TopTop
Begin typing your search above and press return to search.

കുരുന്നു പ്രതിഭയായിരുന്ന ക്ലിന്റിന്റെ ജീവിതവും കലയും

കുരുന്നു പ്രതിഭയായിരുന്ന ക്ലിന്റിന്റെ ജീവിതവും കലയും

'' ക്ലിന്റ് എന്നൊരു കുട്ടിയുണ്ടായിരുന്നു. ഏഴു വയസ്സില്‍ ഇരുപത്തയ്യായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച് ഈ ഭൂമിയിലെ നിവാസമവസാനിപ്പിച്ച് ആ അത്ഭുതബാലന്‍ നിറങ്ങളുടെ ലോകത്തേക്ക് തിരിച്ചു പോയി.'' ക്ലിന്റിന്റെ വിയോഗത്തിന് ഏതാനും മാസങ്ങള്‍ക്കുശേഷം ' 'നിയോഗം' മാസികയുടെ എഡിറ്റോറിയലില്‍ പത്രാധിപരായിരുന്ന ഞാന്‍ ഇങ്ങനെയെഴുതി. ക്ലിന്റ് വരച്ച പുരുഷാകാരംപൂണ്ട രാവണന്റെ രേഖാചിത്രമായിരുന്നു മാസികയുടെ കവര്‍.


(രാവണന്‍. നിയോഗം മാസികയുടെ കവര്‍ ചിത്രമായി വന്ന ക്ലിന്റിന്റെ രചന)

ഇന്ന് ഈ കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ ക്ലിന്റ് നമ്മെ വിട്ടുപിരിഞ്ഞിട്ട് മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.(1983 ഏപ്രില്‍ 15ന് ഈസ്റ്റര്‍ ദിനത്തിലായിരുന്നു, വേദനാജനകമായ ആ വേര്‍പാട്. വര്‍ഷംതോറും ഇന്നേ ദിവസം ആ കുരുന്നു പ്രതിഭ ഓര്‍മ്മയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.) ക്ലിന്റ് എന്ന നിറങ്ങളുടെ രാജകുമാരനെ കാണാന്‍ എന്റെ കണ്ണുകള്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല. എങ്കിലും, ഉള്‍ക്കണ്ണിന്റെ പാടലമായ ഭിത്തിയില്‍ ഭാസുരമായ നക്ഷത്രങ്ങള്‍ പോലെ ജ്വലിക്കുന്ന ആ വലിയ കണ്ണുകളും, ചുണ്ടുകള്‍ അല്പം വിടര്‍ത്തി ജിജ്ഞാസയോടെയുള്ള ആര്‍ദ്ര ഭാവമുദ്രയും, പ്രതിഭയുടെ മുകുളങ്ങള്‍പോലെ പേലവമായ വിരലുകളും ആഴത്തില്‍ കൊത്തിവച്ചിരിക്കുന്നു. ആ പാവന സ്മരണയ്ക്കു മുന്നില്‍ ശിരസ്സ് വിനമ്രമാകുന്നു.


(ക്ലിന്റ്)

1976 മെയ് 19നാണ് ക്ലിന്റ് ജനിച്ചത്. മുല്ലപ്പറമ്പില്‍ തോമസ് ജോസഫ് എന്ന എം.ടി. ജോസഫും മഞ്ഞുമ്മല്‍ ചിന്നമ്മയുമായിരുന്നു മാതാപിതാക്കള്‍. ജോസഫ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസില്‍(സിഫ്ട്) അക്കൗണ്ടന്റായിരുന്നു. അറിയപ്പെടുന്ന ഗുസ്തിക്കാരനും ഇംഗ്ലിഷ് ത്രില്ലര്‍ നോവലുകളുടെ വായനക്കാരനുമായിരുന്ന ജോസഫ്, ക്ലിന്റ്ഈസ്റ്റ്‌വുഡ് എന്ന ഹോളിവുഡ് നടന്റെ ആരാധകനായിരുന്നതിനാല്‍ മകന് ക്ലിന്റ് എന്നുപേരിട്ടു. കുരുന്നു ക്ലിന്റിന്റെ മരണവാര്‍ത്തയറിഞ്ഞ മഹാനടനായ ക്ലിന്റ് തന്റെ ഫോട്ടോഗ്രാഫില്‍ ഇങ്ങനെയെഴുതി, കൈയൊപ്പിട്ട് ജോസഫിന് അയച്ചുകൊടുത്തു.' ടു ക്ലിന്റ്‌സ് പാരന്റ്‌സ്, വിത്ത് ഡീപ്പസ്റ്റ് സിമ്പതി ഓണ്‍ ദ ലോസ് ഓഫ് യുവര്‍ സണ്‍, ക്ലിന്റ്. ''


(ക്ലിന്റ്ഈസ്റ്റ്‌വുഡ് കൈയൊപ്പിട്ട് അയച്ച ചിത്രം)

2019 ജനുവരി 17ന് ക്ലിന്റിന്റെ അച്ഛന്‍ എം.ടി. ജോസഫും കാലയവനികയില്‍ മറഞ്ഞു. ഇപ്പോള്‍, കലൂരില്‍ ജഡ്ജസ് അവന്യുവിനടുത്തുള്ള ഹൗസിംഗ് കോളനിയിലെ 138-ാം നമ്പര്‍ വീട്ടില്‍, പ്രിയപ്പെട്ട മകന്റേയും പ്രിയതമന്റേയും ഓര്‍മ്മകളില്‍ നീറിനീറി, ഏകാകിയും ഖിന്നയും രോഗിയുമായ ഒരു വ്യാകുലമാതാവ് ജീവിച്ചിരിപ്പുണ്ട്-ക്ലിന്റിന്റെ അമ്മ ചിന്നമ്മ.


(കലൂരില്‍ ജഡ്ജസ് അവന്യുവിനടുത്തുള്ള ഹൗസിംഗ് കോളനിയിലെ 138-ാം നമ്പര്‍ വീട്ടില്‍ ക്ലിന്റിന്റെ അമ്മ ചിന്നമ്മ. ഫോട്ടോ: ശലഭ)

കഴിഞ്ഞ ദിവസം സൂര്യന്‍ മേടച്ചൂടില്‍ കത്തിനിന്ന ഒരു പകല്‍ ഞാനും മകള്‍ ശലഭയും ചിന്നമ്മയെ കാണാന്‍ ചെന്നു. പൊന്നുമോന്റേയും ഭര്‍ത്താവിന്റേയും സ്മരണയില്‍ ആ അമ്മ വിതുമ്പി. മുകള്‍നിലയില്‍ മോന്റെ കളിപ്പാട്ടങ്ങളും അവനിരുന്നു വരച്ച കസേരയും അവന്‍ മുറ്റത്തു ചവിട്ടി നടന്ന കുഞ്ഞുസൈക്കിളും, അവന്‍ വരച്ച ഇഷ്ടദേവനായ ഗണപതിയും നിധിപോലെ സൂക്ഷിച്ചു സംരക്ഷിച്ചിരിക്കുന്നു. അവിടത്തെ നിശ്വാസവായുവില്‍പ്പോലും ക്ലിന്റിന്റെ ഗന്ധമുണ്ടായിരുന്നു.


(ക്ലിന്റ്)

ആറു വര്‍ഷവും പത്തു മാസവും ഇരുപത്തിയാറു ദിവസവും മുന്നു മണിക്കൂറുമാണ് ക്ലിന്റ് ഈ ഭൂമിയില്‍ ചെലവഴിച്ചത്-സൗന്ദര്യത്തിന്റെ ക്ഷണിക നിമിഷങ്ങള്‍!ആ പ്രതിഭയുടെ തിരുശേഷിപ്പുകളാവട്ടെ, ഇരുപത്തി ആറായിരത്തോളം മനോഹരചിത്രങ്ങള്‍! മനുഷ്യര്‍ക്ക് കണ്ണുള്ള കാലത്തോളം അവ അതിജീവിക്കും.


(ക്ലിന്റ് മാതാപിതാക്കള്‍ക്കൊപ്പം)

' സിഫ്ടി'ന്റെ തേവരയിലെ ക്വാര്‍ട്ടേഴ്‌സിലെ കുഞ്ഞുമുറിയിലായിരുന്നു ക്ലിന്റിന്റെ ജീവിതം. അവിടത്തെ ചെറിയ ജാലകത്തിലൂടെയാണ് അവന്‍ ആദ്യം ലോകം കണ്ടത്. ആറു മാസം പ്രായമുള്ളപ്പോള്‍, സ്വീകരണമുറിയില്‍ കമിഴ്ന്നുകിടന്ന് അവന്‍ ഒരു വലിയവൃത്തം വരച്ചു. അവന് ചുറ്റിത്തിരിയാന്‍ കഴിയുന്ന പരമാവധി വ്യാസത്തില്‍. മുന്നുറ്റി അറുപതു ഡിഗ്രിയുള്ള ഒതു സമ്പൂര്‍ണ്ണ വൃത്തം. അയാതിരുന്നു, ആദ്യ കലാസൃഷ്ടി. അമ്മ താഴെ മുറ്റത്തുകൊണ്ടുപോയപ്പോള്‍ രഹസ്യമായി സമ്പാദിച്ച് ഉള്ളംകയ്യില്‍ ചുരുട്ടിപ്പിടിച്ചുകൊണ്ടുവന്ന ഇഷ്ടികക്കഷണമായിരുന്നു, ചിത്രോപകരണം. അതുകണ്ട അച്ഛനമ്മമാര്‍ക്ക് വിശ്വസിക്കാനായില്ല. കുട്ടിക്കാലത്തെ മണ്ണു തിന്നുന്ന ദുശ്ശീലമായിട്ടാവാം കല്ലു പെറുക്കുന്നതെന്നായിരുന്നു, അവരുടെ ധാരണ.


(ക്ലിന്റ് വരച്ച ചിത്രം)

ആ ചിത്രം കണ്ട ജോസഫിന്റെ സഹപ്രവര്‍ത്തകനും ചിത്രകാരനുമായിരുന്ന ജി. മോഹനന്‍ കുട്ടിയില്‍ പ്രതിഭയുടെ മിന്നലാട്ടം പ്രവചിച്ചു. അങ്ങനെ മാതാപിതാക്കള്‍ ചോക്കുവാങ്ങിക്കൊടുത്തു. നിലത്തു മാത്രമല്ല, ഭിത്തിയിലും അവന്‍ നിര്‍ത്താതെ വരയ്ക്കാന്‍ തുടങ്ങി. പിന്നെ, 'പപ്പു' ഓഫീസില്‍ നിന്നുകൊണ്ടുവന്ന ഒരു വശം അച്ചടിച്ച കെട്ടുകണക്കിന് കടലാസുകളില്‍, ക്യാന്‍വാസില്‍... ഒടുവില്‍, രേഖാചിത്രങ്ങള്‍ വര്‍ണ്ണചിത്രങ്ങള്‍ക്ക് വഴിമാറി.


(ക്ലിന്റിന്റെ മറ്റൊരു രചന)

ജോസഫ് നല്ല കഥപറച്ചിലുകാരനായിരുന്നു. മകന്റെ വിജ്ഞാനദാഹം ശമിപ്പിക്കാന്‍ അച്ഛനും അമ്മയും മത്സരിച്ച് കഥകള്‍ പറഞ്ഞുകൊടുത്തു. പഞ്ചതന്ത്രം, ഈസോപ്പു കഥകള്‍, ഗ്രീക്ക് മിഥോളജി, രാമായണം, മഹാഭാരതം, ബൈബിള്‍. അവന്റെ സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ തേടി അവര്‍ക്ക് നന്നേ വിയര്‍ക്കേണ്ടി വന്നു. അവര്‍ കൂടുതല്‍ വായിച്ചു, കൂടുതല്‍ ഗൃഹപാഠം ചെയ്തു. പക്ഷെ മകന്റെ വിജ്ഞാനതൃഷ്ണ വര്‍ദ്ധിച്ചു വന്നതേയുള്ളു. പിന്നെ അവന് കഥാപുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തു. കിടക്കയില്‍ കിടന്നുകൊണ്ട് അവന്‍ അവ വായിച്ചുതുടങ്ങി. കൈയ്യെത്തുന്നിടത്തെല്ലാം പുസ്തകങ്ങള്‍ ചിതറിക്കടന്നു. അവന്‍ അതിനിടയില്‍ കിടന്നുറങ്ങി.

അവര്‍ അവനെപുറത്തുകൊണ്ടുപോയപ്പോഴൊക്കെ അവന്‍ എല്ലാം ശ്രദ്ധാപൂര്‍വ്വം നോക്കികണ്ടു. എല്ലാം ഒപ്പുകലാസ്സിലെന്നപോലെ ഹൃദിസ്ഥമാക്കി. പക്ഷികള്‍, മൃഗങ്ങള്‍, മനുഷ്യര്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, എല്ലാം. ആനകളും മൂങ്ങകളും അവന് ചങ്ങാതിമാരായി. പഞ്ചവര്‍ണ്ണക്കിളികളും അണ്ണാര്‍ക്കണ്ണനും കളിക്കൂട്ടുകാരായി. ഭദ്രകാളിയും ഹനുമാനും ഗണപതിയും ഇഷ്ടതോഴരായി. വീരനായകന്മാരായിരുന്നു അവനു പ്രിയപ്പെട്ടവര്‍. അര്‍ജ്ജുനനും അഭിമന്യുവും ബാലിയും രാവണനും ദാവീദും ഗോലിയാത്തും അവന്റെ വരകളില്‍ പുനര്‍ജ്ജനിച്ചു.


(ക്ലിന്റ് വരച്ച ചിത്രം)

ഒരു കടലാസും അവന്‍ ചീത്തയാക്കിയില്ല. വരച്ചതു തൃപ്തികരമായില്ലെങ്കില്‍ മാറ്റിവരയ്ക്കും. പക്ഷേ ആ വരകള്‍ കൃത്യമായിരുന്നു. അവ മാറ്റി വരയ്‌ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ അമ്മയോടു പറഞ്ഞു: '' മമ്മീ, എന്റെ ചിത്രങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണം. ഒന്നും കളയരുത്.' അമ്മ ചോദിച്ചു:'' നീ എന്തിനാണിത് എന്നോട് പറയുന്നത്? നീ നിന്റെ മക്കളോടല്ലേ, ഇത് പറയേണ്ടത്?'' ക്ലിന്റ് ഒന്നും മിണ്ടിയില്ല.

'' വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ,

ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ, നിങ്ങള്‍''

-വൈലോപ്പിള്ളി.

പെരുമാനൂരിലെ(തേവര) നേഴ്‌സറി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ക്ലിന്റ് ആദ്യമായി ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നത്. ക്ലിന്റിന്റെ പ്രിയപ്പെട്ട ടീച്ചറായ കന്യാസ്ത്രീയായിരുന്നു, നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. ' സ്വപ്‌നം കാണുന്ന കുട്ടി' യായിരുന്നു ചിത്രം. അതിന് ഒന്നാം സമ്മാനം കിട്ടി. പിന്നെ മത്സരങ്ങളുടെ പരമ്പരയായിരുന്നു. അപ്പോഴേക്കും അവനറിയാതെ ഒരു കഠിനരോഗം അവനെ ബാധിച്ചു കഴിഞ്ഞിരുന്നു. മരുന്നു മാറിക്കഴിച്ചതിനാലുള്ള വൃക്കരോഗം. പല ഡോക്ടര്‍മാരേയും കണ്ടു. പല ചികിത്സകളും പരീക്ഷിച്ചു. ഒന്നും ഗുണപ്പെട്ടില്ല. ഒടുവില്‍ പ്രശസ്ത ഹോമിയോ ഡോക്ടര്‍ ജോസഫ് ഏബ്രഹാം അവന്റെ രോഗത്തിന് ശമനം കണ്ടെത്തി. ഒടുവില്‍ അതും കൈവിട്ടു.

ആറാമത്തെ വയസ്സില്‍ കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സ് നടത്തുന്ന, പതിനായിരം കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ക്ലിന്റ് ഒന്നാമനായി. ഒന്നിലേറെ ആനകള്‍ നിരന്ന' പൂര' മായിരുന്നു ആ മനോഹര ചിത്രം.


(ക്ലിന്റിന് പുരസ്‌ക്കാരം നേടിക്കൊടുത്ത ചിത്രം)

മരിക്കുന്നതിന്റെ തലേ ആഴ്ച അവര്‍ ക്ലിന്റുമായി ഫോര്‍ട്ടുകൊച്ചിയില്‍ പോയി. അവിടെ ബീച്ചില്‍ കുറേനേരം ചെലവഴിച്ചു. പിന്നെ ഒരു പള്ളിയില്‍. അത് തുറന്നിരുന്നില്ല, അതിനാല്‍ പിന്നിലെ സിമിത്തേരി കാണിക്കുവാന്‍ കൊണ്ടുപോയി. അവന്റെ പേടി മാറ്റുകയായിരുന്നു, ഉദ്ദേശ്യം. വഴിക്കുവെച്ച് കുറച്ച് മാലകളും വാങ്ങി. പിറ്റേന്ന് ക്ലിന്റ് വീട്ടില്‍ ഒരു കുഴിമാടം ഉണ്ടാക്കി. മുകളില്‍ ഒരു കുരിശുവച്ചു. അതില്‍ മാല ചാര്‍ത്തി. ചിന്നമ്മ ചോദിച്ചു. എന്തിനാണിത്? ഈ കളി വേണ്ട., അവനത് നിര്‍ത്തി. പക്ഷേ, കുറെക്കഴിഞ്ഞ് വീണ്ടും ആ കളി തുടര്‍ന്നു. ചിന്നമ്മയ്ക്ക് എന്തോ പന്തികേട് മണത്തു. അവരത് ഉള്ളിലൊതുക്കി.

അടുത്തദിവസം ക്ലിന്റ് അമ്മയോട് ബൈബിള്‍ വായിക്കാന്‍ പറഞ്ഞു. മമ്മി ഒരു ഭാഗം വായിച്ചു കേള്‍പ്പിച്ചു. ഒരു പിക്ചര്‍ ബൈബിളായിരുന്നു. ക്രിസ്തുവിന്റെ രണ്ടു വശത്തും കുരിശില്‍ കള്ളന്മാര്‍ കിടക്കുന്നു. അവര്‍ ക്രിസ്തുവിനെ പരിഹസിക്കുകയാണ്. ഒരുവന്‍ കളിയാക്കി പറഞ്ഞു. '' നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍ നിന്നും വേഗം രക്ഷപ്പെടൂ.'' അപ്പോള്‍ മറ്റേക്കള്ളന്‍:' നീ പറുദീസയില്‍ പോകുമ്പോള്‍ എന്നേയും ഓര്‍ക്കണേ!'' ക്രിസ്തു ശാന്തനായി പറഞ്ഞു.' നീ എന്റെ ഒപ്പം പറുദീസയില്‍ ഉണ്ടാകും!' ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ക്ലിന്റ് പറഞ്ഞു:' മമ്മീ, ഞാന്‍ കുറച്ചുകഴിഞ്ഞ് ഉറങ്ങിപ്പോകും. ഞാന്‍ എഴുന്നേല്‍ക്കില്ല. മമ്മി കരയരുത്!' ചിന്നമ്മയ്ക്ക് അത് തമാശയായിട്ടാണ് തോന്നിയത്.ഒരു മണിക്കൂര്‍ കഴിഞ്ഞ് ക്ലിന്റ് വീണ്ടും പറഞ്ഞു:' മമ്മീ, എനിക്ക് ഉറക്കം വരുന്നു. എന്നെ കിടത്തൂ. ' അവര്‍ മകനെ കിടത്തി. '' മമ്മീ, എന്റെ കാലു വേദനിയ്ക്കുന്നു. എനിയ്ക്ക് മഫ്‌ളര്‍ ചുറ്റിത്തരുമോ?'' അമ്മ അതു ചുറ്റിക്കൊണ്ടിരുന്നപ്പോള്‍, ക്ലിന്റ് പതുക്കെ തല ഒന്നു വെട്ടിച്ചു. വിളിച്ചപ്പോള്‍, മിണ്ടുന്നില്ല. അനങ്ങുന്നില്ല. അവര്‍ പരിഭ്രാന്തയായി.

ചിത്രകാരന്‍ മോഹനന്റെ ഭാര്യ സീന അവിടെയുണ്ടായിരുന്നു. അവര്‍ പപ്പയുടെ ഓഫീസിലേക്ക് ഫോണ്‍ ചെയ്തു. എല്ലാവരും ചേര്‍ന്ന് ക്ലിന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്ന് കാലത്ത്, പത്തു മണിയോടെ അത് സംഭവിച്ചു... 1983 ഏപ്രില്‍ 15നായിരുന്നു. ഈസ്റ്റര്‍ ദിവസം.

ക്ലിന്റ് അവസാനം വരച്ചത് മുച്ചിലോട്ട് ഭഗവതിത്തെയ്യമായിരുന്നു. കോഴിക്കോട്മാനാഞ്ചിറയില്‍ നിന്നും സ്വര്‍ണ്ണമെഡല്‍ വാങ്ങി കൊയിലാണ്ടിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു ക്ലിന്റും മാതാപിതാക്കളും. വഴിയില്‍ ഒരിടത്തുവച്ചാണ് മുച്ചിലോട്ട് ഭഗവതിയുടെ തെയ്യക്കോലം കാഴ്ചയില്‍പ്പെട്ടത്. ക്ലിന്റ് അത് വരച്ചു.


(മുച്ചിലോട്ട് ഭഗവതിയുടെ തെയ്യത്തിന്റെ ചിത്രം)

ക്ലിന്റിന്റെ മരണശേഷം തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന ഓണാഘോഷ പ്രദര്‍ശനത്തില്‍ ഈ ചിത്രം വെച്ചിരുന്നു. ഇതു കണ്ട ഒരു വൃദ്ധനായ തെയ്യം കെട്ടുകാരന്‍ സംഘാടകരോട് ചോദിച്ചു. ' ഇതു വരച്ച ആള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?' ' എന്താ ഇങ്ങനെ ചോദിച്ചത് ? '' സംഘാടകനായ ടി,.കെ. രാജീവ് കുമാര്‍ ചോദിച്ചു. തെയ്യക്കാരന്‍ പറഞ്ഞു: ' ഞങ്ങള്‍ ഈ കോലം കെട്ടുമ്പോള്‍ മുഖത്തെഴുത്ത് പൂര്‍ത്തിയാക്കാറില്ല. പക്ഷെ ഇത് പൂര്‍ണ്ണമാണ്. കോലം പെര്‍ഫെക്റ്റായാല്‍ തെയ്യക്കാരന്‍ മരിക്കും എന്നാണ് വിശ്വാസം.' മരണത്തിന് ഒരു യുക്തിയുമില്ലല്ലോ!

ക്ലിന്റ് ഒരിക്കല്‍ അമ്മയോട് ചോദിച്ചു' മമ്മീ, നമ്മള്‍ എവിടെ നിന്നാണ് വരുന്നത്? മരിച്ചാല്‍ എങ്ങോട്ടാണ് പോകുന്നത്്? എന്തിനാണ് മരിക്കുന്നത്? '

അതു തന്നെയാണ് നമുക്കും ചോദിക്കാനുള്ളത്:' ക്ലിന്റ്, നീ എവിടെ നിന്നാണ് വന്നത്? ഇത്ര ധൃതിപ്പെട്ട് എങ്ങോട്ടാണ് പോയത്? '


Next Story

Related Stories