TopTop
Begin typing your search above and press return to search.

ഐക്യ കേരളത്തിലെ ആദ്യ ബജറ്റ് 'ചോര്‍ന്ന'പ്പോള്‍; ബജറ്റ് ദിനത്തില്‍ ഒരു പുരാവൃത്ത ചിന്ത

ഐക്യ കേരളത്തിലെ ആദ്യ ബജറ്റ് ചോര്‍ന്നപ്പോള്‍; ബജറ്റ് ദിനത്തില്‍ ഒരു പുരാവൃത്ത ചിന്ത

'ധനകാര്യമന്ത്രിയുടെ ആദ്യത്തെ ബജറ്റുതന്നെ അതുവച്ചുവാങ്ങിയ വാര്‍പ്പോടുകൂടി കാണാതെ പോയി.'

സിപിഎം നേതൃത്വം നല്‍കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് ഇന്ന് സഭയില്‍ അവതരിപ്പിക്കുകയാണ്. ധനമന്ത്രി എന്ന നിലയില് രണ്ടാമൂഴം പൂര്‍ത്തിയാക്കുകയാണ് തോമസ് ഐസക്. 63 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1957 ജൂണ്‍ ഏഴിന് ഐക്യ കേരളത്തിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചത് അന്നത്തെ ധനമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ ആയിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഏറെ പ്രതീക്ഷകളോടെ നാട് ഉറ്റുനോക്കിയിരുന്ന ബജറ്റ് പക്ഷെ അവതരണത്തിനു മുന്‍പേ ബജറ്റ് വിവരങ്ങള്‍ അടങ്ങിയ കൗമുദി ദിനപത്രത്തിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറെ വിവാദങ്ങളും സൃഷ്ടിച്ചു.

ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി എഴുന്നേറ്റയുടനെ തന്നെ പ്രതിപക്ഷ ബഞ്ചില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ജൂണ്‍ അഞ്ചിലെ കൗമുദി ദിനപത്രം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പ്രതിപക്ഷാംഗങ്ങള്‍ രംഗത്തുവരികയായിരുന്നു. ' കേരളത്തിന് മൂന്നുകോടിയോളം രൂപയുടെ കമ്മി ബജറ്റ്' എന്ന ശീര്‍ഷകത്തില്‍ ബജറ്റിലെ കുറെഭാഗങ്ങള്‍ കൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. സഭയില്‍ വെയ്ക്കുന്നതിനു മുന്‍പ് പുറത്ത് പോകരുതാത്താണ് ബജറ്റിലെ വിവരങ്ങള്‍. അതാണ് ചോര്‍ന്നിരിക്കുന്നത്. സഭാംഗങ്ങളെന്ന തരത്തില്‍ തങ്ങളുടെ അവകാശം ലംഘിക്കപ്പെട്ടതായി പലരും ആക്ഷേപം ഉന്നയിച്ചു. സഭ പ്രക്ഷുബദ്ധമായി. ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പു പുറത്തായതിന് കമ്യൂണിസ്റ്റ് ഭരണവും ധനമന്ത്രിയും ഉത്തരവാദികളാണെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. മന്ത്രിയുടെ രാജിക്കായും മുറവിളി ഉയര്‍ന്നു.

സംഭവത്തെ കുറിച്ച് ധനമന്ത്രി സഭയില്‍ വിശദമായ പ്രസ്താവന സഭയില്‍ നടത്തി. പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു രണ്ടു സഹമന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിക്കുകയും പിന്നീട് അടിയന്തരമായി കാബിനറ്റ് ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്നും ക്രൈം ബ്രാഞ്ചിനെ കൊണ്ടു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമൊക്കെ അദ്ദേഹം സഭയെ അറിയിച്ചു. ഓഫീഷ്യല്‍ സീക്രട്സ് ആക്ട് അനുസരിച്ച് കൗമുദി പത്രത്തിനും പത്രാധിപര്‍ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്തിവരുകയാണെന്നും കോടതിയുടെ അനുമതി വാങ്ങി പോലീസ് പത്രമാപ്പീസില്‍ പരിശോധന നടത്തിയതായും അച്യുതമേനോന്‍ വിശദീകരിച്ചു.

ആര്‍എസ്പി നേതാവും മുന്‍ മുഖ്യമന്ത്രി സി. കേശവന്റെ പുത്രനും എഴുത്തുകാരനുമായ കെ. ബാലകൃഷ്ണന്‍ എന്ന കൗമുദി ബാലകൃഷ്ണനായിരുന്നു പത്രാധിപര്‍. വാര്‍ത്തയുടെ കൈയെഴുത്ത് പ്രതി നല്‍കാന്‍ പത്രാധിപര്‍ തയാറാകാത്തതിനെ തുടര്‍ന്ന് പോലീസ് പത്രമാപ്പീസ് മുഴുവന്‍ തെരഞ്ഞെങ്കിലും അത് കണ്ടെടുക്കാനായില്ലെന്നും ധനമന്ത്രിയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കൈയെഴുത്ത് പ്രതി നശിപ്പിക്കപ്പെട്ടുപോയതായാണ് പത്രാധിപര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

സര്‍ക്കാര്‍ പ്രസ്സിലെ ആര്‍എസ്പി പ്രവര്‍ത്തകരുടെ ഒത്താശയോടെയാണ് അവിടെ അച്ചടിച്ച ബജറ്റിലെ ചില ഭാഗങ്ങളുടെ കോപ്പി കെ. ബാലകൃഷ്ണന്‍ സംഘടിപ്പിച്ചത്. അദ്ദേഹം അത് വളരെ ശ്രദ്ധേയമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതാണ് പ്രതിപക്ഷാംഗങ്ങള്‍ ആയുധമാക്കിയത്. കെ. ബാലകൃഷണനേയും ലേഖകനായ ജി. വേണുഗോപാലിനേയും സര്‍ക്കാര്‍ പ്രസ്സിലെ ഏതാനും ജീവനക്കാരേയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കെ. ബാലകൃഷ്ണനേയും ജി. വേണുഗോപാലിനേയും സര്‍ക്കാര്‍ പ്രസ്സിലെ ജീവനക്കാരനായ ചന്ദ്രശേഖര പിള്ളയേയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിന് ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയും ചെയ്തു. കെ. ബാലകൃഷണന്‍ (ഒന്നാംപ്രതി), ജി. വേണുഗോപാല്‍ (രണ്ടാം പ്രതി) തൊഴിലാളി നേതാവ് പി. ശേഖരപിള്ള (മൂന്നാംപ്രതി) എന്നിവരായിരുന്നു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്.

ബജറ്റ് ചോര്‍ച്ച വലിയ വിവാദമായി. കേരളത്തിനകത്തും പുറത്തും സജീവചര്‍ച്ചാ വിഷയവുമായി. പ്രശ്നം സഭയില്‍ മാത്രം ഒതുങ്ങിയതുമില്ല. കമ്യൂണിസ്റ്റ്-ആര്‍എസ്പി 'പത്തല്‍ രാഷ്ട്രീയ'ത്തിന്റെ കാലമായിരുന്നു അത്. പത്തല്‍ രാഷ്ട്രീയമെന്നാല്‍ തമ്മിലടി തന്നെ. അക്കാലത്ത് ഏറ്റവും സുലഭമായി നാട്ടില്‍ കിട്ടിയിരുന്ന ആക്രമണ ആയുധമായിരുന്നു പത്തല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ കൂടാതെ പോലീസും അതിന്റെ പേരില്‍ തങ്ങളെ വെട്ടയാടിയിരുന്നതായി ആര്‍എസ്പിക്കാര്‍ തന്നെ ആക്ഷേപം പറഞ്ഞിരുന്നു. പോലീസ് ആര്‍എസ്പിക്കാരെ ആക്രമിക്കാന്‍ ഓടിനടന്നതായി അവരില്‍ പലരും പില്‍ക്കാലത്ത് എഴുതുകയും ചെയ്തു.

സി. അച്യുതമേനോന്‍ സഭയില്‍ നടത്തിയ പ്രസ്താവന തയാറാക്കിയത് സഹമന്ത്രിയും നിയമജ്ഞനുമായ വി. ആര്‍. കൃഷ്ണയ്യരായിരുന്നു. ആ പ്രസ്താവനയേയും കെ. ബാലകൃഷ്ണന്‍ നിശിതമായി വിമര്‍ശിച്ചു. അച്യുതമേനോന്‍ തന്നെ പില്‍ക്കാലത്ത് അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. ശബ്ദാഡംബരമാനമായ പ്രസ്താവന തനിക്കു ചേരുന്നതല്ലെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും വൈകി കിട്ടിയതിനാല്‍ അത് വായിക്കുക മാത്രമേ നിവര്‍ത്തിയുണ്ടായിരുന്നുള്ളുവെന്നും അച്യുത മേനോന്‍ കെ.ബാലകൃഷ്ണന്‍ സ്മരണികയില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ. ബാലകൃഷ്ണന്റെ പരിഹാസങ്ങള്‍ തനിക്കു ശരിക്കുംകൊണ്ടുവെങ്കിലും വിമര്‍ശനങ്ങള്‍ അടിസ്ഥാനമില്ലാത്തതായിരുന്നില്ലെന്നും അച്യുതമേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു. ''അതിനെ സംബന്ധിച്ച ബാലന്റെ വിമര്‍ശനം സാധുവായിരുന്നുവെന്ന് എന്റെയുള്ളില്‍ തോന്നി. പക്ഷേ, പുറത്തേക്കു പറയാന്‍ നിവൃത്തിയില്ലല്ലോ.''

കെ. ബാലകൃഷ്ണനും കൂട്ടരും ശക്തിയുക്തം കേസ് വാദിച്ചു. മുന്‍മുഖ്യമന്ത്രി പുത്രനായ കെ. ബാലകൃഷ്ണനുവേണ്ടി കേസ് വാദിക്കാനെത്തിയത് ഒരു മുന്‍ മുഖ്യമന്ത്രി തന്നെയായിരുന്നു. മുന്‍ തിരു-കൊച്ചി മുഖ്യമന്ത്രി ടി.കെ. നാരായണപിളള. പക്ഷേ, കോടതി ഒന്നും രണ്ടും പ്രതികള്‍ 40 രൂപ വീതം പിഴയടയ്ക്കണമെന്നു വിധിച്ചു. മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു. അപ്പീലുമായി ജില്ല കോടതിയിലെത്തിയെങ്കിലും ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.

ഇതൊന്നും പക്ഷെ, ബാലകൃഷ്ണനെ കാര്യമായി ബാധിച്ചില്ല. അദ്ദേഹം വിമര്‍ശനം തുടര്‍ന്നുകൊണ്ടു തന്നെയിരുന്നു.'' ധനകാര്യമന്ത്രിയുടെ ആദ്യത്തെ ബജറ്റുതന്നെ അതുവച്ചുവാങ്ങിയ വാര്‍പ്പോടുകൂടി കാണാതെ പോയി. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ കലവറ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടുമായിരുന്നു. അവരുടെ മേലധികാരിയായ ധനകാര്യമന്ത്രി രാജിവെക്കുകയും ചെയ്യുമായിരുന്നു. ഇവിടെയാകട്ടെ അടുക്കളയമ്മ തട്ടിത്തൂവിയ പാല്‍ നക്കിക്കുടിച്ച പൂച്ചയുടെ മുതുകത്താണ് തവിക്കണ വീണത്. പക്ഷെ, പാര്‍ലമെന്ററി ഡെമോക്രസിയുടെ പ്രവര്‍ത്തനത്തില്‍ നവംനവങ്ങളായ ടോട്ടാലിറ്റേറിയന്‍ കീഴ്വഴക്കങ്ങള്‍ അനുദിനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മന്ത്രിസഭയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല.''

അവലംബം:

1. കെടാത്ത ജ്വാല: കെ. ബാലകൃഷ്ണന്‍-പ്രസന്ന രാജന്‍, ഡിസി ബുക്സ്, കോട്ടയം

2. കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും-കെ.രാജേശ്വരി, പെന്‍ ബുക്സ്, ആലുവ


Next Story

Related Stories