TopTop
Begin typing your search above and press return to search.

പ്രതാപ് സിങ്ങുമായി ഒരു സായാഹ്നം

പ്രതാപ് സിങ്ങുമായി ഒരു സായാഹ്നം

തൊള്ളായിരത്തി അറുപതുകളുടെ ആദ്യം മലയാള ചലച്ചിത്ര ഗാനശാഖയില്‍ ഒരു നവവസന്തം പിറന്നു. 'അല്ലിയാമ്പല്‍ക്കടവിലന്ന് അരയ്ക്കു വെള്ളം' എന്ന യുവകാമുകശബ്ദം മലയാളക്കര കീഴടക്കി. ' റോസി ' എന്ന സിനിമയില്‍ യേശുദാസ് എന്ന പയ്യന്റെ വേറിട്ട ശബ്ദമായിരുന്നു, അത്. ജോബ് എന്ന പുതുസംഗീതസംവിധായകനും അതോടെ ശ്രദ്ധ നേടി. മലയാളികളുടെ ചുണ്ടില്‍ ആ ഗാനം നൃത്തം വെച്ചു.യേശുദാസ് എന്ന ഗായകന്റെ ജൈത്രയാത്രയുടെ തുടക്കമായിരുന്നു അത്. കമുകറ പുരുഷോത്തമന്‍, കെ. പി. ഉദയഭാനു എന്നീ പിന്നണി ഗായകര്‍ പതുക്കെ പിന്‍വാങ്ങുകയായിരുന്നു. അതൊടൊപ്പം, പി. ജയചന്ദ്രന്‍ എന്ന മറ്റൊരു ഗായകനും ഉയര്‍ന്നുവന്നു. അത് ചരിത്രം.


(പ്രതാപ് സിങ്ങ്)

സമാന്തരമായി ചിലത് സംഗീത സംവിധാന രംഗത്തും സംഭവിക്കുന്നുണ്ടായിരുന്നു. അജയ്യരായ ജി. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ് എന്നിവര്‍ തിളങ്ങിനിന്ന കാലം. അപ്പോഴാണ് പ്രതാപ് സിങ്ങ് എന്ന പുതിയ സംഗീതസംവിധായകന്റെ രംഗപ്രവേശം. അദ്ദേഹം രണ്ടേ രണ്ടു സിനിമകളിലേ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളു. 1967ല്‍ ഇറങ്ങിയ 'മുള്‍ക്കിരീട'ത്തിലും 76ല്‍ പുറത്തിറങ്ങിയ ' മുത്ത്' എന്ന സിനിമയിലും. പക്ഷെ, ഈ രണ്ടു സിനിമകളിലേയും പാട്ടുകള്‍ വന്‍ ഹിറ്റായി. ഇപ്പോഴും ചലച്ചിത്രഗാനാസ്വാദകര്‍ ഏകാന്തതയില്‍ ആ പാട്ടുകള്‍ മൂളന്നു.


പ്രതാപ് സിങ്ങ് അപൂര്‍വ്വതകള്‍ ഏറെയുള്ള മനുഷ്യനാണ്. ഒന്നാമത് പേരു തന്നെ. പേരുകേട്ടാല്‍ ഏതോ ഒരു ഉത്തരേന്ത്യക്കാരന്‍ സിങ്ങാണെന്ന് വിചാരിക്കും. അല്ല, അസ്സല്‍ മലയാളി. എറണാകുളം ജില്ലയിലെ ചെറായിക്കാരന്‍. രണ്ട് സിനിമകളിലെ പ്രശസ്തിയുടെ പിന്‍ബലത്തില്‍ വേണമെങ്കില്‍ അദ്ദേഹത്തിന് ഗാനരംഗത്ത് തുടരാമായിരുന്നു. അദ്ദേഹം അതിന് തയ്യാറായില്ല. കോടമ്പാക്കത്തോട് അദ്ദേഹം എന്നും അകലം പാലിച്ചു. അതിലും വലിയ പ്രത്യേകത അദ്ദേഹം ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ല എന്നതാണ്. പക്ഷെ, അമ്മ സംഗീതാധ്യാപിക ആയിരുന്നു. അങ്ങനെ മുലപ്പാലിലൂടെ പകര്‍ന്നുകിട്ടയതാണ് അദ്ദേഹത്തിന് സംഗീതം. അത് ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ക്യാനഡയിലുള്ള എന്‍ജിനീയറായ മകന്‍ പ്രദീപും ഈ പാരമ്പര്യം ഏറ്റുവാങ്ങിയ സംഗീതജ്ഞനാണ്. മാത്രമോ, മലയാള സിനിമയില്‍ ട്യൂണ്‍ ഇട്ടതിനുശേഷം പാട്ടെഴുതിയതിന് ആദ്യ കാരണക്കാരന്‍ പ്രതാപ്‌സിങ്ങാണ്. മറ്റൊരു പ്രത്യേകത, മദ്രാസിലെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്ന് ഗാനം കേരളത്തിലെ ഒരു ഹാളിനുള്ളില്‍ വെച്ച് ശബ്ദലേഖനം ചെയ്തു ചരിത്രം സൃഷ്ടിച്ചുവെന്നതാണ്. ഈ എണ്‍പത്തിയാറാം വയസ്സിലും നിര്‍മ്മമനായി, നര്‍മ്മബോധത്തോടെ ' ഞാനിതൊന്നും, അറിഞ്ഞതേയില്ല'' എന്ന മട്ടില്‍ നിസ്സംഗതയോടെ സംസാരിക്കുകയാണ് പ്രതാപ് സിങ്ങ്. ഇക്കഴിഞ്ഞ ദിവസം ഒരു സായാഹ്നം അദ്ദേഹത്തൊടൊപ്പം ഇരിങ്ങാലക്കുടയിലെ ശാന്തിനഗറിലുള്ള ' ശ്രീരാഗം ' എന്ന വസതിയില്‍ ചെലവഴിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. കൂടെ, എന്റെ നിതാന്ത സ്‌നേഹിതനും സംഗീത പണ്ഡിതനും പത്രപ്രവര്‍ത്തകനുമായ ഹസ്സന്‍ കോയയുമുണ്ടായിരുന്നു. ദൃക്‌സാക്ഷിയായി നാട്ടില്‍ അവധിക്ക് എത്തിയ പ്രതാപ് സിങ്ങിന്റെ മകന്‍ പ്രദീപും.

ആദ്യ സംഗീത സംവിധാന സംരംഭമായ 'മുള്‍ക്കിരീട'ത്തിലെ ഹിറ്റ് ഗാനങ്ങളുടെ പിറവി ഇങ്ങനെയാണ്-

ആലുവ വാട്ടര്‍ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന കാലത്ത്(1966) വൈകുന്നേരം ഓഫീസ് വിട്ട് ഞാന്‍ നഗരത്തിലുള്ള തമ്പി എന്ന സുഹൃത്തിന്റെ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ ചെന്നിരിക്കും. തമ്പി നല്ല ഗായകനാണ്. മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍ ഗംഭീരമായി പാടും. അവിടെ സുഹൃത്തുക്കള്‍ പലരും വരും, പാട്ടുകള്‍ ആസ്വദിക്കും. കൂട്ടത്തില്‍ സിനിമക്കാരും കാണും. ഇടയ്ക്ക് തമ്പി പറയും. ' മാഷേ നമുക്കൊരു പടം ചെയ്യണം. മാഷ് സംഗീത സംവിധാനം നിര്‍വ്വഹിക്കണം.' ഞാനത് തമാശയായിട്ടേ എടുത്തിരുന്നുള്ളു. ഒരു ദിവസം എന്‍.എന്‍. പിഷാരടി എന്ന സംവിധായകനെ തമ്പി പരിചയപ്പെടുത്തി. അദ്ദേഹം ഇടയ്ക്കുവരും. ഒരു ദിവസം തമ്പി പറഞ്ഞു. പിഷാരടി സാര്‍ പുതിയ ഒരു പടം ചെയ്യുന്നുണ്ട്. മാഷ് സംഗീത സംവിധാനം നിര്‍വ്വഹിക്കണം. പിഷാരടിയും ഇതാവര്‍ത്തിച്ചു. ഞാന്‍ അമ്പരന്നു. അദ്ദേഹം പറഞ്ഞു. നമുക്കുടന്‍ മദിരാശിക്ക് പുറപ്പെടണം. വേഗം റെഡിയായിക്കോളൂ. ഞാന്‍ രണ്ടാഴ്ച അവധിയെടുത്തു. ഞങ്ങള്‍ മദ്രാസിലേക്ക് തീവണ്ടി കയറി. പി. ഭാസ്‌ക്കരനാണ് പാട്ടെഴുതുന്നത്. അവിടെ ചെന്നപ്പാഴാണറിയുന്നത് അദ്ദേഹം നാട്ടിലാണ്, നാലു ദിവസങ്ങള്‍ കഴിഞ്ഞേ വരൂ. അത്രയും ദിവസങ്ങള്‍ വെറുതെ പാഴായിപ്പോകുമല്ലോ.


(എന്‍.എന്‍. പിഷാരടി)

പിഷാരടി ഒരു ആശയം പറഞ്ഞു. ഹിന്ദിയിലൊക്കെ ആദ്യം ട്യൂണ്‍ ഉണ്ടാക്കും. അതനുസരിച്ചാണ് പാട്ടെഴുതുക. നമുക്കും ഒന്നു പരീക്ഷിച്ചാലോ? ഞാന്‍ പറഞ്ഞു. അത് ഹിന്ദിയില്‍ പറ്റും, മലയാളത്തില്‍ എളുപ്പമല്ല. പിന്നെ ഞാന്‍ ഒരു പുതുമുഖമാണ്. ഭാസ്‌ക്കരന്‍ മാഷാവട്ടെ സെലിബ്രിറ്റിയും. അദ്ദേഹം സമ്മതിക്കുമോ?

അദ്ദേഹത്തെക്കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു. -പിഷാരടി. എന്നാല്‍ വൈകിപ്പിക്കേണ്ട പാട്ടിന്റെ സന്ദര്‍ഭം പറയൂ.'' ഞാന്‍ നാലു പാട്ടുകള്‍ക്കുള്ള ട്യൂണ്‍ സൃഷ്ടിച്ചു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അഞ്ചാം ദിവസം ഭാസ്‌ക്കരന്‍ മാഷ് വന്നു. എന്നെ പരിചയപ്പെടുത്തി. അദ്ദേഹം ചോദിച്ചു ''എവിടെയാണ് നാട്? '' ഞാന്‍ പറഞ്ഞു. ' ചെറായി. സഖാവ് സത്യവ്രതന്റെ അനിയനാണ്.' അദ്ദേഹം വികാരാധീനനായി.'' എടോ തന്റെ അമ്മ എത്രദിവസം എനിക്ക് ചോറ് വിളമ്പിതന്നിട്ടുണ്ട്. തനിക്ക് സംഗീതം പാരമ്പര്യമല്ലേ? ''


(പി. ഭാസ്‌ക്കരന്‍)

നാലു ട്യൂണുകളും അദ്ദേഹത്തിന് ഇഷ്ടമായി. ആര്‍.കെ.ശേഖര്‍ ബാഗ്രൗണ്ട് സ്‌കോര്‍ ഒരുക്കി. ജാനകിയമ്മ പാടി. '' കുളികഴിഞ്ഞു കോടിമാറ്റിയ/ ശിശിരകാല ചന്ദ്രികേ'' എന്ന ഗാനം ജാനകിയമ്മയ്ക്കിഷ്ടപ്പെട്ട പത്തു പാട്ടുകളില്‍ ഒന്നാണെന്ന് അവര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. റെക്കോഡിംഗ് കഴിഞ്ഞിട്ട് നാലപ്തു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ അവരെ വീണ്ടും കാണുന്നത്. തൃശ്ശൂരില്‍ ഫിലിപ്പ് വി.ഫ്രാന്‍സിസ് എന്ന സംഗീതജ്ഞന്റെ മരണാനന്തര ചടങ്ങില്‍വെച്ച്. ആ തിരക്കിനിടയില്‍ ഞാനവരുടെ ചെവിയില്‍ ആ പാട്ടുമൂളി. അവര്‍ അത്ഭുതപരതന്ത്രയായി. ആയിടെ പ്രശസ്ത പിന്നണി ഗായകന്‍ പി.ബി. ശ്രീനിവാസനോട് ഒരു പയ്യന്‍ ഗംഭീര പാട്ട് ചെയ്തിട്ടുണ്ടെന്ന് ആരോ പറഞ്ഞപ്പോള്‍ അദ്ദേഹം സ്റ്റുഡിയോയില്‍ വന്ന് പാട്ടു കേട്ടു. എന്നെ അഭിനന്ദിച്ചു. അതാണ് മഹത്വം. അതോടെ ഞാന്‍ അംഗീകരിക്കപ്പെട്ടു. പാട്ട് ഹിറ്റായി. എനിക്കു തന്നെ വിശ്വസിക്കാനായില്ല... അന്ന് ഒറ്റ മൈക്കില്‍ ഒറ്റ പ്രാവശ്യമായിട്ടാണ് പാടുന്നത്. പില്‍ക്കാലത്താണ് മുറിച്ചു പാടുന്ന സമ്പ്രദായം വന്നത്.


(എസ് ജാനകി)

ഞാന്‍ ഹാര്‍മോണിയത്തിലാണ് ട്യൂണ്‍ ചെയ്യുന്നത്. അമ്മ മ്യൂസിക് ടീച്ചറായിരുന്നു എന്നു പറഞ്ഞല്ലോ. എനിക്ക് അമ്മയുടെ സ്വാധീനം വല്ലാതെയുണ്ട്. അമ്മ സാധകം ചെയ്യുന്നതും പാടുന്നതും കേട്ടാണ് ഞാന്‍ വളര്‍ന്നത്. പക്ഷേ, കച്ചേരി കേള്‍ക്കാന്‍ പോകാറില്ല. ഭാഗവതര്‍മാര്‍ പാടുന്നത് എനിക്കിഷ്ടമായിരുന്നില്ല. .യേശുദാസും ബാലമുരളീകൃഷ്ണയും പാടിത്തുടങ്ങിയപ്പോഴാണ് സാധാരണ ജനങ്ങള്‍ ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെട്ടു തുടങ്ങിയത്.

പിഷാരടി കാരണമാണ് പുതുമകള്‍ പരീക്ഷിയ്ക്കാന്‍ അവസരം കിട്ടിയത്. ചിലര്‍ വിളിച്ചിട്ട് ഞാന്‍ മദ്രാസില്‍ പോയി. പെരുവാരം ചന്ദ്രശേഖരന്‍ എന്ന ചലച്ചിത്ര പത്രപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു. അദ്ദേഹം ' ശശികല' എന്ന ഒരു മാസിക നടത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം പ്രശസ്തനായ ഒരു നിര്‍മ്മാതാവിനെ കാണാന്‍ പോയി, ഡോക്ടറാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹം '' കുളി കഴിഞ്ഞ്..'' കേട്ടുകൊണ്ടിരിക്കുകയാണ്. രണ്ട് പടത്തിന് ക്ഷണം കിട്ടി. പക്ഷേ, ജോലി കാരണം പോകാന്‍ പറ്റിയില്ല. പലരും മദിരാശി നഗരത്തില്‍ ജീവിതം തുലച്ചിട്ടുണ്ട്. ഞാന്‍ ഭാഗ്യാന്വേഷിയാകാന്‍ ശ്രമിച്ചില്ല.

' മുള്‍ക്കിരീടം' വിജയിച്ചില്ല. പടം പരാജയമായിരുന്നു. കാലം കുറേക്കഴിഞ്ഞ് പിഷാരടിയെ സഹായിക്കാന്‍ രണ്ട് സ്‌നേഹിതര്‍ തയാറായി. അവര്‍ക്ക് മിനിമം ബജറ്റില്‍ പടം ചെയ്യണം. മദ്രാസില്‍ പോയി പാട്ടു റെക്കോര്‍ഡ് ചെയ്യുന്നതിലും ലാഭം നാട്ടില്‍ ചെയ്യുന്നതല്ലേ എന്ന ഒരാലോചന വന്നു. ഭാഗ്യത്തിന് ജോണ്‍സണ്‍ സമ്മതിച്ചു. അദ്ദേഹം അന്ന് സ്വന്തമായി സിനിമ ചെയ്തിട്ടില്ല. ദേവരാജന്‍ മാഷുടെ അസിസ്റ്റന്റാണ്. എനിക്കാണെങ്കില്‍ ആര്‍ട്ടിസ്റ്റുകളെ ആരേയും അറിയില്ല. ജോണ്‍സണ്‍ ബാഗ്രൗണ്ട് മ്യൂസിക്ക് ചെയ്യാമെന്ന് സമ്മതിച്ചു. മദ്രാസില്‍ നിന്നും വന്നു. പ്രൊഡ്യൂസര്‍ക്ക് ട്യൂണുകള്‍ ഇഷ്ടമായി. അങ്ങനെ തൃശൂര്‍ നഗരത്തില്‍ തിരുവമ്പാടി അമ്പലത്തിനടുത്തുള്ള ' നടനനികേതന്‍ ' എന്ന ഒരു ഹാളില്‍ വെച്ച് റിക്കോര്‍ഡിംഗ് നടത്തി. ഏഴ് പാട്ടുകള്‍ അഞ്ചു ദിവസം കൊണ്ട് ജോണ്‍സണ്‍ റെക്കോര്‍ഡ് ചെയ്തു. അയാള്‍ ഒരു പ്രതിഭാസമാണ്-ഹാര്‍മോണിയം, ഗിറ്റാര്‍, ഫ്‌ളൂട്ട്, എല്ലാം കൈകാര്യം ചെയ്യും. ഞാന്‍ ട്യൂണ്‍ ചെയ്തു.. ഗാനരചന എന്റെ സുഹൃത്തായ കെ.എസ്. നമ്പൂതിരിയാണ്. അദ്ദേഹം ഏലൂര്‍ ഫാക്ട് ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. നാടകകൃത്ത്. 'സമസ്യ', 'സമാവര്‍ത്തനം' എന്നീ നാടകങ്ങളിലൂടെ പ്രശസ്തന്‍. 1976ല്‍ ആണ്. യേശുദാസ് വന്നുപാടി. ഒരു റിസ്‌ക്ക് എടുക്കാന്‍ ദാസ് തയ്യാറായി. കാരണം അദ്ദേഹം അന്ന് തിരുവനന്തപുരത്ത് ' തരംഗിണി ' സ്റ്റുഡിയോ തുടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു. ആ സംരംഭം വിജയിക്കുമോയെന്ന് നോക്കാമല്ലോ. കെ.എസ്. നമ്പൂതിരിയുടെ ' വിമൂക, ശോക, സ്മൃതികളുയര്‍ത്തും' 'ഭൂഗോള ദര്‍ശനശാല', 'ആകാശത്താഴ്‌വരക്കാട്ടില്‍' എന്നീ ഗാനങ്ങള്‍ വന്‍ ഹിറ്റായി. അങ്ങനെ ക്രമേണ സ്റ്റുഡിയോകള്‍ മദിരാശിയില്‍ നിന്നും കേരളത്തിലേക്ക് പറിച്ചുനടപ്പെട്ടു.

ഞാന്‍ ശ്രീമൂലനഗരം വിജയനുവേണ്ടി കുറെ നാടകങ്ങളില്‍ ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. പ്രശസ്തമായ ' കല്പാന്തകാലത്തോളം' ആദ്യം ട്യൂണ്‍ ചെയ്തത് ഞാനാണ്. ഒരു കഥകളി ട്യൂണിലായിരുന്നു. അന്ന് നാടകങ്ങള്‍ക്ക് സംഗീത സംവിധായകനും കൂടെപ്പോകണം. ഒരിക്കല്‍ എനിക്ക് പോകാന്‍കഴിഞ്ഞില്ല. പകരം വിദ്യാധരന്‍ മാഷെ വിളിച്ചു. അത് ഹിറ്റായി. ഇപ്പോള്‍ ശ്രീമൂലനഗരം വിജയന്റെ മകന്‍ പൊന്നന്‍ ഒരു പുതിയ സിനിമ എടുക്കുന്നുണ്ട്. അതില്‍ രണ്ട് പാട്ടുകള്‍ ഞാന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്.


(പ്രതാപ് സിങ്ങ്)

1960 മുതല്‍ പ്രതാപ് സിങ്ങ് പബ്ലിക്ക് ഹെല്‍ത്ത് എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ ഡ്രാഫ്റ്റ്‌സ്മാനായി ജോലി നോക്കി. 1990ല്‍ വിരമിച്ചു. 1966ലും 77ലും രണ്ട് സിനിമകള്‍ക്ക് (മുള്‍ക്കിരീടം, മുത്ത്) സംഗീത സംവിധാനം നിര്‍വ്വഹിച്ചു. 1973ല്‍ അങ്കമാലി പൗര്‍ണ്ണമി തീയറ്റേഴ്‌സിന്റെ ' തടാകം' എന്നനാടകത്തിലെ സംഗീത സംവിധാനത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1976 മുതല്‍ 2005 വരെ അദ്ദേഹം സംഗീത രംഗത്തുനിന്ന് വിട്ടുനിന്നു.

എഴുപത്തി രണ്ടാം വയസ്സില്‍ അദ്ദേഹം സാഹിത്യരചനയിലേക്ക് പ്രവേശിച്ചു. അഞ്ചു വര്‍ഷങ്ങള്‍കൊണ്ട് ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളിലായി 12 പുസ്തകങ്ങള്‍. ആദ്യ മൂന്നു സമാഹാരങ്ങളും ആത്മകഥാപരമായ രചനകളാകുന്നു. ഭാര്യ തങ്കമണി റിട്ടയേഡ് ഹിന്ദി ടീച്ചര്‍. മൂന്നു മക്കള്‍-ഒരാണും രണ്ട് പെണ്ണും. പ്രതാപ് സിങ്ങ് ഇരിങ്ങാലക്കുട ശാന്തിനഗറില്‍, ശ്രീരാഗം എന്ന ഭവനത്തില്‍ സംഗീത പ്രതിഭകളായ ജോണ്‍സണ്‍ മാസ്റ്റര്‍, ഫിലിപ്പ് വി. ഫ്രാന്‍സിസ്, കെ.എസ്. നമ്പൂതിരി തുടങ്ങിയ ആത്മ സുഹൃത്തുക്കളുടെ ' വിമൂകശോക സ്മൃതികളില്‍' മുഴുകി ജീവിക്കുന്നു.


Next Story

Related Stories