TopTop
Begin typing your search above and press return to search.

'നമശിവായ'ത്തിലെ ജ്ഞാനവൃദ്ധന്‍

നമശിവായത്തിലെ ജ്ഞാനവൃദ്ധന്‍

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ദളിത്ബന്ധു എന്‍.കെ. ജോസിന് ലഭിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. ജീവിതത്തില്‍ ആദ്യമായാണ് സാഹിത്യ അക്കാദമി, സര്‍വകലാശാല തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അദ്ദേഹത്തെ ആദരിക്കുന്നത്. വ്യവസ്ഥാപിതമായ ഒരു അംഗീകാരവും തനിക്കിതുവരെ ലഭിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ എപ്പോഴും അദ്ദേഹം ഓര്‍മിക്കും. ഈ സദ് വാര്‍ത്ത അറിഞ്ഞയുടന്‍ അനുമോദനം അറിയിക്കാന്‍ അദ്ദേഹത്തെ വിളിച്ചു. നിര്‍മ്മമതയോടെയാണ് ആ ജ്ഞാനവൃദ്ധന്‍ പ്രതികരിച്ചത്. ''ഞാന്‍ എതിര്‍ത്തവരെല്ലാം എന്നെ അംഗീകരിച്ചിരിക്കുന്നു''. അവിശ്വസനീയമായത് എന്തോ കേട്ടതുപോലെ അദ്ദേഹം അതിശയം കൂറുന്നു.

ഈ മാസം രണ്ടാം തീയതിയായിരുന്നു, അദ്ദേഹത്തിന്റെ തൊണ്ണൂറ്റിരണ്ടാം ജന്മദിനം. ആ സുദിനം കഴിഞ്ഞ് രണ്ടാഴ്ച്ച തികയും മുന്‍പ് കിട്ടിയ ഉപലബ്ധി അദ്ദേഹത്തെ സന്തോഷിപ്പിച്ചിരിക്കുമോ?. സന്ദേഹമുണ്ട്. നാലഞ്ച് വര്‍ഷം മുന്‍പ്, ഒരു അഭിമുഖത്തിന് വേണ്ടി അനുവാദം ചോദിച്ചുകൊണ്ട് ഞാന്‍ വിളിച്ചിരുന്നു. ''എപ്പോഴാണ് സൗകര്യം? വീട്ടിലുണ്ടാകുമോ?'' ഞാനന്വേഷിച്ചു. പുസ്തകങ്ങള്‍ വായിച്ചതല്ലാതെ അതുവരെ ഞാന്‍ നേരില്‍ കണ്ടിരുന്നില്ല. ''വീട്ടിലില്ലെങ്കില്‍ ആശുപത്രിയില്‍ ഉണ്ടാകും''. നര്‍മ്മത്തില്‍ കുതിര്‍ന്ന മറുപടി. അദ്ദേഹത്തിന്റെ ചരിത്രരചനയെപ്പറ്റി ഞാന്‍ ഓര്‍ത്തു. വിരസമായ ചരിത്രരചന 'രസാത്മകമായ കാവ്യ'മാക്കിത്തീര്‍ത്ത പ്രതിഭയാണ് എന്‍.കെ.ജോസ്. നൂറ്റിനാല്പതിലേറെ ഗ്രന്ഥങ്ങള്‍ ഈ പുരുഷായുസില്‍ അദ്ദേഹം എഴുതി തീര്‍ത്തു. ഓരോ വിഷയത്തെ കുറിച്ചും ഗവേഷണം ചെയ്ത്, വിശദമായി പഠിച്ച്, സമഗ്രമായി ചിന്തിച്ച് എഴുതിയ പ്രൗഢഗ്രന്ഥങ്ങള്‍. പക്ഷേ, അവയെല്ലാം ചെറിയ പുസ്തകങ്ങള്‍. വിനിമയം ചെയ്യാത്ത ബൃഹദാഖ്യാനങ്ങളില്‍ അദ്ദേഹം വിമുഖനായിരുന്നു.

(എന്‍.കെ. ജോസ്)

ഇന്നലെ സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ ശബ്ദം ഒരു വയോവൃദ്ധന്റേതായി തോന്നിയില്ല. ഘനഗംഭീരവും ആര്‍ദ്രവുമായ കാമുകശബ്ദം. ചേര്‍ത്തല ഗവണ്‍മെന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ ഫോര്‍ത്ത് ഫോറത്തില്‍ (ഇന്നത്തെ ഒന്‍പതാംക്ലാസ്) പഠിക്കുമ്പോഴാണ് ആദ്യത്തെ ചെറുകഥ ''എന്റെ പ്രേമം'' എഴുതുന്നത്. ഹെഡ്മാസ്റ്ററും പ്രദേശത്തെ പ്രധാന ജന്മിയുമായിരുന്ന കട്ടിയാട്ടു ശിവരാമപണിക്കര്‍ അത് അശ്ലീലമാണെന്ന് കല്പിച്ച് വായന തടഞ്ഞു. സ്‌കൂള്‍ വാര്‍ഷിക സമ്മേളനമായിരുന്നു വേദി. സ്റ്റേജില്‍വച്ച് ഉള്ളംകയ്യില്‍ ചൂരല്‍കൊണ്ട് ഒരു ഡസന്‍ അടിയായിരുന്നു സമ്മാനം. അതായിരുന്നു ആദ്യത്തെ അവാര്‍ഡ്. ആരംഭം മുതല്‍ എതിര്‍പ്പ് തുടങ്ങി എന്നര്‍ത്ഥം. അതോടെ അദ്ദേഹം നിര്‍ത്തിയില്ല, എഴുത്തു തുടര്‍ന്നു. പ്രതിഷേധവും എതിര്‍പ്പും ഇന്നും തുടരുന്നു.

വൈക്കത്തിനടുത്ത് കുടവെച്ചൂര്‍ എന്ന കുഗ്രാമത്തിലാണ് ജോസ് ജനിച്ചത്. ധനികരായ 'നമശിവായം' എന്ന ക്രിസ്ത്യന്‍ തറവാട്ടില്‍. 'നമശിവായം' എന്ന വീട്ടുപേര്‍ വന്നതിനെക്കുറിച്ച് ഒരു പഴങ്കഥയുണ്ട്. ആ കുടുംബപുരാണം അദ്ദേഹം അയവിറക്കുന്നു: വടക്കെവിടെയോ ദരിദ്ര ഇല്ലത്തുള്ള ഒരു സാധു നമ്പൂതിരി ജീവിക്കാന്‍ വകയില്ലാതെ തിരുവതാംകൂര്‍ മഹാരാജാവിനെ മുഖം കാണിക്കാന്‍ പോയി. അദ്ദേഹത്തിന് എട്ട് പെണ്‍മക്കളായിരുന്നു. അവരെ വിവാഹം ചെയ്ത് അയയ്ക്കാന്‍ ഒരു നിവര്‍ത്തിയുമില്ല. തിരുവനന്തപുരത്ത് ചെന്ന് മുറജപത്തില്‍ പങ്കെടുത്ത് രാജാവ് കൊടുത്ത 'ദാനം' ഭാണ്ഡത്തിലാക്കി മടങ്ങി. അക്കാലത്ത് കാല്‍നടയാത്രയാണല്ലോ ശരണം. നടക്കുന്ന വഴി ഏതെങ്കിലും ക്ഷേത്രനടയില്‍ രാത്രി കഴിച്ചുകൂട്ടും. അങ്ങനെ നടന്ന് നടന്ന്, വൈക്കത്ത് എത്തി. വൈക്കത്തപ്പന്റെ അന്നദാനം പ്രസിദ്ധമാണ്. കുളിച്ചിട്ടേ ഊട്ടുപുരയില്‍ പ്രവേശിക്കാവു. സാധുബ്രാഹ്മണന്‍ അമ്പലക്കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഊണിനുള്ള അറിയിപ്പായി മണിയടി കേട്ടു. അതുകേട്ട പാടെ, ഒരുകണക്കിന് തോര്‍ത്തി, ഊട്ടുപുരയിലേക്ക് ഓടി. വിശപ്പും വെപ്രാളവും മൂലം തന്റെ സമ്പാദ്യമായ പണക്കിഴി കുളിക്കടവില്‍ നിന്നെടുക്കാന്‍ മറന്നു. ഉണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഉള്‍വിളി ഉണ്ടായത്. ഓടികുളക്കരയിലെത്തുമ്പോഴേക്കും അതു മോഷ്ടിക്കപ്പെട്ടിരുന്നു. തന്റെ സര്‍വവും നഷ്ടമായ ആ പാവം ഭ്രാന്തമായി അലറിവിളിച്ചുകൊണ്ട് അവിടെയെല്ലാം തിരഞ്ഞു. പക്ഷെ അതു കിട്ടിയില്ല. അദ്ദേഹത്തിന് ഭ്രാന്ത് പിടിച്ചു. തന്റെ പണം മോഷ്ടിച്ചവനെ അദ്ദേഹം ശപിച്ചു. അത് എടുത്തുകൊണ്ട് പോയത് ഒരു പരദേശി ബ്രാഹ്മണനായ പട്ടരായിരുന്നു. അദ്ദേഹം സമ്പന്നനായെങ്കിലും കുറ്റബോധം മൂലം അയാള്‍ക്ക് ചിത്തഭ്രമം ബാധിച്ചു. മതംമാറിയാല്‍ സ്വബോധം തിരിച്ചുകിട്ടുമെന്ന് ആരോ ഉപദേശിച്ചു. അങ്ങനെ മതംമാറി ക്രിസ്ത്യാനിയായി. അദ്ദേഹത്തിന്റെ സന്തതിപരമ്പര 'നമശിവായം' എന്ന തറവാട്ടുപേരില്‍ അറിയപ്പെട്ടു. ആ തറവാട്ടിലാണ് ജോസിന്റെ ജനനം. നമശിവായത്ത് കുരിയന്‍ ജോസ്, അതായത് എന്‍.കെ. ജോസ്.

(എന്‍.കെ. ജോസിന്റെ വസതി)

1990 സെപ്റ്റംബര്‍ 24ന് കോട്ടയത്ത് വച്ചു നടന്ന ദളിത് സംഘടനകളുടെ ഒരു സമ്മേളനത്തില്‍ ജോസിന്റെ ദളിത് പഠനങ്ങളോടുള്ള ബഹുമാനസൂചകമായി 'ദളിത്ബന്ധു' എന്ന പദവി നല്‍കി ആദരിക്കപ്പെട്ടു. അന്നുമുതല്‍ അദ്ദേഹം അതുതന്റെ തൂലിക നാമമായി സ്വീകരിച്ചു.-ദളിത്ബന്ധു എന്‍.കെ. ജോസ്.

ജോസിന്റെ സ്‌കൂള്‍പഠനം ചങ്ങനാശേരിയിലും ചേര്‍ത്തലയിലുമായിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലും, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജിലുമായി കോളജ് വിദ്യാഭ്യാസം. ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി ഗാന്ധിയുടെ വാര്‍ദ്ധ ആശ്രമത്തില്‍ അന്തേവാസിയായി ഗാന്ധിയന്‍ ചിന്തയിലും സോഷ്യലിസ്റ്റ് പഠനങ്ങളിലും വ്യാപൃതനായി. എന്നാല്‍, പില്‍ക്കാലത്ത് ഗാന്ധി വിമര്‍ശകനായി മാറി എന്നത് മറ്റൊരുകാര്യം. രാം മനോഹര്‍ ലോഹ്യ, വിനോബ ഭാവെ, ജയപ്രകാശ് നാരായണന്‍ എന്നീ ആചാര്യന്മാരായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരുക്കന്മാര്‍.

കേരളത്തില്‍ തിരിച്ചുവന്ന ജോസ് രാഷ്ട്രീയത്തില്‍ സജീവമായി. ആദ്യം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് വിഭാഗത്തിലും പിന്നീട് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. പിഎസ്പിയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. മാര്‍ത്തണ്ഡത്തു നടന്ന പൊലീസ് വെടിവെയ്‌പോടെ പാര്‍ട്ടിപിളര്‍ന്നു. അതോടെ ജോസ് സജീവ രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിച്ച് ചരിത്രപഠനത്തിലേക്ക് തിരിഞ്ഞു. 1955 ല്‍ തങ്കമ്മയെ വിവാഹം കഴിച്ചു. ഈ ദമ്പതിമാര്‍ക്ക് മക്കളില്ല.

എന്‍.കെ. ജോസിന്റെ ചരിത്രഗ്രന്ഥങ്ങള്‍ രണ്ടായി തിരിക്കാം. ഒന്ന് നസ്രാണി സീരിസ്. രണ്ട് ദളിത് സീരിസ്. കേരളത്തിലെ ക്രൈസ്തവര്‍ ബ്രാഹ്മണരില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന സഭാനേതാക്കളുടെ വിശ്വാസം വെറും സങ്കല്‍പസൃഷ്ടിയാണെന്നാണ് ജോസിന്റെ വാദം. അതു തുറന്നു പറഞ്ഞതോടെ അദ്ദേഹം സഭയുടെ ശത്രുവായി. കത്തോലിക്കാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്, ക്രിസ്തുമതത്തിലേക്ക് മതംമാറിയ ദളിതരെ സവര്‍ണ ക്രിസ്ത്യാനികള്‍ അവശ ക്രിസ്ത്യാനികള്‍ എന്ന് വിളിച്ച് അവഹേളിക്കുന്നതും അകറ്റിനിര്‍ത്തുന്നതും അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ദളിത് പഠനങ്ങളിലേക്ക് വഴിമാറിയത്.

പൊയ്കയില്‍ അപ്പച്ചന്‍, അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്‍, ജ്യോതിറാവു ഫുലെ, അംബേദ്കര്‍, വൈകുണ്ഡസ്വാമികള്‍, ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍ എന്നീ മഹാന്മാരെക്കുറിച്ച് അദ്ദേഹം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സത്യസന്ധവും ക്രിയാത്മകവുമായ ചരിത്രരചനയാണ് ജോസിന്റേത്. ചരിത്രത്തെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: ''ഭൂതകാലസംഭാവനകളുടെ യഥാര്‍ത്ഥ വിവരണമല്ല, ചരിത്രം. വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലസംഭവങ്ങള്‍ നല്‍കിയ സ്വാധീനതയുടെ കഥയാണത്. വസ്തുതകളെ നിരത്തിവച്ചാല്‍ ചരിത്രമാകുകയില്ല. സത്യത്തെ ദര്‍ശിക്കാനുള്ള നിരന്തരമായ അന്വേഷണത്തില്‍ ലഭിക്കുന്ന സാക്ഷികളാണ് വസ്തുതകള്‍. അത് ഏറ്റവും പുതിയ അന്വേഷണത്തിനും പുനര്‍ചിന്തയ്ക്കും പുതിയ വീക്ഷണത്തിനും വിധേയമായിക്കൊണ്ടിരിക്കും. അതിനാല്‍ ചരിത്രത്തിന് അവസാന വാക്കില്ല.''

പഞ്ചലഹളകളാണ് ആധുനിക കേരളം സൃഷ്ടിച്ചത് എന്നാണ് എന്‍.കെ. ജോസിന്റെ പക്ഷം. പുലയ ലഹള, ചാന്നാര്‍ലഹള, മാപ്പിള ലഹള, വയലാര്‍ ലഹള, വൈക്കം സത്യാഗ്രഹം എന്നിവയാണ് പഞ്ചലഹളകള്‍. ചേര്‍ത്തല ഗവണ്മെന്റ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, തിങ്കളാഴ്ച്ച രാവിലെ വെച്ചൂരില്‍ നിന്ന് വെമ്പനാട്ട് കായല്‍ കുറുകെ കടന്ന് തണ്ണീര്‍മുക്കത്തെത്തി, അവിടെ നിന്നും നടന്നാണ് ചേര്‍ത്തലയ്ക്ക് പോയിരുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഇതുപോലെ തിരിച്ചുപോകും. ചേര്‍ത്തല ബോട്ട്ജെട്ടിക്ക് കിഴക്കുവശം പൂത്തോട്ട കളപ്പുരയ്ക്കല്‍ എന്ന വീട്ടിലാണ് ബാക്കിദിവസങ്ങളില്‍ താമസം. അഞ്ചാംഫോറത്തില്‍ പഠിക്കുമ്പോള്‍ 1946 ഒക്ടോബര്‍ 25-ാം തീയതി വെള്ളിയാഴ്ച്ച അവധിയായിരുന്നു. ആ വാരാന്ത്യം നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ചേര്‍ത്തല താലൂക്ക് മുഴുവനും സര്‍ സി.പി. പട്ടാളത്തെ വിന്യസിച്ചിരിക്കുകയായിരുന്നു. ഒരാഴ്ച്ച കഴിഞ്ഞ് ക്ലാസില്‍ ചെല്ലുമ്പോഴാണ് വയലാറിലെ വെടിവയ്പിന്റെ ഭയാനക ദൃശ്യങ്ങള്‍ സഹപാഠികളില്‍ നിന്ന് ലഭിക്കുന്നത്. ആകെ അനുഭവിച്ചത് ഭീതിയുടെ അന്തരീക്ഷവും ശ്മശാനമൂകതയും മാത്രം. സതീര്‍ത്ഥ്യനായ വയലാര്‍ രാമവര്‍മ്മയുടെ വിവരണം കേട്ട് അന്ധാളിച്ചു. എങ്ങും ശവശരീരങ്ങള്‍, പട്ടികളുടെ രൂക്ഷമായ മുറുമുറുപ്പ്, സഹിക്കാന്‍ വയ്യാത്ത ദുര്‍ഗന്ധം. നാട്ടില്‍ പുരുഷന്മാരാരും ഉണ്ടായിരുന്നില്ല. ഭീകരമായ ആ രംഗവിവരണം വിസ്മരിക്കുക വയ്യ!

വയലാര്‍ രാമവര്‍മ്മയെക്കുറിച്ച് അദ്ദേഹം പറഞ്ഞ രസകരമായ അനുഭവം പങ്കുവയ്ക്കട്ടെ: '' അന്ന് വയലാര്‍ പ്രസിദ്ധനായി തുടങ്ങുന്നതെയുള്ളു. വൈക്കത്ത് രൂപീകരിച്ച ഒരു യുവജനസംഘടനയുടെ മീറ്റിംഗില്‍ പ്രസംഗിക്കാന്‍ ഒരു സാഹിത്യകാരന്‍ വേണം. വയലാറിനെ ക്ഷണിക്കാന്‍ തീരുമാനിച്ചു. ജോസ് പ്രിയകൂട്ടുകാരനെ വിവരം ധരിപ്പിച്ചു. വയലാറിന് വരാന്‍ താല്‍പര്യമുണ്ട്. പക്ഷെ, രണ്ട് കണ്ടീഷന്‍ വച്ചു. ഒന്ന്, അമ്മയുടെ അനുവാദം വാങ്ങണം. രണ്ട് കോഴിയിറച്ചി തിന്നണം. രണ്ടും ജോസ് ഏറ്റു. വയലാറും അമ്മയുമായുള്ള സ്നേഹബന്ധം പ്രസിദ്ധമാണല്ലോ. ഏകപുത്രന്‍. അച്ഛന്‍ നേരത്തെ മരിച്ചു. തന്റെ എല്ലാമെല്ലാമായ ഒറ്റമകനെ അമ്മ അളവറ്റ് ഓമനിച്ചു. ജോസ് അമ്മയെ കണ്ട് കാര്യം പറഞ്ഞു. അമ്മ സമ്മതിച്ചു. പക്ഷെ മകനെ സുരക്ഷിതനായി കൊണ്ടുപോയി തിരിച്ച് കൊണ്ടുവരണം. വിശാലമായ വേമ്പനാട്ട് കായല്‍ കടക്കണം, അതാണ് അമ്മയ്ക്ക് പേടി. അതിനു പരിഹാരമുണ്ട്. രാവിലെ ഏഴുമണി മുതല്‍ കുറേ സമയം കാറ്റുണ്ടാകില്ല. അപ്പോള്‍ കായല്‍ കടന്ന് അക്കരെ പോകാം. ഈ സമയം തന്നെ തിരിച്ചുപോരാം. അങ്ങനെ പറഞ്ഞ സമയത്ത് വഞ്ചിയില്‍ വന്നു, പരിപാടി നടന്നു, രാത്രി കോഴിയിറച്ചി തിന്നു. രാവിലെ ബാക്കി കോഴിയിറച്ചികൂടി തീര്‍ത്ത് 'കുട്ടന്‍' സുരക്ഷിതനായി മടങ്ങി.

നമശിവായം ഭവനത്തിന്റെ മുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടമുണ്ട്. നിറയെ പൂത്തു നില്‍ക്കുന്ന ചെടികള്‍. അവയില്‍ പാറിപ്പറക്കുന്ന ശലഭങ്ങള്‍. ഇതിനിടയില്‍ ഒരു ശിവലിംഗം. ഒരിക്കല്‍, ഗുരു നിത്യചൈതന്യയതി വന്നപ്പോള്‍ സമ്മാനിച്ചതാണ് എന്ന് ദളിത്ബന്ധു. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച്, കുറേ മണിക്കൂറുകള്‍ ആ ഗൃഹത്തില്‍ ചെലവഴിച്ചതിന്റെ ഓര്‍മകള്‍ ഹൃദ്യമായ അനുഭവമാണ്. അഭിവന്ദ്യനായ ആ ജ്യേഷ്ഠ സുഹൃത്തിന് അഭിവാദനങ്ങള്‍. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം ആശംസിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


Next Story

Related Stories