TopTop
Begin typing your search above and press return to search.

ഇടതുപക്ഷത്തെ തോല്‍പ്പിച്ച 'കമ്മ്യൂണിസ്റ്റുകാരി'; കൊലപാതക രാഷ്ട്രീയത്തിനെതിരായ പോരാട്ടം തുടരാന്‍ രമ

ഇടതുപക്ഷത്തെ തോല്‍പ്പിച്ച കമ്മ്യൂണിസ്റ്റുകാരി; കൊലപാതക രാഷ്ട്രീയത്തിനെതിരായ പോരാട്ടം തുടരാന്‍ രമ

2012 മെയ് നാലിന് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷമാണ് ഭാര്യ കെ.കെ രമ വീണ്ടും പൊതുരംഗത്ത് സജീവമാകുന്നത്. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയവരെയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടമാണ് രമ ആദ്യം തുടങ്ങിവെച്ചത്. അതോടെ, നേരിട്ടും അല്ലാതെയും സൈബര്‍ ഇടങ്ങളിലുമായി കടുത്ത അധിക്ഷേപങ്ങള്‍ രമ നേരിടേണ്ടിവന്നു. സ്ത്രീത്വത്തെപ്പോലും അവഹേളിക്കുന്നതും അറപ്പുള്ളവാക്കുന്നതുമായ ആക്രമണങ്ങള്‍ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരോ അനുഭാവികളോ ഒക്കെയുണ്ടായിരുന്നു. എന്നാല്‍, തളര്‍ന്ന് പിന്മാറാന്‍ രമ തയ്യാറായിരുന്നില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ത്രീയും നേരിടേണ്ടിവരുന്ന ആക്രമണം. മറുപക്ഷത്ത് സിപിഎം ആകുമ്പോള്‍ ഇത്തരത്തിലുള്ള ആക്രമണം രൂക്ഷമാകും. അതുകണ്ട് പിന്മാറിക്കോളും എന്നാണെങ്കില്‍ തെറ്റി. ഞാന്‍ കമ്മ്യൂണിസ്റ്റുകാരിയാണ്. കരഞ്ഞ് വീട്ടിലിരിക്കുമെന്ന് കരുതരുത് -നിശ്ചയദാര്‍ഢ്യത്തോടെയുള്ള രമയുടെ മറുപടി ഇങ്ങനെയായിരുന്നു. സമകാലീന രാഷ്ട്രീയ ശരികേടുകള്‍ക്കെതിരെ പോരാടാനുള്ള സര്‍വ ഊര്‍ജവും സംഭരിച്ചുകൊണ്ടാണ് രമ രാഷ്ട്രീയ പോര്‍ക്കളത്തിലേക്ക് ചുവടുവെച്ചത്. വടകരയുടെ ചുവന്ന മണ്ണില്‍നിന്ന് ഇടതുപക്ഷത്തെ പരാജയപ്പെടുത്തിക്കൊണ്ട് നിയമസഭയിലേക്കു കൂടി ആ കമ്മ്യൂണിസ്റ്റുകാരിയുടെ പോരാട്ടം തുടരുകയാണ്.

രമ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമല്ല. 2016ല്‍ ആരുടെയും പിന്തുണയില്ലാതെ രമ മത്സരത്തിനിറങ്ങി. എല്‍ഡിഎഫിന്റെ ജെഡിഎസ് സ്ഥാനാര്‍ഥി സി.കെ നാണു 49,211 വോട്ടുകള്‍ നേടി. യുഡിഎഫിലായിരുന്ന ജെഡിയു സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ 39,700 വോട്ടുകള്‍ നേടിയപ്പോള്‍ രമയുടെ വോട്ട് നേട്ടം 20,504 ആയിരുന്നു. ബിജെപിക്ക് കിട്ടിയത് 13,937 വോട്ടുകള്‍. 9511 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അന്ന് ജയം എല്‍ഡിഎഫിനൊപ്പം നിന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് മുതിര്‍ന്നു. യുഡിഎഫിനൊപ്പമായിരുന്നു സഖ്യം. മൂന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ അത് വിജയം കണ്ടു. അതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

ഇക്കുറി, ലോക് താന്ത്രിക് പാര്‍ട്ടിയുടെ മനയത്ത് ചന്ദ്രനായിരുന്നു എല്‍ഡിഎഫിനായി കളത്തിലിറങ്ങിയത്. രമക്കായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ വടകരയില്‍ പ്രചാരണത്തിനിറങ്ങി. കൊലപാതക രാഷ്ട്രീയത്തിനെതിരെ വോട്ട് ചോദിച്ച രമയെ അനുകൂലിച്ച് സ്ത്രീകള്‍ കൂട്ടമായി പ്രചാരണത്തിനിറങ്ങി. ആര്‍എംപി, യുഡിഎഫ് വോട്ടുകള്‍ക്കൊപ്പം നിഷ്പക്ഷ വോട്ടുകള്‍ രമയ്ക്ക് അനുകൂലമാകുമെന്ന് ഇടത് നേതൃത്വം മനസിലാക്കി. രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയനെ മണ്ഡലത്തിലെത്തിച്ച് പൊതുസമ്മേളനം സംഘടിപ്പിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വടകര രമയ്‌ക്കൊപ്പമാണ്. കഴിഞ്ഞ തവണ തോല്‍പ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനുവേണ്ടി ഇക്കുറി വോട്ട് പിടിക്കേണ്ടിവരുന്നതിലുള്ള എല്‍ഡിഎഫ് പ്രവര്‍ത്തരുടെ സങ്കടവും രമയ്ക്ക് നേട്ടമായി. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം, 65093 വോട്ടുകളാണ് രമ നേടിയിരിക്കുന്നത്. മനയത്ത് ചന്ദ്രന്‍ 57602 വോട്ടുകള്‍ നേടി. എന്‍ഡിഎയുടെ രാജേഷ് കുമാറിന്റെ വോട്ട് നേട്ടം 10225. രമയുടെ ഭൂരിപക്ഷം 7491. തപാല്‍വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ മുന്നില്‍നിന്ന രമ അപരരായിരുന്ന മറ്റു മൂന്ന് രമമാരെയും കൂടിയാണ് പരാജയപ്പെടുത്തിയത്.

2008ല്‍ ഒഞ്ചിയത്തെ സിപിഎം വിമതര്‍ ചേര്‍ന്ന് രൂപീകരിച്ച ആര്‍എംപിക്ക് ചരിത്രത്തില്‍ ആദ്യമായാണ് ഒരു എംഎല്‍എ സ്വന്തമാകുന്നത്. മെയ് നാലിന് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രമയുടെ നിയമസഭാ പ്രവേശം എന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് ഫലം അരുംകൊലയ്‌ക്കെതിരായ മറുപടിയാണെന്നായിരുന്നു രമയുടെ പ്രതികരണം. ശാന്തിക്കും സമാധാനത്തിനും വേണ്ടിയാണ് വടകരയിലെ ജനങ്ങള്‍ വോട്ടുചെയ്തത്. കേരളത്തിലുടനീളം ഇടത് അനൂകൂല തരംഗം ഉണ്ടായപ്പോഴും ഇവിടെ നടന്ന കൊലപാതകത്തിനുള്ള മറുപടിയാണ് വടകരയിലെ ജനങ്ങള്‍ നല്‍കിയത്. വിജയം ടി.പി ചന്ദ്രശേഖരന് സമര്‍പ്പിക്കുന്നതായും രമ കൂട്ടിച്ചേര്‍ത്തു.

രണ്ട് പഞ്ചായത്തുകളില്‍ മാത്രമുള്ള ഒരു സംഘടനയെന്നായിരുന്നു ആര്‍എംപിയെക്കുറിച്ചുള്ള ഇടത് അനുഭാവികളുടെ പരിഹാസം. രമയുടെ സാന്നിധ്യം വ്യക്തി ആക്രമണത്തിനുള്ള ഉപാധി കൂടിയായി. എന്നാല്‍, അവര്‍ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ ആശയപരമായി പ്രതിരോധിക്കാന്‍ പലപ്പോഴും ഇങ്ങനെ പരിഹസിക്കുന്നവര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ, കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയായ ഒരു സ്ത്രീ അനുഭവിച്ചറിഞ്ഞ രാഷ്ട്രീയ ശരി, തെറ്റുകള്‍ വടകരക്കാര്‍ക്ക് മനസിലായി. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തയായിരുന്നു രമ. വിവാഹശേഷം കുടുംബജീവിതത്തില്‍ മാത്രമായിരുന്നു ശ്രദ്ധ. എന്നാല്‍ കമ്മ്യൂണിസ്റ്റായി മാത്രം ജീവിച്ച, ജീവിക്കാന്‍ ആഗ്രഹിച്ച ഭര്‍ത്താവിനെ അതേ രാഷ്ട്രീയം പറയുന്നവര്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോഴാണ് രമ വീണ്ടും പൊതുരംഗത്ത് സജീവമായത്. അത് കൊലപാതക രാഷ്ട്രീയത്തിനെതിരായ പോരാട്ടം കൂടിയായിരുന്നു. ആ പോരാട്ടവീര്യത്തിനാണ് വടകരക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.


Next Story

Related Stories