TopTop
Begin typing your search above and press return to search.

നീതിരഹിതമായ കോടതി ഉത്തരവുകള്‍

നീതിരഹിതമായ കോടതി ഉത്തരവുകള്‍

വിധിന്യായം എഴുതുമ്പോഴല്ല, ജൂറിയെ തെരഞ്ഞെടുക്കുമ്പോഴാണ് നീതിയും ന്യായവും തീരുമാനിക്കുകയെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിലെ സുപ്രീം കോടതി വിധി. കര്‍ഷക വിഷയം പഠിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിലെ ഒരോരുത്തരുടെയും പൂര്‍വാശ്രമം ചൂണ്ടിക്കാട്ടിയാണ് എഴുത്തുകാരനായ ദര്‍ശന്‍ മോണ്‍ട്കറുടെ ഈ നിരീക്ഷണം. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ മൂന്നു കാര്‍ഷിക നിയമങ്ങളെയും പിന്തുണയ്ക്കുന്നവരാണ് ബഹുമാനപ്പെട്ട കോടതി കണ്ടെത്തിയ നാലംഗ സമിതിയിലെ എല്ലാവരും. ഭിന്ന വീക്ഷണങ്ങളും, അഭിപ്രായങ്ങളും ഒരു വിധത്തിലും പൊറുപ്പിക്കില്ലെന്ന നിര്‍ബന്ധബുദ്ധിയുടെ ലക്ഷണമൊത്ത വിധി.

ഇന്ത്യയിലെ കാര്‍ഷിക മേഖലയെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ആഗോളവിപണന ശൃംഖലയിലെ കണ്ണിയായി മാറ്റണമെന്ന വീക്ഷണം ഒരു വിഭാഗം നയകര്‍ത്താക്കള്‍ 1980-കള്‍ മുതല്‍ മുന്നോട്ടു വയ്ക്കുന്നു. ഹരിത വിപ്ലവത്തിന്റെ ഭാഗമായി കാര്‍ഷികമേഖലയില്‍ ഉണ്ടായ മാറ്റങ്ങളുടെ ഭാഗമായ ആ വീക്ഷണത്തിന്റെ പ്രതിനിധികളാണ് കോടതി കണ്ടെത്തിയ വിദഗ്ധ സമിതി. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന ഭുപീന്ദര്‍ സിംഗ് മാന്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ ചില ഭേദഗതികളോടെ നടപ്പിലാക്കണമെന്നു വാദിക്കുന്ന വ്യക്തിയാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 14-ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമര്‍ക്ക് ഇതു സംബന്ധിച്ച നിവേദനവും നല്‍കിയിരുന്നു. അഖിലേന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ സമിതി (അഗഇഇ) എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു നിവേദനം നല്‍കല്‍. 1980-കളില്‍ ഉയര്‍ന്നു വന്ന പുതു തലമുറയിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളായ ശരത് ജോഷി രൂപീകരിച്ച ഷേക്താരി സംഗതാനയുടെ ഇപ്പോഴത്തെ നേതാവാണ് അനില്‍ ഗണ്‍വത്ത്. കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഇല്ലാതാക്കണമെന്നാണ് ജോഷിയുടെ കാലം മുതലുള്ള സംഘടനയുടെ നിലപാട്. വിപണി കേന്ദ്രിതമായ നയങ്ങള്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്നതിന് പ്രയത്നിക്കുന്ന വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തെക്കനേഷ്യന്‍ ഓഫീസിന്റെ മുന്‍ ഡയറക്ടര്‍ പി.കെ. ജോഷിയും പുതിയ കര്‍ഷക നിയമങ്ങളെ തുറന്നു പിന്തുണയ്ക്കുന്നു. അശോക് ഗുലാത്തി-യെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൊതു വിതരണ സമ്പ്രദായം, താങ്ങുവില (എംഎസ്പി) തുടങ്ങിയവ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നു വര്‍ഷങ്ങളായി വാദിക്കുന്ന സാമ്പത്തിക പണ്ഡിതനാണ് ശ്രീ ഗുലാത്തി.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ താത്ക്കാലികമായി മരവിപ്പിച്ച സൂപ്രീം കോടതി വിധി ചടുലമായ സംവാദങ്ങള്‍ക്കിടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടന പണ്ഡിതരും, രാഷ്ട്രീയ വിശകലന വിദഗ്ധരും വിധിയുടെ വിവിധ വശങ്ങള്‍ മാത്രമല്ല കോടതി ഇടപെടലിന്റെ സംഗത്യവും വിശദമായി പരിശോധിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. പക്ഷെ വിദഗ്ധ സമിതിയിലെ അംഗങ്ങളെ തെരഞ്ഞെടുത്ത സുപ്രീം കോടതിയുടെ മാനദണ്ഡം എന്തായിരിക്കുമെന്ന് എങ്ങനെയാവും വിശകലനം ചെയ്യുക. ഹിന്ദിയില്‍ പറയുന്ന നാം കി വാസ്തേ (പേരിനെങ്കിലും) എതിരഭിപ്രായമുള്ള ഒരാളെ വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്താനുള്ള ഔചിത്യബോധം പരമോന്നത നീതിപീഠം പുലര്‍ത്താതെ പോയതിന്റെ കാരണം എന്താവും. ഇന്ത്യയിലെ ബഹുജന സമരങ്ങളുടെ ചരിത്രത്തില്‍ ഇതിനകം നാഴികക്കല്ലായി മാറിയ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഈ വിദഗ്ധ സമിതിയുടെ രൂപീകരണം നല്‍കുന്ന സന്ദേശമെന്താവും. ദല്‍ഹിയിലെ ശൈത്യത്തെ വകവെക്കാതെ 40 ദിവസത്തിലധികമായി തുടരുന്ന മനുഷ്യര്‍ക്ക് കോടതിയുടെ തീരുമാനം തികഞ്ഞ അവഹേളനമായി അനുഭവപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല.

കര്‍ഷകരും, സര്‍ക്കാരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നിന്ന സാഹചര്യത്തില്‍ കോടതി ഇടപെടലിന്റെ പ്രസക്തിയെപ്പറ്റിയുള്ള പലതരം വ്യാഖ്യാനങ്ങള്‍ ലഭ്യമായിരുന്നു. പ്രക്ഷോഭത്തിലുള്ള കര്‍ഷകരെ ഒതുക്കി കെട്ടി കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാനാണ് കോടതി ഇടപെടലെന്ന ഉത്ക്കണ്ഠ തുടക്കത്തില്‍ തന്നെ പലരും പ്രകടിപ്പിച്ചിരുന്നു. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും, അഖിലേന്ത്യ കര്‍ഷകസമര കോര്‍ഡിനേഷന്‍ സമിതിയും തങ്ങളുടെ സമീപനം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയോടുള്ള ബഹുമാനം പൂര്‍ണ്ണമായും ഉയര്‍ത്തിപ്പിടിക്കുമ്പോഴും കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കുള്ള പരിമിതി അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം ഈ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ നയപരമായ വിഷയമാണെന്നും, നയപരമായ വിഷയത്തില്‍ കോടതിയുടെ ഇടപെടലിനു പരിമിതിയുണ്ടന്നുമായിരുന്നു അവരുടെ സമീപനം. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള കേസ്സില്‍ കക്ഷി ചേരേണ്ടതില്ലെന്നുള്ള തീരുമാനവും അതിന്റെ ഭാഗമായിരുന്നു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തി മൂന്നു പുതിയ കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയിട്ടുള്ളത്. നിയമം പാസ്സാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നയത്തെയാണ് കര്‍ഷകരും, കര്‍ഷക സംഘടനകളും നഖശിഖാന്തം എതിര്‍ക്കുന്നത്. കാര്‍ഷിക മേഖലയാകെ വന്‍കിട കോര്‍പറേറ്റ് മൂലധനത്തിന്റെ ആധിപത്യത്തില്‍ കൊണ്ടുവരുന്നതിനും, കര്‍ഷകരുടെ പാപ്പരീകരണത്തിനും മാത്രമാണ് പുതിയ നിയമങ്ങള്‍ ഉപകരിക്കുകയെന്നാണ് കര്‍ഷകരുടെയും, അവരുടെ സംഘടനകളുടെയും അഭിപ്രായം. മുരടിപ്പിലായ കാര്‍ഷികമേഖലയില്‍ ഉണര്‍വുകള്‍ സൃഷ്ടിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ നിയമങ്ങള്‍ എന്നാണ് സര്‍ക്കാരിന്റെ വാദം. രാഷ്ട്രീയത്തിന്റെ തലത്തില്‍ നിലനില്‍ക്കുന്ന ഭിന്നവീക്ഷണങ്ങളുടെ പ്രതിനിധാനമെന്ന നിലയിലാണ് സാധാരണഗതയില്‍ ഈ വ്യത്യസ്ത കാഴ്ചപ്പാടുകളെ വിലയിരുത്താനാവുക.

ജനാധിപത്യപരമായ സംവാദങ്ങളുടെ അന്തസത്ത ഭിന്നവീക്ഷണങ്ങളാണെന്ന കാര്യത്തിലും സംശയമില്ല. എന്നാല്‍ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അത്തരമൊരു സംവാദത്തിന്റെ സൂചനപോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കുന്നതില്‍ പുലര്‍ത്തിയ അതിവേഗത മുതല്‍ കര്‍ഷക പ്രതിനിധികളുമായി നടത്തുന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ വരെ അതിന്റെ ഉദാഹരണങ്ങളാണ്. രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ സംവാദങ്ങളുടെ സാധ്യത പോലും അന്യംനിന്നുപോയ സാഹചര്യത്തില്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയരുന്ന പ്രതിഷേധ-സമര ഭൂമികയിലാണ് ബദല്‍ ചിന്തകളും, വീക്ഷണങ്ങളും ഉടലെടുക്കുക. പൗരത്വ നിയമത്തിനെതിരായ സമരം മുതല്‍ കര്‍ഷക പ്രക്ഷോഭം വരെയുള്ള മുന്നേറ്റങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ബദല്‍ ചിന്തകളുടെയും, വീക്ഷണങ്ങളുടെയും സാധ്യതകളെ നിഷേധിക്കുന്ന ഭാവനാരഹിതമായ ഇടപെടലുകളാണ് കോടതികള്‍ നിരന്തരം നടത്തുന്നത്. ഭരണകൂട സര്‍വാധിപത്യത്തിന് തുല്യം ചാര്‍ത്തുന്ന നീതിരഹിതമായ അത്തരം ഇടപെടലുകളുടെ പാരമ്പര്യത്തിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണാണ് സുപ്രീം കോടതി കണ്ടെത്തിയ വിദഗ്ധ സമിതി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories