TopTop
Begin typing your search above and press return to search.

ELECTION| ആദ്യം തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, പിന്നെ പ്രജാസഭ; ജനാധിപത്യ വഴിത്താരയിലെ ചില നാഴികക്കല്ലുകള്‍

ELECTION| ആദ്യം തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, പിന്നെ പ്രജാസഭ; ജനാധിപത്യ വഴിത്താരയിലെ ചില നാഴികക്കല്ലുകള്‍

* നാട്ടുരാജ്യങ്ങളില്‍ ആദ്യ നിയമനിര്‍മാണ സഭ തിരുവിതാംകൂറില്‍

* രാജ്യത്ത് ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത് കൊച്ചിയില്‍

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നാള്‍ വഴികളില്‍ ഒട്ടേറെ തുടക്കങ്ങള്‍ കേരളത്തിന്റേതായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ നടക്കുന്ന ദിനത്തില്‍ കേരളത്തില്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ നിലവില്‍ വന്നതിനെക്കുറിച്ച് ഒരു എത്തിനോട്ടം. ഇപ്പോള്‍ നാം അനുഭവിക്കുന്ന പ്രായപൂര്‍ത്തി വോട്ടവകാശം ഒരു സുപ്രഭാതത്തില്‍ കരഗതമായതല്ല. ഒട്ടേറെ സംഭവഗതികളും പോരാട്ടങ്ങളും അതിനു പിന്നിലുണ്ട്.

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നിയമനിര്‍മാണ സഭ രൂപീകരിച്ചത് തിരുവിതാകൂറിലാണ്. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത്. 1888 മാര്‍ച്ച് 30ന് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപീകരിക്കുന്നതായി ശ്രീമൂലം തിരുനാള്‍ നടത്തിയ വിളംബരം ചരിത്രത്തിലെ സവിശേഷ ഘട്ടത്തിന്റെ തുറവിയായി കണക്കാക്കപ്പെടുന്നു.'' ന്യായനിബന്ധനകളേയും റെഗുലേഷനുകളേയും ഉണ്ടാക്കുന്നതിന് ഉണ്ടാക്കുന്നതിന് ഒരു ആലോചനസഭയെ ഏര്‍പ്പെടുത്തുക യുക്തമായിരിക്കുക കൊണ്ട് ആ വകയ്ക്കു ഒരു സഭാധ്യക്ഷനോടും സാമാജികന്മാരോടും കൂടിയ ഒരു സഭയെ ഏര്‍പ്പെടുത്തുന്നതാകുന്നു. ആ സഭയില്‍ അഞ്ചു പേരില്‍ കുറയാതേയും എട്ടുപേരില്‍ കൂടാതേയും അംഗങ്ങള്‍ ഉണ്ടായിരിക്കും. ദിവാന്‍ ഈ സഭയില്‍ അധ്യക്ഷനാകേണ്ടതും മറ്റു സാമാജികന്മാരെ അപ്പപ്പോള്‍ നിയമിക്കുന്നതുമാകുന്നു.'' ഇതായിരുന്നു ആ വിളംബരം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം ബ്രിട്ടീഷ് പാര്‍ലമെന്റ് 1861ല്‍ പാസാക്കിയ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ട് ഈ വിളംബരത്തിനു പശ്ചാത്തല മൊരുക്കിയതായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷമായിരുന്നു ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 15ന് കൗണ്‍സില്‍ നിലവില്‍ വന്നു. ഓഗസ്റ്റ് 23ന് തിരുവിതാകൂര്‍ ദിവാന്റെ മുറിയില്‍ ഉച്ചയ്ക്കു 12 മണിക്ക് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ആദ്യയോഗം ചേര്‍ന്നു. 1888 മുതല്‍ 1891വരെയുള്ള ആദ്യ കൗണ്‍സിലിന്റെ കാലത്ത് 32 തവണയാണ് കൗണ്‍സില്‍ സമ്മേളിച്ചത്. ശരിയായ ജനാധിപത്യ സംവിധാനമായി ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ കണക്കിലെടുക്കാന്‍ സാധിക്കില്ലെങ്കിലും തുടക്കം എന്ന നിലയില്‍ അതിനുള്ള പ്രാധാന്യം ഏറെയാണ്. 1898ല്‍ കൗണ്‍സിലിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചു. ആറ് അനുദ്യോഗസ്ഥരേയും ഒന്‍പത് ഉദ്യോഗസ്ഥ പ്രമുഖരേയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി.

1904ല്‍ തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭ എന്ന പേരില്‍ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രൂപം നല്‍കി. ഓരോ താലുക്കില്‍ നിന്നും രണ്ടുവീതം പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്ത 100 അംഗങ്ങള്‍ അടങ്ങുന്ന സഭ. വിവിധ കാലങ്ങളിലായി അംഗത്വം ഉയര്‍ത്തിയാണ് 100ലേയ്ക്ക് എത്തിയത്. തുടക്കത്തില്‍ അത്രയും ഉണ്ടായിരുന്നില്ല. ലെജിസ്ലേറ്റീവ് കൗണ്‍സിലിനല്ലാതെ പ്രജാസഭയ്ക്കു നിയമനിര്‍മാണത്തിനുള്ള അവകാശം ഉണ്ടായിരുന്നില്ല. എന്നാല്‍ ഓരോ പ്രദേശങ്ങളിലേയും പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിച്ച് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റേയും രാജാവിന്റേയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള അവസരം പ്രജാസഭാംഗങ്ങള്‍ക്ക് ലഭിച്ചു. സഭയില്‍ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത് വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഭൂവുടമകളേയും വര്‍ത്തക പ്രമാണിമാരേയുമായിരുന്നു സഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്. കൊല്ലത്തില്‍ നൂറു രൂപ നികുതി അടച്ചിരുന്ന ഭൂപ്രഭുക്കള്‍, 6000 രൂപ വാര്‍ഷിക വരുമാനമുള്ള കച്ചവടക്കാര്‍ എന്നിവരെയാണ് പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നത്. ഓരോ താലൂക്കില്‍ നിന്നും ഈ രണ്ടു പ്രതിനിധികളെ വീതം പ്രജാസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നത് ഡിവിഷന്‍ പേഷ്‌ക്കാര്‍മാര്‍ എന്നറിയപ്പെട്ടിരുന്ന ജില്ലാ ഭരണാധികാരികളായിരുന്നു. ഈ സഭയില്‍ നിന്നും നാലംഗങ്ങളെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

1904 ഒക്ടോബര്‍ 23നു തിരുവനന്തപുരത്തെ വിജെടി ഹാളില്‍ പ്രജാസഭയുടെ ആദ്യയോഗം ചേര്‍ന്നു. ആദ്യം വര്‍ഷത്തില്‍ ഒരിയ്ക്കലായിരുന്നു സമ്മേളനം ചേര്‍ന്നിരുന്നത്. അത് പിന്നീട് എല്ലാ വര്‍ഷവും കുംഭമാസത്തില്‍ എന്നാക്കി. എന്നാല്‍ 1905 മെയ് ഒന്നിനു പുറപ്പെടുവിച്ച വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം ജനങ്ങള്‍ക്കു ലഭിച്ചു. പക്ഷെ വരുമാനവും വിദ്യാഭ്യാസ യോഗ്യതയും വോട്ടവകാശത്തിനുള്ള മാനദണ്ഡമാക്കി കണക്കാക്കിയിരുന്നതിനാല്‍ സമൂഹത്തിലെ കീഴേ ശ്രേണിയിലുള്ളവര്‍ക്ക് സഭയിലേക്ക് കടന്നുവരുക വിഷമകരമായിരുന്നു. അംഗീകൃത സര്‍വകലാശാല ബിരുദധാരികള്‍ക്കും 50 രൂപ വാര്‍ഷിക ഭൂനികുതി അടയ്ക്കുന്നവര്‍ക്കമായിരുന്നു വോട്ടവകാശം. ബിരുദം പാസായി പത്തുവര്‍ഷം കഴിഞ്ഞവര്‍ക്കായിരുന്നു വോട്ടവകാശം. ഇത്തരത്തില്‍ വോട്ടവകാശമുള്ളവര്‍ക്ക് 100 അംഗങ്ങളില്‍ 77 പേരെ തെരഞ്ഞെടുക്കുന്നതിന് സാധിക്കും. ശേഷിയ്ക്കുന്ന 23 പേരെ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു രീതി. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ അധികാരത്തിലെത്തി ഏറെ കഴിയും മുന്‍പേ ഉപരിസഭയുടെ പേര് ശ്രീചിത്ര കൗണ്‍സില്‍ എന്നും അധോസഭയുടെ പേര് ശ്രീമൂലം അസംബ്ലി എന്നും മാറ്റി. അയ്യങ്കാളി, കുമാരനാശാന്‍, ഇ.വി. കൃഷ്ണപിള്ള, സി. കേശവന്‍, ടി.കെ. മാധവന്‍, പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍, കെ. സി. മാമന്‍ മാപ്പിള തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവിധ കാലങ്ങളില്‍ പ്രജാസഭാംഗങ്ങളായിരുന്നു.

സ്ത്രീകള്‍ക്ക് കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് അതിനുള്ള അവകാശം സ്ത്രീകള്‍ക്കും ലഭിച്ചു. നിവര്‍ത്തന പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരു രൂപ കരം തീരുവ നല്‍കുന്ന എല്ലാവര്‍ക്കും വോട്ടവകാശം ലഭിച്ചു. 1937 ഏപ്രില്‍ മെയ് മാസങ്ങളില്‍ നടന്നതായിരുന്നു ആ വോട്ട് അവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ തെരഞ്ഞെടുപ്പ്. 1932ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ ഉപരിസഭയും പ്രജാസഭയെ അധോസഭയുമാക്കി. 1947ല്‍ രാജ്യം സ്വതന്ത്രമാവുകയും തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരുകയും ചെയ്തതോടെ രണ്ടു സഭകളും ഇല്ലാതെയായി.പകരം പ്രായപൂര്‍ത്തി വോട്ടവകാശം അടിസ്ഥാനപ്പെടുത്തി 1948ല്‍ 120 അംഗ തിരുവിതാംകൂര്‍ കോണ്‍സ്റ്റിറ്റിയുവന്റ് നിലവില്‍ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. 1948 സെപ്റ്റംബറിലായിരുന്നു കൊച്ചി നാട്ടുരാജ്യത്ത് പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലൂടെ ഒരു നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത് കൊച്ചിയിലായിരുന്നു.

1949ല്‍ ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും യോജിച്ച് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നു. ലയനത്തെ തുടര്‍ന്ന് തിരുവിതാംകൂറില്‍ നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുനസംഘടിപ്പിച്ചു. തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുന്ന പറവൂര്‍ ടി.കെ നാരായണ പിള്ള ആ സ്ഥാനത്ത് തുടര്‍ന്നു. തിരുവിതാംകൂര്‍ മന്ത്രിസഭയിലെ ഏതാനും പേരെ ഒഴിവാക്കി കൊച്ചിയില്‍ നിന്നുമുള്ള കുറച്ചുപേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിച്ചു. കൊച്ചിയിലെ സാമാജികരെ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ സഭയിലെ അംഗസംഖ്യ 178 ആയി. 1947 ജൂലൈ ഒന്നിനാണ് ആദ്യത്തെ തിരുകൊച്ചി മന്ത്രിസഭ നിലവില്‍ വരുന്നത്.തുടര്‍ന്ന് രാജ്യത്തെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി 1951ല്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനക്രമീകരിച്ചു. അതോടെ സാമാജികരുടെ എണ്ണം 108 ആയി. തുടര്‍ന്നു 1951ല്‍ തിരുകൊച്ചി നിയമസഭയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ എ.ജെ. ജോണിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ ചുരുങ്ങിയ കാലയളവില്‍ മുന്നു മന്ത്രിസഭകള്‍ പട്ടം താണുപിള്ളയും പനമ്പിള്ളി ഗോവിന്ദ മേനോനും മുഖ്യമന്ത്രിമാരായെങ്കിലും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് എത്തുകയായിരുന്നു.

1956 നവംബര്‍ ഒന്നിന് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരള സംസ്ഥാനം രൂപം കൊണ്ടു.1957 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി കേരളത്തിലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്നു.126 അംഗങ്ങളുള്ള ആദ്യ കേരള നിയമസഭ രൂപം കൊള്ളുന്നത് അങ്ങനെയാണ്. വിഖ്യാതമായ ഇഎംഎസ് നമ്പൂതിരിപ്പാട് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തി. ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ ഇദംപ്രഥമമായി അധികാരത്തിലെത്തിയതിലൂടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവഴികളിലെ എക്കാലത്തും സ്മരണീയമായ ഒരേട് കേരളത്തില്‍ പിറന്നു.


Next Story

Related Stories