TopTop
Begin typing your search above and press return to search.

'വെണ്ണയുടെ മാര്‍ദ്ദവവുമുള്ള ആര്‍ദ്രഹൃദയത്തിന്റെ വിക്ഷേപങ്ങള്‍'

വെണ്ണയുടെ മാര്‍ദ്ദവവുമുള്ള ആര്‍ദ്രഹൃദയത്തിന്റെ വിക്ഷേപങ്ങള്‍

കേരളീയ നവോത്ഥാന നായകന്മാരുടെ നിരയില്‍ അഗ്രഗാമിയായിരുന്നു, സ്വാമി ആനന്ദതീര്‍ത്ഥന്‍. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമായ അധ:സ്ഥിതരുടെ ഉന്നമനത്തിനായി ഉയിരുകൊടുത്ത ഉജ്ജ്വലവ്യക്തിത്വത്തിന്റെ ഉടമ. നിസ്വാര്‍ത്ഥ സേവകനും നിഷ്‌ക്കാമകര്‍മ്മിയും നിര്‍ഭയനായ പോരാളിയുമായ ആനന്ദതീര്‍ത്ഥനെ മനസ്സിലാക്കുന്നതില്‍ കേരളീയ സമൂഹം പക്ഷേ, പരാജയപ്പെട്ടു. സ്വാമിജിയെപ്പറ്റി കൂടുതല്‍ പഠിക്കാനിടയായപ്പോള്‍ എന്നെ അലട്ടിയ പ്രധാന ചോദ്യം എന്തുകൊണ്ട് ആനന്ദതീര്‍ത്ഥനെ അംഗീകരിക്കാന്‍ കേരളീയ പരിഷ്‌കൃത സമൂഹം തയ്യാറായില്ല എന്നതാണ്. അതിന്റെ ഉത്തരം നാം ഇന്നും താഴ്ന്നജാതിക്കാരോട് പുലര്‍ത്തുന്ന അസഹിഷ്ണുതയല്ലാതെ മറ്റൊന്നുമല്ല. അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ നിരന്തരം പ്രതിഷേധം പ്രകടിപ്പിച്ച കര്‍മ്മധീരനായിരുന്നു സ്വാമിജി. സാഹസികനായ ഒറ്റയാള്‍പട്ടാളം.

യാഥാസ്ഥിതികരുടെ മര്‍ദ്ദനമേല്‍ക്കാത്ത ഒരിഞ്ചുപോലും സ്വാമിയുടെ ശരീരത്തിലുണ്ടായിരുന്നില്ല. സ്വാമിജി ക്രിസ്തുവിനെപ്പോലെ സഹിച്ചു. അടിയെല്ലാം നിന്നുകൊണ്ടു. ബോധം കെട്ടപ്പോള്‍ നിലത്തുവീണു. അവിടെക്കിടന്നും അടിയേറ്റു. അടിയാളന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു സ്വാമിജിയുടെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പാത കഠിനമായിരുന്നു. ആ ഏകാന്തപാതകളിലൂടെ ഒറ്റയ്ക്കു നടക്കാനായിരുന്നു, ആനന്ദതീര്‍ത്ഥന്റെ വിധി. എഴുപത്തിയേഴ് വയസ്സുവരെ അത് തുടര്‍ന്നു. ഒടുവില്‍ ശത്രുവിന്റെ മര്‍ദ്ദനമേറ്റ് അത് ഒടുങ്ങി. അത്യന്തം ദു:ഖപര്യവസായിയായ അന്ത്യം.

തലശ്ശേരിയിലെ സമ്പന്നമായ ഒരു യാഥാസ്ഥിതിക ഗൗഢസാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ 1905 ജനുവരി രണ്ടിനാണ് അനന്തഷേണായി ജനിച്ചത്. ബ്രണ്ണന്‍ കോളജില്‍നിന്നു ബിരുദം സമ്പാദിച്ചശേഷം മദിരാശി പ്രസിഡന്‍സി കോളജില്‍ നിന്നും രണ്ടാം റാംങ്കോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിദ്യാഭ്യാസത്തിനുശേഷം മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക് പോകാനായിരുന്നു ആഗ്രഹം. ഇക്കാര്യം സര്‍ രാജഗോപാലാചാരിയെ അറിയിച്ചു. രാജാജിയാണ് പാലക്കാട്ടെ ശബരി ആശ്രമത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഉപദേശിച്ചത്. അവിടെ ദരിദ്രരായ ഹരിജന്‍ കുട്ടികളും മുസ്ലിം കുട്ടികളുമുണ്ടായിരുന്നു. അവിടെവെച്ചാണ് കല്പാത്തി ഗ്രാമത്തില്‍ അവര്‍ണ്ണര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന് അറിയുന്നത്. ആര്യസമാജക്കാരുടെ സമരത്തില്‍ അദ്ദേഹവും പങ്കെടുത്തു. കല്പാത്തിറോഡ് എല്ലാവര്‍ക്കും തുറന്നുകിട്ടി.

1927 ഫെബ്രുവരിയില്‍ ഒരു സംഭവമുണ്ടായി. ശബരി ആശ്രമത്തിലെ കുട്ടികളുമായി അടുത്തുള്ള ചന്തസ്ഥലം സന്ദര്‍ശിക്കാന്‍ പോയി. അയിത്തജാതിക്കാരെ കണ്ടപ്പോള്‍ യാഥാസ്ഥിതികര്‍ രോഷാകുലരായി. അവര്‍ ഷേണായിയെ നിര്‍ദ്ദയം പ്രഹരിച്ചു. അയിത്തത്തിന്റെ കാഠിന്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 1930ല്‍ തൃശ്ശിനാപ്പള്ളിയിലെത്തി വേദാരണ്യത്തിലേക്കുള്ള ഉപ്പുസത്യഗ്രഹയാത്രയില്‍ പങ്കെടുത്തപ്പോഴാണ് തമിഴ്‌നാട്ടിലെ അധ:കൃതരുടെ ചേരികള്‍ കാണാനും അവരുടെ ശോച്യാവസ്ഥ അടുത്തറിയുവാനും ഇടയായത്. അനന്തഷേണായി കോളജില്‍ പഠിക്കുന്ന കാലത്ത് ഗുരുവായൂരില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരില്‍ ഒരാള്‍ അന്നവിടെ എന്‍ജിനീയറായിരുന്നു. അങ്ങാടിയില്‍ ശര്‍ക്കര വാങ്ങാന്‍ ചെന്നപ്പോള്‍ കടക്കാരന്‍ ജാതി ചോദിച്ചു. അദ്ദേഹം പറയാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് തീയര്‍ക്ക് അവിടെ പ്രവേശനമില്ല എന്നറിഞ്ഞത്. അമ്പലക്കുളത്തില്‍ കുളിക്കാന്‍ ചെന്നപ്പോള്‍ ജാതി പറയാത്തതുമൂലം മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. ഉപ്പുസത്യഗ്രഹത്തില്‍ സംബന്ധിച്ച് ജയിലില്‍ കഴിയുമ്പോള്‍ ഇക്കാര്യങ്ങള്‍ കേളപ്പജിയോട് പറയുകയും ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

1931ല്‍ ഗാന്ധി -ഇര്‍വിന്‍ സന്ധിപ്രകാരം ജയില്‍ മോചിതനായശേഷം തലശ്ശേരിയില്‍ ' ശ്രീനാരായണ സത്യഗ്രഹ ക്യാമ്പ് ' സംഘടിപ്പിച്ച് വിദേശ വസ്ത്ര ബഹിഷ്‌ക്കരണത്തിനും മദ്യഷാപ്പ് പിക്കറ്റിങ്ങിനും ശ്രമമാരംഭിച്ചു. 1931ല്‍ ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു. ഏ.കെ. ഗോപാലനും കെ.പി.ഗോപാലനും നയിച്ച ജാഥയില്‍ ആനന്ദതീര്‍ത്ഥനും അനുഗമിച്ചിരുന്നു. ഇതിനിടെ പയ്യന്നൂര്‍ കണ്ടോത്ത് തീയ്യരുടെ പള്ളിയറയുടെ മുന്നില്‍ക്കൂടി ഹരിജനങ്ങളേയും കൂട്ടി നടത്തിയ ജാഥയില്‍ പങ്കെടുത്ത ഏ.കെ.ജി, കെ.എ. കേരളീയന്‍, ടി.എസ്. തിരുമുമ്പ് തുടങ്ങിയവര്‍ക്ക് കൊടിയമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു, അതിനാല്‍ പയ്യന്നൂര്‍ തന്നെയാകട്ടെ തന്റെ പ്രവര്‍ത്തനകേന്ദ്രം എന്ന് സ്വാമി ആനന്ദതീര്‍ത്ഥന്‍ തീരുമാനിച്ചു. അങ്ങനെയാണ് 1931 നവംബര്‍ 21ന് ശ്രീനാരായണ വിദ്യാലയം എന്ന സ്ഥാപനം തുടങ്ങിയത്. അന്ന് ഹരിജനങ്ങളെ വിദ്യാലയങ്ങളില്‍ ചേര്‍ത്തിരുന്നില്ല, അവിടത്തെ അന്തേവാസികളായ ഹരിജന്‍ കുട്ടികളെ ശര്‍മ്മ, മാരാര്‍, നമ്പ്യാര്‍ മുഹമ്മദ്, റഹിം, ജോര്‍ജ്ജ് എന്നിങ്ങനെയുള്ള പേരുകള്‍ നല്‍കി സ്‌ക്കൂളുകളില്‍ ചേര്‍ത്തു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ആയിരുന്ന കാള്‍ട്ടന്‍ സായിപ്പ് സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ സഹായിച്ചിരുന്നു. ഹരിജന്‍ കോളനികളിലും ചേരികളിലും തേടിനടന്ന് കഴിവുള്ള കുട്ടികളെ കണ്ടെത്തികൊണ്ടുവന്ന് കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ച്, ഭക്ഷണം കൊടുത്ത് പഠിപ്പിച്ച് പരിപാലിക്കുന്നത് സ്വാമിജി സ്വന്തം ധര്‍മ്മമായി ഏറ്റെടുത്തു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തിലുടനീളം സ്വാമിയുടെ ശ്രദ്ധ പതിഞ്ഞിരുന്നു.

പ്രസിദ്ധ പത്രപ്രവര്‍ത്തകനും സാംസ്‌ക്കാരിക നായകനും വിശിഷ്യാ പയ്യന്നൂര്‍ സ്വദേശിയുമായ സി.പി. ശ്രീധരന്‍ ഇങ്ങനെ എഴുതുന്നു: ' ഹരിജനകുട്ടികളെ കുളിപ്പിച്ച് നന്നാക്കി നല്ല ഉടുപ്പം കൊടുത്ത് വിട്ടയ്ക്കുകയല്ല സ്വാമിജി ചെയ്തത്. അവര്‍ക്ക് മറ്റുള്ളവരെപ്പോലെ തന്നെ വിദ്യയും തൊഴിലും നല്‍കി സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവുണ്ടാക്കികൊടുക്കുന്നതുവരേയും അച്ഛന്റേയും രക്ഷകര്‍ത്താവിന്റേയും കടമയായിരുന്നു സ്വാമിജി നിര്‍വഹിച്ചിരുന്നത്. ആ മുന്‍കോപവും അസഹിഷ്ണുതയും വെണ്ണയുടെ മാര്‍ദ്ദവവുമുള്ള ആര്‍ദ്രഹൃദയത്തിന്റെ വിക്ഷേപങ്ങള്‍ മാത്രമായിരുന്നു.'

കേസ്സും കോടതിയുമായി സ്വാമിജി കേരളം ഉടനീളം സഞ്ചരിച്ച് ഹരിജനോദ്ധാരണം നടത്തിക്കൊണ്ടിരുന്നു. തന്റെ പൂര്‍വ്വികമായ സ്വത്ത് മുഴുവനും ഉപയോഗിച്ചാണ് സ്വാമിജി പയ്യന്നൂര്‍ ശ്രീനാരയണ വിദ്യാലയം നിര്‍മ്മിച്ചത്. നിത്യച്ചെലവിന് സുഹൃത്തുക്കളുടെ സഹായവും തേടി. സുബ്രഹ്മണ്യഷേണായി, പയ്യന്നൂരിലെ ചില വ്യാപാരികള്‍ എന്നിവര്‍ അകമഴിഞ്ഞു സഹായിച്ചു. വാത്സല്യനിധിയായ സ്വന്തം മാതാവ് ഇടയ്ക്കിടെ പണം എത്തിച്ചുകൊണ്ടിരുന്നു.

സ്വാമിജിയുടെ ആകാരത്തെ കുറിച്ച് പ്രിയശിഷ്യന്‍ എം.എ. രാജന്‍ എഴുതുന്നു: ' കുറിയദേഹം, ഒരു മല്ലയുദ്ധ വിദഗ്ധന്റേതുപോലെയുള്ള മാംസളവും ബലിഷ്ഠവുമായ ബാഹുക്കള്‍. പരന്നുയര്‍ന്ന ഫാലം. ഉയര്‍ന്നുനീണ്ട നാസിക. തിളങ്ങുന്ന കണ്ണുകള്‍. ഒരു നിത്യബ്രഹ്മചാരിയുടെ മുഖത്ത് കളിയാടുന്ന ആ പ്രത്യേകതരം തേജസ്സ്. വിശാലവും രോമാവൃതവുമായ വക്ഷസ്സ്. വിജ്ഞാനത്തിന്റെ വെള്ളിരേഖ വെട്ടിത്തിളങ്ങുന്ന അര്‍ദ്ധ മുണ്ഡിത ശിരസ്സ്. ലളിതമായ കാഷായവസ്ത്രം. കയ്യിലൊരു ചെറിയ ബാഗ്. പൊരിവെയിലത്തും കക്ഷത്തില്‍ തിരുകിപ്പിടിച്ചിരിക്കുന്ന ഒരു പഴയ ശീലക്കുട. പാദരക്ഷകള്‍ ചിലപ്പോള്‍ കണ്ടേക്കാം. ഉറച്ചതും അളന്നു മുറിച്ചതുമായ നടത്തം. ഒറ്റനോട്ടത്തില്‍ ചിന്താമഗ്നനാണെന്നു തോന്നുമെങ്കിലും ചുറ്റുപാടും നടക്കുന്നതെന്തിലും ശ്രദ്ധപതിയുന്നുണ്ടെന്ന് എളുപ്പം ബോധ്യമാകും. പരിചയക്കാരെ ആരെ കണ്ടാലും മന്ദസ്മിതത്തോടുകൂടിയുള്ള അഭിവാദ്യവും ചുരുക്കം ചില വാക്കുകളില്‍ കുശലപ്രശ്‌നവും ലക്ഷ്യം വച്ചുള്ള പോക്കും. ഈ അസാധാരണ മനുഷ്യനാണ് എന്റെ അഭിവന്ദ്യനായ ഗുരു ശ്രീ. സ്വാമി ആനന്ദതീര്‍ത്ഥന്‍.'

മദിരാശിയില്‍ പഠിക്കുമ്പോള്‍ വൈക്കം സത്യഗ്രഹത്തെപ്പറ്റി വായിച്ചപ്പോഴാണ് ശ്രീനാരായണ ഗുരുവിനെപ്പറ്റിയുള്ള ശരിയായ ബോധം അനന്തനില്‍ ഉണ്ടായത്. ശബരി ആശ്രമത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍(1927) ആശ്രമകാര്യത്തിനുവേണ്ടി കോയമ്പത്തൂര്‍ പോകേണ്ടിവന്നു. യാദൃശ്ചികമായി ഗുരു അവിടെ എത്തിയിരുന്നു. ഒരു ചെട്ടിയാരുടെ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഗുരുവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹം പോയി. അപ്പോള്‍ സ്വാമികള്‍ ഒരു ചാരു കസേരയില്‍ വിശ്രമിക്കുകയായിരുന്നു. അദ്ദേഹം ഭക്തിപൂര്‍വ്വം നമസ്‌ക്കരിച്ചു. ശബരി ആശ്രമത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ഗുരു പറഞ്ഞു: ' കൊള്ളാം. സാധുക്കുട്ടികളെ സംരക്ഷിക്കുന്നത് നല്ലതു തന്നെ.' ശബരി ആശ്രമത്തെക്കുറിച്ചും സ്ഥാപകനായ ടി. ആര്‍. കൃഷ്ണസ്വാമി അയ്യരെപ്പറ്റിയും ഗുരുവിന് നല്ലപോലെ അറിയാമെന്ന് അനന്തന് മനസ്സിലായി. ഇതായിരുന്നു അനന്തന് ലഭിച്ച ആദ്യ ഗുരുദര്‍ശനം.

1927 ഒക്ടോബറില്‍ ഗുരുദേവന്‍ പാലക്കാട് ഡോ. കൃഷ്ണന്റെ വസതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന സന്തോഷവാര്‍ത്തകേട്ട് അനന്തന്‍ ഡോക്ടറുടെ വീട്ടിലേക്ക് പുറപ്പെട്ടു. സ്വാമികള്‍ മുന്‍വശത്തെ വരാന്തയില്‍ വിശ്രമിക്കുകയായിരുന്നു. അനന്തന്‍ നമസ്‌ക്കരിച്ചു. ആശ്രമത്തിലേക്ക് ക്ഷണിച്ചു. ' കൊള്ളാം. നാം ശബരി ആശ്രമത്തിലേക്ക് പോകാം. ' എന്നു സ്വാമികള്‍ ഡോക്ടറോട് പറഞ്ഞു. താമസിയാതെ കാറെത്തി. സ്വാമികളും ശിഷ്യന്‍ വിദ്യാനന്ദ സ്വാമികളും കാറില്‍ കയറി. അനന്തനോട് മുന്‍സീറ്റിലിരിക്കാന്‍ പറഞ്ഞു. പോകുമ്പോള്‍, ഒരു പീടികയുടെ അടുത്തുനിര്‍ത്തി വിദ്യാനന്ദ സ്വാമികള്‍ ഒരു കുല നേന്ത്രപ്പഴം വാങ്ങി. ആശ്രമത്തിലെത്തിപ്പോള്‍ സ്വാമികള്‍ സാവധാനം ഇറങ്ങി പ്രാര്‍ത്ഥനാഹാളില്‍ വന്നിരുന്നു. കുട്ടികള്‍ പ്രാര്‍ത്ഥന ചൊല്ലി. സ്വാമികള്‍ കുട്ടികളോട് വൃത്തിയായിരിക്കുവാനും നല്ലപോലെ പഠിക്കുവാനും ഉപദേശിച്ചു. നേന്ത്രപ്പഴം അവര്‍ക്ക് വിതരണം ചെയ്തു. പിന്നെ ഡോക്ടറുടെ വീട്ടിലേക്ക് മടങ്ങി. ഇതായിരുന്നു രണ്ടാമത്തെ ദര്‍ശനം.

1928 ജൂലൈ മാസത്തില്‍ ധര്‍മ്മതീര്‍ത്ഥ സ്വാമികള്‍ ശബരി ആശ്രമത്തിലെത്തി. ഗുരു സ്വാമികളുടെ കത്തുമായാണ് വരവ്. അനന്തനോട് ആവുന്നതും വേഗം വന്നു ചേരണമെന്നായിരുന്നു കത്തില്‍. ജൂലൈ 31ന് അനന്തന്‍ ശിവഗിരിയിലെത്തി. പിറ്റേന്ന് കുളിച്ച് സ്വാമികളുടെ അടുത്തുചെന്നു. അനന്തനെ കണ്ടപ്പോള്‍' എത്തിച്ചേര്‍ന്നുവല്ലേ'' എന്നു മന്ദഹാസത്തോടെ പറഞ്ഞു. അദ്ദേഹം സ്വാമികളെ നമസ്‌ക്കരിക്കുകയും ശിഷ്യനാവാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. ധര്‍മ്മസംഘം അംഗങ്ങളോട് അഭിപ്രായം ചോദിച്ച് മറുപടി പറയാമെന്ന് സ്വാമികള്‍ പറഞ്ഞു. 1928 ഓഗസ്റ്റ് മൂന്നിന് അനന്തന്‍ തലമുണ്ഡനം ചെയ്ത് വാങ്ങിക്കൊണ്ടുവന്ന വസ്ത്രം കാഷായത്തില്‍ മുക്കിതയ്യാറാക്കിവച്ചു. 12 മണിയായപ്പോള്‍ സ്വാമികള്‍ രോഗബാധിതനായി കിടക്കുന്ന കട്ടില്‍ നാലുപേര്‍ ചുമന്നുകൊണ്ട് വൈദിക മഠത്തില്‍ നിന്ന് ശാരദാക്ഷേത്രത്തില്‍ കൊണ്ടുവന്നു. നാമകരണം ചെയ്യുന്നതിന് തീര്‍ത്ഥം നല്‍കി. '' എന്താ പേര്?' എന്നു ചോദിച്ചപ്പോള്‍, അനന്തഷേണായി എന്നു മറുപടി. എന്നാല്‍ 'ആനന്ദതീര്‍ത്ഥ' എന്നിരിക്കട്ടെ എന്നു സ്വാമി പറഞ്ഞു. പിറ്റേന്ന് ആനന്ദതീര്‍ത്ഥ, സ്വാമികളെ കണ്ട് നമസ്‌ക്കരിച്ചപ്പോള്‍ ' ഇനി മടങ്ങാമല്ലോ, ധാരാളം ജോലി ചെയ്തു തീര്‍ക്കാനുണ്ട് , അല്ലേ? ' എന്നു ചോദിച്ചു. ശബരി ആശ്രമത്തില്‍ അദ്ദേഹം ഏകനായിരുന്നതുകൊണ്ട് മടങ്ങാന്‍ ഉള്ളില്‍ ആഗ്രഹിച്ചിരുന്നു. അന്നുതന്നെ ശിവഗിരി വിട്ടു. പിന്നീട് സ്വാമികളെ കാണാന്‍ ആനന്ദതീര്‍ത്ഥന് സാധിച്ചില്ല. സെപ്തംബര്‍ 21ന് സ്വാമികളുടെ സമാധി വാര്‍ത്തയാണ് പിന്നെ കേട്ടത്. ഇത്രമാത്രമാണ് ആനന്ദതീര്‍ത്ഥന് ഗുരു സ്വാമികളെ ബന്ധപ്പെടുവാന്‍ ഭാഗ്യം സിദ്ധിച്ചത്. പക്ഷേ, ശ്രീനാരായണ ഗുരുവില്‍ നിന്നും സംന്യാസം സ്വീകരിച്ച ഈ അവസാന ശിഷ്യനാണ് ഗുരുവിന്റെ സങ്കല്പങ്ങള്‍ സാക്ഷാത്ക്കരിക്കുന്നത് ഒരു വ്രതം പോലെ ജീവിതത്തിലുടനീളം സ്വീകരിച്ചത്!

1934 ജനുവരിയില്‍ ഗാന്ധിജി കേരളം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം കണ്ണൂരിലുമെത്തി. സ്വാമിജിയുടെ ക്ഷണപ്രകാരം ഗാന്ധി ശ്രീനാരായണ വിദ്യാലയം സന്ദര്‍ശിച്ചു. അന്തേവാസിക്കുട്ടികളോട് ഗാന്ധിജി '' keep your mind tidy and soul pure'' എന്ന് ഉപദേശിച്ചു. സ്വാമിജിയുടെ പൂര്‍വ്വാശ്രമത്തിലെ ജാതിയറിയാന്‍ ഗാന്ധിജി ഭംഗ്യന്തരേണ ശ്രമിച്ചുവെങ്കിലും സ്വാമിജി തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി. അന്ന് ഗാന്ധിജി ആശ്രമമുറ്റത്ത് ഒരു മാവ് നട്ടു. അതാണ് പിന്നീട് 'ഗാന്ധിമാവ്' എന്നു പ്രസിദ്ധിനേടിയത്.

(ശ്രീനാരായണ വിദ്യാലയം)

സ്വാമിജിയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. അധ:സ്ഥിതര്‍ക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച ഈ മനുഷ്യസ്‌നേഹി അനുഭവിക്കാത്ത യാതനകളില്ല. അതെല്ലാം പക്ഷേ അദ്ദേഹം സസന്തോഷം സ്വീകരിച്ചു. ജീവതാവസാനം വരെ തന്റെ കര്‍മ്മ മണ്ഡലത്തില്‍ സുധീരം ഉറച്ചുനില്‍ക്കുവാന്‍ അദ്ദേഹം കഠിനപ്രയത്‌നം ചെയ്തു. സമാധിയാകുന്നതിന് ഏതാനും വര്‍ഷം മുമ്പാണ് തലശ്ശേരി പാനൂര്‍ സ്റ്റേഷനിലെ എസ് ഐ സോമന്‍ കൊല്ലപ്പെട്ട സംഭവം. ഹരിജനായ സോമന്‍ പോലീസ് സ്‌റ്റേഷനില്‍വെച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. കൊലപാതകമാണെന്നു ചൂണ്ടിക്കാട്ടി സ്വാമിജി പാനൂര്‍ ഗുരു സന്നിധിയില്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഇതിന്റെ ഫലമായി കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പ്രതികളായ പോലീസുകാരെ ഹൈക്കോടതി ശിക്ഷിച്ചു.

സ്വാമിജിയുടെ അവസാന സമരം വിജയിച്ചെങ്കിലും സങ്കടകരമായി പര്യവസാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ അബ്രാഹ്മണര്‍ക്കും സദ്യനല്‍കണമെന്ന് വാദിച്ച് സ്വാമിജി ക്ഷേത്രത്തില്‍ സത്യഗ്രഹമിരുന്നു. ഇതിന്റെ പരിണിതഫലം എല്ലാവര്‍ക്കും സദ്യനല്‍കാന്‍ തുടങ്ങി എന്നതാണ്. പക്ഷേ, ഇതിനു കാരണമായ സംഭവം വേദനാജനകമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ഒരു സുഹൃത്തിനൊപ്പം സ്വാമി ഊണുകഴിക്കാനിരുന്നു. ദേവസ്വം കാര്യക്കാര്‍ ഇതാരാണന്ന് ചോദിച്ചപ്പോള്‍ ബ്രാഹ്മണനാണെന്ന് സുഹൃത്ത് പറഞ്ഞു. എങ്കില്‍ പൂണൂല്‍ കാണിക്കണമെന്നായി ദേവസ്വക്കാര്‍. പതിറ്റാണ്ടുകളായി ജാതിയ്‌ക്കെതിരെ പടപൊരുതിയ സ്വാമിജിക്ക് ഇതു കേട്ടപ്പോള്‍ ചിരിവന്നു. അദ്ദേഹം പറഞ്ഞു. ' പൂണൂല്‍ പണ്ടേ പൊട്ടിച്ചെറിഞ്ഞതാണല്ലോ'' ഉടന്‍ ദേവസ്വത്തിലുണ്ടായിരുന്ന പോലീസുകാരെ വിളിച്ചു.അവിടെ എത്തിയ സവര്‍ണ്ണനായ എസ്‌ഐ സ്വാമിജിയെ തിരിച്ചറിഞ്ഞു. അയാള്‍ കാസര്‍ഗോഡ് ജോലി ചെയ്യുന്ന കാലത്ത് അയിത്തകേസില്‍ നടപടിയെടുക്കാത്തതിന് സ്വാമിജി പരാതി നല്‍കുകയും അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു കണ്ട മേലധികാരികള്‍ അയാളെ സ്ഥലം മാറ്റുകയും ചെയ്യുകയുണ്ടായി. ഇതിന് പ്രതികാരം ചെയ്യാന്‍ കിട്ടിയ അവസരം ആ ദുഷ്ടന്‍ പാഴാക്കിയില്ല. സ്വാമിജിയെ ഊട്ടുപുരയില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ചു. പ്രതിഷേധിച്ചപ്പോള്‍ മുണ്ട് കൈയ്ക്കു ചുറ്റി തലയ്ക്കിടിക്കാന്‍ തുടങ്ങി. തലയ്ക്കു ക്ഷതമേറ്റ സ്വാമി ബോധരഹിതനായി. തല്ലിയ ലക്ഷണം പുറത്തുകാണാനാവാത്ത ഈ ചതിപ്രയോഗത്തില്‍ സ്വാമിജിയുടെ തലച്ചോറിന് തകരാറ് സംഭവിച്ചു. ക്രൂര മര്‍ദ്ദനം മൂലം ഓര്‍മ്മ നശിക്കാന്‍ തുടങ്ങി. തലവേദനയും മറ്റു ശരീര പീഢകളും കൂടി വന്നു. എഴുപത്തിയഞ്ചാം വയസ്സിലായിരുന്നു ഈ ദാരുണ സംഭവം. രോഗം മൂര്‍ച്ഛിച്ച് 1987 നവംബര്‍ 21ന് സ്വാമി ആനന്ദതീര്‍ത്ഥന്‍ സമാധിയായി. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം അവസാനിച്ചു!

ജീവിച്ചിരുന്ന കാലത്ത് സ്വാമിജിയെ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഈ ലോകം വിട്ടുപോയിട്ടും ആരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നുമില്ല എന്ന ദു:ഖസത്യം നമ്മെ തുറിച്ചുനോക്കുന്നു. സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ, അനീതികള്‍ക്കെതിരെ, അന്യായങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച ഈ നിര്‍ഭയനായ പോരാളിയെ തിരിച്ചറിയുന്നതില്‍ നാം കുറ്റകരമായ അനാസ്ഥ പ്രകടിപ്പിച്ചു. കാലം പൊറുക്കാത്ത അപരാധം!


Next Story

Related Stories