TopTop
Begin typing your search above and press return to search.

അപാരതയില്‍ തുഴയുന്ന ബാവുല്‍ ഗായകര്‍

അപാരതയില്‍ തുഴയുന്ന ബാവുല്‍ ഗായകര്‍

നേരം പുലരും മുന്‍പെ കൊല്‍ക്കൊത്ത നഗരം ഉണര്‍ന്നുകഴിഞ്ഞു. ജനുവരിയിലെ കുളിരുന്ന പ്രഭാതത്തില്‍ മുടല്‍മഞ്ഞിന്റെ തിരശ്ശീല മാഞ്ഞിരുന്നില്ല. സിയാല്‍ദാ റെയില്‍വെ സ്റ്റേഷനില്‍ ടാക്‌സിയിറങ്ങുമ്പോള്‍ നഗരത്തിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് കൊണ്ടുപോകാനുള്ള പച്ചക്കറികള്‍ നിറച്ച ചരക്കു വണ്ടികളില്‍ സാധനങ്ങള്‍ കയറ്റുന്ന കോലാഹലം. കൂലികള്‍ തലച്ചുമടായി തലങ്ങും വിലങ്ങും നീങ്ങുന്നു. നിറഞ്ഞ ഓറഞ്ചുകുട്ടകള്‍, തണ്ണിമത്തന്‍, പലതരം പച്ചക്കറികള്‍, സര്‍വ്വത്ര ബഹളമയം. പ്രധാനകവാടം കടന്ന് സ്‌റ്റേഷനുള്ളിലേക്ക് കടക്കുമ്പോള്‍ സൈക്കിള്‍ റിക്ഷാവാലകള്‍ ഉറക്കച്ചടവകറ്റാന്‍ ബീഡിവലിച്ചിരിക്കുന്നു. അവരുടെ കണ്ണുകളില്‍ മടുപ്പ്.


(ഒരു പ്രഭാത ഗ്രാമദൃശ്യം)

ശാന്തിനികേതന്‍ വഴിപോകുന്ന ട്രെയിന്‍ ആറരയ്ക്കു തന്നെ പുറപ്പെട്ടു. വണ്ടിനീങ്ങിത്തുടങ്ങിയപ്പോള്‍ തണുത്തകാറ്റ് അകത്തേക്ക് അടിച്ചുകയറി. ചില്ലു ഷട്ടറിട്ട് പുലര്‍കാല ഭംഗി ആസ്വദിച്ച് ഇരുന്നു. നേരത്തെ ഉണര്‍ന്നതിനാലാവാം, വേഗം ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ ബര്‍ദ്ധമാന്‍ സ്‌റ്റേഷനിലെത്തിയിരുന്നു. ആ റൂട്ടിലെ പ്രധാന ജംങ്ഷനാണ്. ധാരാളം ആളുകള്‍ ഇറങ്ങുകയും കയറുകയും ചെയ്തു. കച്ചവടക്കാരുടെ കലമ്പല്‍. ചൂടുചായ. സിങ്കാട. പുഴുങ്ങിയ മുട്ടകള്‍. മൂടി(പൊരി). വില്പന തകൃതി. ബംഗാളികള്‍ ഭക്ഷണപ്രിയരാണ്, ഭാഷണ പ്രിയരും. ഓരോന്നും വാങ്ങിത്തിന്നുന്നതിനിടയില്‍ വര്‍ത്തമാനത്തിന് ഒരു കുറവും ഇല്ല. വര്‍ത്തമാന മഹാവീരന്മാര്‍! ഉറക്കെയാണ് സംസാരം. രഹസ്യങ്ങള്‍ പോലും ഉച്ചത്തില്‍ വിളിച്ചു പറയാന്‍ അവര്‍ക്കു മടിയില്ല. ആരു കേട്ടാലെന്താ, എന്ന ഭാവം.


(ഒരു പ്രഭാത ഗ്രാമദൃശ്യം)

ശാന്തിനികേതനത്തിലേക്ക് പോകുവാന്‍ ബോല്‍പ്പൂരില്‍ ഇറങ്ങണം. കൊല്‍ക്കൊത്തയില്‍ നിന്ന് നാലു മണിക്കൂര്‍ യാത്ര. ബോല്‍പ്പൂര്‍ ഇപ്പോള്‍ വലിയ പട്ടണമായി മാറിയിട്ടുണ്ട്. ശാന്തിനികേതനിലേക്ക് മൂന്നു കിലോമീറ്റര്‍ ദൂരം. റിക്ഷാക്കാര്‍ പിന്നാലെ പാഞ്ഞുവന്നു. ശാന്തിനികേതനില്‍ രവീന്ദ്രനാഥ് ടാഗൂര്‍ താമസിച്ചിരുന്ന ' ഉത്തരായന്‍ കോംപ്ലെക്‌സ്' ഇന്നൊരു മ്യൂസിയമാണ്. അവിടെ ടിക്കറ്റ് കൗണ്ടറില്‍ ജോലി ചെയ്യുന്ന വിശ്വനാഥ് ദാസ് എന്റെ ഒരു പഴയ സ്‌നേഹിതനാണ്. ഞാന്‍ പണി തല്ക്കാലം മറ്റാരെയെങ്കിലും ഏല്‍പ്പിക്കാം. വിശ്വനാഥ് ദാ പറഞ്ഞു. ഞങ്ങള്‍ പുറത്ത് കാത്തുനിന്നു.


(വിശ്വനാഥ്ദാസും മീനദാസും)

റോഡരികില്‍ നിരത്തിനിര്‍ത്തിയിരിക്കുന്ന ഉന്തുവണ്ടികളില്‍ നിറയെ കരകൗശല സാധനങ്ങളും കളിപ്പാട്ടങ്ങളും വില്പനയ്ക്കുണ്ട്. പൊരിഞ്ഞ കച്ചവടം. രവീന്ദ്രനാഥ ടാഗൂറിന്റെയും സ്വാമി വിവേകാനന്ദന്റേയും കളിമണ്‍ തലകള്‍ വില്പനയ്ക്കായി വച്ചിരിക്കുന്നു. പതിനഞ്ചോ ഇരുപതോ രൂപയാണ് വില! വിശ്വനാഥ് ദാ സൈക്കിളുരുട്ടി മുന്‍പേ നടന്നു. വഴിക്കുകണ്ട പച്ചക്കറിക്കടയില്‍ നിന്ന് അയാള്‍ ചില സാധനങ്ങള്‍ വാങ്ങി. അയാളുടെ കൊച്ചുമക്കള്‍ക്ക് സമ്മാനിക്കാന്‍ ഞങ്ങള്‍ കുറച്ച് ഓറഞ്ചും പഴങ്ങളും വാങ്ങിച്ചു. വിശ്വനാഥിന് രണ്ട് ആണ്‍മക്കളാണ്. രണ്ടുപേരും കല്യാണം കഴിച്ചു. പേരക്കുട്ടികള്‍ നന്നേ ചെറുതാണ്. ഭാര്യ മീനാദാസ് പ്രശസ്ത ശില്പി രാംകിങ്കര്‍ ബൈജിന്റെ വളര്‍ത്തുമകളാണ്. അവര്‍ക്ക് ഇപ്പോള്‍ വിശ്വഭാരതി സര്‍വ്വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ സ്വീപ്പര്‍ ജോലിയുണ്ട്.

ഞാന്‍ പരിചയപ്പെടുന്ന കാലത്ത് വിശ്വനാഥ് പ്രശസ്ത ശില്പി ശര്‍ബരിദാസ് ചൗധരിയുടെ സഹായിയാണ്. മീന വീട്ടുജോലികള്‍ക്ക് പോകും. വളരെ ദുരിതം പിടിച്ച കാലം. ഇടയ്ക്കു രണ്ടു പേരും ചേര്‍ന്ന് ഒരു തട്ടുകട തുടങ്ങി. വൈകുന്നേരം സ്റ്റേറ്റ് ബാങ്കിന് മുന്നില്‍ അത് തുറക്കും. ഞങ്ങള്‍ കുറെപ്പേര്‍ അവിടെപതിവുകാരായി. എന്തുകൊണ്ടോ കച്ചവടം പൊളിഞ്ഞു. പക്ഷേ, ഭാഗ്യം അവരെ തുണച്ചു. രണ്ടു പേര്‍ക്കും വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ ക്ലാസ് ഫോര്‍ ജോലികിട്ടി.

പൂര്‍ബപള്ളിയില്‍ ഒരു ചെറിയ കുടിലിലായിരുന്നു അന്ന് അവര്‍താമസം. ക്ഷീണിച്ച രണ്ട് ആണ്‍മക്കള്‍. ഒന്നു രണ്ട് ആടുകള്‍, കുറെ കോഴികള്‍. മുറ്റത്ത് ഒരു പ്ലാവ് നിന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഇപ്പോള്‍ അവര്‍ ദാരിദ്ര്യത്തില്‍ നിന്ന് കരയറി. ചെറുതെങ്കിലും വൃത്തിയുള്ള ഒരു വീടുണ്ടാക്കി. മക്കള്‍ രണ്ടുപേരും ജോലിക്ക് പോകുന്നു. മരുമക്കള്‍ സുന്ദരികളും സ്‌നേഹവതികളുമാണ്. സന്തുഷ്ട കുടുംബം.

എന്നെക്കണ്ടതും വിശ്വനാഥ്ദാ പഴയ കാലങ്ങള്‍ അയവിറക്കിത്തുടങ്ങി. പഴങ്കഥകള്‍ പറഞ്ഞുകൊണ്ടാണ് നടപ്പ്. ഓര്‍ക്കുന്തോറും തൊണ്ടയിടറുന്നു. വാക്കുകള്‍ വിക്കുന്നു. ഇടയ്ക്ക് കണ്ണീര്‍ തുടയ്ക്കുന്നുമുണ്ട്. ഞങ്ങള്‍ക്കും സങ്കടം വന്നു. ഭാഷ ശരിക്ക് മനസ്സിലാകുന്നില്ലെങ്കിലും മനുഷ്യന്റെ ദു:ഖങ്ങള്‍ക്ക് ഒരേ ഭാവമാണല്ലോ!

വീടിന്റെ ഭിത്തിയില്‍ രവീന്ദ്രനാഥ് ടാഗൂറിന്റേയും രാം കിങ്കറിന്റേയും ഫോട്ടോകള്‍. സ്വന്തം ശില്പങ്ങള്‍കൊണ്ട് അയാള്‍ വീട് ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. ഞങ്ങള്‍ സ്വീകരണ മുറിയില്‍ വിശ്രമിച്ചു. നല്ല കുളിര്‍മ്മയുള്ള അന്തരീക്ഷം. മക്കളും മരുമക്കളും ഞങ്ങള്‍ക്ക് ഊണൊരുക്കുന്ന തിരക്കിലാണ്. ആദ്യം രസഗുളയും വെള്ളവും വന്നു. ബംഗാളികള്‍ അതിഥി സല്‍ക്കാരപ്രിയരാണ്. അതിഥികള്‍ക്ക് ആദ്യം മധുരവും ജലവും. പിന്നെ ഭക്ഷണം. അതാണ് രീതി. അതിലും പ്രധാനം അതിഥികളെക്കുറിച്ച് നല്ല വാക്കു പറയുന്നതിലാണ്. അത് ചിലപ്പോള്‍ അതിശയോക്തിയായി നമുക്ക് തോന്നാം. ഉദാഹരണത്തിന്, വിശ്വന്‍ പറഞ്ഞു: ' ഷാജിദാ ഇപ്പോള്‍ ബംഗ്ല മറന്നിരിക്കുന്നു. പണ്ട് എന്തു നന്നായി സംസാരിച്ചിരുന്നതാണ്!'എനിക്ക് സന്തോഷം തോന്നാന്‍ ഇതില്‍ കൂടുതല്‍ വല്ലതും വേണോ? ഇത് ശരിയല്ല. അവിടെ താമസിച്ചിരുന്നപ്പോള്‍ നാട്ടുകാരോട് ഇടപെടാന്‍ ചില്ലറ ബംഗാളി പഠിച്ചിരുന്നു. ചില പൊതു സംബോധനകള്‍, കുശലപ്രശ്‌നങ്ങള്‍. ഇപ്പോള്‍ ആ ' മുറിബംഗ്ലാ' പോലും മറന്നു.

ഗംഭീര ഊണ്! ഞങ്ങള്‍ക്കു വേണ്ടി പ്രത്യേകം മട്ടന്‍ കറി ഉണ്ടാക്കിയിരുന്നു. കറികളെല്ലാം കടുകെണ്ണയിലാണ് പാകം ചെയ്തിരിക്കുന്നത്. നമുക്കത് രുചിക്കില്ല. പക്ഷേ, അതോടൊപ്പം വിളമ്പുന്ന സ്‌നേഹം എല്ലാറ്റിനും രുചി ഇരട്ടിച്ചു. ഊണു കഴിഞ്ഞു ടെറസിലേക്ക് ചാഞ്ഞ മുരിങ്ങയുടെ തണലില്‍ ഒരു മയക്കം. വെയില്‍ മങ്ങിയൊതോടെ ചായയ്‌ക്കൊപ്പം മീനാദി എത്തി. പ്രായം അവരില്‍ ചിത്രപ്പണികള്‍ ചെയ്തിട്ടുണ്ട്. മുടി നരകയറിയിട്ടുണ്ട്. കഷ്ടപ്പാടിന്റെ വടുക്കള്‍ മുഖത്ത് വായിച്ചെടുക്കാം. ചായയും കുശലപ്രശ്‌നവും കുറച്ചുനീണ്ടു. വൈകാതെ ഞങ്ങള്‍ വിശ്വനാഥന്റെ ജന്മഗ്രാമമായ ആദിത്യപൂരിലേക്ക് പോയി.

ശാന്തിനികേതനില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയാണ് ആ ഗ്രാമം. അവിടെ വിശ്വനാഥന് ചെറിയ ഒരു വീടുണ്ട്. ആശ്രമം എന്നാണ് അയാള്‍ വിളിക്കുക. വിശാലമായ മുറ്റത്ത് നിറയെ ചെടികളും വൃക്ഷങ്ങളും വച്ചുപിടിപ്പിച്ചിരുന്നു. രണ്ടുമൂന്ന് തെങ്ങുമുണ്ട്. മുറ്റത്തിനു നടുവില്‍ വിശ്വന്‍ നിര്‍മ്മിച്ച ഗുരുവിന്റെ ശില്പം ഭംഗിയായി പ്രതിഷ്ഠിച്ചിരിക്കുന്നു. അവിടെ എല്ലാവര്‍ക്കും ഒരു ഗുരുവുണ്ടാകും. സുന്ദരമായ അന്തരീക്ഷം. ഞങ്ങള്‍ക്കുവേണ്ടി ഏര്‍പ്പാട് ചെയ്ത കുറച്ചു നാടോടി ഗായകസംഘം നേരത്തെ അവിടെയെത്തിയിരുന്നു. നബന്‍ ദാസ് ബാവുല്‍ ആണ് നേതാവ്. ഹാര്‍മോണിയം, തബല, കരതാള്‍ എന്നിവയ്ക്കു വേറെ നാലുപേര്‍.

ബാവുല്‍ ഗായകര്‍ ഞങ്ങളെ സ്വാഗതം ചെയ്തു. ''ജോയ് ഗുരു'' '' ജോയ് ഗുരു'' ഞങ്ങളും പ്രത്യഭിവാദ്യം ചെയ്തു.അതാണ് സമ്പ്രദായം. പുറത്ത് നല്ല തുണുപ്പ് തുടങ്ങി. ഞങ്ങള്‍ അകത്ത് പായ വിരിച്ചു. മുറിയില്‍ ചമ്രം പടിഞ്ഞ് വട്ടമിട്ടിരുന്നു. നബന്‍ദാസ് ഏക്താര മീട്ടി ആവുന്നത്ര ഉച്ചത്തില്‍ പാടിത്തുടങ്ങി. ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് ആ ഗാനം തണുത്ത രാത്രിയില്‍ അകലങ്ങളില്‍ പ്രതിധ്വനിച്ചു. ഒരു മായാലോകത്തിലെത്തിയ പ്രതീതി. പാട്ടിന്റെ ലഹരിയില്‍ അയാള്‍ നൃത്തച്ചുവടുകള്‍ വച്ചു. ഹാര്‍മോണിയത്തിന്റെ ശ്രുതി, തബലയുടെ ദ്രുതതാളം, കരതാളമേളം. പാട്ട് തകൃതിയായി. പാനപാത്രങ്ങള്‍ നിറഞ്ഞു. അതിവേഗം ഒഴിഞ്ഞു; വീണ്ടും നിറഞ്ഞു.

ബംഗാളിലെ നാടോടി പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് ബാവുലുകള്‍. അലഞ്ഞുനടക്കുന്ന അവര്‍ സര്‍വ്വതന്ത്ര സ്വതന്ത്രരാണ്. അവരുടെ പാട്ടില്‍ നാടന്‍ ഈണവും ജീവിതതത്വചിന്തയുമുണ്ട്. കൂടാതെ, നര്‍മ്മബോധത്തിന്റെ മേമ്പൊടിയും എല്ലാ ദു:ഖങ്ങളും അകറ്റുന്ന മാസ്മര രസതന്ത്രം.!

നബന്‍ രണ്ടു മൂന്നു പാട്ടുകള്‍ പാടിക്കഴിഞ്ഞപ്പോള്‍, കരതാളക്കാരന്‍ ഉജ്വലിന്റെ ഊഴമായി. കമ്പിളിത്തൊപ്പി ധരിച്ച്, ക്ലീന്‍ ഷേവു ചെയ്ത ആ ചെറുപ്പക്കാരന്‍ ഉച്ചസ്ഥായിയില്‍ ആലാപനം തുടങ്ങി:

'' വള്ളം പതുക്കെ തുഴയൂ

അത് തീരത്ത് കെട്ടിയിടരുത്.

നിങ്ങളുടേത് എന്നു പറയാന്‍

ഈ ഭൂമിയിലാരുമില്ല.

എല്ലാവരും അജ്ഞാതരാണ്.


അനന്തമായ ആകാശത്ത്

പ്രകാശം ഒഴുകിപ്രവഹിക്കുന്നു.

എല്ലാം പ്രവഹിക്കുകയാണെന്ന്

നിങ്ങള്‍ക്കറിയില്ലേ?


എക്കാലത്തേക്കുമായി

ആരെങ്കിലും നിങ്ങള്‍ക്കരികിലുണ്ടാകുമോ?

നിങ്ങളുടെ യാനത്തെ

മനോഹരതീരങ്ങളിലേക്ക് തുഴയുക

പാതിവഴിയില്‍

വഞ്ചി മറിഞ്ഞു.

എനിക്ക് നീന്താനറിയില്ല.

ഇനി എന്താണ് സംഭവിക്കുക?''

പെട്ടെന്ന് അവിടമാകെ പരിപൂര്‍ണ്ണ നിശബ്ദമായി. ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ്. ഗംഭീര അനുഭവമായിരുന്നു, അത്. ഘനീഭവിച്ച നിശബ്ദത ഏറെ നേരം നീണ്ടുനിന്നു. പുറത്ത് ചീവീടുകള്‍ മാത്രം പാടിക്കൊണ്ടിരുന്നു. വരികളുടെ അര്‍ത്ഥം രവി പാലൂര്‍ വിവരിച്ചു തന്നു. ആ തീവ്രമായ സംഗീത നിര്‍വൃതിയില്‍ ഞങ്ങളെല്ലാം വിമൂകരായി മുഴുകി. അവിസ്മരണീയമായ ആ രാത്രി പാതിര കഴിഞ്ഞും സംഗീത സാന്ദ്രമായി.


(പാല്‍ക്കാരന്‍)

രാവിലെ നേരത്തെ ഉണര്‍ന്നു. മൂടല്‍ മഞ്ഞിന്റെ മുഖാവരണം അപ്പോഴും അഴിഞ്ഞിരുന്നില്ല. തലേന്നത്തെ ബാവുല്‍ ഗായകരും അവരുടെ ഈണങ്ങളും അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. അന്തരംഗത്തില്‍ അവ അപ്പോഴും പ്രകമ്പനം കൊള്ളുകയാണ്. ഒരു ഗന്ധര്‍വ്വലോകത്തില്‍ അകപ്പെട്ടുപോയതുപോലെ. ഞങ്ങള്‍ മുറ്റത്തിറങ്ങി. ആകാശത്ത് ചില നക്ഷത്രങ്ങള്‍ മാത്രം മങ്ങിപ്രകാശിച്ചുകൊണ്ടിരുന്നു. ദൂരെ കുടമണികിലുക്കി ഒരു കാളവണ്ടി അനന്തതയിലേക്ക് നീളുന്ന പാതയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. വണ്ടിക്കാരന്‍ ഉറങ്ങുകയാവാം. ഒരു പാല്‍ക്കാരന്‍ സൈക്കിള്‍ ചവിട്ടി കടന്നുപോകുന്നു. നഗരത്തിലേക്കുള്ള ബസ്സിനു മുകളില്‍ ആളുകള്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു. ജീവിതം ആവര്‍ത്തിക്കുകയാണ്.


(മൂടല്‍ മഞ്ഞില്‍ ബസ്സിന് മുകളില്‍ ഒരു യാത്ര)

ഗ്രാമത്തിലെ വീടുകള്‍ ഉയരത്തില്‍ മണ്‍ചുവരുകള്‍ കൊണ്ട് പണിത് വൈക്കോല്‍ മേഞ്ഞവയാണ്. ചിലത് തകരം മേഞ്ഞിരിക്കുന്നു. മുറ്റത്ത് അരിമാവുകൊണ്ട് കോലം വരച്ചിട്ടുണ്ട്. വഴിവക്കില്‍ ചാമ്പുപൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്ന പെണ്ണുങ്ങള്‍. വീട്ടുമുറ്റത്ത് പാത്രം കഴുകുകയും കുട്ടികളെ കുളിപ്പിക്കുകയും ചെയ്യുന്ന അമ്മമാര്‍. ഒരു സുന്ദരി വീട്ടുമുറ്റത്തിട്ട കാളവണ്ടിയില്‍ കുത്തിയിരുന്ന് മൊബൈല്‍ ഫോണില്‍ അഖണ്ഡമായി സംസാരിക്കുകയാണ്. അപരിചിതരെ കണ്ടതിനാലാവാം, മുഖത്തൊരു ജാള്യത!


(അരിമാവുകൊണ്ട് കോലം വരച്ച വീട്)

ഒരു 'ടിപ്പിക്കല്‍' ബംഗാളി ഗ്രാമമാണ് ആദിത്യപൂര്‍. കൃഷിക്കാരുടെ നാട്ടിന്‍പുറം. എല്ലാ വീട്ടുമുറ്റങ്ങളിലും വൈക്കോല്‍ കൂമ്പാരങ്ങള്‍. മുറ്റത്ത് ഒരു മൂലയില്‍ കുളങ്ങളുണ്ട്, നിറയെ മത്സ്യങ്ങളും.


(ബംഗാളിലെ വൈക്കോൽ തുറു)

ബംഗാളികള്‍ മത്സ്യ ഭക്ഷണ പ്രിയരാണ്. നോക്കെത്താ ദൂരത്തോളം പാടശേഖരങ്ങള്‍. മകരക്കൊയ്ത്ത് കഴിഞ്ഞ് അവ ഒഴിഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളില്‍ പച്ചക്കറി കൃഷി ചെയ്തിരിക്കുന്നു. വഴുതനയും പാവലും മത്തനും ഇളവനും സമൃദ്ധിയായി വിളഞ്ഞുകിടക്കുന്നു. നീണ്ട കടുകുപാടങ്ങള്‍. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ് അവ മനോഹരമായി വെയിലേറ്റ് തിളങ്ങുന്നു. പറമ്പുകളില്‍ നിറയെ മാവും പ്ലാവും മുരിങ്ങയും കായ്ച്ചു നില്‍ക്കുന്നു.


(ചാണകവറളി ഉണക്കുന്ന സ്ത്രീ)

ഗ്രാമത്തിലെ ജനങ്ങള്‍ അവരുടെ ബംഗാളി സ്വത്വവും തനിമയും കാത്തുസൂക്ഷിക്കുന്നു. നാരഗികതയെ അകറ്റി നിര്‍ത്തുന്നു. അല്ലലുകള്‍ക്കും അലട്ടലുകള്‍ക്കും മീതെ പാട്ടുപാടിയും ചുവടുവെച്ചും അവര്‍ രാത്രികളെ സംഗീത സാന്ദ്രമാക്കുന്നു; സന്തോഷകരമാക്കുന്നു.

(ഫോട്ടോഗ്രാഫുകള്‍: മണിലാല്‍ പടവൂര്‍)


Next Story

Related Stories