TopTop
Begin typing your search above and press return to search.

മുനിഞ്ഞു കത്തുന്നു; 'കോച്ച'കളുടെ ഓര്‍മ്മകള്‍

മുനിഞ്ഞു കത്തുന്നു; കോച്ചകളുടെ ഓര്‍മ്മകള്‍

കേരളത്തിലെ പുരാതന തുറമുഖ നഗരമായ കൊച്ചി, പതിനഞ്ചോളം വിവിധ ജനസമൂഹങ്ങള്‍ തങ്ങളുടെ സ്വന്തം നാടായി സ്വീകരിച്ചിരിക്കുന്നു.അവരുടെ പൂര്‍വ്വികര്‍ ഒരുപക്ഷേ, റോമക്കാരോ, ഈജിപ്ഷ്യരോ, ചീനക്കാരോ, പേര്‍ഷ്യരോ ആവാം. ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുവന്ന ജനങ്ങളുടെ ഒരു സങ്കരസമൂഹം കൊച്ചിയുടെ പ്രത്യേകതയാണ്. ഇവരില്‍ പ്രാദേശികരായ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംങ്ങളും ജൈനന്മാരും യഹൂദരുമുണ്ട്. നിരവധി സംസ്‌ക്കാരങ്ങളുടെ വിളനിലമാണ് കൊച്ചി.


(മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്)

മട്ടാഞ്ചേരിയിലെ ഡച്ചുകൊട്ടാരത്തിനു സമീപത്തുള്ള ജ്യൂസ് സ്ട്രീറ്റില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജൂതപ്പള്ളി(പരദേശി സിനഗോഗ്) സന്ദര്‍ശകരുടെ ശ്രദ്ധപെട്ടെന്ന് പിടിച്ചുപറ്റും. കാലത്തെ 'തളച്ചുനിര്‍ത്തുന്ന' ഒരു നാഴികമണിയാണ് പ്രധാന ആകര്‍ഷണം. സിനഗോഗിന്റെ മുകപ്പിലാണത്. യഹൂദസംസ്‌ക്കാരം വിളിച്ചോതുന്ന ആചാരങ്ങളുടെ സംഗമസ്ഥാനമായ ഈ സിനഗോഗിന് നാന്നൂറ്റി അമ്പതു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതിനോട് ചേര്‍ന്ന ജൂതത്തെരുവില്‍ ജൂതന്മാരുടെ പ്രധാന കച്ചവടസ്ഥാപനങ്ങളുടെ സ്മരണ നിലനിര്‍ത്തിക്കൊണ്ട് സുഗന്ധ വ്യാപാരശാലകള്‍ ഇപ്പോഴും സജീവമാണ്.

ജൂതന്മാര്‍ക്ക് പ്രക്ഷുബ്ദ്ധവും സംഭവ ബഹുലവുമായ ഒരു ചരിത്രമുണ്ട്. വിപുലവും പുരാതനവുമായ അവരുടെ സാംസ്‌ക്കാരിക പൈതൃകം, വെളുത്ത ജൂത സംസ്‌ക്കാരം, കറുത്ത ജൂത സംസ്‌ക്കാരം, തവിട്ടു ജൂത സംസ്‌ക്കാരം എന്നിങ്ങനെ മൂന്നു ധാരകളിലാണുള്ളത്. കേരളത്തിലെ ജൂത സംസ്‌ക്കാരം യൂറോപ്പിലെ മറ്റു സമുദായങ്ങളില്‍ നിന്നും വ്യത്യസ്തമായാണ് രൂപപ്പെട്ടുവന്നിട്ടുള്ളത്. എന്നാല്‍, കേരളത്തിലെ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ലിംങ്ങള്‍ എന്നിവരുമായി ഇണങ്ങിയും ഇഴചേര്‍ന്നും സൗഹൃദപരമായും സമാധാനപരമായും വികസിച്ച ഒന്നാണത്. ' ഷാലോം ' എന്ന ഹീബ്രു പദത്തിന്റെ അര്‍ത്ഥം, സമാധാനം എന്നാണ്. യഹൂദ പൈതൃകത്തിലെ മൂല്യവ്യവസ്ഥകളും ദര്‍ശനങ്ങളും വിലമതിക്കാനാകത്തതത്രെ.

കേരളത്തിലെ ജൂതര്‍ ഒരു ജൂതമലയാളം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേരള സംസ്‌ക്കാരത്തോട് അവര്‍ അത്രമാത്രം താദാത്മ്യം പ്രാപിച്ചിരുന്നു. സുദീര്‍ഘമായ, രണ്ടായിരം കൊല്ലത്തോളം പാരമ്പര്യമുള്ള കേരളത്തിലെ പ്രവാസത്തിലുടനീളം സ്വന്തം സ്വത്വവും തനതു സംസ്‌ക്കാരവും മതപരവും ആചാരപരവുമായ നിഷ്ഠകളും അവര്‍ കാത്തുസൂക്ഷിച്ചിരുന്നു. വംശവിശുദ്ധിയുടെ പരിപാവനത സംരക്ഷിയ്ക്കുവാന്‍ ജൂതന്മാര്‍ എന്നും ജാഗരൂകരായിരുന്നു.

മധ്യേഷ്യയ്ക്ക് മലബാറുമായി(പുരാതന കേരളം) അയ്യായിരം വര്‍ഷത്തെ വ്യാപാര ബന്ധമുണ്ട്. സോളമന്‍ രാജാവിന്റെ കപ്പലോട്ടക്കാര്‍, കുരുമുളക്, വിലപിടിച്ച കല്ലുകള്‍, കുരങ്ങന്മാര്‍, മയിലുകള്‍ ഇവ അന്വേഷിച്ച് ഇവിടെ കപ്പലിറങ്ങി. ആനകള്‍, പാപ്പാന്മാരടക്കം 'സോളമന്റെ ക്ഷേത്രം' പണിയാന്‍ ഇവിടെ നിന്നും കൊണ്ടുപോയി.

ജൂതന്മാരുടെ ആഗമനം വിവാദ വിഷയമാണ്. അംഗീകരിക്കപ്പെട്ട വിവരങ്ങളനുസരിച്ച് ക്രിസ്തുവിന് മുന്‍പ് 72-ാം ആണ്ടില്‍, അതായത് ജെറുസലേം ദേവാലയം(സോളമന്റെ ക്ഷേത്രം) ശിഥിലമാക്കപ്പെട്ട കാലത്ത് തന്നെ അവര്‍ കുടിയേറി. അവര്‍ മെസ്സപ്പൊട്ടേമിയയില്‍ നിന്നും യെമനില്‍ നിന്നും വന്നവരാണ്. മുസ്സിരിസ്സ് തുറമുഖപട്ടണത്തിലാണ് അവര്‍ വന്നിറങ്ങിയത്. അക്കാലത്തെ വികസ്വര തുറമുഖമായിരുന്നു മുസ്സിരിസ്സ്(ഇന്നത്തെ കൊടുങ്ങല്ലൂര്‍).

മുസ്സിരിസ്സ് ചേര രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. അന്ന് ചേരരാജാക്കന്മാരായിരുന്നു ദക്ഷിണേന്ത്യ ഭരിച്ചിരുന്നത്. ഈ പുരാതന ജൂതകുടിയേറ്റക്കാരെ കറുത്ത ജൂതന്മാര്‍ എന്നുവിളിച്ചുപോന്നു. ചേരരാജാവായ ഭാസ്‌ക്കര രവിവര്‍മ്മ എല്ലാ പ്രോത്സാഹനവും അവര്‍ക്കു നല്‍കി. കരമൊഴിവായി ഭൂമിയും മതസ്വാതന്ത്ര്യവും അടക്കമുള്ള അവകാശങ്ങള്‍ ' ആചന്ദ്രതാരം' അനുവദിച്ചുകൊടുത്തുകൊണ്ടുള്ള ചെമ്പോലയിലെ ലിഖിതമാണ് തരിസാപ്പിള്ളി ശാസനം. ചോള രാജാക്കന്മാരുമായി ഉണ്ടായ യുദ്ധത്തില്‍ ജുതന്മാരുടെ സേവനം സ്തുത്യര്‍ഹമായിരുന്നു. യുദ്ധം ജയിച്ചപ്പോള്‍ ജൂതപ്രമുഖനായ ജോസഫ് റമ്പാന് മുസ്സിരിസ്സിന്റെ അയല്‍ഗ്രാമമായ ' അഞ്ചുവണ്ണ' ത്തിന്റെ അധികാരം രാജാവ് അനുവദിച്ചു.

1341-ല്‍ ഉണ്ടായ ഭയങ്കര വെള്ളപ്പൊക്കത്തില്‍ മുസ്സിരിസ്സ് തുറമുഖം ചെളിവന്നുമൂടി നാമാവശേഷമായി. ജൂതന്മാര്‍ അയല്‍നാടുകളിലേക്ക് താമസം മാറ്റാന്‍ നിര്‍ബന്ധിതരായി. അവര്‍ ചേന്ദമംഗലം, പറവൂര്‍, കൊച്ചി പ്രദേശങ്ങളിലേക്ക് ചേക്കേറി. കൊച്ചി തുറമുഖം ആ വെള്ളപ്പൊക്കത്തില്‍ സ്വാഭാവികമായി രൂപപ്പെട്ടുവന്നതാണ്.


(മാള സിനഗോഗ്‌)

16-ാം നൂറ്റാണ്ടില്‍ ഇന്‍ക്വിസിഷനുശേഷമാണ് സെഫാര്‍ഡി ജൂതന്മാരുടെ(sephardi jews) രണ്ടാം കുടിയേറ്റം. അവര്‍ പ്രധാനമായും സ്‌പെയിന്‍, പോര്‍ട്ടുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. ധനികരായിരുന്ന അവര്‍, കൊച്ചിയില്‍ ജൂതന്മാര്‍ക്ക് സാമ്പത്തിക ഭദ്രത സാധ്യമാക്കി. ഇവര്‍ വെളുത്ത ജൂതന്മാര്‍ അഥവാ പരദേശി ജൂതന്മാര്‍ എന്നറിയപ്പെട്ടു.


(പറവൂര്‍ സിനഗോഗിന്റെ ഉള്‍വശം.മുകള്‍ത്തട്ടിലാണ് സ്ത്രീകള്‍ പ്രാര്‍ത്ഥനയ്ക്ക് ഇരിക്കുക; താഴെ പുരുഷന്മാരും.)

ഇരുകൂട്ടരും ക്രമേണ നാട്ടുകാരുമായി വസ്ത്രധാരണത്തിലും ഭക്ഷണശീലത്തിലും ഗൃഹോപകരണങ്ങളിലും ജീവിതരീതിയിലും ഇഴുകിച്ചേര്‍ന്നു. ജൂഡോ-മലയാളം എന്ന സങ്കരഭാഷയാണ് ഇവര്‍ സംസാരിച്ചത്. പില്‍ക്കാലത്ത് ഇത് പ്രാദേശിക ഭാഷയുടെ ഒരു വകഭേദമായി പരിണമിച്ചു. വിവാഹിതകള്‍ മംഗല്യസൂത്രം(താലി) ധരിച്ചു. ആദ്യം കറുത്ത ജൂതന്മാരും വെളുത്ത ജൂതന്മാരും തമ്മില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ വംശശുദ്ധി മുന്‍നിര്‍ത്തി അത് തുടര്‍ന്നില്ല. രണ്ടു കൂട്ടരും പ്രത്യേകം സിനഗോഗുകള്‍ നിര്‍മ്മിച്ചു. സാധാരണ ദിവസങ്ങളില്‍ പ്രാദേശിക വസ്ത്രങ്ങള്‍ ഉപയോഗിച്ചുവെങ്കിലും സാബത്ത്(ശനിയാഴ്ച) ദിവസം തനത് വിശേഷ വസ്ത്രങ്ങള്‍ ധരിച്ചുപോന്നു.

ജീവസന്ധാരണത്തിന് ജൂതന്മാര്‍ സുഗന്ധ വ്യാപാരത്തിലേര്‍പ്പെട്ടു. മിക്കവാറും വീടുകളുടേയും മുന്‍വശം വ്യാപാരസ്ഥാപനങ്ങളും പിന്നില്‍ താമസസ്ഥലവുമായിരുന്നു. എസ്. കോഡര്‍, എ.ബി.സേലം തുടങ്ങിയ ജൂതപ്രമാണിമാര്‍ വമ്പിച്ച ധനികരായിരുന്നു. കോഡര്‍ തുടങ്ങിയ ' കൊച്ചിന്‍ ഇലക്ട്രിക്കല്‍ കമ്പനി'യാണ് കൊച്ചി പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്തിരുന്നത്. എറണാകുളത്തിനും പശ്ചിമകൊച്ചിക്കും ഇടയ്ക്കുള്ള കടത്തുബോട്ട് സര്‍വീസിന് കോഡര്‍ ആണ് ആരംഭം കുറിച്ചത്.

മുസ്സിരിസ്സ് കാലം മുതല്‍ക്കെ ജൂതന്മാര്‍ക്ക് കൊച്ചി രാജാവിന്റെ സഹായം ലഭിച്ചിരുന്നു. സിനഗോഗുകള്‍ നിര്‍മ്മിക്കാന്‍ സൗജന്യമായാണ് രാജാവ് ഭൂമി നല്‍കിയത്. മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ് നിര്‍മ്മിച്ചത് 1568ലാണ്. തെക്കുംഭാഗം സിനഗോഗ് 1580ലും. എറണാകുളം നഗരമധ്യത്തില്‍ ബ്രോഡ് വേയിലുള്ള കടവുംഭാഗം സിനഗോഗ് പ്രസിദ്ധമാണ്. ഇതിനേക്കാള്‍ പഴക്കമേറിയതാണ്, പറവൂരിലേയും ചേന്ദമംഗലത്തേയും മാളയിലേയും. അവ ഉപയോഗശൂന്യവും ഉപേക്ഷിതവുമായിത്തീര്‍ന്നു. ഈ ആരാധനാലായങ്ങള്‍ക്കു ചുറ്റുവട്ടത്തായിരുന്നു ജൂതന്മാരുടെ ജീവിതം വളര്‍ന്ന് പച്ചപിടിച്ചത്.

1948ല്‍ ഇസ്രായേല്‍ രൂപീകൃതമായതോടെ ലോകത്തെമ്പാടുമുള്ള ജൂതന്മാര്‍ വാഗ്ദത്തഭൂമിയിലേക്ക് പ്രവഹിച്ചുതുടങ്ങി. 1954 മുതല്‍ കേരളത്തില്‍ നിന്നും ജൂതന്മാര്‍ സ്വന്തം രാജ്യത്തേക്ക് മടക്കയാത്ര ആരംഭിച്ചു. 'പാലും തേനുമൊഴുകുന്ന വാഗ്ദത്ത ഭൂമി' യിലേക്കുള്ള പ്രയാണം, ഇവിടത്തെ സമാധാനപരമായ ജീവിതത്തെ അപേക്ഷിച്ച് ദുസ്സഹമായിരുന്നു. കേരളത്തില്‍ വിവേചനം ഉണ്ടായിരുന്നില്ല. എന്നാല്‍ അവിടെ അവര്‍ക്കു കിട്ടിയ മരുഭൂമിപോലുള്ള വാസസ്ഥലവും ഭാഷാപ്രശ്‌നവും സാംസ്‌ക്കാരികമായ വേര്‍തിരിവും ജീവിതം കഠിനമാക്കി. രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ച ' ആലിയ' യ്ക്ക് ആക്കം കൂട്ടി.( ആലിയ എന്നാല്‍ ഇസ്രായേലിലേക്കുള്ള പ്രയാണം).

മലബാര്‍ തീരത്തെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ സുഖമായി ജീവിച്ച അവരെ കാത്തിരുന്നത് മരുഭൂമിയോട് ചേര്‍ന്നുള്ള ഊഷരഭൂമിയായിരുന്നു. മാത്രമല്ല, ഇസ്രായേലി-അറബി സംഘര്‍ഷം ഭീകരമായിരുന്നു. പക്ഷേ, യാഥാര്‍ത്ഥ്യത്തെ ഗൃഹാതുരത്വം കൊണ്ട് അവര്‍ അതിജീവിച്ചു. കൃഷി അവര്‍ക്ക് അന്യമായിരുന്നു. എന്നാല്‍ കഷ്ടപ്പെട്ട് അത് ചെയ്യേണ്ടിവന്നു. ഇസ്രായേലിന്റെ ഇന്നത്തെ പുരോഗതിക്കു പിന്നില്‍ അവരുടെ അധ്വാനത്തിന്റെ വിയര്‍പ്പുണ്ട്. 'കൊച്ചിനി' ജൂതന്മാര്‍, 2000 കൊല്ലത്തെ കേരളീയ ജീവിതം സമ്മാനിച്ച ധന്യമായ സങ്കല്പങ്ങളുമായി ഇസ്രായേലില്‍ കഴിയുന്നു. പൂര്‍വ്വപിതാമഹന്മാരുടെ സ്മരണ നിലനിര്‍ത്താന്‍ കഴിയുമ്പൊക്കെ സമൃദ്ധമായ ജീവിതം അയവിറക്കാന്‍ കേരളത്തിലെത്തുന്നു.

2016-ല്‍ പരദേശി സിനഗോഗിന്റെ 450-ാം വാര്‍ഷികം ആഘോഷിക്കപ്പെട്ടു, ലോകത്തെമ്പാടുമുള്ള ജൂതന്മാര്‍ സംഘമായെത്തി പ്രാര്‍ത്ഥനകളില്‍ പങ്കുകൊണ്ടു. ഇവിടെ പാര്‍ത്തിരുന്ന പലരും പഴയ അയല്‍പക്കക്കാരെ കണ്ടപ്പോള്‍ ആനന്ദാശ്രു പൊഴിച്ചു. പഴയ വീടുകള്‍ ഇപ്പോള്‍ പുതിയ താമസക്കാരോ, കച്ചവട സ്ഥാപനങ്ങളോ ഹോട്ടലുകളോ ആയി മാറിയത് അവരെ വിഷമിപ്പിച്ചിരിക്കണം!


(ജൂതശ്മശാനം (ചക്കാ മാടം, മട്ടാഞ്ചേരി))

ജൂതന്മാരും, അവരുടെ 'സ്പനങ്ങളുടെ അവശിഷ്ടങ്ങളും' ഉറങ്ങുന്ന മണ്ണാണ് കൊച്ചി. നിശബ്ദമായ സിനഗോഗുകളും നിശ്ചലമായ ജൂതശ്മശാനവും രണ്ടായിരം കൊല്ലത്തെ ഭൂതകാല ജൂതജീവിതത്തിന്റെ തിരുശേഷിപ്പുകളാകുന്നു.

കടവുംഭാഗം സിനഗോഗിന്റെ സൂക്ഷിപ്പുകാരനായ ഏലിയാസ് ജോസഫായ് നാട്ടുകാരുടെ പ്രിയപ്പെട്ട ബാബുവാണ്. ബാബുവിന്റെ പൂര്‍വ്വികര്‍ ബാഗ്ദാദില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വന്നവരാണ്. രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ ഇസ്രായേലിലാണ്. ബന്ധുക്കളെല്ലാം ഇസ്രായേലിലേക്ക് മടങ്ങിയിട്ടും ബാബു ഇവിടെ തങ്ങി.ജൂതചരിത്രത്തിന്റേയും പുരാവൃത്തത്തിന്റേയും വന്‍ഖനിയാണ് ജോസഫായ്. ഒരുപാട് ജൂത കെട്ടുകഥകളും നാടന്‍ പാട്ടുകളും അയാള്‍ക്ക് മനപ്പാഠമാണ്. 1972 മുതല്‍ ദേവാലയത്തില്‍ പത്തുപേരടങ്ങുന്ന ' കോറം' തികായത്തതിനാല്‍ ആചാരങ്ങള്‍ മുടങ്ങിക്കിടക്കുകയാണെന്ന ദു:ഖത്തിലാണ് അദ്ദേഹം.


(സാറാ കോഹന്‍)

കഴിഞ്ഞ വര്‍ഷം, തന്റെ തൊണ്ണൂറ്റി ആറാം വയസ്സില്‍ അന്തരിച്ച സാറാ കോഹന്‍ എന്ന ജൂതസ്ത്രീയുടെ വിയോഗത്തോടെ ജുതചരിത്രത്തിലെ ഒരു പ്രധാന കണ്ണികൂടി നഷ്ടമായി. അവശേഷിക്കുന്ന പരദേശി ജൂതന്മാരുടെ അംഗസംഖ്യ നാലോ അഞ്ചോ മാത്രമാണ്.


(നമിയ മുത്തപ്പന്റെ സ്മൃതിമണ്ഡപം)

നമിയ മൂത്ത എന്ന് പ്രാദേശികവാസികളാല്‍ ആരാധിക്കപ്പെടുന്ന നഹേമിയ ബെന്‍ ഏബ്രഹാം മോട്ട മലബാറിലെ ജൂതന്മാരുടെ ഒരു ആത്മീയ നേതാവായിരുന്നു.(1580-1615) അദ്ദേഹത്തിന്റെ താവഴി തര്‍ക്കവിഷയമാണ്. യമന്‍, ഇറാക്ക്,. മൊറോക്കോ, ഇറ്റലി, പോളണ്ട് എന്നെല്ലാം പറഞ്ഞുകേള്‍ക്കുന്നു. ഏതായാലും 'നാമിയ മുത്തപ്പന്റെ' ശവകുടീരത്തില്‍ മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യം നടക്കും എന്ന് കൊച്ചിക്കാര്‍ വിശ്വസിക്കുന്നു. അതിനാല്‍, സാധാരണ ജനങ്ങളുടെ രക്ഷകനായ ഈ യഹൂദമുത്തപ്പന്റെ സ്മൃതി മണ്ഡപത്തില്‍ അനേകരുടെ ആഗ്രഹപൂര്‍ത്തിക്കായി നിരന്തരം വിളക്കുകള്‍ എരിഞ്ഞുതീരുന്നു. പഴയ തലമുറകളുടെ മനസ്സുകളില്‍ തങ്ങളുടെ നല്ല അയല്‍ക്കാരായിരുന്ന, സാധുക്കളും സത്യസന്ധരുമായ പാവം ' കോച്ച' കളുടെ ഓര്‍മ്മകള്‍ മുനിഞ്ഞുകത്തുന്നു! രണ്ടു രാജ്യങ്ങളിലായി ജീവിതവും മനസ്സും പങ്കിട്ട ഹതഭാഗ്യരായ ജൂതന്മാര്‍ മലയാളികള്‍ക്ക് എന്നും തീരാവേദനയാണ്.

(ഫോട്ടോകള്‍:ദിനേശ് ആര്‍.ഷേണായ്, ടി. ആര്‍. പ്രേംകുമാര്‍)


Next Story

Related Stories