TopTop
Begin typing your search above and press return to search.

കേസരി ബാലകൃഷ്ണപിള്ള: നിശിതമായ ലക്ഷ്യബോധത്തോടെ സഞ്ചരിച്ച പ്രതിഭ

കേസരി ബാലകൃഷ്ണപിള്ള: നിശിതമായ ലക്ഷ്യബോധത്തോടെ സഞ്ചരിച്ച പ്രതിഭ

കേസരി എ. ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തിന് ഇന്ന് 60 വയസ്സ്

പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കേസരി എ. ബാലകൃഷ്ണ പിള്ളയുടെ വിയോഗത്തിന് ഇന്ന് 60 വയസ്സ്. 'നിശിതമായ ലക്ഷ്യബോധത്തോടെയുള്ള സഞ്ചാരം' ഈ പ്രതിഭാശാലിയൂടെ ജീവിതത്തെ തികച്ചു വ്യത്യസ്തമാക്കുന്നു. ലോക ക്ലാസിക്കുകളെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയക്കൊടുത്ത അത്യസാധാരണമായ ധിഷണയാല്‍ അനുഗ്രഹീതനായിരുന്ന കേസരിയുടെ ചരിത്ര പഠനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ചിന്തകന്‍, വഴികാട്ടി, ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍...തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിന് ഏറെ അടരുകള്‍. സമദര്‍ശി, പ്രബോധകന്‍ തുടങ്ങിയ മാസികകളുടെ പത്രാധിപര്‍. പിന്നീട് സ്വന്തം നിലയില്‍ കേസരി എന്ന പത്രം ആരംഭിക്കുകയും ചെയ്തു. ഈ പ്രസിദ്ധീകരണത്തിന്റെ ചരിത്രം മലയാളത്തിന്റെ വര്‍ത്തമാനപത്ര ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടുകളില്‍ ഒന്നാണ്.

സ്വതന്ത്രവവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനം ഉയര്‍ത്തിപ്പിടിച്ച എ. ബാലകൃഷ്ണപിള്ളയുടെ പേരിലാണ് തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകരുടെ ആസ്ഥാനം അറിയപ്പെടുന്നത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മലയാളികളുടെ സ്വത്വബോധത്തെ രൂപപ്പെടുത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ച എ. ബാലകൃഷ്ണപിള്ളയും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളും പുത്തന്‍കാല എഴുത്തുകാരെ സൃഷ്ടിച്ചെടുക്കുന്നതില്‍ നല്‍കിയ സംഭാവകള്‍ എടുത്തുപറയേണ്ടവയാണ്. തകഴിയുടേയും എസ് കെ പൊറ്റേക്കാടിന്റേയും കേശവദേവിന്റേയും തലമുറയെ ആഴത്തില്‍ സ്വാധീനം ചെയ്ത വിമര്‍ശകനും വഴികാട്ടിയുമായിരുന്നു എ. ബാലകൃഷ്ണപിള്ള.

ചരിത്രാതീകാലം മുതലുള്ള ചരിത്രം പഠിക്കാന്‍ ശ്രമിക്കുകയും ഭാഷാശാസ്ത്രം മുതല്‍ പുരാവസ്തുപഠനം വരെയുള്ള ലഭ്യമായ എല്ലാ ജ്ഞാനശാഖകളേയും പ്രയോജനപ്പെടുത്തിക്കൊണ്ടു സമഗ്രവും സമ്യക്കുമായ പഠനം നടത്തിയ പ്രതിഭാശാലിയാണ് കേസരി. സാര്‍വദേശീയവാദിയായ ഈ പണ്ഡതിന്‍ കല, ശാസ്ത്രം, സാഹിത്യം, സംസ്‌കാരം തുടങ്ങി എല്ലാ മേഖലകളേയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ള ആഴത്തിലുള്ള അന്വേഷണങ്ങളാണ് നടത്തിയത്. വിവിധ വിജ്ഞാനശാഖകളെ സമഗ്രമായി സന്നിവേശിപ്പിച്ചുകൊണ്ടുള്ള സമ്യക്കായ പഠനരീതിയാണ് അദ്ദേഹം സാഹിത്യത്തിലായാലും ചരിത്രത്തിലായാലും സാംസ്‌കാരിക പഠനത്തിലായാലും അവലംബിച്ചത്. മിത്തുകളിലൂടെ ചരിത്രത്തിലേക്കും പൗരാണിക സ്വത്വ ബോധത്തിലേക്കും അദ്ദേഹത്തിലെ പ്രതിഭ നിരന്തരം യാത്ര നടത്തി. ഫ്രൂഡിയന്‍ മനോവിജ്ഞാനീയത്തിലും മറ്റും ആഴത്തില്‍ അവബോധം നേടിയെടുക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു.

ഇംഗ്ലീഷും ഫ്രഞ്ചും ജര്‍മനും അടക്കമുള്ള ഭാഷകളില്‍ പ്രാവീണ്യം നേടിയിരുന്ന ബാലകൃഷ്ണപിള്ള യൂറോപ്യന്‍ സാഹിത്യത്തേയും കലയേയും സംസ്‌കാരത്തേയും മലയാളികളുടെ ബോധമണ്ഡലത്തിലേക്ക് എത്തിയ്ക്കുന്നതില്‍ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. ലോകമെങ്ങും നടക്കുന്ന സാമൂഹ്യ ചിന്തയിലെ നവീന ധാരകളെ അദ്ദേഹം ഇവിടെ അവതരിപ്പിച്ചു. വിവിധ പ്രസ്ഥാനങ്ങളെ മലയാളികള്‍ക്കു പരിചിതമാക്കി. അതേക്കിറിച്ച് കേസരി കളരി എന്നറിയപ്പെട്ട സംഘത്തില്‍ വിപുലമായ സംവാദങ്ങള്‍ രൂപപ്പെടുത്തി. സോഷ്യലിസത്തേയും മറ്റും കുറിച്ച് ദീര്‍ഘമായി എഴുതി. മലയാളത്തിലെ ജീവല്‍ സാഹിത്യ പ്രസ്ഥാനത്തിന്റേയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റേയും പ്രതിഷ്ഠാപനത്തില്‍ കേസരിയുടെ പങ്ക് വളരെ വലുതാണ്. പക്ഷെ പില്‍ക്കാലത്ത് അക്കാലത്തെ കമ്യൂണിസറ്റ് സാഹിത്യ ചിന്തകര്‍ അദ്ദേഹത്തോട് പല കാര്യങ്ങളിലും വിയോജിക്കുകയും ചെയ്തിരുന്നു.

ഏകലോകവും ഏകഖണ്ഡവ്യാപ്തിയുള്ള രാഷ്ട്രങ്ങളും എന്ന ആശയത്തിലൂന്നിയായുരുന്നു ആ പ്രതിഭയുടെ സഞ്ചാരങ്ങള്‍. മനുഷ്യവര്‍ഗം ഒരു കുടുംബമാണെന്ന ചരിത്രബോധം. ആ ബോധം പ്രായേണ അന്യമായിത്തീരുകയും വിവിധ ദേശീയതകളിലേയ്ക്കും ഉപദേശീയതകളിലേയ്ക്കും വംശീയതകളിലേയ്ക്കും മനുഷ്യവസ്ഥ ചിതറിത്തെറിക്കുന്ന കാലത്താണ് കേസരിയുടെ ഓര്‍മ്മദിവസം വന്നെത്തുന്നത്. പൗരാണിക ചരിത്രത്തെ കുറിച്ചുള്ള കേസരിയുടെ രചനകള്‍ അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന അക്കാദമീഷ്യന്മാര്‍ക്ക് വലിയ തോതില്‍ സ്വീകാര്യമായിരുന്നില്ലെങ്കിലും പില്‍ക്കാലത്ത് അതിന് വിപുലമായ പരിഗണനയാണ് ലഭിച്ചത്. അക്കാലത്ത് പരിചയിച്ചിട്ടില്ലാത്ത, പരമ്പരാഗതമായി സ്വീകാര്യമല്ലാത്ത ചരിത്രനിര്‍ദ്ധാരണ രീതികളാണ് ബാലകൃഷ്ണപിള്ള അവലംബിച്ചത്.

1889 ഏപ്രില്‍ 13ന് തിരുവനന്തപുരം തമ്പാനൂര്‍ പുളിക്കല്‍ മേലെവീട്ടില്‍ എ. ബാലകൃഷ്ണപിള്ള ജനിച്ചു. പിതാവ് മൂവാററുപുഴ സ്വദേശിയായ അകത്തൂട്ട് ദാമോദരന്‍ കര്‍ത്താ. മാതാവ് തിരുവനന്തപുരം സ്വദേശിനിയായ പാര്‍വതിയമ്മ. അത്യന്തം സംഘര്‍ഷനിര്‍ഭരമായിരുന്നു എ. ബാലകൃഷ്ണപിള്ളയുടെ ജീവിതം. 1897ല്‍ അച്ഛനമ്മമാര്‍ വിവാഹമോചനം നേടി പിരിഞ്ഞതിനെ തുടര്‍ന്ന് കൊല്ലത്ത് അമ്മാവനൊപ്പം താമസമുറപ്പിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം കൊല്ലത്തും തിരുവനന്തപുരത്തുമായി നടത്തി. തിരുവനന്തപുരം മഹാരാജാസ് ഹൈസ്‌കൂളിലും മഹാരാജാസ് കോളജിലുമായി വിദ്യാഭ്യാസം നടത്തിയതിനുശേഷം തിരുവനന്തപുരം മഹാരാജാസ് കോളജിലും വനിത കോളജിലും ചരിത്രം അധ്യാപകനായി. 1917ല്‍ അധ്യാപകജോലി രാജിവെച്ചു. 28-ാം വയസ്സില്‍ ചെല്ലമ്മ എന്ന ഗൗരിയമ്മയെ വിവാഹം ചെയ്തു. സായാഹനക്ലാസില്‍ പഠിച്ച് നിയമ ബിരുദം സമ്പാദിക്കുന്നു. വക്കീലായി പ്രാക്ടീസ് ആരംഭിച്ച ബാലകൃഷ്ണപിള്ളയ്ക്കു പക്ഷെ ആ തൊഴിലിന്റെ രീതികളോട് പൊരുത്തപ്പെട്ടുപോകാന്‍ സാധിച്ചില്ല.അതുകൊണ്ട് പാതിവഴിയില്‍ അത് നിര്‍ത്തി. തുടര്‍ന്നു ഫ്രഞ്ച് ഭാഷാ, പുരാവസ്തുവിജ്ഞാനീയം പഠനം അടക്കമുള്ള വിപുലമായ പഠനങ്ങളിലേക്ക് കടക്കുന്നു.

1919 ആകുമ്പോഴേക്കും പടിഞ്ഞാറന്‍ നാട്ടിലെ അക്കാലത്തെ ചിന്തയെ ഉഴുതുമറിച്ച സിഗ്മണ്ട് ഫ്രോയിഡിനെക്കുറിച്ചുള്ള വിശദമായ പഠനങ്ങളില്‍ വ്യാമുഗ്ദ്ധനാകുന്നു. യുറോപ്യന്‍ നാടകങ്ങളും ആഴത്തില്‍ പഠിക്കാന്‍ തുടങ്ങി. 1921ല്‍ സമദര്‍ശനിയിലൂടെ ബാലകൃഷ്ണപിള്ള പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നു. എന്നാല്‍ അനുഭവങ്ങളുടെ വെളിച്ചത്തിലാകണം 1926 ആകുന്നതോടെ സ്വന്തം പത്രം മതിയെന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തി.1926 ജൂണ്‍ 19ന് സമദര്‍ശിനി പത്രാധിപ സ്ഥാനം രാജിവെയ്ക്കുന്നു. തുടര്‍ന്ന് ജനങ്ങളില്‍ നിന്നും പണം പിരിച്ച് പത്രം നടത്തുന്നതിനായി വിപുലമായ പര്യടനം അദ്ദേഹം നാട്ടിലുടനീളം നടത്തി. അങ്ങനെ സമാഹരിച്ച പണം കൊണ്ട് 1930 ജൂണ്‍ നാലു മുതല്‍ എല്ലാ ബുധനാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന പ്രബോധകന്‍ മാസിക ആരംഭിച്ചു.

രാജാധികാരത്തിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതോടെ 1930 സെപ്റ്റംബര്‍ പത്തിന് പ്രബോധകന്റെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെടുടുന്നു. പ്രബോധകന്റെ പത്രാധിപര്‍ക്ക് ഹൈക്കോടതി 200 രൂപ പിശ ശിക്ഷിക്കുകയും ചെയ്തു. അതേ വര്‍ഷം സെപ്റ്റംബര്‍ 18ന് സ്വേച്ഛാധിപത്യത്തിനെതിരായ ശക്തമായ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ടു കേസരി പുറത്തുവന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിട്ടുകൊണ്ടു അഞ്ചു വര്‍ഷത്തോളം പ്രബോധകന്‍ നടത്തിക്കൊണ്ടുപോയി എങ്കിലും 1935 ഏപ്രിലില്‍ കേസരി നിര്‍ത്തിവെയ്ക്കേണ്ടി വന്നു. തൊട്ടടുത്ത വര്‍ഷം കട ബാധ്യതകള്‍ കൊണ്ടു നില്‍ക്കകള്ളിയില്ലാതെ വന്നപ്പോള്‍ തന്റെ ശാരദാ പ്രസ് അദ്ദേഹം വിറ്റു.

ജീവിതത്തില്‍ ഒന്നൊന്നായി പ്രതിസന്ധികള്‍ വേട്ടയാടിയതോടെ ദാരിദ്ര്യം സഹിക്കവയ്യാതെ 1942 സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരത്തുനിന്നും എറണാകുളത്തെ വടക്കന്‍ പറവൂരിലേക്ക് താമസം മാറി. കടുത്തശാരീരിക ക്ലേശങ്ങള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. 1960 സിസംബര്‍ 18ന് കേസരി ബാലകൃഷ്ണപിള്ള മരണമടഞ്ഞു.

പ്രഫ. എം.എന്‍. വിജയന്‍ കേസരിയുടെ സമാഹാര ഗ്രന്ഥത്തിനെഴുതിയ ആമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു: '' കേസരിയുടെ ചരിത്രാന്വേഷണത്തിനി നിഷ്പക്ഷമായിരിക്കെ തന്നെ നിശിതമായ ഒരു ലക്ഷ്യബോധമുണ്ടായിരുന്നു എന്നതുകൊണ്ട്്, ഇന്നത്തെ സംസ്‌കാരങ്ങളുടെയെല്ലാം തള്ള ഒന്നാണെന്നും ഒരാദികുടുംബത്തിന്റെ വ്യാപനമാണ് ലോകനാഗരിതകയെന്നും അദ്ദേഹം കണ്ടെത്തുകയുണ്ടായി. ലോകം മുഴുവന്‍ പ്രചരിച്ചിരിക്കുന്ന ഏകരൂപമായ പ്രളയ കഥയാണ് ഈ നിഗമനത്തിലെത്താന്‍ കേസരിയെ പ്രേരിപ്പിച്ച ഒരു ഘടകം.'' കിഴക്കന്‍ ജനതയ്ക്ക് വിശേഷിച്ചും ഭാരതീയര്‍ക്ക് ചരിത്രബോധവും ചരിത്ര രേഖകളും ഇല്ലെന്ന പടിഞ്ഞാറന്‍ നാട്ടുകാരായ പണ്ഡതിന്മാരുടെ വാദങ്ങളും കേസരി വകവെച്ചുകൊടുക്കവാന്‍ തയാറല്ല. ജീവിതത്തിന്റെ ചിരന്തനമായ താളക്രമത്തെ കുറിച്ചുള്ള വിചാരങ്ങള്‍ കേസരിയുടെ ചിന്തകളില്‍ ഉടനീളം കാണാം. ചരിത്രവും കാലഗണനയും ചിത്രകലയും സംഗീതവും ഒക്കെ കേസരിയുടെ ചിന്തയ്ക്കും എഴുത്തിനും വിഭവങ്ങളായി. വിവര്‍ത്തക കൃതികള്‍ അടക്കം 40തില്‍ പരം പുസ്തകങ്ങളുടെ രചന കേസരി നിര്‍വഹിച്ചിട്ടുണ്ട്.


Next Story

Related Stories