TopTop
Begin typing your search above and press return to search.

അലിമണിക് ഫാന്‍-ജ്ഞാനസമുദ്രത്തിലെ കപ്പലോട്ടക്കാരന്‍

അലിമണിക് ഫാന്‍-ജ്ഞാനസമുദ്രത്തിലെ കപ്പലോട്ടക്കാരന്‍

അലി മണിക് ഫാന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചപ്പോള്‍ ആതീവ ആഹ്ലാദം തോന്നി. എന്തുകൊണ്ടും അര്‍ഹിക്കുന്ന കരങ്ങളില്‍ അതെത്തിച്ചേര്‍ന്നതില്‍ സന്തോഷമുണ്ട്. കാരണം, എപ്പോഴും അങ്ങനെ സംഭവിക്കാറില്ലല്ലോ?

ഏറെക്കാലമായി അദ്ദേഹത്തെക്കിറിച്ച് ഒരറിവുമുണ്ടായിരുന്നില്ല. നിശബ്ദനായ ഈ കര്‍മ്മയോഗി വാര്‍ത്തകളില്‍ നിറയുന്ന പ്രകൃതക്കാരനല്ലല്ലോ. പ്രകൃതിയോടിണങ്ങി,തന്റെ സ്വപ്നങ്ങളും സങ്കല്പങ്ങളും സാക്ഷാത്ക്കരിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുന്ന ഒരു അപൂര്‍വ മനുഷ്യനാണ് ഈ എണ്‍പത്തിരണ്ടുകാരന്‍.

എണ്‍പതുകളിലാണ് അലി മണിക്ഫാന്‍ ലോകശ്രദ്ധയിലേക്ക് വരുന്നത്. പരമ്പരാഗത രീതിയില്‍ പായ്ക്കപ്പല്‍ നിര്‍മ്മിച്ച് അതില്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഒരു സാഹസികന്‍ എന്ന നിലയില്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അത് അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. പ്രകൃതി സംരക്ഷകന്‍, കൃഷിപരീക്ഷകന്‍, സമുദ്രഗവേഷകന്‍, വാനനിരീക്ഷകന്‍, ശാസ്ത്രജ്ഞന്‍, മെക്കാനിക്. ബഹുഭാഷ പണ്ഡിതന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയാണ് അലിസാഹിബ്-ഒരു സമ്പൂര്‍ണ്ണ മനുഷ്യന്‍.

(അലിമണിക് ഫാന്‍ കോഴിക്കേട്ടെ ഒളവണ്ണയിലുള്ള വീട്ടില്‍)

പുതിയ മിലേനിയത്തിന്റെ ആരംഭത്തിലായിരുന്നു, മണിക് ഫാനിനെ ആദ്യം കണ്ടത്. തമിഴ്‌നാട്ടിലെ നാഗര്‍കേവിലില്‍ നിന്നും തിരുനെല്‍വേലിയിലേക്കുള്ള യാത്രമധ്യെ, വള്ളിയൂര്‍ എന്ന ഒരു ചെറുപട്ടണമുണ്ട്. അവിടെ നിന്ന് ആറു കിലോമീറ്റര്‍ ഉള്ളിലേക്കുള്ള ഒരു കുഗ്രാമത്തില്‍ അദ്ദേഹം തന്റെ പരീക്ഷണ നിരീക്ഷണങ്ങളുമായി ഏറെക്കാലം കഴിഞ്ഞിരുന്നു. പതിനഞ്ച് ഏക്കര്‍ വിസ്താരമുള്ള മരുഭൂമിയെപ്പോലെ ഊഷരമായ സ്ഥലം. ഒരു തരം കള്ളിമുള്ളുകളും പൊന്തക്കാടുകളും നിറഞ്ഞ, ഈര്‍പ്പം തീരെയില്ലാത്ത മണ്ണ്. താരതമ്യേന മഴ വളരെ കുറഞ്ഞ പ്രദേശം. ജലാംശമില്ലാത്ത നിലം. വരണ്ട ഉഷ്ണക്കാറ്റ് നിരന്തരം വീശിക്കൊണ്ടിരിക്കും. മരങ്ങളില്ല, പച്ചപ്പില്ല, കാക്കക്കാലിന്റെ തണല്‍പോലുമില്ല. സമീപത്തൊന്നും ആള്‍പ്പാര്‍പ്പില്ല. വിജനമായ വഴിയിലൂടെ വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങള്‍ മാത്രം. വിശാലമായ ആകാശം ദൂരെ ചക്രവാളത്തില്‍ ലയിക്കുന്നതു കാണാം.

ആദ്യകാഴ്ചയില്‍ത്തന്നെ ഈ അത്ഭുത മനുഷ്യനില്‍ ആകൃഷ്ടനായി. ആഗാധപണ്ഡിതന്‍. ലളിതവും ഋജുവുമായ ജീവിതചിന്തകള്‍ സുദീര്‍ഘമായി പങ്കുവെച്ചു. കള്ളിമുണ്ടും കയ്യുള്ള ബനിയനുമാണ് വേഷം. അലങ്കാരമായി ഒരു ഊശാന്‍ താടി. ഒരു വെറും സാധാരണക്കാരന്‍. എന്നാല്‍ വിജ്ഞാനത്തിന്റെ മഹാഖനി. വല്ലാത്ത ആദരവുതോന്നി. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല വിപുലവും അപാരവുമാണ്. ആ തീര്‍ത്ഥാടനം രണ്ടുമൂന്നുവര്‍ഷം ആവര്‍ത്തിച്ചു. ഞങ്ങളുടെ ബന്ധം ദൃഢമായി,

ലക്ഷദ്വീപുകളിലൊന്നായ മിനിക്കോയിയില്‍ 1938 മാര്‍ച്ച് 16നാണ് മണിക്ഫാന്‍ ജനിച്ചത്. പിതാവ് മൂസ മണിക് ഫാന്‍. മാതാവ് ഫാത്തിമ മാണിക്ക. ദ്വീപിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പതിവുപോലെ ആ ബാലന്‍ 'ഉപരിപഠനത്തിന്' കരയിലേക്ക് വന്നു. കണ്ണൂരിലെ സ്‌കൂളില്‍ ചേര്‍ന്നു. ഏഴാം ക്ലാസ് വരെ സ്‌കൂള്‍ പഠനം. ക്ലാസ് മുറിയില്‍ ജീവിതത്തിനുവേണ്ടതൊന്നും പഠിപ്പിക്കുന്നില്ലെന്ന് ഈ കുട്ടി ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. അവധിക്കു നാട്ടിലേക്കുപോയ അലി സ്‌കൂളിലേക്ക് മടങ്ങിയില്ല. അപാരമായ നീലാകാശത്തിലും അഗാധമായ നീലസമുദ്രത്തിലും അഭിരമിച്ച് ദ്വീപില്‍ കളിച്ചും കുളിച്ചും ആ കുട്ടി ജീവിതം തള്ളിനീക്കി. എണ്ണമറ്റ മത്സ്യങ്ങളും കടല്‍ജീവികളും പവിഴപ്പുറ്റുകളും കളിക്കൂട്ടുകാരായി. ഇതിനിടെ പിതാവ് ഒരു ട്യൂഷന്‍ മാസ്റ്ററെ ഏര്‍പ്പെടുത്തിയിരുന്നു. അദ്ദേഹമാണ് വായിക്കാനും എഴുതാനും സ്വയം പഠിക്കാനും പരിശിലിപ്പിച്ചത്. അക്കാലത്ത് ദ്വീപിലെ ലൈറ്റ് ഹൗസില്‍ ഒരു ലൈബ്രറിയുണ്ടായിരുന്നു. അവിടത്തെ സൂക്ഷിപ്പുകാരനുമായി സൗഹൃദത്തിലായി. വിജ്ഞാനത്തിന്റെ അത്ഭുത ലോകത്തേക്കുള്ള സഞ്ചാരം അവിടെ നിന്നാണ് ആരംഭിച്ചത്. സ്വന്തമായി പതിന്നാലു ഭാഷകള്‍ പഠിച്ചു. ഏഴെണ്ണം ഇപ്പോഴും ഉപയോഗിക്കുന്നു. മാതൃഭാഷയായ ദിവേഹി കൂടാതെ മലയാളം, തമിഴ്, ഹിന്ദി, സംസ്‌കൃതം, സിംഹള, ഇംഗ്‌ളീഷ്, ലാറ്റിന്‍, ഫ്രഞ്ച്, റഷ്യന്‍, ജര്‍മന്‍, പേര്‍ഷ്യന്‍, ഉറുദു എന്നിങ്ങനെ എത്രയെത്ര ഭാഷകള്‍.

1956ല്‍ കുറച്ചുകാലം ദ്വീപില്‍ അധ്യാപകനായി ജോലി നോക്കി. പിന്നെ ക്ലാര്‍ക്കായി. ഒടുവില്‍ 1961ല്‍ കേന്ദ്ര സമുദ്ര ഗവേഷണ ഇനിസ്റ്റിറ്റിയൂട്ടില്‍(സിഎംഎഫ്ആര്‍ഐ) ലാബ് ബോയി ആയി ജോലിയില്‍ പ്രവേശിച്ചു. തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത മണ്ഡപത്തില്‍. ഇനിസ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. സാന്തപ്പന്‍ ജോണ്‍സ് അലിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു. മത്സ്യങ്ങളെ ഇനം തിരിക്കാനുള്ള ഗവേഷണ പഠനങ്ങളില്‍ ഒപ്പം കൂട്ടി. ഡോ. ജോണ്‍സ് ലക്ഷദ്വീപിലെ മത്സ്യങ്ങളെ കുറിച്ച് ഒരു പുസ്തകം തയാറാക്കുന്നുണ്ടായിരുന്നു. 1968ല്‍ സമുദ്രത്തില്‍ അജ്ഞാതമായി കഴി്ഞ്ഞിരുന്ന ഒരു മത്സ്യത്തെ അലി കണ്ടെത്തി-ശാസ്ത്ര ലോകം അതിന് 'അബുഡെഫ്‌ഡെഫ് മണിക്ഫാനി' എന്നു പേരിട്ടു. സ്വന്തം പേരില്‍ ഒരു മത്സ്യം!

1981ല്‍ ഐറിഷ് നാവികനായിരുന്ന ടിം സേവറിന്‍ ഒരു സമുദ്രപര്യവേഷണത്തിനു തയാറായി. അറബിക്കഥയിലെ സിന്‍ബാദ് എന്ന കപ്പലോട്ടക്കാരന്‍ 1200 വര്‍ഷങ്ങള്‍ക്കുമുന്‍പ് നടത്തിയ പായ്ക്കപ്പലിലെ സാഹസിക യാത്ര പുനരാവിഷ്‌ക്കരിക്കണമെന്ന് ടിമ്മിന് മോഹമുദിച്ചു. പരമ്പരാഗത പായ്ക്കപ്പല്‍ നിര്‍മ്മിക്കാന്‍ സമീപിച്ച വിദഗ്ദ്ധരെല്ലാം അദ്ദേഹത്തെ കൈയൊഴിഞ്ഞപ്പോള്‍ അലി ധൈര്യപൂര്‍വം ആ ചുമതല ഏറ്റെടുത്തു. ബേപ്പൂരിലെ 'ഉരു' നിര്‍മാണത്തൊഴിലാളികളുടെ സഹായത്തോടെ ലോഹങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി, മരവും കയറും ഉപയോഗിച്ച് ഇരുപത്തിയേഴ് മീറ്റര്‍ നീളവും നാലു ടണ്‍ ഭാരവുമുള്ള കൂറ്റന്‍ പായ്ക്കപ്പല്‍ അലിമണിക് ഫാന്‍ നിര്‍മിച്ചു. മാത്രമല്ല, ടിം സേവറിന്റെ ടീമിനൊപ്പം മസ്‌ക്കറ്റില്‍ നിന്ന് ചൈനയിലേക്ക് 9600 കിലോ മീറ്റര്‍ യാത്രയില്‍ അലിയും പങ്കുചേര്‍ന്നു. ആകെ 22 യാത്രക്കാരായിരുന്നു കപ്പലില്‍. യാത്ര എട്ടുമാസം നീണ്ടു.

ഒമാനിലെ നാഷണല്‍ മ്യൂസിയത്തില്‍'സോഹര്‍' എന്ന ഈ കപ്പല്‍ The Sinbad Voyager എന്നപേരില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. മണിക്ഫാന്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത ഇരുചക്രവാഹനത്തില്‍ മകന്‍ മൂസയുമൊത്ത് ഡല്‍ഹിവരെ യാത്ര ചെയ്തു. മണിക്കൂറില്‍ 35 കിലോ മീറ്റര്‍ സ്പീഡ്. ഒരു ദിവസം അറുപത്, എഴുപത് കിലോമീറ്റര്‍ ദൂരം പിന്നിടും. ചാന്ദ്രമാസക്കലണ്ടര്‍ കണ്ടുപിടിച്ചതാണ് മണിക്ഫാനിന്റെ ശ്രദ്ധേയമായ മറ്റൊരു നേട്ടം. ഹിജ്‌റ കലണ്ടറിന്റെ പോരായ്മകള്‍ പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.അതോടെ മുസ്ലിം പുരോഹതര്‍ അദ്ദേഹത്തിന്റെ ശത്രുക്കളായി.

വള്ളിയൂരുലെ 'ഫാം ഹൗസില്‍' ഇഷ്ടികയും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ച ധാരാളം വായുസഞ്ചാരമുള്ള വീട്ടില്‍ അദ്ദേഹം ഏറെക്കാലം സമാധാനമായി കഴിഞ്ഞു. 'സീറോ ബജറ്റ് ഫാമിങ്' കൃഷിരീതി വിജയകരമായി പരീക്ഷിച്ചു. തരിശായി കിടന്ന ഈ ഭൂമിയില്‍ ചെടികളും ഫലവൃക്ഷങ്ങളും വളര്‍ന്നു. കിണറ്റില്‍ വെള്ളം കിട്ടി. സോളാര്‍ വൈദ്യുതി ഉല്പാദിപ്പിച്ച് വിളക്കുകള്‍ കത്തിച്ചു. ചെടികളില്‍ പൂക്കളും പഴങ്ങളുമുണ്ടായി.അവിടെ പക്ഷികളും അണ്ണാറക്കണ്ണന്‍ തുടങ്ങിയ ചെറുജീവികളും ചേക്കേറി. ജീവിതം ആകെ തളിര്‍ത്തു, പൂത്തുലഞ്ഞു.

(അലിമണിക് ഫാന്‍ വള്ളിയൂരിലെ തരിശുഭൂമിയില്‍)

അലി മണിക് ഫാനിന് നാലു മക്കള്‍. അവരാരും സ്‌കൂളില്‍ പോയി പഠിച്ചിട്ടില്ല. പ്രകൃതിയാണ് അവരുടെ പാഠശാല. മകന്‍ മൂസ കപ്പലില്‍ എന്‍ജിനീയറിംങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. മകള്‍ ഫാത്തിമ ടീച്ചറാണ്. ആയിഷ, ആമിന എന്നിവര്‍ വീട്ടമ്മമാര്‍. കുറച്ചുകാലം മുന്‍പ് ഭാര്യ മരണമടഞ്ഞു. അലി വീണ്ടും വിവാഹിതനായി. ഇപ്പോള്‍, കോഴിക്കോട്ട് ഒളവെണ്ണയിലെ വാടക വീട്ടില്‍ പുതിയ ബീവിയുമായി കഴിയുമ്പോഴാണ് പത്മശ്രീ അദ്ദേഹത്തെ അന്വേഷിച്ച് വരുന്നത്. ധന്യവും കര്‍മ്മനിരതവുമായ ആ ജീവിതം അവിഘ്‌നം തുടരുകയാണ്.

(ചിത്രങ്ങള്‍: എ.ജെ.ജോജി)


Next Story

Related Stories