടുക്കുകയാണ് ലേഖകന്‍. ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം. റിട്ടയര്‍ ചെയ്തത ഇ ശ്രീധരന് ഡിഎംആര്‍സിയിലുള്ള അധികാരങ്ങളെന്ത്? ഒരു പഴയ കത്തിലെ ചോദ്യം, 'രാഷ്ട്രീയക്കാരെ കടത്തി വെട്ടുന്ന രാഷ്ട്രീയക്കാരന്‍', ഇ.ശ്രീധരനും വേദാന്തവും പിന്നെ സെന്‍ബുദ്ധിസവും

കൊച്ചിയില്‍ മെട്രോ നിര്‍മാണം ആരംഭിച്ചതോടെ കുറെ പദാവലികള്‍ ഞങ്ങള്‍ കൊച്ചിയിലെ മാധ്യമ പ്രവര്‍ത്തകര്‍ പഠിച്ചു. വിശേഷിച്ചും നിര്‍മാണ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട്. പിയര്‍, പില്ലര്‍, പിയര്‍ ക്യാപ്പ്, പില്ലര്‍ ക്യാപ്, ഗര്‍ഡര്‍, വയഡകട് പോലെയുള്ളവ എന്‍ജിനീയറിംഗ് പശ്ചാത്തലമുള്ളവര്‍ക്കൊക്കെ അത്യന്തം സാധാരണമായിരുന്നുവെങ്കിലും അവ തമ്മിലുള്ള വ്യത്യാസങ്ങളും മറ്റും നിഷ്‌കൃഷ്ടമായി ഞങ്ങള്‍ മനസ്സിലാക്കിയത് മെട്രോ നിര്‍മാണം ആരംഭിച്ചതിനുശേഷം മാത്രമായിരുന്നു. മുട്ടം യാര്‍ഡിലേക്കുള്ള റെയില്‍വെ ലൈനിനു കീഴിലൂടെയുള്ള തുരങ്കപ്പാത നിര്‍മാണത്തിനുപയോഗിച്ച ബോക്‌സ് പുള്ളിംഗ് സാങ്കേതിക വിദ്യ മുതല്‍ സൗത്തിലെ മേല്‍പ്പാലം നിര്‍മാണത്തിനു പയോഗിച്ച കാന്റിലിവര്‍ സാങ്കേതിക വിദ്യവരെയുള്ള കാര്യങ്ങളൊക്കെ ഞങ്ങള്‍ക്ക് വളരെ പുതിയതായ കാര്യങ്ങളായിരുന്നു. പലതും കേട്ടുകേള്‍വി പോലും ഇല്ലാത്തതും. ബാലന്‍സ്ഡ് കാന്റിലിവര്‍ പാലം ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്നത് എറണാകുളം സൗത്തില്‍ കൊച്ചി മെട്രോയ്ക്കു വേണ്ടിയുള്ളതാണെന്നാണ് തോന്നുന്നത്. അതുപോലെ ബോക്‌സ് പുള്ളിംഗ് സാങ്കേതിക വിദ്യയും അടക്കമുള്ളവയും പുതുമയുള്ള കാര്യങ്ങളായിരുന്നു.

മെട്രോ നിര്‍മാണം ആരംഭിച്ചതോടെ, കാന്റിലിവര്‍ ടെക്‌നോളജി, റിവേഴ്‌സ് കാന്റി ലിവര്‍ ടെക്‌നോളജി, ബാലന്‍സ്ഡ് കാന്റിലിവര്‍ ബ്രിഡ്ജ്... ഇത്തരം എത്രയോ പദാവലികള്‍ ഞങ്ങള്‍ സാധാരണ പോലെ ഉപയോഗിച്ചു. പക്ഷെ ഇവയൊക്കെ മലയാളത്തില്‍ മനുഷ്യര്‍ക്കു മനസ്സിലാകുന്നതരത്തില്‍ എഴുതി ഫലിപ്പിക്കുയെന്നത് വലിയ വെല്ലുവിളിയായി തീര്‍ന്നു പരിമിതവിഭവരായ ഞങ്ങള്‍ക്ക്. മെട്രോ നിര്‍മാണം ആരംഭിച്ച് കുറച്ചായപ്പോഴേക്കും ഇത്തരം സാങ്കേതിക പദാവലികളൊക്കെ ആധികാരികമായി സംസാരിക്കുന്ന പല രാഷ്ട്രീയക്കാരും അത്ഭുതപ്പെടുത്തി. അവരില്‍ പലരും കാര്യങ്ങളൊക്കെ കുത്തിയിരുന്നു പഠിക്കുന്നുണ്ടായിരുന്നു.

കൊച്ചി മെട്രോ സ്‌റ്റോറികളുടെ ഖനിയായിരുന്നു. ഞങ്ങള്‍ വാശിയോടെ സ്‌റ്റോറികള്‍ തേടി നടന്നു. എവിടെ തൊട്ടാലും വാര്‍ത്തകളായിരുന്നു. ഇ.ശ്രീധരനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ കേശവ ചന്ദ്രനും ഷാജഹാനും പോലുള്ള ഡിഎംആര്‍സിയുടെ മുതിര്‍ന്ന എന്‍ജിനീയര്‍മാര്‍ അടക്കമുള്ളവര്‍ കൊച്ചുകുട്ടികളോടെന്ന വണ്ണം നിര്‍മാണ സാങ്കേതികത ഞങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കു പറഞ്ഞുതരുമായിരുന്നു. പടങ്ങള്‍ കാണിച്ചും, ഗ്രാഫുകള്‍ നിരത്തിയും മറ്റും ജാര്‍ഗണുകള്‍ ഒഴിവാക്കിയാണ് കാര്യങ്ങള്‍ പറഞ്ഞുതരിക. എന്നാലും സ്റ്റോറി ഫയല്‍ ചെയ്തു കഴിയുമ്പോള്‍ ഡെസ്‌കില്‍ നിന്നും നൂറ് സംശയങ്ങളാവും. വലിയ മാധ്യമ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് ഇതൊക്കെ ക്രോസ് ചെക്ക് ചെയ്യുവാനുള്ള ലൈബ്രറി സൗകര്യങ്ങളും വിദഗ്ദധരും ഒക്കെ കുറവായിരിക്കും. സംശയ നിവര്‍ത്തിക്കായി രാത്രിയും പകലും ഇല്ലാതെ ഡിഎംആര്‍സിയിലെ ഉദ്യോഗസ്ഥരെ ഞങ്ങള്‍ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നു. ഇ.ശ്രീധരനെ നേരില്‍കിട്ടാത്ത സമയങ്ങളില്‍ ഞങ്ങള്‍ മെയില്‍ അയയ്ക്കും. അദ്ദേഹം എല്ലാത്തിനും സമയമെടുത്ത് തിരികെ മെയിലില്‍ തന്നെ മറുപടി നല്‍കും. സന്യാസികള്‍ക്കു മാത്രം സാധ്യമായ നിര്‍മമതയോടെ, തികഞ്ഞ ക്ഷമാപൂര്‍വ്വം കോണ്‍ക്രീറ്റ് ബോക്‌സുകള്‍ തള്ളിക്കയറ്റി തുരങ്കം നിര്‍മിക്കുന്ന രീതി ചീഫ് എന്‍ജിനീയര്‍ ഷാജഹാന്‍ വിവരിച്ചു തരുന്നത് ഇപ്പോഴും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. എത്ര ക്ഷമാപൂര്‍വ്വമായിരുന്നു അദ്ദേഹം മുട്ടത്തെ തൊഴില്‍ പ്രശ്‌നങ്ങളും പ്രദേശവാസികളുമായുള്ള പ്രശ്‌നങ്ങളും മറ്റും പരിഹരിക്കാന്‍ ഓടിനടന്നിരുന്നതെന്നും ഓര്‍മ്മവരുന്നു. ഒട്ടേറെ ദുര്‍ഘടം പിടിച്ച പ്രശ്‌നങ്ങള്‍ മെട്രോയുടെ മുട്ടം യാര്‍ഡ് നിര്‍മാണത്തിനിടെ ഉണ്ടായിരുന്നു. ആരെങ്കിലും ഇതൊക്കെ, ഇവരെയൊക്കെ, ഓര്‍മ്മിക്കുന്നുണ്ടാകുമോ?


(കൊച്ചി മെട്രോ നിര്‍മാണത്തിനിടെ ഗര്‍ഡര്‍ സ്ഥാപിക്കുന്നു. 2014 ജൂലൈ 12ന് എടുത്ത ചിത്രം )

പക്ഷെ അതിനേക്കാളൊക്കെ ഞങ്ങള്‍ക്കും അക്കാലത്ത് മെട്രോ വാര്‍ത്തകള്‍ വായിക്കാന്‍ കാത്തിരുന്ന കൊച്ചി നിവാസികള്‍ക്കും കൗതുകമായിരുന്നത് ഡിഎംആര്‍സി ആസ്ഥാനത്തെ റിവേഴ്‌സ് ക്ലോക്കായിരുന്നു. തിരിഞ്ഞു കറങ്ങുന്ന ഒരു ചെറിയ ഘടികാരം. ഇ.ശ്രീധരന്‍ നിര്‍മാണ ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥലങ്ങളിലൊക്കെ ഓഫീസ് തുറക്കുമ്പോള്‍ അദ്ദേഹം അവിടെ ആദ്യം സ്ഥാപിക്കുന്ന സാമഗ്രികളില്‍ പെട്ടതാണ് റിവേഴ്‌സ് ക്ലോക്ക്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കൃത്യമായ ദിവസം നിശ്ചയിച്ച് അതിലേക്കുള്ള ദൂരം ഓരോ ജീവനക്കാരനേയും ഓര്‍മ്മിപ്പിക്കുന്നതിനായിട്ടാണ് ഈ തിരിഞ്ഞു കറങ്ങുന്ന ക്ലോക്ക് സ്ഥാപിക്കുന്നത്. ഓഫീസിന്റെ നടത്തളത്തില്‍ എല്ലാവരും കാണുന്ന തരത്തില്‍ ഉയരത്തിലായി സ്ഥാപിച്ചിട്ടുള്ള ഈ തിരിഞ്ഞു കറങ്ങുന്ന ഘടികാരം പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് കുറഞ്ഞ വരുന്ന ദിവസങ്ങള്‍ ഓരോരുത്തരേയും ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും. ബാങ്കിലും മറ്റും സ്ഥാപിക്കുന്ന മാതിരിയുള്ള ഒരു ഡിജിറ്റല്‍ ടെല്ലറുപോലുള്ള ഘടികാരമാണ് കൊച്ചിയിലെ ഡിഎംആര്‍സി ആസ്ഥാനത്തെ ഇടനാഴിയില്‍ സ്ഥാപിച്ചിരുന്നത്. അതില്‍ ചുവന്ന നിറത്തില്‍ തെളിയുന്ന അക്കങ്ങള്‍.

സമയ ക്രമീകരണത്തിന്റെ കാര്യത്തില്‍ വലിയ കൃത്യത പാലിക്കുന്നയാളാണ് ഇ.ശ്രീധരന്‍. പദ്ധതികള്‍ അന്തവും കുന്തവുമില്ലാതെ നീണ്ടുപോകുന്നത് സര്‍ക്കാരുകള്‍ക്കുണ്ടാക്കുന്ന ബാധ്യത അത്ര ചെറുതൊന്നുമല്ല. അതുകൊണ്ട് കൃത്യമായി കാര്യങ്ങള്‍ പോകുന്നുവെന്ന് ഓരോരുത്തര്‍ക്കും ഉറപ്പാക്കാനുള്ള ഓര്‍മ്മിപ്പക്കല്‍ ഘടികാരം കൂടിയായിരുന്നു റിവേഴ്‌സ് ക്ലോക്ക്. പൊതുഖജനാവില്‍ നിന്നുള്ള പണം കൊണ്ടാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അത് കാര്യക്ഷമമായി നടത്തിയില്ലെങ്കില്‍ പണം നഷ്ടമാകും. സര്‍ക്കാര്‍ പണമെന്നാല്‍ ജനങ്ങളുടെ പണം തന്നെ. അതുകൊണ്ട് കാര്യക്ഷമമായി അത് വിനിയോഗിക്കണം. തങ്ങളുടെ വീഴ്ച കൊണ്ട് ഒരു നഷ്ടവും സമൂഹത്തിന് ഉണ്ടാകരുതെന്നും ഇ.ശ്രീധരന്‍ ഓര്‍മ്മിപ്പിക്കുന്നു. പദ്ധതികള്‍ സമയത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാക്കിയും ഫലപ്രദമായി ആസൂത്രണം ചെയ്തും അദ്ദേഹം പണം മിച്ചം വെച്ച് മടക്കി നല്‍കുന്നത് ഇടപ്പള്ളി മേല്‍പ്പാലം അടക്കം കൊച്ചിയില്‍ ഡിഎംആര്‍സി ഏറ്റെടുത്ത നിര്‍മാണ ജോലികളില്‍ അദ്ദേഹം കാണിച്ചു തരികയും ചെയ്തു.

തനിക്ക് വലിയ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യമൊന്നുമില്ലെന്നാണ് ശ്രീധരന്‍ സാധാരണ പറയുക. സാധാരണക്കാരന്‍ സാമാന്യ ബുദ്ധിയെ ആശ്രയിച്ച് കാര്യങ്ങള്‍ ക്രമീകരിക്കുന്നു. വലിയ മാനേജ്‌മെന്റ് പുസ്തകങ്ങള്‍ വായിക്കുകയോ പഠിക്കുകയോ ഒന്നും ചെയ്തിട്ടില്ല, സാമാന്യ ബുദ്ധിയെ ആശ്രയിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുക. അത് മാത്രമാണ് അവലംബിക്കുന്നത്. പിന്നിലേക്ക് തിരിഞ്ഞു കറങ്ങുന്ന ഘടികാരം അതിനുള്ള സാമഗ്രിയാണ് ഇ.ശ്രീധരന്. കൊച്ചി മെട്രോ അടക്കം ഡിഎംആര്‍സി ഏറ്റെടുത്ത എല്ലാ പ്രധാന ജോലികളിലും അദ്ദേഹം ഘടികാരം തിരിച്ചുവെച്ചിട്ടുണ്ട്.

ശ്രീധരന്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയിലാണ്. ബിജെപിയ്‌ക്കൊപ്പം ചേരുകയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും ചെയ്തത് ഇടതുപക്ഷത്തും കോണ്‍ഗ്രസ് പക്ഷത്തുമൊക്കെയുള്ള അദ്ദേഹത്തിന്റെ അടുപ്പക്കാരെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുമുണ്ട്. പലരും വിമര്‍ശങ്ങള്‍ പരസ്യമായും മറ്റും പ്രകടിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ, രാഷ്ട്രീയപ്രവേശം അദ്ദേഹത്തിന്റെ സമ്മതിയുടെ ഘടികാരം തിരിച്ചുവെയ്ക്കുന്നില്ലേയെന്ന് ആശങ്ക പ്രകടിപ്പിക്കുന്ന നിഷ്പക്ഷാവരണങ്ങളുള്ളവരേയും കാണുന്നു. ഘടികാര വേഗങ്ങളേയും ആവേഗങ്ങളേയും കാലം തീരുമാനിക്കട്ടെ. ഓരോരുത്തര്‍ക്കും പൊളിറ്റിക്കല്‍ കറക്ടനസ്സിനെ കുറിച്ച് ആത്മനിഷ്ഠമായ വിചാരങ്ങളല്ലേ ഉണ്ടാകുക? അത് അപരന് സ്വീകാര്യമോ എന്നത് മറ്റൊരു കാര്യം.

ഞങ്ങളെപ്പോലെ അടുത്തറിയാന്‍ കഴിഞ്ഞയാള്‍ക്കാരെ ശ്രീധരന്റെ രാഷ്ട്രീയ നിലപാട് അത്ഭുതപ്പെടുത്തുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയം സ്വന്തം ശീലങ്ങള്‍ക്കു ചേരുന്നതാണെന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ടോയെന്ന കാര്യത്തിലേ വ്യക്തത വരാനുണ്ടായിരുന്നുള്ളു. തെല്ല് ലജ്ജാലുവായി വലിയ വേദികളില്‍ പിന്നിലേക്ക് നില്‍ക്കാന്‍ തല്‍പ്പരനായ ശ്രീധരന് മറ്റെന്തിനേക്കാളും ഉപരി 'ഷോ ബിസ്' കൂടിയായ രാഷ്ട്രീയം പറ്റിയ ഇടമാകുമോയെന്ന ചിന്ത പലരും പങ്കുവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. പലപ്പോഴും ഈ ലേഖകനും അത് തോന്നിയിട്ടുണ്ട്. മറ്റേതു രാഷ്ട്രീയക്കാരനേക്കാളും വലിയ രാഷ്ട്രീയക്കാരനാണ് ശ്രീധരന്‍ എന്നു പറഞ്ഞ മുതിര്‍ന്ന ഉദ്യോഗസ്ഥനെക്കുറിച്ച് മുന്‍പൊരു ഭാഗത്ത് നമ്മള്‍ പരാമര്‍ശിക്കുകയും ചെയ്തു. എന്തായാലും എല്ലാത്തിനും വിരാമമിട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് ഗോദായില്‍ വാശിയോടെ മത്സരിക്കുകയാണ്. പാലക്കാട്ടെ ജയപരാജയങ്ങളെ കുറിച്ച് പല കണക്കുകളും കേള്‍ക്കുന്നു. അത് ജനം തീരുമാനിക്കട്ടെ. സമര്‍ത്ഥനായ എന്‍ജിനീയറും മാനേജ്‌മെന്റ് വിദഗ്ദ്ധനും രാഷ്ട്രീയത്തില്‍ എപ്രകാരമാണ് സ്വീകരിക്കപ്പെടുകയെന്നതും കാലം പറയട്ടെ.

രാജ്യത്തെ പരമോന്നതമായ ചില പദവികള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുവെന്ന് പലരും അടക്കം പറയുന്നത് കുറെയായി കേട്ടുവരുന്നു. അതിപ്പോഴും കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. പോകെപ്പോകെ അതും തെളിഞ്ഞുവരുക തന്നെ ചെയ്യും. നമുക്കും ഘടികാരം തിരിച്ചുവെച്ച് കാത്തിരിക്കാം. കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് നേരിട്ട് സാക്ഷിയായ ഒട്ടേറെ സംഭവങ്ങള്‍ ശേഷിക്കുന്നു. അത് മറ്റൊരു ഘട്ടത്തിലാവട്ടെ. ഈ രാഷ്ട്രീയക്കലവികളൊക്കെ ഒതുങ്ങിയതിനുശേഷം.


Next Story

Related Stories