TopTop
Begin typing your search above and press return to search.

കമ്പനി ഫോര്‍മേഷന്‍ ഏജന്റുമാര്‍ നിയമപരമായും അല്ലാതേയും ചെയ്യുന്നത്

കമ്പനി ഫോര്‍മേഷന്‍ ഏജന്റുമാര്‍ നിയമപരമായും അല്ലാതേയും ചെയ്യുന്നത്

(രാജ്യ നേതൃത്വങ്ങളിലും ഉന്നത തലങ്ങളിലും അഴിമതിയും പൊതുപണം കൊള്ളയടിക്കലും തട്ടിപ്പും അത്യന്തം വ്യാപകകമായി കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ അന്വേഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന, അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, ഏറെ അംഗീകാരങ്ങള്‍ നേടിയ രാജ്യാന്തര ഏജന്‍സിയാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട്(ഒസിസിആര്‍പി). പല പ്രമുഖരുടേയും കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ ഒസിസിആര്‍പിയുടെ പ്ലാറ്റ്‌ഫോമിലൂടെ ലോകം അറിഞ്ഞിട്ടുണ്ട്. ഒസിസിആര്‍പിയുമായുള്ള ഉള്ളടക്ക പങ്കാളിത്ത ധാരണയില്‍ അവര്‍ തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ അഴിമുഖം വായനക്കാര്‍ക്കു കൂടി ലഭ്യമാക്കുകയാണ്. രാജ്യത്തെ പ്രമുഖ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അഴിമുഖത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനുമായ ജോസി ജോസഫാണ് ഒസിസിആര്‍പിയുടെ സൗത്ത് ഏഷ്യ റീജിണല്‍ എഡിറ്റര്‍. കമ്പനി ഫോര്‍മേഷന്‍ ഏജന്റുമാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചുമാണ് ഇക്കുറി വിശദീകരിക്കുന്നത്.)

ഏറ്റവും ലളിതമായി പറഞ്ഞാല്‍ ആവശ്യക്കാര്‍ക്കു വേണ്ടി കമ്പനി രൂപീകരണത്തിന് സഹായിക്കുന്ന കമ്പനിയാണ് ഫോര്‍മേഷന്‍ ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. ലോകത്തിന്റെ ഏതു കോണിലും നിന്നുള്ള ആവശ്യക്കാര്‍ക്ക് വേണ്ട കാര്യങ്ങള്‍ അവര്‍ ചെയ്യും. അതിവേഗത്തിലും എളുപ്പത്തിലും നടക്കുന്ന വളരെ ചെലവു കുറഞ്ഞ ഏര്‍പ്പാടാണ് ഫോര്‍മേഷന്‍ ഏജന്‍സി. നേരും നെറിയുമുള്ള ബിസിനസ്സ് നടത്തുന്ന പലരും തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഫോര്‍മേഷന്‍ ഏജന്റുമാരെ സമീപിക്കുന്നതുപോലെ തട്ടിപ്പുകാരും അവരുടെ സേവനം തേടുന്നു. നികുതി വെട്ടിക്കുന്നതിനും, തങ്ങളുടെ വന്‍ ആസ്തികള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനും, കള്ളപ്പണം ഒളിപ്പിക്കുന്നതിനുമാണ് അവര്‍ സഹായം തേടുക.

ധനവിനിമയങ്ങള്‍ ഗോപ്യമായി സുക്ഷിക്കുന്ന നികുതിയില്ലാത്ത പ്രദേശങ്ങളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രധാനമായും തമ്പടിക്കുകയെന്ന കാര്യത്തില്‍ സ്വാഭാവികമായും അത്ഭുതപ്പെടേണ്ടതില്ല. ഇന്റര്‍നെറ്റില്‍ വെറുതെ പരതിയാല്‍ തന്നെ ഇത്തരത്തിലുള്ള എണ്ണിയാലൊടുങ്ങാത്ത സ്ഥാപനങ്ങള്‍ കാണാനാവും. ബെലീസ്, പനാമ, ലക്സംബര്‍ഗ്, ലിച്ചന്‍സ്‌റ്റൈന്‍, സെയ്ഷെല്‍സ്, മാള്‍ട്ട, കെയ്മാന്‍ ദ്വീപ്, ബ്രട്ടീഷ് വെര്‍ജിന്‍ ദ്വീപ് തുടങ്ങിയവ പെട്ടെന്നു ശ്രദ്ധയില്‍ വരുന്ന പേരുകളാണ്.

യു.കെ. സര്‍ക്കാര്‍ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെ നിരവധി ഫോര്‍മേഷന്‍ ഏജന്റുമാരുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒസിസിആര്‍പി-യുടെ 29-ാം അന്വേഷണ റിപോര്‍ട്ടില്‍ തുറന്നു കാട്ടപ്പെട്ട ഫോര്‍മേഷന്‍സ് ഹൗസ് എന്ന സ്ഥാപനം അഴിമതിക്കാരനായ ഒരു ആഫ്രിക്കന്‍ ഏകാധിപതി, ഉപരോധം നേരിടുന്ന ഇറാനിയന്‍ എണ്ണ കമ്പനി, ഇറ്റലിയിലെ മാഫിയകള്‍, സ്വീഡനിലെ ഹെല്‍സ് ഏഞ്ചല്‍സിന്റെ മേധാവി, മറ്റുള്ള അന്തരാഷ്ട്ര തട്ടിപ്പുകാര്‍ എന്നിവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.

കമ്പനി ഫോര്‍മേഷന്‍ ഏജന്റുമാരുടെ പ്രവര്‍ത്തനം എങ്ങനെ?

വിശദാംശങ്ങളില്‍ ഒരോ രാജ്യങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാനപരമായ അവരുടെ പ്രവര്‍ത്തനം സമാനമാണ്. ഉദാഹരണമായി യുകെയില്‍ ഒരു കമ്പനി രൂപീകരിക്കണമെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കമ്പനീസ് ഹൗസില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍ദ്ദിഷ്ട കമ്പനി ഉടമകള്‍ അവരുടെ പേരും, കമ്പനിയുടെ ഔദ്യോഗിക വിലാസവും, ഡയറക്ടര്‍മാരുടെയും, ഓഹരി ഉടമകളുടെയും പട്ടികയും, ബിസിനസ്സിന്റെ സ്വഭാവം വിശദീകരിയ്ക്കുന്ന രേഖകളും നല്‍കണം.

ഇത്രയും വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ ഫീ ആയി 12 പൗണ്ടും (16.50 അമേരിക്കന്‍ ഡോളര്‍) അടച്ചു കഴിഞ്ഞാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ നിങ്ങളുടെ കമ്പനിയും ഉള്‍പ്പെടും. ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനി സ്വന്തമായി ഉള്ളതിന്റെ ആനുകൂല്യങ്ങളും, അന്തസ്സും ആഗ്രഹിക്കുന്ന എന്നാല്‍ യുകെ-ക്കു വെളിയില്‍ താമസിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എന്നു കരുതുക. ഫോര്‍മേഷന്‍ ഏജന്റുമാരുടെ പങ്ക് അവിടെ നിര്‍ണ്ണായകമാകുന്നു.

നിങ്ങളുടെ കടലാസ് പണികള്‍ ഒരു ഫോര്‍മേഷന്‍ ഏജന്റ് വളരെ നാമമാത്രമായ നിരക്കില്‍ ചെയ്തു തരുന്നു. കുറച്ച് അധികം പണം കൊടുത്താല്‍ നിങ്ങള്‍ക്ക് ബിസിനസ്സിനായി അവരുടെ വിലാസം ഉപയോഗിക്കാന്‍ അവര്‍ അനുമതി നല്‍കുന്നു. ആവശ്യമായ രേഖകള്‍ യഥാവിധി സൂക്ഷിക്കുന്നതിനും, ലോക്കലായി ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും, ആവശ്യമെങ്കില്‍ നിങ്ങളുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിനും, മെയിലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സെക്രട്ടറിയേയും അവര്‍ നല്‍കും. ഫോര്‍മേഷന്‍ ഏജന്റുമാര്‍ നല്‍കുന്ന സമഗ്ര സേവന പാക്കേജുകള്‍ ശരാശരി 100 പൗണ്ട് (138 ഡോളര്‍) വരെയാണെങ്കില്‍ വെറും കമ്പനി രജിസ്‌ട്രേഷന്‍ മാത്രം നടത്തുന്നതിനുള്ള ചെലവ് 9.99 പൗണ്ടില്‍ (13.75 ഡോളര്‍) നിന്നും തുടങ്ങുന്നു.

ഇതൊന്നുമല്ലാത്ത, ഷെല്‍ കമ്പനി എന്നറിയപ്പെടുന്ന പ്രസ്ഥാനമാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അതിനും വഴിയുണ്ട്. അടിസ്ഥാനപരമായി റെഡിമെയഡ് ബിസിനസ്സുകളാണ് അവ; നിര്‍ജ്ജീവമെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പഴയ കമ്പനികളെ പുതുതായി പണം നല്‍കി സ്വന്തം പേരിലാക്കുന്ന വിദ്യ. ഒരു ഫോര്‍മേഷന്‍ ഏജന്റിന്റെ വാക്കുകള്‍ അനുസരിച്ച് ഇത്തരത്തിലുള്ള പഴയ കമ്പനികളെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. വളരെക്കാലമായി ഈ രാജ്യത്ത് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന ഇംപ്രഷന്‍ സൃഷ്ടിക്കലാണ് അതിന്റെ പിന്നിലുള്ള രഹസ്യം.

കമ്പനി ഫോര്‍മേഷന്‍ ഏജന്റുമാര്‍ അത്ര മോശക്കാരാണോ?

ആവശ്യക്കാരില്‍ ചിലര്‍ കമ്പനി ഫോര്‍മേഷന്‍ ഏജന്റുമാരെ സമീപിക്കുന്നത് ന്യായമായ ബിസിനസ്സ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ്. എന്നാല്‍ മറ്റു ചിലര്‍ ഈ സ്ഥാപനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് അവരുടെ സാമ്പത്തിക ഇടപാടുകള്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതിരിക്കുന്നതിനായി ഡമ്മി കമ്പനികളും, കോര്‍പറേഷനുകളും രൂപീകരിയ്ക്കുന്നതിനാണ്. ഷെല്‍ കമ്പനികള്‍ സജീവമാണെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ബിസിനസ്സുകളൊന്നും ചെയ്യുന്നില്ല. തട്ടിപ്പുകാരെ സംബന്ധിച്ചിടത്തോളം ഇതിനോടുള്ള ആകര്‍ഷണം അവ നല്‍കുന്ന ഗോപ്യതയും, അവയെ ഉപയോഗപ്പെടുത്തി രൂപപ്പെടുത്താവുന്ന സങ്കീര്‍ണ്ണമായ എണ്ണമറ്റ ധനകാര്യ ഇടപാടുകളാണ്.

സ്വന്തം ബിസിനസ്സുകള്‍ മറച്ചുപിടിക്കുന്നതില്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ വിശ്വസ്തരുടെ അല്ലെങ്കില്‍ യഥാര്‍ത്ഥ ഉടമകളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത പ്രോക്സിയുടെ പേരില്‍ കമ്പനികള്‍ തുടങ്ങുന്നതിന് ഫോര്‍മേഷന്‍ ഏജന്റുമാരുടെ സഹായം തേടും. ഫോര്‍മേഷന്‍ ഏജന്റു തന്നെ ഒരു പക്ഷെ പ്രോക്സിയാവും. യഥാര്‍ത്ഥ ഉടമകളും, അവരുടെ ആസ്തിയുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ഫലപ്രദമായി മറച്ചുപിടിക്കുന്നതിന് വേണ്ടി ഒരു ഷെല്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ വിവിധ രാജ്യങ്ങളിലായി പല കമ്പനികള്‍ വേറെയും കാണും.

നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അവരുടെ ആസ്തികളുടെ തുടക്കവും ഒടുക്കവും കണ്ടെത്താനാവാത്ത ആഴങ്ങളില്‍ വളരെ എളുപ്പത്തില്‍ ഒളിപ്പിക്കാനാവുന്ന സംവിധാനങ്ങള്‍ ലഭ്യമാണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നവര്‍ക്ക് പോലും അവ കണ്ടെത്തുക എളുപ്പമല്ല. ധനവിനിമയ കാര്യങ്ങളും, നിക്ഷേപങ്ങളും രഹസ്യമായി സൂക്ഷിക്കുന്നതിനു വേണ്ടി മാത്രമായി ചട്ടങ്ങളും, നിയമങ്ങളും നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണ് സങ്കീര്‍ണ്ണമായ ഉടമസ്ഥ ഘടനകള്‍ പാലിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. അതിനാല്‍ അവയുടെ രേഖകള്‍ പരിശോധിക്കുക പോലും എളുപ്പമല്ല.

സമ്പന്നരും, സ്വാധീനമുള്ളവരുടെ നല്‍കേണ്ട ന്യായമായ നികുതി നല്‍കാതിരുക്കുവാന്‍ ഈ സംവിധാനം നല്ല മാര്‍ഗ്ഗമാണ്. സാധാരണഗതിയില്‍ ഇതിനായി സ്വീകരീക്കുന്ന മാര്‍ഗം ഇതാണ്. നികുതി ഭാരം കൂടുതലുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും, വ്യക്തികളും അവരുടെ ആദായത്തിന്റെ/ആസ്തിയുടെ നല്ലൊരു പങ്കും നികുതി ഇല്ലാത്ത അല്ലെങ്കില്‍ നികുതി ഏറ്റവും കുറഞ്ഞ നിരക്കുള്ള ദേശങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഷെല്‍ കമ്പനികളുടെ പേരിലേക്ക് മാറ്റുന്നു. അതോടെ ഈ സ്ഥാപനങ്ങളും, വ്യക്തികളും യഥാര്‍ത്ഥത്തില്‍ ബിസിനസ്സ് ചെയ്യുന്ന രാജ്യങ്ങളില്‍ വളരെ കുറഞ്ഞ വരുമാനം മാത്രം രേഖപ്പെടുത്തുന്നു. അതോടെ അവര്‍ നല്‍കേണ്ട നികുതിയും വളരെ കുറയുന്നു.

കളളപ്പണം വെളുപ്പിക്കുന്ന സംരംഭങ്ങളുടെയും ജീവ വായുവാണ് ഷെല്‍ കമ്പനികള്‍. ഒരു സ്ഥാപനവുമായുള്ള ബന്ധത്തെ മറച്ചുപടിക്കുന്ന ഷെല്‍ കമ്പനികളുടെ ഉടമസ്ഥഘടന വഴി അഴിമതിക്കാരും, കുറ്റവാളികളും ഈ സ്ഥാപനങ്ങളുമായുള്ള ബന്ധം ഒരേ സമയം മൂടിവയ്ക്കുകയും അവരുടെ ചെയ്തികളുടെ നേട്ടം ആസ്വദിക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് കമ്പനി ഫോര്‍മേഷന്‍ ഏജന്റുമാര്‍ നിയമപരമായി പ്രവര്‍ത്തിക്കുക?

ആവശ്യക്കാരുമായി ഒരു ബിസിനസ്സ് ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് കമ്പനി ഫോര്‍മേഷന്‍ ഏജന്‍സികള്‍ ആവശ്യക്കാരുടെ പശ്ചാത്തല പരിശോധനയടക്കമുള്ള വിശദവിശകലനം നടത്തിയിരിക്കണമെന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലെയും നിയമ സംഹിതകള്‍ ആവശ്യപ്പെടുന്നു. എന്തുതരത്തിലുള്ള സേവനങ്ങളാണ് ആവശ്യക്കാര്‍ തേടുന്നതെന്നും, അവരുടെ ചെയ്തികളില്‍ ഒരു കണ്ണ് സൂക്ഷിക്കണമെന്നും സംശയകരമായി എന്തെങ്കിലും തോന്നിയാല്‍ അധികൃതരെ അറിയിക്കണമെന്നും അനുശാസിക്കുന്നു.

ഈ വ്യവസായത്തിന്റെ വലിപ്പമാണ് പ്രശ്നത്തിന്റെ ഒരു ഭാഗം. ഒരു വര്‍ഷം അഞ്ചു ലക്ഷം കമ്പനികള്‍ യുകെ-യില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഇവയില്‍ ഒരോന്നും യഥാവിധിയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുവെന്ന കാര്യം ഉറപ്പുവരുത്തുകെന്ന ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റുക ബന്ധപ്പെട്ട അധികൃതരെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്. അതിനേക്കാള്‍ ഉപരി മറ്റൊരു വിഷയം കൂടിയുണ്ട്. കമ്പനികള്‍ അനായാസ വേഗത്തില്‍ തുടങ്ങാന്‍ സഹായിക്കുന്ന സേവനമെന്ന നിലയിലാണ് ഫോര്‍മേഷന്‍ ഏജന്‍സികള്‍ സ്വയം പരസ്യം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യക്കാരന്റെ പിഴവുകള്‍ കണ്ടെത്തുകയെന്നത് ഏജന്‍സികളുടെ ബിസിനസ്സ് താല്‍പര്യത്തിന് നിരക്കുന്നതല്ല. കമ്പനികള്‍ രൂപീകരിക്കാനുള്ള നിയമങ്ങള്‍ എങ്ങനെയാണ് മെച്ചപ്പെടുത്താനാവുക?

29 ലീക്ക്സിന്റെ അന്വേഷണത്തെ തുടര്‍ന്ന് രാജ്യത്തെ കമ്പനി ഫോര്‍മേഷന്‍ വ്യവസായം പരിഷ്‌ക്കരിക്കണമെന്ന് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ യുകെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അവരുടെ ശുപാര്‍ശകള്‍ ഇവയായിരുന്നു.

1: യുകെ കോര്‍പ്പറേറ്റ് രജിസ്റ്ററില്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള കൂടുതല്‍ അധികാരം കന്വനീസ് ഹൗസിന് നല്‍കുക

2: നോട്ടപ്പിശകുകള്‍ ഒഴിവാക്കുന്നതിനായി മേല്‍നോട്ട ചുമതലക്കാരുടെ എണ്ണം കുറച്ച്, വിരുദ്ധ താല്‍പര്യ തര്‍ക്കങ്ങള്‍ ഒഴിവാക്കി ലഭ്യമായ സൗകര്യങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തുക.

3: നിയമം ലംഘിക്കുന്ന ഫോര്‍മേഷന്‍ ഏജന്റുമാര്‍ക്ക് കടുത്ത പിഴ ഏര്‍പ്പെടുത്തുക. കൂടുതല്‍ ഗുരുതരമായ തെറ്റുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ക്രിമിനല്‍ ശിക്ഷ ഉറപ്പു വരുത്തുക

മിക്കവാറും രാജ്യങ്ങള്‍ കമ്പനികളോട് -- അതു വഴി ഫോര്‍മേഷന്‍ ഏജന്റുമാരോടും -- ഒരു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നു. പഴയതു പോലെ ഏതെങ്കിലും ഉടമസ്ഥന്റെ പേരു മാത്രം പോര. യുബിഒ രജിസ്റ്റര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഓഫ്ഷോര്‍ സ്ഥാപനങ്ങളെ കുറ്റകരമായ ദൗത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പ്രവണത തത്വത്തില്‍ അത്ര എളുപ്പമല്ലാതാക്കുന്നതാണ് ഈ നയം.

എന്താണ് ഫോര്‍മേഷന്‍ ഹൗസ്?

ഒസിസിആര്‍പി-ന്റെ 29 ലീക്സ് പദ്ധതിയുടെ ഉദ്ദേശം ഒരു കമ്പനി ഫോര്‍മേഷന്‍ ഏജന്റ് മാത്രം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഫോക്കസ് ചെയ്ത് പുറത്തുകൊണ്ട് വരുകയായിരുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള ഫോര്‍മേഷന്‍ ഹൗസുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് നടത്തിയത്. യുകെ അധികൃതരുടെ കുറഞ്ഞ മേല്‍നോട്ടത്തിന്റെ ബലത്തില്‍ ഗാംബിയിലെ ബാങ്കുകള്‍ എന്ന പേരില്‍ ഷെല്‍ കമ്പനികളുടെ ഒരു ശൃംഖല തന്നെ ഫോര്‍മേഷന്‍ ഹൗസ് സ്ഥാപിച്ചു. ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്ത് ഇല്ലാത്ത ഒരു സ്വതന്ത്ര വ്യാപാര മേഖലയും ഫോര്‍മേഷന്‍ ഹൗസ് സ്ഥാപിച്ചു.

സിസിലിയന്‍ ഏറ്റവും അപകടകാരിയായ ഒരു മാഫിയ തലവന്റെ മകള്‍ക്ക് യുകെ-യില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാനും, ബള്‍ഗേറിയന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട സംശയകരമായ ഒരു ഹെലിക്കോപ്റ്റര്‍ ഇടപാടിനുള്ള ഏര്‍പ്പാടുകളും മറ്റു പലതിനോടും ഒപ്പം ഫോര്‍മേഷന്‍ ഹൗസ് നടത്തി.

ഫോര്‍മേഷന്‍ ഹൗസിന്റെ ഒരു കക്ഷി സ്ലോവാനിയയില്‍ നികുതി വെട്ടിപ്പില്‍ ഏര്‍പ്പെട്ടിരുന്നു ഒരു കാര്‍ കമ്പനി നടത്തിയിരുന്നു. ദശലക്ഷങ്ങളുടെ നഷ്ടമാണ് നികുതി വെട്ടിപ്പിലൂടെ നടന്നത്. സെര്‍ബിയയില്‍ ഒരു വലിയ കെട്ടിട നിര്‍മാണ പദ്ധതിയില്‍ നിന്നും ഇവരുടെ ഒരു കക്ഷി രായ്ക്കുരാമാനം കടന്നുകളഞ്ഞു. നേരത്തെ ഇന്ത്യയില്‍ നിന്നും നിയമനടപടി നേരിട്ടിരുന്ന ഇതേ ക്ലയന്റ് ദുബായില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് പിഴയും ഒടുക്കിയിരുന്നു. യുകെ-യിലെ ധനകാര്യ സംവിധാനത്തിന്റെ അന്തസ്സിന് ഭീഷണിയാണ് ഇങ്ങനെയുളള സ്ഥാപനങ്ങള്‍ എന്ന് വ്യക്തമായ ധാരണയുണ്ടാക്കാന്‍ വിശദമായ പരിശോധന സഹായിക്കുമായിരുന്നു.

യുകെ രജിസ്റ്ററില്‍ നിന്നും ഫോര്‍മേഷന്‍ ഹൗസിനെ ഒഴിവാക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശം ഇപ്പോള്‍ സജീവ പരിഗണനയിലാണ്. എന്നാല്‍ യുകെ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഫോര്‍മേഷന്‍ ഹൗസ് മറ്റു പലരോടൊപ്പം ഇപ്പോഴും ലോകത്തിലെ ഏറ്റവും ആകര്‍ഷണീയമായ ധനവിപണികളിലെ സേവനദാതാക്കളില്‍ ഒന്നായി വിരാജിക്കുന്നു.

(കടപ്പാട് :www.occrp.org)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories