മതിലുകള്‍ ചേരിതിരിവിനും വിവാദത്തിനും തിരികൊളുത്തുന്ന സമകാല മലയാളത്തില്‍, സമാധാനത്തിന്റെ സന്ദേശവുമായി ഒരു അസാധാരണ മതില്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിനു ചുറ്റും നിരനിരയായി പടര്‍ന്ന് പന്തലിച്ചു നില്ക്കുന്ന പേരാല്‍ മരങ്ങളുടെ ചുവട്ടില്‍ എഴുന്നൂറ് അടി നീളവും പത്തടി വീതിയിലും കലാനിര്‍മ്മിതികള്‍ വിന്യസിച്ച ഈ അപൂര്വ്വമതില് ചരിത്ര പുനര്‍നിര്‍മിതിയിലൂടെ...

പെറ്റമ്മയുടെ കണ്‍വെട്ടത്ത് മോഴിക്കുന്നത്തിനെ വടംകെട്ടി കുതിരയെക്കൊണ്ട് വലിപ്പിച്ചു; ചരിത്രം പറയുന്നു ഈ അസാധാരണ മതില്


ഇത് പോലുള്ള മികച്ച ഫീച്ചറുകള്‍, ലേഖനങ്ങള്‍, അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍ എന്നിവ സാധ്യമാവണമെങ്കില്‍ നിങ്ങളുടെ പിന്തുണ കൂടിയേ തീരൂ. അഴിമുഖം പ്ലസിന്റെ വരിക്കാരാകൂ.
നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തെ പിന്തുണയ്ക്കൂ

മതിലുകള്‍ ചേരിതിരിവിനും വിവാദത്തിനും തിരികൊളുത്തുന്ന സമകാല മലയാളത്തില്‍, സമാധാനത്തിന്റെ സന്ദേശവുമായി ഒരു അസാധാരണ മതില്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിനു ചുറ്റും നിരനിരയായി പടര്‍ന്ന് പന്തലിച്ചു നില്ക്കുന്ന പേരാല്‍ മരങ്ങളുടെ ചുവട്ടില്‍ എഴുന്നൂറ് അടി നീളവും പത്തടി വീതിയിലും കലാനിര്‍മ്മിതികള്‍ വിന്യസിച്ച ഈ അപൂര്വ്വമതില് ചരിത്ര പുനര്‍നിര്‍മിതിയിലൂടെ കാലത്തിന്റെ ചുവരെഴുത്തായി പരിണമിച്ചിരിക്കുന്നു. സമാനതകളില്ലാത്ത ഈ ഉജ്വലകലാസൃഷ്ടി ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ഒന്നടങ്കം സ്വപ്നങ്ങളുടെയും
സങ്കല്പ്പങ്ങളുടെയും സാക്ഷാത്കാരത്തിന്റെ മഹനീയ മാതൃകയാകുന്നു.
സമാധാനം എന്ന ആശയം കേന്ദ്ര പ്രമേയമാക്കി സുരേഷ് കെ.നായര്‍ എന്ന ചിത്രകലാ അദ്ധ്യാപകന് രൂപകല്‍പ്പന നിര്‍വഹിച്ച ഈ ചിത്രശൃംഖല, യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയുടെ നാനാഭാഗത്തുനിന്നുള്ള അദ്ദേഹത്തിന്റെ പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ പങ്കുചേര്‍ന്നു. ''ലോകസമസ്താ സുഖിനോ ഭവന്തു:'' എന്ന ഭാരതീയ ശാന്തിമന്ത്രം ഈ ചിത്രപരമ്പരയില്‍ ആവാഹിച്ചിരിക്കുന്നു. മലയാളത്തില്‍ 'സമാധാന'മെന്നും, സംസ്കൃതത്തില്‍ 'ശാന്തി'എന്നും ഇംഗ്ലീഷില്‍ 'പീസ്' (Peace) എന്നും പറയപ്പെടുന്ന വാക്ക് ഇരുന്നൂറ്റി അമ്പത് വിവിധ ലോകഭാഷകളില്‍ ഈ മഹത്തായ രചനയില്‍ ആലേഖനം ചെയ്തിരിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ധീരമായ അധ്യായം എഴുതിചേര്‍ത്ത വള്ളുവനാടിന്റെ ഇതിഹാസ പുരുഷനായ മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിനുള്ള ആദരാഞ്ജലി കൂടിയാണ് ഈ ചിത്രമതില്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച ഈ ധീരപോരാളിയെ സാമ്രാജ്യത്തിന്റെ കിങ്കരന്മാര് കിരാതമായി മര്‍ദ്ദിച്ച്, വടത്തില്ക്കെട്ടി പൊതുനിരത്തിലൂടെ കുതിരയെക്കൊണ്ട് വലിപ്പിച്ചു; ഒന്നും രണ്ടുമല്ല, പതിനാല് കിലോമീറ്റര്‍. പെറ്റമ്മയുടെ കണ്വെട്ടത്തുകൂടിയായിരുന്നു എന്നതും നാമോര്‍ക്കണം. അസ്തപ്രജ്ഞനായ അദ്ദേഹത്തെ ഒടുവില്‍ തടവില്‍ പാര്‍പ്പിച്ചു. ക്രൂരവും, ദാരുണവുമായ ഈ വിപ്ലവതിഹാസം ഏതു ദേശാഭിമാനിയുടെയും ചോരതിളപ്പിക്കും, കരളലിയിപ്പിക്കും.
ഈ ദൈന്യചിത്രങ്ങള്‍ കൂടാതെ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഈ കുഗ്രാമം സന്ദര്‍ശിച്ച മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ സന്ദര്‍ശനവും ഈ ചിത്രങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. മാത്രമല്ല, ഈ ഹൈസ്കൂള്‍ മുറ്റത്ത് നിരനിരയായി പേരാലുകള്‍ നട്ടുവളര്‍ത്തിയ സ്കൂള്‍ ഗുമസ്തനായിരുന്ന കണ്ണാട്ടില്‍ രാമനെഴുത്തച്ഛന്‍, സുഭാഷ് ചന്ദ്രബോസിന്റെ വലങ്കയ്യായിരുന്ന നാട്ടുകാരനായ പി.എസ്. കുട്ടികൃഷ്ണന് നായര്‍, മലബാര്‍ സ്റ്റേറ്റ് ബോര്‍ഡ് പ്രസിഡന്റ് പി.ടി. ഭാസ്കരപ്പണിക്കര് എന്നിവരുടെ ഛായാചിത്രങ്ങള്‍, ചെര്‍പ്പുളശ്ശേരി ഗ്രാമത്തിന്റെ സാംസ്കാരിക അടയാളങ്ങളായ പൂതനക്കല് കാളവേല, ദേശക്കാരുടെ ഫുട്ബോള്‍ പ്രേമം, പ്രകൃതി ദൃശ്യങ്ങള്‍, പക്ഷിമൃഗാദികള്‍, എന്നിവ ഇരുപത്തിഅഞ്ച് പാനലുകളിലായി ജീവസുറ്റ ചിത്രങ്ങളില്‍, സുദീര്‍ഘമായ ഈ ചുറ്റുമതിലില്‍ സിമിന്റില്‍ പുനര്‍ജനിച്ചിരിക്കുന്നു.
കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴിയോടു ചേര്‍ന്ന അടയ്ക്കാപ്പുത്തൂര്‍ എന്ന പുരാതന കലാഗ്രാമത്തിലാണ് സുരേഷ് കെ.നായരുടെ ജനനം (1971). കുട്ടിക്കാലം മുതലേ കളിവിളക്കിനു മുന്നില്‍ ഇരുന്നു കണ്ട കഥകളിരൂപങ്ങള്‍ നോട്ട് ബുക്കില്‍ പകര്‍ത്തിയായിരുന്നു, ചിത്രരചനാ ലോകത്തേക്ക സുരേഷിന്റെ ആദ്യ ചുവടുവയ്പ്പുകള്‍. പത്താം ക്ലാസ് പൂര്‍ത്തിയാകുമ്പേഴേക്കും, തന്റെ വഴി ചിത്രകലയാണെന്ന് ഈ ബാലന് തീര്ശ്ചയാക്കി.
പട്ടാമ്പിയിലെ 'ശില്ചിത്ര വിദ്യാലയ'ത്തിലായിരുന്നു, പ്രാഥമിക പഠനം. തുടര്‍ന്ന് ഗുരുവായൂര്‍ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറല്‍ പെയ്ന്റിംഗില്' പ്രസിദ്ധ ചുവര്‍ചിത്രകലാ ആചാര്യന് മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരുടെ കീഴില്‍ പരിശീലനം നേടി. അഞ്ചു വര്‍ഷത്തെ വിജയകരമായ പഠനം കൊണ്ട് നാഷണല്‍ ഡിപ്ലോമ കരസ്ഥമാക്കി. കലയോടുള്ള അദമ്യമായ അഭിനിവേശവും ഈ കുഗ്രാമബാലനെ കലയുടെ കേദാരമായ മഹാകവി ടാഗൂറിന്റെ ശാന്തിനികേതനില്‍ എത്തിച്ചു. വിശ്വഭാരതി യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തിയതോടെ സുരേഷ് വിശ്വകലാകാരന്മാരുടെ നിരയിലേക്ക് ഉയര്‍ന്നു. കാലടി ശ്രീശങ്കരാ സര്‍വകലാശാലയിലായിരുന്നു അധ്യാപകനായി ആദ്യനിയമനം ലഭിച്ചത്. 2007 മുതല്‍ അദ്ദേഹം കാശിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിഷ്വല്‍ ആര്‍ട്ട് ഫാക്കല്‍റ്റിയില്‍ പെയ്ന്റിംഗ് പ്രൊഫസറാണ്.
സുരേഷ് കെ.നായര്‍ക്ക് ഗ്രീന്‍ഷീല്‍ഡ് ഫൗണ്ടേഷന് സ്കോളര്‍ഷിപ്പ്, കാനഡ (1999), ഫിലാഡല്‍ഫിയ (യുഎസ്എ), ടെമ്പിള്‍ യൂണിവേഴ്സിറ്റിയിലെ ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പ് (2006-07) കേരള ലളിതകലാ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ചിത്രകലയില്‍ അനേകം അന്വേണങ്ങളും പരീക്ഷണങ്ങളും നടത്തുന്ന സുരേഷ് ലൈവ് കച്ചേരി നടക്കുമ്പോള്‍ സംഗീതം ആസ്വദിച്ചുകൊണ്ട് രാഗവിസ്താരങ്ങള്ക്കനുസരിച്ച് നിരന്തരമായി ചിത്രംവരച്ച് ശ്രദ്ധനേടിയിട്ടുണ്ട്. നിരവധി വിദേശരാജ്യങ്ങളിലെ മ്യൂസിയങ്ങളിലെ ശേഖരങ്ങളില്‍ സുരേഷിന്റെ ചിത്രങ്ങളുണ്ട്.
Next Story