TopTop
Begin typing your search above and press return to search.

''ഒരു ലോകം, ഒരു യുഗം, ഒരു മൊഴി, ഒരു ദൈവം, ഒരു ജാതി, ഒരു ദൈവം, ഒരു കുലം, ഒരു ഭരണം''

ഒരു ലോകം, ഒരു യുഗം, ഒരു മൊഴി, ഒരു ദൈവം, ഒരു ജാതി, ഒരു ദൈവം, ഒരു കുലം, ഒരു ഭരണം

വൈകുണ്ഠസ്വാമികള്‍ കേരളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ നവോത്ഥാന നായകനാണെന്ന സത്യം യാഥാസ്ഥിതികരായ ചരിത്രകാരന്മാര്‍ തമസ്‌ക്കരിക്കുകയാണുണ്ടായത്. നവനവോത്ഥാനപ്രസ്ഥാനക്കാരാകട്ടെ, അദ്ദേഹത്തിന്റെ ധീരോജ്വലമായ സാഹസിക ജീവിതത്തെക്കുറിച്ച് തികച്ചും അജ്ഞാരാണു താനും. പില്‍ക്കാല നവോത്ഥാന നായകരായ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി, ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്നിവര്‍ ഈ പൂര്‍വ്വസൂരിയില്‍ നിന്ന് ഊര്‍ജ്ജവും പ്രചോദനവും ഉള്‍ക്കൊണ്ടവരാണെന്നതാണ് യാഥാര്‍ത്ഥ്യം.

(വൈകുണ്ഠസ്വാമികള്‍)

തിരുവിതാംകൂറിന്റെ തെക്കേയറ്റത്ത് കന്യാകുമാരിക്കടുത്ത് ജീവിച്ചിരുന്ന ഈ മഹാത്മാവിന്റെ ജീവിതം അവിശ്വസനീയമായ ഒരു കെട്ടുകഥപോലെ ഐതിഹാസികമായിരുന്നു. അധ:സ്ഥിത സമുദായക്കാരായ നാടാര്‍ ജാതിയില്‍ ജനിച്ച വൈകുണ്ഠസ്വാമികള്‍ ഒരു സമ്പൂര്‍ണ്ണ മനുഷ്യനായിരുന്നു. ശത്രുക്കളെ ആശയങ്ങള്‍ കൊണ്ടുമാത്രമല്ല കായികമായും നേരിടുന്നതില്‍ ഈ വിപ്ലവകാരി ധൈര്യപ്പെട്ടു. അതിരാളികള്‍ അമ്പരന്ന്, ഭയന്ന് , പിന്തിരിഞ്ഞു.

ഈ സഹസ്രാബ്ദത്തിന്റെ ആരംഭത്തില്‍ ഒരു സാംസ്‌കാരിക ദൗത്യസംഘത്തിന് ഒപ്പമാണ് ഞാന്‍ ആദ്യമായി വൈകുണ്ഠസ്വാമികളുടെ ജന്മഭൂമിയായ ' സ്വാമിത്തോപ്പ് ' സന്ദര്‍ശിക്കുന്നത്. പിന്നീട് ഒരിക്കല്‍ക്കൂടി പോയിരുന്നു. 2021 മാര്‍ച്ച് 12ന്, വൈകുണ്ഠ സ്വാമികളുടെ 212-ാം ജയന്തിയായിരുന്നു. രാജ്യമെമ്പാടുമുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ അടങ്ങുന്ന ഒരു ജനാവലി ആ പുണ്യദിനത്തില്‍ അവിടെയെത്തുന്നു. ആളും ആരവവും ഒഴിഞ്ഞ ഒരു ദിവസം ഞാന്‍ 'അയ്യാവഴി' യുടെ ആസ്ഥാനമായ അവിടേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. അദ്ദേഹത്തിന്റെ തായവഴിയില്‍പ്പെട്ട ഏഴാംതലമുറയിലെ ബാലപ്രജാപതി അടികള്‍ ആണ് ഇപ്പോള്‍ അവിടത്തെ രക്ഷാധികാരി. എഴുപത്തി മൂന്നു വയസ്സുള്ള ആ ജ്ഞാനവൃദ്ധനുമായി ' അന്‍പുവനം' എന്ന അദ്ദേഹത്തിന്റെ കൊച്ചു വസതിയില്‍വച്ച് ദീര്‍ഘനേരം സംസാരിക്കുവാന്‍ എനിക്കു ഭാഗ്യമുണ്ടായി.

(ബാല പ്രജാപതി അടികള്‍ ഫോട്ടോ: കൃഷ്ണ ഗോപാല്‍)

പ്രധാനമന്ത്രി മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുള്ള രാഷ്ട്രീയക്കാര്‍ അദ്ദേഹത്തിന്റെ അനുഗ്രഹം തേടി ഇവിടെയെത്താറുണ്ട്. കാരണം, അദ്ദേഹം ഒരു വോട്ട് ബാങ്കാണ്.! വൈകുണ്ഠസ്വാമികളെപ്പറ്റി ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രണ്ട് ഗ്രന്ഥങ്ങള്‍ കൈയൊപ്പിട്ട് അദ്ദേഹം എനിക്ക് സമ്മാനിച്ചു. തമിഴ് എഴുത്തുകാരനും ചലച്ചിത്രകാരനും സര്‍വ്വോപരി 'അയ്യാവഴി' വിശ്വാസിയുമായ കൃഷ്ണഗോപാല്‍ എനിക്ക് വഴികാട്ടിയായി. നവോത്ഥാന പോരാളികളില്‍ പ്രാതസ്മരണീയനായ അയ്യാ വൈകുണ്ഠരെപ്പറ്റി പുതിയ തലമുറ അറിയേണ്ടതിന്റെ ആവശ്യകത എനിക്ക് പൂര്‍ണ്ണമായും ബോധ്യമായി.

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ 'നാഞ്ചില്‍നാട്ടില്‍' കഴിഞ്ഞുകൂടിയിരുന്ന നാടാര്‍മാരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമായിരുന്നു. അവരുടെ മാതൃഭാഷ തമിഴായിരുന്നു. അന്ന് നാഞ്ചില്‍ നാട്ടിലെ സംസാരഭാഷ തമിഴും മലയാളവും ഇടകലര്‍ന്നതായിരുന്നു. അയിത്ത ജാതിക്കാരായ നാടാര്‍മാരുടെ കുലത്തൊഴില്‍ പനകയറ്റമാണ്. കൃഷയില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. അവര്‍ നായര്‍ ദുഷ്പ്രഭുക്കളുടെയും വെള്ളാളര്‍ ജന്മിമാരുടേയും കുടികിടപ്പുകാരും പാട്ടക്കാരുമായി ജീവിച്ചുപോന്നു. കാലാകാലമായുള്ള പീഡനങ്ങളും ജീവിതക്ലേശങ്ങളും അവരെ അജ്ഞരും ദരിദ്രരും അടിമകളുമാക്കിത്തീര്‍ത്തു. നാടാര്‍ സമുദായത്തിനുമേല്‍ ജാതിപരമായ അനീതികള്‍ മാത്രമല്ല, സാമൂഹ്യമായ നിബന്ധനകളും അടിച്ചേല്‍പ്പിച്ചിരുന്നു.

അവര്‍ക്ക് കുട(ഓലക്കുട) പിടിക്കാനോ ചെരിപ്പിടാനോ, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ അണിയാനോ പാടില്ലായിരുന്നു. ഓടിട്ട വീടുകളും കയ്യാലകളും(മതിലുകള്‍) പിണിയാനോ, പശുക്കളെ വളര്‍ത്താനോ അവരെ അനുവദിച്ചിരുന്നില്ല. പാല്‍, വെണ്ണ, നെയ്യ് എന്നിവ അവര്‍ക്ക് നിഷിദ്ധമായിരുന്നു. 'കോറത്തുണി' മാത്രമായിരുന്നു അവരുടെ ഉടുവസ്ത്രം. പൊതുവിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും കോടതിയിലും അവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മേല്‍ജാതിക്കാരുടെ ഭാഷ സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നിഷേധിക്കപ്പെട്ടു. നികുതിഭാരം കൊണ്ടവര്‍ വീര്‍പ്പുമുട്ടി. 1754-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സൈനികച്ചെലവുകള്‍ നിറവേറ്റാനായി നാട്ടാരില്‍ ചുമത്തിയ ഭീകരമായ കരമായിരുന്നു 'തലവരി'. കുടിലുകള്‍ക്ക് 'കുപ്പക്കാഴ്ച' എന്ന മറ്റൊരു കരം കൂടി നല്‍കണമായിരുന്നു. ഇത് കൂടാതെ, സ്ത്രീകള്‍ക്ക്, തലമുടിക്ക് 'മുടിക്കര'വും മുലയ്ക്ക് 'മുലക്കര'വും ഒടുക്കണമായിരുന്നു. അവിശ്വസനീയമായ ചില കരങ്ങള്‍ കൂടി പരിശോധിക്കാം: താലിക്കരം( അവര്‍ണ്ണന്റെ വിവാഹനികുതി), മാട്ടുക്കരം(പട്ടി, പശു മുതലായവ വളര്‍ത്താന്‍), ഏണിക്കരം, തളക്കരം(തെങ്ങ്, പന മുതലായവ കയറുന്നതിന്), മേനിപ്പൊന്ന്(ആഭരണം അണിയാന്‍), വലപ്പണം( മീന്‍പിടുത്തക്കാര്‍ക്ക്) വണ്ണീരപ്പാറ(അലക്കുകാര്‍ക്ക്), തട്ടാരപ്പാട്ടം(സ്വര്‍ണ്ണപ്പണിക്കാര്‍ക്ക്) ഇങ്ങനെ 317 തരം വിചിത്ര കരങ്ങള്‍ അന്ന് നിലവിലിരുന്നു!

ഇതിലും ഭീകരമായിരുന്നു 'ഊഴിയവേല'. കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നതിന് കൂലിയില്ല. ഊട്ടുപുരകള്‍, കോവിലുകള്‍ ഇവയ്ക്ക് ആവശ്യമായ ധാന്യങ്ങള്‍, എണ്ണ, വിറക്, എന്നിവ സൗജന്യമായി എത്തിച്ചുകൊടുക്കാനുള്ള ബാധ്യത പാവപ്പെട്ട ജനങ്ങള്‍ക്കാണ്. പകലന്തിയോളം കൂലിയില്ലാതെ വേല ചെയ്തിട്ടും പ്രതിഫലം അവഹേളനവും യാതനയും മാത്രമായിരുന്നു. ഇതില്‍നിന്നും രക്ഷനേടാന്‍ നാടാര്‍ സമുദായാംഗങ്ങള്‍ മതം മാറാന്‍ തയ്യാറായി. കുറെപ്പേര്‍ ഇസ്ലാമുകളായി, ഏറെപ്പേര്‍ ക്രിസ്ത്യാനികളായി. റെസിഡന്റ് കേണല്‍ മണ്‍ട്രോ 1811 ഡിസംബര്‍ മൂന്നാം തീയതി പുറപ്പെടുവിച്ച ഉത്തരവിലൂടെ നാടാര്‍ ക്രിസ്ത്യാനികളെ തലവരിയില്‍ നിന്നും ഞായറാഴ്ച ദിവസം ഊഴിയവേലയില്‍ നിന്നും ഒഴിവാക്കി. അടിമ സമ്പ്രദായത്തിനും അടിമക്കച്ചവടത്തിനും അറുതിവന്നു.

(സ്വാമിത്തോപ്പ് നിഴല്‍പ്പതിങ്കള്‍ ഫോട്ടോ: കൃഷ്ണ ഗോപാല്‍)

തിരുവിതാംകൂറിന്റെ തെക്കുപ്രദേശമായ അഗസ്തീശ്വരം താലൂക്കില്‍പ്പെട്ട താമരക്കുളത്തിന്റെ ഭാഗമാണ് 'സ്വാമിത്തോപ്പ്' എന്ന സ്ഥലം(അന്നത്തെപ്പേര് പൂവാണ്ടന്‍തോപ്പ്) അവിടെ കര്‍ഷകരായിരുന്ന പൊന്നുമാടന്‍ നാടാരുടേയും വെയ്‌ലാള്‍ നാടാച്ചിയുടേയും മകനായാണ് വൈകുണ്ഠസ്വാമികളുടെ ജനനം. മാതാപിതാക്കള്‍ സന്തതിക്ക് നല്‍കിയ ആദ്യപേര് 'മുടിചൂടും പെരുമാള്‍' എന്നായിരുന്നു. എന്നാല്‍ താണജാതിക്കാര്‍ക്ക് സവര്‍ണ്ണനാമമായ 'പെരുമാള്‍' എന്നിടാന്‍ അവകാശമുണ്ടായിരുന്നില്ല. അതിനാല്‍ പേരുമാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. 'മുത്തുക്കുട്ടി' എന്നായിരുന്നു പുതിയ പേര്. മുത്തുക്കുട്ടി അസാമാന്യ ബുദ്ധിശാലിയായ ബാലനായിരുന്നു. ചെറുപ്പത്തിലേ ആയോധന കലയില്‍ അവന്‍ പ്രാവീണ്യം നേടി. ഒപ്പം തന്നെ തപസ്സും അനുഷ്ഠിച്ച് പോന്നു. ഭൗതിക ജീവിതവും ആധ്യാത്മിക ജീവിതവും സംബന്ധിച്ച നൈസര്‍ഗികമായ അപാരജ്ഞാനവും വാഗ്ചാതുരിയും പ്രകടിപ്പിച്ച ഈ ബാലന്‍ അസുയാലുക്കളായ സവര്‍ണ്ണരെ അമ്പരപ്പിച്ചിരുന്നു. ആ ജാതിക്കോമരങ്ങള്‍ ആ യുവാവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചു. പക്ഷെ അയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുനടപ്പ് അനുസരിച്ച് മുത്തുക്കുട്ടി 17-ാം വയസ്സില്‍ തിരുമാല്‍ അമ്മയെ വിവാഹം കഴിച്ചു. അദ്ദേഹത്തിന് രണ്ട് ആണ്‍മക്കള്‍. പൊതുക്കുട്ടിയും രത്തിനവടിവും.

സന്തുഷ്ട കുടുംബ ജീവിതം നയിച്ചുവരവെ, മുത്തുക്കുട്ടി പെട്ടെന്ന് രോഗിയായിത്തീര്‍ന്നു. നാട്ടുവൈദ്യന്മാര്‍ എത്രപരിശ്രമിച്ചിട്ടും രോഗം മാറിയില്ല. മാതാപിതാക്കള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. ഉറക്കത്തില്‍ അമ്മയ്ക്ക് ഈശ്വരദര്‍ശനമുണ്ടായി. മകനെ തിരുച്ചെന്തൂരിലെ 'മാശി' ഉത്സവത്തില്‍ പങ്കെടുപ്പിക്കണമെന്നും ഭഗവാന്‍ പൂര്‍വ്വ ജന്മപാപങ്ങള്‍ പരിഹരിച്ച് പരിപാവന ജന്മം പ്രദാനം ചെയ്യുമെന്നുമായിരുന്നു, സ്വപ്നം. ശയ്യാവലംബിയായ രോഗിയെ ഒരു തുണിത്തൊട്ടിലില്‍ കിടത്തി അവര്‍ ചുമന്നുകൊണ്ടുപോകുവാന്‍ തയാറായി. അക്കാലത്തെ യാത്ര ദുര്‍ഘടം പിടിച്ച വഴികളും വയല്‍വരമ്പുകളും തോടും പുഴകളും നിറഞ്ഞതായിരുന്നു. ക്ലേശകരമായ യാത്രയ്ക്കിടെ, ഉച്ചയോടെ ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോള്‍ രോഗി തൊട്ടിലില്‍ നിന്നും ചാടി ഓടാന്‍ തുടങ്ങി. ഭ്രാന്തുപിടിച്ചുവെന്ന് എല്ലാവരും കരുതി. ബന്ധുക്കള്‍ പിന്നാലെ ഓടി. തിരുച്ചെന്തുരിലെ കടല്‍ക്കരയിലെത്തിയ യുവാവ് കടലില്‍ അന്തര്‍ദ്ധാനം ചെയ്തു. ബന്ധുക്കള്‍ രണ്ടു ദിവസം അവിടെ കാത്തുകിടന്നു. അമ്മയെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഫലിക്കാതെ അവര്‍ മടങ്ങി. പുത്രന്റെ വരവ് പ്രതീക്ഷിച്ച് ആ അമ്മ അവിടെത്തന്നെ കഴിച്ചുകൂട്ടി. മൂന്നാം നാള്‍, (1833 ജൂണ്‍ 3) യുവാവ് കടലില്‍ നിന്ന് തിരിച്ചെത്തി. മാതാവ് ഓടിച്ചെന്ന് വാത്സല്യത്തോടെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. അയാള്‍ വിസമ്മതിച്ചുകൊണ്ട്, താന്‍ വിഷ്ണുവിന്റെ അവതാരമായ 'വൈകുണ്ഠര്‍' ആണെന്ന് പ്രഖ്യാപിച്ചു.

സമുദ്രത്തില്‍വെച്ച് മഹാവിഷ്ണു ആ യുവാവിനെ ജ്ഞാനോപദേശം നല്‍കി 'വൈകുണ്ഠര്‍' ആയി രൂപാന്തരപ്പെടുത്തി എന്നാണ് സങ്കല്പം. ആ വിശുദ്ധ ദിനം ഇപ്പോള്‍ വൈകുണ്ഠരുടെ ജന്മദിനമായി ആഘോഷിച്ച് വരുന്നു. സ്വാമിത്തോപ്പിലേക്ക് തിരിച്ചുപോയി ആറു വര്‍ഷം കഠിന തപസ്സ് ചെയ്യാനും പുതിയ പന്ഥാവ്(വഴി) സ്ഥാപിക്കാനും മഹാവിഷ്ണു നിര്‍ദ്ദേശിച്ച പ്രകാരം അദ്ദേഹം സ്വദേശത്തേക്ക് മടങ്ങി.

താമരക്കുളം ഗ്രാമത്തില്‍ കോനാര്‍(യാദവ) സമുദായ പ്രമാണിയായിരുന്ന പൂവാണ്ടര്‍ എന്ന ഭൂവുടമ വൈകുണ്ഠസ്വാമിക്ക് ആശ്രമം സ്ഥാപിക്കാന്‍ സ്ഥലം ദാനമായി നല്‍കി.അവിടെ അധിവസിച്ചുകൊണ്ട് അദ്ദേഹം 'അയ്യാവഴി' എന്ന പുതിയ മതം സ്ഥാപിച്ചു. തന്നെ സമീപിച്ച ജനങ്ങളുടെ രോഗശമനത്തിന് ചികിത്സയും ഉപദേശങ്ങളും നല്‍കിക്കൊണ്ട് അദ്ദേഹം സ്ഥാപിച്ച ധര്‍മ്മപഥമാണ് 'അയ്യാവഴി'. അനേകം സ്ത്രീപുരുഷന്മാര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. തന്റെ പ്രധാനപ്പെട്ട പഞ്ച ശിഷ്യന്മാരെ- മൈലാടിയിലെ ശിവനാണ്ടി(ധര്‍മ്മപുത്രര്‍) കൈലാസപുരത്തെ പണ്ടാരം(ഭീമന്‍), പിളൈയാര്‍കുടിയിരുപ്പിലെ അര്‍ജ്ജുനന്‍(അര്‍ജ്ജുനന്‍), കുളച്ചലിലെ സുബ്ബയ്യന്‍(നകുലന്‍), താമരക്കുളത്തെ ഹരിഗോപാലന്‍(സഹദേവന്‍)- എന്നീ പ്രമുഖരെ തന്റെ സിദ്ധാന്തങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കാന്‍ നിയോഗിച്ചു.

സവര്‍ണ്ണരുടെ ദേവാലയത്തില്‍ ഭഗവാന്‍ അധിവസിക്കുന്നില്ലെന്നും അതുകൊണ്ട് എല്ലാവരും സ്വാമിത്തോപ്പിലേക്ക് വരണമെന്നും വൈകുണ്ഠര്‍ അരുളിച്ചെയ്തു. കുങ്കുമവും ഭസ്മവും ഉപേക്ഷിച്ച് 'തിരുമണ്‍' ഒറ്റനാമമായി തീനാളത്തിന്റെ ആകൃതിയില്‍ നെറ്റിയില്‍ ചാര്‍ത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇതാണ് അയ്യാവഴിയുടെ അടയാളം.(തിരുമണ്‍- സ്വാമിത്തോപ്പ് എന്ന പുണ്യഭൂമിയിലെ മണ്ണ്) സവര്‍ണ്ണരുടെ കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ അവകാശമില്ലാത്ത അധസ്ഥിതര്‍ക്കുവേണ്ടി അദ്ദേഹം നിഴല്‍പതിങ്കള്‍( ക്ഷേത്രം)ക്കു സമീപം പൊതുകിണര്‍ കുഴിച്ചു. അവിടെ നിന്ന് ജാതിമതഭേദമന്യേ കുടിവെള്ളം എടുക്കാം.

(മുത്തിരിക്കിണര്‍ ഫോട്ടോ: കൃഷ്ണ ഗോപാല്‍)

പുത്തന്‍ മാനവ സമുദായ സൃഷ്ടിക്കായി അയ്യാ വൈകുണ്ഠര്‍ 'തുവൈയല്‍പന്തി' സ്ഥാപിച്ചു. ശരീര ശുദ്ധി വരുത്തിയും മനസ്സിലെ സകല മാലിന്യങ്ങളേയും നിര്‍ദ്ധാരണം ചെയ്തും സാഹോദര്യത്തോടെ സഹവസിക്കുന്ന ഒരു കേന്ദ്രമായിരുന്നു അത്. അഷ്ടാംഗ യോഗാഭ്യാസവും ഉപവാസവുമായിരുന്നു പ്രധാന അനുഷ്ഠാനങ്ങള്‍. അവിടെയുള്ളവര്‍ മൂന്നുനേരവും കടലില്‍ കുളിക്കുകയും വസ്ത്രം മാറുകയും ചെയ്തുവന്നു. ഉച്ചഭക്ഷണം മാത്രമായിരുന്നു ആഹാരം. അതും സസ്യഭക്ഷണം മാത്രം. 'ഉഗ്രപഠിപ്പും'(പ്രഭാത പ്രദോഷ സമൂഹപ്രാര്‍ത്ഥന) 'ഉച്ചപഠിപ്പും'(ഉച്ചയ്ക്കുള്ള കൂട്ടപ്രാര്‍ത്ഥന) നിര്‍ബന്ധമായിരുന്നു. പതികളില്‍ അത് ഇപ്പോഴും തുടരുന്നു. അധ:സ്ഥിതര്‍ക്കായി പുതിയ കോവിലുകള്‍ പണിതു. ലാളിത്യവും അനാര്‍ഭാടവുമായിരുന്നു അതിന്റെ മുഖമുദ്ര. ഏതു ജാതിക്കാര്‍ക്കും പ്രവേശിക്കാം, ആരാധിക്കാം, ആര്‍ക്കും പൂജ നടത്തുകയും ആവാം. മനുഷ്യര്‍ തമ്മിലുള്ള ഉച്ചനീചത്വങ്ങള്‍ ഉന്മൂലനം ചെയ്ത് സമത്വഭാവേന, സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്ന, ആധ്യാത്മികവും ഭൗതികവുമായ ഉന്നതിയായിരുന്നു 'അയ്യാവഴി'യുടെ ഉദ്ദേശലക്ഷ്യം. സിദ്ധാന്തം മാത്രമല്ല പ്രയോഗവും അദ്ദേഹത്തിന്റെ മാര്‍ഗ്ഗമായിരുന്നു. ജന്തുബലി നിരോധിച്ചു. സ്‌നേഹത്തിന്റെ പ്രതീകമായ പുഷ്പം മാത്രമായിരുന്നു പുജാദ്രവ്യം. വിഗ്രഹാരാധനയെ വൈകുണ്ഠര്‍ എതിര്‍ത്തു. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും സ്വന്തം പ്രതിച്ഛായയെ തന്നെ വണങ്ങി അത്മാഭിമാനം ആര്‍ജ്ജിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. അഹം ബ്രഹ്മാസ്മി(ഞാന്‍ തന്നെ ബ്രഹ്മം!)

(കണ്ണാടി പ്രതിഷ്ഠ ഫോട്ടോ: കൃഷ്ണ ഗോപാല്‍)

ആതുര സേവനവും അവശജനോദ്ധാരണവും ഉദ്ദേശിച്ച് അദ്ദേഹം ഇങ്ങനെ അരുള്‍ ചെയ്തു: ' താഴെ കിടപ്പോരൈ തല്‍ക്കാപ്പതേ ധര്‍മ്മം' (താണവരെ ഉയര്‍ത്തുന്നതാണ് ധര്‍മ്മം)അദ്ദേഹത്തിന്റെ മഹാമാനവീകതാസങ്കല്പം ഇതായിരുന്നു:

'' ഉലകം ഒന്റേ, യുഗം ഒന്റേ, മൊഴി ഒന്റേ

ദൈവം ഒന്റേ, ജാതി ഒന്റേ, മതം ഒന്റേ,

കുലം ഒന്റേ, തലമൈ ഒന്റേ''

-അഖിലത്തിരട്ട്

(ഒരു ലോകം, ഒരു യുഗം, ഒരു മൊഴി, ഒരു ദൈവം, ഒരു ജാതി, ഒരു ദൈവം, ഒരു കുലം, ഒരു ഭരണം)

ജാതി മതഭേദമില്ലാതെ എല്ലാവര്‍ക്കും ഒരേ പന്തിയിലിരുന്നു ഭക്ഷണം കഴിക്കാവുന്ന 'സമപന്തിഭോജനം' ആദ്യമായി സമുദ്ഘാടനം ചെയ്തത് അയ്യാ വൈകുണ്ഠരായിരുന്നു. അക്കാലത്ത് മിശ്രഭോജനം സങ്കല്പിക്കാന്‍ പോലും സാധ്യമല്ലായിരുന്നു. അന്ന്, താഴ്ന്ന ജാതിക്കാര്‍ക്ക് മുട്ടുമറയാത്ത മുണ്ട് മാത്രമേ ഉടുക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. വൈകുണ്ഠര്‍ തൂവെള്ള വസ്ത്രം മാത്രമല്ല, ആരുടെ മുമ്പിലും അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുവാന്‍ ഉതകുന്ന തലപ്പാവും അനുയായികള്‍ക്ക് നല്‍കി.

(കന്യാകുമാരി സന്ദര്‍ശനത്തിനിടെ സ്വാമി വിവേകാനന്ദന്‍ സ്വാമിത്തോപ്പിലും പോയിരുന്നു. അദ്ദേഹം തന്റെ പ്രസിദ്ധമായ തലക്കെട്ട് ധരിച്ചു തുടങ്ങിയത് ഈ സന്ദര്‍ശനത്തിനു ശേഷമാണ്. ചിക്കാഗോ പ്രസംഗത്തിന് പുറപ്പെടുന്നതിന് ആറു മാസം മുന്‍പായിരുന്നു 'സ്വാമിത്തോപ്പ് സന്ദര്‍ശനം' എന്നത് പ്രത്യേകം സ്മരണീയമാണ്!)

ചാന്നാര്‍ ലഹള എന്ന് കേള്‍വിപ്പെട്ട മാറുമറയ്ക്കല്‍ സമരത്തിന്റെ ഊര്‍ജ്ജം അയ്യാ വൈകുണ്ഠരില്‍ നിന്നായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ശുചീന്ദ്രത്തിലെ രഥോത്സവത്തില്‍, പതിനേഴ് അവര്‍ണ്ണ ജാതിക്കാരുമൊത്ത്്, തേരിന്റെ വടം വലിക്കാന്‍ ഒരുമ്പെട്ട വൈകുണ്ഠ സ്വാമികളെ ജാതി ഹിന്ദുക്കളുടെ ആവശ്യപ്രകാരം അന്നത്തെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന, സ്വാതിതിരുനാള്‍ തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ് ജയിലിലടച്ചു.(അതേ, സംഗീതജ്ഞനായ സ്വാതിതിരുനാള്‍ തന്നെ!) തിരുവിതാംകൂര്‍ രാജാക്കന്മാരെ നീചര്‍ എന്നായിരുന്നു, വൈകുണ്ഠര്‍ സംബോധന ചെയ്തിരുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളായ സായിപ്പന്മാരെ വെണ്‍നീചര്‍ എന്നും. രണ്ടു കൂട്ടരോടും പടപൊരുതിയ ഈ മനുഷ്യസ്‌നേഹി 1851 ല്‍ തന്റെ 42-ാം വയസ്സില്‍ അകാലചരമം അടയുംവരെ താനുള്‍പ്പെട്ട അധസ്ഥിത സമൂഹത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി അടരാടിയ നിര്‍ഭയനായ പടയാളിയായിരുന്നു.


Next Story

Related Stories